സിറിയ: സ്വേച്ഛാധിപത്യത്തിന്റെ അന്ത്യമോ?!
സുഫ്‌യാൻ അബ്‌ദുസ്സലാം
2024 ഡിസംബർ 14, 1446 ജു. ഉഖ്റാ 13

സിറിയൻ ജനത ആഹ്‌ളാദനൃത്തം ചവിട്ടിക്കൊണ്ടിരിക്കുകയാണ്. 1970 മുതൽ അവരെ അടക്കിഭരിച്ചിരുന്ന അസദ് കുടുംബത്തിന്റെ സ്വേച്ഛാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ചതിലുള്ള സന്തോഷത്താൽ അവർ മതി മറക്കുകയാണ്. വിമതപോരാളികളുടെ കൈകളിലാണ് ഇപ്പോൾ സിറിയ. ‘ഹയാത്ത് തഹ്‌രീർ അൽശാം’ എന്ന അസദ് വിരുദ്ധ പോരാളികൾ നവംബർ 27 മുതൽ തുടങ്ങിയ പോരാട്ടം പതിനൊന്ന് ദിവസം പിന്നിടുമ്പോൾ അഞ്ചരപ്പതിറ്റാണ്ടിന്റെ അഹങ്കാരത്തിന് ഇത്ര പെട്ടെന്ന് പതനം സംഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
24 വർഷത്തോളം പ്രസിഡന്റ് പദവിയിലിരുന്ന ബശാർ അൽഅസദ് രാജ്യം വിട്ട് മോസ്‌കോയിൽ അഭയം തേടിയിരിക്കുകയാണ്. സിറിയയിലെ യുദ്ധം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഡിസംബർ 8 നു ഞായറായഴ്ച രാവിലെയാണ് സിറിയയുടെ ഔദ്യോഗിക ടെലിവിഷൻ ചാനലിലൂടെ വിമത നേതാവ് അബൂ മുഹമ്മദ് അൽ ജുലാനി രാജ്യം തങ്ങൾ പിടിച്ചെടുത്തതായി പ്രഖ്യാപിച്ചത്. പതിറ്റാണ്ടുകളായി സിറിയൻ ജയിലുകളിൽ കഴിഞ്ഞിരുന്ന തങ്ങളുടെ സഹോദരങ്ങളെ ജയിൽ മോചിതരാക്കിയതായും അദ്ദേഹം പ്രഖ്യാപിച്ചു. ബശാർ അൽഅസദ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവരോധിച്ചിരുന്ന മുഹമ്മദ് ഗാസി അൽജലാലിയെ പ്രധാനമന്ത്രി സ്ഥാനത്ത് താത്കാലികമായി നിലനിർത്തുന്നതായും അദ്ദേഹം പറഞ്ഞു. സിറിയൻ ജനത തിരഞ്ഞെടുത്ത ഏതു നേതൃത്വവുമായും താൻ സഹകരിക്കുമെന്ന് പ്രധാനമന്ത്രി അൽജലാലി നിലപാട് വെളിപ്പെടുത്തുകയും ചെയ്തു.
ജുലാനിയുടെയും ജലാലിയുടെയും നേതൃത്വത്തിൽ വരാനിരിക്കുന്ന ഭരണകൂടത്തിന്റെ സ്വഭാവവും അവസ്ഥയും നിലനില്പുമെല്ലാം എങ്ങനെയായിരിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് സിറിയയുടെ രാഷ്ട്രീയ ഭാവി എന്നതിൽ സംശയമില്ല. ബശാർ അൽഅസദിന്റെ പതനവും ഇസ്രാഈലിന്റെ പ്രശ്‌നത്തോടുള്ള നിലപാടും ഇറാന്റെയും റഷ്യയുടെയും ഭാവി തീരുമാനങ്ങളുമെല്ലാം സിറിയയിലെ പുതിയ രാഷ്ട്രീയ അധികാര കേന്ദ്രത്തിന്റെ ഭാവി തീരുമാനിക്കുന്ന സുപ്രധാന ഘടകങ്ങളാണ്.
സിറിയൻ ജനത
അറബികൾ, കുർദുകൾ, തുർക്‌മെൻ, അർമേനിയൻ തുടങ്ങിയ വംശങ്ങളാണ് പ്രധാനമായും സിറിയയിൽ ജീവിക്കുന്നത്. 90 ശതമാനത്തോളം അറബികളും അവശേഷിക്കുന്നവർ കുർദുകളും മറ്റുള്ളവരുമാണ്. സിറിയൻ ജനതയെ മതപരമായി വർഗീകരിച്ചാൽ ലഭിക്കുന്ന കണക്ക് ഇപ്രകാരമാണ്. മുസ്‌ലിംകൾ (87%), ക്രിസ്ത്യാനികൾ (10%), യഹൂദരടക്കമുള്ള മറ്റുള്ളവർ (3%). മുസ്‌ലിംകളിൽ 74% സുന്നികളും 13% ശിയാക്കളുമാണ്. സുന്നികളിൽ അധികവും ഹനഫി, ശാഫിഈ മദ്ഹബുകാരും നക്ശബന്ധി, ഖാദിരി, ശാദിലി ത്വരീഖത്തു കാരുമാണ്. അലവി, ഇസ്മാഈലി, ഇസ്‌നാ അശരി വിഭാഗങ്ങളാണ് ശിയാക്കളിലധികവും. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് ബശാർ അൽഅസദിന്റെ കുടുംബവും ശിയാവിഭാഗത്തിലെ അലവികളിൽ പെട്ടവരാണ്.
ഇസ്‌ലാം സിറിയയിൽ
നേരത്തെ ഈസ്റ്റേൺ ഓർത്തഡോക്‌സ് വിഭാഗത്തിന് ഭൂരിപക്ഷമുണ്ടായിരുന്ന സിറിയയിൽ അബൂബക്കർ(റ)വിന്റെ കാലത്താണ് ഖാലിദ് ബിനു വലീദ്(റ)വിന്റെ നേതൃത്വത്തിൽ ഇസ്‌ലാം സ്വാധീനമുറപ്പിക്കുന്നത്. ജോർദാൻ, ഫലസ്തീൻ, ലെബനോൻ, സിറിയ എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന അന്നത്തെ പ്രദേശം അറിയപ്പെട്ടിരുന്നത് ശാം എന്നായിരുന്നു. ശാമിന്റെ ശ്രേഷ്ഠതകൾ വിവരിക്കുന്ന ഒട്ടനവധി പ്രവാചകവചനങ്ങൾ സ്വീകാര്യമായ വിധത്തിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഉമവിയ്യ കാലഘട്ടത്തിലാണ് ഭരണസൗകര്യാർഥം ശാമിനെ ഫലസ്തീൻ, ഹുമുസ്, ജോർദാൻ എന്നിങ്ങനെ വിഭജിച്ചത്. ഹുമുസ് ആണ് ഇന്നത്തെ സിറിയ. ഉമവിയ്യക്ക് ശേഷം അബ്ബാസിയാക്കളും തുടർന്ന് വിവിധ വിഭാഗങ്ങളും സിറിയയെ ഭരിച്ചു. 1516 മുതൽ സിറിയ ഉസ്മാനിയ ഖിലാഫത്തിന് കീഴിലായി.
ഉസ്മാനിയ ഖിലാഫത്തിന്റെ തകർച്ചയും സിറിയയും
1916ൽ ഒന്നാം ലോകമഹായുദ്ധ സമയത്ത് ഫ്രഞ്ച്, ബ്രിട്ടീഷ് നയതന്ത്രജ്ഞർ സൈക്‌സ്-പിക്കോ ഉടമ്പടിയുടെ ഭാഗമായി ഓട്ടോമൻ സാമ്രാജ്യത്തെ സോണുകളായി വിഭജിക്കാൻ രഹസ്യ തീരുമാനമെടുത്തു. ഉടമ്പടി പ്രകാരം ഉസ്മാനിയ ഖിലാഫത്തിന്റെ കീഴിലുള്ള മിക്ക അറബ് രാജ്യങ്ങളും യുദ്ധാനന്തരം ബ്രിട്ടീഷ്-ഫ്രഞ്ച് സ്വാധീന മേഖലകളായി മാറി. 1918ൽ ബ്രിട്ടീഷുകാരും അറബ് സൈന്യവും ദമാസ്‌കസും അലപ്പോയും പിടിച്ചെടുത്തു, 1920ൽ ഫ്രഞ്ചുകാർ ആധുനിക സിറിയയുടെയും ലെബനോന്റെയും നിയന്ത്രണം ഏറ്റെടുത്തു. അതോടെ ഏകദേശം നാല് നൂറ്റാണ്ടുകാലത്തെ ഉസ്മാനിയ ഖിലാഫത്തിന് അന്ത്യം കുറിച്ചു.
ഒരു സ്വതന്ത്ര സിറിയ
ഫ്രഞ്ച് ഭരണം സിറിയയിലെ ജനങ്ങൾക്കിടയിൽ സംഘർഷങ്ങൾക്കും കലാപങ്ങൾക്കും കാരണമായി. 1925 മുതൽ 1927 വരെ, സിറിയക്കാർ ഫ്രഞ്ച് അധിനിവേശത്തിനെതിരെ ഒന്നിച്ചു പോരാടി. മഹത്തായ സിറിയൻ പോരാട്ടം (Great Syrian Revolt) എന്ന പേരിൽ ചരിത്രത്തിൽ ഇടംപിടിച്ച പോരാട്ടമായിരുന്നു അത്. 1936ൽ ഫ്രാൻസും സിറിയയും തമ്മിൽ സിറിയയുടെ സ്വാതന്ത്ര്യത്തെ കുറിച്ച് ചർച്ച നടത്തുകയും സിറിയക്ക് സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തു. എന്നാൽ സൈനികവും സാമ്പത്തികവുമായ അധികാരങ്ങൾ ഫ്രാൻസ് നിലനിർത്തുകയാണുണ്ടായത്. രണ്ടാം ലോകയുദ്ധം അവസാനിച്ചതോടെ 1946ൽ മാത്രമാണ് സിറിയ ഔദ്യോഗികമായി ഒരു സ്വതന്ത്ര രാഷ്ട്രമായത്.
സ്വാതന്ത്ര്യാനന്തര സിറിയയും പ്രശ്‌നങ്ങളും
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള സിറിയ ഒട്ടനവധി അട്ടിമറികൾക്കും അസ്ഥിരതകൾക്കും സാക്ഷിയായി. ഭൂമിശാസ്ത്രപരമായ കൂട്ടിച്ചേർക്കലുകൾക്കും വേർപ്പെടുത്തലുകൾക്കും അത് വിധേയമായി. 1958ൽ ഈജിപ്തിനോപ്പം ചേർന്നുകൊണ്ട് യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക് (യുഎആർ) എന്ന പേരിൽ അറിയപ്പെട്ടു. എന്നാൽ അത് പലതരത്തിലുള്ള കലാപങ്ങൾക്കും അട്ടിമറികൾക്കും കാരണമായി. 1961ൽ ഈജിപ്തിൽ നിന്നും വേർപെട്ടു. വീണ്ടും സ്വതന്ത്ര സിറിയയായി.
ബഅസ് പാർട്ടിയുടെ സ്വാധീനം
1963ൽ ബാത്ത് പാർട്ടി എന്ന് വിളിക്കപ്പെടുന്ന ബഅസ് പാർട്ടി ഒരു അട്ടിമറിയിലൂടെ സിറിയയുടെ അധികാരം പിടിച്ചെടുത്തു. ‘ബാത്ത് വിപ്ലവം’ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഒരു കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പാർട്ടിയാണ് ബഅസ് പാർട്ടി. 1940 കളുടെ അവസാനം മുതലാണ് മധ്യ പൗരസ്ത്യ പ്രദേശത്ത് ഈ പാർട്ടി വലിയ സ്വാധീനം നേടിത്തുടങ്ങിയത്. അറബ് സോഷ്യലിസ്റ്റ് ബഅസ് പാർട്ടി അഥവാ ‘ഹിസ്ബുൽ ബഅസ് അൽഅറബി അൽഇഷ്തിറാക്കി’ എന്നാണ് മുഴുവൻ പേര്. അതിന്റെ സ്ഥാപകരായ മൈക്കൽ അഫ്‌ലാഖ് ഒരു ഓർത്തഡോക്ൾസ് ക്രിസ്ത്യാനിയും സ്വലാഹുദ്ദീൻ അൽബൈത്താർ ഒരു സുന്നി മുസ്‌ലിമും ആയിരുന്നു. ഇറാഖ്, യെമൻ, ജോർദാൻ എന്നീ രാജ്യങ്ങളിൽ നേരത്തെ സ്വാധീനമുറപ്പിച്ച പാർട്ടി 1963 ലാണ് സിറിയയിൽ മേധാവിത്തം പുലർത്തിയത്.
ഹാഫിസ് അൽ അസദിന്റെ കാലം
1971ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് വരേണ്ടിയിരുന്ന ബഅസ് പാർട്ടിയുടെ നേതാവായ സ്വലാഹ് ജദീദിനെ അട്ടിമറിച്ചുകൊണ്ടാണ് ഹാഫിസ് അൽഅസദിന്റെ അരങ്ങേറ്റം. സിറിയയുടെ ആധുനിക ചരിത്രത്തിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്നതും ഏറ്റവും കൂടുതൽ കാലം പ്രസിഡന്റ് സ്ഥാനം വഹിക്കുകയും ചെയ്ത വ്യക്തിയാണ് ഹാഫിസ്. അതിന് മുമ്പുള്ള പ്രസിഡന്റുമാർ ആരും തന്നെ രണ്ടോ മൂന്നോ വർഷത്തിൽ കൂടുതൽ അധികാരത്തിലിരുന്നിട്ടില്ല. 29 വർഷം തുടർച്ചയായി അധികാരത്തിലിരിക്കുകയും അധികാരം നിലനിർത്താൻ എന്തും ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്കുണ്ടാകുന്ന സകല ദൂഷ്യങ്ങളും പ്രശ്‌നങ്ങളും ഹാഫിസ് അൽഅസദിലും ഉണ്ടായിരുന്നു.
ശിയാ വിഭാഗത്തിലെ അലവികളിൽ പെട്ട അസദിന് അറബ് മിഡിൽ ഈസ്റ്റ് ഭാഗങ്ങളിലെ വിവിധ ശിയാ ഗ്രൂപ്പുകളുടെയും ഇറാന്റെയും ഇറാന്റെ സഖ്യരാഷ്ട്രമായ റഷ്യയുടെയും പിന്തുണ യഥേഷ്ടം ലഭിച്ചിരുന്നു. ഈ അവസരം റഷ്യയുടെ സഹായത്താൽ സിറിയയുടെ സൈനികശക്തി വർധിപ്പിക്കാൻ അദ്ദേഹം ഉപയോഗപ്പെടുത്തി. അസദിന്റെ നീക്കങ്ങൾ പലതും സുന്നീ ഭൂരിപക്ഷമുള്ള ഗൾഫ് രാജ്യങ്ങളെയും അറബ് ഇസ്‌ലാമിക രാജ്യങ്ങളെയും ആശങ്കപ്പെടുത്തിയിരുന്നു.
ബ്രദർഹുഡിന്റെ രംഗപ്രവേശം
ഒരു ബാത്തിസ്റ്റ് സോഷ്യലിസ്റ്റ് സർക്കാറായ അസദ് സർക്കാരിനെതിരെ 1976 മുതൽ മുസ്‌ലിം ബ്രദർഹുഡും മറ്റു ചില ഇസ്‌ലാമിക സംഘടനകളും ശക്തമായ പ്രചാരണം നടത്തി വന്നിരുന്നു. അതിനെത്തുടർന്ന് 1982ൽ ബ്രദർഹുഡ് സിറിയയിലെ ഹമ പട്ടണം താവളമാക്കി. 27 ദിവസത്തെ സൈനികനടപടിയിലൂടെ സിറിയൻ സൈന്യവും ശിയാ അലവി മിലീഷ്യയും ചേർന്ന് ബ്രദർഹുഡ് താവളത്തിന് മേൽ ബോംബ് വർഷിക്കുകയും ആയിരക്കണക്കിന് ബ്രദർഹുഡുകാർ കൊല
ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ സംഭവം സിറിയൻ ജനതക്കിടയിൽ ബ്രദർഹുഡിനോട് ഒരു അനുഭാവം സൃഷ്ടിക്കുകയും സിറിയയിൽ ഒരു ‘ഇസ്‌ലാമിക്’ മുന്നേറ്റത്തിന് കാരണമാവുകയും ചെയ്തു. അത് ഒട്ടനവധി സംഘർഷങ്ങൾക്കും കലാപങ്ങൾക്കും കാരണമാവുകയും ചെയ്തു.
ഹാഫിസ് അൽഅസദ് സിറിയയിലെ ഭൂരിപക്ഷം വരുന്ന സുന്നികളുടെ താല്പര്യങ്ങളെ ലംഘിച്ചുകൊണ്ട് അന്തർദേശീയ തലത്തിൽ ശിയാ വിഭാഗങ്ങളുടെ പിന്തുണ നേടിയത് സ്വാഭാവികമായും അയൽരാജ്യങ്ങളിലെ സുന്നി ഭരണാധികാരികളുടെ അനിഷ്ടത്തിന് കാരണമായിരുന്നു. ഇതിനെ മറികടക്കാൻ അസദ് ഇസ്രാഈലുമായി ബന്ധം സ്ഥാപിക്കുകയും അതോടൊപ്പം അറബ് മുസ്‌ലിം ഭരണാധികാരികളോട് കൊമ്പുകോർത്തിരുന്ന സദ്ദാം ഹുസൈനുമായി നല്ല സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. സിറിയയിലെ വിവിധ നഗരങ്ങൾ പൗരാണിക ഇസ്‌ലാമിക അടയാളങ്ങളുടെ കേന്ദ്രങ്ങളായിരുന്നു. അതിൽ മഹാഭൂരിഭാഗവും സുന്നി വിഭാഗങ്ങളുടെതുമായിരുന്നു. ഇതൊന്നും വകവെക്കാതെ കേവലം ഒരു ശിയാ ന്യൂനപക്ഷത്തിന്റെ വക്താവായും ഭൂരിപക്ഷ സുന്നികൾക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന വ്യക്തിയായും അസദ് മാറി.
ബശാർ അൽ അസദ് അധികാരത്തിലേക്ക്
2000 ജൂൺ 10 ന് ഹാഫിസ് അൽ അസദ് മരണപ്പെട്ടപ്പോൾ അസദിന്റെ മൂത്ത മകൻ ബാസിലിനെയായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ടിരുന്നത്. എന്നാൽ ബാസിൽ 1994 ൽ ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടിരുന്നതിനാൽ ബ്രിട്ടനിൽ ഒരു ദന്ത ഡോക്ടറായി പ്രവർത്തിക്കുകയായിരുന്ന 34 കാരനായ രണ്ടാമത്തെ മകൻ ബശാറിനെ കൊണ്ടുവരികയായിരുന്നു. സിറിയൻ ഭരണഘടന പ്രകാരം 40 തികഞ്ഞ ഒരാൾക്കേ പ്രസിഡന്റാവാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ ബശാറിന് വേണ്ടി ഭരണഘടന തിരുത്തുകയായിരുന്നു.
ചെറുപ്പക്കാരനായ ബശാർ അധികാരത്തിൽ വന്നപ്പോൾ സിറിയൻ ജനത പലതും പ്രതീക്ഷിച്ചു. പിതാവിന്റെ പാതയിൽ നിന്നും വ്യത്യസ്തനായി എല്ലാ വിഭാഗങ്ങളോടും നല്ല ബന്ധം പുലർത്തുമെന്നും രാഷ്ട്രീയ എതിരാളികളോട് മാന്യതയും നീതിയും പുലർത്തുമെന്നും പലരും കരുതി. നവീകരണ വാദങ്ങളോട് സഹിഷ്ണുത പുലർത്തുമെന്നും ആശിച്ചു. എന്നാൽ അതൊന്നും ഉണ്ടായില്ല. അധികാരമേറ്റ് ഒരു വർഷത്തിനുള്ളിൽ തന്നെ ഭീഷണിയും അടിച്ചമർത്തലുകളും ബശാറും തുടർന്നു.
തിന്മയുടെ അച്ചുതണ്ട് (Axis of devil)
ബശാർ അൽഅസദ് പൂർവാധികം ശക്തിയോടെ അടിച്ചമർത്തൽ നയം തുടർന്നതോടെ സിറിയൻ രാഷ്ട്രീയത്തിൽ അമേരിക്കയും ഇടപെട്ടുതുടങ്ങി. ധാരാളം നശീകരണ ആയുധങ്ങൾ സിറിയ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും സിറിയ ‘തിന്മയുടെ അച്ചുതണ്ടാ’ണെന്നും അമേരിക്ക ആരോപിച്ചു. 2005 ലെ, ലെബനൻ പ്രധാനമന്ത്രിയായിരുന്ന റഫീഖ് ഹരീരിയുടെ കൊലപാതകത്തിൽ ബശാർ അൽഅസദിന് പങ്കുണ്ടെന്നും ആരോപണമുയർന്നു. ഹിസ്ബുല്ല അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകൾക്ക് സിറിയ സഹായം ചെയ്യുന്നു എന്ന് ആരോപിച്ചുകൊണ്ട് അമേരിക്ക സിറിയക്കെതിരെ 2010 ൽ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു.
അറബ് വസന്തം എന്ന് വിളിക്കപ്പെട്ടിരുന്ന, 2011ലെ ഈജിപ്തിലും ട്യുണീഷ്യയിലും ആരംഭിച്ച പ്രക്ഷോഭങ്ങൾ സിറിയയിലേക്കും വ്യാപിച്ചു. അറബ് വസന്ത ചുമർ പ്രചാരകരായ കുട്ടികളെയും കൗമാരക്കാരെയും ബശാർ ജയിലിലടക്കുകയും പീഡിപ്പിക്കുകയും ചെയ്തു. നൂറുകണക്കിന് പ്രതിഷേധക്കാരെയും കുടുംബാംഗങ്ങളെയും ബശാർ പോലീസ് അറസ്റ്റ് ചെയ്യുകയും കൊല്ലുകയും ചെയ്തു.
രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വം അപകടത്തിലായി. സമ്പദ്‌വ്യവസ്ഥയിൽ ഗണ്യമായ മാന്ദ്യമുണ്ടായി. അതോടൊപ്പം പൗരന്മാരുടെ സ്വാതന്ത്ര്യം കൂടി ഹനിക്കപ്പെടുകയും സുന്നി-ശിയാ വേർതിരിവുകൾ സൃഷ്ടിച്ച പിരിമുറുക്കങ്ങൾ വർധിക്കുകയും ചെയ്തതോടെ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധവും നിരാശയും പ്രകടമായി. ആഭ്യന്തര സംഘർഷങ്ങൾക്ക് അത് ആക്കം കൂട്ടി. പലായനങ്ങൾ വർധിക്കുകയും ചെയ്തു. സിറിയയുടെ വിവിധ ഭാഗങ്ങളിൽ നടന്നുവന്ന പോരാട്ടങ്ങൾക്ക് ‘വിമതപോരാട്ടം’ എന്ന പേരുവന്നു. എന്നാൽ അത് ഒറ്റക്കെട്ടായുള്ള ആഭ്യന്തരയുദ്ധമായി പരിണമിക്കുന്നു എന്ന് മനസ്സിലാക്കാനുള്ള വിവേകം ബശാറിനുണ്ടായില്ല.
സിറിയൻ ആഭ്യന്തരയുദ്ധം
2011 ജൂലൈ മാസത്തിൽ ‘വിമതപോരാളികൾ’ സ്വതന്ത്ര സിറിയൻ ആർമി (FSA) രൂപീകരിച്ചു, ആഭ്യന്തരയുദ്ധം കനത്തു. യുദ്ധങ്ങളിൽ മൂന്നര ലക്ഷത്തോളം ആളുകളെങ്കിലും കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടാവുമെന്നാണ് സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് പറയുന്നത്. 2013ൽ രാസായുധ ആക്രമണത്തിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. അലപ്പോ പട്ടണം ഇതിനകം വിമതപോരാളികൾ പിടിച്ചടക്കിയിരുന്നു.
ഈ ഘട്ടത്തിലാണ് ഐ.എസ്.ഐ.എസ് എന്ന ഭീകരസംഘടന സിറിയൻ യുദ്ധത്തിൽ ഭാഗവാക്കാവുന്നത്. ബശാറിനെതിരെ അവർ നിലയുറപ്പിച്ചത് ഐസിസിനെതിരെ യുദ്ധം പ്രഖ്യാപിച്ച സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾക്ക് തലവേദനായി. ഐസിസ് 2014ൽ സിറിയയിലെ ചില പ്രദേശങ്ങൾ പിടിച്ചെടുത്തു. എന്നാൽ യുഎസിന്റെ നേതൃത്വത്തിലുള്ള സൈനികവ്യൂഹം ഐസിസ് കേന്ദ്രങ്ങളെ ബോംബെറിഞ്ഞു തുരത്തി. അതേസമയം അമേരിക്ക ബശാറിനെതിരെ ശക്തമായ നീക്കമൊന്നും നടത്തിയിരുന്നുമില്ല. ഇറാനും റഷ്യയും ബശാറിന് പരസ്യ പിന്തുണയുമായി രംഗത്ത് വരികയും ചെയ്തു. അവർ സിറിയൻ സർക്കാറിന്റെ സഖ്യകക്ഷികളായി മാറി.
2015ൽ റഷ്യ സിറിയയിലെ വിമതകേന്ദ്രങ്ങളിൽ വ്യോമാക്രമണം തുടങ്ങി. 2016ൽ അവർ അലപ്പോയെ വിമതരിൽനിന്ന് മോചിപ്പിച്ചു. സിവിലിയന്മാർക്ക് നേരെ രാസായുധ ആക്രമണം നടത്തിയെന്ന് ആരോപിച്ച് 2017 ഏപ്രിൽ 7ന് അസദിന്റെ സേനയ്ക്കെതിരെ അമേരിക്ക ആദ്യത്തെ നേരിട്ടുള്ള സൈനിക നടപടി ആരംഭിച്ചു. 2016 മുതൽ ഐസിസ് ദുർബലമായി.
സിറിയൻ അഭയാർത്ഥികൾ
സിറിയൻ ആഭ്യന്തരയുദ്ധം ആരംഭിച്ചത് മുതൽ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ പകുതിയോളം പലായനം ചെയ്തു എന്നാണ് വിവിധ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. 11 ദശലക്ഷത്തിലധികം സിറിയക്കാർ 2017 ഏപ്രിൽ വരെ പലായനം ചെയ്തിട്ടുണ്ട് എന്നാണ് കണക്ക്. അധികവും തുർക്കി, ലെബനൻ, ജോർദാൻ, ഈജിപ്ത്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പോയത്. മറ്റുചിലർ സിറിയയിലെ തന്നെ പ്രദേശങ്ങളിലേക്ക് മാറിത്താമസിച്ചു. യൂറോപ്പിലേക്കും അമേരിക്കയിലേക്കും താമസം മാറിയവരുമുണ്ട്.
നവംബറിലെ മുന്നേറ്റം
ലോകം അത്രയൊന്നും കാതോർക്കാതെ നിൽക്കുന്ന സന്ദർഭത്തിലാണ് സിറിയൻ നാഷണൽ ആർമിയിലെ സഖ്യകക്ഷികളുടെ സഹായത്തോടെ തഹ്‌രീർ അൽശാം സിറിയയുടെ വടക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ പോരാട്ടം കുറിച്ചത്. കഴിഞ്ഞ നവംബർ 27ന് അവർ പോരാട്ടം തുടങ്ങുമ്പോൾ ഇത്തരത്തിലുള്ള ഒരു ഫലം അതിനുണ്ടാവുമെന്ന് ആരും നിനച്ചതല്ല. എന്നാൽ അത്തരത്തിലുള്ള ഒരു ഫലത്തിന് വേണ്ടിയാണ് സിറിയൻ ജനതയും ലോകത്തെ ജനാധിപത്യ സമൂഹങ്ങളും ആഗ്രഹിച്ചിരുന്നത്.
അസദ് വിരുദ്ധ പോരാട്ട കക്ഷികൾ
വിവിധ രാജ്യങ്ങളും ഗ്രൂപ്പുകളും പരസ്പരം സഹകരിച്ചാണ് അസദ് വിരുദ്ധ പോരാട്ടത്തെ ലക്ഷ്യത്തിലെത്തിച്ചത്. ഫ്രീ സിറിയൻ ആർമി, സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ്, ഹയാത്ത് തഹ്‌രീർ അൽശാം എന്നീ സംഘങ്ങളാണ് പ്രധാനമായും അസദ് സർക്കാറുമായി ഏറ്റുമുട്ടിയിരുന്നത്. അമേരിക്ക, ഫ്രാൻസ്, യുകെ, ജർമനി, സൗദി അറേബ്യ, ഖത്തർ, തുർക്കി, ലിബിയ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയും അവർക്ക് ലഭിച്ചു.
ഫ്രീ സിറിയൻ ആർമി
2011ൽ അസദിന്റെ സൈനികമേധാവികളിൽ പ്രധാനപ്പെട്ട ആറു പേരാണ് ഫ്രീ സിറിയൻ ആർമി രൂപീകരിച്ചത്. ജനാധിപത്യം, സിറിയൻ ദേശീയത, മതേതര ദേശീയത, മത ദേശീയത, സുന്നി ഇസ്‌ലാം തുടങ്ങിയ ആശയങ്ങളെയെല്ലാം ഉൾക്കൊള്ളുന്ന ഒരു ‘ബിഗ് ടെന്റ് ’ ആയിട്ടാണ് ഫ്രീ സിറിയൻ ആർമി അറിയപ്പെടുന്നത്.
സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ്
സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് കുർദുകളുടെ സംഘടനയാണ്. അമേരിക്കയുടെ പിന്തുണയോടെ 2015ലാണ് അത് രൂപം കൊണ്ടത്. മതേതര ജനാധിപത്യ ആശയങ്ങളാണ് അംഗീകരിച്ചതെങ്കിലും കുർദിഷ് താല്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. അസദ് സർക്കാരിന് എതിരായിരുന്നെങ്കിലും ഫ്രീ സിറിയൻ ആർമിയെയും ഇതര അസദ് വിരുദ്ധ പാർട്ടികൾക്കും അവർ എതിരായിരുന്നു.
ഹയാത്ത് തഹ്‌രീർ അൽശാം
ഹയാത്ത് തഹ്‌രീർ അൽശാം അഥവാ എച്ച്.ടി.എസ് ആണ് ഇപ്പോൾ അസദിനെ സ്ഥാനഭ്രഷ്ടനാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്. ഫ്രീ സിറിയൻ ഫോഴ്സുമായി സഹകരിച്ചുകൊണ്ടാണ് അവർ പ്രവർത്തിച്ചിരുന്നത്. 2017ലാണ് ഇത് പിറന്നതെങ്കിലും പഴയ അൽക്വാഇദയുടെ സഖ്യകക്ഷിയായിരുന്ന അൽനുസ്റയുടെ പുതിയ രൂപമാണ് ഹയാത്ത്.
എച്ച്.ടി.എസിന്റെ നേതാവ് അബൂ മുഹമ്മദ് അൽ ജൂലാനി എന്ന പേരിലറിയപ്പെടുന്ന അഹ്‌മദ് ഹുസൈൻ അൽശറആണ്. ഇദ്ദേഹത്തിന്റെ പഴയകാല ചരിത്രം തീവ്രവാദവുമായി ബന്ധപ്പെട്ടതാണ്. ഐസിസിന്റെയും അൽ ക്വാഇദയുടെയുമെല്ലാം പഴയകാല പ്രവർത്തകനായിരുന്നു ജൂലാനി. അൽ ക്വാഇദയുടെ സിറിയൻ ശാഖ സ്ഥാപിക്കുന്നതിന് വേണ്ടി സിറിയയിൽ എത്തിയതായിരുന്നു ജൂലാനി. ജബഹത്ത് അൽനുസ്റ പ്രസ്തുത ലക്ഷ്യത്തിലാണ് 2011 ൽ ജൂലാനി സ്ഥാപിച്ചിരുന്നത്. അമേരിക്ക നുസ്രയെ അപ്പോൾ തന്നെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ജൂലാനിയെ ഭീകരവാദിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം അൽനുസ്റയെ ഐസിസിൽ ലയിപ്പിക്കാനുള്ള അബൂബക്കർ അൽബാഗ്ദാദിയുടെ ആവശ്യം ജൂലാനി അംഗീകരിക്കാതെ വന്നതോടെ അവരുമായി തെറ്റിപ്പിരിയേണ്ടി വന്നു.
ഈ സമയങ്ങളിൽ ജൂലാനി നൽകിയ ചില ടെലിവിഷൻ അഭിമുഖങ്ങളിൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങളെ ആക്രമിക്കുക തങ്ങളുടെ ലക്ഷ്യമല്ലെന്നും അസദിനെതിരെ പോരാടി സിറിയൻ ജനതയെ മോചിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിറിയ പിടിച്ചടക്കിയാൽ അവിടെയുള്ള ശിയാ ന്യൂനപക്ഷങ്ങളോട് ഏറ്റവും നല്ല രീതിയിൽ മാത്രമെ തങ്ങൾ ഇടപെടുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
2016ൽ സംഘടനയുടെ പേര് ജബഹത്ത് ഫതഹ് അൽശാം എന്നാക്കുകയും 2017 ജനുവരിയിൽ ഹയാത്ത് തഹ്‌രീർ അൽശാം (എച്ച്ടിഎസ്) എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ഐസിസിനെയും അൽ ക്വാഇദയെയും സിറിയയുടെ പല ഭാഗങ്ങളിൽനിന്നും തുരത്താൻ ജൂലാനിയുടെ സംഘടനക്ക് സാധിച്ചു എന്നതാണ് അവർ നേടിയ വലിയ വിജയം. ജൂലാനി നേരത്തെ സ്വാധീനമുറപ്പിച്ചിരുന്ന ഇദ്‌ലിബിൽ വലിയ വികസനം കൊണ്ടുവരികയും അതിന്റെ നിരവധി വീഡിയോകൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു. അതോടെ ജൂലാനി ജനങ്ങൾക്കിടയിൽ പോപ്പുലർ ആയി മാറുകയും ചെയ്തു. ‘വൈവിധ്യമാണ് ശക്തി’ എന്ന് പ്രഖ്യാപിച്ച അദ്ദേഹം ക്രിസ്ത്യാനികളടക്കമുള്ള ഇതര മതസ്ഥരുടെ മതസ്വാതന്ത്ര്യം അംഗീകരിക്കുകയും ചെയ്തിരുന്നു. ഐസിസിൽ നിന്നും ഒരുപാട് കാതം അകലയെയാണ് താൻ എന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ അദ്ദേഹം നടത്തിവന്നു.
വിമതരും സിറിയയുടെ ഭാവിയും
കഴിഞ്ഞ പതിമൂന്ന് വർഷക്കാലത്തെ സിവിലിയൻ ആഭ്യന്തര യുദ്ധം പ്രത്യാശയോടൊപ്പം ആശങ്കകളും പങ്കുവെക്കുന്നുണ്ട്. അസദിനെ സ്ഥാനഭ്രഷ്ടനാക്കാൻ സാധിച്ചു എന്നത് ജൂലാനിയുടെയും അദ്ദേഹത്തെ സഹായിച്ചവരുടെയും ശക്തിയെ ബോധ്യപ്പെടുത്തുന്നുവെങ്കിലും സിറിയൻ പോരാട്ട സംഘങ്ങൾക്കിടയിൽ നിലനിൽക്കുന്ന വൈരുധ്യങ്ങളും വൈവിധ്യങ്ങളും സിറിയയുടെ ഭാവിയെ കുറിച്ച് ചോദ്യചിഹ്നം സമ്മാനിക്കുന്നുണ്ട്.
സിറിയൻ ആഭ്യന്തര യുദ്ധങ്ങളിൽ പങ്കുകൊണ്ടിരുന്ന കക്ഷികളെ നാലായി തരംതിരിച്ചാൽ നാലും പരസ്പരം യുദ്ധത്തിലായിരുന്നു എന്നും നമുക്ക് കാണാം. അസദ് സർക്കാർ, വിമത സംഘങ്ങൾ, കുർദുകൾ, തീവ്ര സംഘങ്ങൾ എന്നീ നാല് വിഭാഗങ്ങളിൽ നാലും പരസ്പരം സംഘട്ടനത്തിലായിരുന്നു. ഇത് അസദാനന്തര സിറിയയുടെ ഏകോപനത്തെ ഏറെ സ്വാധീനിക്കുന്ന ഘടകമാണ്.
ഫ്രീ സിറിയൻ ആർമിയും കുർദുകളും തമ്മിൽ അകൽച്ചയിലാണ്. അസദിനെതിരെ ഫ്രീ സിറിയൻ ആർമിയെയും ജൂലാനിയെയും സഹായിച്ചിരുന്ന തുർക്കി കുർദുകളുമായി സംഘട്ടനത്തിലാണ്. നേരത്തെ ഐസിസുമായി ബന്ധം പുലർത്തിയിരുന്ന തീവ്രസംഘങ്ങളിൽ പലതിനും ഇപ്പോൾ ബന്ധം ജൂലാനിയുമായിട്ടാണ്. അവർക്കിടയിൽ എപ്പോഴാണ് സംഘർഷം ഉണ്ടാവുക എന്നതും ഒരു വലിയ ചോദ്യമാണ്.
ഇസ്രാഈൽ ആവട്ടെ അസദിന് എതിരാണ്. ഇറാനും ഹിസ്ബുല്ലയും അസദിനെ പിന്തുണക്കുന്നു എന്നതാണ് ഇസ്രാഈലിന്റെ അസദ് വിരോധത്തിന്റെ കാരണം. ജൂലാനിയുടെ നേതൃത്വത്തിൽ ഉണ്ടായേക്കാവുന്ന പുതിയ സർക്കാറിനെ പിന്തുണക്കാൻ ഇസ്രാഈലിന് സാധിക്കുമോ എന്ന കാര്യവും കണ്ടറിയേണ്ട ഒന്നാണ്.
വളരെ സങ്കീർണമായ ഒരു സാഹചര്യത്തിലാണ് സിറിയ ഇപ്പോഴും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ ആനന്ദനൃത്തങ്ങൾ എത്ര നേരം ചവിട്ടാൻ സിറിയൻ ജനതക്ക് സാധിക്കുമെന്നതാണ് ലോകം ഉറ്റുനോക്കുന്നത്.

