ജ്യോതിഷവും ജ്യോതിശാസ്ത്രവും: ഒരു പഠനം
പി.ഒ അബൂ ഫസീഹ്
2024 സെപ്തംബർ 14, 1446 റ. അവ്വൽ 11

തിഷവും (Astrology) ജ്യോതിശാസ്ത്രവും(Astronomy) രണ്ടാണ്. പേരിൽ സാമ്യമുണ്ടെങ്കിലും അവ തമ്മിൽ അജഗജാന്തരമുണ്ട.് ആസ്‌ട്രോണമി ശാസ്ത്രമാണെങ്കിൽ ആസ്‌ട്രോളജി വ്യാജ ശാസ്ത്രമാണ്. നക്ഷത്രങ്ങളുടെയും മറ്റു ഗോളങ്ങളുടെയും സ്ഥാനം, ഉദയാസ്തമയങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തി മനുഷ്യജീവിതത്തിലെ ഗുണദോഷങ്ങൾ എന്തൊക്കെയെന്ന് പ്രവചിക്കുകയാണ് ജ്യോതിഷം ചെയ്യുന്നത്. എന്നാൽ ജ്യോതിശാസ്ത്രമാകട്ടെ അങ്ങനെയൊരു പ്രവചനം നടത്തുന്നില്ല. ഗോളങ്ങളുടെ ചലനങ്ങളെക്കുറിച്ച് പഠിക്കുക, ചലനങ്ങളെ സ്വാധീനിക്കുന്ന സമവാക്യങ്ങൾ നിർധാരണം ചെയ്‌തെടുക്കുക വഴി ഓരോ ഗോളവും എപ്പോൾ ഉദിക്കും, എപ്പോൾ അസ്തമിക്കും, നിശ്ചിത സമയത്ത് ഓരോന്നിന്റെയും സ്ഥാനം എവിടെയായിരിക്കും തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുകയാണ് ആസ്‌ട്രോണമി ചെയ്യുന്നത്. മനുഷ്യജീവിതത്തിലെ ഗുണദോഷങ്ങളുമായി അവയുടെ സ്ഥാനങ്ങൾക്ക് യാതൊരു ബന്ധവും ആസ്ട്രോണമി കൽപിക്കുന്നില്ല. ഒരു ജ്യോത്സ്യൻ ചെയ്യുന്നത് എന്തെന്ന് മനസ്സിലാക്കിയാൽ എളുപ്പത്തിൽ കാര്യം ഗ്രഹിക്കാനാകും.
ഭൂമിയിൽനിന്നും ആകാശത്തേക്ക് നോക്കുന്ന ഒരാൾക്ക് ആകാശത്തെ ഒരു ഗോളമായി സങ്കൽപിക്കാനാവുമല്ലോ! ഉച്ചിയിൽനിന്നും ആകാശച്ചെരിവുവരെ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ഗോളത്തിന്റെ ഭാമായി ആകാശത്തെ കാണാൻ കഴിയും. മുകളിലേക്ക് നോക്കുമ്പോൾ ഗ്രഹങ്ങളും നക്ഷത്രങ്ങളുമെല്ലാം ഈ ആകാശഗോളത്തിൽ (Celestial sphere) പതിച്ചിരിക്കുന്നതായാണല്ലോ നമുക്ക് തോന്നുക. സൂര്യനും ചന്ദ്രനുമെല്ലാം ഈ ആകാശഗോളത്തിന്റെ പ്രതലത്തിൽ ചലിച്ചു കൊണ്ടിരിക്കുകയാണ്. ഭൂമിയിൽനിന്ന് നോക്കുമ്പോൾ ഓരോ ഗോളത്തിന്റെയും ചലനപാത ഈ ആകാശഗോളത്തിൽ സാങ്കൽപികമായി രേഖപ്പെടുത്താൻ കഴിയും. സൂര്യൻ അതിന്റെ വാർഷിക സഞ്ചാരത്തിൽ (സൂര്യന്റെ ഉത്തരായന രേഖയിലേക്കും തിരിച്ച് ദക്ഷിണായന രേഖയിലേക്കുമുള്ള ചലനമായിട്ടാണ് ഭൂമിയിൽ നിൽക്കുന്ന ഒരാൾക്ക് ഈ സഞ്ചാരം ദൃഷ്ടീഭവിക്കുന്നത്). ആകാശ ഗോളത്തിൽ വരക്കുന്ന സാങ്കൽപിക വൃത്തമാണ് ക്രാന്തവൃത്തം (ecliptic). ഈ വൃത്തത്തിനു മുകളിൽ 16 ഡിഗ്രി വീതിയുള്ള ഒരു ബെൽറ്റ് ചുറ്റിയതായി സങ്കൽപിക്കാം. ഈ ബെൽറ്റിനെ Zodiacbelt അഥവാ രാശിചക്രമെന്ന് പേര് വിളിക്കുന്നു. ഈ ബെൽറ്റിനെ 12 തുല്യഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോ ഭാഗവും രാശി മണ്ഡലങ്ങൾ എന്നാണ് അറിയപ്പെടുന്നത്. മേടം (Ram), ഇടവം (Bull), മിഥുനം (Gemini), കർക്കിടകം (Crab), ചിങ്ങം (Lion), കന്നി (Virgin), തുലാം (Balance), വൃശ്ചികം (Scorpion), ധനു (Archer), മകരം (Goat), കുംഭം (Water Carrier), മീനം (Fish) എന്നിങ്ങനെ ഓരോ രാശിമണ്ഡലത്തിനും പേര് നൽകിയിരിക്കുന്നു.
ആകാശത്ത് കാണുന്ന സർവ ഗോളങ്ങളും ഈ ബെൽറ്റിലൂടെയാണ് സഞ്ചരിക്കുന്നത്. സൂര്യൻ മാർച്ച് 21ന് മേടം എന്ന രാശി മണ്ഡലത്തിൽ പ്രവേശിക്കുന്നു. അന്നാണ് മേട മാസം ആരംഭിക്കുക. സൂര്യൻ മാത്രമല്ല എല്ലാ ഗ്രഹങ്ങളും നക്ഷത്രങ്ങളും മേടം രാശിയിലൂടെ കടന്നുപോകുന്നുണ്ട്. വ്യത്യസ്ത സമയങ്ങളിലാണെന്ന് മാത്രം. ഒരു കൂട്ടി ജനിക്കുന്ന സമയത്ത് ഈ ഗ്രഹങ്ങൾ എതേത് രാശിമണ്ഡലങ്ങളിലാണ് സ്ഥിതിചെയ്തിരുന്നത് എന്ന് ജ്യോത്സ്യൻ പരിശോധിക്കുന്നു. ഗ്രഹനക്ഷത്രങ്ങളുടെ സ്ഥാനം കണ്ടെത്തുന്നതോടുകൂടി ജ്യോതിഷത്തിലെ ശാസ്ത്രം അവസാനിക്കുന്നു. പിന്നീടങ്ങോട്ട് ആസ്‌ട്രോണമിയുമായി യാതൊരു ബന്ധവുമില്ലാത്ത അന്ധവിശ്വാസത്തിന്റെ കർമങ്ങളാണ് ജ്യോത്സ്യൻ ചെയ്യുന്നത്. 12 രാശിമണ്ഡലങ്ങളുമായി മനുഷ്യന്റെ വിവിധ ഗുണദോഷങ്ങളെ ബന്ധിപ്പിക്കുകയാണ് ജ്യോതിഷം ചെയ്യുന്നത്. ഒരു കുട്ടി ജനിക്കുമ്പോഴുള്ള ഗ്രഹനില പരിശോധിച്ച് ഏതെല്ലാം ഗ്രഹ നക്ഷത്രങ്ങൾ കിഴക്ക് ഉദിച്ചുവരുന്നു, ഏതെല്ലാം പടിഞ്ഞാറ് അസ്തമിക്കുന്നു എന്നു നോക്കി ജ്യോത്സ്യൻ കുട്ടിയുടെ ഭാവി പ്രവചിക്കുന്നു. ഈ പ്രവചനങ്ങൾ അന്ധവിശ്വാസാധിഷ്ഠിതവും ശാസ്ത്രത്തിന്റെ അടിത്തറ ലവലേശംപോലും ഇല്ലാത്തതുമാണ്.
ഗ്രഹങ്ങൾക്ക് മനുഷ്യന്റെ ഭാവി, ഭൂത വർത്തമാനങ്ങളുമായി ഒരു ബന്ധവുമില്ല എന്ന വിശ്വാസം തന്നെയാണ് ഇസ്‌ലാമിനുള്ളത്. നബിﷺയുടെ ഇബ്‌റാഹീം എന്ന മകൻ മരണപ്പെട്ട ദിവസം സൂര്യഗ്രഹണമുണ്ടായി. അപ്പോൾ ‘ഇബ്‌റാഹീം മരണപ്പെട്ടതുകൊണ്ടാണ് സൂര്യന് ഗ്രഹണം ബാധിച്ചിരിക്കുന്നത്’ എന്ന് ജനങ്ങൾ പറയുകയുണ്ടായി. ഉടനെത്തന്നെ നബിﷺ ആ വിശ്വാസം തിരുത്തിക്കൊണ്ട് പറഞ്ഞു: “സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽപെട്ട രണ്ടു ദൃഷ്ടാന്തങ്ങളാണ്. ഒരാളുടെ മരണംമൂലമോ ജനനംമൂലമോ അവയ്ക്ക് ഗ്രഹണം ബാധിക്കുകയില്ല’’ (ബുഖാരി, മുസ്‌ലിം)

ജ്യോതിഷം ഇപയോഗിച്ച് ഭാവി പ്രവചനം നടത്തുന്നത് ഇസ്‌ലാമിക വിരുദ്ധവും ജ്യോതിശാസ്ത്ര കണക്കുകൾ ഉപയോഗിച്ച് ഗ്രഹ നക്ഷത്രങ്ങളുടെ സ്ഥാന ചലനങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നത് ഇസ്‌ലാം അംഗീകരിക്കുന്നതുമാണ്.അവയുടെ സൃഷ്ടിപ്പും നിയന്ത്രണവുമൊക്കെ ജഗന്നിയന്താവിന്റെ അലംഘനീയമായ നിയമവ്യവസ്ഥകൾക്ക് വിധേയമാണെന്നിരിക്കെ ആ നിയമവ്യവസ്ഥകളെക്കുറിച്ച് മനസ്സിലാക്കുകയും അവ ജീവിതത്തിനാവശ്യമായ വിധത്തിൽ ഉപയോഗപ്പെടുത്തുകയും ചെയ്യാൻ നാം ബാധ്യസ്ഥരാണ്. ഇസ്‌ലാമികാരാധനകളുടെ സമയം, ദിവസം എന്നിവ നിശ്ചയിക്കുന്നത് സൂര്യന്റെയോ ചന്ദ്രന്റെയോ സ്ഥാനങ്ങൾക്കനുസരിച്ചായതിനാൽ അവയുടെ കുറ്റമറ്റ നിർണയത്തിൽ ആസ്‌ട്രോണമിയുടെ പങ്ക് തള്ളിക്കളയാനാവില്ല. ആരാധനകളുടെ സമയനിഷ്ഠ നിർബന്ധ ബാധ്യതയാണെന്നതിനാൽ അതിനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നുണ്ടാകണം. അക്കാര്യത്തിൽ പരമാവധി കൃത്യത ഉറപ്പാക്കാൻ ആസ്‌ട്രോണമിക്ക് സാധിക്കും. അതിനാൽ ഇസ്‌ലാമിക ദൃഷ്ട്യാ ആസ്‌ട്രോണമിയുടെ ഉപയോഗം അത്യന്തം പ്രാധാന്യമേറിയതാണ്. മുസ്‌ലിം സമൂഹത്തിന് അത്യന്താപേക്ഷിതമായ ഒരു ശാസ്ത്രശാഖയെന്ന നിലയിൽ ആസ്ട്രോണമിയുടെ പഠനം സാമൂഹ്യബാധ്യതയുടെ സ്ഥാനത്തേക്ക് ഉയരുന്നുവെന്നു പറഞ്ഞാൽ അത് തെറ്റാവുകയില്ല. നമസ്‌കാര സമയം, നോമ്പ്, പെരുന്നാൾ ഹജ്ജ് തുടങ്ങിയവയുടെ ദിവസങ്ങൾ, ക്വിബ്‌ലയുടെ ദിശ എന്നിവ കൃത്യമായി കണ്ടെത്താൻ ജ്യോതിശാസ്ത്രം മുസ്‌ലിംകൾക്ക് അവശ്യം കൈവരിക്കേണ്ട വിജ്ഞാനശാഖയായി മാറിയിരിക്കുന്നു. ഈ ആവശ്യം പരിഗണിച്ച്, ഗോളശാസ്ത്രത്തിൽ പ്രാവീണ്യവും മതബോധവുമുള്ളവരെ വളർത്തിക്കൊണ്ടുവരാൻ മുസ്‌ലിം സമൂഹം പ്രത്യേകം ശ്രദ്ധയൂന്നേണ്ടതുണ്ട്.
കലണ്ടറിന്റെ ചരിത്രം
സമയം, തീയതി, മാസം, വർഷം എന്നിവ കൃത്യമായി കണക്കാക്കുന്നതിനും അവയെ ഒരു നിയമമനുസരിച്ച് ക്രമീകരിക്കുന്നതിനും മനുഷ്യൻ എല്ലാ കാലത്തും ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. വളരെ പ്രാചീനകാലം മുതൽ തന്നെ അത്തരം ശ്രമങ്ങൾ നടന്നിരുന്നതായി കാണാം. പ്രകൃതിയിൽനിന്നും ലഭ്യമായ എല്ലാ വിവരങ്ങളെയും അതിനായി മനുഷ്യൻ ഉപയോഗപ്പെടുത്തിയിരുന്നു. ഒരു മാസത്തിൽ എത്ര ദിവസങ്ങൾ ഉൾക്കൊള്ളിക്കാമെന്നും വർഷങ്ങൾ എങ്ങനെ കണക്കാക്കാമെന്നുമുള്ള പഠനത്തിന് മനുഷ്യചരിത്രത്തോളംതന്നെ പഴക്കമുണ്ട്. എന്നാൽ വർഷത്തിന്റെ കാലയളവ് കണ്ടെത്തുന്നതിന് ലോകത്തിലെ വിവിധ പ്രദേശങ്ങളിലെ ജനസമൂഹങ്ങൾ സ്വീകരിച്ച മാർഗങ്ങൾ വ്യത്യസ്തങ്ങളായിരുന്നു.
സസ്യങ്ങളുടെ വളർച്ച, വിളവെടുപ്പിന്റെ സമയം, നദികളിലെ ജലനിരപ്പ്, ധ്രുവനക്ഷത്രത്തിന്റെ സ്ഥാനം, നക്ഷത്രങ്ങളുടെ ഗതി, സൂര്യന്റെ ചലനം തുടങ്ങിയ പ്രകൃതിപ്രതിഭാസങ്ങൾ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള തീയതി നിർണയ രീതികൾ (dating systems)വിവിധ സമൂഹങ്ങളിൽ നിലനിന്നിരുന്നുവെന്ന് ചരിത്രം പരിശോധിക്കുന്നവർക്ക് മനസ്സിലാക്കാൻ കഴിയും.
പുരാതന ഗ്രീസിൽ പ്ലയാഡ്‌സ് എന്ന നക്ഷത്രസമൂഹത്തെ അടിസ്ഥാനപ്പെടുത്തി വർഷം കണക്കാക്കിയിരുന്നതായി ക്രിസ്തുവിനു മുമ്പ് ഏഴാം ശതകത്തിൽ ജീവിച്ചിരുന്ന ഹെസിയോഡി(Heriod)ന്റെ കവിതകളിൽ കാണാം. ഗ്രീക്കുകാർ ഈ നക്ഷത്രസമൂഹം കിഴക്കൻ ചക്രവാളത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങുമ്പോൾ വിളവെടുപ്പ് ആരംഭിക്കുകയും പടിഞ്ഞാറെ ചക്രവാളത്തിൽനിന്നും അപ്രത്യക്ഷമാകുമ്പോൾ വിത്ത് വിതക്കുകയും ചെയ്തിരുന്നു. കാർഷികാവശ്യങ്ങൾക്ക് ഈ ഗണനം അവർക്ക് വളരെയധികം സഹായകമായി. എന്നാൽ മതപരമായ ചടങ്ങുകൾക്ക് അവർ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ (moon phases)അവലംബമാക്കുകയാണ് ചെയ്തത്. 28 അല്ലെങ്കിൽ 29 ദിവസങ്ങളുള്ള 12 ചന്ദ്രമാസങ്ങൾ ഉൾക്കൊള്ളിച്ച് അവർ ഒരു വർഷം ഗണിക്കുകയും മതപരമായ ആവശ്യങ്ങൾക്കായി കണക്കുകൂട്ടാൻ പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു.
ഈജിപ്തിലും 12 മാസങ്ങളുള്ള കലണ്ടർ ഉപയോഗിച്ചിരുന്നു. എന്നാൽ ഓരോ മാസവും മുപ്പത് ദിവസങ്ങളായി ക്ലിപ്തപ്പെടൂത്തുകയാണ് അവർ ചെയ്തത്. വർഷാവസാനത്തിൽ അഞ്ചുദിവസം കൂട്ടിച്ചേർക്കുകയും അങ്ങനെ 365 ദിവസങ്ങളുള്ള ഒരു വർഷം അവർ പൂർത്തിയാക്കുകയും ചെയ്തൂ. രാരോ വർഷവും നൈൽ നദിയിൽ ഏറ്റവും ഉയർന്ന ജലനിരപ്പ് കണക്കാക്കുകയും ആ ദിവസങ്ങൾക്കിടയിലുള്ള കാലദൈർഘ്യം 365 ദിവസമാണെന്ന് മനസ്സിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലുള്ള കാലനിർണയ രീതിയായിരുന്നു ഇത്. ഇന്ന് നാം കണക്കാക്കുന്ന സൗരവർഷ കലണ്ടറിനോട് ഈജിപ്ഷ്യൻ കലണ്ടർ ഏറെക്കുറെ സമാനത പുലർത്തുന്നു.
ആസ്‌ട്രോണമിയുടെ പുരോഗമനത്തോടെ ഭൂമിയുടെ ചലനവേഗവും ഭ്രമണ-പരിക്രമണ സമയങ്ങളുമൊക്കെ കൃത്യമായി കണ്ടുപിടിക്കാൻ കഴിഞ്ഞു. ഭൂമിക്ക് സൂര്യനെ ഒരു തവണ വലംവയ്ക്കാൻ 36൫¼ ദിവസം വേണമെന്ന് ശാസ്ത്രകാരന്മാർ കാണ്ടെത്തി. ഈ കാലയളവിനെ ഒരു കൊല്ലമായി കണക്കാക്കി ക്രിസ്താബ്ദം എട്ടിൽ റോമൻ ചക്രവർത്തി ജൂലിയസ് സീസർ 365 ദിവസങ്ങളുള്ള ഒരു കലണ്ടർ തയാറാക്കി. ഓരോ മാസവും മുപ്പതോ മുപ്പത്തൊന്നോ ദിവസങ്ങൾ ഉൾക്കൊള്ളുന്നവിധം പതിനൊന്ന് മാസങ്ങൾ ക്രമീകരിക്കുകയും ഫെബ്രുവരി മാസം 28 ദിവസമായി നിശ്ചയിക്കുകയും ചെയ്തു. നാല് വർഷത്തിലൊരിക്കൽ ഫെബ്രുവരി മാസം 28ന് പകരം 29 ദിവസമാക്കി ¼ ദിവസം കൊണ്ടുണ്ടാകുന്ന കുറവ് നികത്തുകയുണ്ടായി. നാല് വർഷത്തിലൊരിക്കൽ ഉണ്ടാകുന്ന ഇത്തരം വർഷങ്ങളെ ലീപ് ഇയർ എന്ന് വിളിക്കുന്നു. ഈ കലണ്ടറാണ് ജൂലിയൻ കലണ്ടർ എന്ന പേരിൽ അറിയപ്പെട്ടത്.

ക്രിസ്താബ്ദം എട്ടിൽ പാശ്ചാത്യ രാജ്യങ്ങളിൽ ജൂലിയൻ കലണ്ടർ വ്യാപകമായി പ്രചരിക്കപ്പെട്ടുവെങ്കിലും മധ്യപൗരസ്ത്യ ദേശങ്ങളിൽ ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിത്തന്നെയുള്ള തീയതി സമ്പ്രദായങ്ങളാണ് സ്വീകരിച്ചുപോന്നത്. ചന്ദ്രന്റെ പിറവിയും വൃദ്ധിക്ഷയങ്ങളും നിരീക്ഷണ വിധേയമായതിനാൽ ചന്ദ്രനെ അവലംബമാക്കിയുള്ള തീയതി സമ്പ്രദായം വൈജ്ഞാനികമായി പിന്നാക്കം നിന്നിരുന്ന അറബ് പ്രദേശങ്ങളിൽ കൂടുതൽ സ്വീകാര്യമായി. 355 ദിവസങ്ങളുൾക്കൊള്ളുന്നതാണ് ഒരു ചന്ദ്രവർഷം, അതായത് സൗരവർഷത്തെക്കാൾ പതിനൊന്ന് ദിവസം കുറവ്.
തീയതി നിർണയം; ഇസ്‌ലാമിക മാനദണ്ഡം
മുഹമ്മദ് നബിﷺയുടെ കാലഘട്ടത്തിൽ അറേബ്യയിൽ ഉപയോഗിക്കപ്പെട്ടിരുന്ന കാലനിർണയ രീതി ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. ഇസ്‌ലാമിക അനുഷ്ഠാനങ്ങൾക്ക് ചന്ദ്രവർഷം തന്നെയാണ് അടിസ്ഥാനമായി സ്വീകരിച്ചിട്ടുള്ളത് എന്ന് നമുക്കറിയാം. സൂര്യനെ അവലംബാക്കിയുള്ള ജൂലിയൻ കലണ്ടറിലും ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കാലനിർണയ രീതിയിലും മാസങ്ങളുടെ എണ്ണം 12 തന്നെയാണ്. അതുപോലെതന്നെ ഇതല്ലാത്ത മറ്റു മാനദണ്ഡങ്ങൾ സ്വീകരിക്കപ്പെട്ടപ്പോഴും 12 മാസങ്ങൾ ചേർന്നുള്ള ഒരു വർഷംതന്നെയായിരുന്നു ഏറ്റവും കുറ്റമറ്റ കലണ്ടറുകളിൽ ഉപയോഗിക്കപ്പെട്ടത്. ഇത് അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള നിശ്ചയമാണ് എന്നാണ് വിശുദ്ധ ക്വുർആനിൽനിന്നും മനസ്സിലാകുന്നത്.
“ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കൽ മാസങ്ങളുടെ എണ്ണം 12 ആകുന്നു. അവയിൽ നാലെണ്ണം യുദ്ധം വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം’’(9:36).
ഈ ലോകത്തിന്റെ സൃഷ്ടിപ്പിൽതന്നെ പടച്ചവൻ അങ്ങനെയൊരു ക്രമീകരണമാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് മേലുദ്ധരിച്ച വചനം വ്യക്തമാക്കുന്നു. സ്വന്തം അച്ചുതണ്ടിലുള്ള ഭൂമിയുടെ ഭ്രമണവും സുര്യന് ചുറ്റുമുള്ള പരിക്രമണവും ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രന്റെ ചലനവുമൊക്കെ ഒരു നിശ്ചിത വ്യവസ്ഥയെ അടിസ്ഥാനമാക്കി സംവിധാനിച്ചിരിക്കുന്നു എന്നതാണ് ഇങ്ങനെ ക്ലിപ്തമായ ഒരു തീയതി നിർണയ രീതി സ്വീകരിക്കാൻ നമ്മെ സഹായിക്കുന്നത്. അല്ലാഹു അക്കാര്യം പ്രഖ്യാപിക്കുന്നത് കാണുക:
“സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു സഞ്ചരിക്കുന്നത്’’(55:5).
വിശുദ്ധ ക്വുർആനിന്റെ ഈ പ്രഖ്യാപനം ഒരു മുസ്‌ലിമിനെ ഏറെ ചിന്തിപ്പിക്കുന്നതും ആ പ്രഖ്യാപനത്തെ അംഗീകരിച്ചുകൊണ്ടുള്ള സമയ, തീയതി നിർണയ രീതികൾ സ്വീകരിക്കാൻ നിർബന്ധിപ്പിക്കുന്നതുമാണ്.
ഭൂമിയും സൂര്യ-ചന്ദ്ര ഗോളങ്ങളും യാതൊരുവിധ ക്രമമോ വ്യവസ്ഥയോ കൂടാതെ ചലിക്കുന്നുവെങ്കിൽ ദിവസങ്ങളുടെയോ മാസ-വർഷങ്ങളുടെയോ കണക്ക് രേഖപ്പെടുത്തുവാൻ മനുഷ്യന് കഴിയുമായിരുന്നില്ല. കലണ്ടറുകൾ ഉപയോഗിക്കാൻ സാധ്യമല്ലാത്ത ഒരു അവസ്ഥയായിരിക്കും മനുഷ്യനുണ്ടാവുക. എന്നാൽ മനുഷ്യനെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹു മനുഷ്യന്റെ ജീവിതത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ഈ ഭൂമിയിൽ സംവിധാനിച്ചതുപോലെത്തന്നെ തീയതി നിർണയത്തിന്റെ കാര്യത്തിലും അവന്റെതായ ചില നിയമങ്ങൾ ചിട്ടയോടുകൂടി നടപ്പിലാക്കുകയാണ് ചെയ്തിട്ടുള്ളത്. ക്വുർആനിലൂടെ കണ്ണോടിച്ചാൽ ധാരാളം സൂക്തങ്ങൾ ഇതിന് ഉപോൽബലകമായി കാണാവുന്നതാണ്:
“അല്ലാഹുവത്രെ ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും ആകാശത്തുനിന്ന് വെള്ളം ഇറക്കുകയും എന്നിട്ട് അതുമൂലം നിങ്ങളുടെ ഉപജീവനത്തിനായി കായ്കനികൾ ഉൽപാദിപ്പിക്കുകയും ചെയ്തത്. അവന്റെ കൽപന(നിയമ) പ്രകാരം കടലിലുടെ സഞ്ചരിക്കുന്നതിനായി അവൻ നിങ്ങൾക്ക് കപ്പലുകൾ വിധേയമാക്കിത്തരികയും ചെയ്തിരിക്കുന്നു. നദികളെയും അവൻ നിങ്ങൾക്ക് വിധേയമാക്കിത്തന്നിരിക്കുന്നു. സുര്യനെയും ചന്ദ്രനെയും പതിവായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നിലയിൽ അവൻ നിങ്ങൾക്ക് വിധേയമാക്കിത്തന്നിരിക്കുന്നു. രാവിനെയും പകലിനെയും അവൻ നിങ്ങൾക്ക് വിധേയമാക്കിത്തന്നിരിക്കുന്നു’’ (14:32,33).
“അല്ലാഹുവാകുന്നു നിങ്ങൾക്ക് കാണാവുന്ന അവലംബങ്ങൾ കൂടാതെ ആകാശങ്ങൾ ഉയർത്തി നിർത്തിയവൻ. പിന്നെ അവൻ സിംഹാസനസ്ഥനാകുകയും സൂര്യനെയും ചന്ദ്രനെയും കീഴ്‌പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധിവരെ സഞ്ചരിക്കുന്നു. അവൻ കാര്യം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങൾ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിന് വേണ്ടി അവൻ ദൃഷ്ടാന്തങ്ങൾ വിവരിച്ചുതരുന്നു’’(13:2).
“...രാത്രിയെക്കൊണ്ട് അവൻ പകലിനെ മൂടുന്നു. ദ്രുതഗതിയിൽ അത് പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്റെ കൽപനയ്ക്കു വിധേയമാക്കപ്പെട്ട നിലയിൽ (അവൻ സൃഷ്ടിച്ചിരിക്കുന്നു)...’’(7:54).
വിശദീകരിക്കേണ്ടതില്ലാത്തവിധം വൃക്തമായി സ്രഷ്ടാവ് മനുഷ്യരാശിക്ക് നൽകിയ അനുഗ്രഹങ്ങളെ എണ്ണിപ്പറയുകയാണ് ഈ സൂക്തങ്ങളിൽ. അവൻ നൽകിയ അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുമ്പോൾതന്നെ ചന്ദ്രനും സൂര്യനും നക്ഷത്രങ്ങളുമൊക്കെ ക്ലിപ്തമായ ഒരു കണക്കനുസരിച്ചാണ് സഞ്ചരിക്കുന്നതെന്ന് ക്വുർആൻ ആവർത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ആ കണക്കുകൾ തന്നെയാണ് ദിവസങ്ങളും മാസങ്ങളും വർഷങ്ങളുമൊക്കെ കണക്കുകൂട്ടി രേഖപ്പെടുത്താൻ നമ്മെ സഹായിക്കുന്നതും.
ഒരു രാവും ഒരു പകലും ചേർന്നാൽ ഒരു ദിവസമാണെന്ന് നമുക്കറിയാം. എന്നാൽ അങ്ങനെയൊരു സംവിധാനം എങ്ങനെയാണ് പടച്ചവൻ ക്രമീകരിച്ചതെന്നും ആ ക്രമീകരണം ഇല്ലായിരുന്നുവെങ്കിൽ അത് നമ്മെ എങ്ങനെ ബാധിക്കുമായിരുന്നുവെന്നും നമ്മിൽ പലരും ചിന്തിക്കാറില്ല. മനുഷ്യനെ ആ വഴിക്ക് ചിന്തിപ്പിക്കുന്ന ഒട്ടനവധി സൂക്തങ്ങൾ ക്വുർആനിൽ കാണാം:

“പ്രഭാതത്തെ പിളർത്തി കൊണ്ടുവരുന്നവനാണവൻ. രാത്രിയെ അവൻ ശാന്തമായ വിശ്രമവേളയാക്കിയിരിക്കുന്നു. സൂര്യനെയും ചന്ദ്രനെയും കണക്കുകൾക്ക് അടിസ്ഥാനവും (ആക്കിയിരിക്കുന്നു). പ്രതാപിയും സർവജ്ഞനുമായ അല്ലാഹുവിന്റെ ക്രമീകരണമത്രെ അത്’’ (6:96).
“തീർച്ചയായും രാപകലുകൾ വ്യത്യാസപ്പെടുന്നതിലും ആകാശങ്ങളിലും ഭൂമിയിലും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളവയിലും സൂക്ഷ്മത പാലിക്കുന്ന ആളുകൾക്ക് പല തെളിവുകളുമുണ്ട്’’ (10:6).
രാവും പകലും മാറിമാറി വരുന്നതിലും ആകാശഭൂമികളുടെ സൃഷ്ടിപ്പിലും ചിന്തിക്കുന്നവർക്ക് കണ്ടെത്താൻ ധാരാളം വസ്തുതകളുണ്ടെന്ന് പ്രഖ്യാപിക്കുന്ന അല്ലാഹു അവയൊക്കെയും അവൻ മനുഷ്യന് നൽകിയ അനുഗ്രഹങ്ങളായിട്ടാണ് എണ്ണുന്നത്.
“രാവിനെയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാകുന്ന ദൃഷ്ടാന്തത്തെ നാം മങ്ങിയതാക്കുകയും പകലാകുന്ന ദൃഷ്ടാന്തത്തെ നാം പ്രകാശം നൽകുന്നതാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള അനുഗ്രഹം നിങ്ങൾ തേടുന്നതിന് വേണ്ടിയും കൊല്ലങ്ങളുടെ എണ്ണവും കണക്കും നിങ്ങൾ മനസ്സിലാക്കുവാൻ വേണ്ടിയും. ഓരോ കാര്യവും നാം നല്ലവണ്ണം വിശദീകരിച്ചിരിക്കുന്നു’’ (17:12).
“രാവിനെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും അവൻ നിങ്ങൾക്ക് വിധേയമാക്കിത്തന്നിരി ക്കുന്നു. നക്ഷത്രങ്ങളും അവന്റെ കൽപനയാൽ വിധേയമാക്കപ്പെട്ടതുതന്നെ. ചിന്തിക്കുന്ന ആളുകൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്’’ (16:12).
“സൂര്യൻ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സർവജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്’’ (36:38).
“സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തിൽ നീന്തിക്കൊണ്ടിരിക്കുന്നു’’ (36:40).
“സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും അതിന് ഘട്ടങ്ങൾ നിർണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിന് വേണ്ടി. യഥാർഥ മുറപ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ആളുകൾക്കു വേണ്ടി അല്ലാഹു തെളിവുകൾ വിശദീകരിക്കുന്നു’’ (10:5).
“(നബിയേ,) നിന്നോടവർ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങൾക്കും ഹജ്ജ് തീർഥാടനത്തിനും കാല നിർണയത്തിനുള്ള ഉപാധികളാകുന്നു അവ...’’(2:189).
ദിനേന വിവിധ സമയങ്ങളിലായി നിർവഹിക്കപ്പെടുന്ന നമസ്‌കാരം എപ്പോൾ നിർവഹിക്കണമെന്നതിനുള്ള മാർഗനിർദേശങ്ങൾ റസൂൽﷺ നൽകിയിട്ടുണ്ട്. കിഴക്കെ ചക്രവാളത്തിൽ വെള്ളകീറുന്നതോടുകൂടി സുബ്ഹി നമസ്‌കാര സമയവും സൂര്യൻ മധ്യാഹ്‌നത്തിൽനിന്നും തെറ്റിയാലൂടൻ ദ്വുഹ്‌റിന്റെ സമയവുമാകും. ലംബമായി നിർത്തിയ ഒരു വസ്തുവിന്റെ നിഴൽ ആ വസ്തുവിന്റെ നീളത്തിന് തുല്യമാകുന്നതോടുകൂടിയാണ് അസ്വ്‌റിന്റെ സമയം ആരംഭിക്കുക. മഗ്‌രിബിന്റെ സമയം സൂര്യൻ ചക്രവാളത്തിൽനിന്നും അപ്രത്യക്ഷമാകുമ്പോഴാണ്. പടിഞ്ഞാറെ ചക്രവാളത്തിൽ അസ്തമയശോഭ മായുന്നതോടുകൂടി ഇശാഇന്റെ സമയം ആരംഭിക്കുന്നു.
ഇപ്രകാരം സൂര്യന്റെ സ്ഥാനത്തിനനുസ്യതമായുള്ള സമയനിർണയമാണ് നമസ്‌കാരത്തിന്റെ കാര്യത്തിൽ ഇസ്‌ലാം സ്വീകരിച്ചിട്ടുള്ളത്. പ്രഭാതത്തിൽ വെള്ളകീറുന്നതും പ്രദോഷത്തിൽ അസ്തമയ ശോഭ മായുന്നതും സൂര്യന്റെ സ്ഥാനങ്ങളും നിഴലിന്റെ വലിപ്പവുമൊക്കെ സാധാരണക്കാരനുപോലും നിരീക്ഷിക്കാവുന്നതാണെങ്കിലും നമസ്‌കാര സമയങ്ങൾ കണ്ടെത്തുന്നതിൻ ആ മാർഗങ്ങളല്ല നാം ഇന്ന് സ്വീകരിക്കുന്നത്. ഏതേത് സമയങ്ങളിലാണ് ഓരോ നമസ്‌കാരവും നിർവഹിക്കപ്പെടേണ്ടത് ആ സമയങ്ങൾക്ക് അനുസൃതമായ സൂര്യന്റെ സ്ഥാനങ്ങൾ ഏതെന്ന് നിർണയിക്കുകയും ഗണിതക്രിയകളിലൂടെ ആ സമയം കണ്ടെത്തുകയുമാണ് ഇവിടെ നാം ചെയ്യുന്നത്. ഇത്തരം ഗണിതക്രിയകൾ കുറ്റമറ്റതാണെന്ന് പൂർണബോധ്യമുള്ളതിനാൽ മുൻകൂട്ടി ക്രമീകരിച്ചിട്ടുള്ള നമസ്‌കാര സമയ വിവരപ്പട്ടികയെ അടിസ്ഥാനമാക്കിയാണ് നമസ്‌കാരസമയങ്ങളേതെന്ന് തീരുമാനിക്കുന്നത്. ഓരോ പ്രദേശത്തെയും അക്ഷാംശ രേഖാംശകൾ, ഉദയത്തിന് മുമ്പോ അസ്തമയത്തിനു ശേഷമോ ചക്രവാളത്തിനു താഴെ സ്ഥിതി ചെയ്യുന്ന സൂര്യനിലേക്കുള്ള കോണളവ് തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന കലണ്ടറുകളാണ് നമസ്‌കാര സമയം കൃത്യമായി മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നത്.
(അവസാനിച്ചില്ല)

