അവസാനമില്ലാത്ത ഇസ്രായേൽ നരനായാട്ട്!

തമന്ന ബിൻത് സലീം

2024 നവംബർ 02, 1446 റ. ആഖിർ 30

ഒരു വർഷം പിന്നിട്ട ഇസ്രായേൽ നരനായാട്ടിൽ ഊരും ഉയിരും നഷ്ടപ്പെട്ടവരുടെ കദന കഥകൾ ഉള്ളലിയിക്കുന്നതാണ്. കണ്ണും കാതും മരവിക്കുന്ന ക്രൂരതയുടെ വാർത്തകളാണ് ദിനംപ്രതി ഫലസ്തീനിൽ നിന്ന് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പീഡിതർക്ക് ശാന്തിയും പീഡകർക്ക് ശിക്ഷയും പുലരുന്ന ഭാവിയിലാണ് വിശ്വാസിയുടെ പ്രതീക്ഷ.

കുഞ്ഞുങ്ങളെയും അവരുടെ വളർച്ചയെയും കൗതുകത്തോടെയും ഇഷ്ടത്തോടെയും വീക്ഷിക്കുന്നവരാണ് നമ്മളെല്ലാം. ഒരു കുഞ്ഞ് സംസാരിച്ചു തുടങ്ങുമ്പോൾ പറയുന്ന ഓരോ വാക്കും എത്രത്തോളം മനോഹരവും നിഷ്‌കളങ്കവുമായിട്ടാണ് നമുക്ക് അനുഭവപ്പെടുന്നത്!

മറ്റുള്ളവരോട് കൗതുകത്തോടെ കുഞ്ഞു കുഞ്ഞു സംശയങ്ങൾ തീരാതെ ചോദിച്ചുകൊണ്ടിരിക്കേണ്ട പ്രായത്തിലുള്ള ഒരു കുഞ്ഞ് തന്റെ പൂച്ചക്കുട്ടിയോട് സംസാരിക്കുന്ന വീഡിയോ ഈയിടെ സോഷ്യൽ മീഡിയയിൽ വൈറലായതാണ്. തങ്ങളുടെ മേൽ ബോംബ് വർഷിക്കപ്പെട്ടാൽ എല്ലാവരും കൊല്ലപ്പെടു മെന്നും ഇനി പൂച്ച മാത്രമാണ് രക്ഷപ്പെടുന്നതെങ്കിൽ തന്റെയോ കുടുംബാഗങ്ങളുടെയോ ചിന്നിച്ചിതറിയ മാംസക്കഷ്ണങ്ങൾ ഭക്ഷിക്കരുതെന്നും ഗൗരവത്തോടെ ഉപദേശിക്കുകയാണ് ആ കുഞ്ഞ് തന്റെ പൂച്ചയെ! ആ കുരുന്നിന്റെ മാനസികാവസ്ഥ എന്തായിരിക്കും? ഉറക്കത്തിൽ അവൾക്ക് ദുഃസ്വപ്നമല്ലാതെ കാണാൻ പറ്റുന്നുണ്ടാകുമോ? പൂച്ചക്കുട്ടിയോട് സംസാരിച്ച ആ പെൺകുട്ടി ഫലസ്തീനിൽ നിന്നുള്ള കുട്ടിയാണ്. ഫലസ്തീനിന്റെ മകളാണ്.

ഇന്ന് നമ്മൾ സോഷ്യൽ മീഡിയകളിൽ കാണുന്ന അനേകം നിഷ്‌കളങ്ക ബാല്യങ്ങളിൽ ഒരാൾ മാത്രമാണ് അവളും. ഇതുപോലെയുള്ള, അല്ലെങ്കിൽ ഇതിലും ഭീകരമായിട്ടുള്ള അവസ്ഥകളിലൂടെയാണ് ഫലസ്തീനിലെ കുട്ടികളെല്ലാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. 2023 ഒക്ടോബറിൽ ഹമാസ് ഇസ്‌റാഈലിലേക്ക് അയച്ച മിസൈലുകൾക്ക് ശേഷം മാത്രം തുടങ്ങിയതല്ല ഫലസ്തീനിലെ കുട്ടികളുടെ ദുരിത ജീവിതങ്ങൾ. ജൂതകുടിയേറ്റം ശക്തിപ്പെട്ടുവരുന്ന കാലം മുതലേ ഓരോ കുട്ടിയും ഇത്തരം സാഹച ര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകും. കുട്ടികൾ മാത്രമല്ല, പതിറ്റാണ്ടുകളായി ഫലസ്തീനിലെ ഓരോ മനുഷ്യനും ഭീതി നിറഞ്ഞ അവസ്ഥകളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

ബ്രിട്ടനിന്റെയും മറ്റു സാമ്രാജ്യത്വ ശക്തികളുടെയും സ്വാർഥ താൽപര്യങ്ങൾക്കും നിലനിൽപിനും വേണ്ടിയാണ് ഒരു നൂറ്റാണ്ടോളമായി ഈ ജനസമൂഹം യാതനകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇസ്രാഈൽ തങ്ങളുടെ വാഗ്ദത്ത ഭൂമിയാണെന്നും തങ്ങളാണ് ഇവിടുത്തെ അവകാശികളെന്നും അവകാശപ്പെടുന്ന ജൂതന്മാരുടെ ചരിത്രമന്വേഷിച്ചാൽ മെസപൊട്ടോമിയയിലെ ഉർ എന്ന പ്രദേശവാസികളായിരുന്നു അവരെന്ന് മനസ്സിലാക്കാം. അഥവാ ഇസ്രാഈൽ എന്ന പേരുകൂടി ഉണ്ടായിരുന്ന യഅ്ക്വൂബ് നബി(അ)യുടെ പിതാമഹനായ ഇബ്‌റാഹീം നബി(അ)യുടെ ജന്മദേശം.

അദ്ദേഹം നംറൂദിനാൽ പീഡിപ്പിക്കപ്പെടുകയും നാട്ടിൽനിന്നും പിതാവിനാൽ പുറത്താക്കപ്പെടുകയും ചെയ്ത ശേഷം പലായനം ചെയ്ത് എത്തിയ പ്രദേശമാണ് ഫലസ്തീൻ. അവിടെ അദ്ദേഹത്തിന്റെ മകൻ ഇസ്ഹാക്വും ഇസ്ഹാക്വിന്റെ മകൻ യഅ്ക്വൂബും താമസിച്ചു വന്നു. പിന്നീട് യഅ്ക്വൂബ് നബി(അ)യുടെ മകനായ യൂസുഫ് നബി(അ)യുടെ കാലത്ത് അവർ കുടുംബത്തോടെ ഈജിപ്തിലേക്ക് പോകുകയും അവിടെ കാലങ്ങളോളം താമസിക്കുകയും ചെയ്തു. പിന്നീട് ഫിർഔനിന്റെ കാലത്ത് വല്ലാതെ പീഡിപ്പിക്കപ്പെടുകയും കഷ്ടപ്പെടുകയും ചെയ്യുമ്പോഴാണ് മൂസാ(അ)യുടെ ജനനം. ചെങ്കടൽ കടന്ന് മൂസാനബി(അ)യും ഇസ്‌റാഈല്യരും സീനായിലേക്ക് രക്ഷപ്പെട്ട സംഭവം ചരിത്രത്തിലുണ്ട്. മൂസാ നബി(അ)യുടെ ഈ ജനതയാണ് പിന്നീട് യഹൂദികളെന്നും ജൂതന്മാരെന്നും അറിയപ്പെട്ടത്.

സീനാമരുഭൂമിയിൽ എത്തിയ ഈ ജനതയോട് അവർക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഭൂമിയിലേക്ക് പ്രവേശിക്കാനും അതിനുവേണ്ടി യുദ്ധം ചെയ്യാനും മൂസാ(അ) ആവശ്യപ്പെട്ടപ്പോൾ ധിക്കാരത്തോടെ, ‘നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്‌തോ ഞങ്ങളിവിടെ ഇരുന്നോളാം’ എന്നു പറഞ്ഞതിനാൽ നാൽപതു വർഷത്തോളം അവർക്ക് ആ ഭൂമി നിഷിദ്ധമാക്കപ്പെടുകയുണ്ടായി.

“എന്റെ ജനങ്ങളേ, അല്ലാഹു നിങ്ങൾക്ക് വിധിച്ചിട്ടുള്ള പവിത്രഭൂമിയിൽ നിങ്ങൾ പ്രവേശിക്കുവിൻ. നിങ്ങൾ പിന്നോക്കം മടങ്ങരുത്. എങ്കിൽ നിങ്ങൾ നഷ്ടക്കാരായി മാറും. അവർ പറഞ്ഞു: ഓ; മൂസാ, പരാക്രമശാലികളായ ഒരു ജനതയാണ് അവിടെയുള്ളത്. അവർ അവിടെനിന്ന് പുറത്തു പോകുന്നതു വരെ ഞങ്ങൾ അവിടെ പ്രവേശിക്കുകയേയില്ല. അവർ അവിടെനിന്ന് പുറത്തു പോകുന്ന പക്ഷം തീർച്ചയായും ഞങ്ങൾ (അവിടെ) പ്രവേശിച്ചുകൊള്ളാം. ദൈവഭയമുള്ളവരിൽ പെട്ട, അല്ലാഹു അനുഗ്രഹിച്ച രണ്ടുപേർ പറഞ്ഞു: നിങ്ങൾ അവരുടെ നേർക്ക് കവാടം കടന്നങ്ങ് ചെല്ലുക. അങ്ങനെ നിങ്ങൾ കടന്നുചെന്നാൽ തീർച്ചയായും നിങ്ങൾ തന്നെയായിരിക്കും ജയിക്കുന്നത്. നിങ്ങൾ വിശ്വാസികളാണെങ്കിൽ അല്ലാഹുവിൽ നിങ്ങൾ ഭരമേൽപിക്കുക. അപ്പോൾ അവർ പറഞ്ഞു: ഓ; മൂസാ, അവരവിടെ ഉണ്ടായിരിക്കുന്ന കാലത്തോളം ഞങ്ങളൊരിക്കലും അവിടെ പ്രവേശിക്കുകയില്ല. അതിനാൽ താങ്കളും താങ്കളുടെ രക്ഷിതാവും കൂടി പോയി യുദ്ധം ചെയ്തുകൊള്ളുക. ഞങ്ങൾ ഇവിടെ ഇരിക്കുകയാണ്’’ (വിശുദ്ധ ക്വുർആൻ 5:21-24).

അവരോളം അനുഗ്രഹിക്കപ്പെട്ടവരും നിരവധി തവണ ദൈവപ്രീതി ലഭിച്ചവരുമായ ഒരു ജനത വേറെയില്ല. എന്നിട്ടും അതെല്ലാം മറന്ന് വീണ്ടും വീണ്ടും ധിക്കാരം കാണിക്കാനും ഭൂമിയിൽ പ്രശ്നങ്ങളുണ്ടാകാനും അവർ തയ്യാറായി. ഈ സ്വഭാവം കാരണം മൂസാ നബി(അ)യുടെ കാലത്ത് അവർക്ക് വാഗ്ദത്ത ഭൂമിയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല.

ശേഷം ആ ഭൂമിയിൽ അവർ പ്രവേശിക്കുകയും അവിടെ ജീവിക്കുകയും ചെയ്തു. ബിസി 11 മുതൽ എഡി ഒന്നു വരെ അവർ അവിടം ഭരിച്ചു. റോമൻ സാമ്രാജ്യം ശക്തിപ്പെടുകയും ഫലസ്തീൻ ഭാഗങ്ങൾ അവർ അധീനപ്പെടുത്തുകയും ചെയ്തതിന് ശേഷം ജൂതൻമാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറുകയായിരുന്നു.

ഫ്രഞ്ച് വിപ്ലവത്തിന് ശേഷം ലോകത്താകമാനം രൂപപ്പെട്ട പുതിയ രാഷ്ട്രീയ സങ്കൽപം ജൂതന്മാരിലും അവരുടെതായ ഒരു രാഷ്ട്ര സങ്കൽപത്തിന് തിരികൊളുത്തി. റഷ്യൻ ജൂത ഡോക്ടറായ ലിയോൻ പിൻസ്‌ക്കർ ആണ് ആദ്യമായി ജൂത ദേശമെന്ന ആശയം ‘ഓട്ടോ ഇമേൻസിപേഷൻ’ എന്ന തന്റെ പുസ്തകത്തിലൂടെ പുറത്തുവിട്ടത്. എന്നാൽ അത് ഫലസ്തീൻ ആകണമെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല.

1880കളിൽ ഫലസ്തീനിലെ സിയോൺ കുന്നിന്റെ പേരിൽ ‘ലവേർസ് ഓഫ് സിയോൺ’ എന്ന പേരിൽ ഒരുപറ്റം ജൂതന്മാർ കൂട്ടമായി പ്രവർത്തിക്കാൻ തുടങ്ങി. ഇവർ പ്രതിനിധീകരിക്കുന്ന ആശയമാണ് പിന്നീട് ‘സിയോണിസം’ എന്നറിയപ്പെട്ടത്. ഇവരുടെ ലക്ഷ്യം ലോകത്ത് ചിതറപ്പെട്ട് കിടക്കുന്ന ജൂതന്മാരെ ഒരുമിപ്പിക്കലും അവരുടെ പ്രാചീന ഹീബ്രൂ സംസ്‌കാരം പരിപോഷിപ്പിക്കലും അവരുടെ രാഷ്ട്രീയവും മതപരവുമായ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി ഫലസ്തീനിൽ അവർക്ക് സ്വന്തമായി ഒരു ജൂതരാഷ്ട്രമെന്ന സ്വപ്നം യാഥാർഥ്യമാക്കലുമായിരുന്നു. അവർക്കിടയിൽ ‘സെക്കന്റ് മോസസ്’ എന്നറിയപ്പെടുന്ന, അവരുടെ ആദ്യത്തെ നേതാവായി അംഗീകരിക്കപ്പെടുന്ന തിയോഡർ ഹെർസലിന്റെ കീഴിൽ 1897ൽ ബേസലിൽ വെച്ചാണ് അവരുടെ ആദ്യ അന്താരാഷ്ട്ര കോൺഫറൻസ് നടക്കുന്നത്. ആ കോൺഫറൻസിൽവച്ച് ഫലസ്തീനിലേക്ക് കാർഷിക, വ്യാവസായിക തൊഴിലാളികളായിക്കൊണ്ട് കുടിയേറാനും അവിടുത്തെ ജൂത അധിനിവേശം ശക്തിപ്പെടുത്താനും പല രാജ്യങ്ങളിലായി കിടക്കുന്ന ജൂതന്മാരെ അങ്ങോട്ട് എത്തിക്കാനുമെല്ലാം തീരുമാനമായി. കോൺഫറൻസിനു ശേഷം ഒട്ടോമൻ ഖലീഫയായ സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമനെ പോയി കണ്ട് അവരുടെ ആവശ്യം പറഞ്ഞു അനുവാദം ചോദിച്ചുവെങ്കിലും അപകടം മുന്നിൽ കണ്ട് അദ്ദേഹം അത് നിരാകരിച്ചു.

ഒന്നാം ലോകമഹായുദ്ധ സമയത്ത് ബ്രിട്ടനുൾപ്പെടുന്ന സഖ്യത്തിനാണ് ജൂതന്മാർ പിന്തുണ നൽകിയത്. ബ്രിട്ടൻ ഫലസ്തീനിലുള്ള അവരുടെ രാഷ്ട്രസ്വപ്നത്തെ യാഥാർഥ്യമാക്കാൻ സഹായിക്കുമെന്ന ഉറപ്പിന്മേലായിരുന്നു അത്. ബ്രിട്ടൻ മറ്റു പലരുടെയും പിന്തുണ വാങ്ങിയതും ഇതേ സ്ഥലം വാഗ്ദാനം നൽകിയിട്ടായിരുന്നു. ബ്രിട്ടന്റെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ലോർഡ് ബാൽഫറിൽനിന്നും ഇംഗ്ലീഷ് ജൂത നേതാവായ റോത്സ് ചൈൽഡ്ൻ എഴുതിയ കത്ത് പിന്നീട് ലോകം കാണുകയുണ്ടായി. അതിൽ അവരുടെ രാഷ്ട്ര നിർമിതിക്ക് ബ്രിട്ടൻ പിന്തുണ കൊടുക്കുമെന്നും അന്നാട്ടിലെ നിലവിലുള്ള ജൂതന്മാരല്ലാത്തവരുടെ അവകാശങ്ങളെയും ലോകത്തിന്റെ മറ്റിടങ്ങളിൽ ജീവിക്കുന്ന ജൂതന്മാരുടെ അവകാശങ്ങളെയും ഹനിക്കാത്ത വിധത്തിലായിരിക്കും അത് എന്നും എടുത്ത് പറയുന്നതായി കാണാം.

ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടൻ കുടിയേറ്റം അനുവദിക്കുകയും അനേകം ജൂതന്മാർ അവിടെ വന്നു ഭൂമി വാങ്ങി അവരുടെ പ്രദേശം മതിൽ കെട്ടി സംരക്ഷിക്കാൻ തുടങ്ങുകയും ചെയ്തു. ആദ്യം വില കൊടുത്തു വാങ്ങുകയായിരുന്നെങ്കിൽ പിന്നെ പതിയെ ഭൂമി കയ്യേറലായി.

രണ്ടാം ലോകമഹായുദ്ധം അവസാനിച്ച ശേഷം (1947ൽ) ഐക്യരാഷ്ട്രസഭ ഫലസ്തീൻ നാടിനെ അറബികൾക്കും യഹൂദികൾക്കുമായി രണ്ടാക്കി വിഭജിച്ചു. 1948 മെയ് മാസത്തിൽ യഹൂദികളുടെ ഭാഗത്തിൽ ഇസ്‌റാഈൽ രാഷ്ട്രം സ്ഥാപിതവുമായി. ലോകത്തിൽ അവിടവിടെയായി ചിന്നിച്ചിതറിയും പലേടങ്ങളിലും-വിശേഷിച്ച് നാസികളുടെ കീഴിൽ മർദിതരായും-കഴിഞ്ഞുകൂടിയിരുന്ന യഹൂദികളെ ഒന്നിച്ച് കുടിയിരുത്തിക്കൊണ്ടായിരുന്നു അത്. സിയോണിസ്റ്റ് പ്രസ്ഥാനം യുറോപ്യൻ നാടുകളിൽ വരുത്തിയ സ്വാധീനവും നാസികൾക്കെതിരെ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത അമേരിക്ക, ഇംഗ്ലണ്ട് മുതലായ വൻശക്തികളടങ്ങിയ സഖ്യകക്ഷികളുടെ സ്ഥാപിത താൽപര്യങ്ങളുമാണ് ഇതിന് കളമൊരുക്കിയത്. അതിന്റെ ജനയിതാക്കളായ വൻകോയ്മകൾ അതിനെ പാലൂട്ടി വളർത്തിക്കൊണ്ടിരുന്നു. ഇന്നും അവരുടെ സഹായവും അനുഭാവവും തന്നെയാണ് ഇസ്‌റാഈലിനെ നിലനിറുത്തുന്നത്. അറബിരാഷ്ട്രങ്ങളുമായി അനേകം സംഘട്ടനങ്ങൾ നടന്നു. ഇപ്പോഴും നടക്കുന്നു.

ഇസ്‌റാഈല്യരുടെ ചരിത്രം പരിശോധിച്ചാൽ, അവർ എന്നുതൊട്ട് അല്ലാഹുവിന്റെ ശാപകോപങ്ങൾക്ക് ഇരയായിത്തീർന്നുവോ അന്നുമുതൽ അവരിൽ നിന്ദ്യതയും പതിതത്വവും കുടിയേറുകയും ചെയ്തിട്ടുള്ളതായി വ്യക്തമാകും. ഇസ്‌ലാമിന്റെ ആവിർഭാവത്തിന് മുമ്പും അതിനുശേഷം ഇന്നോളവും അവരിൽ പ്രകടമായി കാണാവുന്നതാണത്. പ്രവാചകനു മുമ്പ് ഇറാക്വിലെയും റോമിലെയും സാമ്രാജ്യശക്തികൾക്കടിമപ്പെട്ടും അവരുടെ മർദനമേറ്റും അവർക്ക് കപ്പം കൊടുത്തും ദീർഘകാലം കഴിയേണ്ടിവന്നു. ഇസ്‌ലാമിക ഭരണം നിലവിൽ വന്നപ്പോൾ അതിന്റെ കീഴിൽ കപ്പം കൊടുത്തും സമാധാന ഉടമ്പടികൾ ചെയ്തും ജീവിക്കേണ്ടിവന്നു. മുസ്‌ലിം ഭരണം ചിന്നിച്ചിതറിയ ശേഷവും പലേടങ്ങളിലും പല രാഷ്ട്രങ്ങളിലുമായി ഹീനരും പതിതരുമായിട്ടേ അവർക്ക് ജീവിക്കുവാൻ കഴിഞ്ഞിട്ടുള്ളൂ.

ചുരുക്കിപ്പറഞ്ഞാൽ, മറ്റൊരു കൂട്ടരുടെ ഔദാര്യമോ സഹായമോ കൂടാതെ, സ്വന്തം നിലയ്ക്ക് മാന്യവും സ്വതന്ത്രവുമായ ഒരു സമുദായമായി നിലകൊള്ളുവാനോ സ്വന്തമായ ഭരണാധികാരം സ്ഥാപിക്കുവാനോ അവർക്ക് കഴിഞ്ഞിട്ടില്ല. മുക്കാൽ നൂറ്റാണ്ടു മുമ്പ് ഇസ്‌റാഈൽ എന്ന പേരിൽ ഫലസ്തീനിൽ ഒരു രാഷ്ട്രം യഹൂദികൾ സ്ഥാപിച്ചിട്ടുള്ളത് ശരിയാണ്. പക്ഷേ, അതിന്റെ ഉത്ഭവവും നിലനിൽപുമെല്ലാം തന്നെ അമേരിക്ക മുതലായ വൻകോയ്മകളുടെ കൈക്കാണുള്ളതെന്ന പരമാർഥം പരക്കെ അറിയപ്പെട്ടതാണ്.

ജൂതന്മാരുടെ കടന്നുവരവിനും അവരുടെ രാഷ്ട്രീയ സംസ്ഥാപനത്തിനുമെല്ലാം എതിരായിരുന്നു ഫലസ്തീനിലെ ജനത. മുസ്‌ലിംകളാണ് ഭൂരിപക്ഷമെങ്കിലും ക്രിസ്ത്യാനികളും ജൂതന്മാരും അടങ്ങുന്ന സമൂഹമാണ് അവിടെയുള്ളത്. സമാധാനത്തോടെ കഴിഞ്ഞിരുന്ന അവർക്കിടയിലേക്കാണ് ഇവർ കുടിയേറി വന്നത്.

പിന്നീട് ബ്രിട്ടനു തന്നെ നിയന്ത്രിക്കാൻ പറ്റാത്ത വിധത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയും പരിഹാര ത്തിനു വേണ്ടി പല കമ്മീഷനുകളെ നിയമിക്കേണ്ടതായും വന്നു. യുഎൻ രൂപീകരണത്തിനു ശേഷം പ്രശ്‌നം യു എന്നിന്റെ മുന്നിൽ വന്നു. ഒരു ഒത്തുതീർപ്പ് സാധ്യമല്ലെന്ന് മനസ്സിലാക്കി ഫലസ്തീനികളുടെ രാജ്യം അവർക്കും അന്യായമായി ആ ദേശത്തെ മോഹിച്ചു വന്നവർക്കും ഇടയിൽ വിഭജിക്കപ്പെട്ടു. ജറൂസലേം കേന്ദ്രമായി ഒരു അന്താരാഷ്ട്ര ഏരിയ നിലനിറുത്തി ഫലസ്തീനെ ജൂതൻമാർക്കും അറബികൾക്കുമായി വെട്ടിമുറിച്ചു. അങ്ങനെ 1948 മെയ് 15ന് ഇസ്രായേൽ എന്ന രാഷ്ട്രം രൂപീകരിക്കപ്പെട്ടു.

57 ശതമാനം ഫലസ്തീനിന്റെ ഭാഗവും ഒരുനിലക്കും ആ മണ്ണിൽ അവകാശമില്ലാത്തവർ ജൂതന്മാർക്ക് വിഭജിച്ചു നൽകിയിട്ടും മതിവരാതെ, ഇസ്‌റാഈൽ എന്ന രാഷ്ട്രം രൂപീകരിക്കപ്പെട്ട അന്നുമുതൽ; ആരോഗ്യ മുള്ള ശരീരത്തിൽ ക്യാൻസർ പടരുന്നതുപോലെ ഫലസ്തീനികൾക്ക് നൽകപ്പെട്ട ഭാഗങ്ങളിലേക്ക് ജൂതരുടെ കടന്നുകയറ്റം നടന്നുകൊണ്ടിരുന്നു. യുഎൻ അംഗീകരിച്ച ഫലസ്തീൻ വിഭജന ഭൂപടം പരിശോധിച്ചാൽ ഇത് മനസ്സിലാകും.

അത്രയും ഭാഗങ്ങളിൽ ജീവിച്ചു കൊണ്ടിരിക്കുന്ന ലക്ഷകണക്കിന് ജനങ്ങളെയെല്ലാം അഭയാർത്ഥികളാക്കി കൊണ്ട് അവരുടെ വേദനകൾക്ക് നേരെ കണ്ണുകളടച്ചു കൊണ്ട് മുന്നേറി കൊണ്ടിരിക്കുകയാണ് ഈ നരാധമൻമാർ...

മിഡിൽ ഈസ്റ്റിൽ തങ്ങളുടെ താൽപര്യങ്ങൾക്ക് കുടപിടിക്കുന്ന ഒരു രാജ്യം ഉണ്ടാകണമെന്ന അമേരിക്ക പോലുള്ള രാജ്യങ്ങളുടെ താൽപര്യത്തിന്റെ പരിണിതിയാണിത്. ആയുധങ്ങൾ നൽകിയും മിലിറ്ററി സപ്പോർട്ട് കൊടുത്തും ശക്തിപ്പെടുത്തിയും അവരുടെ ഭീകരതാണ്ഡവത്തിനെതിരെ കണ്ണടച്ചും വൻശക്തികൾ മുന്നോട്ടു പോവുകയാണ്. അവർക്കെതിരിൽ സോഷ്യൽ മീഡിയകളിൽ പ്രതികരിക്കുന്നവരുടെ അക്കൗണ്ടുകൾ കമ്യൂണിറ്റി ഗൈഡ്‌ലൈനിന് എതിരാണെന്ന് പറഞ്ഞുകൊണ്ട് ഡിസേബിൾ ചെയ്യുന്ന അവസ്ഥയാണുള്ളത്.

അതോടൊപ്പം ജൂതനരനായാട്ടിനെതിരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. അമേരിക്കയുടെ നിലപാടുകൾക്കെതിരെ ആ രാജ്യത്തുതന്നെ പൊതുജനങ്ങൾ തെരുവിലിറങ്ങുന്നുണ്ട്. എന്നാൽ ഇസ്‌റാഈൽ എന്ന അതിഭീകര രാജ്യത്തെ നിലയ്ക്കു നിറുത്താൻ ആർക്കുമാകുന്നില്ല. പ്രസ്താവനകളിറക്കാനല്ലാതെ ആരും മുന്നോട്ടുവരുന്നില്ല. അയൽ രാജ്യങ്ങളെയും അക്രമിച്ച് മുഷ്‌ക്ക് കാട്ടുന്ന, അരലക്ഷത്തോളം ഫലസ്തീൻ മക്കളെ കൊന്നുതള്ളുകയും ആ രാജ്യത്തെ തന്നെ കോൺക്രീറ്റ് കൂമ്പാരമാക്കുകയും ചെയ്ത സിയോണിസ്റ്റ് രാജ്യത്തെ പാഠം പഠിപ്പിക്കാൻ ദൈവത്തിന്റെ ഇടപെടൽ തന്നെ വേണ്ടിവരും.

“അക്രമികൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ച് പോകരുത്. കണ്ണുകൾ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവർക്കു സമയം നീട്ടികൊടുക്കുക മാത്രമാണ് ചെയ്യുത്’’ (ക്വുർആൻ 14:42).

ഇസ്‌റാഈൽ സന്ദർശന വേളയിൽ മോദിയും നെതന്യാഹുവും സംയുക്തമായി നടത്തിയ പത്രപ്രസ്താവനയിൽ പറഞ്ഞത് ‘ഇരു രാജ്യങ്ങളും ഒരേതരം ഭീകരവാദത്തിന്റെ ഇരകളായ രണ്ടു രാഷ്ട്രങ്ങളാണ്’ എന്നാണ്. പശ്ചിമേഷ്യയിൽ അറബ് മുസ്‌ലിം ജനതയെ മൃഗീയമായി കൊന്നൊടുക്കുകയും മുസ്‌ലിം രാജ്യങ്ങളിലെല്ലാം ഉപജാപങ്ങളിലൂടെ കലാപങ്ങളും സംഘർഷങ്ങളും രൂപീകരിക്കുകയും ചെയ്യുന്ന ഭീകര രാഷ്ട്രമായ ഇസ്‌റാഈൽ ‘ഭീകരവാദികൾ’ എന്നു വിളിക്കുന്നത് സ്വന്തം മണ്ണും കിടപ്പാടവും നഷ്ടപ്പെട്ട ഹതാശയരായ ഫലസ്തീനികളെയാണെന്നത് ഓർക്കുക.

തങ്ങളുടെ വീടുകളുടെ ചാവിയും മുറുകെ പിടിച്ചുകൊണ്ട് അവ തകർക്കപ്പെട്ടുവോ ഇല്ലയോ എന്നറിയാതെ, എന്നെങ്കിലും വീടണയാൻ കഴിയുമെന്ന് സ്വപ്നം കണ്ട് അഭയാർഥികളായി ജീവിക്കുന്ന വരെ നമുക്ക് മറക്കാതിരിക്കാം. പടച്ചവനിലേക്ക് കൈകൾ ഉയർത്തുമ്പോൾ അവർക്ക് വേണ്ടിയും ചോദിച്ചിട്ടല്ലാതെ കൈകൾ താഴ്ത്താതിരിക്കുക.