വടകര: മുസ്‌ലിം സ്വത്വത്തെ വെല്ലുവിളിക്കുന്ന ഇടതു സെക്യുലറിസം

മുജീബ് ഒട്ടുമ്മൽ

2024 മെയ് 18, 1445 ദുൽഖഅദ് 10

ഇന്ത്യയിൽ സംഘ്പരിവാർ മുമ്പോട്ടുവെച്ച ഇസ്‌ലാംഭീതിയുടെ പൊതുബോധ നിർമിതിയിൽ സെക്യൂലറിസത്തിന്റെ മുഖംമൂടിയണിഞ്ഞ് ഇടതുപക്ഷവും കൂടെക്കൂടി എന്നത് അവിശ്വസനീയമാണ്! രാജ്യത്തുനിന്ന് നിഷ്കാസനം ചെയ്യേണ്ട വിചാരധാരയിലെ പട്ടികയിൽനിന്ന് പുറത്തല്ല കമ്യൂണിസവും എന്നത് നേതാക്കൾ ചിന്തിക്കുന്നത് നല്ലതാണ്.

ഗുജറാത്തിലും ഉത്തർപ്രദേശിലും മറ്റും ഹിന്ദു വർഗീയതയാണ് മുസ്‌ലിംകൾക്ക് ഭീഷണി, എന്നാൽ പശ്ചിമ ബംഗാളിൽ സെക്യുലറിസമാണ് മുസ്‌ലിംകൾക്ക് ഭീഷണി’-സി.പി.എമ്മി‌െൻറ ബംഗാൾ ഭരണകാലത്ത് ‘ഖലം’ വാരികയുടെ പത്രാധിപർ അഹ്‌മദ് ഹസൻ ഇംറാൻ നടത്തിയ ഒരു പ്രസ്താവനയാണിത്.

അധികാരവും ആധിപത്യവും ശക്തിയും ഉപയോഗിച്ച് ആശയപരമായും സാമൂഹികമായും സാമ്പത്തിമായും മുസ്‌ലിം സമുദായത്തെ തകർത്തെറിയാൻ അന്നത്തെ ഇടതുഭരണകൂടം നടത്തിയ നെറികെട്ട രാഷ്ട്രീയത്തെ ശക്തമായി വിമർശിച്ചുകൊണ്ടുള്ള അദ്ദേഹത്തി‌െൻറ രചനകളിൽ വന്ന വരികളാണിത്. തുടർച്ചയായി ഭരണം കിട്ടിയപ്പോൾ കേരളത്തിലും മുസ്‌ലിംകൾക്കു നേരെ സെക്യുലർ ഭീഷണി ഉയർന്നുകൊണ്ടിരിക്കുന്നുവെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെയും അല്ലാതെയും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഭരണമുന്നേറ്റവും വികസനവും ക്രിയാത്മക രാഷ്ട്രീയവും നിലപാടുകളും വിഷയമായി സ്വീകരിച്ചുകൊണ്ടാണ് വോട്ടർമാരെ ആകർഷിക്കാൻ ഓരോ പാർട്ടിയും അജണ്ടകൾ രൂപപ്പെടുത്താറുള്ളത്. മലയാളീ പ്രബുദ്ധതയ്ക്ക് അത്രത്തോളം ധൈഷണിക ഔന്നത്യമുണ്ടെന്ന രാഷ്ട്രീയ നേതൃത്വത്തി‌െൻറ തിരിച്ചറിവാണതിന് കാരണം.

സംഘപരിവാര രാഷ്ട്രീയത്തിന്റെ ദുഷ്ടലാക്കോടെയുള്ള പ്രവർത്തനങ്ങൾ വെറുപ്പിന്റെയും വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും ഓളങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. താൽകാലിക ലാഭം കൊയ്‌തെടുക്കാൻ ചിലപ്പോഴെല്ലാം അവർക്ക് സാധിക്കുമെങ്കിലും ആത്യന്തികമായി നഷ്ടവും വിനയും വരുത്തിവയ്ക്കുന്നുവെന്ന സത്യം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ബിജെപി അവലോകനയോഗങ്ങൾ നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

കേരളത്തിലെ ഇടതുരാഷ്ട്രീയവും സംഘപരിവാര ഉഛിഷ്ടങ്ങളെ വാരിവിഴുങ്ങുന്നതായാണ് നാം കാണുന്നത്. കേരളത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഏക മുസ്‌ലിം സ്ഥാനാർഥി മത്സരിച്ചിരുന്ന വടകര ലോക്‌സഭാ മണ്ഡലത്തിലെ പ്രചാരണങ്ങളിൽ അത് നിഴലിച്ചുകാണുന്നുവെന്നത് അതിനു തെളിവാണ്. ഇസ്‌ലാമോഫോബിയ ബാധിച്ച മലയാള രാഷ്ട്രീയത്തിലും ഭരണത്തിലും മുസ്‌ലിം സ്വത്വം നിരാകരിക്കപ്പെടുന്നതിന് തെളിവായി കോൺഗ്രസ്സിലെ പോലും സ്ഥാനാർഥി പ്രാതിനിധ്യത്തെക്കുറിച്ച് അഭിപ്രായങ്ങളുണ്ട്. സംഘ പരിവാരങ്ങളും ഇടതുപക്ഷ സെക്യുലർ ബുദ്ധിജീവികളും രൂപപ്പെടുത്തിയ ഇസ്‌ലാം ഭീതിയുടെ പൊതുബോധമാണതിന് കാരണം. ആർഎസ്എസി‌െൻറ മതരാഷ്ട്രീയം ഇന്ത്യൻ സംസ്‌കാരത്തെ ഉൻമൂലനാശം വരുത്തുകയും ഭരണഘടനയെ പൊളിച്ചെഴുതുകയും മതനിരപേക്ഷതയെ തകർക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ ഫാഷിസത്തിനെതിരെയുള്ള ശബ്ദങ്ങൾ ഒന്നാവുകയും ഒന്നിച്ച് പോരാട്ടവീഥിയിൽ സജീവമാവുകയുമായിരുന്നു വേണ്ടിയിരുന്നത്.

ന്യൂനപക്ഷങ്ങളെയും അവശവിഭാഗങ്ങളെയും അവഗണിച്ച് രാജ്യത്തെ മുതലാളിത്തത്തിന് തീറെഴുതിക്കൊടുത്തുകൊണ്ടിരിക്കുന്ന നരേന്ദ്ര മോഡി ഭരണകൂടത്തെ താഴെയിറക്കാൻ എല്ലാം മറന്നു കൊണ്ടുള്ള പോരാട്ടത്തിന് നേതൃത്വം നൽകേണ്ടവരായിരുന്നു ഇടതുപക്ഷം. തങ്ങളുടെ ശരിയായ ദൗത്യത്തെ വിസ്മരിച്ചുകൊണ്ട് ഉത്തരേന്ത്യയിലെ വർഗീയ, വിദ്വേഷരാഷ്ട്രീയം കളിക്കാനുള്ള വിലകുറഞ്ഞ സമീപനമായിരുന്നു ഇവരുടേത്. വടകരയിൽ അതി‌െൻറ സകല സീമകളും ലംഘിച്ചുകൊണ്ടായിരുന്നു രംഗം കൊഴുപ്പിച്ചിരുന്നത്. വർഷങ്ങളായി സംഘർഷഭരിതമായ നാദാപുരം മേഖലയും വടകരയിലാണുള്ളതെന്നും അവർ മറന്നു. മുസ്‌ലിംകളുടെ സാമ്പത്തിക മികവിനെ നശിപ്പിക്കാൻ കലാപങ്ങളഴിച്ചുവിട്ടിരുന്ന മേഖലകൾ 2015 മുതൽ തികച്ചും ശാന്തമായിരുന്നു. സമാധാനവും ശാന്തിയും സമൂഹത്തിൽ നിലനിൽക്കണമെന്നാഗ്രഹിക്കുന്ന മനസ്സുകളിൽ തീക്കനലുകൾ കോരിയിടാൻ വർഗീയ പ്രസ്താവനകളുമായാണ് വടകരയിൽ പ്രചാരണരംഗം കൊഴുപ്പിച്ചത്.

കപട സെക്യുലറിസത്തിന്റെ സമൂഹനിർമിതി

2009ൽ ജർമനിയിലെ ഒരു സ്‌പോർട്‌സ് ഗ്രൗണ്ടിൽ ഈജിപ്ഷ്യൻ വംശജയായ മർവ അലി അശ്ശർബീനി എന്ന മുസ്‌ലിം വനിതയും അവരുടെ കുടുംബവും ഒരു സായാഹ്ന സമയത്ത് എത്തിയതായിരുന്നു. ഗ്രൗണ്ടിലുണ്ടായിരുന്ന അലെക്‌സ് വിയൻസ് എന്ന റഷ്യൻ വംശജനായ ജർമൻ പൗരന്റെ സഹോദരീ പുത്രനും മർവയുടെ മകനും തമ്മിൽ നിസ്സാര തർക്കമുണ്ടായി. തർക്കം പരിഹരിക്കാനെത്തിയ മർവയോട് അലെക്‌സ് ചോദിച്ചത് ‘ഇസ്‌ലാമിക ഭീകരവാദിയും മൃഗസമാനയുമായ നിനക്ക് ജർമനിയിൽ എന്താണ് കാര്യം’ എന്നാണ്! ഇസ്‌ലാമിക വസ്ത്രധാരണരീതിയനുസരിച്ച് തലമറച്ചിരുന്നു എന്നല്ലാതെ ഭീകരവാദവും മൃഗസമാനതയും ആരോപിക്കാൻ മാത്രമുള്ള കുറ്റമൊന്നും മർവ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ അധിക്ഷേപിച്ച് സംസാരിച്ചതിനെതിരെ പ്രതിഷേധിച്ചുകാണ്ട് മർവ അലെക്‌സിനടുത്തേക്ക് നടന്നു. ഉടൻ തന്നെ അലെക്‌സ് മർവക്കു പിന്നാലെ ഓടിച്ചെന്നു തന്റെ കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് അവരെ കുത്തിക്കൊലപ്പെടുത്തി. ത‌െൻറ പ്രിയതമയെ രക്ഷപ്പെടുത്താനായി ഓടിയെത്തിയ മർവയുടെ ഭർത്താവിനെയും അയാൾ കുത്തി മുറിവേൽപിച്ചു. ചെറിയ കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ചായിരുന്നു ദാരുണമായി ഇവർ ആക്രമിക്കപ്പെട്ടത്. ഡ്രെഡ്‌സനിലെ കോടതിയിൽ വിചാരണക്കെത്തിയ അലെക്‌സ് വാദിച്ചത് ‘മനുഷ്യരെ മാത്രമെ അപമാനിക്കാൻ കഴിയൂ’ എന്നും ‘മർവ ഒരു മനുഷ്യനല്ലെന്നും അതിനാൽ അപമാനിച്ചുവെന്ന കേസ് നിലനിൽക്കില്ലെ’ന്നുമാണ്! കോടതിമുറിയിൽവെച്ച് ഇവരുടെ ഭർത്താവിനെ പോലും അയാൾ ആക്രമിക്കാൻ തുനിഞ്ഞു. ഇതിലൂടെ യൂറോപ്പിലെയും അമേരിക്കയിലെയും മുസ്‌ലിം സമുദായത്തിനുമേൽ സംശയത്തിന്റെയും വെറുപ്പിന്റെയും ഭീതിയുടെയും നിഴലുകൾ ചാർത്തി അപരവൽകരിക്കാൻ ശ്രമിച്ചതി‌െൻറ മനോവൈകൃതങ്ങളാണ് നാം കണ്ടത്. എന്നിട്ടും പാശ്ചാത്യൻ മതേതരത്വത്തെയും ജനാധിപത്യത്തേയും കുറിച്ച് വാചാലമാകുന്നതിൻ മാധ്യമലോകം മത്സരിച്ചു കൊണ്ടിരിക്കുകയണ്.

സമാനമായ സാഹചര്യങ്ങളെ മലയാളികൾക്കിടയിലും പ്രചരിപ്പിക്കാനും പൊതുബോധം രൂപപ്പെടുത്താനുമുള്ള ശ്രമങ്ങളുണ്ട്. അതിന് സെക്യുലറിസത്തി‌െൻറ മൂടുപടമുപയോഗിച്ചുകൊണ്ടാണ് ചില പ്രത്യയ ശാസ്ത്രങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ക്രിസ്ത്യാനികൾ മാത്രമുള്ള ഒരു യൂറോപ്പിനെയാണ് സെക്യുലറിസം അടിസ്ഥാനപരമായി വിഭാവനം ചെയ്യുന്നതെന്ന് നമുക്കറിയാം. മലയാളീപൊതുബോധത്തിലും കമ്യൂണിസം മാത്രമാണ് സെക്യുലറിസം എന്ന് പ്രചരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളും നടക്കുന്നുണ്ട്. പാശ്ചാത്യസംസ്‌കാരത്തെ മുസ്‌ലിംകൾ അശുദ്ധമാക്കുന്നുവെന്നു പറഞ്ഞ് പടിഞ്ഞാറൻ മതേതരത്വത്തി‌െൻറ വക്താക്കൾ അസ്വസ്ഥമാകാറുണ്ട്. യഥാർഥത്തിൽ പടിഞ്ഞാറൻ രാജ്യങ്ങളിൽ ക്രിസ്ത്യാനികളും മുസ്‌ലിംകളും മതമില്ലാത്തവരും ഉണ്ട്. അതിനാൽ ഇവരുടെയെല്ലാം സംസ്‌കാരങ്ങൾക്ക് പ്രാതിനിധ്യമുണ്ടാകുന്ന ബഹുസ്വരതയായിട്ടാണ് പടിഞ്ഞാറൻ സംസ്‌കാരത്തെ വിശേഷിപ്പിക്കേണ്ടിയിരുന്നത്. അതിന് വിരുദ്ധമായി പടിഞ്ഞാറൻ നാടുകളിൽ ജീവിക്കുന്ന തദ്ദേശീയരായ മുസ്‌ലിം പൗരൻമാരെയും അവരുടെ സംസ്‌കാരത്തെയും വൈദേശികമായി ചിത്രീകരിച്ചുകൊണ്ടും ക്രിസ്ത്യാനികളുടെയും ഭൗതികവാദികളുടെയും സംസ്‌കാരത്തെ യൂറോപ്പി‌െൻറ തനത് ദേശീയതയായി നിർവചിച്ചുകൊണ്ടുമാണ് സാംസ്‌കാരികവിശുദ്ധി അവകാശപ്പെടുന്നത്. മുസ്‌ലിംകൾ നബിചര്യ ഉപേക്ഷിക്കാൻ സന്നദ്ധമാകാത്തതുകൊണ്ടും ഇസ്‌ലാമിക വിശ്വാസങ്ങളും കർമാനുഷ്ഠാനങ്ങളും ജീവിത ഭാഗമാകുന്നതുകൊണ്ടും അവരെ അപരവൽകരിക്കാൻ പാശ്ചാത്യർ ബോധപൂർവം ശ്രമിക്കുകയാണ്.

ഇന്ത്യയിലെ സംഘപരിവാര രാഷ്ട്രീയം ഇത്തരം ആശയപ്രചാരണത്തിന് വലിയ ശ്രമം നടത്തുന്നുണ്ടെന്ന് നമുക്കറിയാമെങ്കിലും അതി‌െൻറ സെക്യുലർ പതിപ്പാകാൻ ശ്രമിക്കുന്ന ഇടതുലിബറൽ ബുദ്ധിജീവികളും കേരളത്തിലുണ്ടെന്നത് ഏറെ ആശങ്കയുള്ള കാര്യമാണ്. ഇസ്‌ലാമിക ചിഹ്നങ്ങൾക്കും വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ആറാം നൂറ്റാണ്ടി‌െൻറ പരിവേഷം നൽകാൻ ശ്രമിക്കുന്നതും ഇതിന്റെ ഭാഗമാണ്. മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് നിലവിളക്ക് കൊളുത്താത്തതിലുള്ള പ്രതിഷേധം ഉയർന്നുവന്നത് ഇടത് ലിബറലുകളിൽനിന്നായിരുന്നു. സ്വീകരിക്കാനും തിരസ്‌കരിക്കാനുമുള്ള വ്യക്തിസ്വാതന്ത്ര്യത്തെ പോലും ചോദ്യം ചെയ്യുന്നതിൽ കപടസെക്യുലർ ബോധം ഇത്തരം ആളുകളെ അന്ധരാക്കിയിരിക്കുന്നു. പൊതുവേദികളിലും ചടങ്ങുകളിലും ഒരു പ്രത്യേക മതത്തി‌െൻറ ആചാരങ്ങളെ അടിച്ചേൽപിക്കുന്നതിലും ഇവർ മുന്നിലിണ്ടാകുന്നതും വിചിത്രമാണ്. അപരന്റെ മതവിശ്വാസ- ആചാരങ്ങളിൽ പങ്കെടുക്കാത്തവരെ കുറിച്ച് ഭീതിജനിപ്പിക്കും വിധമുള്ള പ്രചാരണങ്ങളും ഇവരുടെ ഭാഗത്തുനിന്നുണ്ടാകും. ഓണാഘോഷത്തിലും സദ്യയിലും പങ്കെടുക്കരുതെന്ന് ഒരു ‘ഉസ്താദ്’ കുട്ടികളെ ഉപദേശിച്ചുവെന്ന് ഒരു പ്രഭാഷണമധ്യെ വിലപിച്ച ഇടത് ബുദ്ധിജീവിയോട് ഓണാഘോഷം എനിക്കിഷ്ടമല്ലെന്ന് തുറന്നുപറഞ്ഞ ബാലചന്ദ്രൻ ചുള്ളിക്കാട്, ഓണത്തെക്കുറിച്ചുള്ള തായാട്ട് ശങ്കരന്റെ വിമർശനവും കെ.മുകുന്ദൻ പെരുവട്ടൂർ, കെഇഎൻ, നാരായണൻ എം ശങ്കർ, പി. സുജാതൻ എന്നിവരുടെ വിയോജിപ്പി‌െൻറ കൃതികളും ശ്രദ്ധയിൽ പെടുത്തിയപ്പോൾ അത് കേവലം രാഷ്ട്രീയമാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണുണ്ടായത്. എന്നാൽ ആ ‘ഉസ്താദിന്റെ’ വിയോജിപ്പിനെ വർഗീയമായി ചിത്രീകരിക്കാൻ മാത്രം ഇടത് സെക്യുലറിസം സമൂഹത്തിൽ അതി‌െൻറ മുഖംമൂടി വലിച്ചുകീറിക്കൊണ്ടിരിക്കുന്നുവെന്ന് ഇത്തരം സമീപനങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു.

ഇന്ത്യൻ മതേതരത്വമെന്നത് മതനിരാകരണമല്ലെന്നും ഏതു മതത്തെയും ദർശനത്തെയും സ്വീകരിക്കാനും അത് പ്രചരിപ്പിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള സ്വാതന്ത്ര്യമാണെന്നതും ഇവർ മറന്നുപോകുന്നു. സെക്യുലറിസത്തിന്റെ അപ്പോസ്തലരായി വിരാജിക്കുമ്പോഴും ഇസ്‌ലാമിക ശരീഅത്തുമായി ബന്ധമുള്ള പ്രശ്‌നങ്ങളിൽ ശരീഅത്ത് വിരുദ്ധ സമീപനങ്ങളാണ് അധികവും ഇവരിൽ നിന്നുണ്ടാവുക.1985 ഏപ്രിൽ 23ലെ അഹ്‌മദ് ഖാൻ-ഷാബാനു കേസി‌െൻറ വിധിയെ തുടർന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളിൽ സിപിഎം ശരീഅത്തിനെ ശക്തമായ ഭാഷയിൽ ആക്രമിച്ചു. അവരുടെ രാഷ്ട്രീയ ആചാര്യനായ ഇഎംഎസ് നമ്പൂതിരിപ്പാട് പരിഹസിച്ചത് ഇങ്ങനെയാണ്: ‘തോന്നിയപോലെ നാലു പെണ്ണ് കെട്ടാനുള്ള ഏർപ്പാടാണ് ഇസ്‌ലാമിക ശരീഅത്ത്.’

സിപി കുഞ്ഞു ശരീഅത്തിനെയും ബഹുഭാര്യത്വത്തെയും വിമർശിക്കുന്നതിന്റെ ഉദ്ദേശ്യം ഇങ്ങനെ വ്യക്തമാക്കുന്നു: “അവരവർക്ക് ഇഷ്ടമുള്ള ഇണയെ തെരഞ്ഞെടുത്ത് ഇഷ്ടമുള്ള കാലത്തോളം ദാമ്പത്യ ജീവിതം നയിക്കുക, ദമ്പതിമാരിൽ ആർക്കെങ്കിലും ഇഷ്ടമില്ലാതെ വരികയാണെങ്കിൽ വിവാഹമോചനം നടത്തുക, ഇഷ്ടമുണ്ടെങ്കിൽ പുതിയ ഒരു ഇണയെ കണ്ടെത്തി മറ്റൊരു ദാമ്പത്യത്തിൽ ഏർപ്പെടുക. ഈ സ്ഥിതി കൈവരിക്കുന്നതിനുവേണ്ടിയാണ് ആധുനിക ജനാധിപത്യവും അതി‌െൻറ ഉയർന്ന രൂപമായ സോഷ്യലിസവും പ്രവർത്തിക്കുന്നത്’’ (ചിന്ത വാരിക, 25 നവമ്പർ, 1983).

മുസ്‌ലിം ലീഗിലെ ജി.എം ബനാത്ത്‌വാല സാഹിബ് ശരീഅത്ത് സംരക്ഷണ സ്വകാര്യബില്ല് പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ അന്നത്തെ സിപിഎം പാർലമെന്റംഗം സുരേഷ് കുറുപ്പ് അതിനെതിരെ ശക്തമായി പ്രതികരിക്കുകയാണുണ്ടായത്. എന്നാൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി അത് രാജ്യത്തി‌െൻറ ബില്ലായി പരിഗണിച്ച് പാസ്സാക്കുകയായിരുന്നു. അതോടെ രാജീവ് ഗാന്ധി മത മൗലികവാദികൾക്ക് കീഴ്‌പ്പെട്ടുവെന്ന് സിപിഎം ആരോപിച്ചു.1985 ജൂലൈ 9ന് ഏകസിവിൽകോഡിന് വേണ്ടി ഏഴാം കേരളനിയമസഭയിലെ ഒമ്പതാം സമ്മേളനത്തിൽ സിപിഎം ശക്തമായി വാദിച്ചു. എംവി രാഘവൻ, കെ.പി അരവിന്ദാക്ഷൻ, വി.ജെ തങ്കപ്പൻ, കെ.ആർ ഗൗരി, സി.ടി കൃഷ്ണൻ, ഇ. പത്മനാഭൻ, ഒ. ഭരതൻ, പി.വി കുഞ്ഞിക്കണ്ണൻ, എ.കെ പത്മനാഭൻ എന്നിവരാണ് ഏകസിവിൽകോഡിന് വേണ്ടി ചോദ്യങ്ങളുന്നയിച്ചത്. മുഖ്യമന്ത്രി കരുണാകരൻ സഭയിൽ ഇല്ലാത്തതിനാൽ മറുപടി പറഞ്ഞത് ജലസേചന വകുപ്പ് മന്ത്രി എം.പി ഗംഗാധരനാണ്. ‘രാജ്യത്തിന്റെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഇപ്പോൾ ഏകീകൃത സിവിൽകോഡ് കൊണ്ടുവരില്ല’ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഇത് കേട്ടയുടൻ സി.പി.എം അംഗങ്ങൾ ഏകീകൃത സിവിൽകോഡിന് വേണ്ടി മുദ്രാവാക്യം വിളിക്കുകയും ബഹളം വെക്കുകയുമായിരുന്നു.

നിലവിലെ സിപിഎം ജനറൽ സെക്രട്ടറി എംവി ഗോവിന്ദൻ മാഷ് പറഞ്ഞത് ‘ഏകസിവിൽ കോഡ് പുരോഗമനമാണ്; എന്നാൽ ബിജെപി നടപ്പാക്കുന്നത് ഫാഷിസ്റ്റ് അജണ്ടയാണ്, അതിനെയാണ് ഞങ്ങൾ എതിർക്കുന്നത്’ എന്നാണ്.

തെരഞ്ഞെടുപ്പിലെ സെക്യുലർ വംശീയത

1985 കാലഘട്ടത്തിലെ ശരീഅത്ത് വിവാദവും ഏകസിവിൽകോഡിന് വേണ്ടിയുള്ള ശബ്ദങ്ങളും പഴയനിലപാടായാണ് ചിത്രീകരിക്കപ്പെടാറുള്ളത്. സമകാലിക സാഹചര്യത്തിൽ ഇത്തരം സമീപനങ്ങളെ തിരുത്തിയെന്ന് പറയാൻ ചില സെമിനാറുകളും രാത്രിയിലെ പന്തംകൊളുത്തി പ്രകടനങ്ങളുമെല്ലാം ഉദാഹരണമായി എടുത്ത് കാണിക്കും. അതേസമയം കേരളത്തിലെ ഭരണ സംവിധാനങ്ങളിൽ മുസ്‌ലിം പ്രാതിനിധ്യം വർധിച്ച് വരുന്നതിൽ ഏറ്റവും കൂടുതൽ അസ്വസ്ഥരാകാറുള്ളത് ഇടത് ലിബറലുകളാണ്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പ് വേളയിൽ ഹസൻ-അമീർ-കുഞ്ഞാലിക്കുട്ടി ത്രയങ്ങളാണ് കേരളം ഭരിക്കാൻ പോകുന്നതെന്ന പ്രചാരണം നടത്തിയത് ഇവരാണ്. ജനാധിപത്യ സംവിധാനത്തിലൂടെയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വിശ്വാസമർപ്പിച്ചുകൊണ്ട് ഇവർ തെരഞ്ഞടുക്കപ്പെട്ടാൽ ഭൂരിപക്ഷാഭിപ്രായമാണെന്ന് അംഗീകരിക്കുന്നതിന് പകരം അതിൽ മുസ്‌ലിം സ്വത്വത്തിനെതിരെ സംശയമുന്നയിച്ച് ഭീതി പരത്താനുള്ള ശ്രമങ്ങളാണ് അന്ന് നാം കണ്ടത്. എന്നാൽ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വടകരയിലെ കോൺഗ്രസ് സ്ഥാനാർഥി ശാഫി പറമ്പിലിനെതിരെയുള്ള പരാമർശങ്ങളും അത്തരം വർഗീയ പരിവേഷം നൽകാനായിരുന്നു. രാഷ്ട്രീയ പാർട്ടികളിലെ മുസ്‌ലിം നേതാക്കളിൽനിന്ന് വ്യത്യസ്തനായ, കൂടുതൽ മതേതരനാണെന്ന് തെളിയിക്കാനായി പാടുപെടുന്ന ഒരാളാണ് യഥാർഥത്തിൽ ശാഫി പറമ്പിലെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പ്രത്യേകിച്ച് മുസ്‌ലിം സംഘടനകളിൽ നിന്നും അവരുടെ പരിപാടികളിൽനിന്നും അകലം പാലിക്കാൻ പരമാവധി അദ്ദേഹം ശ്രമിക്കാറുണ്ടെന്നതാണ് അനുഭവം. പാലക്കാട് നിയമസഭാ മണ്ഡലത്തിൽനിന്ന് അദ്ദേഹം ബിജെപിയെ പരാജയപ്പെടുത്തി തെരഞ്ഞെടുക്കപ്പെടുന്നതുതന്നെ അത്തരം സമീപനം സ്വീകരിച്ചതുകൊണ്ടാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. അങ്ങനെയുള്ള ഒരു സ്ഥാനാർഥിയെ കുറിച്ച് വടകരയിലെ ഇടതുപക്ഷത്തിന്റെ പരാമർശം വർഗീയതയുടെ വിഷം വിതറുന്നതായിരുന്നു.

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന അജീഷ് കൈതക്കൽ നടത്തിയ പരാമർശം ‘ശാഫി എന്നൊരു പേരുകാരൻ മത്സരിക്കാൻ വരുന്നുണ്ടെന്നും അതിനാൽ ശൈലജ ടീച്ചർ രണ്ട് ലക്ഷം വോട്ടിന് ജയിക്കും’ എന്നായിരുന്നു. ‘ശാഫി എന്ന പേരുകാരൻ’ എന്ന പ്രയോഗം മുസ്‌ലിം സ്വത്വത്തെ കുറിച്ചുള്ള അവജ്ഞയാണെന്നത് ആർക്കാണറിഞ്ഞുകൂടാത്തത്? ഇടതുപക്ഷത്തല്ലാതെ ഒരു മുസ്‌ലിം പേരുകാരൻ വരാൻ പാടില്ലെന്ന ധ്വനിയും അതിലുണ്ട്. ലിന്റോ ജോസഫ് എംഎൽഎയുടെ സ്റ്റാഫായ അജയ് ഫ്രാൻസിസ് പറഞ്ഞത് ‘ബിൻലാദനും ഷാഫിയും തമ്മിൽ തിരിച്ചറിയാനാവില്ലെ’ന്നാണ്. മുസ്‌ലിം നാമധാരിയെങ്കിൽ അവൻ ഭീകരവാദിയെന്ന മുതലാളിത്ത പാശ്ചാത്യ പ്രചാരണത്തിന്റെ അമ്പാസിഡർമാരായി മലയാളക്കരയിൽ ഇവർ വിരാജിക്കുന്നുവെന്നർഥം. പേരാമ്പ്രയിലെ പ്രാദേശിക നേതാവായ നാരായണൻ പ്രസ്താവിച്ചത് ‘ഷാഫിക്ക് വോട്ട് ചെയ്യുന്നവരെ പാക്കിസ്ഥാനിലേക്ക് കയറ്റി വിടണ’മെന്നാണ്. സംഘപരിവാരങ്ങളിലെ അതിതീവ്ര വിഭാഗങ്ങളുടെ പ്രചാരണങ്ങളെ ഏറ്റുപിടിക്കും വിധം ചുവപ്പിന് മങ്ങലേൽക്കുന്നുവെന്നർഥം. ശൈലജ ടീച്ചറിനെതിരെ ‘കാഫിർ’ പ്രയോഗവുമായി പ്രത്യക്ഷപ്പെട്ട വാട്‌സാപ് സന്ദേശങ്ങളും ഇവരുടെ ഗ്രൂപ്പുകളിൽനിന്ന് നിർമിച്ച് പ്രചരിച്ചതാണെന്ന് എല്ലാവർക്കും ബോധ്യമായി.

സമാധാനപൂർണമായ മലയാളക്കരയെ വർഗീയതയുടെയും വിദ്വേഷത്തിന്റെയും കലാപങ്ങളുടെയും ഇടമാക്കി നാലു വോട്ട് പിടിക്കാമെന്ന വൃത്തികെട്ട രാഷ്ട്രീയത്തിന് ഇവരെ പ്രേരിപ്പിക്കുന്നത് ഇസ്‌ലാം ഭീതിയാണെന്നതിൽ സംശയമില്ല. മുസ്‌ലിം നാമധാരിയാണെന്നതുകൊണ്ട് മാത്രം അഖിലേന്ത്യാ നേതാവായ വ്യക്തിയുടെ ഔദ്യോഗികമായ പ്രസ്താവനയും നാം കേട്ടു. ‘രാഷ്ട്രീയവിഷം’ എന്ന പരിവേഷം നൽകുമ്പോൾ അതെന്താണെന്ന് അദ്ദേഹം വ്യക്തമാക്കേണ്ടിയിരുന്നു. അയാളുടെ മതമോ പേരോ രാഷ്ട്രീയമോ ആണോ? രാഷ്ട്രീയമായിരുന്നെങ്കിൽ മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികൾക്കു നേരെ എന്തുകൊണ്ട് ഇത്തരം വിമർശനമുയർന്നില്ല? 1957ൽ നാദാപുരം മണ്ഡലത്തിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച സിഎച്ച് കണാരൻ പരാജയപ്പെടുമെന്ന് ഉറപ്പായി. ഇനി വർഗീയ കാർഡിറക്കുകയല്ലാതെ നിവൃത്തിയില്ലാതായി.

“കള്ളത്തിയ്യന് വോട്ടില്ല;
കൊട്വാത്തിയ്യന് വോട്ടില്ല;
സിഎച്ച് കണാരന് വോട്ടില്ല’’

തെരഞ്ഞടുപ്പിന് രണ്ടുദിവസം മാത്രം ബാക്കി നിൽക്കെ നാദാപുരം മണ്ഡലത്തിലെ തിയ്യമേഖലകളിൽ രാത്രിയുടെ മറവിൽ ഇങ്ങനെയൊരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. മണ്ഡലത്തിലെ സാധാരണക്കാരിൽ വലിയൊരു പങ്ക് തിയ്യന്മാരായിരുന്നു. അവർക്ക് സിഎച്ച് കണാരൻ തിയ്യനാണ് എന്ന് തിരിച്ചറിയാനും അതുവഴി അവരുടെ വോട്ടുകൂടി അധികമായി നേടാനും പ്രയോഗിച്ച ഒരു തന്ത്രമായിരുന്നു അത്. അത് ഫലിച്ചു. സി എച്ച് കണാരൻ ജയിച്ച് നിയമസഭയിലെത്തി.

സംഘപരിവാരങ്ങളുടെ അധികാരവും സമ്പത്തും ഉപയോഗിച്ച് രാജ്യത്തെ മുസ്‌ലിംകളെ പോലെയുളള ന്യൂനപക്ഷങ്ങളെ ഉൻമൂലനം ചെയ്യാൻ നിയമനിർമാണം നടത്തുന്ന ഈ കാലത്തും പഴയ വർഗീയ കാർഡിറക്കി രംഗം വഷളാക്കുന്നതിൽ ഇടതുലിബറലുകൾ കരുനീക്കം നടത്തുന്നത് ശരിയായ രീതിയല്ലെന്ന് മനസ്സിലാക്കാനുള്ള സാമന്യബുദ്ധിയെങ്കിലും ഉണ്ടാകണം. ശുഭവസ്ത്രവും തലപ്പാവും ധരിച്ച് താൽകാലിക ലാഭത്തിനുവേണ്ടി മാത്രം സുഖിപ്പിക്കുന്ന മതവാണിഭക്കാരുടെ തലയെണ്ണിയുള്ള ആത്മനിർവൃതിയാൽ മറ്റുള്ളവരും അതുപോലെയാണെന്ന് ധരിക്കുന്നത് അസംബന്ധമാണെന്ന തിരിച്ചറിവും ഉണ്ടാകണം.

കപടതയുടെ മുഖമൂടി അഴിയുന്ന പ്രസ്താവനകൾ

ആർഎസ്എസും സംഘപരിവാരങ്ങളും പടച്ചുവിടുന്ന വിദ്വേഷരാഷ്ട്രീയം വേരോടാതിരുന്ന മണ്ണായിരുന്നു കേരളം. ഉത്തരേന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള സംഘപരിവാര അക്രമങ്ങൾക്ക് പരിസരമൊരുക്കുന്നതിൽ അവരുടെ നേതാക്കളുടെ പ്രസ്താവനകൾ വലിയ പങ്ക് വഹിക്കാറുണ്ട്. എന്നാൽ കേരളത്തിലെ മതനിരപേക്ഷതയുടെ അവകാശവാദവുമായി പ്രവർത്തിക്കുകയും ന്യൂനപക്ഷങ്ങളുടെ സംരക്ഷകരായി വാചാലരാവുകയും ചെയ്യുന്ന ഇടതുപക്ഷ സെക്യുലർ രാഷ്ട്രീയത്തിലെ നേതൃത്വത്തി‌െൻറ പ്രസ്താവനകളിൽ പലതും മുസ്‌ലിം ന്യൂനപക്ഷത്തെ ഉന്നം വെച്ചുള്ളതായിരുന്നു. മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ മുന്നേറ്റത്തെ പരാമർശിച്ചുകൊണ്ട് വിഎസ് അച്ചുതാനന്ദൻ നടത്തിയ പ്രസ്താവന സമുദായത്തെ ഉന്നംവെച്ചുകൊണ്ടുള്ളതായിരുന്നു. 2005 ഏപ്രിൽ 25ന് ‘കേരള കൗമുദി’ ഇത് റിപ്പോർട്ടു ചെയ്തത് ഇങ്ങനെയായിരുന്നു: “എസ്എസ്എൽസി, എൻട്രൻസ് മേഖലകളിലൊക്കെ മുൻകാലങ്ങളിൽ മധ്യകേരളത്തിലെ വിദ്യാർഥികളാണ് മുൻനിരയിൽ എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് നാല് കൊല്ലമായി മലപ്പുറം ജില്ലയിലെ കുട്ടികൾ മുൻനിരയിലെത്തുന്നു. ഇതിൽ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങൾ ചികഞ്ഞാൽ ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തുവരും.’ അച്ചുതാനന്ദന്റെ ഈ വാക്കുകൾ അപകടകരവും അവിചാരിതമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നവയുമായിരുന്നു. പൊതു സമൂഹം ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയുണ്ടായി. അന്നത്തെ പ്രമുഖ പത്രങ്ങളിലും ആനുകാലികങ്ങളിലും ശക്തമായ പ്രതികരണ ലേഖനങ്ങൾ വന്നു. പിന്നീടുള്ള അധികാര രാഷ്ട്രീയത്തിൽ താൽകാലിക ലാഭത്തിനുവേണ്ടി സഖാവ് അച്ചുതാനന്ദനെപോലെ സമുദായത്തെ നോവിക്കുന്ന പ്രസ്താവനകളുമായി മത്സരിക്കുന്നതാണ് നാം കണ്ടത്.

ഈരാറ്റുപേട്ടയിലെ ക്രിസ്ത്യൻ പള്ളിയുടെ കോമ്പൗണ്ടിൽ സ്‌കൂൾ വിദ്യാർഥികൾ നടത്തിയ വികൃതിയെ കുറിച്ച് കേരളത്തി‌െൻറ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനയും ഏറെ വേദനിപ്പിക്കുന്നതായിരുന്നു. മുസ്‌ലിം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും അവിടെ നടന്നത് തെമ്മാടിത്തമായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ മറ്റു മതവിഭാഗത്തിൽപെട്ടവരും അതിലുണ്ടായിരുന്നുവെന്നതാണ് സത്യം. വടകര പാർലമെന്റ് തെരഞ്ഞെടുപ്പിന് വർഗീയതയുടെ നിറം പകരാൻ ഇടതുനേതാക്കളും പ്രവർത്തകരും കാണിച്ച പരിശ്രമവും ഏറെ ചർച്ചക്ക് കാരണമായി. സിപി എം സഹയാത്രികനും മുൻമന്ത്രിയുമായ കെ. ടി ജലീലി‌െൻറ പ്രസ്താവനയും അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. കേരളത്തിൽ ലൗജിഹാദ് ഉണ്ടെന്ന സംഘപരിവാറി‌െൻറ ആരോപണം സിപിഎം പാർട്ടി രേഖയിലുണ്ടെന്ന് നേതാക്കൾ ആണയിടുന്നുണ്ട്. മുസ്‌ലിംകൾ നാർകോട്ടിക് ജിഹാദ് നടത്തുന്നുണ്ടെന്ന പാലാ ബിഷപ്പി‌െൻറ വർഗീയ പരാമർശത്തെ ന്യായീകരിച്ചുകൊണ്ട് രംഗത്തുവന്നത് മന്ത്രി വിഎൻ വാസവനായിരുന്നു. പത്രപ്രവർത്തകനായ സിദ്ദീഖ് കാപ്പ‌െൻറ മോചനത്തെ സൂചിപ്പിച്ചുകൊണ്ട് എം പ്രകാശൻ പറഞ്ഞത് ‘ചില പ്രത്യേക ആളുകളെ കണ്ടാൽ മനസ്സിലാകും അവർ കുറ്റക്കാരാണെന്ന്’ എന്നാണ്. മുസ്‌ലിം സമുദായത്തിനെതിയുള്ള ഒളിയമ്പായിരുന്നു അത്. മുന്നാക്ക സംവരണ ബില്ലിന്റെ പേരിൽ സർക്കാറിനെ വിമർശിക്കുന്നവർ വർഗീയവാദികളെന്നാണ് എ വിജയരാഘവൻ വിശേഷിപ്പിച്ചത്. സിഎഎ വിരുദ്ധ സമരങ്ങളിൽ തീവ്രവാദികൾ നുഴഞ്ഞുകയറിയെന്ന പിണറായി വിജയന്റെ പ്രസ്താവന നരേന്ദ്ര മോഡി പ്രചാരണമായി ഏറ്റെടുത്തു.

ദേശീയപാത വികസത്തിൽ കിടപ്പാടമടക്കം നഷ്ടപ്പെടുന്നവരുടെ സമരത്തെ കുറിച്ച് മുസ്‌ലിം തീവ്രവാദികളാണ് ദേശിയപാത വികസനം തടസ്സപ്പെടുത്തുന്നതെന്ന് എ വിജയരാഘവനും പ്രസ്താവിക്കുകയുണ്ടായി. യുഎപിഎ കേസുകളിലെ അന്യായങ്ങൾക്കെതിരെയുള്ള ശബ്ദങ്ങളെ കുറിച്ച് ഇസ്‌ലാം തീവ്രവാദികൾ മനഷ്യാവകാശ സംഘടകളെ മറയാക്കുകയാണെന്നും അവരിൽനിന്ന് വിമർശനം വന്നു. ഗെയിൽ സമരത്തിലും കേരളത്തിലെ കോൺഗ്രസിന്റെ മുസ്‌ലിം നേതാവിനെതിരെ തീവ്രവാദ ആരോപണമുന്നയിച്ചവരും ഇവർതന്നെയാണ്. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയതയാണെന്ന കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയും ഇസ്‌ലാം ഭീതി തന്നെയാണ്. ഇങ്ങനെ ധാരാളം പ്രസ്താവനകൾകൊണ്ട് മുസ്‌ലിം ന്യൂനപക്ഷത്തെ അരികുവൽകരിക്കാനും അപരവൽകരിക്കാനും സെക്യുലർ കാപട്യം മൽസരിച്ചുകൊണ്ടിരിക്കുന്നു.

മുസ്‌ലിം സ്ത്രീകളുടെ വേഷത്തെയും സ്വത്വത്തെയും ഒരു പരിധിവരെ ഇല്ലാതാക്കാൻ കഴിഞ്ഞുവെന്ന് പറഞ്ഞ് അഭിമാനംകൊള്ളുന്നവരും ഇവർതന്നെ. അതിനാൽ ഇന്ത്യൻ മതേതരത്വമെന്ന മഹത്തായ ആശയത്തെ മതനിരാകരണത്തിൽ തളച്ചിട്ട് അതിന് ആശയപിന്തുണ നൽകുന്ന ഇടതുലിബറൽ ചിന്താധാരയെ തിരിച്ചറിയുന്നത് നല്ലതാണ്. പ്രാകൃതകമ്യൂണിസം, അടിമത്തം, ഫ്യുഡലിസം, മുതലാളിത്തം, സോഷ്യലിസം എന്നിങ്ങനെ ചരിത്രഗതിയെ വർഗീകരിച്ച് ഒരിക്കലും സാധ്യമല്ലാത്ത ഉട്ടോപ്യൻ രാഷ്ട്രസങ്കൽപം യാഥാർഥ്യമാക്കാൻ എന്തും ചെയ്യാം എന്ന് സിദ്ധാന്തിക്കുന്ന ഇത്തരം ആശയങ്ങൾക്ക് പിന്തുണ നൽകിയാലുണ്ടാകുന്ന ഭവിഷത്തുകളെ കുറിച്ച് നാം വ്യാകുലപ്പെടണം. അധികാര ലബ്ധിക്കുശേഷം അനേകായിരങ്ങളെ കൊന്നുതള്ളിയ ലെനിനിസവും സ്റ്റാലിനിസവും ആദർശമായി സ്വീകരിച്ചവരിൽനിന്ന് ഇതും ഇതിലപ്പുറം നമുക്ക് പ്രതീക്ഷിക്കാം. ജാഗ്രതയോടെ സാഹചര്യങ്ങളെ നേരിടാനുള്ള ധൈഷണികതയും കരുത്തും നേടിയെടുക്കാനാകണം നമുക്ക്.