കുട്ടികളുടെ ചോദ്യങ്ങളെ അവഗണിക്കരുത്
ശഹീദ
2024 ജൂലായ് 13, 1446 മുഹർറം 07

കുട്ടികൾ നിഷ്‌കളങ്ക ഹൃദയരാണ്. അവരുടെ നിഷ്‌കളങ്കമായ ചോദ്യങ്ങൾ പലപ്പോഴും മാതാപിതാക്കളെ പ്രതിസന്ധിയിലാക്കാറുണ്ട്. പ്രത്യേകിച്ചും അവരുടെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകാൻ അവർക്ക് കഴിയാതെ വരുമ്പോൾ. ചോദ്യങ്ങൾ ചോദിക്കുന്ന സ്വഭാവം കുട്ടികളിൽ ഒരു വയസ്സു മുതൽ തന്നെ കണ്ടുതുടങ്ങും. അത് ഏറ്റവും കൂടുതൽ കാണുന്നത് നാലു വയസ്സ് ആകുമ്പോഴാണ്. സാധാരണ ഗതിയിൽ ഒരു കുട്ടി 95-100 ചോദ്യങ്ങൾ വരെ ഒരു ദിവസത്തിൽ ചോദിക്കാം. അതിൽ പകുതിയിൽ കൂടുതൽ ചോദ്യങ്ങൾക്കും അവർക്ക് ഉത്തരം ലഭിക്കാറില്ല. കാരണം മുതിർന്നവർ അവരുടെ എല്ലാ ചോദ്യങ്ങളോടും പ്രതികരിക്കാറില്ല എന്നതുതന്നെ. പിന്നീട് സാവകാശം അവരിലെ ജിജ്ഞാസ കുറയുകയും ചോദ്യങ്ങൾ ചോദിക്കാനുള്ള താൽപര്യം കുറഞ്ഞുവരികയും ചെയ്യുന്നു.
ഒരു കുട്ടി അവന്റെ/അവളുടെ ബൗദ്ധികവികാസത്തിലൂടെ നിരന്തരം കടന്നുപോകുകയാണ്. ഈ വികാസം സാധ്യമാകുന്നത് ചുറ്റുപാടുകളുമായി സമ്പർക്കമുണ്ടാകുന്നതിലൂടെയും അറിയുന്നതിലൂടെയുമാണ്. കണ്ടും കേട്ടും തൊട്ടും അനുഭവിച്ചും ചുറ്റുപാടുകളെമനസ്സിലാക്കുന്നതിലൂടെ കുട്ടിയുടെ ബുദ്ധിപരമായ വികാസം ദ്രുതഗതിയിൽ നടക്കുന്നുണ്ട്. അപ്പോൾ കൂടുതൽ കൂടുതൽ തന്റെ ചുറ്റുപാടിൽ ഉള്ളതിനെ മനസ്സിലാക്കാനുള്ള ത്വരയാണ് സംശയങ്ങളുടെയും ചോദ്യങ്ങളുടെയും രൂപത്തിൽ കുട്ടികൾ പ്രകടിപ്പിക്കുന്നത്.
ഇതിനൊക്കെ പുറമെ താൻ ശ്രദ്ധിക്കപ്പെടുന്നുണ്ട്, മാതാപിതാക്കളുടെ മുമ്പിൽ വേണ്ടത്ര ശ്രദ്ധകിട്ടുന്നുണ്ട് എന്ന തോന്നൽ സൃഷ്ടിക്കാനും കുട്ടികൾ പലപ്പോഴും സംശയങ്ങൾ ഉന്നിക്കാറുണ്ട്. കുടുംബ സദസ്സുകളിൽ ഒരു ശ്രദ്ധാകേന്ദ്രം ആകുന്നതിനും സംശയങ്ങൾ ചോദിക്കുന്ന കുട്ടികളുണ്ട്. അതിലൂടെ താൻ എല്ലാവരാലും സ്‌നേഹിക്കപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്ന തോന്നൽ അവരിൽ ഉണ്ടാകുന്നു.
എങ്ങനെ പ്രോൽസാഹിപ്പിക്കാം?
- ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിലൂടെ തന്നെ അലട്ടുന്ന ചോദ്യങ്ങളിൽനിന്ന് കുട്ടിയെ വഴിതിരിച്ചു വിടാം.
- ചെറിയ ചെറിയ ചോദ്യങ്ങൾ ചോദിച്ച് കുട്ടിയുടെ ചിന്താശക്തിയെ ഉത്തേജിപ്പിക്കുക.
- കുട്ടികളുടെ സംശയങ്ങൾ ക്ഷമയോടെ കേൾക്കുക. അവർക്ക് മനസ്സിലാകുന്ന രൂപത്തിൽ ഉത്തരം നൽകുക.
- ‘വൃത്തികെട്ട ചോദ്യം’ എന്നു പറഞ്ഞ് കുട്ടിയെ കളിയാക്കാതിരിക്കുക.
- കുട്ടിയുടെ നിഷ്‌കളങ്കമായ ചോദ്യങ്ങൾ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിച്ച് കുട്ടിയെ പരിഹാസ്യപാത്രമാക്കാതിരിക്കുക.
നാം തിരിച്ചറിയേണ്ടത്
മനുഷ്യന്റെ എല്ലാ ചിന്തകൾക്കും കണ്ടുപിടുത്തങ്ങൾക്കും ആധാരം മനസ്സിൽ ഉരുത്തിരിയുന്ന ചോദ്യങ്ങളാണ.് അവയാണ് പുതിയ കണ്ടെത്തലുകളിലേക്കും ഉത്തരങ്ങളിലേക്കും നയിക്കുന്നത്. കുട്ടികൾ ധാരാളം സംശയങ്ങളും ചോദ്യങ്ങളും ചോദിക്കട്ടെ. ഉത്തരം നമുക്കറിയില്ലെങ്കിലും അവരെ തളർത്താതിരിക്കാൻ ശ്രദ്ധിക്കുക. അങ്ങനെ അവർ കണ്ണും കാതും തുറന്നിരിക്കുന്ന ചിന്താശക്തിയുള്ള വ്യക്തികളായി വളരട്ടെ.

