ജമാഅത്തെ ഇസ്‌ലാമി: മാറ്റിയത് നയമല്ല; ആദർശമാണ്
മൂസ സ്വലാഹി കാര
2024 ജനുവരി 06, 1445 ജു.ഉഖ്റാ 24

ഇസ്‌ലാമിന്റെ ശരിയായ വിശ്വാസധാരയിൽനിന്ന് വ്യതിചലിച്ച് പ്രമാണ വക്രീകരണത്തിലൂടെ പുതിയ ഒരു ആശയം മെനഞ്ഞുണ്ടാക്കി, അബുൽ അഅ്‌ലാ മൗദൂദി സാഹിബ് 1941ൽ ഇന്ത്യയിൽ രൂപീകരിച്ച സംഘടനയാണ് ‘ജമാഅത്തെ ഇസ്‌ലാമി.’ ‘വിധികർതൃത്വം അല്ലാഹുവിന് മാത്രമാകുന്നു’ എന്ന വാദമുയർത്തി ഖലീഫമാർക്കെതിരെ രംഗപ്രവേശനം ചെയ്ത ഖവാരിജുകൾക്ക് സമമായി മതരാഷ്ട്ര സംസ്ഥാപനം ലക്ഷ്യം വെച്ചുകൊണ്ടാണ് അദ്ദേഹം കടന്നുവന്നത്. 1948 ഏപ്രിൽ 16ന് ഹാജി സാഹിബ് എന്നറിയപ്പെടുന്ന വി.പി മുഹമ്മദലി സാഹിബിലൂടെ മൗദൂദിസത്തിന്റെ കേരള ഘടകം ‘ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്’ എന്ന പേരിൽ രൂപീകരിക്കപ്പെട്ടതും ഈ ലക്ഷ്യത്തിലൂന്നിയായിരുന്നു.
മൗദൂദി സാഹിബിനെ ജമാഅത്തുകാരുടെ നവോത്ഥാന നായകനാക്കി അവതരിപ്പിക്കുന്നത് നോക്കൂ: “ഇന്ന് ലോകമെങ്ങും ഏറെ ചർച്ച ചെയ്യപ്പെടുന്ന ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ആദ്യ അലകൾ ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ഇളക്കിവിട്ടത് സയ്യിദ് അബുൽ അഅ്‌ലാ മൗദൂദിയാണ്’’ (ജമാഅത്തെ ഇസ്‌ലാമി, ലഘു പരിചയം/ശൈഖ് മുഹമ്മദ് കാരക്കുന്ന്/പേജ് 31).
“ആരൊക്കെയാണീ വസന്തത്തിന്റെ രാജശില്പികൾ? ശഹീദ് ഹസനുൽ ബന്ന, സയ്യിദ് മൗദൂദി, സയ്യിദ് ഖുതുബ് , മുഹമ്മദ് ഇബ്‌നു അബ്ദിൽ വഹാബ്, ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി, റഷീദ് രിദാ, മുഹമ്മദ് അബ്ദു’’ (ഇസ്‌ലാമിക നവോത്ഥാനം; രണ്ടാം ഘട്ടത്തിനൊരു മുഖവുര/പേജ് 3).
ഇന്ത്യക്കകത്തുള്ള പണ്ഡിതന്മാരോടൊന്നിച്ച് പ്രവർത്തിക്കാനുള്ള സാഹചര്യം മൗദൂദി സാഹിബിനുണ്ടായിട്ടും തിടുക്കത്തിൽ പുതിയൊരു പ്രസ്ഥാനത്തിന് അദ്ദേഹം തുടക്കമിട്ടത് തന്റെ വികലമായ ആദർശം സമൂഹത്തിൽ പ്രചരിപ്പിക്കാൻ വേണ്ടി മാത്രമാണ്. അബുൽ കലാം ആസാദ്, അബുൽ ഹസൻ അലി നദ്‌വി തുടങ്ങി അനേകം പണ്ഡിതന്മാർ അദ്ദേഹത്തിന് മറുപടി നൽകിയിട്ടുണ്ട്.
മൗദൂദി സാഹിബിന്റെ പ്രസ്ഥാന നിർമിതിയുടെ കാരണവും അദ്ദേഹത്തിന് സംഭവിച്ചതായ പിഴവും എന്താണെന്ന് വിശദമായി നമുക്കൊന്ന് മനസ്സിലാക്കാം. അല്ലാഹുവല്ലാത്തവരെ അനുസരിക്കുന്നതിനെ ആരാധനയാക്കിയും ജിഹാദിനെ(അല്ലാഹുവിന്റെ മാർഗത്തിലെ ത്യാഗപരിശ്രമം) തെറ്റായി വ്യാഖ്യാനിച്ചും ക്വുർആനിന്റെ സംരക്ഷണത്തെ വെല്ലുവിളിച്ചും അഹ്‌ലുസ്സുന്ന വൽജമാഅയുടെ പണ്ഡിതന്മാരെ അവമതിച്ചും റബ്ബ്, ഇലാഹ്, ദീൻ, ഇബാദത്ത് തുടങ്ങിയ പദങ്ങളെ ദുരുപയോഗം ചെയ്തും അദ്ദേഹം എഴുതിയത് കാണുക: (ഇതിനൊക്കെ ഞങ്ങൾ എന്നേ മറുപടി പറഞ്ഞതാണെന്നു പറഞ്ഞ് ന്യായീകരണ നേതാക്കൾ മൗനം പാലിച്ചേക്കാം. എന്നാൽ ഇതൊന്നും കേൾക്കാത്ത, വായിക്കാത്ത, അറിയാത്ത പുതുതലമുറക്കാരുണ്ട്. അവരുടെ അറിവിലേക്കാണ് ഇത് എഴുതുന്നത്).
“ഈ ഇസ്‌ലാമിക പാർട്ടി രൂപം കൊള്ളുന്നതോടെ അത് നിലവിൽവന്ന ലക്ഷ്യസാക്ഷാത്ക്കാരത്തിന്റെ മാർഗത്തിൽ ജിഹാദ് ആരംഭിക്കുകയായി. അനിസ്‌ലാമികമായ അടിത്തറകളിൽ നിലനിൽക്കുന്ന ഭരണ വ്യവസ്ഥകൾ നശിപ്പിക്കുക, അവയെ വേരോടെ പിഴുതെറിയുക, പകരം വിശുദ്ധക്വുർആൻ അല്ലാഹുവിന്റെ വചനം എന്ന് വിശേഷിപ്പിച്ച നീതിനിഷ്ഠവും മധ്യമവുമായ നിയമങ്ങളുടെ അസ്തിവാരത്തിൽ സ്ഥാപിതമായ സാമൂഹികക്രമം സ്ഥാപിക്കുക എന്നതാണത്. ഇവയ്‌ക്കെല്ലാം വേണ്ടി അത്യധ്വാനം ചെയ്യുന്നതിൽനിന്ന് ഒഴിവാകാതിരിക്കുക എന്നത് അതിന്റെ പ്രകൃതത്തിലും താത്പര്യത്തിലും പെട്ടതാണ്. ഈ പാർട്ടി ഇസ്‌ലാമിക സിദ്ധാന്തങ്ങളിലധിഷ്ഠിതമായ നിയന്ത്രണത്തിനും സത്യത്തിന്റെ സംസ്ഥാപനത്തിനും ഭരണസമ്പ്രദായത്തിന്റെ പരിവർത്തനത്തിനും സാധ്യമായ ശ്രമങ്ങൾ വ്യയം ചെയ്യുകയും ഈ മാർഗത്തിൽ ശരിയാംവിധം ജിഹാദ് നടത്തുകയും ചെയ്യുന്നില്ലെങ്കിൽ ലക്ഷ്യം പൂർത്തീകരിക്കുന്നതിലും പാർട്ടിയുടെ രൂപീകരണോദ്ദേശ്യം അന്വർഥമാക്കുന്നതിലും അത് പരാജയപ്പെട്ടതായാണ് കണക്കാക്കപ്പെടുക’’ (ജിഹാദ്/അബുൽ അഅ്‌ലാ മൗദൂദി/പേജ് 22).
“ഈ വിശദീകരണത്തിൽനിന്നു ‘ദീൻ’ എന്നാൽ യഥാർഥത്തിൽ സ്റ്റേറ്റ് (State) ആണെന്നും ശരീഅത്ത് ആ സ്റ്റേറ്റിന്റെ നിയമവ്യവസ്ഥയാണെന്നും ആ നിയമവ്യവസ്ഥയനുസരിച്ച് ജീവിതം നയിക്കുന്നതിനാണ് ഇബാദത്ത് എന്നു പറയുന്നതെന്നുമുള്ള സംഗതി വ്യക്തമാകുന്നതാണ്. നിങ്ങൾ ഏതെങ്കിലുമൊരാളെ നിരുപാധികം വിധികർത്താവായി സമ്മതിച്ച് അയാളുടെ അടിമത്തം സ്വീകരിക്കുമ്പോൾ വാസ്തവത്തിൽ നിങ്ങളയാളുടെ ദീനിൽ പ്രവേശിക്കുകയാണ് ചെയ്യുന്നത്. നിങ്ങൾ സമ്മതിച്ച വിധികർത്താവ് അല്ലാഹു ആണെങ്കിൽ അല്ലാഹുവിന്റെ ദീനിൽ പ്രവേശിച്ചു. ഇനി ഒരു രാജാവിനെയാണ് വിധികർത്താവായി സ്വീകരിച്ചതെങ്കിൽ രാജാവിന്റെ ദീനിൽ പ്രവേശിച്ചു. ഒരു പ്രത്യേക സമുദായത്തെയാണെങ്കിൽ ആ സമുദായത്തിന്റെ ദീനിലാണ് നിങ്ങൾ പ്രവേശിച്ചത്. ഇനി സ്വന്തം സമുദായത്തിന്റെയോ സ്വദേശക്കാരുടെയോ ഭൂരിപക്ഷത്തെയാണ് വിധികർത്താവായി സ്വീകരിക്കുന്നതെങ്കിൽ ആ ഭൂരിപക്ഷത്തിന്റെ ദീനിൽ പ്രവേശിച്ചു. ചുരുക്കത്തിൽ ആരെ അനുസരിക്കുക എന്ന മാല നിങ്ങൾ കഴുത്തിലിടുന്നുവോ യഥാർഥത്തിൽ അവരുടെ ദീനിലായിരിക്കും നിങ്ങൾ. ആരുടെ നിയമമനുസരിച്ച് നിരുപാധികം പ്രവർത്തിക്കുന്നുവോ അവർക്കായിരിക്കും വാസ്തവത്തിൽ നിങ്ങൾ ഇബാദത്തു ചെയ്യുന്നത്’’ (ഖുതുബാത്ത്/മൗദൂദി/പേജ് 264,265).
“എന്നാൽ, ക്വുർആന്റെ അവതരണവേളയിൽ സുഗ്രഹമായിരുന്ന ഈ പദങ്ങളുടെ മൗലികാശയങ്ങൾ പിൽക്കാല നൂറ്റാണ്ടുകളിൽ ക്രമേണ ക്രമേണ മാറിക്കൊണ്ടിരുന്നു. എത്രത്തോളമെന്നാൽ, പ്രസ്തുത പദങ്ങൾക്ക് അവയുടെ വിശാലമായ അർഥം നഷ്ടപ്പെടുകയും അങ്ങേയറ്റം പരിമിതവും അവ്യക്തവുമായ ആശയങ്ങളിൽ അവ ഒതുങ്ങിപ്പോവുകയും ചെയ്തു. കളങ്കമറ്റ അറബിഭാഷാ ആസ്വാദനത്തിൽ സംഭവിച്ച അപചയമായിരുന്നു അതിനൊരു കാരണം. ക്വുർആന്റെ അവതരണവേളയിൽ അനിസ്‌ലാമിക സമൂഹത്തിൽ ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീൻ എന്നീ പദങ്ങൾക്ക് പ്രചാരത്തിലുണ്ടായിരുന്ന അർഥങ്ങൾ പിന്നീട് ഇസ്‌ലാമിക സമൂഹത്തിൽ ജനിച്ചു വളർന്നവരെ സംബന്ധിച്ചിടത്തോളം അവശേഷിച്ചിരുന്നില്ല എന്നതാണ് മറ്റൊരു കാരണം. ഈ രണ്ടു കാരണങ്ങളാൽ പിൽക്കാലത്തു വന്ന ഭാഷാ കൃതികളും വ്യാഖ്യാനഗ്രന്ഥങ്ങളും മിക്ക ക്വുർആനിക പദങ്ങളെയും അവയുടെ മൗലികമായ ഭാഷാർഥങ്ങൾക്കു പകരം അന്ന് മുസ്‌ലിംകൾ മനസ്സിലാക്കിയിരുന്ന അർഥങ്ങളിൽ വിശദീകരിച്ചുതുടങ്ങി’’ (ക്വുർആനിലെ നാല് സാങ്കേതിക ശബ്ദങ്ങൾ/മൗദൂദി/പേജ് 14,15).

“മുസൽമാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്ന് പ്രസ്താവിക്കുന്നു; ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്‌ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങളതിന്റെ മുമ്പിൽ സർവാത്മനാ തലകുനിക്കുകയാണെങ്കിൽ നിങ്ങളുടെ വിശുദ്ധ ക്വുർആനെ പിറകോട്ടു വലിച്ചെറിയലായിരിക്കും. നിങ്ങളിതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കുവഹിക്കുകയാണെങ്കിൽ നിങ്ങളുടെ തിരുദൂതനോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങളതിന്റെ കൊടിപിടിക്കുകയാണെങ്കിൽ നിങ്ങളുടെ ദൈവത്തിനെതിരെ രാജദ്രോഹക്കൊടി ഉയർത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്‌ലാമിന്റെ പേരിൽ മുസ്‌ലിംകളെന്നു നിങ്ങൾ സ്വയം അവകാശപ്പെടുന്നുണ്ടോ അതിന്റെ ആത്മാവും ഈ അവിശുദ്ധ വ്യവസ്ഥിതിയുടെ ആത്മാവും തമ്മിൽ തുറന്ന സമരത്തിലാണ്. അതിന്റെ മൗലികതത്ത്വങ്ങളും ഇതിന്റെ മൗലികതത്ത്വങ്ങളും തമ്മിൽ പ്രത്യക്ഷ സംഘട്ടനമാണ്. അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്‌ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വീഴുന്നിടത്ത് ഇസ്‌ലാം വെറും ജലരേഖയായിരിക്കും. ഇസ്‌ലാമിന് സ്വാധീനമുള്ള ദിക്കിൽ ആ വ്യവസ്ഥക്ക് സ്ഥാനവുമുണ്ടാവുകയില്ല. നിങ്ങൾ പരിശുദ്ധ ക്വുർആനും തിരുദൂതരും ആവിഷ്‌കരിച്ച ഇസ്‌ലാമിലാണ് യഥാർഥത്തിൽ വിശ്വസിക്കുന്നതെങ്കിൽ നിങ്ങൾ എവിടെയായിരുന്നാലും ശരി മതേതര ഭൗതിക സിദ്ധാന്തത്തിലധിഷ്ഠിതമായ ഈ ദേശീയ ജനായത്തത്തെ പ്രതിരോധിക്കുകയും പകരം ദൈവവിശ്വാസത്തിലധിഷ്ഠിതമായ ആ മാനുഷിക പ്രാതിനിധ്യത്തിന്റെ സ്ഥാപനാർഥം സമരം നടത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത മതകർത്തവ്യം മാത്രമാകുന്നു. നിങ്ങൾക്ക് ഒരു പ്രത്യേക ജനതയെന്ന നിലയിൽ സ്വാതന്ത്ര്യവും സ്വയം നിർണായാവകാശവും ലഭിക്കുന്നേടത്ത് വിശേഷിച്ചും. യഥാർഥ ഇസ്‌ലാമിക വ്യവസ്ഥിതിക്കു പകരം ഈ കുഫ്ർ വ്യവസ്ഥയാണ് നിങ്ങൾ സ്വന്തം കരങ്ങൾകൊണ്ട് നിർമിച്ചു നടത്തുന്നതെങ്കിൽപ്പിന്നെ നിങ്ങളോടെനിക്കൊന്നും പറയാനില്ല’’ (മതേതരത്വം, ദേശീയത്വം, ജനാധിപത്യം; ഒരു താത്വിക വിശകലനം/മൗദൂദി/പേജ് 25,26).
ആരാധന അല്ലാഹുവിന് മാത്രം എന്ന് പഠിപ്പിച്ച ക്വുർആൻ അല്ലാഹുവല്ലാത്തവരെ അനുസരിക്കുന്നതിന്റെ വ്യത്യസ്ത ഇനങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. നബിﷺ, പണ്ഡിതന്മാർ, മാതാപിതാക്കൾ, അധ്യാപകർ, കൈകാര്യകർത്താക്കൾ എന്നിവർ അതിൽ ചിലതാണ്. ഇതിനെയെല്ലാം ശിർക്കും കുഫ്‌റുമാക്കാൻ തുനിഞ്ഞ മൗദൂദി സാഹിബ് മനസ്സിലാക്കേണ്ടിയിരുന്നു; ക്വുർആനിൽ പരസ്പര വിരുദ്ധ ആശയങ്ങൾ ഉണ്ടാവുകയില്ലെന്ന്. അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളിൽനിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക...’’(4:59).
മഹാനായ യൂസുഫ് നബി(അ) അനിസ്‌ലാമിക ഭരണകൂടത്തിന് കീഴിൽ ഉയർന്ന ജോലി ചെയ്തതിനെപ്പറ്റി ക്വുർആൻ പറയുന്നു: “അദ്ദേഹം (യൂസുഫ്)പറഞ്ഞു: താങ്കൾ എന്നെ ഭൂമിയിലെ ഖജനാവുകളുടെ അധികാരമേൽപിക്കൂ. തീർച്ചയായും ഞാൻ വിവരമുള്ള ഒരു സൂക്ഷിപ്പുകാരനായിരിക്കും. അപ്രകാരം യൂസുഫിന് ആ ഭൂപ്രദേശത്ത്, അദ്ദേഹം ഉദ്ദേശിക്കുന്നിടത്ത് താമസമുറപ്പിക്കാവുന്നവിധം നാം സ്വാധീനം നൽകി. നമ്മുടെ കാരുണ്യം നാം ഉദ്ദേശിക്കുന്നവർക്ക് നാം അനുഭവിപ്പിക്കുന്നു. സദ്‌വൃത്തർക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല’’ (12:55,56).
വിശ്വാസികൾക്ക് മാതൃകയായി ക്വുർആൻ ഉപമിച്ച ആസ്യ ബീവി എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിച്ചത് ഫിർഔനിന്റെ കൊട്ടാരത്തിലല്ലേ? ഇതു പ്രകാരം ക്വുർആൻ ഒരു ഭാഗത്ത് ശിർക്കിനെയും കുഫ്‌റിനെയും മറ്റൊരിടത്ത് അതിനെതിരായതിനെയും സ്ഥാപിച്ചുവെന്ന് വരില്ലേ?

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹ്) പറയുന്നു: “നബി ﷺയുടെ പ്രബോധനം കേട്ട് അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണെന്ന് തിരിച്ചറിഞ്ഞ്, അദ്ദേഹത്തിലും അദ്ദേഹത്തിന് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിക്കുകയും കഴിവിന്റെ പരമാവധി അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്ത് അനിസ്‌ലാമിക നാട്ടിൽ ജീവിച്ചിരുന്ന എല്ലാ വിശ്വാസികളും അപ്രകാരം തന്നെയാണ്. നജ്ജാശിയെ പോലെയുള്ളവർ അതിനുള്ള ഉദാഹരണമാണ്. ഇസ്‌ലാമിക രാജ്യത്തേക്ക് പലായനം ചെയ്യാനോ, എല്ലാ നിയമങ്ങളും പാലിക്കാനോ അദ്ദേഹത്തിന് സാധിച്ചില്ല. അദ്ദേഹത്തിന് എല്ലാ മതവിധികളും പഠിപ്പിച്ചുകൊടുക്കാൻ പോലും ആരുമില്ലായിരുന്നു. എന്നാൽ പോലും സ്വർഗത്തിൽ പ്രവേശിക്കുന്ന സത്യവിശ്വാസികളിൽ അദ്ദേഹം ഉൾപ്പെടും. ഫിർഔന്റെ ആൾക്കാരിൽപ്പെട്ട-തന്റെ വിശ്വാസം മറച്ചുവെച്ചുകൊണ്ടിരുന്ന- (ക്വുർആൻ പരിചയപ്പെടുത്തിയ) ഒരു വിശ്വാസിയും, ഫിർഔനിന്റെ തന്നെ ഭാര്യയും അവിശ്വാസികളുടെ കൂടെ ഈജിപ്തിൽ ജീവിച്ച യൂസുഫ് നബിയുമൊക്കെ സമാനമായ ഉദാഹരണങ്ങളാണ്. യൂസുഫ് നബി(അ)ക്ക് അറിയുന്നതെല്ലാം പ്രവർത്തിക്കാൻ സാധിച്ചിരുന്നില്ല. തൗഹീദിലേക്കും ഈമാനിലേക്കും അദ്ദേഹം അവരെ ക്ഷണിച്ചു. പക്ഷേ, അവർ തിരസ്‌കരിച്ചു’’ (മിൻഹാജുസ്സുന്ന അന്നബവിയ്യ).
വിശുദ്ധ ക്വുർആനിന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തതാണ്. അല്ലാഹു പറയുന്നു: “തീർച്ചയായും നാമാണ് ആ ഉൽബോധനം അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്’’(15:9).
ഓരോ കാലഘട്ടത്തിലും ക്വുർആനിനെ മനസ്സിലാക്കാൻ പ്രാപ്തിയുള്ള പണ്ഡിതന്മാർ ലോകത്തുണ്ടായിട്ടുണ്ട്. അവരെല്ലാം തൗഹീദും ശിർക്കും തിരിയാത്തവരായിരുന്നു എന്ന കണ്ടെത്തൽ ആശ്ചര്യകരം തന്നെ!
‘വിധികർതൃത്വം അല്ലാഹുവിന് മാത്രമാകുന്നു,’ ‘അല്ലാഹു അവതരിപ്പിച്ചു തന്നതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർതന്നെയാകുന്നു അവിശ്വാസികൾ,’ ‘ദുർമൂർത്തികളെ വെടിയുകയും ചെയ്യണം’ എന്നീ വചനങ്ങളുടെ യഥാർഥ താത്പര്യത്തെ മൂടിവെച്ചാണ് ഈ സിദ്ധാന്തങ്ങൾ മൗദൂദി സാഹിബ് ഉണ്ടാക്കിയത്. ഉത്തമ തലമുറയല്ലേ ഇതിന്റെ ആദ്യശ്രോതാക്കൾ? അവർ എങ്ങനെയാണ് ഇത്തരം വചനങ്ങളെ മനസ്സിലാക്കിയത്?
അല്ലാഹു പറയുന്നു: “നിങ്ങൾ ഈ വിശ്വസിച്ചതുപോലെ അവരും വിശ്വസിച്ചിരുന്നാൽ അവർ നേർമാർഗത്തിലായിക്കഴിഞ്ഞു. അവർ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരിൽനിന്ന് നിന്നെ സംരക്ഷിക്കാൻ അല്ലാഹു മതി, അവൻ എല്ലാം കേൾക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ’’ (2:137).
ഇസ്‌ലാമിന്റെ ശത്രുക്കളായ ഖവാരിജുകൾ ഇതേ വചനങ്ങളുമായി രംഗത്തിറങ്ങിയപ്പോൾ ഇബ്‌നു അബ്ബാസ്(റ), അലി(റ) എന്നിവർ അവരുടെ പൊള്ളത്തരം പൊളിച്ചത് ചരിത്രത്തിൽ കാണാം.
ക്വുർആനിന്റെ കാര്യത്തിൽ ആരെങ്കിലും ഭിന്നത കാണിച്ചാൽ അവർ പരീക്ഷണത്തിൽ പെടുമെന്നും അല്ലാഹു പറയുന്നു: “സത്യം വ്യക്തമാക്കിക്കൊണ്ട് അല്ലാഹു വേദഗ്രന്ഥം അവതരിപ്പിച്ചു കഴിഞ്ഞിട്ടുള്ളതിനാലാണത്. വേദഗ്രന്ഥത്തിന്റെ കാര്യത്തിൽ ഭിന്നിച്ചവർ (സത്യത്തിൽനിന്ന്) അകന്ന മാത്സര്യത്തിലാകുന്നു തീർച്ച’’(2:176).
ജമാഅത്തെ ഇസ്‌ലാമിക്കാർ ഈ വിഷയത്തിൽ അവരുടെ നവോത്ഥാനനായകനെ കണ്ണുചിമ്മി അനുകരിച്ച് കെണിയിൽപ്പെട്ടത് കാണുക:
“അല്ലാഹുവും റസൂലും നിർദേശിച്ചുതന്നിട്ടുള്ള സാന്മാർഗിക വ്യവസ്ഥയിൽനിന്നും മനുഷ്യരെ പിന്തിരിപ്പിക്കുന്ന ലീഡർ, പണ്ഡിത-പുരോഹിതർ, ദൈവേതരഭരണകൂടങ്ങൾ, അദൈവികകോടതികൾ നിഷിദ്ധവിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം തന്നെ ത്വാഗൂത്തുകളാണ്. ഇത്തരം ദുശ്ശക്തികളിൽനിന്നെല്ലാം മാനവ സമുദായത്തെ മനസാ വാചാ കർമണാ മോചിപ്പിക്കുകയും മുഴുവൻ അടിമത്തവും അനുസരണവും അല്ലാഹുവിൽ മാത്രം അർപ്പിച്ചുകൊണ്ട് അവന്ന് ഇബാദത്തു ചെയ്യിക്കുകയുമായിരുന്നു പ്രവാചകന്മാരുടെ മിഷ്യൻ’’ (ജമാഅത്തെ ഇസ്‌ലാമി; ലക്ഷ്യം, മാർഗം/അബുല്ലൈസ് ഇസ്‌ലാഹി നദ്‌വി/പേജ് 67).
1996 ഡിസംബർ വരെയുള്ള ഭേദഗതിയനുസരിച്ചുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ പഴയ ഭരണഘടനയിലെ പ്രസക്ത ഭാഗങ്ങൾ കാണുക:
“ഉത്തരവാദിത്തങ്ങൾ, ഖണ്ഡിക 8. ഓരോ ജമാഅത്തംഗത്തിനും താഴെ വിവരിക്കുന്ന കാര്യങ്ങൾ നിർബന്ധമായിരിക്കും:
6. ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയിൽ താൻ വല്ല കുഞ്ചികസ്ഥാനവും വഹിക്കുന്നവനോ, അതിന്റെ നിയമനിർമാണ സഭയിലെ അംഗമോ, അതിന്റെ കോടതിവ്യവസ്ഥയിൻ കീഴിൽ ന്യായാധിപസ്ഥാനത്ത് നിയമിക്കപ്പെട്ടവനോ ആണെങ്കിൽ ആ സ്ഥാനം കൈയൊഴിക്കുക’’ (ഭരണഘടന/പേജ് 15,16).
ഉദ്ദിഷ്ട മാനദണ്ഡം, ഖണ്ഡിക: 9. ഓരോ ജമാഅത്ത് അംഗവും താഴെ വിവരിക്കുന്ന സംഗതികൾക്കായി പരിശ്രമിക്കേണ്ടതാണ്:
7. ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥിതിയുടെ ഉപകരണമോ അതിന്റെ നിയമങ്ങളുടെ നടത്തിപ്പിൽ സഹായിയോ ആണെങ്കിൽ ആ അഹോവൃത്തി മാർഗത്തിൽനിന്ന് കഴിയുംവേഗം ഒഴിവാകുക’’ (ഭരണഘടന/പേജ് 17).
ഈ നിയമങ്ങൾ ഓരോ ജമാഅത്ത് അനുയായിക്കും നിർബന്ധമായത് പ്രസ്ഥാനത്തിന്റെ ആദർശം ഇതായത് കൊണ്ടല്ലേ? കേവല നയമായിരുന്നെങ്കിൽ നിബന്ധന വെക്കുന്നതിൽ എന്തർഥം? നിലപാടുകൾ ഈ കോലത്തിലായതിനാൽ കുറേ പേർ ഗവൺമെന്റ് ഉദ്യോഗങ്ങളിൽനിന്ന് രാജിവെച്ചു. പല നന്മകളോടും വിമുഖതയും നീരസവും കാണിച്ച് അകന്നുനിന്നു. ‘പുണ്യത്തിലും ധർമനിഷ്ഠയിലും നിങ്ങൾ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങൾ അന്യോന്യം സഹായിക്കരുത്’ എന്ന ക്വുർആനിന്റെ (5:2) സന്ദേശത്തിന് ചെവികൊടുക്കാൻ ഇവർക്ക് സാധിച്ചില്ല. കെ.എം.മൗലവി(റഹ്), കെ. ഉമർ മൗലവി(റഹ്), കെ.പി മുഹമ്മദ് മൗലവി (റഹ്) എന്നീ പണ്ഡിതന്മാർ അതിശക്തമായിത്തന്നെ ഇവരുടെ ഈ തെറ്റായ വിശ്വാസങ്ങളെ പ്രമാണങ്ങളുടെ വെളിച്ചത്തിൽ നഖശിഖാന്തം എതിർത്തു.
അവരുടെ ഉദ്ദേശ്യം നല്ലതായിരുന്നുവെന്നും അവരാണ് ശരിയെന്നും ഇവരുടെ ആദർശമാറ്റത്തിലൂടെ തെളിയുകയാണ്. അല്ലാഹു പറഞ്ഞത് ഇവിടെ നാം ഓർക്കണം:
“അതുപോലെയാകുന്നു അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാൽ ആ നുര ചവറായി പോകുന്നു. മനുഷ്യർക്ക് ഉപകാരമുള്ളതാകട്ടെ ഭൂമിയിൽ തങ്ങിനിൽക്കുന്നു. അപ്രകാരം അല്ലാഹു ഉപമകൾ വിവരിക്കുന്നു’’ (13:17)
കേരളത്തിൽ ഈ ആദർശ മുഖത്തോടെ ജമാഅത്തുകാർ പ്രവർത്തിക്കുമ്പോഴും അതിന് വിപരീതമായ മറ്റൊരു മുഖവും അവർ പുറത്തുകാട്ടി. ഗവൺമെന്റ് അനുമതിയോടെ സംഘടന രൂപീകരിച്ചും അതിന്റെ ആനുകൂല്യങ്ങൾപറ്റി ജീവിച്ചും സ്ഥാപന സംവിധാനങ്ങൾ ഉണ്ടാക്കിയും തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിനായി രാഷ്ട്രീയ പാർട്ടികൾ രൂപീകരിച്ചും മീഡിയ സൗകര്യങ്ങൾ വികസിപ്പിച്ചും ഉദ്യോഗങ്ങൾ സ്വീകരിച്ചും ഓടുന്ന കാഴ്ചയാണ് എവിടെയും. നിർബന്ധ സാഹചര്യത്തിന് വഴങ്ങിക്കൊണ്ടാണിതെല്ലാം ചെയ്യുന്നതെന്ന് പറഞ്ഞൊപ്പിക്കുമ്പോഴും ആദർശം ചോദ്യം ചെയ്യപ്പെടുന്നതിന് മുമ്പിൽ നേതാക്കന്മാർ വീർപ്പുമുട്ടുകയാണ്. ഭരണഘടനയിലെ പുതിയ ആദർശം നമുക്ക് വായിക്കാം:
“(ഖണ്ഡിക: 8) 6. ഭരണകൂടത്തിൽ ഏതെങ്കിലും ഉദ്യോഗം വരിക്കുകയോ അതിന്റെ നീതിന്യായ വ്യവസ്ഥയിൽ ന്യായാധിപസ്ഥാനം വഹിക്കുകയോ ഏതെങ്കിലും നിയമനിർമാണ സഭയിൽ അംഗമായിരിക്കുകയോ ആണെങ്കിൽ സത്യത്തിനും നീതിക്കും വിരുദ്ധമായ യാതൊന്നും പ്രവർത്തിക്കാതിരിക്കുക’’ (പേജ് 10).
(ഖണ്ഡിക:9) 7. ദീനിന്റെ വിധിവിലക്കുകളിൽ നിഷ്ഠ പുലർത്തുകയും അത്യാവശ്യമുണ്ടെങ്കിലല്ലാതെ ഇടപാടുകളുടെ തീർപ്പിന്നായി കോടതികളെ സമീപിക്കാതിരിക്കുകയും ചെയ്യുക’’ (പേജ് 12).
പ്രവൃത്തിപഥത്തിൽ എഴുപത്തിയഞ്ച് വയസ്സ് പൂർത്തിയായപ്പോൾ ജമാഅത്ത് നേതൃത്വം പ്രായം തെളിയിച്ചിരിക്കുന്നു എന്നു പറയാം. കാരണം പഴയ ആദർശത്തെ പൂർണമായും തച്ചുടച്ച് പുതിയത് വാർത്തുണ്ടാക്കിയിരിക്കുന്നു.
അണികൾ തലചൊറിഞ്ഞ് ഇളകിവരാതിരിക്കാൻ വേണ്ടിയാകാം ആദർശ മാറ്റത്തെ നയമാറ്റമാക്കി അവതരിപ്പിച്ചത്. തൗഹീദുള്ളവരെ ശിർക്കിലും കുഫ്‌റിലുമാക്കി ഇവർ നാടുനീളെ നടത്തിയ പ്രചാരണങ്ങൾ കുറച്ചൊന്നുമല്ല. സത്യസന്ധമായി പ്രബോധന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സലഫികൾ ഈ മാറ്റത്തെ മാന്യമായി വിചാരണ ചെയ്തപ്പോൾ നിലവിലെ അമീർ മുജീബ് റഹ്‌മാൻ സാഹിബിന്റെ പ്രതികരണം വന്നതുകൂടി കാണുക:
“രണ്ട് നിരോധനങ്ങളെ സംഘടന നേരിട്ടത് ജനാധിപത്യ സംവിധാനത്തിലെ നിയമങ്ങളുപയോഗിച്ചാണ്. അതിനെല്ലാം ശേഷം സംഘടന ഒട്ടേറേ ജനകീയ വിഷയങ്ങളിൽ ഇടപെട്ടു. ഇപ്പോൾ ഭരണഘടനാഭേദഗതി ചർച്ചയാവുന്നതിന്റെ സാംഗത്യം മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദൈവികേതരമായ ഭരണത്തിനു കീഴിൽ ജോലി ചെയ്യരുതെന്നും ജനാധിപത്യം ദൈവിക വിരുദ്ധമാണെന്നുമായിരുന്നു ആദ്യകാലത്ത് സംഘടനയുടെ നിലപാട്. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പുകളിൽനിന്നും സർക്കാർ ജോലിയിൽനിന്നുമൊക്കെ പ്രവർത്തകർ വിട്ടുനിന്നു. എന്നാൽ ഇന്ത്യയിൽ ഇതിന്റെ അപ്രായോഗികത തിരിച്ചറിഞ്ഞ് വളരെ നേരത്തേതന്നെ സംഘടന നിലപാടിൽ മാറ്റം വരുത്തി’’ (മാതൃഭൂമി).
മൗദൂദിയുടെ ആശയം പേറി പൊറുതിമുട്ടിയ ഇവർ അദ്ദേഹത്തിന്റെ കാര്യത്തിൽ പറഞ്ഞത് ‘മൗദൂദി ജമാഅത്തെ ഇസ്‌ലാമി സ്ഥാപകനാണ്, അവസാനവാക്കല്ല’ എന്നാണ്. ഒരു അമീർ അനുഭവിക്കുന്ന ആശയപരമായ അവശതയെന്നല്ലാതെ മറ്റെന്തു പറയാൻ! ആദർശത്തെ ഉറപ്പിക്കാൻ കഴിയാതെ ജാള്യതയിലായ നേതാക്കൾ ഓർക്കേണ്ടത് അല്ലാഹുവിന്റെ ആഹ്വാനത്തെയാണ്. ക്വുർആൻ പറയുന്നു: “നൻമയിലേക്ക് ക്ഷണിക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളിൽനിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികൾ. വ്യക്തമായ തെളിവുകൾ വന്നുകിട്ടിയതിനുശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെപ്പോലെ നിങ്ങളാകരുത്. അവർക്കാണ് കനത്ത ശിക്ഷയുള്ളത്’’ (3:104,105).
അല്ലാഹു സമ്പൂർണമാക്കിയ ദീനിനെ അവഹേളിക്കുംവിധം സമൂഹത്തിലിറങ്ങി ആശങ്ക പരത്തിയവർക്കുണ്ടായ ഈ തിരിച്ചറിവിനെ മുൻനിറുത്തി ചോദിക്കട്ടെ; ഇതിന് ജന്മം നൽകിയ മൗദൂദിയെക്കുറിച്ച് നിങ്ങൾ എന്ത് വിധിയെഴുതും? അമീറും കൂട്ടരും പറയുന്നതെല്ലാം ശരിയെന്നു വിചാരിച്ച് കൂടെ നിൽക്കുന്നവരെ ഈ ആദർശമാറ്റം പഠിപ്പിക്കുമോ? വികലമായ ആദർശം സ്ഥാപിക്കുവാനായി ദുർവ്യാഖ്യാനിച്ച നിരവധി ആയത്തുകളുടെ ശരി സമുദായത്തോട് വിളിച്ച് പറയുമോ?
ഈ ആശയം ഊട്ടിയുറപ്പിക്കുന്നതിനായി രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ പിൻവലിക്കുമോ? പ്രമാണങ്ങളെ ശ്രദ്ധിക്കാതെ പുതിയ വിശ്വാസം മെനഞ്ഞ് മുന്നോട്ടു പോയ (ശിർക്ക്-ബിദ്അത്തുകളിലകപ്പെട്ട) സമസ്തക്കാർക്ക് തങ്ങളുടെ ആദർശത്തിൽ പിഴവ് പറ്റിയിട്ടുണ്ടെന്ന് ബോധ്യപ്പെടാൻ നൂറു വർഷമെടുത്തെങ്കിൽ ജമാഅത്തെ ഇസ്‌ലാമിക്കാർക്ക് എഴുപത്തിയഞ്ചാം വർഷത്തിൽ തിരിച്ചറിയാൻ കഴിഞ്ഞു എന്നത് അഭിനന്ദനീയമാണ്.
അല്ലാഹുവിനെ ദീൻ പഠിപ്പിക്കുക എന്ന പണി അടിമകളുടെ മേൽ ഏൽപിക്കപ്പെട്ടിട്ടില്ല. ക്വുർആൻ പറയുന്നു: “നീ പറയുക: നിങ്ങളുടെ മതത്തെപ്പറ്റി നിങ്ങൾ അല്ലാഹുവെ പഠിപ്പിക്കുകയാണോ? അല്ലാഹുവാകട്ടെ ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അറിയുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിയുന്നവനാകുന്നു’’ (49:16).

