സ്ത്രീകളും വിജ്ഞാന സമ്പാദനവും
ബിസ്മിത എം, തിരുവനന്തപുരം (സൽസബീൽ അറബിക്കോളേജ്, വെങ്കിടങ്ങ്)
2024 ആഗസ്റ്റ് 10, 1446 സ്വഫർ 06

മുസ്‌ലിം സ്ത്രീകളെ അറിവിൽ നിന്ന് അകറ്റി നിറുത്തിയിരുന്ന ഒരു ഭൂതകാല ചരിത്രം കേരളത്തിനു പറയാനുണ്ട്. അന്ന് അതിനു നേതൃത്വം നൽകിയിരുന്നത് പണ്ഡിത വേഷധാരികളായിരുന്നു. എന്നാൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ ധീരോദാത്തമായ മുന്നേറ്റത്തിൽ അവർക്ക് പിടിച്ചുനിൽക്കാനായില്ല. അവരുടെ പിന്തിരിപ്പൻ നിലപാട് അവർക്ക് മാറ്റേണ്ടിവന്നു.
അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയിൽനിന്ന് നിങ്ങൾ കാത്തുരക്ഷിക്കുക. അതിന്റെ മേൽനോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തൻമാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കൽപിച്ച കാര്യത്തിൽ അവനോടവർ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കൽപിക്കപ്പെടുന്നത് എന്തും അവർ പ്രവർത്തിക്കുകയും ചെയ്യും’’ (ക്വുർആൻ 66: 6).
ഇതിന്റെ വിശദീകരണമായി അലിയ്യുബ്‌നു അബീത്വാലിബ്(റ) പറയുന്നു: “അഥവാ, നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നന്മ പഠിപ്പിക്കുക’’ (ഹാകിം തന്റെ മുസ്തദ്‌റകിൽ ഉദ്ധരിച്ചത്).
മതത്തെക്കുറിച്ച് പഠിക്കുക എന്നത് നന്മയിൽപെട്ട കാര്യമാണെന്ന് പറയേണ്ടതില്ല. ദീനിന്റെ മാർഗദർശനങ്ങളെ പഠിച്ചറിയുവാനും കുടുംബ-ബന്ധുമിത്രാദികൾക്ക് പറഞ്ഞുകൊടുക്കുവാനും സ്ത്രീകൾ ശ്രദ്ധാലുക്കളാവേണ്ടതുണ്ട്. സ്ത്രീകൾ അറിവു നേടുന്നതിൽനിന്ന് അകന്നുനിൽക്കണമെന്ന് ഇസ്‌ലാം പറയുന്നില്ല. ഒരു മുസ്‌ലിം സ്ത്രീ; അവൾ മകളോ മാതാവോ ഭാര്യയോ സഹോദരിയോ ആരുതന്നെയായാലും ഇസ്‌ലാമിന്റെ വിധിവിലക്കുകൾ പഠിക്കുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും കുടുംബത്തിനും സമൂഹത്തിനും എത്തിച്ച് കൊടുക്കുകയും ചെയ്യാൻ അവൾ ബാധ്യസ്ഥയാണ്. ഒരു ഉത്തമ സ്ത്രീക്ക് മാത്രമെ നല്ലൊരു കുടുംബത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ സ്ത്രീ അറിവു നേടൽ അനിവാര്യണ്.
ഇമാം ഇബ്‌നുൽ ക്വയ്യിം(റഹി) പറയുന്നു: ‘ഞാൻ ജനങ്ങൾക്ക് അറിവിലേക്ക് പ്രോത്സാഹനം നൽകിക്കൊണ്ടിരിക്കുകയാണ്. കാരണം, അത് നേർമാർഗം പ്രാപിക്കാനുള്ള വെളിച്ചമാണ്. എന്നാൽ അറിവിൽ നിന്നും അകന്നുനിൽക്കുകയും തന്നിഷ്ടങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്ന സ്ത്രീകളാണ് എന്തുകൊണ്ടും പുരുഷന്മാരെക്കാൾ ഇതിലേക്ക് ആവശ്യക്കാരെന്നാണ് എനിക്ക് തോന്നുന്നത്. (തന്റെ കാലത്തെ അവസ്ഥയെ പറ്റിയാണ് അദ്ദേഹം സംസാരിക്കുന്നത്). കാരണം, അധികസമയത്തും അവരുടെ മടിയിൽ വളരുന്ന കുഞ്ഞിനെ അവർ ക്വുർആൻ ഓതിപ്പഠിപ്പിക്കുന്നില്ല. നമസ്‌കാരത്തിന്റെ റുക്‌നുകൾ പോലുള്ള കാര്യങ്ങൾ പഠിപ്പിക്കുന്നില്ല. (പെൺകുട്ടികൾക്ക്) ആർത്തവരക്തത്തിൽനിന്നുള്ള ശുദ്ധി, വിവാഹത്തിനു മുമ്പ് ഭർത്താവിനോടുള്ള തന്റെ ബാധ്യതകൾ തുടങ്ങിയവ മനസ്സിലാക്കിക്കൊടുക്കുന്നില്ല. ഇത്തരത്തിലുള്ള ധാരാളം അപകടങ്ങൾ ഈ (അറിവില്ലായ്മ എന്ന) വിഷയത്തിലുണ്ട്’’ (അഹ്കാമുന്നിസാഅ്).
മുൻഗാമികളായ സ്ത്രീകൾ അറിവിന്റെ കാര്യത്തിൽ അങ്ങേയറ്റം താൽപര്യം കാണിച്ചവരാണ്. അബൂസഈദ് അൽഖുദ്‌രി(റ)യിൽനിന്ന് നിവേദനം: “സ്ത്രീകൾ അല്ലാഹുവിന്റെ പ്രവാചകനോട് പറഞ്ഞു: ‘ഞങ്ങളെക്കാൾ പുരുഷന്മാരാണ് താങ്കളിലേക്ക് അധികമായും വരാറുള്ളത്. അതുകൊണ്ട് അങ്ങുതന്നെ ഞങ്ങൾക്ക് ഒരു ദിവസം നിശ്ചയിച്ചു തരണം.’ അപ്പോൾ പ്രവാചകൻﷺ അവരെ കണ്ടുമുട്ടാനായി ഒരു ദിവസം നിശ്ചയിച്ചു കൊടുക്കുകയും അവർക്ക് ഉപദേശങ്ങളും കൽപനകളും നൽകുകയും ചെയ്തു’’ (സ്വഹീഹുൽ ബുഖാരി).
ഇബ്‌നു ഹജർ(റഹി) ഇതിന്റെ വിശദീകരണത്തിൽ പറയുന്നു: “മതകാര്യങ്ങൾ പഠിക്കുവാൻ സ്വഹാബാ വനിതകൾ കാണിച്ച അങ്ങേയറ്റത്തെ താൽപര്യത്തെ ഈ ഹദീസ്് അറിയിക്കുന്നുണ്ട്.’’

