ഉമ്മമാർ അറിയാൻ
ബിസ്മിത എം തിരുവനന്തപുരം (സൽസബീൽ അറബിക്കോളേജ്, വെങ്കിടങ്ങ്)
2024 ജൂലായ് 30, 1446 മുഹർറം 14

ഒരു സ്ത്രീയുടെ ജീവിതത്തിലെ വിലമതിക്കാനാവാത്ത അനുഗ്രഹമാണ് അവൾ മാതാവായിത്തീരുക എന്നത്. ഒരു സ്ത്രീ മാതാവെന്ന നിലയിലുള്ള കർത്തവ്യങ്ങൾ നിറവേറ്റുമ്പോൾ അവൾക്ക് സ്രഷ്ടാവിങ്കൽനിന്ന് ലഭിക്കുന്ന പ്രതിഫലം ചെറുതല്ല.
സന്താനങ്ങൾ അനുഗ്രഹമാണ്. എന്നാൽ സന്താനങ്ങൾ ജനിക്കുന്നതിന് മുമ്പുതന്നെ പെൺകുഞ്ഞ് വേണം, ആൺകുഞ്ഞ് മതി എന്നിങ്ങനെയുള്ള തീരുമാനങ്ങളും, അബോർഷൻ ചെയ്യാനുള്ള ചിന്തയും ഒരിക്കലും ഉണ്ടായിക്കൂടാ.
അല്ലാഹുവിന്റെ അനുഗ്രഹമായ സന്താനത്തെ ഗർഭം ധരിച്ചാൽ പിന്നെ അത് ആണായിരുക്കുമോ പെണ്ണായിരിക്കുമോ എന്നൊക്കെ ചിന്തിച്ച് അസ്വസ്ഥരാകാതെ ആരോഗ്യമുള്ള, സ്വാലിഹായ കുഞ്ഞിനെ നൽകണേ എന്നു പ്രാർഥിക്കുകയാണ് വേണ്ടത്.
മാതാവായിക്കഴിഞ്ഞാൽ അല്ലാഹു നൽകിയ അനുഗ്രഹമായ സന്താനത്തെ ഏറ്റവും നല്ല രീതിയിൽ വളർത്തുവാനായിരിക്കണം ശ്രദ്ധ. പേരിടുന്നതു മുതൽ കുഞ്ഞിന്റെ എല്ലാകാര്യങ്ങളിലും മതപരമായ ശ്രദ്ധ വേണം. പ്രായത്തിനനുസരിച്ച് അവർക്കു വേണ്ട സ്‌നേഹവും ലാളനയും പരിഗണനയും ശാസനയും ഉപദേശങ്ങളും യഥാസമയം നൽകണം.
ഇഷ്ടമുള്ള ഭക്ഷണം നൽകലും ആഗ്രഹങ്ങളെല്ലാം നിറവേറ്റിക്കൊടുക്കലും ഭൗതികമായ വിദ്യാഭ്യാസം നൽകലുമൊക്കെയാണ് മക്കളോടുള്ള യഥാർഥ സ്‌നേഹമെന്നാണ് പല മാതാപിതാക്കളും കരുതുന്നത്. അതുകൊണ്ടൊന്നും മക്കൾ അനുസരണയുള്ളവരും സൽസ്വഭാവികളുമായി മാറില്ലെന്നും മതപരമായ അറിവാണ് അനിവാര്യമെന്നും അവർ മനസ്സിലാക്കുന്നില്ല. എന്നാൽ മതത്തിന്റെ പേരിൽ ഒരു സ്വാതന്ത്ര്യവും നൽകാതെ, ഭൗതികവിദ്യാഭാസം നൽകാതെ മക്കളുടെ ഭാവിയെ ഇരുളടഞ്ഞതാക്കുന്ന പ്രവണതയും പാടില്ല.
സൽകർമികളായ മക്കളെ വളർത്തിയെടുക്കാൻ ഒരു മാതാവിനെപ്പോലെ ആർക്കാണ് സാധിക്കുക? നബിﷺ പറഞ്ഞു: “നിങ്ങളെല്ലാവരും ഭരണകർത്താക്കളാകുന്നു. തങ്ങളുടെ പ്രജകളെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടുന്നവരുമാണ്. നേതാവ് ഭരണകർത്താവാണ്, തന്റെ പ്രജകളെ സംബന്ധിച്ച് അവൻ ചോദ്യം ചെയ്യപ്പെടും. ഒരു പുരുഷൻ തന്റെ വീട്ടിലെ ഭരണകർത്താവാണ്, തന്റെ കീഴിൽ ജീവിക്കുന്നവരെ സംബന്ധിച്ച് അവൻ ചോദ്യം ചെയ്യപ്പെടും, ഒരു സ്ത്രീ തന്റെ ഭർത്താവിന്റെ വീട്ടിലെ ഭരണകർത്താവാകുന്നു. അവളുടെ ഭരണീയരെ സംബന്ധിച്ചവൾ ചോദ്യം ചെയ്യപ്പെടുന്നതാണ്...’’ (ബുഖാരി, മുസ്‌ലിം).
വീട് ഭരിക്കുന്ന സ്ത്രീക്കാണ് കുട്ടികളുമായി കൂടുതൽ സമയം ഇടപഴകാൻ അവസരം കിട്ടുക. അവളുടെ ചിറകിനടിയിലാണ് മക്കൾ വളർന്നു വലുതാകുന്നത്. അവളുടെ ഉത്തരവാദിത്തം വലുതാണ്. മക്കൾക്കിടയിൽ പ്രകടമായ വേർതിരിവു കാട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നബിﷺ പറഞ്ഞു:
“നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങൾ നിങ്ങളുടെ സന്താനങ്ങൾക്കിടയിൽ നീതിപാലിക്കുക’’ (ബുഖാരി, മുസ്‌ലിം). സമ്മാനം കൊടുക്കുമ്പോഴും മറ്റെല്ലാ കാര്യങ്ങളിലും മക്കൾക്കിടയിൽ നീതി പാലിക്കാൻ ശ്രദ്ധിക്കണം. ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരാക്കി മക്കളെ വളർത്തുക എന്നത് അതിപ്രധാനമാണ്.
“എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേർക്കരുത്. തീർച്ചയായും അങ്ങനെ പങ്കുചേർക്കുന്നത് വലിയ അക്രമം തന്നെയാകുന്നു’’ (ക്വുർആൻ 31:13). ഇതുപോലെ മക്കളെ ഉപദേശിക്കാൻ നമ്മളും സമയം കണ്ടെത്തേണ്ടതുണ്ട്.

