പ്രബുദ്ധ കേരളത്തിന്റെ അടിയൊഴുക്കുകൾ
ഉസ്മാൻ പാലക്കാഴി
2024 മെയ് 04, 1445 ശവ്വാൽ 25

ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിന് (തിങ്കൾ) മിക്ക മലയാള പത്രങ്ങളുടെയും ഒന്നാം പേജിൽ വന്ന വാർത്തകളിൽ ഒന്ന് ഇതായിരുന്നു: “കേരളത്തിൽനിന്ന് 2023ൽ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് 201.79 കോടി രൂപയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക്. രാജ്യത്താകെ 7488.64 കോടിയാണ് നഷ്ടമായത്. ഭൂരിഭാഗം പണവും ചൈനയിലെ അക്കൗണ്ടുകളിലേക്കാണു പോയത്. ഇന്നു സംസ്ഥാന പൊലീസ് സൈബർ മേധാവികളുടെ യോഗം ആഭ്യന്തരമന്ത്രാലയം വിളിച്ചിട്ടുണ്ട്.
2023ൽ ഏറ്റവും കൂടുതൽ പണം നഷ്ടമായത് മഹാരാഷ്ട്രയിലാണ്- 990 കോടി. തെലങ്കാന (759), യുപി (721), തമിഴ്‌നാട് (661), കർണാടക (662), ഗുജറാത്ത് (650) എന്നിങ്ങനെയാണു കണക്ക്.
1930 എന്ന ഹെൽപ് ലൈൻ നമ്പറിലേക്കു പരാതിപ്പെട്ടവരുടെ മാത്രം കണക്കാണിത്. തട്ടിപ്പിനിരയാകുമ്പോൾത്തന്നെ വിളിച്ചാൽ ബാങ്കിൽനിന്നു പണം പിൻവലിക്കുന്നതു തടയാനാകും. കേരളത്തിലെ 201.79 കോടിയിൽ 36 കോടി ഇത്തരത്തിൽ തടഞ്ഞുവയ്ക്കാൻ കഴിഞ്ഞു.
കേരളത്തിൽ കൂടുതൽ പേർക്കു പണം പോയത് വീട്ടിലിരുന്നു പണമുണ്ടാക്കാമെന്ന പരസ്യങ്ങളിൽ ക്ലിക്ക് ചെയ്ത് പിന്നീട് ടെലിഗ്രാം ആപ്പിലൂടെ നടത്തുന്ന ഓൺലൈൻ ട്രേഡിങ്ങിലാണ്. കൂടുതലും തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ. ഈ മാസം 15 മുതൽ ഈ നഗരങ്ങളിൽ പൊലീസ് ബോധവൽക്കരണം നടത്തും.’’
സാക്ഷരതയുടെയും സംസ്‌കാരത്തിന്റെയും പ്രബുദ്ധതയുടെയും മതനിരപേക്ഷതയുടെയുമൊക്കെ പേരിൽ അഭിമാനം കൊള്ളുന്ന മലയാളികൾ എളുപ്പത്തിൽ കബളിപ്പിക്കപ്പെടുന്ന കാര്യത്തിലും പിന്നിലല്ല എന്ന് ഒട്ടേറെ സംഭവങ്ങൾ തെളിയിക്കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പിനിരയായി കോടികൾ നഷ്ടപ്പെട്ട വാർത്ത പുറത്തുവന്നാലും അതേ തട്ടിപ്പിന് തലവച്ചുകൊടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് ധനത്തോടുള്ള അത്യാർത്തിയല്ലാതെ മറ്റെന്താണ്?
സാങ്കേതികവിദ്യയുടെ ദുരുപയോഗം
സാങ്കേതിക ഉപാധികൾ കേരളത്തെ മാറ്റിയപോലെ മലയാളി മനസ്സ് അവയെയും മാറ്റിത്തീർക്കുകയായിരുന്നു. ഇന്റർനെറ്റ് എന്ന അസാധാരണ സാധ്യകളുള്ള ആശയവിനിമയോപാധി ഏറ്റവും നിഷേധാത്മകമായി ഉപയോഗിക്കപ്പെട്ട സ്ഥലങ്ങളിൽ ഒന്ന് കേരളമാണ്. അശ്ലീല വെബ്‌സൈറ്റുകളും നീലച്ചിത്രങ്ങളും മതിമറന്നാസ്വദിക്കാനുള്ള ഇടങ്ങളായാണ് ഇന്റർനെറ്റ് കഫേകൾ ഉപയോഗിക്കപ്പെട്ടത്. ആരും കാണാത്തിടങ്ങൾ എന്ത് തോന്ന്യാസവും കാട്ടാമെന്ന മലയാളി മനസ്സ് ഇന്റർനെറ്റിനെ സ്വതാൽപര്യങ്ങൾക്ക് ഉപയോഗിച്ചു. കഫേകളുടെ കുഞ്ഞുമുറിക്കുള്ളിൽ സ്വന്തം ശരീരകാമനകളെ തൃപ്തിപ്പെടുത്താമെന്ന് മലയാളി കണ്ടെത്തി. ഒളിഞ്ഞുനോട്ടത്തിന്റെ സ്വന്തം നാട്ടിൽ ഒളികാമറകളിൽ പെണ്ണുടലുകളുടെ പലമാതിരി ചലനങ്ങൾ പകർത്തപ്പെട്ടു.
വീടിനുള്ളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകൾക്ക് പുറംലോകത്തെ എത്തിപ്പിടിക്കാനുള്ള വഴിയായി മൊബൈൽ ഫോൺ മാറി. പുറംലോകവുമായി സമ്പർക്കം സാധ്യമായെങ്കിലും കേരളീയ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അത് അനേകം പ്രശ്‌നങ്ങൾക്കും കാരണമായി. പുറംലോകം മാറിയിരുന്നില്ല. തുറിച്ചുനോട്ടവും ബലാൽക്കാരവും ലൈംഗികാതിക്രമങ്ങളും കൊണ്ട് അത് സ്ത്രീകളെ നേരിട്ടു. മലയാളി ആൺലോകം മൊബൈൽ ഫോണുകളെ അതിനുളള ആയുധമാക്കി മാറ്റി. മിസ്ഡ് കോൾ അടുപ്പങ്ങൾ സാർവത്രികമായി. കുടുംബബന്ധങ്ങളിൽ അത് ഒട്ടേറെ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. മിസ്ഡ് കോൾ വഴി അടുപ്പത്തിലായ കാമുകനെ വീട്ടിൽ വിളിച്ചുവരുത്തിയ വീട്ടമ്മ അയാളുടെ കൈകളാൽ കൊല്ലപ്പെട്ട സംഭവത്തിന് കേരളം സാക്ഷിയായിട്ടുണ്ട്.
സ്ത്രീസമൂഹവും സുരക്ഷിതത്വവും
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമം ആഗോളതലത്തിൽ തന്നെ വർധിച്ചുവരുന്നതായാണ് ഏതാനും വർഷങ്ങളായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം സൂചിപ്പിക്കുന്നത്. ലോകത്ത് ആകെയുള്ള സ്ത്രീകളിൽ മൂന്നിലൊന്ന് (ഏകദേശം 743 ദശലക്ഷത്തിലേറെ) സ്ത്രീകൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ലൈംഗികാതിക്രമം നേരിടുന്നുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടന പറയുന്നത്. റേപ്പ് കേസുകൾ ഉൾപ്പെടാത്തതാണ് ഈ കണക്ക്.
2018ൽ തോംസൺ റോയിട്ടേഴ്‌സ് ഫൗണ്ടേഷൻ തയ്യാറാക്കിയ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് അഫ്ഗാനിസ്ഥാനാണ്.
സ്ത്രീധന പീഡനവും ലൈംഗികാതിക്രമങ്ങളും ഭർത്താവിന്റെയും വീട്ടുകാരുടെയും ക്രൂരതകളുമാണ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഏറ്റവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ 2020ൽ സ്ത്രീകൾക്കെതിരായ കുറ്റങ്ങളുടെ പേരിൽ 315694 കേസുകളാണ് എടുത്തിട്ടുള്ളത്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ കേസ്- 39601.

34426 കേസുകളുള്ള രാജസ്ഥാനും 34170 കേസുകളുള്ള പശ്ചിമ ബംഗാളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരിൽ കേരളത്തിൽ 2020ൽ 8139 കേസുകളാണെടുത്തത്.
2018ൽ ഇന്ത്യയിലാകെ 329638 കേസുകളായിരുന്നു സ്ത്രീകൾക്കെതിരായ കുറ്റങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തത്. 2019ൽ അത് 348162 കേസുകളായി ഉയർന്നു.
2021 ജനുവരി മുതൽ ഒക്ടോബർ വരെ കേരളത്തിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരിൽ വിവിധ വകുപ്പുകൾ പ്രകാരം എടുത്ത കേസുകളുടെ എണ്ണം 12784 ആണ്. 10 മാസത്തെ മാത്രം കണക്കാണിത്. സ്ത്രീകൾ നൽകിയ പരാതികളിൽ ഏറ്റവും കൂടുതൽ ഭർത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരതയെക്കുറിച്ചുള്ളതാണ്. 3803 പരാതികളാണ് ഭർത്താവിന്റെയും ബന്ധുകളുടെയും പീഡനം സംബന്ധിച്ച് 2021 ഒക്ടോബർ വരെ കേരള പൊലീസിന് ലഭിച്ചിട്ടുള്ളത്. 2020ൽ 2736 കേസുകളായിരുന്നു ഉണ്ടായിരുന്നത്. റേപ്പ് ചെയ്യപ്പെട്ടതായുള്ള 1845 കേസുകളാണ് ഈ വർഷം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലൈംഗികാക്രമണ കേസുകൾ 3359 ആണ്. 145 തട്ടിക്കൊണ്ടുപോകൽ കേസും ഇക്കാലയളവിലുണ്ടായിട്ടുണ്ട്.
സദാചാര ബോധത്തിൽ ഏറെ മുന്നിലാണ് മലയാളികൾ എന്നാണ് വയ്പ്. പുറം കാഴ്ചയിൽ അത് ശാന്തമാണ്. എന്നാൽ അടിയൊഴുക്കൾ ഏറെ മനോരോഗാത്മകമാണ് എന്ന് ഈ കണക്കുകൾ ബോധ്യപ്പെടുത്തുന്നു. സ്വന്തം പിതാക്കന്മാരെ ഭയന്ന് പെൺമക്കളെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കുന്ന അമ്മമാരുടെ എണ്ണം വർധിക്കുന്നു. ഏറ്റവും അടുത്ത ബന്ധുക്കളാൽ പോലും പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നു. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവത്കരിച്ച് പറയുന്നത് നീതിയല്ല. എന്നാൽ ഒറ്റപ്പെട്ട സംഭവം എന്ന് വിശേഷിപ്പിക്കാൻ കഴിയാത്തവിധം ദിനേന ഇത്തരം വാർത്തകൾ പുറത്തുവരുന്നു എന്നത് യാഥാർഥ്യമാണ്.
സ്ത്രീകൾക്ക് രാത്രി പുറത്തിറങ്ങാൻ പറ്റാത്ത നാട് എന്നൊരു പറച്ചിൽ പണ്ട് ഉണ്ടായിരുന്നു. കാലം മാറിയപ്പോൾ ആ പറച്ചിലിലും മാറ്റം വരുത്തേണ്ടിവന്നിരിക്കുന്നു. കാരണം പട്ടാപ്പകലും പെണ്ണ് സുരക്ഷിതയല്ല. വീടിനു പുറത്താകുമ്പോൾ മാത്രമല്ല വീട്ടിനകത്താകുമ്പോഴും അവൾ അന്യരാൽ ആക്രമിക്കപ്പെടുന്നു. കൊലചെയ്യപ്പെടുന്നു. സമീപകാലത്തു നടന്ന ഒട്ടേറെ ഉദാഹരണങ്ങൾ ഈ വിഷയത്തിൽ ചൂണ്ടിക്കാണിക്കാനാവും. മൂവാറ്റുപുഴ ജനറൽ ആശുപത്രിക്കുള്ളിൽവച്ച് ഒരു യുവതി പട്ടാപ്പകൽ കഴുത്തറുത്ത് കൊലചെയ്യപ്പെട്ടത് മാർച്ച് 31നാണ്.
പെൺകുറ്റവാളികൾ വർധിക്കുന്നുവോ?
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുമ്പോഴും സ്ത്രീകൾ ഉൾപെട്ട അതിക്രമങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. കാമുകനെ കൊന്ന് വെട്ടിനുറുക്കി സ്യൂട്ട്‌കേസിൽ നിറച്ച ഡോക്ടർ ഓമന, ഭർത്താവിന്റെ ആദ്യഭാര്യയിലുള്ള കുഞ്ഞിനെ ക്രൂരമർദനത്തിരയാക്കി കുപ്രസിദ്ധി നേടിയ ദേവിക അന്തർജനം എന്ന റംല, ഭർത്താവിന്റെ സ്വത്ത് വകകൾ സ്വന്തമാക്കാൻ ഭർതൃപിതാവിനെ വധിച്ച ഷെറിൻ, മെഡിക്കൽ കോളേജുകളിൽ സീറ്റ് വാഗ്ദാനം ചെയ്ത് 6 കോടി തട്ടിയടുത്ത കവിത പിള്ള, സാമ്പത്തിക തട്ടിപ്പിൽ കുപ്രസിദ്ധിനേടിയ സരിത നായർ, ലിനമരിയ പോൾ, ഏറ്റവും ഒടുവിൽ തന്റെ വഴിവിട്ട ജീവിതത്തിന് തടസ്സമെന്നു കണ്ട് സ്വന്തം മാതാപിതാക്കളെയും രണ്ടു മക്കളെയും വിഷംകൊടുത്ത് കൊന്ന പിണറായിയിലെ സൗമ്യ... ഇവർ ഏതാനും ഉദാഹരണങ്ങൾ മാത്രം.
‘ആപത്ഘട്ടങ്ങളിൽ തനിച്ചാകുന്ന സ്ത്രീകളുടെ രക്ഷയ്ക്കാ’യി എന്ന പരസ്യവാചകത്തോടെ വിപണിയിലെത്തിയതാണ് കുരുമുളക് സ്‌പ്രേ. അക്രമിക്ക് നേരെ സ്‌പ്രേ പ്രയോഗിച്ച് സ്ത്രീകൾക്ക് രക്ഷപ്പെടാം. 24കാരി സുറുമിയും കുരുമുളക് സ്‌പ്രേ പ്രയോഗിച്ചത് രക്ഷപ്പെടാനാണ്. മുത്തശ്ശിയുടെ കണ്ണിൽ സ്‌പ്രേ അടിച്ച് ഒരു പവന്റെ മാല കവർന്ന ശേഷം രക്ഷപ്പെടാനായിരുന്നെന്നു മാത്രം.

ആപത്ഘട്ടങ്ങളിൽ രക്ഷപ്പെടാൻ മാത്രമല്ല മോഷണം നടത്താനും ഈ സ്‌പ്രേ ഉപയോഗപ്പെടുത്താമെന്ന് സുറുമി തെളിയിച്ചു. സ്പിരിറ്റ് കടത്ത് അടക്കം നിരവധി കേസുകളിൽ പ്രതിയായിരുന്ന സുറുമി വീണ്ടും വാർത്തയിലെ താരമായത് 2014 ജൂലായ് രണ്ടാം വാരമാണ്. കാഞ്ഞിരപ്പള്ളിയിൽ അമ്മയുടെ അമ്മയ്ക്ക് ഒപ്പമായിരുന്നു സുറുമിയുടെ താമസം. മുത്തശ്ശിയോട് സുറുമി പണം ആവശ്യപ്പെട്ടെങ്കിലും അവർ നൽകാൻ തയ്യറായില്ല. തുടർന്നാണ് ബാഗിൽ സൂക്ഷിച്ച കുരുമുളക് സ്‌പ്രേ മുത്തശ്ശിയുടെ നേർക്ക് പ്രയോഗിച്ചത്. ആഡംബര ജീവിതത്തോടുള്ള ആസക്തിയായിരുന്നു സുറുമിയെ കുറ്റകൃത്യങ്ങളിലേക്ക് നയിച്ചത്.
അടുത്തകാലത്ത് നടന്ന പല കുറ്റകൃത്യങ്ങളും ആഡംബര ജീവിതം ലക്ഷ്യമിട്ടുള്ളതായിരുന്നു. സാമ്പത്തികവും സാമൂഹികവുമായ അരക്ഷിതാവസ്ഥയാണ് കുറ്റകൃത്യങ്ങളിലേക്ക് നയിച്ച പ്രധാന ഘടകം. എങ്ങനെയും പണമുണ്ടാക്കണം എന്ന ചിന്ത സമൂഹത്തിൽ വ്യാപിച്ചതോടെയാണ് കുറ്റകൃത്യങ്ങളിൽ സ്ത്രീ പങ്കാളിത്തം വർധിച്ചത്. ആഡംബരത്തിന്റെയും പണത്തിന്റെയും പ്രലോഭനത്തിൽ സത്രീകൾ എളുപ്പം വീണു പോകുകയും ചെയ്യുന്നു. സമൂഹത്തിൽ പൊതുവിലുണ്ടായ ജീർണതകളുടെ തുടർച്ച തന്നെയാണ് സ്ത്രീകളുടെ ജീവിതത്തിൽ വന്ന മാറ്റവും. ആർഭാട ജീവിതവും വലിയ വീടും കാറുമൊക്കെ സ്വപ്‌നം കണ്ട് കുറുക്കുവഴികൾ തേടുന്നവരിൽ കുറ്റവാസന വർധിക്കുന്നത് സ്വാഭാവികം.
സീരിയലുകൾ എന്ന സാംസ്‌കാരിക വിപത്ത്
വൈകുന്നേരത്തോടെ കേരളത്തിലെ കുടുംബിനികൾ അളിഞ്ഞ സീരിയലുകൾ വാരിത്തിന്നാൻ ധൃതികാട്ടുന്നു. അതിനായി മറ്റെല്ലാ തിരക്കുകളും മാറ്റിവെക്കുന്നു. കണ്ണീർ സീരിയലുകെളക്കാൾ ഇന്ന് രംഗം കയ്യാളുന്നത് അവിഹിതബന്ധങ്ങളുടെ സസ്‌പെൻസ് ത്രില്ലറുകളാണ്. അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനുള്ള വാസന മലയാളികളിൽ അൽപം കൂടുതലാണ്. സീരിയൽ കച്ചവടക്കാർ ഇത് സമർഥമായി ഉപയോഗിക്കുന്നു.
പൊതുസമൂഹത്തെ വിഡ്ഢികളാക്കിക്കൊണ്ട് ദീർഘകാലമായി അരങ്ങേറുന്ന ഈ സാംസ്‌കാരിക വിപത്തിനെ പ്രതിരോധിക്കാൻ പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന മലയാളി സമൂഹം ഇനിയും വൈകിയാൽ അതിന് വലിയ വിലകൊടുക്കേണ്ടിവരുമെന്നതിൽ സംശയമില്ല. ഒരുകാലത്ത് ‘മ’ പ്രസിദ്ധീകരണങ്ങളിൽ നിരന്തരം പ്രത്യക്ഷപ്പെട്ട പൈങ്കിളി നോവലുകളായിരുന്നു അലോസരമുണ്ടാക്കിയിരുന്നതെങ്കിൽ ഇന്ന് ആ സ്ഥാനം ഏറ്റെടുത്തിട്ടുള്ളത് സ്വകാര്യ ടെലിവിഷൻ ചാനലുകളിലെ പൈങ്കിളി സീരിയലുകളാണ്.
അതെ, മലയാളിക്ക് പ്രബുദ്ധതയുണ്ട്, പക്ഷേ, പ്രതികരണശേഷി എങ്ങോ കൈമോശം വന്നുകൊണ്ടിരിക്കുകയാണ്. ആവശ്യമില്ലാത്ത വിവാദങ്ങൾക്ക് പിറകെ പോകാനാണ് നമ്മളിൽ പലർക്കും താൽപര്യം. അതേസമയം ആവശ്യമുള്ള കാര്യങ്ങൾക്കു നേരെ ബോധപൂർവം നാം മുഖം തിരിക്കുന്നു.
പ്രബുദ്ധതയിലും സാക്ഷരതയിലും പുരോഗമനാശയങ്ങളിലും മാധ്യമ അവബോധത്തിലും മറ്റും ഇന്ത്യയിൽ മുൻനിരക്കാരെന്ന് അഭിമാനിക്കുന്നവരാണ് നാം. അത്തരമൊരു നാട്ടിലാണ് ഇവ്വിധമൊരു ഗതികേട് വന്നു പെട്ടിരിക്കുന്നത്!
കേരളത്തിലെ ജനപ്രിയ ടി.വി സീരിയലുകൾ ഓരോ ദിവസവും നമ്മുടെ സാംസ്‌കാരികബോധത്തെ കശാപ്പു ചെയ്യുകയും മനസ്സിനെ (പ്രത്യേകിച്ച് സ്ത്രീ മനസ്സിനെ) തടവിലാക്കുകയും ചെയ്യുന്നു എന്നതാണ് പരമാർഥം. ഓരോ സീരിയലും ദീർഘകാലത്തേക്കാണ് ഇപ്രകാരം പ്രേക്ഷക മനസ്സുകളെ തടവിലാക്കുന്നത്. മനുഷ്യന്റെ ഏറ്റവും പ്രാകൃതമായ വികാരങ്ങളിലേക്കാണ് കേരളത്തിലെ ഭൂരിപക്ഷം സീരിയൽ നിർമാതാക്കളുടെയും നോട്ടം. അഹങ്കാരം, അസൂയ, കുശുമ്പ്, വിദ്വേഷം, വൈരാഗ്യബുദ്ധി, ഹിംസാത്മകത തുടങ്ങിയവയെ കത്തിജ്വലിപ്പിക്കത്തക്ക രീതിയിൽ പടുത്തുയർത്തിയ കൃത്രിമ കഥാസന്ദർഭങ്ങൾ നിറഞ്ഞവയാണ് ചാനൽ സീരിയലുകളിൽ സംപ്രേഷണം ചെയ്തുവരുന്നവയിൽ ഏറിയകൂറും. കഴുതയുടെ മസ്തിഷ്‌കമുള്ള പുരുഷന്മാരും ചെന്നായയുടെ ഹൃദയമുള്ള സ്ത്രീകളുമാണ് ഒട്ടുമിക്ക സീരിയലുകളിലെയും പ്രധാന കഥാപാത്രങ്ങൾ. അവരോടൊപ്പം ശുദ്ധാത്മാവായ ഒരു പെണ്ണുമുണ്ടാവും. അല്ലെങ്കിൽ നിഷ്‌കളങ്കനും വ്യക്തിത്വമില്ലാത്തവനുമായ ഒരു പുരുഷനും. കശാപ്പുകാരന്റെ പുറകെ നടന്നുചെല്ലുന്ന പാവം ആട്ടിൻകുട്ടിയുടെ മനസ്സും ചലന ക്രമവുമാണ് അത്തരം കഥാപാത്രങ്ങൾക്കുണ്ടാവുക. കണ്ണീരും മൂക്കുപിഴിച്ചിലും വഴക്കും വക്കാണവും കൊണ്ട് ശബ്ദമുഖരിതമാവുന്ന യാമങ്ങൾ. വെറും പൊള്ളയായ ഈ കൃത്രിമലോകം ശബ്ദഭേരിയും വർണപ്പകിട്ടും അരോചകമായ പശ്ചാത്തല സംഗീതവും സംഭാഷണ ചടുലതയും കൊണ്ട് ഒരു യഥാർഥ ലോകമാണെന്ന പ്രതീതിയാണ് പ്രേക്ഷകർക്ക് നൽകുന്നത്.

സീരിയലുകളുടെ അടിമകളായിത്തീരുന്ന പ്രേക്ഷകസമൂഹം സ്വയമറിയാതെ ഒപ്പം പരസ്യങ്ങളുടെയും അടിമകളായി മാറുന്നു. സീരിയലുകളും പരസ്യങ്ങളും ഇരട്ടകളെപ്പോലെ മെയ്യോടുമെയ് ചേർന്നാണ് ടെലിവിഷൻ ചാനലുകളിൽ ഇന്ന് അരങ്ങേറുന്നത്. ഏതൊക്കെ ഉപഭോഗ വസ്തുക്കളാണ് നാം വാങ്ങേണ്ടതെന്ന് കമ്പനികൾ നിശ്ചയിക്കുന്നു, പ്രഖ്യാപിക്കുന്നു. നമ്മുടെ വിവേചനാധികാരം അവർ ഏറ്റെടുക്കുന്നു. നമ്മെ നിരന്തരം മോഹിപ്പിക്കുന്നു, പ്രേരിപ്പിക്കുന്നു. പ്രേക്ഷകരുടെ ബൗദ്ധികമായ ജാഗ്രതയെയും സദാചാരബോധത്തെയും സീരിയലുകൾ വിലക്കെടുക്കുന്നതു പോലെ നമ്മുടെ വിവേകത്തെയും തിരഞ്ഞെടുക്കാനുള്ള അവകാശത്തെയും പരസ്യക്കമ്പനികൾ വിലയ്‌ക്കെടുക്കുന്നു!
മദ്യനിരോധനം കേവലം തെരഞ്ഞെടുപ്പുകാല വാഗ്ദാനം
ഓരോ വർഷവുമുള്ള വിശേഷ ആഘോഷ ദിനങ്ങളുടെ പിറ്റേദിവസം മലയാളപത്രങ്ങളിൽ ആഘോഷിക്കപ്പെടുന്ന മറ്റൊരു വിശേഷമുണ്ട്. മലയാളികൾ കുടിച്ചുവറ്റിച്ച മദ്യത്തിന്റെ കണക്കുകൾ. കോടികൾ മാറിമറിയുന്ന കണക്കുകൾ സർക്കാർ വക ബിവറേജസ് കോർപറേഷൻ നൽകുന്നതാണ്. കേരളം കുടിച്ചുതീർത്ത മദ്യത്തിന്റെ വകയിൽ സർക്കാറിനു കിട്ടിയ നേട്ടം. ഇങ്ങനെയൊരു വിശേഷവാർത്ത പുറത്തിറങ്ങാൻ തുടങ്ങിയിട്ട് ഏതാണ്ട് രണ്ടു പതിറ്റാണ്ടുകളേ ആയിട്ടുണ്ടാകൂ. മദ്യം അത്രയേറെ അനിവാര്യമായ ഒന്നായി മാറിയിരിക്കുന്നു ഇന്ന്. അനുഷ്ഠാനം പോലെ ആഘോഷങ്ങൾക്കുള്ള പ്രാഥമിക ഘടകം!
സമ്പൂർണ മദ്യവർജനം നടപ്പാക്കുമെന്നോ ബാറുകൾക്ക് നിയന്ത്രണം ഏർപെടുത്തുമെന്നോ പുതിയവ അനുവദിക്കില്ലെന്നോ ഒക്കെ തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങൾക്ക് വാഗ്ദാനം നൽകുന്നവർ ഭരണത്തിലേറിയാൽ നാട്ടിൽ എങ്ങനെയൊക്കെ മദ്യം വ്യാപിപ്പിക്കാം എന്ന ഗവേഷണത്തിലേർപെടുന്ന അവസ്ഥയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
2004 മുതൽ 2012 വരെയുള്ള കണക്കനുസരിച്ച് നാൽപതിനായിരം കോടി രൂപയുടെ വിദേശമദ്യമാണ് കേരളത്തിൽ വിറ്റഴിഞ്ഞത്. ഇത് പഴയ കണക്കാണെന്നും പുതിയ കണക്കിൽ എന്തുമാത്രം വർധനവുണ്ടായിരിക്കുമെന്നും ഓർക്കുക. കള്ളുഷാപ്പുകൾ, വാറ്റ് കേന്ദ്രങ്ങൾ, അതിർത്തി കടത്തിക്കൊണ്ടുവരുന്ന സ്പിരിറ്റ്, വിദേശരാജ്യങ്ങളിൽ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന മുന്തിയ ഇനം വിദേശ മദ്യം, പ്രവാസി മലയാളികൾ നാട്ടിലേക്ക് വരുമ്പോൾ കൊണ്ടുവരുന്ന കുപ്പികൾ, മാഹിയിൽനിന്നും മറ്റും കടത്തിക്കൊണ്ടുവരുന്ന വിദേശമദ്യം, ഭടന്മാർക്കും വിമുക്തഭടന്മാർക്കും കിട്ടുന്ന മദ്യക്വാട്ട എന്നിവയുടെ കൂടി കണക്കെടുത്താൽ മലയാളി ഉപയോഗിച്ച മദ്യത്തിന്റെ കണക്ക് ഇതിന്റെ ഇരട്ടികളായിരിക്കും!
കണക്ക് നോക്കിയാൽ പ്രതിവർഷം ആയിരം കോടി രൂപയുടെ വർധനവാണ് കേരളത്തിലെ വിദേശമദ്യ വിൽപനയിൽ കാണുന്നത്. കേരളത്തിലെന്നല്ല ലോകത്താകമാനം തന്നെയും മറ്റൊരു വ്യവസായത്തിലും ഇത്തരത്തിലൊരു കുതിപ്പ് കാണാനാകില്ല. ഇന്ത്യാ മഹാരാജ്യത്ത് മദ്യത്തിന്റെ ഉപഭോഗത്തിൽ കേരളം ഒന്നാം സ്ഥാനത്ത് എത്തിനിൽക്കുകയാണെന്ന് ഈ കണക്കുകൾ വെറുതെയൊന്ന് നോക്കിയാൽ വ്യക്തമാകും.
സർക്കാരിന് താൽപര്യം പുതിയ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കുവാനാണ്. കുടിയന്മാരുടെ എണ്ണം കുറയണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ ഇങ്ങനെ ചെയ്യില്ലല്ലോ. എത്ര നിഷേധിച്ചാലും സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാനമാർഗമാണ് മദ്യമെന്നതിൽ സംശയമില്ല. കേരളത്തിലെ വിദേശമദ്യശാലകളും വിൽപന കേന്ദ്രങ്ങളുമെല്ലാം ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനാണെ ന്നാണ് സർക്കാരിന്റെ വാദം. കോടതിയിൽ പോലും സർക്കാർ വാദിച്ചത് മദ്യത്തെ നിയന്ത്രിച്ചാൽ ടൂറിസം മുരടിക്കുമെന്നാണ്.
മദ്യവിൽപന പൊടിപൊടിക്കുന്ന എക്‌സൈസ് വകുപ്പ് മദ്യത്തിനെതിരെ ബോധവത്ക്കരണം നടത്തുന്നത് വിരോധാഭാസമല്ലേ? സംസ്ഥാനത്തെ മികച്ച മദ്യവിരുദ്ധ പ്രവർത്തകർക്ക് അവാർഡ് കൊടുക്കുകയാണ് ബോധവത്ക്കരണത്തിലെ പ്രധാന ഇനം! കിഡ്‌നിയും കരളുമൊക്കെ ഉരുകിത്തീരുന്നവരുടെയും വിധവകളുടെയും അനാഥമക്കളുടെയും എണ്ണം വർധിക്കുംവിധം യഥേഷ്ടം മദ്യം ലഭ്യമാക്കുക, ഒപ്പം നാമമാത്രമായ ബോധവത്ക്കരണവും!

