ശരീഅത്തും ബാലിശമായ വിമർശനങ്ങളും

മൂസ സ്വലാഹി കാര

2024 മെയ് 11, 1445 ദുൽഖഅദ് 03

ശരീഅത്ത് വിമർശകരുടെ മുൻനിരയിലേക്ക് രാഷ്ട്ര നേതൃത്വം കൂടി തിരക്കുപിടിച്ചിറങ്ങിയത് കേവലം ഇലക്ഷൻ പ്രൊപഗണ്ട മാത്രമായി കാണാൻ കഴിയില്ല. മറിച്ച് ദീർഘദൂര അജണ്ടയുടെ ആദ്യ ഇടനാഴി മാത്രമാണത്. എന്താണ് ശരീഅത്ത്? ആരാണതിനെ ഭയപ്പെടുന്നത്? എന്താണവരെ പേടിപ്പിക്കുന്ന ഘടകം?

ഇസ്‌ലാമിക ശരീഅത്ത് ലോകത്ത് ഏറെ ചർച്ചകൾക്കും വിമർശനങ്ങൾക്കും വിഷയീഭവിച്ച ഒന്നാണ്. ദിവ്യബോധനത്തിലൂടെ പൂർത്തിയാക്കപ്പെട്ട ഇസ്‌ലാമിന്റെ നിയമസംഹിതയെ മുഴുവനായി ഉൾക്കൊള്ളുന്ന പവിത്രമായ പദമാണ് ‘ശരീഅത്ത്’ എന്നത്. ഇതിനോട് ആദരവും ബഹുമാനവും അനുസരണവും അനുവർത്തനവും ജീവിതത്തിലുണ്ടാകൽ ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്.

അല്ലാഹു പറയുന്നു: “ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണെ സത്യം; അവർക്കിടയിൽ ഭിന്നതയുണ്ടായ കാര്യത്തിൽ അവർ നിന്നെ വിധികർത്താവാക്കുകയും, നീ വിധികൽപിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളിൽ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂർണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവർ വിശ്വാസികളാവുകയില്ല’’ (ക്വുർആൻ 4:65).

പൊതുവെ എല്ലാ മതങ്ങളോടും എതിർപ്പുള്ള നിരീശ്വര-നിർമതവാദികളും ഇസ്‌ലാമിനോട് പ്രത്യേകമായ വിദ്വേഷം വച്ചുപുലർത്തുന്നവരുമാണ് ശരീഅത്തിനെതിരെ ഉറഞ്ഞുതുള്ളുന്നവർ. ഇസ്‌ലാ മിനോടുള്ള അറപ്പും അജ്ഞതയും അവിവേകവും അലങ്കാരമായി കൊണ്ടുനടക്കുന്നവരാണിവർ. എന്താണ് ശരീഅത്ത്, അതിന്റെ ലക്ഷ്യമെന്ത്, അത് പ്രായോഗികമാണോ എന്നൊന്നും അവർക്കറിയില്ല. എന്നാൽ എല്ലാം പഠിച്ചു മനസ്സിലാക്കിയിട്ടുണ്ട് എന്ന ഭാവത്തിലായിരിക്കും അവരുടെ എതിർപ്പുകൾ.

വിശ്വാസം, ആചാരം, സ്വഭാവം, കുടുംബം, സമൂഹം, രാഷ്ട്രീയം, ഇടപാടുകൾ, കൽപനകൾ, വിരോധങ്ങൾ, ശിക്ഷാവിധികൾ, താക്കീതുകൾ തുടങ്ങി സകല മേഖലകളിലും നീതിപൂർണമായ നിർദേശങ്ങൾ നൽകിയ ഇസ്‌ലാമിന്റെ അടുത്തോ, അകത്തോ, ഓരത്തോ എത്താൻ കഴിയാത്തവർ എതിർക്കാൻ മാത്രം നടുനിവർത്തുന്നത് ലജ്ജാകരമാണ്. ആർത്തിരമ്പുന്ന സമുദ്രത്തിന്റെ ആഴവും പരപ്പും കാണാത്ത ഒരാൾ അതിനെ നിസ്സാരമാക്കി തള്ളിപ്പറയുന്നതിൽ എന്തർഥം?

വിശ്വാസികളെ പ്രശംസിച്ച് അല്ലാഹു പറയുന്നു: “പശ്ചാത്തപിക്കുന്നവർ, ആരാധനയിൽ ഏർപെടുന്നവർ, സ്തുതികീർത്തനം ചെയ്യുന്നവർ, (അല്ലാഹുവിന്റെ മാർഗത്തിൽ) സഞ്ചരിക്കുന്നവർ, കുമ്പിടുകയും സാഷ്ടാംഗം നടത്തുകയും ചെയ്യുന്നവർ, സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് വിലക്കുകയും ചെയ്യുന്നവർ, അല്ലാഹുവിന്റെ അതിർവരമ്പുകളെ കാത്തുസൂക്ഷിക്കുന്നവർ; (ഇങ്ങനെയുള്ള) സത്യവിശ്വാസികൾക്ക് സന്തോഷവാർത്ത അറിയിക്കുക’’ (ക്വുർആൻ 9:112).

അനുകൂലവും പ്രതികൂലവുമായ അവസ്ഥകളിലും ഇഷ്ടത്തിലും അനിഷ്ടത്തിലും സംതൃപ്തിയിലും അസംതൃപ്ത്തിയിലും മതനിയമങ്ങൾക്ക് മുൻഗണന നൽകുക എന്നത് ദൃഢവിശ്വാസികളുടെ മാത്രം സ്വഭാവമാണ്.

അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും മുമ്പിൽ (യാതൊന്നും) മുൻകടന്നു പ്രവർത്തിക്കരുത്. അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു എല്ലാം കേൾക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു’’ (ക്വുർആൻ 49:1)

“അതിനാൽ നിങ്ങൾക്ക് സാധ്യമായവിധം അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും നിങ്ങൾക്കുതന്നെ ഗുണകരമായ നിലയിൽ ചെലവഴിക്കുകയും ചെയ്യുക’’ (ക്വുർആൻ 64:16).

അബൂഹുറയ്‌റ(റ)യിൽനിന്ന്; നബിﷺ പറയുന്നതായി അദ്ദേഹം കേട്ടു: “ഞാൻ നിങ്ങൾക്ക് വിരോധിച്ചത് നിങ്ങൾ വെടിയുകയും നിങ്ങളോട് കൽപിച്ചതിൽനിന്ന് സാധിക്കുന്നത്ര പ്രവർത്തിക്കുകയും ചെയ്യുക’’ (മുസ്‌ലിം).

എല്ലാ സമൂഹങ്ങളിലേക്കും നിയോഗിക്കപ്പെട്ട ദൂതന്മാരിലൂടെ അവർക്ക് യോജിച്ചതും ഉചിതവുമായ നിയമങ്ങൾ നൽകപ്പെട്ടത് ശരീഅത്തിന്റെ മഹത്ത്വവും മേന്മയും കൂടുതൽ ബോധ്യമാക്കിത്തരുന്നു.

അല്ലാഹു പറയുന്നു: “നൂഹിനോട് കൽപിച്ചതും നിനക്ക് നാം ബോധനം നൽകിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് നാം കൽപിച്ചതുമായ കാര്യം- നിങ്ങൾ മതത്തെ നേരാംവണ്ണം നിലനിർത്തുക, അതിൽ നിങ്ങൾ ഭിന്നിക്കാതിരിക്കുക എന്ന കാര്യം-അവൻ നിങ്ങൾക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു’’ (ക്വുർആൻ 42:13).

ജീവിതലക്ഷ്യം പ്രാപിക്കാൻ മതം നമ്മെ കുറേ നിയമങ്ങളിൽ കെട്ടിയിടുകയല്ല ചെയ്തത്; മറിച്ച് ലളിതവും എളുപ്പവുമായ നിലയ്ക്ക് അതിനെ പിന്തുടരാനുള്ള കർമപദ്ധതിയും അതോടൊപ്പം നൽകി. ഇസ്‌ലാമിന് മാത്രം അവകാശപ്പെടാവുന്ന ഈ കാര്യത്തെ സംബന്ധിച്ച് അല്ലാഹു പറയുന്നു:

“നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിൻപറ്റിപോകരുത്. നിങ്ങളിൽ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കർമമാർഗവും നാം നിശ്ചയിച്ചുതന്നിരിക്കുന്നു’’ (ക്വുർആൻ 5:48).

നബിﷺക്ക് നൽകിയ ശരീഅത്തിനെ പ്രത്യേകം എടുത്തുപറഞ്ഞത് കാണുക: “(നബിയേ,) പിന്നീട് നിന്നെ നാം (മത) കാര്യത്തിൽ ഒരു തെളിഞ്ഞ മാർഗത്തിലാക്കിയിരിക്കുന്നു. ആകയാൽ നീ അതിനെ പിന്തുടരുക. അറിവില്ലാത്തവരുടെ തന്നിഷ്ടങ്ങളെ നീ പിൻപറ്റരുത്’’(45:18). നബി ﷺയുടെ ജീവിതം ഉത്തമ മാതൃകയുള്ളതായി ഇന്നും ലോകത്ത് അവശേഷിക്കുന്നതിന്റെ പ്രധാന കാരണംകൂടിയാണിത്.

എല്ലാ നന്മകളിലേക്കും ക്ഷണിക്കുന്ന, സകല തിന്മകളിൽനിന്നും തടയുന്ന ശരീഅത്തിനെ മുറുകെ പിടിക്കണമെന്ന ആഹ്വാനത്തോടൊപ്പംതന്നെ അതിനോട് വെറുപ്പ് കാണിക്കുന്നവരെപ്പറ്റിയുള്ള താക്കീതും അതിലുണ്ട്.

നബിﷺയോടായി ക്വുർആൻ പറയുന്നു: “അല്ലാഹുവിങ്കൽനിന്നുള്ള യാതൊരു കാര്യത്തിനും അവർ നിനക്ക് ഒട്ടും പ്രയോജനപ്പെടുകയേയില്ല. തീർച്ചയായും അക്രമകാരികളിൽ ചിലർ ചിലർക്ക് രക്ഷാകർത്താക്കളാകുന്നു. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ രക്ഷാകർത്താവാകുന്നു’’ (45:19).

ശരീഅത്തിന്റെ സവിശേഷതകൾ സമാനതകളില്ലാത്തതാണ്. നിർബന്ധിച്ചും അടിച്ചേൽപിച്ചും സ്ഥാപിച്ചെടുത്തതോ സ്ഥാപിച്ചടുക്കേണ്ടതോ അല്ല ഇസ്‌ലാം. അല്ലാഹു പറയുന്നു:

“മതത്തിന്റെ കാര്യത്തിൽ ബലപ്രയോഗമേ ഇല്ല. സൻമാർഗം ദുർമാർഗത്തിൽനിന്ന് വ്യക്തമായി വേർതിരിഞ്ഞുകഴിഞ്ഞിരിക്കുന്നു. ആകയാൽ ഏതൊരാൾ ദുർമൂർത്തികളെ അവിശ്വസിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നുവോ അവൻ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപ്പോവുകയേ ഇല്ല. അല്ലാഹു (എല്ലാം) കേൾക്കുന്നവനും അറിയുന്നവനുമാകുന്നു’’ (2:256).

ആഇശ(റ)യിൽനിന്ന്; നബിﷺ പറഞ്ഞു: “എളുപ്പവും ഋജുവായതുമായ മാർഗംകൊണ്ടാണ് ഞാൻ നിയോഗിക്കപ്പെട്ടത്’’(അഹ്‌മദ്).

ഇർബാദ് ഇബ്‌നു സാരിയ(റ)യിൽനിന്ന്; നബിﷺ പറഞ്ഞു: “രാവ് പകൽപോലെ വെളുത്ത ഒരു മാർഗത്തിൽ ഞാൻ നിങ്ങളെ വിടുന്നു. നശിച്ചവനല്ലാതെ അതിൽനിന്ന് തെറ്റുകയില്ല’’ (അബൂദാവൂദ്).

മുആദി(റ)നെ യമനിലേക്ക് നിയോഗിച്ച അവസരത്തിൽ നബിﷺ നൽകിയ ഉപദേശം ഇപ്രകാരമാണ്: എളുപ്പം നൽകുക, നീ പ്രയാസപ്പെടുത്തരുത്. സന്തോഷം നൽകുക, നീ വെറുപ്പിക്കരുത്’’ (മുസ്‌ലിം).

മതവിധികളിൽ അഗാധപാണ്ഡിത്യമുള്ള ചില പണ്ഡിതന്മാർ ഇതിന്റെ പ്രധാന്യത്തെക്കുറിച്ച് പറഞ്ഞത് കാണുക:

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹ്) പറയുന്നു: “ഒരു വ്യക്തിക്ക് അവന്റെ ഒരു കാര്യത്തിലും ശരീഅത്തിൽനിന്ന് പുറത്താകേണ്ടതില്ല; അവന്റെ അടിസ്ഥാനവിശ്വാസങ്ങളിലും അതുമായി ബന്ധപ്പെട്ടവയിലും ജീവിതാവസ്ഥകളിലും രാഷ്ട്രീയ കാര്യങ്ങളിലും മറ്റു ഇടപാടുകളിലും അവന്റെ പ്രവർത്തനങ്ങളിലും അവന് അനുയോജ്യമായതെല്ലാം ശരിഅത്തിലുണ്ട്. ലോകരക്ഷിതാവായ അല്ലാഹുവിനാണ് സർവസ്തുതിയും. കാരണം ശരീഅത്ത് അല്ലാഹുവിനോടും അവന്റെ ദൂതനോടും നമുക്കിടയിലെ കൈകാര്യകർത്താക്കളോടുമുള്ള അനുസരമാണ്’’ (മജ്മൂഉൽ ഫതാവാ).

ഇബ്‌നുൽ ക്വയ്യിം(റഹ്) പറയുന്നു: “ശരീഅത്ത് ഉണ്ടാക്കപ്പെട്ടതും അതിന്റെ അടിസ്ഥാനവും ഇഹത്തിലും പരത്തിലും അടിമകൾക്ക് ഗുണമാകുന്ന വിധികൾക്കുമേലാണ്. അത് മുഴുവനും നീതിയും കാരുണ്യവും നന്മകളും യുക്തിപൂർണവുമാണ്. ഒരു പ്രശ്‌നം ഏത് വ്യാഖ്യാനപ്രകാരം നീതിവിട്ട് അനീതിയിലേക്കും കാരുണ്യംവിട്ട് അക്രമത്തിലേക്കും നന്മവിട്ട് തിന്മയിലേക്കും യുക്തിവിട്ട് അർഥമില്ലാത്തതിലേക്കും പോയാൽ അത് ശരിയല്ല. നബിﷺയുടെ നിയോഗത്തിലൂടെ അല്ലാഹു നൽകിയ ശരീഅത്ത് ലോകത്തിന്റെ തൂണും ഇരുലോക വിജയത്തിന്റെ ആത്മാവുമാണ്’’ (മദാരിജുസ്സാലികീൻ).

ജൂതന്മാരുടെ മേൽനോട്ടത്തിൽ; ഓറിയന്റലിസ്റ്റുകൾ, സയണിസ്റ്റുകൾ, പുരോഹിതന്മാർ, മതരാഷ്ട്ര വാദികൾ, അതിവാദക്കാർ, മതപരിഹാസികൾ, മതംവിട്ടവർ തുടങ്ങിയ വിഭാഗങ്ങൾ ശരീഅത്തിനെതിരെ സമൂഹത്തിൽ പ്രചരിപ്പിച്ച നുണകളും പൊള്ളവാദങ്ങളും ചെറുതല്ല. കൊലപാതകം, വ്യഭിചാരം, മോഷണം, അക്രമം, ലഹരി, പലിശ, ത്വലാക്വ്, അനന്തരാവകാശം തുടങ്ങിയവയിലെല്ലാമുള്ള ശരീഅത്ത് നിയമങ്ങൾ ഇത്തരക്കാർക്ക് വലിയ അരോചകമുണ്ടാക്കുന്നതാണ്.

ഒരു മുസ്‌ലിമിന്റെ ജീവിത സാഹചര്യങ്ങളിൽ ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗം 12 മുതൽ 35 വരെ അനുഛേദങ്ങളിൽ പറയുന്ന മൗലികാവകാശങ്ങൾ (Fundamental Rights) നൽകുന്ന സ്വാതന്ത്ര്യത്തിന്റെ തണലിൽ തങ്ങളുടെ മതവിധികൾക്കനുസരിച്ച് നിലപാട് സ്വീകരിക്കുന്നതിൽ മറ്റുള്ളവർ അസഹിഷ്ണുത കാട്ടുന്നതെന്തിനാണ്?

ഇസ്‌ലാമികഭരണം നിലനിൽക്കുന്ന രാജ്യങ്ങൾ കുറ്റകൃത്യം ചെയ്തവർക്ക് അർഹമായ ശിക്ഷ നടപ്പിലാക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇവിടെയുള്ളവർ ഇസ്‌ലാമിക ശരീഅത്തിനെതിരെയും മുസ്‌ലിംകൾക്കെതിരെയും അതിരൂക്ഷമായ വിമർശനങ്ങളുന്നയിക്കാറുള്ളത്. ഇസ്‌ലാമിനെപ്പറ്റി ഭീതി പരത്തലും അതിന്റെ പ്രയോക്താക്കളെ തീവ്രവാദികളും വർഗീയവാദികളുമാക്കി മുദ്രകുത്തുലുമാണ് ഇതിന്റെ ലക്ഷ്യം. വിശ്വാസികളെ ക്വുർആൻ ആശ്വസിപ്പിക്കുന്നത് കാണുക. അല്ലാഹു പറയുന്നു:

“ഇത് മനുഷ്യരുടെ കണ്ണുതുറപ്പിക്കുന്ന തെളിവുകളും ദൃഢമായി വിശ്വസിക്കുന്ന ജനങ്ങൾക്ക് മാർഗദർശനവും കാരുണ്യവുമാകുന്നു. അതല്ല, തിൻമകൾ പ്രവർത്തിച്ചവർ വിചാരിച്ചിരിക്കുകയാണോ; അവരെ നാം വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെപ്പോലെ, അതായത് അവരുടെ (രണ്ട് കൂട്ടരുടെയും) ജീവിതവും മരണവും തുല്യമായ നിലയിൽ ആക്കുമെന്ന്? അവർ വിധികൽപിക്കുന്നത് വളരെ മോശംതന്നെ’’ (45:20,21).

ഏകസിവിൽകോഡ് നടപ്പിലാക്കാൻ തിരക്കുകൂട്ടുന്നവർ കൊതിക്കുന്നത് ശരീഅത്തിന്റെ തിരോധാനമാണ്. അബ്ദുറഹീമിനെ വധശിക്ഷക്ക് വിധിച്ചത് വലിയ പാതകമായി ഉയർത്തിക്കാട്ടിയവർ ഉന്നംവച്ചത് ഇസ്‌ലാമിക ശരീഅത്ത് ക്രൂരവും മാനവികവിരുദ്ധവുമാണെന്നു വരുത്തിത്തീർക്കാനാണ്. എന്നാൽ ചൈന, ഉത്തരകൊറിയ പോലുള്ള പല രാജ്യങ്ങളിലും നമ്മുടെ രാജ്യത്തുതന്നെയും വധശിക്ഷ നൽകപ്പെടുന്നത് ഇവർ കണ്ടില്ലെന്നു നടിക്കുന്നു.

ശരീഅത്ത് നിയമങ്ങളിൽ ഓരോന്നിന്റെയും സവിശേഷതയും കാലികപ്രസക്തിയും മനസ്സിലാവുക അതിനെക്കുറിച്ച് പ്രാമാണികമായി മനസ്സിലാക്കുമ്പോഴാണ്; ഇസ്‌ലാം വിരോധികൾ മെനഞ്ഞുണ്ടാക്കിയ കെട്ടുകഥകളിൽനിന്ന് മനസ്സിലാക്കുമ്പോഴല്ല.

ഇസ്‌ലാമിന്റെ നിയമങ്ങൾ പഴഞ്ചനും പുതുമയില്ലാത്തതുമാണെന്നാണ് വിമർശകരുടെ കണ്ടെത്തൽ. ലോകാവസാനംവരെയുള്ള മാനവരാശിക്ക് സൽവഴി കാട്ടുന്ന മതനിയമങ്ങൾ പരിഷ്‌കരിക്കുകയോ പുതുക്കുകയോ ചെയ്യേണ്ടാത്തവിധം നിത്യനൂതനവും സമ്പൂർണവുമാണ്. അല്ലാഹു പറയുന്നു:

“ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ടുന്നിരിക്കുന്നു’’ (5:3).

വിശ്വാസത്തിൽ സത്യസന്ധതയും വിധിയിൽ നീതിയുമെന്നതാണ് ഇസ്‌ലാമിന്റെ വ്യതിരിക്തത. അല്ലാഹു പറയുന്നു: “നിന്റെ രക്ഷിതാവിന്റെ വചനം സത്യത്തിലും നീതിയിലും പരിപൂർണമായിരിക്കുന്നു. അവന്റെ വചനങ്ങൾക്ക് മാറ്റം വരുത്താനാരുമില്ല. അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമത്രെ’’ (6:115).

പാശ്ചാത്യരുടെ പുഴുവരിക്കുന്ന സംസ്‌കാരത്തെ വിലകൊടുത്ത് വാങ്ങുന്നവർക്ക് ഇതൊന്നും ഉൾക്കൊള്ളാൻ കഴിയണമെന്നില്ല.

പ്രാകൃതവും അപ്രായോഗികവുമായ നിയമങ്ങൾ എന്നതാണ് മറ്റൊരു വിമർശനം. ലൈംഗികതയിലും വേഷവിധാനത്തിലുമൊക്കെ പ്രാകൃതമായ രീതികളിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്യുകയും എന്നിട്ട് അതിന് പരിഷ്‌കാരം എന്നു പേരിടുകയും ചെയ്യുന്നവരാണ് ഇസ്‌ലാമിന്റെ സുന്ദരവും നിത്യനൂതനവുമായ നിയമങ്ങളെ അപഹസിക്കുന്നത്! ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉദാത്തമായ മാതൃക കാണിച്ച പ്രവാചകൻﷺ ശരീഅത്തിനെ അപ്പടി പിൻപറ്റുകയായിരുന്നു എന്ന വസ്തുത ഇവർ കാണാതെപോകുന്നു.

അബൂഹുറയ്‌റ(റ)യിൽനിന്ന്; നബിﷺപറഞ്ഞു: “വിശിഷ്ട സ്വഭാവങ്ങളുടെ പൂർത്തി കരണത്തിനായിട്ടാണ് ഞാൻ നിയോഗിക്കപ്പെട്ടത്’’ (ബൈഹക്വി).

പക്ഷംചേർന്ന് പ്രശ്‌നത്തിൽ തീർപ്പുകൽപിക്കാത്ത, ഗോത്രമഹിമക്കനുസരിച്ച് ശിക്ഷ നടപ്പിലാക്കാത്ത, സ്വന്തം മകൾ ഫാത്വിമയാണ് മോഷ്ടിച്ചതെങ്കിലും അവളുടെ കൈ ഞാൻ വെട്ടുമെന്ന് പ്രഖ്യാച്ച് അനീതിക്കെതിരിൽ സന്ധിയില്ലെന്നറിയിച്ച, ലജ്ജയില്ലാത്തവൻ തോന്നിയതു ചെയ്യട്ടെ എന്നു പറഞ്ഞ പ്രവാചകജീവിതം ശരീഅത്തനുസരിച്ചായിരുന്നു എന്ന കാര്യം വിമർശകർക്ക് അറിയില്ലെന്നാണോ?

പ്രമാണങ്ങളിൽ കുടുക്കിയിടുന്ന, സാഹചര്യങ്ങളോട് യോജിക്കാത്ത നിയമങ്ങൾ എന്നതാണ് മറ്റൊരു വിമർശനം. ലോകത്ത് ഒരു മതത്തിനും ദർശനത്തിനും കഴിയാത്ത പ്രശ്‌നപരിഹാര മാർഗം നിർദേശിച്ച, ഏതുകാലത്തും ഏതുരാജ്യത്തുമുള്ള ജനതക്ക് അനുയോജ്യമായ നിയമങ്ങളേ ഇസ്‌ലാമിലുള്ളൂ. കൊലപാതകിക്ക് തുല്യശിക്ഷ നൽകുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനിൽപെന്നും അല്ലാഹു പലിശയെ നിഷിദ്ധമാക്കിയെന്നും മദ്യവും ചൂതാട്ടവുമൊക്കെ പൈശാചിക മ്ലേച്ഛതകളാണ്, അവ വെടിയണമെന്നും പ്രത്യക്ഷ്യമായും പരോക്ഷമായും വൃത്തികേടുകളിലേക്ക് നിങ്ങൾ അടുക്കരുതെന്നും ഇസ്‌ലാമിക പ്രമാണങ്ങൾ അനുശാസിക്കുന്നു. എങ്ങനെയും ജീവിക്കാമെന്നും കാശുണ്ടാക്കാൻ എന്തു വൃത്തികെട്ട വഴികൾ സ്വീകരിക്കാമെന്നുമുള്ള നിലപാടുകാർക്ക് ഈ നിയമങ്ങൾ അസ്വീകാര്യമായിരിക്കാം. എന്നാൽ ഇപ്പറഞ്ഞതിൽ ഏതെങ്കിലുമൊന്ന് അടിസ്ഥാനപരമായി മാനവകുലത്തിന് നന്മയാണെന്നു പറയാൻ കഴിയുമോ?

അല്ലാഹു പറയുന്നു: “മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുമതിപ്രകാരം ഇരുട്ടുകളിൽനിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാൻ വേണ്ടി നിനക്ക് അവതരിപ്പിച്ചുതന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യർഹനും ആയിട്ടുള്ളവന്റെ മാർഗത്തിലേക്ക്’’ (ക്വുർആൻ 14:1).

ഒരുതരത്തിലും മാറ്റത്തിരുത്തലുകൾക്കും കൈകടത്തലുകൾക്കും വിധേയമാക്കപ്പെട്ടിട്ടില്ലാത്ത വിശുദ്ധ പ്രമാണങ്ങളാണ് വിശ്വാസികൾക്ക് വെളിച്ചം നൽകുന്നത്.

അല്ലാഹു പറയുന്നു: “അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതിൽ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യർഹനുമായിട്ടുള്ളവന്റെ പക്കൽനിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്’’ (ക്വുർആൻ 41:42).

മനുഷ്യബുദ്ധിയോടും സമൂഹപുരോഗതിയോടും ഒത്തുപോകാത്ത നിയമങ്ങൾ എന്നതാണ് മറ്റൊരു വിമർശനം.

അല്ലാഹുവിന്റെ അറിവിൽനിന്ന് ഒന്നും ഒഴിവല്ലെന്നും അവന്റെ തീരുമാനപ്രകാരം മാത്രമാണ് പ്രപഞ്ചത്തിൽ സർവകാര്യങ്ങളും നടക്കുന്നതെന്നുമുള്ള വസ്തുത ഉൾക്കൊള്ളാനാവാത്തരാണ് ഇവർ.

അല്ലാഹു പറയുന്നു: “ഭൂമിയിലുള്ള ഏതൊരു ജന്തുവും രണ്ടു ചിറകുകൾകൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങൾ മാത്രമാകുന്നു. ഗ്രന്ഥത്തിൽ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല. പിന്നീട് തങ്ങളുടെ രക്ഷിതാവിങ്കലേക്ക് അവർ ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവർ ബധിരരും ഊമകളും ഇരുട്ടുകളിൽ അകപ്പെട്ടവരുമത്രെ...’’(ക്വുർആൻ 6:38,39).

സാമൂഹ്യപുരോഗതിയും സാമ്പത്തികഭദ്രതയും സാങ്കേതികവികാസവും നേടിയവരെന്ന് അവകാശപ്പെടുന്ന വൻകിടരാഷ്ട്രങ്ങളിലെ നിലവിലുള്ള നിർമിതനിയമങ്ങൾ ഉപയോഗപ്പെടുത്തി പരിശ്രമിച്ചിട്ടും കുറ്റകൃത്യങ്ങളും കുറ്റവാളികളും പെരുകുന്നു എന്നതല്ലേ വാസ്തവം? സാംസ്‌കാരിക മൂല്യങ്ങളെ തല്ലിത്തകർക്കുന്നതാണല്ലോ ഇവരുടെ ദൃഷ്ടിയിലെ പുരോഗമനം.

മുൻകാലങ്ങളിൽ പണ്ഡിതന്മാരെന്ന് പറയുന്നവർ വ്യാഖ്യാനിച്ചതും വിശദീകരിച്ചതും നോക്കി വിധി പറയുന്നത് ശരിയാണോ, അവർക്ക് തോന്നിയത് എഴുതിപ്പിടിപ്പിച്ചതല്ലേ എന്നതാണ് മറ്റൊരു വിമർശന ചോദ്യം.

വൈദ്യശാസ്ത്ര, നിയമ, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിലെ മികവുറ്റവരെന്നു പറയപ്പെടുന്നവർ ഓരോ കാലത്തും പ്രകടിപ്പിച്ച അഭിപ്രായങ്ങളെയും വിശദീകരണങ്ങളെയും കുറിച്ച് ഇവരെന്തേ ഇങ്ങനെയൊരു അഭിപ്രായം പറയുന്നില്ല?

ഏതു കാലത്താണെങ്കിലും പണ്ഡിതന്മാർ പ്രമാണങ്ങളെ അവലംബിച്ചുകൊണ്ട് വിധിപറഞ്ഞതാണെങ്കിൽ അത് സ്വീകാര്യം തന്നെയാണ്. തോന്നിയത് എഴുതിപ്പിടിപ്പിച്ചതാണോ അല്ലേ എന്നു തിരിച്ചറിയാൻ യാതൊരു പ്രയാസമൊന്നുമില്ല. ഇസ്‌ലാമിക പ്രമാണങ്ങൾ അത്രമാത്രം സുവ്യക്തമാണ്. അടിയുറച്ച അറിവുള്ളവർക്ക് അതിൽ സംശയമേയില്ല.

അല്ലാഹു പറയുന്നു: “...അറിവിൽ അടിയുറച്ചവരാകട്ടെ, അവർ പറയും: ഞങ്ങളതിൽ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ളതാകുന്നു. ബുദ്ധിശാലികൾ മാത്രമെ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ’’ (ക്വുർആൻ 3:7).

മനുഷ്യത്വത്തിനും വ്യക്തിത്വത്തിനും എതിരായ വിധിവിലക്കുകളുടെ സമാഹാരമാണ് ശരീഅത്ത് എന്നതാണ് മറ്റൊരു ആരോപണം. ഇസ്‌ലാം മനുഷ്യത്വത്തിനും വ്യക്തിത്വത്തിനും എന്തുമാത്രം പ്രാധാന്യം നൽകുന്നു എന്നറിയണമെങ്കിൽ ആദ്യം പഠിക്കാൻ ശ്രമിക്കണം. അല്ലാഹു പറയുന്നു:

“പുണ്യത്തിലും ധർമനിഷ്ഠയിലും നിങ്ങൾ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങൾ അന്യോന്യം സഹായിക്കരുത്’’ (ക്വുർആൻ 5:2).

“സത്യവിശ്വാസികളേ, നിങ്ങൾ രഹസ്യസംഭാഷണം നടത്തുകയാണെങ്കിൽ അധർമത്തിനും അതിക്രമത്തിനും റസൂലിനെ ധിക്കരിക്കുന്നതിനും നിങ്ങൾ രഹസ്യസംഭാഷണം നടത്തരുത്. പുണ്യത്തിന്റെയും ഭയഭക്തിയുടെയും കാര്യത്തിൽ നിങ്ങൾ രഹസ്യഉപദേശം നടത്തുക. ഏതൊരു അല്ലാഹുവിങ്കലേക്ക് നിങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുമോ അവനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക’’ (58:9).

ഇതുപോലുള്ള ധാരാളം വചനങ്ങൾ ഒരു വിശ്വാസിയുടെ സാമൂഹ്യ പ്രതിബദ്ധത വിളിച്ചോതുന്നതായി കാണാൻ സാധിക്കും.

ദുർവ്യയവും പിശുക്കും വെടിയാൻ ഇസ്‌ലാം കൽപിക്കുന്നു. അത് നടപ്പിലാക്കുമ്പോഴുള്ള ഗുണം സമൂഹത്തിൽ പ്രകടമാകും. ദാരിദ്ര്യ നിർമാർജനത്തിനും അനാഥസംരക്ഷണത്തിനും അയൽപക്കബന്ധം നന്നാക്കേണ്ടതിനുമൊക്കെ ഇസ്‌ലാമിക ശരീഅത്ത് നൽകുന്ന പ്രാധാന്യം ചെറുതല്ല.

ഉള്ളവൻ ഇല്ലാത്തവനെ സഹായിക്കണം. അത് മനുഷ്യത്വത്തിന്റെ അടയാളമാണ്. സമ്പന്നരുടെമേൽ നിർബന്ധദാനം അഥവാ സകാത്ത് ഇസ്‌ലാം നിർബന്ധമാക്കിയിരിക്കുന്നത് ഈ മാനുഷികഗുണം ഊട്ടിയുറപ്പിക്കുവാൻവേണ്ടി കൂടിയാണ്.

ഇബ്‌നുഉമർ(റ) പറയുന്നു: നബിﷺ മിനായിൽവെച്ച് ചോദിച്ചു: “ഇത് ഏതു ദിവസമാണെന്ന് നിങ്ങൾക്കറിയാമോ?’’ അവർ പറഞ്ഞു: “അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.’’ അവിടുന്ന് പറഞ്ഞു: “ഇത് ഒരു പരിശുദ്ധ ദിനമാണ്. ഇത് ഏതു സ്ഥലമാണെന്നറിയാമോ?’’ അവർ പറഞ്ഞു: “അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.’’ അവിടുന്ന് പറഞ്ഞു: “പരിശുദ്ധമായ സ്ഥലം. ഇത് ഏതു മാസമാണെന്നറിയാമോ?’’ അവർ പറഞ്ഞു: “അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.’’ അവിടുന്ന് പറഞ്ഞു: “പരിശുദ്ധമായ മാസം.’’ പിന്നീട് അവിടുന്ന് പറഞ്ഞു: “നിങ്ങളുടെ ഈ സ്ഥലം, നിങ്ങളുടെ ഈ മാസം, നിങ്ങളുടെ ഈ ദിവസം പരിശുദ്ധമായിരിക്കുന്നതുപോലെ നിശ്ചയമായും അല്ലാഹു നിങ്ങളുടെ രക്തവും നിങ്ങളുടെ സ്വത്തും നിങ്ങളുടെ അഭിമാനവും നിങ്ങൾക്ക് പരിശുദ്ധമാക്കിയിരിക്കുന്നു’’ (ബുഖാരി).

അനിസ്‌ലാമിക രാജ്യത്ത് ജീവിക്കുന്ന മുസ്‌ലിംകളോട്, രാജ്യത്തോട് കൂറുകാണിക്കേണ്ടതില്ലെന്നും അവിടത്തെ നിയമങ്ങൾ അനുസരിക്കേണ്ടതില്ലെന്നും അവിടെയുള്ളവരോട് ജിഹാദ് ചെയ്യണമെന്നുമാണ് ഇസ്‌ലാമിക ശരീഅത്ത് കൽപിക്കുന്നത് എന്നൊക്കെയുള്ള കള്ളം പ്രചരിപ്പിച്ച് ശരീഅത്തിനോട് ജനങ്ങളുടെയുള്ളിൽ വെറുപ്പും ഭയവുമുണ്ടാക്കുന്ന തന്ത്രം വിമർശകർ പ്രയോഗിച്ചുവരുന്നു.

മനുഷ്യർ തമ്മിലുള്ള പരസ്പര സ്‌നേഹത്തിന് തടസ്സമാകുന്നതോ, ജീവിക്കുന്ന നാടിന്റെ നാശത്തിന് ഹേതുവാകുന്നതോ ആയി ഒന്നും ശരീഅത്തിലില്ല. അനിസ്‌ലാമിക രാജ്യത്ത് ജീവിക്കുന്ന മുസ്‌ലിംകളോട്, അവിടെയുള്ള സർക്കാറിനോടോ ജനങ്ങളോടോ ജിഹാദ് ചെയ്യാൻ ശരീഅത്ത് കൽപിക്കുന്നു എന്നത് ഇസ്‌ലാമോഫോബിയ വളർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. യാഥാർഥ്യവുമായി അതിന് യാതൊരു ബന്ധവുമില്ല.

സ്വന്തം മതത്തിൽ അടിയുറച്ചു നിലകൊണ്ടുതന്നെ മറ്റുള്ളവരുമായി നല്ലനിലയിൽ സഹവസിക്കുവാനാണ് ഇസ്‌ലാം അനുശാസിക്കുന്നത്.

അല്ലാഹു പറയുന്നു: “മതകാര്യത്തിൽ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളിൽ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവർക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതികാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീർച്ചയായും അല്ലാഹു നീതിപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു’’ (ക്വുർആൻ 60:8).

എന്തിനാണ് ക്വുർആൻ അവതരിപ്പിച്ചതെന്ന് അല്ലാഹു വ്യക്തമാക്കുന്നത് കാണുക: “നിനക്ക് അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങൾക്കിടയിൽ നീ വിധികൽപിക്കുവാൻ വേണ്ടിയാണ് സത്യപ്രകാരം നാം നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്...’’ (4:105).

മതപണ്ഡിതന്മാരല്ലാത്ത, ശാസ്ത്രത്തിലും മറ്റു ഭൗതികവിഷയങ്ങളിലും നൈപുണ്യം നേടിയ പൗരാണികരും ആധുനികരുമായ പലരും ശരീഅത്തിന്റെ പ്രസക്തിയും പ്രാധാന്യവും പ്രായോഗികതയും മനസ്സിലാക്കിയവരും അതിന്റെ പ്രയോക്താക്കളെ പ്രശംസിച്ചവരുമാണെന്ന കാര്യം അൽപജ്ഞാനികൾ മനസ്സിലാക്കുന്നില്ല.