സസ്‌നേഹം ഭാര്യമാരോട്

ജാസിമുൽ മുത്വവ്വ

2024 മാർച്ച് 02, 1445 ശഅ്ബാൻ 21

സാന്ത്വന സ്പർശം കൊതിക്കുന്നതാണ് ഭർതൃഹൃദയം. കുടുംബത്തിന്റെ ജീവിതം ഭദ്രവും സന്തോഷപൂർണവുമാക്കാനുള്ള യത്‌നത്തിൽ രാപകലുകൾ ചെലവിട്ട് ഓടിനടക്കുന്നവരാണ് പുരുഷന്മാർ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുന്ന ഗൃഹനാഥനായ പുരുഷന്റെ മനഃസംഘർഷങ്ങളും പ്രയാസങ്ങളും ചെറുതല്ല. സമ്മർദങ്ങളുടെ ഫലമായുള്ള പിരിമുറുക്കങ്ങൾ അവന്റെ സന്തത സഹചാരിയാണ്.

വീട്ടിനു പുറത്ത് തന്നെ വേട്ടയാടുന്ന നിരവധി പ്രശ്‌നങ്ങളുടെയും വെല്ലുവിളികളുടെയും മധ്യേയാണ് അവന്റെ ജീവിതം. മനസ്സും ശരീരവും തളർന്ന് വീടണയുന്ന തനിക്ക് സാന്ത്വനവും സമാശ്വാസവും നൽകുന്ന കൈകളെയാണ് അവനാവശ്യം. അവളുടെ വർത്തമാനങ്ങൾ അവന് സന്തോഷം പകരണം. അവളുടെ സ്‌നേഹത്തിന്റെ തൂവൽസ്പർശത്താൽ അവന്റെ മനസ്സും ശരീരവും കുളിരണിയണം. പുഞ്ചിരിതൂകി അവന്റെ മനോഭാരങ്ങൾ ലഘൂകരിക്കാൻ അവൾക്ക് കഴിയണം.

പുരുഷൻ ആഗ്രഹിക്കുന്ന ഈ സമീപനത്തിൽ മിക്ക സ്ത്രീകളും ശ്രദ്ധ കാണിക്കാറില്ല എന്നതാണ് വാസ്തവം. ഇക്കാര്യത്തിൽ തങ്ങൾക്കുള്ള നിരാശയും നെടുവീർപ്പുകളുമായി കൗൺസിലർമാരെ സമീപിക്കുന്നവർ നിരവധിയാണ്. വീടിന് പുറത്തും അകത്തും തങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളും അസന്തുഷ്ടിയുമാണ് അവരുടെ ആവലാതി. വീട്ടിനകത്ത് പിരിമുറുക്കം, വീട്ടിന് പുറത്തും പിരിമുറുക്കം എന്നതാണ് അവരുടെ പ്രശ്‌നം. വീട്ടുവേലക്കാരിയായ ഒരു സ്ത്രീയെയല്ല ഭർത്താവിന് വേണ്ടത്. സാന്ത്വനത്തിന്റെയും സ്‌നേഹവചനങ്ങളുടെയും മുഖപ്രസാദത്തിന്റെയും നോക്കും വാക്കും താങ്ങും നൽകുന്ന ഒരു ഇണയെയാണ് ഏതൊരു പുരുഷനും കൊതിക്കുന്നത്. ഭർതൃഹൃദയത്തിൽ ഇടം തേടാൻ ആഗ്രഹിക്കുന്നവർ ഈ സമീപനരീതി പരീക്ഷിച്ചുനോക്കുന്നത് നന്നായിരിക്കും.

ജീവിതത്തിൽ മാറ്റവും പുതുമയും കൊതിക്കുന്നവരാണ് പുരുഷന്മാരിൽ അധികവും. സ്ത്രീകളാകട്ടെ സ്ഥിരത കൊതിക്കുന്നവരും. മാറ്റത്തിന് വേണ്ടിയുള്ള പുരുഷന്മാരുടെ ഈ താൽപര്യം കണക്കിലെടുത്ത് സ്ത്രീയും തന്റെ സമീപനത്തിലും ചിട്ടകളിലും മാറ്റം വരുത്തുന്നത് നല്ലതാണ്. പാചകത്തിൽ രുചിവൈവിധ്യത്തിന് പ്രാധാന്യം കൊടുത്ത് ആഹാരവിഭവങ്ങളിൽ മാറ്റം, വീട്ടിലെ ഫർണിച്ചർ സൗന്ദര്യബോധത്തോടെ സ്ഥാനം മാറ്റി ക്രമീകരിക്കൽ, തന്റെ സ്‌നേഹപ്രകടനങ്ങളും ഊഷ്മള സ്വഭാവവും ഹൃദ്യമായ ഒരനുഭവമാക്കാനുതകും വിധം പ്രസാദാത്മകമായി പെരുമാറൽ തുടങ്ങിയവയാണ് സ്ത്രീക്ക് എളുപ്പത്തിൽ ചെയ്യാവുന്നത്.

ആദരവിന്റെ വിഷയം പുരുഷലോകത്തെ ഒരു അടിസ്ഥാന പ്രശ്‌നമാണ്. താൻ ഒരു തീരുമാനമെടുത്താൽ അത് അംഗീകരിക്കപ്പെടണമെന്നതാണ് അവന്റെ ആഗ്രഹം. തന്റെ തീരുമാനത്തിനൊത്ത് ഭാര്യയും കുടുംബവും നീങ്ങണമെന്നാണ്, പുറമെ ആരെന്ത് പറഞ്ഞാലും അവന്റെ ഉള്ളിലിരുപ്പ്. മക്കളുടെയും കുടുംബത്തിന്റെയും കൂട്ടുകാരുടെയും മുന്നിൽ താൻ പരിഹാസപാത്രമാകുന്നതോ കൊച്ചാക്കപ്പെടുന്നതോ ഒരു പുരുഷനും ഇഷ്ടപ്പെടില്ല. ഇത്തരം ചെറിയ കാര്യങ്ങളിൽ ശ്രദ്ധിക്കാത്തതിനാലും ഭർത്താവിന് വേണ്ടത്ര ആദരവും പരിഗണനയും നൽകാത്തതിനാലും വിവാഹമോചനത്തിൽ കലാശിച്ച എത്രയോ ദാമ്പത്യബന്ധങ്ങളുണ്ട്. ചെറിയൊരു പരിശ്രമം വലിയൊരു നേട്ടത്തിന് കാരണമാകുെമന്ന് സഹോദരിമാർ തിരിച്ചറിയുക.