മക്കളെ കാത്തിരിക്കുന്ന നീരാളിക്കൈകൾ

ദുൽക്കർഷാൻ അലനല്ലൂർ

2024 ഡിസംബർ 28, 1446 ജു. ഉഖ്റാ 27

സ്നേഹം വെച്ചുവിളമ്പി നെറ്റിയിൽ മുത്തംവെച്ച് കലാലയത്തിലേക്ക് പറഞ്ഞയക്കുന്ന കുട്ടികളെ കാത്തിരിക്കുന്നത്, പുഞ്ചിരി തേച്ചൊട്ടിച്ച് തേറ്റകൾ ഉള്ളിലൊളിപ്പിച്ച ഇരുട്ടിന്റെ ദുരാത്മാക്കളാണെന്ന വർത്തമാനകാല യാഥാർഥ്യം ഏതൊരു രക്ഷിതാവിന്റെ ഇടനെഞ്ചിനെയാണ് അലോസരപ്പെടുത്താത്തത്! നിയമവും ഭരണവും നോക്കുകുത്തിയാവുമ്പോൾ സമൂഹത്തിന് വിനഷ്ടമാവുന്നത് സ്വസ്ഥതയും സമാധാനവുമാണ്.

സമൂഹം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വിപത്താണ് മയക്കുമരുന്നിന്റെ ഉപയോഗവും അതുമൂലുണ്ടാകുന്ന പ്രശ്‌നങ്ങളും. അതാകട്ടെ നാൾക്കുനാൾ വർധിച്ചുവരികയാണ്. മുമ്പൊക്കെ കുറച്ച് പ്രായം ചെയ്യന്നവരാണ് മദ്യവും മയക്കുമരുന്നുകളും ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്നത് അറിവു തേടി വിദ്യാലയമുറ്റത്തെത്തുന്ന, കൗമാരത്തിലേക്ക് എത്തിനിൽക്കുന്നു. ഇത് ഭാവിതലമുറയെക്കുറിച്ച് ചിന്തിക്കുന്നവരിൽ ഭയവും ആശങ്കയും ഉണ്ടാക്കുന്നതാണ്.

പെൻസിലും പേനയും പിടിക്കേണ്ട വിരൽതുമ്പുകളിൽ കാണുന്നത് കഞ്ചാവ് ബീഡിയും ഹാൻസും പാൻപരാഗും! പാടിപ്പറയേണ്ട നാവിന്നടിയിൽ മയക്കുമരുന്നിന്റെ പുതിയ രൂപമായ എം.ഡി.എം.എ പോലുള്ളവയും! മക്കളുടെ നാശത്തിലേക്കുള്ള ഈ പോക്കിന് തടയിടുന്നതിൽ രക്ഷിതാക്കളും അധ്യാപകരും നിയമപാലകരും ഭരണകൂടവുമെല്ലാം പരാജയപ്പെടുകയാണോ?

മക്കൾ എന്ത് തെറ്റു ചെയ്താലും ചോദ്യം ചെയ്യാതെ, തങ്ങൾക്ക് ലഭിച്ചിട്ടില്ലാത്ത സുഖ സൗകര്യങ്ങൾ തങ്ങളുടെ മക്കൾ അനുഭവിക്കട്ടെ എന്ന ചിന്തയിൽ കാശുണ്ടാക്കുവാൻ നെട്ടോട്ടമോടുന്ന രക്ഷിതാക്കൾ ഇതിന് ഉത്തരവാദികളല്ലേ? മക്കളുടെ ജീവിത ശൈലിയിൽ വരുന്ന ഗുരുതരമായ മാറ്റങ്ങൾ അറിയാതെ പോകുന്നത് ശരിയാണോ?

മക്കൾ ചോദിക്കുന്നതെല്ലാം എന്ത് ത്യാഗം ചെയ്തും നേടിക്കൊടുക്കുന്നതിലൂടെ സംഭവിക്കുന്നത് അവർ ആഗ്രഹം പ്രകടിപ്പിക്കുന്നതും വാശിപിടിക്കുന്നതുമായ കാര്യങ്ങൾ രക്ഷിതാക്കൾ നൽകുമെന്ന ചിന്ത അവരിൽ രൂഢമൂലമാകുമെന്നതാണ്. അതിനായി മാതാപിതാക്കൾ കഷ്ടപ്പെടുന്നുണ്ടോ, പ്രയാസപ്പെടുന്നുണ്ടോ, അവരുടെ കണ്ണുകൾ നിറയുന്നുണ്ടോ എന്നൊന്നും ഇത്തരം മക്കൾ നോക്കാറില്ല. അവരുടെ ആവശ്യങ്ങളോട് ഒരിക്കൽ പോലും ഇല്ല എന്നു പറയാത്ത രക്ഷിതാക്കൾ നിവൃത്തികേടുകൊണ്ട് ഇല്ല എന്നു പറഞ്ഞുപോയാൽ പിന്നീട് സംഭവിക്കുന്നത് ആത്മഹത്യയായിരിക്കും! പത്തും പതിനൊന്നും മാത്രം വയസ്സുള്ള കുട്ടികൾ ആത്മഹത്യ ചെയ്തതിന്റെ വാർത്തകൾ ഇന്ന് പുതുമയുള്ളതല്ല.

ആരാണ് തെറ്റുകാർ? ആരെയാണ് കുറ്റംപറയേണ്ടത്? ചോദിക്കുന്നത് കിട്ടാത്തപ്പോൾ വാശിപിടിക്കുന്ന മക്കളെയോ അതോ ചോദിക്കുന്നതെല്ലാം വാങ്ങിക്കൊടുക്കുന്ന രക്ഷിതാക്കളെയോ?

തങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകളും ദുരിതങ്ങളും ദാരിദ്ര്യവുമൊക്കെ കുറച്ചൊക്കെ തങ്ങളുടെ മക്കളെയും അറിയിക്കേണ്ടതുണ്ടെന്ന് രക്ഷിതാക്കൾ മനസ്സിലാക്കണം. അവരും ഇതൊക്കെ മനുഷ്യജീവിതത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയണം. അല്ലെങ്കിൽ മേൽപറഞ്ഞതുപോലെയുള്ള ദുരന്തങ്ങൾ നാട്ടിൽ വർധിക്കുകയല്ലാതെ തെല്ലും കുറയുകയില്ല എന്നത് തീർച്ചയാണ്.

ഈയിടെ മീഡിയകളിൽ നിറഞ്ഞുനിന്ന ഒരു വാർത്തയുടെ തലവാചകവും വിവരണവും നോക്കൂ: “കഞ്ചാവു ബീഡി കത്തിക്കാൻ തീ ചോദിച്ച് സ്‌കൂൾ വിദ്യാർഥികൾ ചെന്ന് കുടുങ്ങിയത് എക്‌സൈസ് ഓഫീസിൽ”

അടിമാലി: വിനോദയാത്രക്കെത്തിയ സ്‌കൂൾ വിദ്യാർഥികൾ കഞ്ചാവ് ബീഡി വലിക്കാൻ തീ തേടി ചെന്നത് എക്‌സൈസ് ഓഫീസിൽ. തൃശൂരിലെ സ്‌കൂളിൽനിന്നും മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ ചില വിദ്യാർഥികളാണ് കഞ്ചാവ് ബീഡി വലിക്കാൻ തീ അന്വേഷിച്ച് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസിലെത്തി കുടുങ്ങിയത്.

പിൻവശത്തു കൂടിയാണ് വിദ്യാർഥികൾ ഓഫീസിലെത്തിയത്. അതിനാൽ എക്‌സൈസ് ഓഫീസിന്റെ ബോർഡ് കുട്ടികൾ കണ്ടില്ല. മുറിയിൽ യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ കണ്ടതോടെ തടിതപ്പാൻ വിദ്യാർഥികൾ ശ്രമിച്ചെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തി. തുടർന്ന് അന്വേഷിച്ചപ്പോ ഴാണ് കഞ്ചാവു ബീഡി കത്തിക്കാൻ തീ തേടിയെത്തിയതാണെന്ന് വ്യക്തമായത്.

ഒരു കുട്ടിയുടെ പക്കൽനിന്ന് 5 ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയുടെ പക്കൽനിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. കേസിൽ പിടിച്ച വാഹനങ്ങൾ ഓഫിസിന്റെ പിൻവശത്തു കിടക്കുന്നതുകണ്ട് വർക് ഷോപ്പാണെന്ന് കരുതിയാണ് കയറിയതെന്ന് വിദ്യാർഥികൾ പറഞ്ഞതായി എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

വിനോദയാത്രാസംഘത്തിൽ ഒപ്പമുണ്ടായിരുന്ന അധ്യാപകരെ വിളിച്ചുവരുത്തി എക്‌സൈസ് ഉദ്യോഗസ്ഥർ വിവരം അറിയിച്ചു. വിദ്യാർഥികൾക്കു കൗൺസലിങ്ങും നൽകി. മാതാപിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. ലഹരി കണ്ടെത്തിയ വിദ്യാർഥികൾക്കെതിരെ എക്‌സൈസ് കേസുമെടുത്തിട്ടുണ്ട്.’’

നോക്കൂ, എത്ര ഗൗരവവമുള്ള കാര്യമാണിത്! ഇതിലൂടെ എന്ത് മെസേജാണ് സമൂഹത്തിന് ലഭിക്കുന്നത്? വിദ്യാർഥികളുടെ ബേഗിലും കൈയിലും നാവിനടിയിലും മയക്കുമരുന്നുകൾ ഒളിപ്പിച്ച് വെക്കുന്നത് പിടിക്കാനോ പിടികൂടാനോ ചെറിയ ശിക്ഷയെങ്കിലും കൊടുക്കാനോ ഇന്ന് അധ്യാപകർക്ക് അധികാരമുണ്ടോ? പണ്ട് അധ്യാകർ ആവശ്യമെങ്കിൽ തല്ലിയും വിദ്യാർഥികൾ തല്ലുകൊണ്ടുമാണ് പഠിച്ചിരുന്നത്. അതിനെ തെറ്റായോ കുറ്റമായോ ആരും കണ്ടിരുന്നില്ല. ആ മക്കൾ അധ്യാപകരെയും മാതാപിതാക്കളെയും മുതിർന്നവരെയും ആദരിക്കുന്നവരും ബഹുമാനിക്കുന്നവരുമായാണ് വളർന്നത്. ഇന്നത്തെ അവസ്ഥയെന്താണ്? ഏതെങ്കിലും അധ്യാപകൻ ഒരു വിദ്യാർഥിയെ തല്ലിയാൽ ആ അധ്യാപകനെതിരെ കേസായി. രക്ഷിതാക്കൾ ഹാലിളകി വരവായി. വർഷങ്ങൾ കഴിഞ്ഞാലും ആ വിദ്യാർഥി തന്നെ തല്ലിയ അധ്യാകപനോട് പകരംവീട്ടാൻ തയ്യാറാകുന്നു. പത്താം ക്ലാസ്സിൽ വെച്ച് തല്ലിയ അധ്യാപകനെ രണ്ട് വർഷം കഴിഞ്ഞ് അങ്ങാടിയിൽ വെച്ച് കണ്ടപ്പോൾ സോഡക്കുപ്പി കൊണ്ട് തലയുടെ പിറകിൽ അടിച്ച് പരിക്കേൽപിച്ച വിദ്യാർഥിയുടെ വാർത്തയും നാം പത്രത്തിൽ വായിച്ചതാണ്. എന്നാൽ, പണ്ട് തന്നെ തല്ലുകയോ ശാസിക്കുകയോ ചെയ്ത അധ്യാപകനെ കണ്ടാൽ ആ വിദ്യാർഥി ബഹുമാനത്തോടെ പെരുമാറുന്നു. തന്നെ നേർവഴിക്കു നടത്തിയ അധ്യാപകൻ എന്ന നിലയിൽ ആദരിക്കുന്നു.

എങ്ങോട്ടാണ് സമൂഹത്തിന്റെ പോക്ക്? നാളെയുടെ പ്രതീക്ഷകളായി വളരേണ്ട ഒരു തലമുറയെ മദ്യത്തിലും മയക്കുമരുന്നിലും തളച്ചിടാനും കുത്തഴിഞ്ഞ ജീവിതത്തിന്റെ അടിമകളാക്കി മാറ്റാനുമല്ലേ മദ്യം വിറ്റ് കാശുണ്ടാക്കുന്നവരും അവർക്ക് ഓശാന പാടുന്നവരും ചെയ്യുന്നത്.

കേരളത്തിൽ മദ്യം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ധാരാളമായി നടന്നിരുന്നു. മദ്യവിൽപനയുടെ സമയയം നിശ്ചയിച്ച കോടതിവിധിയും അതിനെ തുടർന്ന് മദ്യം സമ്പൂർണമായി നിരോധിക്കണമെന്നുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനവും വലിയ ചർച്ചക്ക് വഴിതെളിച്ചിരുന്നു. അതിനുള്ള ഇച്ഛാശക്തി ഒരു പാർട്ടിക്കുമില്ല എന്നതാണ് യാഥാർഥ്യം. മദ്യം സമ്പൂർണമായി നിരോധിക്കണെമന്ന ആവശ്യം ഒരു മതത്തിന്റെ വക്താക്കളുടെ മാത്രം താൽപര്യമാണെന്ന ചിന്തയും മദ്യനിരോധനം മൂലം സർക്കാർ ഖജനാവ് കാലിയാകുമെന്നുമുള്ള ഭീതിയുമാണ് മദ്യം വിൽപന തകൃതിയായി മുന്നോട്ടു കൊണ്ടുപോകാൻ ഭരണാധികാരികളെ പ്രേരിപ്പിക്കുന്നത്. മദ്യശാലകളുടെ എണ്ണം വർധിപ്പിക്കാനല്ലാതെ അവർ ചിന്തിക്കുന്നില്ല.

പ്രശസ്ത ചരിത്രകാരനായ ആർനോൾഡ് ടോയിൻബി അദ്ദേഹത്തിന്റെ ‘സിവിലൈസേഷൻ ഓൺ ട്രയൽ’ എന്ന ഗ്രന്ഥത്തിൽ എഴുതി: ‘ദൃഢമായ മതവിശ്വാസം കൊണ്ടുമാത്രമാണ് മദ്യത്തിന്റെ പിടിയിൽ നിന്ന് മനുഷ്യർക്കുള്ള മോചനം... ഭൗതിക നിയമങ്ങൾക്ക് സാക്ഷാത്കരിക്കുവാൻ കഴിയാത്തതെല്ലാം സാക്ഷാത്കരിക്കുവാൻ ഇസ്‌ലാമിനായിട്ടുണ്ട്... ഇവിടെ നിന്ന് നാം പറയട്ടെ, ലോകത്തിന്റെ മുക്കുമൂലകളിലെല്ലാം വലയെറിഞ്ഞ പാശ്ചാത്യ നാഗരികതയുടെ സ്വാധീനങ്ങളിൽനിന്ന് മനുഷ്യകുലത്തെ മോചിപ്പിക്കുവാൻ ഇസ്‌ലാമിനേ ആകൂ, തീർച്ച.’’

ഇസ്‌ലാം മദ്യത്തിനും മയക്കുമരുന്നിനും എതിരാണ്. കാരണം മദ്യവും മയക്കുമരുന്നുകളും ‘മതനിഷ്ഠയെയും മനുഷ്യത്വത്തെയും ഇല്ലാതാക്കും. ശരീരത്തിനും സമ്പത്തിനും സമൂഹത്തിനും മദ്യമേൽപിക്കുന്ന അപകടങ്ങൾ കുറച്ചൊന്നുമല്ല. ദിനേന പുറത്തുവരുന്ന പല ദുരന്തവാർത്തകളും അതിരുവിടുന്ന ആഘോഷങ്ങളും അത്തരം ദുരിതങ്ങളെ കുറിച്ച് നന്നായി ആളുകളെ ബോധ്യപ്പെടുത്തു ന്നുണ്ട്.

മുഹമ്മദ് നബിﷺ ആഗതമായ കാലം. മഹാഭൂരിഭാഗം ആളുകളും മദ്യത്തിൽ ആറാടിയിരുന്ന അറേബ്യ. അവിടെ മുന്തിരിവള്ളിക്കരികിൽ തന്റെ കുഴിമാടം ഒരുക്കുവാൻ വസ്വിയത്ത് ചെയ്തിരുന്ന കവിയുണ്ടായിരുന്നു; മരിച്ചുകഴിഞ്ഞാലും മുന്തിരിവള്ളിയുടെ വേരിലൂടെ മുന്തിരിക്കള്ള് നുണയാമല്ലോ എന്ന ചിന്തയാൽ! അത്രമാത്രം മദ്യത്തെ ജീവിതത്തിന്റെ ഭാഗമായി കണ്ടിരുന്നു ആ ജനത.

മദ്യം സേവിക്കുന്നവരും അതിന്റെ സേവകരുമായ ആ ജനതയെ ഇസ്‌ലാം ഊതിക്കാച്ചി പൊന്നാക്കിയെടുത്തു എന്നത് ചരിത്രസത്യം. അത് ഇസ്‌ലാമിന്റെ സവിശേഷതയാണ്; തെറ്റുകളെ തിരുത്തുവാനുള്ള അതിന്റെ കുറ്റമറ്റ രീതിശാസ്ത്രമാണ്. ഉന്നതനായ രക്ഷിതാവിൽനിന്ന് അവതീർണമായ മോക്ഷത്തിന്റെ ഏകമാർഗമാണ് ഇസ്‌ലാം എന്നതിന്റെ ചരിത്രസാക്ഷ്യം; ചരിത്രത്തിന്റെ ചുമരെഴുത്തുകൾക്ക് നേർപക്ഷ വായന നടത്തിയപ്പോൾ ആർനോൾഡ് ടോയിൻബിക്ക് അത് ബോധ്യപ്പെട്ടത് അദ്ദേഹം കുറിച്ചുവെച്ചു.

സകല ലഹരിവസ്തുക്കളും ഇസ്‌ലാമിക ദൃഷ്ട്യാ നിഷിദ്ധവും മാനവരാശിയുടെ അപകടകാരിയുമാണ്. ലഹരിയുണ്ടാക്കുന്നതെല്ലാം മദ്യമാണ് എന്നതാണ് ഇസ്‌ലാമിക നിലപാട്.

അബ്ദുല്ലാഹ് ബ്‌നു ഉമറി(റ)ൽനിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ ദൂതർ പറഞ്ഞു: ‘എല്ലാ ലഹരിയുണ്ടാക്കുന്നതും മദ്യമാകുന്നു. എല്ലാ ലഹരിയുണ്ടാക്കുന്നതും ഹറാമുമാകുന്നു’’ (മുസ്‌ലിം).

ലഹരിയുണ്ടാക്കുന്നതെല്ലാം വളരെ കുറച്ചാണെങ്കിലും ഉപയോഗിക്കുന്നത് ഹറാമാണ്. നബിﷺ പറഞ്ഞു: “കൂടുതൽ (ഉപയോഗിച്ചാൽ) ലഹരിയുണ്ടാക്കുന്നത് കുറച്ചാണെങ്കിലും ഹറാമാണ്’’ (സുനനു അബീദാവൂദ്, അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചത്).

ആഇശ(റ)യിൽ നിന്ന് നിവേദനം, അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ പറയുന്നത് ഞാൻ കേട്ടു: “എല്ലാ ലഹരിയുണ്ടാക്കുന്നതും ഹറാമാകുന്നു. ഒരു ‘ഫർക്വ്’ (മൂന്ന് സ്വാഅ് ഉൾക്കൊള്ളുന്ന ഒരു അളവ് പാത്രം) ലഹരിയുണ്ടാക്കുന്നത് ഒരു കൈക്കുമ്പിൾ നിറച്ചാണെങ്കിലും ഹറാമാകുന്നു’’ (അബൂദാവൂദ്).

ഇബ്‌നു അബ്ബാസി(റ)ൽനിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ പ്രവാചകൻﷺ പറയുന്നത് ഞാൻ കേട്ടു: ‘മദ്യം നീചവൃത്തികളുടെ മാതാവും വൻപാപവുമാണ്. വല്ലവനും അത് കുടിച്ചാൽ അവന്റെ മാതാവിന്റെയും പിതൃസഹോദരിയുടെയും മാതൃസഹോദരിയുടെയും മേൽ അവൻ വീണെന്നിരിക്കും.’’

അബ്ദുല്ലാഹ് ഇബ്‌നു അംറി(റ)ൽനിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ ദൂതർ പറഞ്ഞു: ‘മദ്യം മേച്ഛവൃത്തികളുടെ മാതാവാകുന്നു. വല്ലവനും അത് കുടിച്ചാൽ അല്ലാഹു നാൽപത് നാളുകളിലെ നമസ്‌കാരം സ്വീകരിക്കുകയില്ല. മദ്യം വയറ്റിലായിരിക്കെ വല്ലവനും മരിച്ചാൽ അവൻ ജാഹിലിയ്യത്തിലെ മരണമാണ് വരിച്ചത്’’ (സുനനുദ്ദാറക്വുത്‌നി, അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചത്).

അബുദ്ദർദാഇ(റ)ൽനിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: “എന്റെ ഇഷ്ടഭാജനം തിരുനബിﷺ എന്നോട് വസ്വിയ്യത്ത് ചെയ്തു: ‘താങ്കൾ മദ്യം കുടിക്കരുത്. കാരണം അത് എല്ലാ തിന്മകളുടെയും താക്കോലാകുന്നു, തീർച്ച’’ (സുനനു ഇബ്‌നുമാജ, അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചത്).

ഇബ്‌നു അബ്ബാസി(റ)ൽനിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ ദൂതർﷺ പറഞ്ഞു: ‘നിങ്ങൾ മദ്യം വെടിയുക. കാരണം അത് എല്ലാ തിന്മകളുടേയും താക്കോലാകുന്നു, തീർച്ച’’ (ഹാകിം, ബൈഹഖി, അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചത്).

ഇസ്‌ലാം വളരെ കൃത്യവും വ്യക്തവുമായ നിലപാട് മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും വിഷയത്തിൽ മാനവകുലത്തിന് പകർന്നു നൽകുന്നുവെന്ന് സാരം. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം സമൂഹത്തിൽ വ്യാപകമായ നാശത്തിന് ഹേതുവായിത്തീരും. വ്യക്തിക്കോ കുടുംബത്തിനോ സമൂഹത്തിനോ രാജ്യത്തിന് തന്നെയുമോ അപകടമുണ്ടാക്കുന്നതും നാശകാരണമായിട്ടുള്ളതുമായ യാതൊന്നിനെയും ഇസ്‌ലാം അനുവദിക്കുന്നില്ല.

അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാൽ നിങ്ങൾ അതൊക്കെ വർജിക്കുക. നിങ്ങൾക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവെ ഓർമിക്കുന്നതിൽ നിന്നും നമസ്‌കാരത്തിൽ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാൽ നിങ്ങൾ (അവയിൽ നിന്ന്) വിരമിക്കുവാനൊരുക്കമുണ്ടോ?’’ (ക്വുർആൻ 5:90,91).

മദ്യവും മയക്കുമരുന്നുകളും വിൽക്കുന്നവരോടും വാങ്ങുന്നവരോടും ഉപയോഗിക്കുന്നവരോടും അതിനു വേണ്ട ഒത്താശ ചെയ്തുകൊടുക്കുന്നവരോടും അതിന്റെ നിലനിൽപിനു വേണ്ടി മുറവിളി കൂട്ടുന്നവരോടും ചോദിക്കട്ടെ, ‘നിങ്ങൾക്ക് വിരമിക്കാറായില്ലേ?’ വ്യക്തികളെയും കുടുംബത്തെയും സമൂഹത്തെയും നശിപ്പിച്ചിട്ട് നിങ്ങൾക്കെന്താണ് നേടാനുള്ളത്? മദ്യപാനിയുടെ നെറികേടിനാൽ കരയേണ്ടിവരുന്ന കുഞ്ഞുമക്കളുടെ കണ്ണീരൊപ്പാൻ നിങ്ങൾക്ക് സാധിക്കുമോ? വീട്ടമ്മമാരുടെ നിലവിളികൾക്ക് മറുപടി പറയാൻ നിങ്ങൾക്കാവുമോ? ശിഥിലമായ കുടുംബങ്ങളെ കൂട്ടി യോജിപ്പിക്കാൻ നിങ്ങൾക്ക് കഴിയുമോ?

അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയിലേക്ക്; നമ്മുടെ മക്കളെ പ്രതീക്ഷക്കൊത്ത് വളർത്താനും ആവശ്യമായ ഉപദേശ നിർദേശങ്ങൾ നൽകാനും നമുക്ക് സാധിക്കണം. തിന്മയിലേക്ക് പോകുന്നവരുടെ കൈക്ക് പിടിക്കാനും ശാസിക്കാനും വേണ്ടിവന്നാൽ ശിക്ഷിക്കാനും നമുക്ക് കഴിയണം. അങ്ങനെയങ്ങനെ, നല്ല തലമുറയെയും നല്ല സമൂഹത്തെയും വാർത്തെടുക്കുന്നതിൽ നമുക്കുള്ള പങ്ക് നാം നിറവേറ്റണം.

എന്റെ കുട്ടി തെറ്റിലേക്കൊന്നും പോകില്ല എന്നത് മൂഢധാരണയാണ്. ചുറ്റുപാടുകൾ അത്ര മലീമസമാണ്. ഇന്റർനെറ്റ് കണക്ഷനും മൊബൈൽ ഫോണും ഒരുപാട് അപകടങ്ങളിലേക്ക് തെറ്റുകളിലേക്ക് മക്കളെ നയിക്കുന്നുവെന്ന തിരിച്ചറിവ് രക്ഷിതാക്കൾക്കു വേണം. രഹരി മാഫിയകളുടെയും ലൈംഗിക വൈകൃതക്കാരുടെയും കൈകളിൽ നമ്മുടെ മക്കൾ വീണുപോകുന്നത് സൂക്ഷിക്കണം.

തെറ്റിലേക്കു വലിച്ചടുപ്പിക്കാൻ ആയിരമായിരം കൈകൾ കാത്തിരിക്കുന്നുണ്ട്. ചെയ്യാൻ സാധിക്കുന്ന മുൻകരുതലുകൾ സ്വീകരിക്കുക. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടിവരില്ല.