സ്ത്രീയും ആരാധനാ സ്വാതന്ത്ര്യവും

ഉസ്മാൻ പാലക്കാഴി

2024 ഏപ്രിൽ 13, 1445 ശവ്വാൽ 04

ഇസ്‌ലാം സ്ത്രീകളുടെ അവകാശങ്ങളെ അടിച്ചമർത്തുകയും പലരംഗത്തുമുള്ള സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുകയുമാണ് ചെയ്യുന്നതെന്നും പുരുഷമേധാവിത്തമാണ് ഇസ്‌ലാമിന്റെ നിയമ-ശാസനകളിലൊക്കെ കാണാനാകുന്നതെന്നുമൊക്കെ ഇസ്‌ലാം വിമർശകരുടെ സ്ഥിരം ആരോപണങ്ങളാണ്. വിമർശനങ്ങൾക്കും ആരോപണങ്ങൾക്കുമപ്പുറം സത്യസന്ധമായ പഠനവും അന്വേഷണവും നടത്താൻ ഒരുക്കമുള്ള ആർക്കും ഇസ്‌ലാം സ്ത്രീകളെ ഒരുനിലയ്ക്കും അടിച്ചമർത്തുകയോ അവരുടെ ന്യായമായ ആവശ്യങ്ങളെയും സ്വാതന്ത്ര്യത്തെയും ഹനിക്കുകയോ ചെയ്തിട്ടില്ലെന്നും അവർക്ക് കാലങ്ങളായി നിഷേധിക്കപ്പെട്ട പലതും നേടിക്കൊടുക്കുകയാണ് ചെയ്തിട്ടുള്ളതെന്നും ബോധ്യപ്പെടുന്നതാണ്. സ്ത്രീത്വത്തെ ആദരിക്കുകയും അവരുടെതായ ശാരീരിക-മാനസിക അവസ്ഥകളെ പരിഗണിച്ചുകൊണ്ട് ഏറ്റവും ഗുണകരമായ നിയമനിർദേശങ്ങൾ നൽകുകയുമാണ് ഇസ്‌ലാം ചെയ്തിട്ടുള്ളതെന്ന് മുൻവിധികളില്ലാതെ പഠിക്കാൻ ശ്രമിക്കുന്നവർക്ക് മനസ്സിലാക്കാൻ കഴിയുമെന്നതിൽ സംശയമില്ല.

ആത്മീയ കാര്യങ്ങൾക്കും ആരാധനാ കർമങ്ങൾക്കും സ്ത്രീക്കും ഇസ്‌ലാം അവകാശങ്ങൾ വകവെച്ചുകൊടുത്തു. പുരുഷനുള്ളതുപോലെ സ്ത്രീക്കും അവയിലെല്ലാം പ്രതിഫലവുമുണ്ട്. അല്ലാഹു പറയുന്നു: “ആണാകട്ടെ പെണ്ണാകട്ടെ, ആർ സത്യവിശ്വാസിയായിക്കൊണ്ട് സൽപ്രവൃത്തികൾ ചെയ്യുന്നുവോ അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല’’ (ക്വുർആൻ 4:124). “...പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളിൽനിന്നും പ്രവർത്തിക്കുന്ന ഒരാളുടെയും പ്രവർത്തനം ഞാൻ നിഷ്ഫലമാക്കുകയില്ല...’’ (ക്വുർആൻ 3:195).

സ്ത്രീ സഹജമായ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കണ്ടറിഞ്ഞുകൊണ്ട് പ്രത്യേക ഇളവുകൾ അവർക്ക് നൽകുകയും ചെയ്തിട്ടുണ്ട്. ആർത്തവം, പ്രസവം, മുലയൂട്ടൽ തുടങ്ങിയ കാലങ്ങളിലെ ആരാധനകളിലെ ഇളവുകൾ ഉദാഹരണങ്ങളാണ്.

നമസ്‌കാരം, വ്രതാചരണം, മതപഠനം, പള്ളികളിൽ സംബന്ധിക്കൽ, സകാത്ത്(നിർബന്ധദാനം) നൽകൽ തുടങ്ങി ഒരാരാധനയിൽനിന്നുംസ്ത്രീ ഒഴിവാക്കപ്പെട്ടിട്ടില്ല. സൂറത്തുൽ അഹ്‌സാബിലെ 35ാം വചനത്തിൽ ആരാധനാകാര്യങ്ങളിൽ പുരുഷന്മാരെ പോലെ സ്ത്രീകൾക്കുമുള്ള അവകാശവും പ്രതിഫലവും വ്യക്തമാക്കുന്നത് കാണാം.

ഗർഭധാരണം, ആർത്തവം, പ്രസവാനന്തര രക്തസ്രാവം പോലുള്ള ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോഴല്ലാതെ സ്ത്രീ മേൽപറഞ്ഞ പലതിൽനിന്നും ഒഴിവാക്കപ്പെടുന്നുമില്ല. പുരുഷനെപ്പോലെ സാധ്യമാകുംവിധം മതം പഠിക്കുക, നമസ്‌കാരത്തിൽ കൃത്യത പുലർത്തുക, സത്യസന്ധത പാലിക്കുക, സൽകർമങ്ങൾ പ്രവർത്തിക്കുക തുടങ്ങിയ കടമകളിൽ പുരുഷനിൽനിന്നും അവൾക്ക് വ്യത്യസ്തമായൊരു അളവുകോൽ ഇല്ല. മറ്റു പല വിശ്വാസങ്ങളിൽനിന്നും ദർശനങ്ങളിൽനിന്നും വ്യത്യസ്തമായി, സ്ത്രീക്ക് ആത്മാവുണ്ടോ, ‘പുരുഷന്റെ പതനത്തിന്’ കാരണം സ്ത്രീയാണോ, പൈശാചികതയുടെ പാരമ്പര്യമുള്ളതിനാൽ പാപിയാകാൻ സദാ സാധ്യതയുള്ളവളല്ലേ തുടങ്ങിയ ചർച്ചയൊന്നുംഇസ്‌ലാമിൽ ഇല്ല.

ഇസ്‌ലാമിൽ ആത്മീയമായി സ്ത്രീ-പുരുഷന്മാർ തുല്യരാണെങ്കിലും, അവർക്ക് വ്യത്യസ്തമായ സാമൂഹിക ധർമങ്ങളും വിഭിന്നമായ കടമകളുമാണ്നിർവഹിക്കാനുള്ളത്. ആയതിനാൽ ചിലപ്പോഴെല്ലാം അവർക്ക് വ്യത്യസ്തമായ അവകാശങ്ങളാണ് നൽകപ്പെട്ടിരിക്കുന്നത്. ഇസ്‌ലാമിക ദാമ്പത്യത്തിൽ സ്ത്രീയിൽനിന്നും തികച്ചും വ്യതിരിക്തമായ കടമയും ഉത്തരവാദിത്തവുമാണ് പുരുഷനുള്ളത്. ഇതർഥമാക്കുന്നത് ഭാര്യയുടെയും ഭർത്താവിന്റെയും അവകാശങ്ങൾ അവ നിറവേറ്റപ്പെടുന്ന രീതിശാസ്ത്രത്തിൽ ഓരോരുത്തർക്കും നിർവഹിക്കാനുള്ള പങ്ക് വ്യത്യസ്തമാണെന്നാണ്.