ആരും എവിടെയും നിർഭയരല്ല!

ബിസ്മിത.എം, സൽസബീൽ അറബിക്കോളേജ്

2024 ആഗസ്റ്റ് 17, 1446 സ്വഫർ 13

പ്രിയപ്പെട്ട സഹോദരിമാരേ, വയനാട് ദുരന്തശേഷം; അമ്മമാരെ നഷ്ടപ്പെട്ട പിഞ്ചുമക്കളുണ്ടെങ്കിൽ അറിയിച്ചാൽ അവരെ പാലൂട്ടുവാൻ എന്റെ ഭാര്യ സന്നദ്ധയാണ് എന്ന് ഒരാൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ച കാര്യം നിങ്ങളെല്ലാവരും അറിഞ്ഞുകാണും. ഈയൊരു സന്ദേശം നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട ഒന്നാണ്. നമ്മുടെ പിഞ്ചുമക്കൾക്ക് നമ്മെ എന്നെന്നേക്കുമായി നഷ്ടപ്പെടുക. പിന്നീട് ഏതോ ഒരു സ്ത്രീയുടെ അമ്മിഞ്ഞപ്പാൽ നുകരേണ്ടിവരിക. ആരുടെയൊക്കെയോ സംരക്ഷണയിൽ കഴിയേണ്ടിവരിക. ഇങ്ങനെയൊരു അവസ്ഥയുണ്ടാകുന്നത് നമുക്ക് ആലോചിക്കാൻ പോലും കഴിയുന്നുണ്ടോ? നാം ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർ നമ്മെ അവസാനയാത്രക്കു മുമ്പ് കുളിപ്പിക്കുക, കഫൻ ചെയ്യുക, ക്വബ്‌റിൽ ഇറക്കിവെച്ച് മണ്ണിട്ടുമൂടുക... നമുക്ക് ചിന്തിക്കുവാൻ സാധിക്കുന്നുണ്ടോ! (അല്ലാഹു അത്തരത്തിലുള്ള അവസ്ഥ ആർക്കും നൽകാതിരിക്കട്ടെ).

എന്നാൽ അങ്ങനെയൊന്നും സംഭവിക്കില്ല എന്ന് നമുക്ക് ഉറപ്പിക്കാനാകുമോ? വയനാട് ദുരന്തത്തിൽ അകപ്പെട്ടവരിൽ ആരെങ്കിലും ഇങ്ങനെയൊരു പര്യവസാനം തനിക്കുണ്ടാകുമെന്ന് നിനച്ചവരാണോ? ഒരിക്കലുമല്ല!

സത്യനിഷേധികളായ ജനതയെക്കുറിച്ച് പരാമർശിക്കവെ അല്ലാഹു പറയുന്നു: “എന്നാൽ ആ നാടുകളിലുള്ളവർക്ക് അവർ രാത്രിയിൽ ഉറങ്ങിക്കൊണ്ടിരിക്കെ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെപ്പറ്റി അവർ നിർഭയരായിരിക്കുകയാണോ? ആ നാടുകളിലുള്ളവർക്ക് അവർ പകൽസമയത്ത് കളിച്ചു നടക്കുന്നതിനിടയിൽ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെ പറ്റിയും അവർ നിർഭയരായിരിക്കുകയാണോ?’’ (ക്വുർആൻ 7:97,98).

പരീക്ഷണമായിക്കൊണ്ടും ഇത്തരത്തിലുള്ള വിപത്തുകൾ വന്നുകൂടെന്നില്ലല്ലോ. അതുകൊണ്ട് എന്നെയോ എന്റെ കുടുംബത്തയോ ഇത്തരത്തിലുള്ള പ്രയാസങ്ങളൊന്നും ബാധിക്കില്ല, ഞങ്ങൾ വളരെ സുരക്ഷിതമായ സ്ഥലത്താണ് താമസിക്കുന്നത് എന്ന അതിരുകവിഞ്ഞ ആത്മവിശ്വാസം ആരും വച്ചുപുലർത്തിക്കൂടാ.

നൂറുകണക്കിനാളുകളും അവരുടെ പാർപ്പിടങ്ങളും കച്ചവടസ്ഥാപനങ്ങളും പാലവും എന്നല്ല സർവസ്വവുമാണ് ഒലിച്ചുപോയത്, അല്ലെങ്കിൽ മണ്ണിന്നടിയിലായത്. ഇനിയും എത്രയോ പേരെ കണ്ടെത്താനുണ്ട്. പലരുടെയും കൈയോ കാലോ തലയോ മാത്രമാണ് മണ്ണിനടിയിൽനിന്നും പുഴയിൽനിന്നുമായി കിട്ടിയത്. അങ്ങ് കർണാടകയിൽ മരം കയറ്റിയ 40 ടൺ ഭാരമുള്ള ലോറിയും അതിലെ ഡ്രൈവറും എവിടെയെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. നാം എത്ര നിസ്സാരർ എന്ന് ബോധ്യപ്പെടാൻ ഇതൊക്കെ പോരേ?

എന്നിട്ടും ഞാനെന്ന ഭാവത്തിൽ ജീവിതലക്ഷ്യം മറന്ന് നാം കാലം കഴിക്കുന്നുവെങ്കിൽ നമ്മെപ്പോലെ ബുദ്ധിശൂന്യർ ആരാണുണ്ടാവുക? ഓരോ ദുരന്തവും നമുക്ക് ഓർമപ്പെടുത്തലുകളാണ്. ഏതുരൂപത്തിലാണ് നമ്മിലേക്ക് മരണം കടന്നുവരിക എന്ന് നമുക്കാർക്കുമറിയില്ല. എങ്ങനെയാണെങ്കിലും എപ്പോഴാണെങ്കിലും എവിടെവെച്ചാണെങ്കിലും അത് നമ്മെ പിടികൂടും. അതിൽനിന്ന് ഓടി രക്ഷപ്പെടാൻ ആർക്കും സാധ്യമല്ല.

“(നബിയേ,) പറയുക: തീർച്ചയായും ഏതൊരു മരണത്തിൽനിന്ന് നിങ്ങൾ ഓടിയകലുന്നുവോ അത് തീർച്ചയായും നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്. പിന്നീട് അദൃശ്യവും ദൃശ്യവും അറിയുന്നവന്റെ അടുക്കലേക്ക് നിങ്ങൾ മടക്കപ്പെടുകയും ചെയ്യും. അപ്പോൾ നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനെ പറ്റി അവൻ നിങ്ങളെ വിവരമറിയിക്കുന്നതാണ്’’ (ക്വുർആൻ 62:8).

സ്വന്തം നിസ്സാരത തിരിച്ചറിയുക. അഹന്ത വെടിയുക. സ്രഷ്ടാവിലേക്ക് തിരിയുക. അത്തരക്കാർക്കാണ് ആത്യന്തിക വിജയമുള്ളത്.