പുരോഗമനം ധാർമികതയുടെ പൊളിച്ചഴുത്തോ?

അശ്‌റഫ് എകരൂൽ

2024 സെപ്തംബർ 21, 1446 റ. അവ്വൽ 18

മൂല്യങ്ങളുടെ തിരസ്കാരമാണ് പുരോഗമനമെന്ന കമ്പോള കേന്ദ്രീകൃത നിർവചനത്തിലേക്ക് പുതുതലമുറയെ കൊണ്ടുചെന്നെത്തിക്കുന്നതിൽ ബാഹ്യശക്തികളുടെ പങ്ക് ചെറുതല്ല. സ്വാതന്ത്ര്യത്തിെൻറെ ആടയാഭരണങ്ങളിഞ്ഞ ചൂഷണത്തിന്റെ വക്താക്കൾക്ക് വേണ്ടത് പുറംപൂച്ചുകളും ഭൗതിക ലാഭവും മാത്രമാണെന്ന് തിരിച്ചറിയുമ്പോഴേക്കും തിരിച്ചുവരവിനുള്ള അവസരം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കും.

സദാചാര-ധാർമിക മൂല്യങ്ങളെ പൊളിച്ചഴുതുകയോ വലിച്ചെറിയുകയോ ചെയ്യുമ്പോഴാണ് പുരോഗമനം സാധ്യമാവുക എന്നൊരു ചിന്താഗതി സമൂഹത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നുണ്ട്. പുരോഗമനമെന്നാൽ ധാർമികതയുടെ പൊളിച്ചെഴുത്താണോ? ധാർമികതയിലൂന്നിയുള്ള പുരോഗമനം സാധ്യമല്ലേ? ഈ ചോദ്യങ്ങളുടെ ഉത്തരത്തിലേക്ക് എത്താൻ സഹായിക്കുന്ന, ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തിലുള്ള ചില ചിന്തകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

സ്രഷ്ടാവായ അല്ലാഹുവിന്റെ മതം അഥവാ മനുഷ്യന്റെ ജീവിത രീതിശാസ്ത്രം മനുഷ്യനെ മാനവിക മൂല്യങ്ങളുടെ ചട്ടക്കൂടിനുള്ളിലേക്ക് ഒതുക്കി നിർത്തി സുരക്ഷിതനാക്കുന്നു. എന്നാൽ നവലിബറലിസവും മതനിരാസവും ഈ സുരക്ഷിത ചട്ടക്കൂടിനുള്ളിൽനിന്ന് വിശ്വാസികളെയടക്കം മനുഷ്യസമൂഹത്തെയാകമാനം പുറത്തു ചാടിച്ച് വേട്ടക്കാരന് ഇരപിടിക്കാൻ സൗകര്യം ചെയ്തുകൊടുക്കുകയോ സ്വയം ഇരയായി വേട്ടക്കാരന് സ്വന്തത്തെ കൈയിൽ വെച്ചുകൊടുക്കുകയോ ആണ് ചെയ്യുന്നത്.

മതത്തിന്റ പ്രഥമകവാടം ‘ഈമാൻ’ (വിശ്വാസം) ആണ്. ‘അംന്’ (നിർഭയത്വം) എന്ന മൂലധാതുവിൽനിന്നാണ് ‘ഈമാൻ’ എന്ന പദം ഉണ്ടായിട്ടുള്ളത്. ഈമാൻ ഹൃദയത്തിൽ പ്രവേശിക്കുമ്പോൾ മാത്രമെ നിർഭയത്വം ഉണ്ടാവുകയുള്ളൂ.

“വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തിൽ അന്യായം കൂട്ടിക്കലർത്താതിരിക്കുകയും ചെയ്തവരാരോ അവർക്കാണ് നിർഭയത്വമുള്ളത്. അവർതന്നെയാണ് നേർമാർഗം പ്രാപിച്ചവർ’’(ക്വുർആൻ 6:82).

എല്ലാവർക്കും ‘സുരക്ഷിതമായ വളർച്ച’ എന്നതാണ് ഇസ്‌ലാം ധാർമിക ചട്ടക്കൂട് നിർണയിച്ചതിന്റെ ഗുണം. “അല്ലാഹു ശാന്തിയുടെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു...’’(ക്വുർആൻ 10:25).

ഈ സുരക്ഷാവലയത്തിൽനിന്ന് പുറത്തു ചാടാനാണ് ലിബറലിസവും കമ്യൂണിസവുമെല്ലാം മനുഷ്യരെ നിർബന്ധിക്കുന്നത്. എന്നാൽ ഈ സുരക്ഷാവലയത്തിനുള്ളിലേക്ക് പൂർണമായി കയറിനിൽക്കാൻ കാരുണ്യവാനായ അല്ലാഹു കൽപിക്കുന്നു:

“സത്യവിശ്വാസികളേ, നിങ്ങൾ പരിപൂർണമായി കീഴ്‌വണക്കത്തിൽ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങൾ പിന്തുടരാതിരിക്കുകയും ചെയ്യുക. തീർച്ചയായും അവൻ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു’’(ക്വുർആൻ 2:208).

ഈ വിളിക്ക് ഉത്തരം നൽകിയ വ്യക്തിയും കുടുംബവും സമൂഹവും രാജ്യവും പുരോഗതിയിലായിരിക്കും. ഓരോ ചട്ടക്കൂടും നിർണയിച്ചു തരുമ്പോഴും കാരുണ്യവാനായ അല്ലാഹു പറഞ്ഞു:

“...അങ്ങനെ ഇഹപര ജീവിതങ്ങളെപ്പറ്റി നിങ്ങൾ ചിന്തിക്കുവാൻവേണ്ടി അല്ലാഹു നിങ്ങൾക്ക് തെളിവുകൾ വിവരിച്ചുതരുന്നു’’(ക്വുർആൻ 2:219).

“...അപ്രകാരം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് വിവരിച്ചുതരുന്നു; നിങ്ങൾ നേർമാർഗം പ്രാപിക്കുവാൻ വേണ്ടി’’(ക്വുർആൻ 3:103).

ഈ സത്യത്തിനപ്പുറത്തുള്ളത് വഴികേടാണ്. പ്രത്യക്ഷത്തിൽ എത്ര സുന്ദരവും ആസ്വാദ്യകരുമാണെങ്കിലും അവ നൈമിഷികമായിരിക്കും. പുരോഗതിയിലേക്കല്ല; അധോഗതിയിലേക്കായിരിക്കും അവ നയിക്കുക.

മനുഷ്യന് മാത്രമല്ല, സർവ ചരാചരങ്ങൾക്കും സ്രഷ്ടാവിന്റെ ഒരു ചട്ടക്കൂടുണ്ട്. അതിന്റെ ലംഘനം പ്രപഞ്ചത്തിന്റെ നിലനിൽപിനെത്തന്നെ അവതാളത്തിലാക്കും.

“അപ്പോൾ അല്ലാഹുവിന്റെ മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവർ ആഗ്രഹിക്കുന്നത്? (വാസ്തവത്തിൽ) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിർബന്ധിതമായോ അവന്ന് കീഴ്‌പെട്ടിരിക്കുകയാണ്. അവനിലേക്കു തന്നെയാണ് അവർ മടക്കപ്പെടുന്നതും’’(ക്വുർആൻ 3:83).

മനുഷ്യന് ഈ ചട്ടക്കുട് കൂടുതൽ അനിവാര്യമാണ്. കാരണം അവൻ ഇതര സൃഷ്ടികളിൽനിന്ന് പലതുകൊണ്ടും വ്യത്യസ്തമാണ്. അവൻ പരീക്ഷണത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പവകാശം നൽകപ്പെട്ടവനാണ്. അതിനാൽ കൂടുതൽ വ്യക്തവും കൃത്യവുമായ ദൈവിക മാർഗത്തിന്റെ വഴി ലഭ്യമാകേണ്ടതുണ്ട്. അത് ലഭ്യമാകാതിരിക്കുമ്പോൾ അവൻ ശുദ്ധപ്രകൃതിയിൽനിന്ന് തെറ്റിപ്പോകും. അതുകൊണ്ട് അല്ലാഹു ഉണർത്തി:

“...എന്നാൽ എന്റെ പക്കൽനിന്നുള്ള വല്ല മാർഗദർശനവും നിങ്ങൾക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോൾ എന്റെ മാർഗദർശനം ആർ പിൻപറ്റുന്നുവോ അവൻ പിഴച്ചുപോകുകയില്ല, കഷ്ടപ്പെടുകയുമില്ല’’(20:123).

ദൈവിക ദർശനങ്ങളുടെ അടിസ്ഥാനത്തിൽ ധാർമികത സ്വീകരിച്ചവരെ കൂടുതൽ സുരക്ഷിതരും സംതൃപ്തരും സമാധാനമുള്ളവരുമായി നമുക്ക് കാണാം. അതിനെ തിരസ്‌കരിച്ചവർ അരക്ഷിതരും കുഴപ്പക്കാരും ചൂഷകരും ചൂഷിതരുമായി ജീവിച്ചതായും കാണാം. സ്വവർഗരതിയിൽ ആനന്ദം കണ്ടെത്തിയ, ലൂത്വ് നബി(അ)യുടെ ജനതയുടെ പര്യവസാനവും നൂഹ് നബി(അ)യോടൊപ്പം ചേർന്നുനിന്നവരുടെ നിർഭയത്വമാർന്ന ജീവിതവിജയവും കേവലം ഒരു സാങ്കൽപിക കഥയല്ലല്ലോ.

അളവിലും തൂക്കത്തിലും വഞ്ചന കാണിച്ച, ശുഐബ് നബി(അ)യുടെ സമൂഹത്തിൽനിന്ന് ലോകം കണ്ടത് എന്താണ്? അവിടെ അവർ ഉയർത്തിയ ഒരു ചോദ്യമുണ്ടായിരുന്നു:

“അവർ പറഞ്ഞു: ശുഐബേ, ഞങ്ങളുടെ പിതാക്കൻമാർ ആരാധിച്ച് വരുന്നതിനെ ഞങ്ങൾ ഉപേക്ഷിക്കണമെന്നോ, ഞങ്ങളുടെ സ്വത്തുക്കളിൽ ഞങ്ങൾക്ക് ഇഷ്ടമുള്ള പ്രകാരം പ്രവർത്തിക്കാൻ പാടില്ലെന്നോ നിനക്ക് കൽപന നൽകുന്നത് നിന്റെ ഈ നമസ്‌കാരമാണോ? തീർച്ചയായും നീ സഹനശീലനും വിവേകശാലിയുമാണല്ലോ’’(11:87).

ബഹുദൈവാരാധനയും സാമ്പത്തിക രംഗത്തെ ചൂഷണവും അവസാനിപ്പിക്കണമെന്ന് ശുഐബ് നബി(അ) പറയുമ്പോൾ അദ്ദേഹം നിർവഹിക്കുന്ന നമസ്‌കാരമെന്ന പുണ്യപ്രവർത്തനത്താൽ പ്രചോദിതനായാണ് ഇപ്പറയുന്നത് എന്നാണ് അവരുടെ ആരോപണം. ഇതിനു സമാനമായ ചോദ്യമാണ് ഇന്ന് ലിബറലിസ്റ്റുകൾ ചോദിക്കുന്നത്! സ്വവർഗരതി, ലഹരിയുപയോഗം പോലുള്ള തിന്മകളെ മുസ്‌ലിംകൾ എതിർക്കുമ്പോൾ ഇസ്‌ലാമിന്റെ ധാർമിക നിലപാടുകളെ എതിർക്കുവാൻ ഇവർ നിർബന്ധിതരാകുന്നു.

മുഹമ്മദ് നബി ﷺയുടെ വിളിക്ക് ഉത്തരം നൽകി ധാർമിക ചട്ടക്കൂടിലേക്ക് വന്നവരും അതിന്റെ മുമ്പുള്ള അവരുടെ ജീവിത വ്യവഹാരങ്ങളും എങ്ങനെയെന്നതിന്റെ ഒരു നേർചിത്രം നജ്ജാശി രാജാവിന്റെ ചോദ്യങ്ങൾക്ക് ജഅ്ഫർ(റ) നൽകിയ മറുപടിയിൽ പ്രകടമാണ്. ഞങ്ങൾ അജ്ഞരായ ഒരു ജനവിഭാഗമായിരുന്നു, ഞങ്ങൾ വിഗ്രഹങ്ങളെ ആരാധിച്ചിരുന്നു, ചത്തതിനെ ഭക്ഷിച്ചിരുന്നു, നികൃഷ്ട കാര്യങ്ങൾ ചെയ്തിരുന്നു, കുടുംബബന്ധം വിഛേദിച്ചിരുന്നു, ഞങ്ങളിലെ ശക്തൻ ദുർബലനെ അടിച്ചമർത്തിയിരുന്നു എന്നൊക്കെയുള്ള അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ ഇസ്‌ലാം അവരിൽ വളർത്തിയെടുത്ത മാനവികമൂല്യങ്ങളും പുരോഗതിയും വ്യക്തമാക്കുന്നതാണ്. മുഹമ്മദ് നബി ﷺ ആ സമൂഹത്തിന് എന്തു നൽകി എന്നതും മതധാർമികത മനുഷ്യനെ പുരോഗമിപ്പിക്കുമോ അതോ അധഃപതിപ്പിക്കുമോ എന്നതും ഈ വിശദീകരണത്തിൽ തെളിയുന്നുണ്ട്

ഇന്നത്തെ ചിത്രവും വ്യത്യസ്തമല്ല. ലഹരിയിലും വിവാഹേതര ലൈംഗികതയിലും മറ്റു അധാർമികതകളിലും മുഴുകി ജീവിച്ച പലരും ഇസ്‌ലാം സ്വീകരിച്ചതിനു ശേഷം അവയിൽനിന്നെല്ലാം മുക്തരായതിനും സമാധാന ജീവിതം നയിച്ചതിനും ഒട്ടേറെ ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്. അവരിൽ സ്ത്രീകളും പുരുഷൻമാരുമുണ്ട്. രണ്ടു ഘട്ടങ്ങളിലുമുള്ള അവരുടെ ജീവിതം ഇരുളും വെളിച്ചവും പോലെ വ്യത്യസ്തമാണ്.

എക്കാലത്തും എല്ലാ നാട്ടിലും ഇസ്‌ലാമിനെ ജീവിതമാർഗമായി സ്വീകരിച്ചവർ സമൂലമായ പരിവർത്തനത്തിനു വിധേയരായി. ഉടുത്തിട്ടും ഉടുക്കാത്ത മട്ടിലുള്ള വസ്ത്രധാരണ രീതി സ്വീകരിച്ച സ്ത്രീകൾ കൃത്യമായി ശരീരം മറച്ച് തങ്ങളുടെ ശരീരം പ്രദർശനത്തിനുള്ളതല്ല എന്ന് പറയാതെ പറഞ്ഞു, അന്യ സ്ത്രീ-പുരുഷ ഇടപെടലുകളിൽ മാന്യതയും സൂക്ഷ്മതയും പുലർത്തി, കടമകൾ നിർവഹിക്കുന്നവരും അവകാശങ്ങൾ വകവച്ചു കൊടുക്കുന്നവരുമായി മാറി... അങ്ങനെ മതം നൽകിയ സുരക്ഷിത ഭൂമികയിൽ അവർ സ്ത്രീകളും പുരുഷന്മാരും ഇണകളും കുടുംബാംഗങ്ങളും അയൽവാസികളും മതത്തിലെ സഹോദര-സഹോദരിമാരും മനുഷ്യസമൂഹത്തിലെ അംഗങ്ങളുമായി സമാധാനത്തോടെ, മതത്തിന്റെ അതിരുകൾ പാലിച്ച് ജീവിച്ചു. ഇതാണ് ദൈവിക ധാർമിക നിയമങ്ങളുടെ നേട്ടവും വിജയവും.

ഇതിനെ തല്ലിയുടക്കാനുള്ള ശക്തമായ ഗൂഢശ്രമങ്ങൾ ഇന്ന് നമുക്കു ചുറ്റും നടക്കുന്നുണ്ട്. അതിന്റെ പുകപടലങ്ങൾ നമ്മുടെ വീടിന്റെ അകത്തളങ്ങളിലേക്ക് എത്തി നിൽക്കുമ്പോൾ അതിനെ നാം അറിയുകയും ഭയപ്പെടുകയും പ്രതിരോധം തീർക്കുകയും വേണം.

മതം അടിമത്തമാണ്, അപരിഷ്‌കൃതമാണ്, കാലത്തിന്റെ മാറ്റത്തിനനുസരിച്ച് മാറാത്ത യാഥാസ്ഥിതികതയാണ്, സ്വാതന്ത്ര്യവും പുരോഗതിയും മതത്തിന്റെ ചട്ടക്കൂട്ടിൽനിന്ന് പുറത്തുവരുമ്പോഴേ ലഭ്യമാവുകയുള്ളൂ എന്നൊക്കെയുള്ള തെറ്റായ പ്രചാരണമാണ് പുതുതലമുറക്കിടയിൽ ലിബറലിസ്റ്റുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. യുവമസ്തിഷ്‌കങ്ങളിലേക്ക് അധാർമിക ചിന്തകൾ അടിച്ചുകേറ്റാൻ ലിബറൽ വക്താക്കൾ രാപകലില്ലാതെ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ അതിനായി അവർ പയറ്റുന്ന കുതന്ത്രങ്ങൾ ഏതൊക്കെയെന്ന് നാം തിരിച്ചറിയണം.

അൽപവസ്ത്രധാരണം, സ്ത്രീ-പുരുഷ സങ്കലനം, ലഹരിയുപയോഗം, കുടുംബ സംവിധാനത്തിൽനിന്ന് അകറ്റൽ, തുറന്ന ലൈംഗികത തുടങ്ങിയവ ഉദാഹരണം.

ഈവക കാര്യങ്ങൾ മാർക്കറ്റ് ചെയ്യുവാൻ ഇസ്‌ലാം വിരോധികളും അവരുടെ ചതിയിൽ വീണുപോയവരും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാധ്യമം കലയാണ്. നാടകം, സിനിമ, സീരിയൽ അതിന്റെ മറ്റു വകഭേദങ്ങൾ പോലുള്ളവ ഉദാഹരണം. ഇവയിലൂടെ അധാർമികതകളെ മഹത്ത്വവത്കരിക്കാൻ ശ്രമിക്കുന്നു.

ഇവരുടെ പ്രവർത്തനം ക്യാമ്പസുകൾ കേന്ദ്രീകരിച്ചാണ് ഇന്ന് ഏറ്റവും കൂടുതൽ നടക്കുന്നത്. കാരണം മാറ്റങ്ങൾ കൊതിക്കുന്ന വിദ്യാർഥി യുവജനങ്ങളെ വളരെ വേഗം വഴിതെറ്റിക്കാൻ കഴിയും. അതിന് അവർ കണ്ടത്തിയ കുറുക്കുവഴികൾ വഴികൾ പലതാണ്:

1) ആൺ-പെൺ വ്യത്യാസങ്ങളില്ലാത്ത ഇടപെടലുകൾക്ക് വാതിൽ തുറന്നുകൊടുക്കുക.

2) ലൈംഗിക ചോദനകൾ പ്രകൃതിപരമായതിനാൽ അതിന്റെ ഏതുവിധേനയുമുള്ള ആസ്വാദനങ്ങൾ വ്യക്തി സ്വാതന്ത്ര്യമാണെന്നും അതിന് വിലക്കേർപ്പടുത്തുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ലെന്നും പ്രചരിപ്പിക്കുക.

3) ക്യാമ്പസ് പ്രണയങ്ങൾ എല്ലാ വിദ്യാർഥികളുടെയും അവകാശമാണന്നു പ്രചരിപ്പിച്ചു. അതിനെ മഹത്ത്വവത്കരിച്ചു. അതിനായി സഹായസഹകരണവങ്ങൾ ആവോളം നൽകി. സാമർഥ്യം കുറഞ്ഞവർക്ക് ‘പ്രണയപ്പെട്ടി’ വെച്ചുകൊടുത്തു സഹായിച്ചു.

4) മുകളിൽ പറഞ്ഞ കാര്യങ്ങളിലുള്ള എതിർശബ്ദങ്ങളെ മതതീവ്രവാദത്തിന്റെയും മതമൗലികവാദത്തിന്റെയും ചായം പുരട്ടി അവതരിപ്പിച്ചു.

5) പുതുതലമുറയുടെ മനസ്സിൽ വിവാഹത്തോടും കുടുംബ ജീവിതത്തോടും വിരക്തിയും വെറുപ്പും വളർത്തിയെടുക്കാൻ ശ്രമിച്ചു.

മാധ്യമങ്ങളുടെ പങ്ക്

ഈ രംഗത്തുള്ള മാധ്യമങ്ങളുടെ ‘സേവനങ്ങൾ’ എടുത്തു പറയേണ്ടതാണ്. പത്രമാധ്യമങ്ങൾക്ക് വായനക്കാരുടെയും കോപ്പികളുടെയും എണ്ണം വർധിപ്പിക്കണം. ചാനലുകൾക്ക് റേറ്റിംഗ് കൂട്ടണം. അതുവഴി പരസ്യവരുമാനം വർധിപ്പിക്കണം. അതിനു വേണ്ടത് ഒഴുക്കിനൊപ്പം നീന്തലാണ്. ജനങ്ങൾ അഗ്രഹിക്കുന്നതെന്തോ അത് നൽകലാണ്. അതിനായി എരിവും പുളിയും മസാലയുമൊക്കെ ചേർത്ത വിഭവങ്ങൾ വിളമ്പുന്നു.

ഇതാണ് ഒട്ടുമിക്ക മാധ്യമങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്:

1) മത-ധാർമിക ചട്ടക്കൂടുകൾക്കുള്ളിലുള്ളതിനെയെല്ലാം അന്യവത്കരിക്കുകയോ മറച്ചുവെക്കുകയോ ചെയ്യുക.

2) വിവാഹപൂർവ ലൈംഗികത, നഗ്‌നതാ പ്രദർശനം, സ്വവർഗരതി, ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങിയവയെയെല്ലാം സാമാന്യവത്കരിക്കുകയും മഹത്ത്വവത്കരിക്കുകയും ചെയ്യുന്ന പരിപാടികൾക്കും ഫീച്ചറുകൾക്കും രചനകൾക്കും മുൻതൂക്കം നൽകുക.

3) സ്ത്രീ-പുരുഷ സമത്വ വാദത്തിന്ന് അനുഗുണമായതിനെയെല്ലാം ദൃശ്യവത്കരിക്കുകയും സ്ത്രീ-പുരുഷ നീതിവാദത്തിന് പ്രാകൃതമുഖം നൽകുകയും ചെയ്യുക.

4) വ്യഭിചാരത്തെ നിസ്സാരവത്കരിക്കുക, അത് വ്യക്തിസ്വാന്ത്ര്യത്തിൽ പെട്ടതാണെന്ന ധാരണ വളർത്തിയെടുക്കുക, അതിനെ ചോദ്യം ചെയ്യുന്നവരെ സദാചാര പൊലീസിങ് ആയി ഭീകരവത്കരിക്കുക.

ഇതെല്ലാം ആത്യന്തികമായി സമൂഹത്തിലുണ്ടാക്കുന്നത് വമ്പിച്ച പ്രശ്‌നങ്ങളാണ്. കുടുംബ സംവിധാനങ്ങളെ ശിഥിലമാക്കുന്നു. വ്യക്തിജീവിതത്തിൽ അശാന്തിയും രോഗങ്ങളും മാനസിക സംഘർഷങ്ങളും ഉണ്ടാക്കുന്നു.

ചിന്തിക്കുക, യഥാർഥ പുരോഗമനം സാധ്യമാകുന്നത് ധാർമിക മൂല്യങ്ങളെ വലിച്ചെറിയുന്നതിലൂടെയാണോ അതോ അവയുടെ ചേർത്തുപിടിക്കുന്നതിലൂടെയാണോ?

ഇന്നത്തെ സിനിമാമേഖലയിലെ നിലവിളികൾ ഈ വ്യാജ പുരോഗതി വാദങ്ങളുടെ കേവല പരിണാമങ്ങൾ മാത്രമാണ്. അരമന രഹസ്യം അങ്ങാടിപ്പാട്ടായെന്നു മാത്രം.

സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നതിൽനിന്നും കയ്യേറ്റം ചെയ്യപ്പെടുന്നതിൽ നിന്നും രക്ഷപ്പെടാൻ ഇസ്‌ലാം സമർപ്പിച്ച മൂല്യങ്ങളുടെ വേലിക്കെട്ടുകൾ പോളിച്ചെറിയാതെ ആരും ഇത്തരം ചതിക്കുഴിയിൽ വീഴുകയില്ല. ഏതാനും കാര്യങ്ങൾ സൂചിപ്പിക്കാം:

1) വാതിൽ മുട്ടാനും കൂടെ കിടക്കാനും അഡ്ജസ്റ്റ് ചെയ്യാനുമൊക്കെ ആവശ്യപ്പെടൽ ആൾക്കൂട്ടത്തിന്റെ നടുവിൽ നിന്ന് സാധ്യമാകില്ല, അതിനു പ്രൈവസി വേണം. ചൂഷണത്തിന് അവസരം നൽകുന്ന അത്തരം സ്വകാര്യതകൾ സമ്മാനിക്കുന്ന അവസരങ്ങൾ സൃഷ്ടിക്കുന്നതിനെതിരെ ഇസ്‌ലാം ജാഗ്രത പുലർത്തുന്നു. ‘നിങ്ങളിലൊരാളും ഒരിക്കലും ഒരു സ്തീയുമായി തനിച്ചാകരുത്; വിവാഹബന്ധം നിഷിദ്ധമായ ഒരു അടുത്ത ബന്ധു അവളുടെ കൂടെ ഉണ്ടായിക്കൊണ്ടല്ലാതെ’ എന്ന നബിവചനം എത്രമേൽ പ്രസക്തമാണെന്ന് ചിന്തിക്കുക.

2) ഇസ്‌ലാം നിയമമാക്കിയ ഹിജാബ് സ്ത്രീകൾക്ക് ചൂഷണത്തിൽനിന്നും അതിക്രമങ്ങളിൽനിന്നും സംരക്ഷണം നൽകുന്നു:

“നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെമേൽ താഴ്ത്തിയിടാൻ പറയുക: അവർ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’’ (ക്വുർആൻ 33:59).

ഹിജാബ്, നോട്ടക്കാരോടും ആട്ടക്കാരോടും ‘നിന്റെ ചൂഷണത്തിന് പാകപ്പെട്ടവളല്ല ഞാൻ’ എന്ന് വിളിച്ചു പറയുന്ന മാന്യതയുടെ വേഷവിധാനമാണ്.

3) അന്നന്നത്തെ അന്നത്തിനായി എന്തു ‘വിട്ടുവീഴ്ച’ക്കും വിധേയയായി ജോലിയെടുക്കേണ്ട നിർബന്ധിതാവസ്ഥയിൽനിന്ന് ഇസ്‌ലാം സ്ത്രീയെ സംരക്ഷിച്ചു. ‘കുടുബിനി’ എന്ന സ്ഥാനം നൽകി എല്ലാ സാമ്പത്തിക ബാധ്യതകളിനും അവളെ മുക്തയാക്കി. അവൾ പുരുഷനാൽ സംരക്ഷിക്കപ്പെടേണ്ടവളാണെന്ന് പ്രഖ്യാപിച്ചു. സാമ്പത്തിക ബാധ്യത വഹിക്കുന്നതിൽ നിൽബന്ധിതാവസ്ഥ ഇല്ലാതായതിലൂടെ അവൾക്ക് ചൂഷണത്തിൽനിന്നും രക്ഷ നേടാനായി. മക്കളോടുള്ള ബാധ്യത നിറവേറ്റുവാനും വീട്ടിലെ കാര്യങ്ങൾ ശ്രദ്ധിക്കുവാനും അവൾക്ക് മതിയായ സമയം അതിലൂടെ കിട്ടുന്നു.

4) ഇസ്‌ലാം ആണിനും പെണ്ണിനും പൂർണ വ്യക്തിതം വകവെച്ചു നൽകി. നന്മകൾക്ക് തുല്യ പ്രതിഫലനം വാഗ്ദാനം നൽകി; തിന്മകൾക്ക് തുല്യ ശിക്ഷയും.

“ആണാകട്ടെ പെണ്ണാകട്ടെ, ആർ സത്യവിശ്വാസിയായിക്കൊണ്ട് സൽപ്രവൃത്തികൾ ചെയ്യുന്നുവോ അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്ന തല്ല’’(4:124).

“വ്യഭിചരിക്കുന്ന സ്ത്രീ-പുരുഷൻമാരിൽ ഓരോരുത്തരെയും നിങ്ങൾ നൂറ് അടി അടിക്കുക’’ (24:2).

ഇത് പുരോഗമന വാദത്തിന്റെ മറവിൽ നടക്കുന്ന ഇരവാദത്തിന്റെ കാപട്യത്തെ പൊളിച്ചുകളയുന്നു. സർവ കുഴപ്പങ്ങളിലും തുല്യ പങ്കാളിത്തം വഹിച്ച്, അതിന്റെ നേട്ടങ്ങളല്ലാം പൂർണമായും ആസ്വദിച്ചശേഷം ഇരയെന്നു പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിൽ അർഥമില്ല.

ഇസ്‌ലാമിക നിയമങ്ങൾ പരിഷ്‌കരിക്കണം എന്ന് പറയുന്നവർ മനസ്സിലാക്കുക; ഈ ധാർമികത 14 നൂറ്റാണ്ടിലേറെ കാലമായി പ്രയോഗിച്ചുവരുന്നതും വിജയിച്ചതുമാണ്. അത് ഗുണകരമോ പ്രായോഗികമോ അല്ലായിരുന്നെങ്കിൽ എന്നേ കാലഹരണപ്പെട്ടുപോകുമായിരുന്നില്ലേ? എത്രയെത്ര പ്രത്യയശാസ്ത്രങ്ങൾ കാലഹരണപ്പെട്ടു പോയിട്ടുണ്ട്! ഇസ്‌ലാമിന്റെ ധാർമികത കാലത്തെ അതിജയിക്കുന്നതിന്റെ കാരണം അത് സർവജ്ഞനായ സ്രഷ്ടാവിൽനിന്നുള്ളതാണ് എന്നതാണ്.

ഇത് ഒരു വ്യക്തി സ്വീകരിച്ചാൽ അവൻ രക്ഷപ്പെടും. കുടുംബം സ്വീകരിച്ചാൽ കുടുംബത്തിനും സമൂഹം സ്വീകരിച്ചാൽ സമൂഹത്തിനും രാജ്യം സ്വീകരിച്ചാൽ രാജ്യത്തിനും രക്ഷ. യാതൊരുവിധ ദോഷവും അതുകൊണ്ട് ഉണ്ടാകില്ല.

എന്നാൽ ലിബറലിസത്തിന്റെ കാര്യമോ? എല്ലാവർക്കും അവരവർക്ക് ഇഷ്ടമുള്ളത് ചെയ്യാമെന്നതാണ് അതിന്റെ അടിസ്ഥാനവാദം. അതുമൂലം എന്താണ് സംഭവിക്കുക? അത് വ്യക്തികൾക്ക് ദോഷമാണ്, മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കുന്നു, ബന്ധങ്ങളെ ശിഥിലമാക്കുന്നു, തലമുറയെ നശിപ്പിക്കുന്നു.

താൻ അല്ലാഹുവിന്റെ ദാസനായ സൃഷ്ടിയാണ്, അവനിലേക്ക് മടങ്ങുന്നവനുമാണ് എന്ന തിരിച്ചറിവ് പ്രധാനമാണ്. മനുഷ്യന് അവന്റെ സ്രഷ്ടാവ് സ്വതന്ത്രമായ അസ്തിത്വം നൽകിയിരിക്കുന്നു. നന്മകൾ ചെയ്ത് ഉയരാനും തിന്മകൾ ചെയ്ത് അധമനാകാനും അവന് സാധിക്കും. ഈ ലോകത്തുവച്ച് ചെയ്ത നന്മ തിന്മകൾക്കുള്ള രക്ഷാശിക്ഷകൾ അവന് അനുഭവിക്കേണ്ടിവരും, അതിൽ യാതൊരു സംശയവുമില്ല.

“അപ്പോൾ ആർ ഒരു അണുവിന്റെ തൂക്കം നന്മചെയ്തിരുന്നുവോ അവനത് കാണും. ആർ ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവൻ അതും കാണും’’ (ക്വുർആൻ 99:7,8).

അല്ലാഹു മനുഷ്യരെ ആണും പെണ്ണുമായാണ് സൃഷ്ടിച്ചിട്ടുള്ളത്. ഓരോരുത്തരും അവരവർക്കുള്ള ഇണകളെ കണ്ടെത്തി കുടുംബജീവിതം നയിക്കണം. അതിന് സ്രഷ്ടാവ് ചില നിയമങ്ങൾ നിശ്ചയിച്ചുതന്നീട്ടുണ്ട്. അത് പാലിക്കുന്നേടത്താണ് യഥാർഥ പുരോഗതിയും സുരക്ഷയും ഉണ്ടാവുക. ആ ദൈവിക നിയമം ലംഘിക്കുന്നപക്ഷം മനുഷ്യൻ നാശത്തിൽ പതിക്കുമെന്നതിൽ സംശയമില്ല. അതിന് കാലം സാക്ഷിയാണ്. അത് അല്ലാഹു ലോകത്തിനു കാണിച്ചുകൊടുത്തുകൊണ്ടിരിക്കും.

“പറയുക: അല്ലാഹുവിന് സ്തുതി. തന്റെ ദൃഷ്ടാന്തങ്ങൾ അവൻ നിങ്ങൾക്ക് കാണിച്ചുതരുന്നതാണ്. അപ്പോൾ നിങ്ങൾക്കവ മനസ്സിലാകും. നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന യാതൊന്നിനെപ്പറ്റിയും നിന്റെ രക്ഷിതാവ് അശ്രദ്ധനല്ല’’ (27:93).

ചുരുക്കത്തിൽ, നമ്മുടെ വളരുന്ന തലമുറയെ തലതിരിഞ്ഞ പുരോഗതിയുടെ താത്കാലിക നേട്ടങ്ങളിൽനിന് മുഖം തിരിച്ചു നിൽക്കാൻ പാകത്തിൽ വൈജ്ഞാനികമായി ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിന് ഇസ്‌ലാമിക പഠന സംരംഭങ്ങളുമായി നമ്മുടെ തലമുറയെ എൻഗേജ്ഡ് ആക്കിയേ തീരൂ.