നവോത്ഥാനത്തിന് വിലങ്ങ് പണിയുന്ന സമസ്ത പ്രമേയങ്ങൾ
മൂസ സ്വലാഹി കാര
2024 ഏപ്രിൽ 27, 1445 ശവ്വാൽ 18

ആദർശരാഹിത്യവും പ്രമാണവൈമുഖ്യവും അലങ്കാരമാക്കി, ശുഭ്രവസ്ത്രത്തിന്റെ അഴകിൽ അന്ധവിശ്വാസങ്ങൾക്ക് അത്യുത്സാഹം കാണിക്കുന്ന മുസ്‌ലിയാക്കന്മാർ സമസ്തയുടെ നൂറാം വാർഷികം ആഘോഷിക്കാൻ കോപ്പുകൂട്ടുന്ന തിരക്കിലാണ്. മതത്തിന്റെ വിശ്വാസ-കർമ കാര്യങ്ങൾക്ക് നേർവിപരീതം പ്രവർത്തിച്ച് വരുന്ന ഇവരെ ഇസ്‌ലാമിന്റെ യഥാർഥ സേവകരെന്ന നിലയിലാണ് അനുയായികൾ ഉറ്റുനോക്കുന്നത്.
എന്നാൽ സമസ്ത അതിന്റെ ആശയ പത്രികയായി ഇന്നും കൊണ്ടുനടക്കുന്ന, ശ്രദ്ധേയമെന്ന് വിശേഷിപ്പിക്കപ്പെട്ട എട്ടാം പ്രമേയം വായിച്ചാൽ ഇവരും ഇസ്‌ലാമും തമ്മിലുള്ള അന്തരവും ആ വഴിയിൽ പതിയിരിക്കുന്ന അപകടകവും ആർക്കും പെട്ടെന്ന് ബോധ്യപ്പെടും.
അജ്ഞതയിലും വഴികേടിലും ആകൃഷ്ടരായി, പരലോകത്തേക്കുള്ള ഒരുക്കത്തെ വിസ്മരിച്ച്, ഇഹലോകത്തെ സുഖം മാത്രം ഉന്നംവച്ച് ജീവിക്കുന്നവർക്ക് ക്വുർആൻ നൽകിയ താക്കീത് ഇപ്രകാരമാണ്. അല്ലാഹു പറയുന്നു: “...സത്യനിഷേധികൾക്ക് കഠിനമായ ശിക്ഷയാൽ മഹാനാശം തന്നെ. അതായത്, പരലോകത്തെക്കാൾ ഇഹലോകജീവിതത്തെ കൂടുതൽ സ്‌നേഹിക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് (ജനങ്ങളെ) പിന്തിരിപ്പിക്കുകയും അതിന് (ആ മാർഗത്തിന്) വക്രത വരുത്തുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരാരോ അവർക്ക്. അക്കൂട്ടർ വിദൂരമായ വഴികേടിലാകുന്നു’’ (14:2,3).
ഫറോക്കിൽവച്ച് 1933ൽ സംഘത്തിന്റെ 6ാം സമ്മേളനത്തിൽ ശിഹാബുദ്ദീൻ അഹ്‌മദ് കോയ ശാലിയാത്തി അവതരിപ്പിച്ച് പാസ്സാക്കിയെടുത്ത എട്ടാം പ്രമേയമടക്കം അഹ്‌ലുസ്സുന്ന വൽജമാഅയുടെ ആശയധാരക്ക് വിരുദ്ധവും പ്രമാണങ്ങളുടെ പിൻബലമില്ലാത്തതും ജനങ്ങളെ സത്യത്തിൽനിന്ന് അകറ്റുന്നതുമായ ആഹ്വാനങ്ങളുടെ പോരിശയും മേന്മയും അവർ തന്നെ എഴുതിയത് കാണുക:
“മതത്തിൽ കരിഞ്ചന്ത നടത്തികൊണ്ടാണ് നവീകരണവാദികൾ കേരളത്തിൽ പ്രവർത്തനമാരംഭിക്കു ന്നത്. സമകാലിക പണ്ഡിതന്മാർ തള്ളിക്കളഞ്ഞ നജ്ദിലെ ഇബ്‌നു അബ്ദുൽ വഹാബും ഈജിപ്തിലെ അഫ്ഗാനി, രിളാ, അബ്ദു ത്രയങ്ങളും പ്രചരിപ്പിച്ച വികലാശയങ്ങൾ പ്രചരിപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം. സമസ്ത ഇത് കയ്യോടെ പിടികൂടി. നവീകരണവാദങ്ങൾക്കും അവ പ്രചരിപ്പിക്കുന്ന പ്രസ്ഥാനങ്ങൾ ക്കുമെതിരെ ആഞ്ഞടിച്ചു. ഈ കാലങ്ങളിൽ സമസ്ത പാസ്സാക്കിയ പ്രമേയങ്ങളും കൈക്കൊണ്ട തീരുമാനങ്ങളും ബിദഈ പ്രസ്ഥാനങ്ങൾക്ക് ഇടിത്തീ വർഷങ്ങളായി അനുഭവപ്പെട്ടു. സമസ്തയുടെ പ്രമേയങ്ങൾക്കും തീരുമാനങ്ങൾക്കുമെതിരെ പല ഭാഗത്തുനിന്നും ആക്രാശങ്ങളും വിമർശനങ്ങളുമുണ്ടായി. പക്ഷേ, ഈ പ്രമേയങ്ങൾ ആധികാരികവും പ്രാമാണികവുമായിരുന്നു. സമസ്തക്ക് അത് തിരുത്തേണ്ടി വന്നിട്ടില്ല. ഇന്നും അവ പ്രസക്തങ്ങളായി നിലനിൽക്കുന്നു. ഓരോ വിഷയങ്ങളിലുമുള്ള മത കാഴ്ച പ്പാടുകൾ ചൂണ്ടിക്കാണിച്ച് തരുന്നു. സമസ്ത പറഞ്ഞത് അധികമായോ എന്ന് അക്കാലത്ത് ശങ്കിച്ചവർക്ക് പോലും അതാണ് മതം, മതമാണ് സമസ്ത പറഞ്ഞത് എന്ന് ഇപ്പോൾ ബോധ്യമുണ്ട്’’ (സുന്നി യുവജന സംഘം അറുപതാം വാർഷികോപഹാരം, പേജ് 200).
അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർ ഇവരുടെ തീരുമാനങ്ങളുടെ പൊള്ളത്തരം പലവുരു വിശദീക രിച്ചിട്ടുണ്ടെങ്കിലും അന്ധവിശ്വാസങ്ങളെ ശക്തിപ്പെടുത്താൻ ഇന്നും അവർക്കുള്ള പ്രധാന രേഖ എട്ടാം പ്രമേയം തന്നെയാണ്. ആശയതലത്തിൽ മുസ്‌ലിയാക്കന്മാർ ഇപ്പോൾ അനുഭവിക്കുന്ന അവശതയും സമൂഹത്തിൽനിന്ന് വരുന്ന അവരെ സമ്മർദത്തിലാക്കുന്ന ചോദ്യങ്ങളും നേതാക്കൾക്കിടയിലെ ഒരുമയില്ലായ്മയും ഈ പ്രമേയം പ്രമാണങ്ങൾക്ക് മുമ്പിൽ ദുർബലമായിട്ടുണ്ടെന്നതിന്റെ മതിയായ തെളിവാണ്. അപ്രതീക്ഷിതമായ മാറ്റങ്ങളും വിള്ളലുകളും സമസ്തയുടെ പിഴച്ച വാദങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുമ്പോഴും ‘നൂറിന്റെ വമ്പ്’ മുഴക്കുന്ന സാഹചര്യത്തിൽ സമസ്തയുടെ ആദർശത്തിന്റെ ഓരോ വശവും തീർത്തും അപ്രാമാണികമാണെന്ന് തുറന്നുകാണിക്കൽ അനിവാര്യമാണ്.
“മരിച്ചുപോയ അമ്പിയാ, ഔലിയാ, സ്വാലിഹീൻ ഇവരുടെ കറാമത്തു കൊണ്ടും ജാഹ്, ഹക്ക്, ബറക്കത്ത് ഇത്യാദികൊണ്ടും തവസ്സുൽ(ഇടതേട്ടം) ചെയ്യലും അവരെ നേരിട്ട് വിളിക്കലും അവരെ വിളിച്ചു സഹായത്തിന് അപേക്ഷിക്കലും അവരുടെ ആസാറുകളെക്കൊണ്ട് ബറക്കത്ത് മതിക്കലും...’’(അറുപതാം വാർഷികോപഹാരം, പേജ് 212).

അല്ലാഹുവിന്റെ മാത്രം അവകാശമായ ആരാധനയുടെ പ്രധാന നാല് ഇനങ്ങളെയാണിവിടെ സൃഷ്ടികളിലേക്കു തിരിച്ചിരിക്കുന്നത്. ആര്, എവിടുന്ന് പ്രശ്‌നങ്ങൾ പറഞ്ഞാലും അതുകേട്ട് പരിഹരിച്ചു കൊടുക്കാൻ ജീവിതകാലത്തും മരണശേഷവും ഔലിയാക്കൾക്ക് അല്ലാഹു കഴിവ് കൊടുത്തിട്ടുണ്ടെന്ന വ്യാജവാദം അടിസ്ഥാനമാക്കിയാണ് ഇത്തരം ശിർക്കിലേക്കിവർ ജനങ്ങളെ നയിക്കുന്നത്. ഇതിന്റെ അനന്തരഫലമെന്തെന്ന് ഇവർ തിരിച്ചറിയട്ടെ. അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്റെ ദൃഷ്ടാന്തങ്ങൾ തള്ളിക്കളയുകയോ ചെയ്തവനെക്കാൾ കടുത്ത അക്രമി ആരുണ്ട്? അക്രമികൾ വിജയം വരിക്കുകയില്ല; തീർച്ച. നാം അവരെ മുഴുവൻ ഒരുമിച്ചുകൂട്ടുകയും പിന്നീട് ബഹുദൈവാരാധകരോട് നിങ്ങൾ ജൽപിച്ചുകൊണ്ടിരുന്ന നിങ്ങളുടെ വകയായുള്ള ആ പങ്കാളികൾ എവിടെയെന്ന് നാം ചോദിക്കുകയും ചെയ്യുന്ന ദിവസം (ഓർക്കുക)’’ (ക്വുർആൻ 6:21,22).
അല്ലാഹുവിലേക്ക് ഇടതേട്ടം നടത്താൻ അനുവദിക്കപ്പെട്ട രീതികളിൽ ഹക്ക്വ്, ജാഹ്, ബറകത്ത് എന്നൊന്നില്ല തന്നെ! നബിﷺയിലോ ഉത്തമ തലമുറകളിലോ ഒരു തെളിവും ഇതിനില്ല.
തവസ്സുലിനെ സംബന്ധിച്ച് അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാർഗം (വസ്വീല) തേടുകയും അവന്റെ മാർഗത്തിൽ ധർമസമരത്തിൽ ഏർപെടുകയും ചെയ്യുക. നിങ്ങൾക്ക് (അതുവഴി) വിജയം പ്രാപിക്കാം’’ (5:35).
ഇവിടെ തേടാൻ കൽപിക്കപ്പെട്ട ‘വസ്വീല’ ആരാധനകൾകൊണ്ടും അനുസരണം കൊണ്ടുമാണെന്ന് അഹ്‌ലുസ്സുന്നയുടെ ഇമാമുമാരെല്ലാം വിശദീകരിച്ചിട്ടുണ്ട്.
മനസ്സിന്റെ തേട്ടമാകുന്ന പ്രാർഥന റബ്ബിനോടു മാത്രമെ ആകാവൂ എന്നത് സുവ്യക്തമാണ്. കാരണം അത് ആരാധനയാണ്. രണ്ടുവിധം പ്രാർഥനയുണ്ടെന്നും ഞങ്ങൾ ചെയ്യുന്നത് ആരാധനയാകുന്ന പ്രാർഥനയല്ല, കേവലമായ വിളിയാണെന്നും പറഞ്ഞ് മുസ്‌ലിയാക്കന്മാർ പഴുതടക്കാറുണ്ട്. ആരാധനയാ കാത്ത ഒരു പ്രാർഥന ഉണ്ടാവുകയില്ല. മരണപ്പെട്ടവരെ വിളിക്കുന്നത് വെറുതെയാണെങ്കിൽ പിന്നെന്തിനാ ണ് പ്രമേയം പാസ്സാക്കിയത്? പ്രമാണങ്ങൾ വളച്ചൊടിച്ച് ഇത്രയും കാലം ഇതിനെല്ലാം തെളിവൊപ്പിച്ചത്? അല്ലാഹുവിനോട് മാത്രം പ്രാർഥിക്കുന്നവരെ പല നിലയ്ക്കും ആക്ഷേപിച്ചത്?
പ്രാർഥനയെ ആരാധനയായിത്തന്നെ ക്വുർആൻ പരിചയപ്പെടുത്തുന്നത് കാണുക. അല്ലാഹു പറയുന്നു: “അല്ലാഹുവിനു പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നി നോടും നീ പ്രാർഥിക്കരുത്. നീ അപ്രകാരം ചെയ്യുന്നപക്ഷം തീർച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായി രിക്കും’’ (10:106).
ഇബ്‌നു കസീർ(റഹ്) പറയുന്നു: “നന്മയും തിന്മയും ഗുണവും ദോഷവും മടങ്ങുന്നത് അല്ലാഹുവിലേക്കാണ്. അവൻ ഏകനും ഒരു പങ്കുകാരില്ലാത്തവനുമാണ്; ആരാധന അവനു മാത്രം അർഹതപ്പെട്ടതും. അവന്ന് പങ്കുകാരനില്ല.’’
നബിﷺ കൽപിക്കപ്പെട്ടത് കാണുക; അല്ലാഹു പറയുന്നു: “(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ചുപ്രാർഥിക്കുന്നവരെ ആരാധിക്കുന്നതിൽനിന്ന് തീർച്ചയായും ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: നിങ്ങളുടെ തന്നിഷ്ടങ്ങളെ ഞാൻ പിന്തുടരുകയില്ല. അങ്ങനെ ചെയ്യുന്നപക്ഷം ഞാൻ പിഴച്ചുകഴിഞ്ഞു; സൻമാർഗം പ്രാപിച്ചവരുടെ കൂട്ടത്തിൽ ഞാൻ ആയിരിക്കുകയുമില്ല’’ (6:56).
ഇബ്‌റാഹീം നബി(അ) പറഞ്ഞ “എന്റെ രക്ഷിതാവിനോട് ഞാൻ പ്രാർഥിക്കുന്നു...’’ (19:48) എന്നതിനെ വിശദീകരിക്കവെ ഇബ്‌നു കസീർ(റഹ്) പറയുന്നു: “എന്റെ റബ്ബിനെ ഞാൻ ആരാധിക്കുന്നു. അവൻ ഏകനാണ്. യാതൊരു പങ്കാളിയും അവനില്ല.’’
ശിർക്കിൽ മുഴുകിയിരുന്ന അവിശ്വാസികൾക്ക് മുമ്പിൽ നബിﷺ നടത്തിയ പ്രഖ്യാപനത്തിന് പോലും ഇവർ ചെവികൊടുക്കുന്നില്ല. അല്ലാഹു പറയുന്നു: “(നബിയേ,) പറയുക: ഞാൻ എന്റെ രക്ഷിതാവിനെ മാത്രമെ വിളിച്ചു പ്രാർഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാൻ പങ്കുചേർക്കുകയില്ല’’ (72:20).
ഇതിന്റെ വിശദീകരണത്തിൽ ഇബ്‌നുകസീർ(റഹ്) പറഞ്ഞത് പ്രത്യേകം ശ്രദ്ധേയമാണ്: “നിശ്ചയം, ഞാൻ എന്റെ റബ്ബിനെ ആരാധിക്കുന്നു, അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനെക്കൊണ്ട് ഞാൻ കാവൽ തേടുകയും അവന്റെ മേൽ ഞാൻ ഭരമേൽപിക്കുകയും ചെയ്യുന്നു.’’
പ്രവാചകന്മാരുടെ ചരിത്രം പരതിയാൽ ഈ കാര്യം ഇനിയും കൂടുതൽ വ്യക്തമാകും. “വല്ലവനും അല്ലാഹുവോടൊപ്പം മറ്റു വല്ല ആരാധ്യനെയും വിളിച്ചു പ്രാർഥിക്കുന്ന പക്ഷം - അതിന് അവന്റെ പക്കൽ യാതൊരു പ്രമാണവും ഇല്ല തന്നെ...’’ എന്ന് ക്വുർആൻ (23:117) ഖണ്ഡിതമായി പറഞ്ഞിരിക്കെ ‘മരണപ്പെട്ടവരെ നേരിട്ടു വിളിക്കൽ’ അനുവദനീയമാക്കി നടക്കുന്നവർ വരാനുള്ള വിചാരണയെ ഭയന്നെങ്കിലും അത് പിൻവലിക്കട്ടെ.
സാധാരണ നിലയ്ക്കും പ്രതിസന്ധികൾ നേരിടുമ്പോഴും നാം നടത്തുന്ന സഹായ തേട്ടങ്ങൾ സഫലമാക്കിത്തരാൻ കഴിവുള്ള ഏകശക്തി അല്ലാഹു മാത്രമാണ്. അഭൗതികമായ നിലയിലുള്ള സഹായതേട്ടത്തെ ആരാധനയായിട്ടാണ് ഇസ്‌ലാം പഠിപ്പിച്ചത്. അല്ലാഹു പറയുന്നു: “നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു’’ (1:5).
‘നീയാണ് ഞങ്ങളുടെ രക്ഷാധികാരി...’ എന്ന് ക്വുർആനിൽ അല്ലാഹുവിനെക്കുറിച്ച് പറഞ്ഞതിന്റെ താൽപര്യം നമ്മെ സഹായിക്കുന്നവൻ എന്നുകൂടിയാണ്.
നബിﷺ വിപൽ ഘട്ടങ്ങൾ നേരിട്ടപ്പോൾ ഇത് എനിക്കുതന്നെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് പറയുകയല്ല ചെയ്തത്, മറിച്ച് മനമുരുകി റബ്ബിനോട് സഹായം ചോദിക്കുകയാണ്. “നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദർഭം (ഓർക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാൻ നിങ്ങൾക്ക് സഹായം നൽകുന്നതാണ് എന്ന് അവൻ അപ്പോൾ നിങ്ങൾക്കു മറുപടി നൽകി’’ (8:9).
ഈ സഹായതേട്ടം പ്രാർഥനയാണെന്ന് അഹ്‌ലുസ്സുന്നയുടെ വ്യാഖ്യാതാക്കൾ വിവരിച്ചിട്ടുണ്ട്. വ്യത്യസ്ത സമയങ്ങളിൽ നബി ﷺ ചൊല്ലാൻ പഠിപ്പിച്ച പ്രാർഥനകളിലും ഇബ്‌നു അബ്ബാസ്(റ), അബൂഹുറയ്‌റ(റ) എന്നിവർക്ക് പ്രത്യേകമായി അവിടുന്ന് നൽകിയ ഉപദേശങ്ങളിലും സഹായം തേടേണ്ടത് അല്ലാഹുവിനോടാണെന്ന് വ്യക്തമാക്കിയതായി കാണാം.
ഇതിനെയെല്ലാം അവഗണിച്ച് മുസ്‌ലിയാക്കന്മാർ ശിർക്കിന് വളമിട്ട് കൊടുക്കുന്നത് കാണുക: “ഏതേതു പ്രശ്‌നങ്ങളായിരുന്നാലും ശരി; ഐഹികമാകട്ടെ, പാരത്രികമാകട്ടെ ബദ്‌രീങ്ങളെ വിളിച്ച് സഹായം തേടിയാൽ തീർച്ചയായും സഹായം ലഭിക്കപ്പെടും. ഇസ്‌ലാമിക പ്രമാണങ്ങളിൽ അതിന് മതിയായ രേഖകൾ പ്രസ്പഷ്ടമായിരിക്കെ അത് ശിർക്കാണെന്ന് പറയുന്നവരുടെ തലക്കാണ് വട്ട്’’ (ബദ്ർ മൗലിദ് പരിഭാഷയും വിവരണവും, പേജ് 43).
അല്ലാഹുവിന്റെ നിയമത്തെ അധിക്ഷേപിക്കുന്ന, ബദ്‌രീങ്ങളുടെ മഹത്ത്വത്തെ അവമതിക്കുന്ന, നബിﷺയുടെ ജീവിതത്തെ അവഹേളിക്കുന്ന, പ്രമാണങ്ങളെ പുച്ഛിക്കുന്ന ഇത്തരം പ്രയോഗങ്ങൾ നടത്തി ശിർക്കിനെ വെളുപ്പിക്കാൻ അല്ലാഹുവിനെ ഭയപ്പെടുന്നവർക്ക് ഒരിക്കലും സാധിക്കുകയില്ല.
അനുഗ്രഹ പൂർണൻ അല്ലാഹുവാണ്. നമ്മുടെ ജീവിതത്തിൽ ബറകത്ത് ലഭിക്കാൻ അല്ലാഹു കാരണമാക്കിയ കാര്യങ്ങളിൽ മരണപ്പെട്ടവരിൽനിന്ന് ബറകത്ത് കാംക്ഷിക്കലില്ല. നബിﷺയുടെ ശേഷിപ്പുകൾക്ക് അല്ലാഹു നിശ്ചയിച്ച പുണ്യത്തിൽ നാം വിശ്വസിക്കണം. അതിനെ ആദരിക്കണം. എന്നാൽ അവയിൽനിന്ന് ഒന്നും ഇന്ന് ലഭ്യമല്ല. സ്വാലിഹുകളെ കൊണ്ടോ, ജാറങ്ങളിൽനിന്നോ മറ്റോ ബറകത്തെടുക്കൽ ഇസ്‌ലാമിന്റെ സംസ്‌കാരവുമല്ല. ശിയാ-സൂഫികളിൽനിന്നാണ് അതിന്റെ ഉത്ഭവം.

ഉപകാരം കിട്ടുമെന്നും ഉപദ്രവം തടയപ്പെടുമെന്നുമുള്ള വിശ്വാസത്തിലാണ് നബിﷺ അടക്കമുള്ള വരിൽനിന്ന് ഇവർ ബറകത്ത് ആഗ്രഹിക്കുന്നത്. ഇത് വസ്തുതക്ക് എതിരാണ്. അല്ലാഹു പറയുന്നു: “നബിയേ,) പറയുക: അല്ലാഹുവെ കൂടാതെ നിങ്ങൾക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങൾ ആരാധിക്കുന്നത്? അല്ലാഹുവാകട്ടെ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു’’ (5:76).
അല്ലാഹുവിൽനിന്ന് സാധിച്ചുകിട്ടേണ്ടതായ ഒരു കാര്യത്തിനുള്ള കഴിവ് മറ്റാർക്കും അവൻ വിട്ടു കൊടുത്തിട്ടില്ല. നബിﷺയുടെ നിലപാട് ക്വുർആൻ പറയുന്നു: “പറയുക: നിങ്ങൾക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേർവഴിയിലാക്കുക എന്നതോ എന്റെ അധീനതയിലല്ല’’(72:21).
സത്യനിഷേധികൾക്കുള്ളതുപോലെ ഒരു ‘ദാതു അൻവാത്ത്’ (ബറകത്തെടുക്കാനുള്ള മരം) ആവശ്യപ്പെട്ട ചില സ്വഹാബികളെ നബിﷺ ശാസിച്ചതും മദീനത്തെ ബറകത്തിനു വേണ്ടി അവിടുന്ന് പ്രത്യേകം അല്ലാഹുവിനോട് പ്രാർഥിച്ചതും മാതൃകയായി സ്വീകരിക്കുന്നവരാണ് യഥാർഥ വിശ്വാസികൾ.
തിരുശേഷിപ്പുകൾ എന്ന പേരിൽ പല മാലിന്യങ്ങളും ഇറക്കുമതിചെയ്ത് ആത്മീയ ചൂഷണം നടത്തുന്ന പുരോഹിതന്മാർ അതിന്റെ പരമ്പര ചോദിച്ച് പരസ്പരം അടികൂടിയും പെരുകിക്കൊണ്ടിരിക്കുന്ന മത വാണിഭ കേന്ദ്രങ്ങളായ ജാറങ്ങളുടെ വലിപ്പത്തരം പറഞ്ഞ് കടിച്ചുകീറിയും കള്ളക്കറാമത്തു കഥകൾ പറഞ്ഞ് കുരുക്കിൽപ്പെട്ടും കഴിയുന്ന അവസ്ഥയിലാണിപ്പോൾ. അല്ലാഹുവിനെയും അടിമകളെയും സമപ്പെടുത്തിയാൽ ഇതായിരിക്കും ഗതി.
“മരിച്ചുപോയ അമ്പിയാ, ഔലിയാ ഇവർക്കും മറ്റു മുസ്‌ലിമീങ്ങൾക്കും കൂലി കിട്ടുവാൻ വേണ്ടി ധർമ്മം ചെയ്യലും കോഴി, ആട്, മുതലായവ ധർമ്മം ചെയ്യാൻ നേർച്ച ചെയ്യലും അവർക്ക് വേണ്ടി ഖുർആൻ ഓതലും ഓതിക്കലും മുസ്‌ലിം മയ്യിത്തുകളെ മറവ് ചെയ്തതിന് ശേഷം ഖബറിങ്കൽ വെച്ചും മറ്റു സ്ഥലങ്ങളിൽ വെച്ചും ഖുർആൻ ഓതലും ഓതിക്കലും’’ (പേജ് 212).
പ്രമേയത്തിന്റെ രണ്ടാം ഭാഗമാണിത്. ക്വബ്ർ, ധർമം, ക്വുർആൻ ഓതൽ, നേർച്ച എന്നീ കാര്യങ്ങളെ സൂചിപ്പിച്ചുകൊണ്ടാണ് ഇക്കൂട്ടർ മതവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൊഴുപ്പുകൂട്ടുന്നത്. മുസ്‌ലിമിന്റെ ക്വബ്ർ ഒരു ചാണിലധികം ഉയർത്താൻ പാടില്ല. ക്വബ്‌റുകൾക്ക് മേൽ എടുപ്പുണ്ടാക്കുക, അവ കെട്ടിപ്പൊക്കുക എന്നത് ശിയാക്കൾ തുടങ്ങിയതും സൂഫികൾ പ്രചരിപ്പിച്ചതുമാണ്. നബിﷺയിൽനിന്ന് ഒരു വാക്കിന്റെ പിന്തുണപോലും ഇതിനില്ല. അദ്ദേഹത്തിന്റെ ക്വബ്ർ ഒരു ചാണിനുമേൽ ഉയർത്തപ്പെട്ടിട്ടുമില്ല.
നേർച്ച നമ്മുടെമേൽ നിർബന്ധമാക്കപ്പെട്ട ഒരു ആരാധനയല്ല. ആരെങ്കിലും അല്ലാഹുവിനെ അനുസരിക്കുന്നതിൽ വല്ലതും സ്വയം നേർച്ചയാക്കിയാൽ അത് പൂർത്തിയാക്കണം. അല്ലാഹു പറയുന്നു: “നേർച്ച അവർ നിറവേറ്റുകയും ആപത്തു പടർന്നുപിടിക്കുന്ന ഒരു ദിവസത്തെ അവർ ഭയപ്പെടുകയും ചെയ്യും’’ (76:7).
വിളംബരം ചെയ്തും പരസ്യപ്പെടുത്തിയുമുള്ള നേർച്ചപ്പരിപാടികളെ മതവുമായി ബന്ധപ്പെടുത്തി കാര്യം നേടുകയാണിവർ. ഓരോ ജാറത്തിലും ആഘോഷിക്കപ്പെടുന്ന നേർച്ചയുടെ വർഷങ്ങളും രൂപങ്ങളും സമയങ്ങളും രീതികളും വ്യത്യസ്തമാവുകയും എത്രയോ നിഷിദ്ധങ്ങൾ അവിടങ്ങളിൽ സ്ഥാനം പിടിക്കുകയും ചെയ്യുന്നു. ആടുമാടുകളെയും കോഴികളെയുമൊക്കെ പല മക്വ‌്‌ബറകളിലേക്കും ആളുകൾ നേർച്ചയാക്കുന്നത് അവിടെനിന്ന് പ്രശ്‌നങ്ങൾ പരിഹരിച്ചുകിട്ടുമെന്ന പ്രതീക്ഷയോടെയാണ്. അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് (ജനങ്ങളെ) തെറ്റിച്ചുകളയാൻ വേണ്ടി അവർ അവന്ന് ചില സമൻമാരെ ഉണ്ടാക്കിവച്ചിരിക്കുന്നു. പറയുക: നിങ്ങൾ സുഖിച്ചുകൊള്ളൂ. നിങ്ങളുടെ മടക്കം നരകത്തിലേക്കുതന്നെയാണ്’’(14:30).
മയ്യിത്തിന് കൂലി കിട്ടാൻ ക്വുർആൻ ഓതുന്നതും ഓതിപ്പിക്കുന്നതും അതിന്റെ തലഭാഗത്തിരുന്ന് തൽക്വീൻ ചൊല്ലുന്നതും പ്രവാചക ജീവിതത്തിലോ അനുചരന്മാരിലോ മാതൃകയുള്ളതല്ല. എല്ലാം നല്ലതായി തോന്നുന്നതും ഏതായാലും കുഴപ്പമില്ലെന്ന് തീരുമാനിക്കുന്നതും അത്ര നിസ്സാരവുമല്ല. അല്ലാഹു പറയുന്നു: “അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് അവർക്കിടയിൽ നീ വിധികൽപിക്കുകയും, അവരുടെ തന്നിഷ്ടങ്ങളെ പിൻപറ്റാതിരിക്കുകയും, അല്ലാഹു നിനക്ക് അവതരിപ്പിച്ചുതന്ന വല്ല നിർദേശത്തിൽനിന്നും അവർ നിന്നെ തെറ്റിച്ചുകളയുന്നതിനെപ്പറ്റി നീ ജാഗ്രത പുലർത്തുകയും ചെയ്യണമെന്നും (നാം കൽപിക്കുന്നു). ഇനി അവർ പിന്തിരിഞ്ഞ് കളയുകയാണെങ്കിൽ നീ മനസ്സിലാക്കണം; അവരുടെ ചില പാപങ്ങൾ കാരണമായി അവർക്ക് നാശം വരുത്തണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നതെന്ന്. തീർച്ചയായും മനുഷ്യരിൽ അധികപേരും ധിക്കാരികളാകുന്നു’’ (5:49).
ക്വുർആൻ ഓതൽ മയ്യിത്തിന്റെ പ്രവർത്തനമല്ലാത്തതിനാൽ മയ്യിത്തിനു വേണ്ടി മറ്റൊരാൾ ഓതിയാൽ അതിന്റെ കൂലി മയ്യിത്തിനു കിട്ടുകയില്ല. അല്ലാഹു പറയുന്നു: “മനുഷ്യന്ന് താൻ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും...’’(53:39). ഇമാം നവവി(റഹ്) ശാഫിഈ മദ്ഹബിന്റെ അഭിപ്രായമായി പറഞ്ഞത് കാണുക: “ശാഫിഈ മദ്ഹബിലെ പ്രസിദ്ധമായ അഭിപ്രായം മയ്യിത്തിനുവേണ്ടി ക്വുർആൻ ഓതിയാൽ അതിന്റെ പ്രതിഫലം മയ്യിത്തിന് ലഭിക്കുകയില്ല എന്നതാണ്’’ (ശർഹു മുസ്‌ലിം, വാള്യം 1, പേജ് 138).
“ഖബ്ർ സിയാറത്ത് ചെയ്യലും ഖബ്‌റാളികൾക്ക് സലാം പറയലും അവർക്ക് വേണ്ടി ദുആ ഇരക്കലും ഖബർ സിയാറത്തിനു യാത്ര പോകലും’’ (പേജ് 212).
നബിചര്യയിൽ ക്വബ്ർ സന്ദർശനത്തിന്റെ ലക്ഷ്യം എന്താണോ അത് വലുതാക്കി കാണിച്ച് സകല അന്ധവിശ്വാസ കേന്ദ്രങ്ങളിലേക്കും സിയാറത്ത് ടൂർ നടത്താൻ തെളിവുണ്ടാക്കുകയാണിവിടെ. മസ്ജിദുൽ ഹറം, മസ്ജിദുന്നബവി, ബൈത്തുൽ മഖ്ദിസ് എന്നിവിടങ്ങളിലേക്കാണ് കൂലി പ്രതീക്ഷിച്ച് പ്രത്യേകം യാത്ര പുറപ്പെടാൻ അനുവാദമുള്ളത്. മറ്റൊരിടത്തേക്കും ഈ നിലയ്ക്ക് പോകാൻ പാടില്ല. പുരോഹിത ന്മാരുടെ നേതൃത്വത്തിൽ ഇതിന്റെ പേരിൽ ഇന്ന് വൻകൊള്ളയാണ് നടക്കുന്നത്. നബിﷺയുടെ ക്വബ്ർ അദ്ദേഹത്തോട് ആവലാതി പറയാനായി ഒരുക്കപ്പെട്ടിട്ടുണ്ടോ? ലക്ഷക്കണക്കിന് സ്വഹാബികളിൽ ഒരാളുടെയെങ്കിലും ക്വബ്‌റിനെ സിയാറത്ത് യാത്രക്കുള്ള ഇടമാക്കി സജ്ജീകരിച്ചിട്ടുണ്ടോ? അനുവദിക്കപ്പെട്ട പള്ളികളെ എടുത്തുകാട്ടി സ്വഹാബികൾ ആരെങ്കിലും ഏതെങ്കിലും സ്ഥലത്തേക്ക് പുണ്യയാത്ര പോയോ?
‘ആയത്ത്, ഹദീസ്, മറ്റ് മുഅള്ളമായ അസ്മാഅ് ഇവകൊണ്ട് മന്ത്രം ചെയ്യലും ഉറുക്ക് എഴുതിക്കെട്ടലും പിഞ്ഞാണമെഴുതിക്കൊടുക്കലും വെള്ളം, നൂല് മുതലായവ മന്ത്രിച്ചുകൊടുക്കലും ബുർദ ഓതി മന്ത്രിക്കലും’’ (പേജ് 212).
ഇസ്‌ലാം മുന്നോട്ടുവച്ച മന്ത്രത്തോടുള്ള സ്‌നേഹമല്ല ഇത്. മുസ്‌ലിയാക്കന്മാരുടെ അത്താണിയായ അനിസ്‌ലാമിക മന്ത്രവാദങ്ങൾക്കും പൈശാചിക ചികിത്സാരീതികൾക്കും കനം കൂട്ടുകയാണ്. മഹത്തുക്കളായി ചമയുന്നവർ ഊതുന്നതിലും തുപ്പുന്നതിലും ചുരുട്ടുന്നതിലും ചൊല്ലുന്നതിലും ഗുണം കാണുമെന്നാണ് പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത്. അവർക്ക് അതിനുള്ള കഴിവു നൽകപ്പെട്ടിട്ടുണ്ട് എന്നാണ് വാദം. നബിﷺ പകർന്നുതന്ന മന്ത്രങ്ങൾ ശിർക്കില്ലാത്തതും ആർക്കും പകർത്താവുന്നതുമാണ്. കളം വരക്കലോ, നൂലോ ചരടോ ചുരുട്ടോ ബുഖാറോ കുന്തിരിക്കമോ അതിനാവശ്യമില്ല. നക്ഷത്രങ്ങൾ, രാശികൾ, ഗോളങ്ങൾ, രാവ് എന്നിവ അതിനായി നോക്കേണ്ടതില്ല.
ഔഫ് ഇബ്‌നുമാലിക്(റ)പറഞ്ഞു: “ഞങ്ങൾ ജാഹിലിയ്യത്തിൽ മന്ത്രിക്കാറുണ്ടായിരുന്നു. ഞങ്ങൾ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, എന്താണ് താങ്കളുടെ അഭിപ്രായം?’’ അവിടുന്ന് പറഞ്ഞു: “നിങ്ങളുടെ മന്ത്രം എനിക്ക് കാണിച്ചുതരിക. ശിർക്കില്ലാത്ത മന്ത്രത്തിന് കുഴപ്പമില്ല’’ (ബുഖാരി).
ഏലസ്സിലും ഐക്കല്ലിലും ഭരമേൽപിച്ചുള്ള മന്ത്രസമ്പ്രദായം നബിﷺയുടെ അധ്യാപനങ്ങളിൽ പെട്ടതല്ല. ഇബ്‌നു മസ്ഊദി(റ)ൽനിന്ന്; നബിﷺ പറഞ്ഞു: “നിശ്ചയമായും മന്ത്രം, ഏലസ്സ്, ഉറുക്ക് എന്നിവ ശിർക്കാണ്’’ (അബൂദാവൂദ്).
ഹിജ്‌റ 694ൽ മരണപ്പെട്ട സൂഫിയായ ബൂസൂരി രചിച്ച, നബിﷺയെ പ്രശംസിക്കുന്ന കാവ്യമാണ് ബുർദ. പരിധിവിട്ട വാഴ്ത്തലുകൾ നടത്തി നബി ﷺയോട് നേരിട്ട് ശുപാർശതേടുന്ന വരികൾ അതിലടങ്ങിയിട്ടുണ്ട്.
“ഖാദിരിയ്യ, ശാദുലി, രിഫാഇ മുതലായ ശരിയായ ത്വരീഖത്തുകളിലെ ശരിയായ ശൈഖന്മാരുടെ കൈ തുടർച്ചയും ഒറ്റക്കും യോഗം ചേർന്നും നടപ്പുള്ള റാത്തീബും ത്വരീഖത്തിലെ ദിക്‌റുകളും ചെയ്യലും ദലാഇലുൽ ഖൈറാത്ത്, ഹിസ്ബുനബവി, അസ്മാഉന്നബി, അസ്മാഉൽ ബദ്‌രിയ്യീൻ, ഹിസ്ബുൽ ബഹർ മുതലായ വിർദുകളെ ചട്ടമാക്കലും ദിക്‌റുകൾ കണക്കാക്കാൻ തസ്ബീഹ് മാല കണക്കാക്കലും’’ (പേജ് 212).
സ്വിറാത്തുൽ മുസ്തക്വീമിന്റെ യഥാർഥ അവകാശികളാവുക എന്നത് നമ്മുടെ ജീവിതത്തിന്റെ ആത്യാന്തിക ലക്ഷ്യവും അഭിലാഷവുമാണ്. അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ ബാധ്യതയാകുന്നു നേരായ മാർഗം (കാണിച്ചുതരിക) എന്നത്. അവയുടെ (മാർഗങ്ങളുടെ) കൂട്ടത്തിൽ പിഴച്ചവയുമുണ്ട്. അവൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ നിങ്ങളെയെല്ലാം അവൻ നേർവഴിയിലാക്കുമായിരുന്നു’’(16:9).
പിശാചിന്റെ കാലടികളെ പിൻപറ്റി സത്യത്തെ എതിർത്തും അതിൽനിന്ന് തെറ്റിയും ചെരിഞ്ഞും സഞ്ചരിക്കുന്ന ഒട്ടേറെ വിഭാഗങ്ങൾ എന്നുമുണ്ടാകും. സമസ്തക്ക് ഒറ്റ വഴിയില്ല, മറിച്ച് പലരാലും ഉണ്ടാക്കപ്പെട്ട മാർഗങ്ങൾക്ക് അടിമപ്പെട്ടവരാണവർ. ശിയാക്കളുടെയും സൂഫികളുടെയും ഉൽപന്നമായ ത്വരീഖത്തുകൾക്ക് ഇവിടെ തൊട്ടിലൊരുക്കിയവരാണ് സമസ്തക്കാർ. മുഹ്‌യിദ്ദീൻ ശൈഖിലേക്ക് ചേർക്കപ്പെട്ട ഖാദിരിയ്യത്തും അഹ്‌മദു രിഫാഇയുടെ രിഫാഇയ്യത്തും അബുൽ ഹസനിലേക്ക് എത്തുന്ന ശാദുലിയ്യത്തും കച്ചവടവഴികളാണ്, ഇതെല്ലാം സൂഫീധാരകളാണ്.
അല്ലാഹുവിനെക്കാൾ വലിയ സ്ഥാനത്തേക്ക് ഈ ശൈഖുമാർ ഉയർത്തപ്പെടുകയും അവന്റെ വിശേഷണങ്ങളും കഴിവുകളും മാലകളിലൂടെ ഇവർക്ക് നൽകി പാടിപ്പരത്തുകയും ചെയ്തു. ‘ഞങ്ങളെ നീ നേർമാർഗത്തിൽ ചേർക്കേണമേ’ എന്ന് നിരന്തരം പ്രാർഥിക്കുന്ന വിശ്വാസി ഇതിൽനിന്നെല്ലാം വിട്ടു നിൽക്കുന്നവനാണ്. ഉത്തമ തലമുറയിൽ കണ്ണിയായ ഒരാളും ത്വരീക്വത്തുകൾക്ക് നായകത്വം വഹിച്ചിട്ടില്ല. സത്യപാത പിൻപറ്റണമെന്നതും മറ്റു മാർഗങ്ങളെ വെടിയണമെന്നതും നബിﷺയുടെ വസ്വിയ്യത്ത് കൂടിയാണ്.
അല്ലാഹു പറയുന്നു: “ഇതത്രെ എന്റെ നേരായ പാത. നിങ്ങൾ അത് പിന്തുടരുക. മറ്റുമാർഗങ്ങൾ പിൻപറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാർഗത്തിൽനിന്ന് നിങ്ങളെ ചിതറിച്ചുകളയും. നിങ്ങൾ സൂക്ഷ്മത പാലിക്കാൻ വേണ്ടി അവൻ നിങ്ങൾക്ക് നൽകിയ ഉപദേശമാണത്’’(6:153). വലുതും ചെറുതുമായ ത്വരീക്വത്തുകളുടെ ശ്രേഷ്ഠതകൾ പറഞ്ഞുള്ള തർക്കങ്ങളും തെറ്റിപ്പിരിയലും എന്നും ഇവർക്കൊരു തലവേദനയാണ്.
പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട ദിക്‌റുകളും പ്രാർഥനകളും മാറ്റിവച്ച്, സൂഫീ ആചാര്യൻമാർ എഴുതിക്കൂട്ടിയ എടുകളിലാണ് മുസ്‌ലിയാക്കന്മാർ അഭയം തേടുന്നത്. അതിനാണ് ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ബദ്‌രീങ്ങളുടെ നാമങ്ങൾക്കല്ല മഹത്ത്വം, അവരുടെ വിശ്വാസത്തിനാണ്.
“മൻഖൂസ് മുതലായ മൗലിദുകൾ ബദ്‌രിയ്യത്ത് ബൈത്ത്, ബദർമാല, മുഹ്‌യിദ്ദീൻ മാല, രിഫാഈ മാല നേർച്ചപ്പാട്ടുകൾ ചൊല്ലുകയും ചൊല്ലിക്കുകയും ചെയ്യുക’’ (പേജ് 213).
സമസ്തയുടെ ആശയപ്രമാണങ്ങളായി കണക്കാക്കപ്പെടുന്നതും ദിവ്യബോധനമായി കിട്ടിയതിനെക്കാൾ അവർ പരിപാവനമായി കാണുന്നതുമാണിതെല്ലാം! ഇസ്‌ലാമുമായി ഇവയ്‌ക്കെല്ലാം എന്തു ബന്ധമാണുള്ളത്? ഇന്നും സമുദായത്തിലെ ഭൂരിപക്ഷം ക്വുർആനിനെക്കാൾ ഇവയെ ആദരിച്ചാചരിക്കുന്നതിന്റെ പാപഭാരം ആരുടെ തലയിലായിരിക്കും?
ഇസ്‌ലാമിക പ്രമാണങ്ങൾക്ക് നേർവിപരീതമായ ഈ പ്രമേയം പൗരോഹിത്യത്തിന് പണയപ്പെട്ടവർക്കു മാത്രമുള്ളതാണെന്ന് അവർ തന്നെ പറയുന്നു: “കേരളത്തിലെ മുസ്‌ലിംകളിൽ അനേക കൊല്ലമായിട്ട് നിരാക്ഷേപമായി നടന്നുവന്നതും ഇപ്പോഴും നടത്തിവരുന്നതുമായ താഴെ വിവരിക്കുന്ന കാര്യങ്ങൾ അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിന്റെ ഉലമാക്കളാൽ മതാനുസരണങ്ങളാണെന്നും സ്ഥിരപ്പെട്ടവയാണെന്നും ഇവ മതവിരുദ്ധങ്ങളാണെന്നോ അഥവാ ശിർക്കാണെന്നോ പറയുന്നവർ സുന്നികളല്ലെന്നും അവർ ഖത്വീബ് സ്ഥാനത്തിനും ഖാളീ സ്ഥാനത്തിനും കൊള്ളരുതാത്തവരാണെന്നും ഈ യോഗം തീരുമാനിക്കുന്നു’’ (സുന്നി വോയ്‌സ്, 2017 ഫെബ്രുവരി 16 - 28, പേജ് 14).
ഇസ്‌ലാം പഠിപ്പിച്ച ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും വെടിഞ്ഞ് ആരൊക്കെയോ പടച്ചുണ്ടാക്കിയവയെ ജീവിതത്തിൽ പകർത്തുന്നവർ അറിയുക; പരലോകം സത്യമാണ്.

