ഹിജാബ് വലിച്ചെറിയണമെന്നോ?

ബിസ്മിത എം സൽസബീൽ, വെങ്കിടങ്ങ്

2024 ജൂൺ 22, 1445 ദുൽഹിജ്ജ 15

അടുത്ത കാലത്താണ് നമ്മുടെ നാട്ടിൽ ഹിജാബ് വലിയ വിവാദവിഷയമായി മാറിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിക്കൊണ്ടുള്ള കർണാടക ഹൈക്കോടതിയുടെ വിധിയോടെ അത് ലോകത്തെങ്ങും ചർച്ചാവിഷയമായിത്തീർന്നു. മുസ്‌ലിം സ്ത്രീകൾ അവരുടെ തല മറച്ച് നടക്കുന്നതുകൊണ്ട് മറ്റുള്ളവർക്ക് എന്തു നഷ്ടമാണ് വരുന്നത്? രാജ്യത്തിനും സ്ഥാപനങ്ങൾക്കും എന്തു കോട്ടമാണ് അതുകൊണ്ട് ഉണ്ടാകുന്നത്? എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല.

സ്ത്രീയും പുരുഷനും മറയ്ക്കൽ നിർബന്ധമായ ശരീരഭാഗങ്ങൾ കൃത്യമായി മറയുന്ന വസ്ത്രമാണ് ധരിക്കേണ്ടത്. അഹങ്കാരത്തിെ‌ന്റയും പൊങ്ങച്ചത്തിെ‌ന്റയും അടയാളങ്ങൾ വസ്ത്രധാരണത്തിൽ പ്രതിഫലിക്കാൻ പാടില്ല. മെച്ചപ്പെട്ടതും അന്തസ്സാർന്നതുമായ വസ്ത്രം ധരിക്കുന്നതിന് തെറ്റില്ല. ഇബ്‌നു മസ്അൂദ്(റ) പറയുന്നു: നബിﷺ പറഞ്ഞു. മനസ്സിൽ അണുത്തൂക്കം അഹങ്കാരമുള്ളവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. അപ്പോൾ ഒരാൾ ചോദിച്ചു. ഒരാൾ ത‌ൻെറ വസ്ത്രവും ചെരിപ്പും മെച്ചപ്പെട്ടതാകണമെന്നാഗ്രഹിക്കുന്നത് അഹങ്കാരത്തിൽപെടുമോ? നബിﷺ പറഞ്ഞു: അല്ലാഹു ഭംഗിയുള്ളവനാണ്. അവൻ ഭംഗി ഇഷ്ടപ്പെടുന്നു. സത്യത്തെ നിരാകരിക്കുകയും ആളുകളെ അവഹേളിക്കലുമാണ് അഹങ്കാരം. (സ്വഹീഹ് ഇബ്‌നു ഹിബാൻ 5466).

ഇസ്‌ലാം സ്ത്രീകൾക്ക് മാത്രമല്ല, പുരുഷൻമാർക്കും വേഷ വിധാനം നിശ്ചയിച്ചിട്ടുണ്ട്. സമൂഹത്തിെ‌ന്റ അഭിവാജ്യ ഘടകമായ വനിതകൾക്ക് ഇസ്‌ലാം നൽകിയ സ്വാതന്ത്ര്യത്തിെ‌ന്റ സവിശേഷ രൂപമാണ് ഹിജാബ് എന്നത് പലരും മനസ്സിലാക്കുന്നില്ല. അത് മാന്യതയുടെ മേൽവിലാസമാണെന്നും ഉപദ്രവമേൽക്കാതിരിക്കാനുള്ള പോംവഴിയാണെന്നും ക്വുർആൻ പരിചയപ്പെടുത്തുന്നുണ്ട്. ഹിജാബിെ‌ന്റ പവിത്രത തിരിച്ചറിഞ്ഞ ഒരു വ്യക്തിയും അതിനെ ചോദ്യം ചെയ്യുകയില്ല. അല്ലാഹു പറയുന്നു:

‘നബിയേ, നിെ‌ന്റ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെമേൽ താഴ്ത്തിയിടാൻ പറയുക: അവർ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’ (അൽഅഹ്‌സാബ് 59).

അല്ലാഹുവിെ‌ന്റ മതത്തിെ‌ന്റ നിയമങ്ങൾ ജീവിതത്തിൽ പാലിക്കുവാനുള്ളതാണ്. പുനരുത്ഥാന നാളിൽ എല്ലാ കാര്യങ്ങൾക്കും മറുപടി പറയാൻ ബാധ്യസ്ഥനാണ് മനുഷ്യൻ എന്നും അവിടെ സൽപ്രവൃത്തികൾക്ക് പ്രതിഫലവും ദുഷ്പ്രവൃത്തികൾക്ക് ശിക്ഷയുമുണ്ട് എന്നുമാണ് ഇസ്‌ലാമിക അധ്യാപനം.

സ്ത്രീകൾ മുഖവും മുൻകൈയും ഒഴിച്ച് എല്ലാം മറയുന്ന വസ്ത്രമാണ് അന്യരുടെ മുമ്പിൽ ധരിക്കേണ്ടത്. ത‌ൻെറ ശരീരത്തിെ‌ന്റ ആകൃതിയും വടിവും തിരിച്ചറിയുന്ന വസ്ത്രം ധരിച്ച് അവൾ അന്യപുരുഷന്മാർക്കു മുമ്പിൽ പ്രത്യക്ഷപ്പെടരുതെന്ന് ഇസ്‌ലാം നിഷ്‌കർശിക്കുന്നു. മുഖം മറച്ച് നടക്കുന്ന സ്ത്രീകളെ പലരും കളിയാക്കിയിരുന്ന കാലമുണ്ടായിരുന്നു. കോവിഡ് വന്നപ്പോൾ ആണും പെണ്ണുമെല്ലാം കണ്ണുകൾ ഒഴികെയുള്ളതെല്ലാം മറച്ചാണ് നടന്നത്. അവരെ ആരും കളിയാക്കിയില്ല.

ഹിജാബ് മുസ്‌ലിം സ്ത്രീയുടെ അവകാശമാണ്. മറ്റുള്ളവർക്ക് അത് യാതൊരു ബുദ്ധിമുട്ടും വരുത്തുന്നില്ല. എന്തു ധരിക്കണമെന്നും എന്തു കഴിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടന നൽകുന്നുവെന്നിരിക്കെ അതിനെ എതിർക്കുന്നവരുടെ ഉദ്ദേശ്യം അത്ര നല്ലതല്ലെന്നു വ്യക്തം.

(വെങ്കിടങ്ങ് സൽസബീൽ അറബിക്കോളേജ് വിദ്യാർഥിനിയാണ് ലേഖിക)