ഇസ്‌ലാമും സ്ത്രീയും
ബിസ്മിത എം, തിരുവനന്തപുരം (സൽസബീൽ അറബിക്കോളേജ്, വെങ്കിടങ്ങ്)
2024 ജൂലായ് 27, 1446 മുഹർറം 21

പുരുഷന്റെ ഇണയായി സ്ത്രീയെയും സ്ത്രീയുടെ ഇണയായി പുരുഷനെയും തീരുമാനിച്ചത് സ്രഷ്ടാവായ അല്ലാഹുവാണ്. പുരുഷൻ പുരുഷനെയും സ്ത്രീ സ്ത്രീയെയും ഇണയാക്കുന്ന വർത്തമാനകാല വിരോധാഭാസത്തെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. അത് ഇസ്‌ലാം വിരുദ്ധമാണ്. മനുഷ്യപ്രകൃതിക്കുതന്നെയും വിരുദ്ധമാണ്.
ആദ്യമായി അല്ലാഹു ഒരു സ്ത്രീയെ (ഹവ്വയെ) സൃഷ്ടിച്ചത് ഒരു പുരുഷനിൽ (ആദം) നിന്നുതന്നെയാണെന്ന വസ്തുത ഓർക്കുക. അല്ലാഹു പറയുന്നു: “മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽനിന്ന് സൃഷ്ടിക്കുകയും, അതിൽനിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ...’’ (ക്വുർആൻ 4:1).
“അല്ലാഹു നിങ്ങൾക്ക് നിങ്ങളുടെ കൂട്ടത്തിൽനിന്നുതന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവൻ നിങ്ങൾക്ക് പുത്രൻമാരെയും പൗത്രൻമാരെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളിൽനിന്നും അവൻ നിങ്ങൾക്ക് ഉപജീവനം നൽകുകയും ചെയ്തിരിക്കുന്നു...’’(16:72).
അല്ലാഹു സ്ത്രീപുരുഷന്മാരെ ഇണകളായി സൃഷ്ടിച്ചതിന്റെ മഹത്ത്വവും പ്രാധാന്യവും ഉദ്ദേശ്യവുമെല്ലാം ഈ സൂക്തങ്ങൾ മനസ്സിലാക്കിത്തരുന്നു. അല്ലാഹു ആണിനും പെണ്ണിനും അവരുടെതായ വ്യക്തിത്വവും ശാരീരികവും മാനസികവുമായ സവിശേഷതകളും നൽകിയിട്ടുണ്ട്. അവർ ഇരുവരും പല കാര്യങ്ങളിലും വ്യത്യസ്തരാണ്. ആണിനും പെണ്ണിനും സൃഷ്ടിപ്പിൽതന്നെ അല്ലാഹു നിശ്ചയിച്ച സവിശേഷതകൾ അവരുടെ ജീവിതയാത്രയെ സുഗമമാക്കുന്നതാണ്.
“നിങ്ങൾക്ക് സമാധാനപൂർവം ഒത്തുചേരേണ്ടതിനായി നിങ്ങളിൽനിന്നുതിന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ട്ടിക്കുകയും നിങ്ങൾക്കിടയിൽ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചേയ്തതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീച്ചയായും അതിൽ ചിന്തിക്കുന്ന ആളുകൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്’’ (30:21).
ദാമ്പത്യജീവിതത്തിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്ന് സമാധാനപൂർണമായ ജീവിതമാണെന്ന് ഈ ആയത്ത് അറിയിക്കുന്നു. വിവാഹത്തിലൂടെ ദമ്പതികൾക്കിടയിലുണ്ടാകുന്ന അവർണനീയമായ സ്‌നേഹവും കാരുണ്യവും അല്ലാഹുവിന്റെ ദൃഷ്ടാന്തമായി എടുത്തുപറയുന്നത് ശ്രദ്ധിക്കുക. തികച്ചും അന്യരായവർക്കിയിൽ വിവാഹ ശേഷമുണ്ടാകുന്ന ഈ ഇഴയടുപ്പം ദൈവികകാരുണ്യത്തിന്റെ അത്ഭുതകരമായ അടയാളമാണ്.
അബ്ദുർറഹ്‌മാൻ ഇബ്‌നു ഔഫി(റ)ൽനിന്ന് ഇമാം അഹ്‌മദ് നിവേദനം ചെയ്യുന്നു: “ഒരു സ്ത്രീ അവളുടെമേൽ (നിർബന്ധമായ) അഞ്ചുനമസ്‌കാരങ്ങൾ നമസ്‌കരിക്കുകയും, അവളുടെ (റമദാൻ) മാസത്തിൽ നോമ്പെടുക്കുകയും, അവളുടെ ഗുഹ്യാവയവം സൂക്ഷിക്കുകയും തന്റെ ഭർത്താവിനെ അനുസരിക്കുകയും ചെയ്താൽ. അവളോടു പറയപ്പെടും: സ്വർഗീയ കവാടങ്ങളിൽ നീ ഉദ്ദേശിക്കുന്നതിലൂ ടെ സ്വർഗത്തിൽ പ്രവേശിക്കുക.’’
ഇത്തരം ആദരണീയമായ നിർദേശങ്ങളെ പ്രയോഗവൽകരിച്ചു ജീവിച്ചാൽ ഈ അനുഗൃഹീത വാഗ്ദാനവും മഹനീയ പ്രതിഫലവും നേടുന്ന മുസ്‌ലിം സ്ത്രീക്കാണ് മംഗളാശംസകൾ.

