ഉമ്മമാരുടെ ശ്രദ്ധയ്ക്ക്
സഹ്‌റ സുല്ലമിയ്യ
2024 ഡിസംബർ 07, 1446 ജു. ഉഖ്റാ 06

പ്രിയപ്പെട്ട ഉമ്മമാരേ,
സ്വന്തം കുഞ്ഞുങ്ങളെ സ്‌നേഹിക്കാത്ത ഒരു ജീവിയുമില്ല. പറക്കമുറ്റാത്ത കുഞ്ഞുങ്ങൾക്കു വേണ്ടി ഭക്ഷണം തേടിപ്പിടിച്ച് കൊക്കിലൊതുക്കി കൊണ്ടുവന്ന് അവയുടെ വായിൽവച്ചുകൊടുക്കുന്ന തള്ളപ്പക്ഷികളെയും അരിമണി ചെറുതാക്കി കുഞ്ഞുങ്ങളെ തീറ്റുന്ന തള്ളക്കോഴികളെയുമൊക്കെ നിങ്ങൾ കണ്ടിരിക്കും. മിക്ക ജീവികളും ഇങ്ങനെത്തന്നെയാണ്. അപ്പോൾ പിന്നെ ബുദ്ധിയും വിവേകവുമുള്ള മനുഷ്യരുടെ കാര്യം പറയാനില്ലല്ലോ. കുഞ്ഞുമക്കൾക്കു വേണ്ടി ഉറക്കമൊഴിക്കുന്ന, സ്വന്തം അസുഖവും ക്ഷീണവും മറക്കുന്ന, അവരുടെ വിശപ്പകറ്റുന്നതിൽ എപ്പോഴും ശ്രദ്ധപുലർത്തുന്ന ഉമ്മമാരുടെ അറിവിലേക്കായി ഏതാനും കാര്യങ്ങൾ കുറിക്കുകയാണ്.
വർണ വൈവിധ്യമുള്ള ഭക്ഷണം: അല്ലാഹു പല നിറങ്ങളിലും രുചികളിലുമുള്ള പഴങ്ങളും പച്ചക്കറികളും സൃഷ്ടിച്ചിട്ടുണ്ട്. നിറങ്ങൾക്കനുസരിച്ച് അവയിൽ വ്യത്യസ്ത പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയുടെ ഗുണങ്ങൾ കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കുക. ഇതിനർഥം എല്ലാ നേരവും പല നിറത്തിലുള്ള ഭക്ഷണം കഴിക്കണം എന്നല്ല. എന്നാൽ കുട്ടികളുടെ ഭക്ഷണത്തിൽ വ്യത്യസ്ത തരത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഉൾപെടുത്താൻ നിങ്ങൾ ശ്രമിക്കണം.
പ്രഭാത ഭക്ഷണം ഒഴിവാക്കരുത്: കുട്ടികൾക്ക് ഭക്ഷണം കൃത്യസമയത്തു നൽകുക. എങ്കിൽ വലുതായാലും ഈ നല്ല ശീലം അവർ തുടരും. ആരോഗ്യകരമായ പ്രഭാതഭക്ഷണം ഊർജം നൽകുന്നു. അതോടൊപ്പം തലച്ചോറിന്റ പ്രവർത്തനത്തിന് സഹായിക്കുന്നതോടൊപ്പം പല രോഗങ്ങളെയും അകറ്റുകയും ചെയ്യുന്നു. രാവിലെ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗവും പ്രമേഹവും വരാനുള്ള സാധ്യത തടയുന്നതായി പഠനങ്ങൾ പറയുന്നുണ്ട്.
കായിക വിനോദങ്ങളിൽ ഏർപ്പെടാൻ അവസരം നൽകുക: എപ്പോഴും പഠനത്തിന്റെ പേരിൽ കുട്ടികളെ വീട്ടിൽ കെട്ടിയിടരുത്. കളിക്കാനും അവസരം കൊടുക്കണം. ബുദ്ധി വികസിക്കാനുള്ള വിനോദങ്ങളിലും ശാരീരികാരോഗ്യം വർധിക്കാനുള്ള കളികളിലും കുട്ടികൾ ഏർപ്പെടണം. എല്ലാ കുട്ടികൾക്കും കായിക വിനോദങ്ങൾ ഇഷ്ടമാകണമെന്നില്ല. എന്നാൽ അവർ ആസ്വദിച്ചു ചെയ്യുന്ന ശാരീരിക പ്രവർത്തനങ്ങൾ അവരെ ആരോഗ്യവാന്മാരാക്കുന്നു.
ആവശ്യത്തിന് വെള്ളം കുടിക്കണം: വെള്ളം കുടിക്കുന്നതിൽ കുട്ടികൾ പൊതുവെ മടിയുള്ളവരാണ്. എന്നാൽ സോഫ്റ്റ് ഡ്രിങ്കുകൾ കുടിക്കാൻ അവർക്ക് വലിയ താൽപര്യവുമാണ്. അവയാകട്ടെ ആരോഗ്യത്തിന് ഹാനികരമാണ്. കുട്ടികൾക്ക് സോഫ്റ്റ് ഡ്രിങ്കുകൾക്ക് പകരം പഴച്ചാറുകൾ നൽകുക. ശുദ്ധമായ വെള്ളം കുടിക്കാൻ അവരെ പ്രേരിപ്പിക്കണം.
ടിവി, മൊബൈൽ കാഴ്ചകൾ നിയന്ത്രിക്കണം: ടിവിയുടെയും മൊബൈൽ ഗെയ്‌മുകളുടെയും റീൽസിന്റെയും അടിമകളായി കുട്ടികൾ മാറാതിരിക്കാൻ ജാഗ്രത പുലർത്തണം. അവ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്കും സ്വഭാവ ദൂഷ്യങ്ങൾക്കും കാരണമാകും. സ്‌കൂളിലെ മോശം പ്രകടനം, പെരുമാറ്റ പ്രശ്‌നങ്ങൾ, വൈകാരികവും സാമൂഹ്യവുമായ പ്രശ്‌നങ്ങൾ, ശ്രദ്ധക്കുറവ്, പൊണ്ണത്തടി, ഉറക്കമില്ലായ്മ തുടങ്ങിവയെല്ലാം ഇവയുടെ ഉപയോഗം അമിതമായാലുള്ള ദൂഷ്യഫലങ്ങളിൽ ചിലത് മാത്രം.
വായന ശീലിപ്പിക്കുക: കുട്ടികളിൽ വായനാശീലം വളർത്തുക. അത് അവരെ സ്‌കൂളിലെ വിജയത്തിന് സഹായിക്കുന്നതോടൊപ്പം ഭാവി ജീവിതത്തിനും സഹായകമാകും. മൂല്യവത്തായ പുസ്തക വായന കുട്ടികളെ സംസ്‌കാരസമ്പന്നരാക്കും. രസകരമായതും ഗുണപാഠം ലഭിക്കുന്നതുമായ കഥകളും കവിതകളും അവർ വായിക്കട്ടെ. അത് അവരുടെ ഭാഷയെയും പരിപോഷിപ്പിക്കും. അതോടൊപ്പം ദിനചര്യയായി ക്വുർആൻ പാരായണത്തെയും മാറ്റണം. (തുടരും)

