‘പടച്ചോൻ പാട്ട്’ ഉത്തരവാദിത്തം സമസ്തകൾക്കു തന്നെ!

മൂസ സ്വലാഹി കാര

2024 ആഗസ്റ്റ് 31, 1446 സ്വഫർ 27

വിശ്വാസരംഗത്ത് അധഃപതിച്ചാൽ എത്ര വലിയ പാതാളക്കുഴിയിലേക്കാണ് ആപതിക്കുക എന്നതിന്റെ നേർസാക്ഷ്യമാണ് ഇപ്പോൾ കേരളത്തിൽ മുഴങ്ങിക്കേൾക്കുന്ന ‘പടച്ചോൻ പാട്ട്.’ മതക്കച്ചവടത്തിന്റെ പേരിൽ അണികൾ നടത്തുന്ന എന്ത് വിവരക്കേടിനും താളംപിടിക്കുന്ന പുരോഹിതന്മാരുടെ ബധിരകർണങ്ങളെ അലോസരപ്പെടുത്താൻ ഇനി എന്ത് നിഷിദ്ധങ്ങളെല്ലാമാണാവോ ആലപിക്കേണ്ടത്?

ഇസ്‌ലാമിനോട് ആത്മാർഥതയും കൂറുമുള്ളവർക്ക് മാത്രമെ അതിന്റെ യഥാർഥ വക്താക്കളും പ്രചാരകരുമാകാൻ കഴിയൂ. വിശ്വാസ വിശുദ്ധിയും ആദർശ വൃത്തിയും കാത്തുസൂക്ഷിക്കുന്നവർ അല്ലാഹുവിനെ അടുത്തറിഞ്ഞ് ജീവിക്കുന്നതിൽ ഒരിക്കലും അമാന്തിക്കുകയില്ല. അല്ലാഹു പറയുന്നു: “അല്ലാഹുവെപ്പറ്റി പറയപ്പെട്ടാൽ ഹൃദയങ്ങൾ പേടിച്ച് നടുങ്ങുകയും, അവന്റെ ദൃഷ്ടാന്തങ്ങൾ വായിച്ചുകേൾപിക്കപ്പെട്ടാൽ വിശ്വാസം വർധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേൽ ഭരമേൽപിക്കുകയും ചെയ്യുന്നവർ മാത്രമാണ് സത്യവിശ്വാസികൾ. നമസ്‌കാരം മുറപോലെ നിർവഹിക്കുകയും നാം നൽകിയിട്ടുള്ളതിൽനിന്ന് ചെലവഴിക്കുകയും ചെയ്യുന്നവർ. അവർതന്നെയാണ് യഥാർഥത്തിൽ വിശ്വാസികൾ. അവർക്ക് അവരുടെ രക്ഷിതാവിങ്കൽ പല പദവികളുണ്ട്. പാപമോചനവും ഉദാരമായ ഉപജീവനവുമുണ്ട്’’(ക്വുർആൻ 8:24).

അല്ലാഹുവിനെ വേണ്ടവിധം അറിയാത്തവരായി കഴിയുന്നവർ അന്ധശ്വാസത്തിലുള്ള തുടർച്ചയും അതിലുള്ള സന്തോഷവുമാണ് കൊതിക്കുക എന്നതും ക്വുർആൻ നമ്മെ അറിയിക്കുന്നു. അല്ലാഹു പറയുന്നു: “അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാൽ പരലോകത്തിൽ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങൾക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവർ സന്തുഷ്ടചിത്തരാകുന്നു’’(39:45).

വിശ്വാസികളും അന്ധവിശ്വാസികളും തമ്മിലുള്ള വലിയ അന്തരമാണിവിടെ തെളിയുന്നത്. അല്ലാഹുവിന്റെ ഉത്കൃഷ്ട നാമങ്ങളിലൂടെയും ഉത്തമ വിശേഷണങ്ങൾകൊണ്ടും അവനെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഓരോരുത്തരും അവന്റെ ഏകത്വം അംഗീകരിച്ച് വിശ്വാസ വിമലീകരണം മാത്രമാണ് ലക്ഷ്യം വെക്കുക. അല്ലാഹു പറയുന്നു: “താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവൻ. രാജാധികാരമുള്ളവനും പരമപരിശുദ്ധനും (എല്ലാ ന്യൂനതകളിൽനിന്നും) സുരക്ഷിതനായവനും അഭയം നൽകുന്നവനും മേൽനോട്ടം വഹിക്കുന്നവനും പ്രതാപിയും പരമാധികാരിയും മഹത്ത്വമുള്ളവനുമാകുന്നു അവൻ. അവർ പങ്കുചേർക്കുന്നതിൽനിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധൻ!’’ (59:23).

അജ്ഞതയിൽ അഭിമാനിക്കുകയും പുരോഹിതന്മാർ പടച്ചുണ്ടാക്കിയ ആശയങ്ങളിലേക്ക് കുടിയേറുകയും ചെയ്തതിന്റെ അനന്തര ഫലങ്ങൾ സമസ്ത മുസ്‌ലിയാക്കന്മാരെ ‘അറംപറ്റിക്കുന്ന’ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നു. അവർ സമൂഹത്തിൽ നിറച്ചുവെച്ച അന്ധവിശ്വാസങ്ങൾ വീർത്ത് വികസിച്ച് പൊട്ടിയൊലിക്കുന്ന സാഹചര്യമാണുള്ളത്. സ്രഷ്ടാവിന്റെ മാത്രം കഴിവുകൾ സൃഷ്ടികളിൽ ചാർത്തുന്നു. മരിച്ച് മണ്ണോടുചേർന്ന ഒരാളെ ‘പടച്ചോൻ’ എന്ന് വിശേഷിപ്പിച്ച് പാടിപ്പുകഴ്ത്തുന്ന അവസ്ഥവരെ എത്തിയിരിക്കുന്നു!

സോഷ്യൽ മീഡിയ വഴി പ്രചരിക്കപ്പെട്ട ആ കുപ്രസിദ്ധ പാട്ടിലെ ഏതാനും വരികൾ ഇങ്ങനെയാണ്:

“മടവൂരാരാ പടച്ചോനാണോ

ചോദിച്ചവനോടീ ചൊല്ല്

അതേയതേ അത് മടവൂരാണ്

ഞങ്ങളെ പടച്ചോൻ അറിയേണേ

ഞങ്ങളെ പടച്ചോൻ അറിയേണേ

ഹൂ അല്ലാ മടവൂര് ഹൂ അല്ലാ മടവൂര്

കുൻ ഫയകൂനിൽ കുൻ കുൻ കുൻ കുൻ

ഹുവ ഹുവ ഹുവ ഹുവ മടവൂര്’’

മുസ്‌ലിയാക്കന്മാർ വെച്ചുകൊടുത്ത ഏണിയിൽ ഓടിക്കയറിയാണ് ദീനെന്തെന്നറിയാത്ത കുഞ്ഞാടുകൾ ഇതെല്ലാം കാട്ടിക്കൂട്ടുന്നത്. സി.എം മടവൂർ കാരണമായി സമസ്തയിൽ നടക്കുന്ന ആശയസംഘട്ടനത്തിന് കടുപ്പം കൂടിയതിനാൽ ‘ഹുബ്ബുസ്സ്വാലിഹീൻ ദഅ്‌വ സംഘം’ എന്ന പേരിലാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ അറിയപ്പെടുന്നത്. ഖാലിക്വ് (സ്രഷ്ടാവ്), ബാരി (നിർമാതാവ്), മുസ്വവ്വിർ (രൂപം നൽകുന്നവൻ), ഖല്ലാക്വ് (എല്ലാം സൃഷ്ടിക്കുന്നവൻ) എന്നീ നാമങ്ങളാണ് മരിച്ച മടവൂരിന് ചാർത്തിക്കൊടുത്തിരിക്കുന്നത്. പ്രമാണങ്ങളെ ഗൗനിക്കാത്ത ഇവർ അകപ്പെട്ടിരിക്കുന്നത് വലിയ നിഷേധത്തിൽതന്നെയാണ്. അല്ലാഹു പറയുന്നു:

“അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടവൻ നിങ്ങൾക്ക് ഉപജീവനം നൽകി. പിന്നെ നിങ്ങളെ അവൻ മരിപ്പിക്കുന്നു. പിന്നീട് അവൻ നിങ്ങളെ ജീവിപ്പിക്കുകയും ചെയ്യും. അതിൽപെട്ട ഏതെങ്കിലും ഒരു കാര്യം ചെയ്യുന്ന വല്ലവരും നിങ്ങൾ പങ്കാളികളാക്കിയവരുടെ കൂട്ടത്തിലുണ്ടോ? അവൻ എത്രയോ പരിശുദ്ധൻ. അവർ പങ്കുചേർക്കുന്നതിൽനിന്നെല്ലാം അവൻ ഉന്നതനായിരിക്കുന്നു’’(30:40).

സമസ്ത സ്ഥാപിക്കപ്പെട്ടതുതന്നെ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കുന്ന ആശയത്തിന്മേലായതിനാൽ നേതാക്കളും പണ്ഡിതന്മാരുമെല്ലാം ഇതിൽ പ്രതികളാണ്. ഈ വിഴുപ്പ് കൂടുതൽ അസഹ്യമായ നാറ്റത്തിലേക്ക് എത്തിക്കുമെന്ന അപകടം മണത്തറിഞ്ഞ ചില മുസ്‌ലിയാക്കന്മാർ പരസ്പരം കാഫിറാക്കാനും മതഭ്രഷ്ട് കൽപിക്കാനും രംഗത്തെത്തിയിട്ടുണ്ട്.

ഫൈസൽ അഹ്‌സനി രണ്ടത്താണി അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്കിൽ ‘അല്ലാഹു അല്ലാതെ പടച്ചവൻ ഉണ്ടെന്ന് വിശ്വസിക്കുന്നവർ മുസ്‌ലിംകളല്ല’ എന്ന തലവാചകത്തിൽ കുറിച്ചത് കാണുക:

“ശൈഖുനാ സിഎം മടവൂരിനെ കുറിച്ച് ഒന്നു മാത്രമെ ഇനി പറയാൻ ബാക്കിയുണ്ടായിരുന്നുള്ളൂ; പടച്ചോൻ ആണെന്ന്. അവസാനം അതും പറഞ്ഞുകൊണ്ട് ഒരു പാട്ട് ശ്രദ്ധയിൽപ്പെട്ടു. അങ്ങനെ ഒരു വാദം മാപ്പിള ജാതിയിൽ പെട്ട ഒരാളും വാദിക്കില്ലെന്ന് ഇസ്‌ലാമിനെ കേൾക്കുക മാത്രം ചെയ്ത അമുസ് ലിംകൾക്ക് പോലും അറിയാം. സുന്നികളെ കുതിരകയറാൻ വേണ്ടി അത് വഹാബികൾ തന്നെ ഉണ്ടാക്കിയതാണോ അതല്ല മൂച്ചിപ്പിരാന്തന്മാരായ വല്ല ത്വരീഖതുകാരും ഹാല് മാറി പാടിയതാണോ എന്നറിയില്ല.

ഖുത്തുബ് അല്ലാഹുവിന്റെ ഗൈറല്ല എന്നത് വിശ്വാസമായി അവതരിപ്പിക്കുന്നവരും ‘മാ സിവൽ ബാരി’യുടെ മൊത്തം നിയന്ത്രണം സിഎംഒക്കാണെന്ന് വരുത്തിത്തീർക്കുന്നവരും അമ്പിയാക്കളെല്ലാം വിറച്ചുനിൽക്കുന്ന നേരത്ത് അന്ത്യനാളിൽ ‘ഹിമ്മത്’ കാട്ടുന്നയാൾ മടവൂരാണെന്ന് വാദിക്കുന്നവരും ഈ ജാതിയും അതിനപ്പുറവും പറയുകയില്ലന്ന് യാതൊരു ഉറപ്പുമില്ല.

അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർ ഭ്രഷ്ട് കൽപിച്ച ‘ഹുലൂൽ ഇത്തിഹാദ്’ ഉമ്മത്തിലേക്ക് ആദ്യം ഒളിച്ചും പിന്നെ തെളിച്ചും കടത്താനായി ഒരുവിഭാഗം ഇറങ്ങിത്തിരിച്ചിരിക്കുകയാണോ? ഏതു കുഫ്‌രിയത്തിന്റെ കൂടാരത്തിലേക്കാണ് റബ്ബേ ഈ പിശാചുക്കൾ പാവപ്പെട്ട ജനങ്ങളെ കൊണ്ടുപോകുന്നത്!’’

(https://www.facebook.com/share/p/4DarkQQav5nurXPv/?mibextid=oFDknk)

മുസ്‌ലിയാക്കന്മാർക്ക് അവരുടെ വിശ്വാസം തിരുത്താതെ അത്ര പെട്ടെന്ന് ഇതിൽനിന്ന് കുളിച്ച് കയറാൻ കഴിയില്ല. കാന്തപുരത്തിന്റെ അനുമതിയോടെ ഒരു മുസ്‌ലിയാർ എഴുതിയത് കാണുക: “അപ്പോൾ നബിമാരിൽനിന്ന് അസാധാരണ സംഭവങ്ങൾ അതായത് അത്ഭുതങ്ങൾ വെളിവാകുന്നതുപോലെ ഔലിയാക്കളിൽനിന്നും വെളിവാകും. മതപരമായി ഒരു തടസ്സവും അതിനില്ല. ഔലിയാക്കളിൽനിന്ന് ഇന്ന അസാധാരണ സംഭവം മാത്രമെ ഉണ്ടാകാവൂ ഇന്നത് ഉണ്ടായിക്കൂടാ എന്ന് പരിധി നിശ്ചയിക്കാൻ നമുക്ക് കഴിയുകയില്ല. ഏതു നിലയിൽ കൂടിയുള്ള അസാധാരണ സംഭവങ്ങളും അവർ കാരണമായി ഉണ്ടാകാം’’ (ശൈഖുൽ മശാഇഖ് സിഎം വലിയ്യുല്ലാഹ്(റ) കറാമത്തുകളും അനുഭവങ്ങളും/പേജ് 38).

ഇസ്‌ലാമിന്റെ വിശ്വാസത്തിന് കടകവിരുദ്ധമായ ഈ ആശയം സമൂഹത്തിൽ വ്യാപിച്ചതിന്റെ ദുരന്തം സമസ്തയുടെ സ്ഥാപക നേതാവ് മുതൽ തന്നെ പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്. 1926കളിൽ പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്‌ലിയാർ മുഹ്‌യിദ്ദീൻ ശൈഖിന്റെ ഇല്ലാത്ത പോരിശകൾ കുത്തിനിറച്ച് എഴുതിയ ‘ഖസീദത്തുൽ ഖുത്ബിയ്യ’യുടെ ലക്ഷ്യമായി പറഞ്ഞത് കാണുക:

“ഈ ഖസീദ ഓതുന്നത് ഉപകാരം കിട്ടുക, ഉപദ്രവം തടയുക, രോഗങ്ങൾ ഭേദമാവുക, മറ്റു ആവശ്യങ്ങൾ നിറവേറി കിട്ടുവാനും വേണ്ടിയാണ്. ദൃഢമനസ്സോടെ ഖിബ്‌ലക്ക് മുന്നിട്ട് ശുദ്ധിയുള്ളതും നല്ലതുമായ സ്ഥലത്തുവെച്ച് തുടക്കം മുതൽ ഒടുക്കംവരെ ഒരു തവണ ഇത് വായിക്കണം’’ (പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്‌ലിയാർ/പേജ് 226).

“ആകാശഭൂമിലോകത്തിന്റെ ഖുതുബേ, പ്രയാസത്തിലും ഗുണത്തിലും അവർക്കുള്ള സഹായിയേ, മരിച്ചവരെ നിങ്ങളുടെ അനുമതിയോടെ ജീവിപ്പിച്ചവരേ, മരിച്ചവരുടെ ആത്മാക്കളെ തട്ടിയവരേ, എവിടുന്ന് വിളിച്ചാലും ഉത്തരം നൽകുന്നവരേ’ ഇതെല്ലാം പാങ്ങിലിന്റെ വ്യത്യസ്ത വരികളിലുണ്ട്. ഏത് മാനദണ്ഡ പ്രകാരമാണിത് മതമാവുക? പ്രവാചകാധ്യാപനങ്ങളിൽ ഇങ്ങനെയൊരു മാതൃകയില്ല. അല്ലാഹുപറയുന്നു: “വക്രതയില്ലാത്തവനായിക്കൊണ്ട് നിന്റെ മുഖം മതത്തിന് നേരെയാക്കി നിർത്തണമെന്നും നീ ബഹു ദൈവവിശ്വാസികളിൽ പെട്ടവനായിരിക്കരുതെന്നും (ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നു). അല്ലാഹുവിന് പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാർഥിക്കരുത്. നീ അപ്രകാരം ചെയ്യുന്നപക്ഷം തീർച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും’’ (10:105,106).

കോഴിക്കോട്ടുകാരൻ ഖാളി മുഹമ്മദിന്റെ മുഹ്‌യിദ്ദീൻ മാലയിലും സ്വദഖത്തുല്ലാഹിൽ ഖാഹിരിയുടെ ഖുത്ബിയ്യത്തിലും അബ്ദുൽ ഖാദിർ ജീലാനി എന്ന വ്യക്തിയുടെമേൽ കെട്ടിപ്പടച്ച കഥകൾ എത്രയാണ്! ചില വരികൾ ശ്രദ്ധിക്കുക:

‘ഇരുന്നെ ഇരിഫ്ഫിന്നേൾ ആകാശം കണ്ടോവർ

ഏറും മലക്കൂത്തിൽ രാജാളി എന്നോവർ.’

‘ഭൂമി ഒരുണ്ടഫോൽ എൻകയ്യിലെന്നോവർ

ഭൂമി അദൊക്കെയും ഒരു ചുവടെന്നോവർ.’

‘എല്ലായിലും മേലേ അർശിങ്കൽ ചെന്നോവർ

എന്റേ കണ്ണെഫ്‌ഫോളും ലൗഹിൽ അദെന്നോവർ.’

‘കണ്ണിൽ കാണാത്തതും ഖൽബകത്തുള്ളതും

കൺകൊണ്ട് കണ്ടെഫോൽ കണ്ട് ഫറഞ്ഞോവർ.’

‘ചത്ത ചകത്തിനെ ജീവൻ ഇടിച്ചോവർ

ചാകും കിലശത്തേ നന്നാക്കി വിട്ടോവർ.’ (മുഹ്‌യിദ്ദീൻ മാല).

“എല്ലാ കാലങ്ങളിലും വർഷങ്ങളിലും (സർവ സമയത്തും) അതിമഹത്തായ സഹായം നൽകുന്ന (ഗൗസുൽ അഅ്‌ളം അവർകളേ) തഹ്കീം, തംകീൻ എന്നീ രണ്ടു സമുന്നത പദവി ലഭിച്ച പ്രമുഖ വ്യക്തിയാണ് താങ്കൾ.’

“ദൃഢ നിശ്ചയത്തോടെയും അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്തു വെച്ച് ആരെങ്കിലും എന്റെ നാമം ആയിരം തവണ വിളിച്ചാൽ അവന്റെ വിളി കാരണത്താൽ ഞാൻ അതിശീഘ്രം ഉത്തരം ചെയ്യുന്നതാണ്. അതുകൊണ്ട് അവൻ യാ അബ്ദൽ ഖാദിർ മുഹ്‌യിദ്ദീൻ എന്ന നാമം കൊണ്ട് വിളിച്ചുകൊള്ളട്ടെ’’ (ഖുത്ബിയ്യത്ത്).

‘പടച്ചോൻ പാട്ടിന്’ നേരെ ഉറഞ്ഞ് തുള്ളുന്നവർ ഇതൊന്നും കാണാത്തതായി നടിക്കുന്നതും ഇതിനൊന്നും ശിർക്കും കുഫ്‌റും പിഴവും ചുമത്താത്തതും സമസ്തയുടെ ആശയത്തിന് അടിമപ്പെട്ടത് കൊണ്ടല്ലേ? തോന്നുംപോലെ കാലം കഴിച്ച സി.എം മടവൂരിനെ പടച്ചോനാക്കും മുമ്പ് സമസ്ത തന്നെ അയാളെ അല്ലാഹുവിന് തുല്യനാക്കിയത് വായിക്കാം:

“ഇഷ്ടദാസന്റെ കണ്ണും കാതും കയ്യും കാലും ഞാനാകുമെന്ന് അല്ലാഹു ഖുദ്‌സിയായ ഹദീസിലൂടെ പറഞ്ഞതു നാം നേരത്തേ മനസ്സിലാക്കിയിട്ടുണ്ട്. അല്ലാഹു കേൾക്കുന്നതുപോലെ കേൾക്കുകയും കാണുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ വിവക്ഷയെന്നു പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്’’ (സി.എം സ്മരണിക/പേജ് 39).

അവസാനം ‘കുൻ’ എന്ന വിശേഷണം നൽകിയും ‘മുദബ്ബിർ’ എന്ന നാമം കൊടുത്തും അയാൾ തന്നെയും ‘ഞാൻ അല്ലാഹ്’ എന്ന് പറഞ്ഞത് പ്രചരിപ്പിച്ചും ഇതുവരെ തിരുത്തപ്പെടാതെ കിടക്കുമ്പോൾ ഇങ്ങനെ വിറളി പിടിക്കുന്നവർ ക്വുർആനിന്റെ താക്കീതിനെ പേടിക്കട്ടെ! അല്ലാഹു പറയുന്നു: “മനുഷ്യന് വല്ല വിഷമവും ബാധിച്ചാൽ അവൻ തന്റെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങിക്കൊണ്ട് പ്രാർഥിക്കും. എന്നിട്ട് തന്റെ പക്കൽനിന്നുള്ള വല്ല അനുഗ്രഹവും അല്ലാഹു അവന്ന് പ്രദാനം ചെയ്താൽ ഏതൊന്നിനായി അവൻ മുമ്പ് പ്രാർഥിച്ചിരുന്നുവോ അതവൻ മറന്നുപോകുന്നു. അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് വഴിതെറ്റിച്ച് കളയുവാൻ വേണ്ടി അവന്ന് സമൻമാരെ സ്ഥാപിക്കുകയും ചെയ്യുന്നു. (നബിയേ,) പറയുക: നീ അൽപകാലം നിന്റെ ഈ സത്യനിഷേധവുംകൊണ്ട് സുഖിച്ചുകൊള്ളുക. തീർച്ചയായും നീ നരകാവകാശികളുടെ കൂട്ടത്തിലാകുന്നു’’(39:8).

സമസ്തക്കാർ സ്വീകരിച്ച് പോരുന്നത് ശിയാ-സൂഫി സരണിയായതിനാൽ ഈ വിശ്വാസത്തിലേക്കവർ എത്തിയതിൽ അത്ഭുതം തോന്നുന്നില്ല. ക്രൈസ്തവർ, ഹൈന്ദവർ, ശിയാക്കൾ, സൂഫികൾ എന്നിവർ വലിയ വിശ്വാസമായി കൊണ്ടുനടക്കുന്ന വഹ്ദത്തുൽ വുജൂദും (അദ്വൈതവാദം) ഹുലൂലും (അവതാര വാദം) മുസ്‌ലിയാക്കന്മാർക്ക് ‘തങ്കപ്പെട്ട’ ആദർശമാണ്. സ്രഷ്ടാവ് സൃഷ്ടികളിലേക്ക് വന്നുചേർന്ന് ലയിക്കുക വഴി എല്ലാം അല്ലാഹു, എല്ലാറ്റിലും അല്ലാഹു ഉണ്ടെന്ന ശുദ്ധ കുഫ്‌റാണ് ഇത്തരം ചിന്തകൾ. അക്ബരിയ്യ ത്വരീഖത്ത് ഉണ്ടാക്കി സൂഫികൾക്കിടയിൽ ശൈഖുൽ അക്ബർ എന്നറിയപ്പെട്ട മുഹ്‌യിദ്ദീൻ ഇബ്‌നു അറബിയും, അവർക്കിടയിൽ ‘അനൽ ഹഖ്’ എന്ന വാക്കുകൊണ്ട് പ്രസിദ്ധനായ അവരുടെ ആത്മജ്ഞാനി അബൂമൻസൂറുൽ ഹല്ലാജുമാണ് ഇതിന്റെ നിർമാതാക്കൾ. രണ്ടുപേരെയും തള്ളാൻ സമസ്തകൾക്ക് സാധ്യമല്ല. ഇബ്‌നു അറബിയെ ‘സൂഫീലോകത്തെ മെറ്റാഫിസിഷ്യൻ (ആത്മജ്ഞാനി)’ (അകപ്പൊരുൾ സംഹിത/പേജ് 166) എന്നാണ് ഇവർ വിശേഷിപ്പിക്കുന്നത്. ഹല്ലാജിന് സംരക്ഷണമൊരുക്കുമെന്ന് മുഹ് യിദ്ദീൻ ശൈഖ് പറഞ്ഞതായി ഇവർ ഭക്തിയൊടെ പാടുന്ന മാലപ്പാട്ടിൽ പറയുന്നുണ്ട്:

“ഹല്ലാജെ കൊല്ലുന്നാൾ അന്നു ഞാനുണ്ടെങ്കിൽ

അവർ കൈ ഫിടിച്ചേനും യെന്ന് ഫറഞ്ഞോവർ’’ (മുഹ്‌യിദ്ദീൻ മാല).

‘സുന്നി സാഹിത്യ തറവാട്ടിലെ കാവലാൾ’ എന്ന് വിശേഷിപ്പിക്കപ്പെട്ട കെ.വി.എം പന്താവൂർ മുസ്‌ലിയാർ എന്താണ് ഈ വിശ്വാസമെന്നും അവരുടെ തൗഹീദുമായി അതെങ്ങനെ ബന്ധപ്പെടുമെന്നും എഴുതിയത് കാണുക:

“അവർ പറയുന്നു: ദുനിയാവിനെത്തേടുന്നവർ നപുംസകങ്ങളും ആഖിറത്തെത്തേടുന്നവർ പെണ്ണുങ്ങളുമാണ്. പൗരുഷമുള്ളവരാകട്ടെ അല്ലാഹുവിനെ മാത്രം തേടുന്നു. ആ മിഠായി കിട്ടിയാൽ മാത്രം അവർ കരച്ചിൽ മാറ്റുന്നു. ഇക്കാര്യങ്ങളിലേക്കെല്ലാം സൂചന നൽകിക്കൊണ്ടാണ് ശൈഖുനാ ഫരീദുബാവ(റ) തന്റെ മാല അല്ലാഹു എന്ന നാമം എട്ടുതവണ ആവർത്തിച്ചു കൊണ്ടു തുടങ്ങിയിരിക്കുന്നത്. വാസ്തവത്തിൽ പ്രപഞ്ചങ്ങളുടെയെല്ലാം തുടക്കം അല്ലാഹുവിൽനിന്നാണ്. അഹദിയ്യത്ത് ആണ് പ്രപഞ്ചങ്ങളുടെ മൂലം. സത്യത്തിൽ ഉള്ളത് ഈ അഹദിയ്യത്ത് മാത്രം. പ്രപഞ്ചങ്ങളൊന്നും സത്യത്തിൽ ഇല്ല. നാം കാണുന്ന പ്രപഞ്ചങ്ങൾ വാസ്തവത്തിൽ അല്ലാഹുവിന്റെ ചൈതന്യങ്ങൾ മാത്രം. ഈ തത്ത്വമാണ് വഹ്ദത്തുൽ വുജൂദ്’’ (വഹ്ദത്തു മാല വ്യാഖ്യാനം/പേജ് 30,31).

“കലിമയുടെ അർത്ഥം പിന്നെയും മാറുന്നു. അല്ലാഹു അല്ലാതെ യാതൊന്നുമില്ല! ഇതു ദഹിക്കാൻ മൂന്നാമത്തെ ദശയിലെത്തുകതന്നെ വേണം. കാരണം ഇഹത്തിലും പരത്തിലുമൊക്കെ മഷിയിട്ടു നോക്കിയാലും അല്ലാഹുവിനെയല്ലാതെ കാണില്ലെന്നു പറഞ്ഞാൽ ആരും ചോദിക്കുക പിന്നെ ഇക്കാണുന്നതൊക്കെ പിണ്ണാക്കാണോ എന്നായിരിക്കും. പിണ്ണാക്കല്ല, കാരണം പിണ്ണാക്കും ഇല്ല. ഉള്ളതു സത്യത്തിൽ അല്ലാഹു മാത്രം. പിണ്ണാക്കായി നാം കാണുന്നതും പിണ്ണാക്കല്ല, അല്ലാഹുവിന്റെ ചൈതന്യമാണ്. ഞാനും നിങ്ങളുമടക്കം സകല പ്രപഞ്ചങ്ങളും അല്ലാഹുവിന്റെ ചൈതന്യങ്ങൾ മാത്രം. അവയൊന്നും ഇല്ല. ഉള്ളത് അല്ലാഹു മാത്രം. ‘ലാ മൗജൂദ ഇല്ലല്ലാഹ്’ അല്ലാഹു അല്ലാതെ യാതൊന്നുമില്ല. ഇതാണ് സമ്പൂർണ്ണ മനുഷ്യരുടെ തൗഹീദ്. കലിമയുടെ സാക്ഷാൽ ആശയവും ഇതു തന്നെ’’ (പേജ് 35).

‘ലാ കണ്ണ ഇല്ലല്ലാഹ് ലാ മൂക്ക ഇല്ലല്ലാഹ്

ലാ ലിസാന ഇല്ലല്ലാഹ് ലാ കല്ല ഇല്ലല്ലാഹ്

ലാ പല്ല ഇല്ലല്ലാഹ് ലാ മുള്ള ഇല്ലല്ലാഹ്

ലാ മൗജൂദ ഇല്ലല്ലാഹ് ലാ ഇലാഹ ഇല്ലല്ലാഹ്’

കണ്ണും മൂക്കും നാവും പല്ലും കല്ലും മുള്ളുമൊന്നുമില്ല, ഉള്ളത് അല്ലാഹു മാത്രം!

സാധാരണ ചൊല്ലി വരുന്ന രിഫാഈ റാത്തീബിലെ ഒരു ദിക്ർ ഇതാ:

‘ഹു അല്ലാഹ് ഹു ഹു അല്ലാഹ്

ഹാ ഹീ ഹു ഹും അല്ലാഹ്.’

“അറിയുവിൻ, അവളും അവനും അവരും ആരും തന്നെയില്ല. ഉള്ളത് അല്ലാഹു മാത്രം. ചുരുക്കത്തിൽ കോടാനുകോടി ഗോള പ്രപഞ്ചങ്ങളൊന്നും ഇല്ല. ഉള്ളത് അല്ലാഹു മാത്രം. അവനെ മാത്രം ലക്ഷ്യം വെച്ചു നീങ്ങുന്നവരാണ് ആരിഫീങ്ങൾ’’ (പേജ് 35,36).

സമസ്തക്കാർ ഈ വിശ്വാസത്തിലായിരിക്കെ പാട്ട് പാടിയവരെ കുറ്റപ്പെടുത്താനുള്ള അർഹത മുസ്‌ലിയാന്മാർക്കുണ്ടോ? ഇത്തരം പിഴച്ച ആശയങ്ങൾ വായിക്കാൻ പാകത്തിന് ‘അൽ ഇൻസാനുൽ കാമിൽ,’ ‘തുഹ്ഫത്തുൽ മുർസല,’ ‘ലൈലയും ഔലിയാക്കളും,’ ‘മടവൂരിലെ നൂറാനിയ്യത്ത്’എന്നീ ഗ്രന്ഥങ്ങളിറക്കിയ പന്താവൂരിനെ ‘ഭ്രഷ്ട്’ കൽപിക്കപ്പെട്ടവരിൽ ഉൾപ്പെടുത്തുമോ? ഇതെല്ലാം വിൽക്കുന്നവരെയും വായിക്കുന്നവരെയും സൂക്ഷിച്ചുവെക്കുന്നവരെയും എന്നുവേണ്ട, മുഴുവൻ സമസ്തകളുടെയും മുശാവറയെയും ഈ വിധിയിൽപ്പെടുത്താൻ ഇവർ ധൈര്യപ്പെടുമോ?

പ്രമാണങ്ങൾ ഊന്നിപ്പറഞ്ഞ, അടിമയും ഉടമയും രണ്ടാണെന്ന വിശ്വാസം ഉൾക്കൊള്ളാത്തതിന്റെ തകരാറാണിത്. അല്ലാഹു പറയുന്നു: “അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ് അവൻ. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക. അവൻ സകലകാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു. കണ്ണുകൾ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവൻ കണ്ടെത്തുകയും ചെയ്യും. അവൻ സൂക്ഷ്മജ്ഞാനിയും എത്ര ചെറുതും ഏറ്റവും നന്നായി അറിയുന്നവനുമാകുന്നു’’ (6:102,103).

“അവനാകുന്നു നിങ്ങളുടെ രക്ഷിതാവും എല്ലാ വസ്തുക്കളുടെയും സൃഷ്ടികർത്താവുമായ അല്ലാഹു. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. എന്നിരിക്കെ നിങ്ങൾ എങ്ങനെയാണ് (സൻമാർഗത്തിൽ നിന്ന്) തെറ്റിക്കപ്പെടുന്നത്? അപ്രകാരം തന്നെയാണ് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചിരുന്നവർ (സൻമാർഗത്തിൽ നിന്ന്) തെറ്റിക്കപ്പെടുന്നത്’’ (40:62,63).

‘മടവൂരിലെ നൂറാനിയ്യത്ത്’ എന്ന പുസ്തകത്തിൽ പന്താവൂർ എഴുതി വിട്ടത് വായിച്ചാൽ ഈ പാട്ടിൽ ഊറ്റത്തോടെ പറഞ്ഞതു പ്രകാരം സി.എം മടവൂർ ഇവർക്ക് ‘പടച്ചോനാകാനേ’ വഴിയുള്ളൂ. കാരണം ‘മടവൂരിലെയും വരക്കലെയും മദീനാമലർവാടിയിലെയും നൂറാനിയ്യത്ത് ഇവർക്ക് പലതല്ല, ഒന്നാണ്’

“അല്ലാഹുവിന്റെ ദാത്തും നൂറാനിയ്യത്തും രണ്ടാണോ? അല്ല. മുത്തുമുസ്താഫായെന്ന നൂറാനിയ്യത്ത് അല്ലാഹുവിൽനിന്നന്യമാണോ? അല്ല. മുത്തുമുസ്തഫായുടെ നൂറാനിയ്യത്തിൽനിന്നന്യമാണോ വരക്കലും മടവൂരുമൊക്കെയുള്ള നൂറാനിയ്യത്ത്? അല്ലേയല്ല. എല്ലാം ഒരു നൂറാനിയ്യത്തുതന്നെ’’ (പേജ് 12,13).

അല്ലാഹുവിന്റെ അസ്തിത്വത്തെ സൂചിപ്പിക്കുന്ന ‘നൂറ്’ കൊണ്ടുള്ള ഈ കളിയിലൂടെ പുരോഹിതന്മാർ അവന്റെ മഹത്ത്വത്തെ പരിഹസിക്കുകയാണ് ചെയ്യുന്നത്.

സത്യനിഷേധികളെക്കുറിച്ച് അല്ലാഹു പറഞ്ഞത് ശ്രദ്ധിക്കുക: “സത്യനിഷേധികൾക്ക് അവരുടെ കുതന്ത്രം അലംകൃതമായി തോന്നിക്കപ്പെട്ടിരിക്കുന്നു. (ശരിയായ) മാർഗത്തിൽനിന്ന് അവർ തട്ടിത്തിരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും ദുർമാർഗത്തിലാക്കുന്നപക്ഷം അവനെ നേർവഴിയിലാക്കാൻ ആരുമില്ല’’(13:33).

വ്യാജവാദങ്ങളുടെ വാഹകരായ സൂഫികളിൽനിന്ന് പ്രസരിക്കുന്ന തത്ത്വങ്ങളെയാണ് സമസ്ത ഏറ്റ് പിടിക്കുന്നത്. അവരുടെ ഔലിയാക്കൾ ‘ഫനാ’ കൈവരിക്കുന്നതിനെ കുറിച്ച് ഒരു സമസ്തക്കാരൻ എഴുതിയത് കാണുക: “മൂസ(അ) അല്ലാഹുവിനോട് സംസാരിച്ചതിനെപ്പറ്റി ഹല്ലാജ് ചോദിക്കപ്പെട്ടപ്പോൾ ഇപ്രകാരം പറഞ്ഞു: ‘മൂസാ(അ) തന്നെ പൂർണമായി മറന്നു. മറന്നതും മറന്നു. തന്റെ സർവ്വതും അല്ലാഹുവിൽ ലയിച്ചു. അപ്പോൾ സംസാരിച്ചവനും സംസാരിക്കപ്പെട്ടവനും ഫലത്തിൽ അല്ലാഹുവാണ്. അല്ലെങ്കിൽ ആ സന്നിധിയിൽ നിൽക്കാനോ സംഭാഷണം കേൾക്കാനോ സാധിക്കുമായിരുന്നില്ല’’ (ത്രിമാന തീർത്ഥം/മുസ്തഫൽ ഫൈസി/പേജ് 320).

മുഹ്‌യിദ്ദീൻ ശൈഖിന്റെ കാര്യത്തിലും ഇതേ നിലപാടാണ് ഇവർ വെച്ചുപുലർത്തുന്നതെന്ന് കെ.വി എം പന്താവൂർ സമ്മതിക്കുന്നത് കാണുക:

“രണ്ടാമത്തേത് ഖുർബുൽ ഫറാഇളാണല്ലോ. ഇത് കടമകളെല്ലാം സമ്പൂർണ്ണമായും വീട്ടുമ്പോഴുള്ള നേട്ടമാണ്. അല്ലാഹുവിന്റെ പരമസത്തയിൽ ഫനാ പ്രാപിക്കുന്ന അത്യുന്നതാവസ്ഥയാണ് ഇത്. വ്യക്തി സമ്പൂർണ്ണമായും പരമസത്തയിൽ വിലയം പ്രാപിക്കുമ്പോൾ പിന്നെ അയാൾ പരമസത്തയെ പ്രാപിക്കുന്നതോടെ തന്റെ വ്യക്തിത്വമെല്ലാം അല്ലാഹുവിൽ മറയുന്നു. (പിന്നെ ആ വ്യക്തിയെ വിളിച്ചാൽ വിളി കേൾക്കുന്നത് അല്ലാഹു ആയിരിക്കും. അഥവാ അല്ലാഹുവിനെ വിളിച്ചാൽ വിളി കേൾക്കുന്നത് ആ വ്യക്തിയായിരിക്കും). അതാണ് മുഹ്‌യിദ്ദീൻ ശൈഖു പറഞ്ഞത്: ‘വല്ലസ്ഥലത്തിന്നും എന്നെ വിളിപ്പോക്ക് വായ് കൂടാതുത്തരം ചെയ്യും ഞാനെന്നോവർ.’ ഈ അവസ്ഥയിലെത്തിയ പുണ്യാത്മാവിനു പ്രപഞ്ചങ്ങളിലെ ഓരോ അണുവിലും അല്ലാഹുവിനെയല്ലാതെ കാണാൻ കഴിയില്ല. ഫനാ(ആത്മ വിസ്മൃതി)യുടെ സമ്പൂർണ്ണതയും തരണം ചെയ്ത അവസ്ഥയാണിത്’’ (തുഹ്ഫതുൽ മുർസല/പേജ് 23, 24).

അടിസ്ഥാന വിശ്വാസം വെടിഞ്ഞ് സൂഫികളുടെ ആദർശത്തിന് പുരോഹിതന്മാർ തോൾ വെച്ചതിനാൽ കനത്ത പിഴവിൽ വീണ്, ക്വുർആൻ അശുദ്ധമെന്ന് പറഞ്ഞതിനെ ശുദ്ധമാക്കാനുള്ളൊരു ഫാക്ടറിയായി സമസ്തമാറി എന്നതാണ് യാഥാർഥ്യം. അവരുടെ ഉറ്റ ശൈഖുമാരായ ഇബ്‌നു അറബിയും ഹല്ലാജും സമൂഹത്തിലേക്ക് വലിച്ചിട്ട ദുഷിച്ച ആശയങ്ങളെയെല്ലാം ഇവർ ന്യായീകരിച്ച് നന്നാക്കുന്നതും കൂടി വായിക്കാം.

(അവസാനിച്ചില്ല)