ത്രസിപ്പിച്ച് ‘ഇന്ത്യ’ താക്കീത് നൽകി ഭാരതം

സുഫ്‌യാൻ അബ്‌ദുസ്സലാം

2024 ജൂൺ 08, 1445 ദുൽഹിജ്ജ 01

അധികാരദുർവിനിയോഗത്തിനും അഴിമതിക്കും വർഗീയതക്കുമേറ്റ ശക്തമായ തിരിച്ചടിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും കാറ്റിൽപറത്തി സ്വേച്ഛാധിപത്യത്തിന്റെ നഖങ്ങളായിരുന്നു കഴിഞ്ഞ പത്തുവർഷം രാജ്യത്തെ അടക്കിഭരിച്ചത്. മതസ്വാതന്ത്ര്യത്തെ ഗളഹസ്തം ചെയ്തും സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളെ ഉന്മൂലനം ചെയ്തും പ്രതിപക്ഷ സ്വരങ്ങളെ ഇല്ലാതാക്കിയും രാജ്യത്തെ ഒരു ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള ശ്രമങ്ങളായിരുന്നു ഇതുവരെയും കണ്ടത്. ഇന്ത്യൻ ജനതയുടെ കരുത്തുറ്റ ജനാധിപത്യ ബോധത്തിന് മുന്നിൽ അവയെല്ലാം തകർന്നു തരിപ്പണമായി. ഇന്ത്യാ മുന്നണി രാജ്യത്തെ ത്രസിപ്പിച്ചിരിക്കുന്നു. മതനിരപേക്ഷ മണ്ണിനെ നെറുകെ പിളർത്താനുള്ള സംഘ്പരിവാറിനുള്ള ശക്തമായ താക്കീതാണ് ഭാരതം നൽകിയിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎക്ക് ഭൂരിപക്ഷം ലഭിച്ചുവെങ്കിലും എക്‌സിറ്റ് പോളുകളും ബിജെപി കേന്ദ്രങ്ങളും പ്രചരിപ്പിച്ച വിജയത്തിന്റെ അടുത്തൊന്നും അവർക്ക് എത്താനായില്ല. ഇന്ത്യാമുന്നണിയുടെ അതിശക്തമായ മുന്നേറ്റത്തിൽ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂരിപക്ഷത്തിന് പോലും കനത്ത ഇടിവാണ് ഉണ്ടായിട്ടുള്ളത്. സ്മൃതി ഇറാനി അടക്കമുള്ള ബിജെപി നേതാക്കളിൽ പലർക്കും പരാജയത്തിന്റെ കയ്പുനീർ നുകരേണ്ടിവന്നു. പ്രചണ്ഡമായ വർഗീയ പ്രചാരണങ്ങൾ അഴിച്ചുവിട്ട്, പ്രതിപക്ഷ പാർട്ടികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ച്, നേതാക്കളെ ജയിലിലടച്ച് ശക്തമായ അധികാര ദുർവിനിയോഗം നടത്തിയായിരുന്നു നരേന്ദ്രമോദി രാജ്യം ഭരിച്ചിരുന്നത്. ജനാധിപത്യത്തെ കുഴിച്ചുമൂടി, വർഗീയത ഇളക്കിവിട്ട്, മുഴുവൻ മാതൃകാപെരുമാറ്റച്ചട്ടങ്ങളും ലംഘിച്ച മോദിയെ അടക്കിനിർത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനു പോലും സാധിച്ചിരുന്നില്ല. കൂട്ടിലടക്കപ്പെട്ട തത്തയെപ്പോലെ പെരുമാറിയിരുന്ന കമ്മീഷനും ഈ തെരഞ്ഞെടുപ്പ് ഒരു പ്രഹരമായിരിക്കുന്നു.

2019ൽ സ്വന്തമായി 303 സീറ്റുകൾ നേടിയ ബിജെപിക്ക് 63 എണ്ണമാണ് ഇത്തവണ നഷ്ടപ്പെട്ടത്. 52 സീറ്റുകൾ മാത്രം ലഭിച്ചിരുന്ന കോൺഗ്രസ് ആവട്ടെ ഇത്തവണ 99 സീറ്റുകൾ നേടി കരുത്ത് തെളിയിച്ചിരിക്കുന്നു. 2014, 2019 തെരഞ്ഞെടുപ്പുകളിൽ യഥാക്രമം നാല് ലക്ഷത്തിനടുത്തും (3,71,784) അഞ്ച് ലക്ഷത്തിനടുത്തും (4,79,505) ഭൂരിപക്ഷം നേടിയിരുന്ന നരേന്ദ്രമോദിക്ക് ഇത്തവണ ലഭിച്ച ഭൂരിപക്ഷം ഒന്നര ലക്ഷം മാത്രമാണ് എന്നത് മോദിയുടെ വ്യക്തിത്വത്തിനും കടുത്ത വർഗീയ ഹിന്ദുത്വ നിലപാടുകൾക്കുമേറ്റ കനത്ത തിരിച്ചടിയാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. ‘ചാർ സൗ പാർ’ പ്രഖ്യാപനം നടത്തി തങ്ങൾ നാനൂറിലധികം സീറ്റുകൾ വാരുമെന്നും തന്റെ ഭൂരിപക്ഷം ആറു ലക്ഷം കവിയുമെന്നും വീരവാദം മുഴക്കിയ മോദിക്ക് വാരാണസിയിലെ ജനങ്ങൾ നൽകിയ മറുപടി ഇന്ത്യാ ചരിത്രത്തിലെ അവിസ്മരണീയ ഏടായി നിലനിൽക്കും.

ബിജെപി മുഴക്കിയ അവകാശവാദങ്ങളെ ശരിവയ്ക്കുന്ന വിധത്തിലായിരുന്നു മഹാഭൂരിപക്ഷം എക്്‌സിറ്റ് പോളുകളും. കഴിഞ്ഞ പത്തു വർഷക്കാലത്തെ ‘ഭയപ്പെടുത്തി അരുക്കാക്കുക’ എന്ന നിലപാടിലൂടെ ഹിന്ദി ഹൃദയഭൂമിയിലെ ഭൂരിപക്ഷം മാധ്യമങ്ങളെയും വിലക്കെടുത്ത മോദിക്ക് വഴങ്ങി യാഥാർഥ്യങ്ങളുടെ നേർക്ക് കണ്ണടച്ച് സ്വേച്ഛാധിപത്യത്തെ സർവാത്മനാ വാഴ്ത്തുകയും സർക്കാരിനെതിരെ വന്ന വിമർശനങ്ങളെ മുഖവിലക്കെടുക്കാതെ അവിടെയെല്ലാം സർക്കാരിനെ വെള്ളപൂശാൻ ശ്രമിച്ച മാധ്യമസ്ഥാപനങ്ങൾ തന്നെയാണ് എക്‌സിറ്റ് പോളുകൾക്കും വലിയ ആവേശം നൽകിയത്. ഇലക്ടറൽ ബോണ്ടിനെ കുറിച്ചോ, ബെൻസ്വാരയിലും മറ്റും നടത്തിയ മുസ്‌ലിം വിരുദ്ധ പരാമർശങ്ങളെ കുറിച്ചോ, സംവരണത്തെ കുറിച്ച് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞ കളവുകളെ കുറിച്ചോ ഒരു പരാമർശമോ ചർച്ചയോ നടത്താൻ മടിച്ച മാധ്യമങ്ങൾ തങ്ങൾക്ക് ലഭിക്കുന്ന ഇറച്ചിക്കഷ്ണങ്ങൾക്കുവേണ്ടി സത്യത്തെ മൂടിവയ്ക്കാനും അസത്യത്തെ പൊലിപ്പിക്കാനുമായിരുന്നു ശ്രമിച്ചുവന്നത്. ജനങ്ങളുടെ സമ്മതിദാന വിനിയോഗവും അവരുടെ ജനാധിപത്യബോധവും അളക്കാൻ ഇവർക്ക് സാധിച്ചില്ലെന്ന് മാത്രമല്ല, അവരുടെ വിശ്വാസ്യത പൂർണമായും തകർന്നു തരിപ്പണമാവുകയും ചെയ്തു. ഹിന്ദി മാധ്യമങ്ങളിൽ വരുന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് തങ്ങൾ എക്‌സിറ്റ് പോളുകൾ തയ്യാറാക്കിയത് എന്ന് ഒരു മലയാളി തെരഞ്ഞെടുപ്പ് ഫല വിദഗ്ധൻ (Psephologist)) നടത്തിയ പ്രസ്താവന എത്രമാത്രം അപഹാസ്യമാണ്! ഇന്ത്യയിലെ അറിയപ്പെടുന്ന സീഫോളജിസ്റ്റ് പ്രദീപ് ഗുപ്ത തങ്ങൾക്ക് തെറ്റിയ തെറ്റിനെ കുറിച്ച് പറഞ്ഞുകൊണ്ട് ചാനലിൽ ഇരുന്നു കരഞ്ഞ കാഴ്ച ഏറെ ചമർപ്പോടെയാണ് പ്രേക്ഷകർ കണ്ടത്. ഇന്ത്യൻ മാധ്യമങ്ങളുടെ കാപട്യവും പൊയ്മുഖവുമാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. ബിബിസി അടക്കമുള്ള വിദേശ മാധ്യമങ്ങൾ പോലും പ്രതിപക്ഷത്തിന് അനുകൂലമായ ശക്തമായ കാറ്റിനെ കുറിച്ച് പ്രവചിച്ചിരുന്ന സന്ദർഭത്തിലാണ് മോദിക്കും ബിജെപിക്കും വേണ്ടി ഇന്ത്യൻ മാധ്യമങ്ങൾ വീട്ടുവേല ചെയ്തിരുന്നത് എന്നുകൂടി ഓർക്കേണ്ടതുണ്ട്.

‘ഒത്തുപിടിച്ചാൽ മലയും പോരും’ എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കും വിധത്തിലുള്ള ത്രസിപ്പിക്കുന്ന ചരിത്രദൗത്യമാണ് ഇന്ത്യാമുന്നണി നിർവഹിച്ചിരിക്കുന്നത്. പത്തുമാസം മാത്രം പ്രായമുള്ള ഇന്ത്യാ മുന്നണിക്ക് ഇത്തരത്തിൽ കരുത്ത് കാണിക്കാൻ സാധിച്ചത് ഇന്ത്യയുടെ ജനാധിപത്യ മതനിരപേക്ഷ സ്വഭാവത്തിന്റെ കരുത്തുകൊണ്ട് മാത്രമാണ്. വ്യക്തിതാല്പര്യങ്ങൾക്ക് വേണ്ടിയും സ്വന്തം പാർട്ടികളുടെ വിജയത്തിനു വേണ്ടിയും മാത്രം പരസ്പരം പോരടിച്ച് മരിച്ചുവീണിരുന്ന ഇന്ത്യയിലെ മതനിരപേക്ഷ കക്ഷികൾക്ക് അവരുടെ തെറ്റ് ബോധ്യപ്പെടാൻ കുറേകാലം വേണ്ടിവന്നെങ്കിലും വൈകിയെങ്കിലും ഉദിച്ച വിവേകം അവർക്ക് ഇത്തവണ ഉപകാരപ്പെട്ടിരിക്കുന്നു. മതത്തിന്റെ വേഷമണിഞ്ഞും വികസനത്തിന്റെ പേരു പറഞ്ഞും രാജ്യഹൃദയത്തിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ഫാസിസത്തിന്റെയും ഥിയോക്രസിയുടെയും വേഷമണിഞ്ഞ ശത്രുക്കളെ തുരത്തിയോടിക്കാൻ മതനിരപേക്ഷശക്തികളുടെ ഐക്യത്തിലൂടെ സാധിക്കുമെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുന്നു. ‘ഐകമത്യം മഹാബലം,’ ‘ഒരുമയാണ് പെരുമ’ തുടങ്ങിയ ചൊല്ലുകൾ അന്വർഥമാക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്.

കേവലം പത്തുമാസം കൊണ്ട് മാത്രം രൂപപ്പെട്ട ഒരു ഐക്യമാണിത്. ഈ ഐക്യച്ചങ്ങലയിൽനിന്ന് കുതറിമാറിയ ജനാധിപത്യകക്ഷികൾ ഇനിയുമേറെയുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യാമുന്നണി അത്ര വലിയ യന്ത്രഘടന ആയിരുന്നില്ല. 2019ൽ യുപിഎ നേടിയത് കേവലം 91 സീറ്റുകൾ മാത്രമായിരുന്നു. അതിൽനിന്നും ഇരുനൂറ്റി നാല്പതോളം സീറ്റുകളിലേക്ക് പഴയ യുപിഎയുടെ പുതിയ രൂപമായ ഇന്ത്യാമുന്നണിക്ക് സാധിച്ചു എന്നത് ഹിന്ദുത്വവിരുദ്ധ ജനാധിപത്യ മതേതര യോജിപ്പ് സാധ്യമാവുന്ന ഒരു സ്ഥിരം സംവിധാനത്തിന്റെ പ്രസക്തിയാണ് വിളിച്ചോതുന്നത്. വിവിധ കക്ഷികൾ ഇന്ത്യയുടെ സംരക്ഷണം എന്ന പ്രത്യേക ലക്ഷ്യത്തിനുവേണ്ടി കൈകോർത്ത് പ്രവർത്തിക്കുമ്പോൾ അത് രാജ്യത്തെ ജനങ്ങൾക്ക് നൽകുന്ന ഒരു വലിയ സന്ദേശമുണ്ട്. പാർട്ടികൾക്ക് ലഭിക്കുന്ന നേട്ടങ്ങളെക്കാൾ അത് രാജ്യത്തെ ജനങ്ങൾക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ജനഹൃദയങ്ങളിൽ ജനാധിപത്യബോധവും മതസൗഹാർദവും സ്വാതന്ത്ര്യബോധവും പകർന്നുകൊടുക്കാൻ സാധിക്കുമ്പോൾ മാത്രമാണ് സംഘ് ശത്രുക്കളിൽനിന്നും രാജ്യത്തെ സംരക്ഷിക്കാൻ സാധിക്കുക. അല്പംകൂടി നേരത്തെ കാര്യങ്ങൾ പ്ലാൻ ചെയ്ത് മുന്നണിയിലെ കക്ഷികൾ പ്രവർത്തിച്ചിരുന്നെങ്കിൽ വലിയ ഭൂരിപക്ഷത്തോടെതന്നെ അധികാരത്തിലെത്താൻ സാധിക്കുമായിരുന്നു എന്ന് ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നുണ്ട്.

ഉത്തരം നൽകിയ ഉത്തർപ്രദേശ്

വർഷങ്ങൾക്കുശേഷം രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതും കൂടുതൽ പാർലമെന്റ് സീറ്റുകൾ ഉൾകൊള്ളുന്നതുമായ ഉത്തർപ്രദേശ് ഉത്തരം നൽകിയിരിക്കുകയാണ്. സമാജ്‌വാദിയും കോൺഗ്രസും ഇതര കക്ഷികളും പരസ്പരം കൊമ്പുകോർത്ത് മത്സരിച്ച് പടക്കളത്തിൽ വീണുമരിച്ചപ്പോൾ അതിന്റെ രക്തം കുടിച്ച് അധികാരസോപാനത്തിലെത്താൻ സാധിച്ചു എന്നല്ലാതെ ബിജെപിക്ക് ഉത്തർപ്രദേശിന്റെ ഹൃദയത്തെ കീഴടക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്ന് ഫലം വ്യക്തമാക്കുന്നു. ഏഴ് വർഷം മുമ്പ് (2017 മാർച്ച് 18) ‘നേർപഥം’ വാരികയിൽ ‘ഉത്തരം തേടുന്ന ഉത്തർപ്രദേശ്’ എന്ന തലക്കെട്ടിൽ സംസ്ഥാനത്തെ ജാതിസമവാക്യങ്ങളെ എങ്ങനെയാണ് ബിജെപി അവർക്കനുകൂലമാക്കാൻ ശ്രമിക്കുന്നത് എന്ന കാര്യം വ്യക്തമാക്കിയിരുന്നു. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ബിഎസ്‌പിയും കൈകോർത്ത് പിടിച്ചെങ്കിൽ മാത്രമെ ഹിന്ദുത്വരാഷ്ട്രീയത്തെ സംസ്ഥാനത്തുനിന്ന് പടിയിറക്കാൻ സാധിക്കുകയുള്ളൂ എന്ന കാര്യം അന്ന് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിലും അവർ ഇക്കാര്യം ഗൗനിച്ചില്ല. പരസ്പരം പോരാടി ബിജെപിക്ക് ഇല്ലാത്ത ഊർജം ഉണ്ടാക്കിക്കൊടുത്തു. ഈ തെരഞ്ഞെടുപ്പിൽ അവർ ഒന്നിച്ചുനിന്നപ്പോൾ ഹിന്ദി ഹൃദയഭൂമിയായ യുപിയിൽ ഇന്ത്യാമുന്നണിക്ക് ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. ഉത്തർപ്രദേശിൽ ആഞ്ഞുവീശിയ കാറ്റിന്റെ സ്വാധീനം ഇപ്പോൾ ബിജെപി കൈവശം വച്ചിരിക്കുന്ന മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും ഭാവിയിൽ അലയടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

ഇന്ത്യാമുന്നണിയെ അവഗണിച്ച് ഒറ്റക്കു നിന്ന ബിഎസ്‌പിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല എന്നത് അവർക്കുള്ള പാഠമാണ്. തെറ്റുതിരുത്തി ഇന്ത്യാമുന്നണിയുടെ ഭാഗമാവുക മാത്രമാണ് കാൻഷിറാം എന്ന സമുന്നതനായ നേതാവ് പടുത്തുയർത്തിയ പാർട്ടിയുടെ ഇപ്പോഴത്തെ നേതാവ് മായാവതിയുടെ മുന്നിലുള്ള ഏകമാർഗം. പിന്നാക്ക, പട്ടിക, ആദിവാസി വിഭാഗങ്ങളുടെയും അംബേദ്കർ ആശയങ്ങളെ നെഞ്ചേറ്റുന്ന വിഭാഗങ്ങളുടെയും നൂറുകണക്കിന് പാർട്ടികളാണ് ഹിന്ദി ഹൃദയഭൂമിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇവയിൽ ഓരോന്നിനെയും വെള്ളം നൽകി വളർത്തി ജാതിരാഷ്ട്രീയത്തിൽ ഭിന്നിപ്പുണ്ടാക്കുകയാണ് ബിജെപി ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് മനസ്സിലാക്കാൻ സാധിക്കാതെ പോവുന്നതാണ് സവർണ വിഭാഗങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും വോട്ടുകൾ നേടാൻ ബിജെപിക്ക് സാധിക്കുന്നത്. അവർണരുടെ വോട്ട് നേടി അധികാരത്തിലെത്തുന്ന ബിജെപിയാവട്ടെ അവരോട് കാണിക്കുന്ന വിവേചനം തിരിച്ചറിയാൻ പോലും ശക്തമല്ലാത്ത വിധം ഛിന്നഭിന്നമായിരിക്കുകയാണ് യുപിയിൽ അംബേദ്കർ രാഷ്ട്രീയം. യുപിയിൽ ഇന്ത്യാമുന്നണി പ്രധാനമായും ഇനി ലക്ഷ്യമിടേണ്ടത് ബിഎസ്‌പിയുടെ വോട്ടുബാങ്കുകളെയാണ്. ‘വണ്ടേ നീയോ തുലയുന്നു; വിളക്കും നീ കെടുത്തുന്നു’ എന്നുപറഞ്ഞപോലെയാണ് ബിഎസ്‌പിയുടെ യുപിയിലെ പ്രവർത്തനം. കടുത്ത ജാതിവിരുദ്ധ പരാമർശത്തെ തുടർന്ന് ബിഎസ്‌പിയിൽനിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്ന ഡാനിഷ് അലി മത്സരിച്ച അംറോഹ മണ്ഡലത്തിലെ ഫലം പരിശോധിച്ചാൽ എത്രമാത്രം ഉപദ്രവകരമാണ് ബിഎസ്‌പിയുടെ നിലവിലുള്ള നിലപാടുകൾ എന്ന് ബോധ്യപ്പെടും. മണ്ഡലത്തിൽ കേവലം ഇരുപത്തിയാറായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി വിജയിച്ചത്. അവിടെ ബിഎസ്‌പിയുടെ മുജാഹിദ് ഹസൻ നേടിയ വോട്ടുകൾ ഒന്നര ലക്ഷത്തിനും മീതെയാണ്. ഈ വോട്ടുകളാണ് ബിജെപിയുടെ രക്ഷക്കെത്തിയത്.

തകർന്നടിഞ്ഞ ‘രാമ’രാഷ്ട്രീയം

ബാബരി മസ്ജിദ് തകർത്ത് അതേ ഭൂമിയിൽ പണിത രാമക്ഷേത്രത്തെ ഉയർത്തിക്കാട്ടിയായിരുന്നു മോദിയും ബിജെപിയും ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പ് വിശേഷാൽ സമ്മാനമായി കഴിഞ്ഞ ജനുവരിയിലാണ് പണിതീരാത്ത ക്ഷേത്രം മോദി തന്നെ ഉദ്ഘാടനം ചെയ്തത്. ശ്രീരാമ വിശ്വാസികളെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യമില്ലാത്ത മറ്റൊന്നും അതിന് പിന്നിലുണ്ടായിരുന്നില്ല. യുപിയിലെ ജനങ്ങൾക്ക് ക്ഷേത്രങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല. പട്ടിണി വർധിക്കുകയും തൊഴിലില്ലായ്മ മൂർധന്യാവസ്ഥയിൽ എത്തിനിൽക്കുകയും ചെയ്യുന്ന അവരുടെ നിത്യജീവിതത്തിനാവശ്യമായ യാതൊന്നും ചെയ്തുകൊടുക്കാൻ മോദിക്കോ യോഗിക്കോ സാധിച്ചിരുന്നില്ല. ക്ഷേത്രം കാണിച്ച് ജനങ്ങളെ വിഡ്ഢികളാക്കാമെന്നായിരുന്നു അവർ കരുതിയത്. എന്നാൽ വർഗീയതയ്ക്കുവേണ്ടി നിർമിച്ച രാമക്ഷേത്രത്തെ അയോധ്യയിലെ ജനങ്ങൾ അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പിൽ അവർ കൃത്യമായ മറുപടി രേഖപ്പെടുത്തി. രാമക്ഷേത്രം സ്ഥിതിചെയ്യുന്ന അയോധ്യ ഉൾക്കൊള്ളുന്ന ഫൈസാബാദ് മണ്ഡലത്തിൽ അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സമാജ്‌വാദി പാർട്ടിയുടെ അവദേശ് പ്രസാദ് വിജയിച്ചത് എന്ന കാര്യം അയോധ്യയുടെ മതനിരപേക്ഷ ഹൃദയത്തെയാണ് അനാവരണം ചെയ്യുന്നത്. വർഗീയവിഷം കൊണ്ട് മോദിയും യോഗിയും മലീമസമാക്കാൻ ശ്രമിച്ച അയോധ്യ അവിടം ഒഴുകിക്കൊണ്ടിരിക്കുന്ന സരയൂ നദിയുടെ ശാന്തതയാണ് പ്രകടമാക്കുന്നത്.

ബൻസ്വാരയുടെ പ്രതികാരം

തെരഞ്ഞെടുപ്പിന്റെ ഒന്നും രണ്ടും ഘട്ടം കഴിഞ്ഞപ്പോൾ രാമരാഷ്ട്രീയവും അദാനി-അംബാനി നയങ്ങളും രക്ഷക്കെത്തില്ലെന്ന് കണ്ടപ്പോൾ കടുത്ത വർഗീയ പരാമർശങ്ങളിലേക്ക് കടക്കുകയായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന മോദി. വലിയ ധ്രുവീകരണങ്ങൾ സൃഷ്ടിക്കാനും കലാപങ്ങൾ ഉണ്ടാകുവാനും കാരണമായേക്കാവുന്ന തരത്തിൽ മുസ്‌ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്നും കൂടുതൽ മക്കളെ ഉണ്ടാക്കുന്നവരെന്നും പറഞ്ഞുകൊണ്ട് ആക്ഷേപിച്ച മോദി ലക്ഷ്യമിട്ടത് ഹൈന്ദവ വോട്ടുകളുടെ ഏകീകരണമായിരുന്നു. എന്നാൽ മോദിയുടെ പ്രസ്താവനയുടെ പ്രഭവകേന്ദ്രമായ രാജസ്ഥാനിലെ ബാൻസ്വാരയിൽ രണ്ടര ലക്ഷം വോട്ടുകൾക്കാണ് ബിജെപി പരാജയപ്പെട്ടത്. വർഗീയ പ്രസ്താവനകൾക്കുള്ള ശക്തമായ തിരിച്ചടി ബൻസ്വാരയുടെയും രാജസ്ഥാന്റെയും മതനിരപേക്ഷതയുടെ ശക്തിയെയാണ് വിളിച്ചോതുന്നത്.

ഭരണഘടന തിരിച്ചുവരണം

തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിക്കൊണ്ട് രാഹുൽഗാന്ധി നടത്തിയ പ്രസ്താവന ഏറെ പ്രതീക്ഷ നൽകുന്നതാണ്. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഇതര പാർട്ടികളെകൂടി ഉൾപ്പെടുത്തി ഇന്ത്യാ മുന്നണിയെ വിപുലമാക്കുകയും അനുകൂലസാഹചര്യം ഉണ്ടായാൽ ഒരു സർക്കാർ രൂപീകരണത്തിന് ശ്രമിക്കുകയും ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചത് ഇന്ത്യയിൽ വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾക്കുള്ള സൂചനയാണ്. ഇപ്പോൾ ബിജെപിയുടെ കൂടെയുള്ള ജെഡിയു, ടിഡിപി അടക്കമുള്ള നിരവധി കക്ഷികൾ മതനിരപേക്ഷ ജനാധിപത്യ ചേരിയിൽ നിലയുറപ്പിക്കേണ്ടവരാണ് എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, എന്തൊക്കെ സംഭവിച്ചാലും ഭരണഘടന സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായിരിക്കും തങ്ങൾ ഊന്നൽ നൽകുക എന്നുകൂടി അദ്ദേഹം പറഞ്ഞത് രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. കഴിഞ്ഞ പത്തുവർഷമായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഭരണഘടനാവിരുദ്ധ പ്രവർത്തനങ്ങൾക്കും ഭരണഘടന തിരുത്തിയെഴുതാനുള്ള ശ്രമങ്ങൾക്കുമേറ്റ കനത്ത തിരിച്ചടിയാണ് ഈ വിജയം.

മഹാരാഷ്ട്രയിലെ മഹാവിജയം

ചിന്നിച്ചിതറി കിടന്നിരുന്ന മഹാരാഷ്ട്ര ഇന്ത്യാമുന്നണിക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയിരുന്നത്. ശിവസേനയെയും എൻസിപിയെയും ഭിന്നിപ്പിച്ച് മഹാരാഷ്ട്രയിൽ സ്വാധീനം വലുതാക്കുകയായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ ബിജെപി ചെയ്തിരുന്നത്. ശരത്പവാർ എന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനെ ദുർബലമാക്കാൻ വേണ്ടി ബിജെപി നടത്തിയ കളി വിജയിച്ചു. ബിജെപിയുടെ വിധ്വംസകരാഷ്ട്രീയത്തെ ഏറെ ഭയപ്പെട്ടിരുന്ന ഉദ്ധവ് താക്കറെയെ ഇല്ലാതാക്കാൻവേണ്ടി ശിവസേനയിലെ ഒരു വിഭാഗത്തെ കൂടെക്കൂട്ടി മഹാരാഷ്ട്ര സർക്കാരിനെതന്നെ അട്ടിമറിക്കാനും ബിജെപിക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഇന്ത്യാമുന്നണിയുടെ രൂപീകരണത്തോടെ പവാറും ഉദ്ധവും ശക്തരായി. 2019ൽ 23 സീറ്റ് നേടിയ ബിജെപിക്ക് 9 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കൂടെക്കൂടിയ എൻസിപി, ശിവസേന എന്നിവയ്ക്ക് 8 സീറ്റുകളാണ് ലഭിച്ചത്. എന്നാൽ കോൺഗ്രസ് 13, ഉദ്ധവ് 9, പവാർ 8 എന്നിങ്ങനെ ഇന്ത്യാമുന്നണി 30 സീറ്റുകൾ നേടി വമ്പിച്ച വിജയമാണ് മഹാരാഷ്ട്രയിൽ നേടിയത്.

മമത കാട്ടിയ ബംഗാൾ

പശ്ചിമ ബംഗാളിൽ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് മമത ബാനർജി വലിയ വിജയം നേടിയിരിക്കുന്നത്. ഭാഗികമായി മാത്രം ഇന്ത്യാമുന്നണിയുടെ ഭാഗമായ തൃണമൂൽ കോൺഗ്രസ് ബംഗാളിൽ സഖ്യമുണ്ടാക്കാൻ തയ്യാറായിരുന്നില്ല. സംസ്ഥാന ഭരണത്തിനെതിരെ ശക്തമായ വികാരമുണ്ടാവുമെന്നും സന്ദേശ്ഖലി പോലുള്ള സംഭവങ്ങളുടെ പേരിൽ തൃണമൂലിന് ശക്തമായ തിരിച്ചടിയുണ്ടാവുമെന്നുമെല്ലാമായിരുന്നു നിരീക്ഷകരുടെ കണക്കുകൂട്ടൽ. ബിജെപി ശക്തമായി കാലുറപ്പിക്കുമെന്നും നിരീക്ഷകർ ഉറപ്പിച്ചിരുന്നു. എന്നാൽ അതിൽനിന്നും വ്യത്യസ്തമായി ആകെയുള്ള 42ൽ 29 സീറ്റും ദീദി കൈപ്പിടിയിലൊതുക്കി. 2019ൽ 18 സീറ്റുകൾ നേടിയിരുന്ന ബിജെപിക്ക് ഇത്തവണ 12 സീറ്റുകൾകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കോൺഗ്രസ് ഒരു സീറ്റിലൊതുങ്ങുക മാത്രമല്ല സംസ്ഥാന പിസിസി അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പത്താൻ യൂസുഫിനോട് പരാജയപ്പെടുകയും ചെയ്തു. ഇത് മുന്നണി രാഷ്ട്രീയത്തെ ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യം നോക്കി മാത്രമാണ് നടപ്പാക്കേണ്ടത് എന്ന യാഥാർഥ്യം കോൺഗ്രസിനെയും ബോധ്യപ്പെടുത്തുന്നുണ്ട്.

ബീഹാർ നൽകുന്ന പാഠം

ഇന്ത്യാമുന്നണി വിട്ടുപോയ നിതീഷ് കുമാറിനെ എല്ലാവരും എഴുതിത്തള്ളിയിരുന്നു. എന്നാൽ 12 സീറ്റ് സ്വന്തമായി നേടുക മാത്രമല്ല ബിജെപിക്ക് 12 സീറ്റ് സമ്മാനിക്കുകകൂടി ചെയ്തുകൊണ്ടാണ് ജെഡിയു ഇത്തവണ തങ്ങളുടെ ശക്തി തെളിയിച്ചിട്ടുള്ളത്. എൽജെപിയും അപ്രതീക്ഷിതമായി 5 സീറ്റ് നേടി എൻഡിഎക്ക് വലിയ വിജയം നേടിക്കൊടുത്തു. എല്ലാവരും പ്രതീക്ഷ പുലർത്തിയിരുന്ന ലാലു പ്രസാദിന്റെ ആർജെഡിയാവട്ടെ കേവലം 4 സീറ്റുകൾ മാത്രമാണ് നേടിയത്. കോൺഗ്രസും സിപിഐ-എംഎലും അടക്കം ഇന്ത്യാമുന്നണി ബീഹാറിൽ നേടിയത് ആകെ 9 സീറ്റുകൾ മാത്രമാണ്. ഇത് വ്യക്തമാക്കുന്നത് മതേതര മുന്നണിയുടെ ഭാഗമായി നിൽക്കേണ്ട ഏതൊരു കക്ഷിക്കും അതിന്റെതായ മൂല്യമുണ്ട് എന്നതാണ്. തെരഞ്ഞുടുപ്പ് ഫലം വരികയും ശക്തിതെളിയിക്കുകയും ചെയ്ത ജെഡിയുവിനും നിതീഷ്‌കുമാറിനും ഇനിയുള്ള ദൗത്യം രാജ്യത്തിന്റെ മതനിരപേക്ഷതയെ ഉയർത്തിപ്പിടിക്കുക എന്നതാണ്. അതിനായി ഇന്ത്യാമുന്നണിയുമായി ബന്ധപ്പെടാൻ അവർ ശ്രമിക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

ഡൽഹിയെ തൂത്തുവാരി ബിജെപി

ആം ആദ്മി പാർട്ടി തങ്ങളുടെ ചൂലുകൊണ്ട് തൂത്തുവാരുമെന്ന് പ്രതീക്ഷിച്ച ഡൽഹിയിൽ ബിജെപി സ്വാധീനം ഒന്നുകൂടി നിലനിർത്തിയ ഫലമാണ് പുറത്തുവന്നിട്ടുള്ളത്. കെജ്‌രിവാളിന്റെ അറസ്റ്റും അതിനുശേഷം അദ്ദേഹത്തിന് ലഭിച്ച ജാമ്യവും ആം ആദ്മി പ്രവർത്തകരിലും ഇന്ത്യാമുന്നണിയിലും വലിയ ഇളക്കമാണ് ഉണ്ടാക്കിയിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യാമുന്നണിക്ക് അനുകൂലമായില്ല. എന്നാൽ 2019ൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് ലക്ഷം മുതൽ ആറു ലക്ഷം വരെയുള്ള ഭൂരിപക്ഷത്തിന് ബിജെപി വിജയിച്ച മണ്ഡലങ്ങളാണ് ഡൽഹിയിലെ ഏഴു മണ്ഡലങ്ങളും. അതിൽ പല മണ്ഡലങ്ങളിലും ഒരു ലക്ഷത്തിന് താഴേക്ക് ബിജെപിയുടെ ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ട് എന്നത് വലിയ ആശ്വാസം തന്നെയാണ്. എന്നിരുന്നാലും ആം ആദ്മിയും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങൾ കുറച്ചുകൂടി സുതാര്യവും സുദൃഢവും ആക്കേണ്ടതുണ്ട് എന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്. എഎപിയുടെ രാജ്യസഭാംഗം സ്വാതി മലിവാൽ കെജ്‌രിവാളിന്റെ ഓഫീസിനെതിരെ ഉയർത്തിയ ആരോപണങ്ങൾ ഇന്ത്യാമുന്നണിയുടെ മുന്നേറ്റത്തെ ബാധിച്ചിട്ടുണ്ട് എന്നതും വ്യക്തമാണ്.

രാജസ്ഥാനിലെ രാജകീയവിജയം

2019ൽ ആകെയുള്ള 25 സീറ്റുകളിൽ 25ഉം നേടിക്കൊണ്ട് അത്യുജ്ജ്വല വിജയം നേടിയാണ് ബിജെപി രാജസ്ഥാനിൽ തേരോട്ടം നടത്തിയത്. ഇന്ത്യാമുന്നണിയുടെ ചിട്ടയായ പ്രവർത്തനങ്ങൾകൊണ്ട് ഇത്തവണ ബിജെപിയെ 14ലേക്ക് ചുരുട്ടിക്കെട്ടാൻ സാധിച്ചു എന്നത് വലിയ നേട്ടമാണ്. മോദിയുടെ ശക്തമായ വർഗീയ പരാമർശങ്ങൾകൊണ്ട് മലീമസമായ രാജസ്ഥാനിൽ കോൺഗ്രസിന് 8 സീറ്റും ബൻസ്വാരയിൽ മത്സരിച്ച ഭാരതീയ ആദിവാസി പാർട്ടിക്ക് ഒരു സീറ്റും നേടാനായി.

തെന്നിന്ത്യയിൽ മിന്നിയ ഇന്ത്യ

ദക്ഷിണേന്ത്യയിൽ 50 സീറ്റുകൾ നേടുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. ഇതിനായി മോദി നിരവധി തവണ ദക്ഷിണേന്ത്യ സന്ദർശിച്ചു. കഴിഞ്ഞ തവണ 25 സീറ്റ് നേടിയ കർണാടകയിൽ ഇത്തവണ കൂടുതൽ സീറ്റുകൾ ലഭിക്കാൻ വിദ്വേഷ പ്രസംഗങ്ങളെയാണ് മോദി അവലംബിച്ചത്. പക്ഷേ, അതൊന്നും മോദിയെ തുണച്ചില്ല. 25ൽ നിന്നും 17ലേക്ക് കൂപ്പുകുത്തുകയാണ് ചെയ്തത്. കോൺഗ്രസ് 9 സീറ്റുകൾ നേടുകയും ചെയ്തു. തമിഴ്നാട്ടിൽ ഏഴു തവണയാണ് തെരഞ്ഞെടുപ്പ് കാലത്ത് മോദി സന്ദർശനം നടത്തിയത്. തമിഴ്‌നാട്ടിലെ ചെങ്കോൽ പാർലമെന്റിൽ സ്ഥാപിച്ചുകൊണ്ടും നിരവധി ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിക്കൊണ്ടും മോദി തമിഴ്ഹൃദയങ്ങളെ കീഴടക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ എം.കെ.സ്റ്റാലിൻ എന്ന സിംഹത്തിന്റെ കാവലുള്ള തമിഴ്‌നാടിനെ കീഴ്‌പ്പെടുത്താൻ മോദിക്ക് സാധിച്ചില്ല. ഇത്തവണയും അക്കൗണ്ട് തുറക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല എന്നുമാത്രമല്ല എൻഡിഎ സഖ്യകക്ഷികൾക്കും അവിടെ സീറ്റുകൾ ലഭിച്ചില്ല. ആന്ധ്രയിൽ 2014ൽ മൂന്ന് സീറ്റ് ലഭിച്ചിരുന്നുവെങ്കിലും 2019ൽ പൂജ്യമായിരുന്നു ബിജെപിയുടെ കക്ഷിനില. ഇത്തവണ 2014ൽ നേടിയ മൂന്ന് സീറ്റുകൾ നിലനിർത്തിയിരുന്നു എന്നത് മാത്രമാണ് ആശ്വാസം. അതും ടിഡിപിയുടെ സ്വാധീന മേഖലയിലാണ് ബിജെപിക്ക് കാലുറപ്പിക്കാൻ കഴിഞ്ഞത്. തെലങ്കാനയിൽ ബിജെപിക്ക് 8 സീറ്റ് ലഭിച്ചത് ഇന്ത്യാമുന്നണിയുടെ ശക്തമായ പ്രവർത്തനം സംസ്ഥാനത്തുണ്ടായില്ല എന്നതിന്റെ തെളിവാണ്.

കേരളത്തിൽ വിരിഞ്ഞ താമര

കേരളത്തിൽ ഒരു സീറ്റ് നേടി ബിജെപി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യാമുന്നണിയും കോൺഗ്രസും സിപിഎമ്മും സിപിഐയുമെല്ലാം ശക്തമായി പ്രവർത്തിക്കുന്ന കേരളത്തിൽ ഒരു സീറ്റ് ബിജെപിക്ക് ലഭിക്കുമെന്ന് ഒരാളും പ്രതീക്ഷിച്ചിട്ടില്ല. എക്‌സിറ്റ് പോളുകളല്ലാത്ത മറ്റാരും ഇങ്ങനെയൊരു ഫലം പ്രതീക്ഷിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് തൃശൂരിൽ സുരേഷ്‌ഗോപിക്ക് എഴുപത്തി അയ്യായിരത്തിന്റെ ഭൂരിപക്ഷം ലഭിച്ചത് എന്നത് മുന്നണികൾ ആത്മപരിശോധന നടത്തേണ്ട വിഷയമാണ്. സി.പി.എം സ്വാധീന മേഖലയാണ് പൊതുവിൽ തൃശൂർ. അവിടെ മത്സരിക്കാൻ നിയോഗം വന്നു ചേർന്നത് സി.പി.ഐക്കാണ്. സിപിഐയുടെ സുനിൽ കുമാറും കോൺഗ്രസിന്റെ കെ മുരളീധരനും ഏറ്റവും മികച്ച സ്ഥാനാർഥികളായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞതവണ ടിഎൻ പ്രതാപന് ലഭിച്ച അത്രയും വോട്ടുകൾ ഇത്തവണ കെ.മുരളീധരന് ലഭിച്ചിട്ടില്ല. അതുപോലെ ഇടതുപക്ഷ കോട്ടകളിൽ മിക്കയിടങ്ങളിലും സുരേഷ്‌ഗോപി മുന്നേറി എന്നും മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിരുന്നു. കണക്കുകൾ ഇനിയും പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. പ്രാഥമികമായി കോൺഗ്രസ്, സി.പി.എം, സി.പി.ഐ ഉൾക്കൊള്ളുന്ന ഇന്ത്യാമുന്നണിയുടെ പരാജയമാണ് തൃശൂരിലെ ബിജെപി വിജയം വ്യക്തമാക്കുന്നത്. ഒരു സിനിമാതാരത്തിന് ലഭിച്ച വോട്ട് മാത്രമായി ഇതിനെ കണ്ടുകൂടാ. ചില സമുദായങ്ങൾ സുരേഷ്‌ഗോപിയുടെയും ബിജെപിയുടെയും വാചാടോപങ്ങളിൽ വീണുപോയിട്ടുണ്ട് എന്നത് വളരെ വ്യക്തമാണ്. മണിപ്പൂരിലെ ക്രിസ്ത്യൻ ജനത ബിജെപിയെ പരാജയപ്പെടുത്തി ഇന്ത്യാമുന്നണിക്ക് അനുകൂലമായി വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ തൃശൂരിൽ ലൂർദ് മാതാവിന്റെ പേരു പറഞ്ഞ് പള്ളിയിൽ പ്രതിഷ്ഠയും കിരീടവുമെല്ലാമായി സുരേഷ്‌ഗോപി പ്രവർത്തിച്ചത് വോട്ടായിട്ടുണ്ടെങ്കിൽ കൃത്യമായ അരാഷ്ട്രീയം സമുദായങ്ങളെ പേറിക്കൊണ്ടിരിക്കുന്നു എന്നത് വ്യക്തമാണ്. കേവലമായ രാഷ്ട്രീയ നേട്ടങ്ങൾക്കും വ്യക്തിപരമായ താല്പര്യങ്ങൾക്കും വേണ്ടി ഭരിക്കുന്ന സർക്കാരും ഇടതുപക്ഷവും ബിജെപിക്ക് അനുകൂലമായി വോട്ടുനൽകാൻ തയ്യാറായിട്ടുണ്ടെങ്കിൽ അതും രാഷ്ട്രീയ വ്യഭിചാരമാണ് എന്ന കാര്യത്തിൽ സംശയമില്ല.

ഇനിയും ശക്തമാവട്ടെ ഇന്ത്യ

ഇന്ത്യാമുന്നണി രാജ്യത്തിനാവശ്യമാണ്. ഇനിയും ശക്തമായി മുന്നോട്ടുപോകാനും രാജ്യത്തിന്റെ ഭരണഘടനയെ ഉയർത്തിപ്പിടിക്കാനും എല്ലാ ജനവിഭാഗങ്ങളെയും ഒരുപോലെ കണ്ടും രാജ്യത്തെ ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാവരുടെയും അവകാശങ്ങളുടെ സംരക്ഷണത്തിനായും പ്രവർത്തിക്കാൻ മുന്നണിക്ക് സാധ്യമാവട്ടെ. ഇന്ത്യയുടെ ജുഡീഷ്യറി, ഇലക്ഷൻ കമ്മീഷൻ, എൻഫോഴ്സ്മെന്റ്, കസ്റ്റംസ്, പോലീസ് സംവിധാനങ്ങളെ നീതിപൂർവകമായ മാത്രം ഉപയോഗിക്കാനും എല്ലാവർക്കും നീതി ലഭ്യമാക്കാനും മുന്നണിക്ക് കരുത്തുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. ഇനിയും ‘ഇന്ത്യ’ ഇന്ത്യയെ ത്രസിപ്പിക്കണം. വിധ്വംസകശക്തികൾക്കും രാജ്യത്തെ വെട്ടിമുറിക്കുന്ന ശക്തികൾക്കും ശക്തമായ താക്കീതായി നിലനിൽക്കാനും ‘ഇന്ത്യ’ എക്കാലവും നിലനിൽക്കണം.