കള്ളക്കടത്ത്: മതവും രാഷ്ട്രീയവും
മുജീബ് ഒട്ടുമ്മൽ
2024 ഒക്ടോബർ 19, 1446 റ. ആഖിർ 16

പിക്ക് വിക്ക്: ‘എപ്പോഴും ആൾക്കൂട്ടത്തിനൊപ്പം ചേർന്ന് ബഹളം വയ്ക്കുന്നതാണ് നല്ലത്.’
സ്‌നോഡ് ഗ്രാസ്: ‘രണ്ട് ആർക്കൂട്ടമുണ്ടെങ്കിലോ?’
പിക്ക് വിക്ക്: ‘ഏറ്റവും വലിയ ആൾക്കൂട്ടത്തിനൊപ്പം ചേരുക.’
പ്രശസ്ത ഇംഗ്ലീഷ് നോവലിസ്റ്റും പത്രപ്രവർത്തകനും സാമൂഹിക വിമർശകനുമായിരുന്ന ചാൾസ് ജോൺ ഹഫാം ഡിക്കൻസിെന്റ ‘പിക്ക് വിക്ക് പെപ്പേഴ്‌സ്’ എന്ന നോവലിലെ കഥാപാത്രങ്ങളായ പിക്ക് വിക്കും സ്‌നോഡ് ഗ്രാസും തമ്മിലുള്ള സംഭാഷണത്തിലെ ശകലങ്ങളാണ് നാം വായിച്ചത്.
ഇസ്‌ലാമോഫോബിയ ലോകവ്യാപകമായി വിഹരിക്കുന്ന ആധുനിക കാലഘട്ടത്തിൽ മുസ്‌ലിംകൾക്കെതിരെ ഉന്നയിക്കപ്പെടുന്ന ഏതൊരു ആരോപണവും ആയുധമായി ഉപയോഗിക്കുന്ന പ്രത്യേക സാഹചര്യമാണ് ഇന്നുള്ളത്. കേരളത്തിലെ സ്വർണക്കളളക്കടത്തുമായി ബന്ധപ്പെട്ട ചർച്ചകളിൽ മുസ്‌ലിംകളെയും പണ്ഡിതൻമാരെയും ഇസ്‌ലാമിക ഫത്‌വകളെയും അനാവശ്യചർച്ചകളിലേക്ക് വലിച്ചിഴച്ച് ആൾക്കൂട്ടപ്രേമം പ്രകടിപ്പിച്ച ഭരണപക്ഷ എംഎൽഎ ഡോ.കെ.ടി ജലീലിന്റ പരാമർശം പിക്ക് വിക്ക് എന്ന കഥാപാത്രം നിർദേശിച്ച എളുപ്പമാർഗത്തിലേക്ക് ചുവടുവയ്ക്കുന്നതാണ്.
‘കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ചു നടക്കുന്ന സ്വർണക്കടത്തിൽ പിടികൂടുന്നവരിൽ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തിൽപ്പെട്ടവരാണ്. അതിനെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്‌കരണവും പുരോഗതിയുമാണു മുസ്‌ലിം സമുദായത്തിൽ നടത്താൻ മലപ്പുറം പ്രേമികൾ ഉദ്ദേശിക്കുന്നത്. സ്വർണക്കടത്തിലും ഹവാലയിലും പങ്കാളികളാകുന്ന മുസ്‌ലിംകളിൽ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് ഇതൊന്നും മതവിരുദ്ധമല്ല എന്നാണ്. അത്തരക്കാരെ ബോധവൽക്കരിക്കാൻ ഖാസിമാർ തയാറാകണമെന്നു പറഞ്ഞാൽ അതെങ്ങനെയാണ് ഇസ്‌ലാമോഫോബിക് ആവുക?’ ഡോ.കെ.ടി ജലീൽ എംഎൽഎ തന്റെ ഫെയ്‌സ്ബുക്ക് പേജിൽ രേഖപ്പെടുത്തിയ കുറിപ്പാണിത്.
പരാമർശം വിവാദമായപ്പോൾ അതിനെ അദ്ദേഹം വീണ്ടും ന്യായീകരിച്ചു: “കരിപ്പൂരിൽനിന്ന് സ്വർണ്ണം കടത്തിൽ പിടിക്കപ്പെടുന്നവരിൽ 99%വും മുസ്‌ലിം പേരുള്ളവരാണ്. അവരൊക്കെ ധരിച്ചു വെച്ചിരിക്കുന്നത് കള്ളക്കടത്ത് മതവിരുദ്ധമല്ല എന്നാണ്. ഹവാല ഇസ്‌ലാമിക വിരുദ്ധമല്ല എന്നാണ്. അത് തിരുത്തപ്പെടണം. വിശ്വാസികൾക്ക് മതനിയമങ്ങൾ പാലിക്കാനാണ് കൂടുതൽ താൽപര്യം എന്നാണല്ലോ വെപ്പ്. എന്താ അതിനിത്ര മടി?’’
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിക്കൂട്ടിലാക്കാൻ സംഘപരിവാരങ്ങൾ കാലങ്ങളായി ആരോപിക്കുന്ന കാര്യങ്ങളോട് ചേർത്തുവയ്ക്കാൻ പുതിയ മരുന്ന് നൽകുകയാണ് യഥാർഥത്തിൽ ഇദ്ദേഹം ചെയ്തിരിക്കുന്നത്. ഇത്തരം പരാമർശങ്ങളിലൂടെ സമൂഹത്തിനും സമുദായത്തിനും നാടിനും നൽകുന്ന സന്ദേശമെന്താണ്? കാപട്യമില്ലാത്ത, സത്യസന്ധമായ ജീവിതം നയിക്കാൻ ദൈവിക ദർശനം ആദർശമായി സ്വീകരിച്ച ഒരു സമൂഹത്തെ പ്രതിസ്ഥാനത്ത് നിറുത്തിയുള്ള ഇത്തരം പരാമർശങ്ങൾ ആരെ പ്രീണിപ്പിക്കാനാണ്? സമീപകാലത്ത് ഇടതുപക്ഷ ചേരികളിൽനിന്ന് ഒഴുകിവരുന്ന പ്രസ്താവനകളധികവും മുസ്‌ലിം വെറിയുടെ സന്ദേശമാണെന്നത് നിഷ്തർക്കമാണ്. ജലീലിന്റെ പരാമർശത്തെ സ്വാഗതം ചെയ്ത് മുന്നോട്ട് വന്നിരിക്കുന്നത് ക്രിസ്ത്യൻ തീവ്രവാദ സംഘടനയായ കാസ പോലെയുള്ള കൂട്ടായ്മകളാണ്.
കെ.ടി ജലീൽ എംഎൽഎയെ അഭിനന്ദിച്ച് തീവ്ര ക്രിസ്ത്യൻ കൂട്ടായ്മയായ കാസ അവരുടെ ഫേസ്ബുക്ക് പേജിൽ കുറിച്ചത് കാണുക:
“കെ.ടി ജലീലിന്റെ നിലപാട് മാറ്റം ആത്യന്തികമായ ലക്ഷ്യത്തിന് വേണ്ടിയുള്ള തഖിയകളിൽ ഒന്നു മാത്രമാണ്, അതുകൊണ്ടുതന്നെ അതിനെ വിശ്വസിക്കേണ്ടതില്ല. പക്ഷേ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി എന്തിന്റെ പേരിലാണെങ്കിലും കെ.ടി ജലീൽ നിയമസഭയ്ക്ക് അകത്തും പുറത്തുമായി പറഞ്ഞതെല്ലാം സത്യങ്ങളാണ്.’’
ഇത്തരം വർഗീയ കോമരങ്ങൾ സമൂഹത്തിൽ സാമാന്യവൽകരിക്കപ്പെടുകയും സാധാരണക്കാർക്കിടയിൽ പോപുലാരിറ്റി നേടിക്കൊടുക്കയും മുസ്‌ലിം വെറുപ്പ് ആഴത്തിൽ വേരോടുകയുമല്ലാതെ മറ്റെന്ത് നേട്ടമാണ് ഇത്തരം പ്രസ്താവനകൾ കൊണ്ട് ഉണ്ടാവുകയെന്നതും വ്യക്തമാക്കേണ്ടതുണ്ട്.
ഇദ്ദേഹത്തിന്റെ സമീപകാല പ്രസ്താവനകളധികവും ഇസ്‌ലാമിക വിരുദ്ധമായ കാര്യങ്ങളാണ്. നാസ്തികർ വിശ്വസിക്കുന്ന ആത്മനിഷ്ഠമായ ധാർമികതയിലാണ് താൻ വിശ്വസിക്കുന്നതെന്ന് തോന്നിപ്പോകുംവിധമുള്ള വാക്കുകളാണ് അദ്ദേഹത്തിന്റെത്. സ്വർഗമെന്ന പരലോക ജീവിതത്തിലെ യാഥാർഥ്യത്തെ അതിൽ വിശ്വസിക്കാത്തവരുടെ മേൽ അടിച്ചേൽപിക്കാൻ അദ്ദേഹം വ്യഗ്രത കാണി ക്കുന്നുണ്ട്. അഥവാ വ്യക്തിയുടെ ധാർമികമൂല്യത്തിന് പ്രാധാന്യം നൽകുന്ന വ്യക്തിത്വ-രാഷ്ട്രീയ- സാമൂഹിക തത്ത്വചിന്തയായ ഇന്റിവിജ്വലിസ(Individualism)ത്തിന് അടിപ്പെട്ട പോലെയാണ് അദ്ദേഹത്തിന്റെ സംസാരം. അതാവട്ടെ രാഷ്ട്രീയ-സാമൂഹിക നിയന്ത്രണങ്ങൾക്കും മുകളിൽ വ്യക്തിക ളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്ന സാമൂഹിക സിദ്ധാന്തവുമാണ്.
കള്ളക്കടത്തിൽ മതമോ?
ഇസ്‌ലാം എല്ലാ കള്ളത്തരങ്ങളെയും നിരാകരിക്കുന്ന മതമാണ്. പ്രവാചകൻﷺ പറഞ്ഞു: “നിങ്ങൾ കളവിനെ സൂക്ഷിക്കുക, കളവ് അധാർമികതയിലേക്കു നയിക്കും. അധാർമികതയാകട്ടെ നരകത്തിലേക്കും നയിക്കും’’(ബുഖാരി).
കളവ് പറയുന്നതുപോലും കാപട്യത്തിന്റെ ലക്ഷണമാണെന്ന് പ്രവാചകൻﷺ പഠിപ്പിച്ചു. അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം, നബിﷺ പറഞ്ഞു: “കപടവിശ്വാസികളുടെ ലക്ഷണം മൂന്നാകുന്നു. സംസാരിച്ചാൽ കളവുപറയും, വാഗ്ദത്തം ചെയ്താൽ ലംഘിക്കും, വിശ്വസിച്ചാൽ ചതിക്കും’’ (ബുഖാരി: 6095).

തമാശക്ക് പോലും കളവു പറയുന്നത് ശക്തമായി വിലക്കി. നബി ﷺ പറഞ്ഞു: “... ജനങ്ങളെ ചിരിപ്പിക്കുവാൻ വേണ്ടി കളവു പറയുകയും ചെയ്യുന്നവന് നാശം. അവന്നാകുന്നു നാശം. അവന്നാകുന്നു നാശം’’ (അബൂദാവൂദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചത്).
അവകാശങ്ങൾ നേടിയെടുക്കാൻ പോലും കളവിനെ ഇസ്‌ലാം അനുവദിക്കുന്നില്ല. ശൈഖ് ഉസൈമീൻ(റഹി) പറഞ്ഞു: “അവകാശം നേടിയെടുക്കാനായാലും തമാശക്കായാലും കളവ് പറയൽ അനുവദനീയമല്ല. കാരണം അത് ആക്ഷേപിക്കപ്പെട്ട സ്വഭാവത്തിൽ പെട്ടതാകുന്നു. കാപട്യത്തിന്റെ ആളുകളിലല്ലാതെ അതുകൊണ്ട് അറിയപ്പെടുകയില്ല.’’
ചെറിയ കുഞ്ഞുങ്ങളെ കളിപ്പിക്കുന്നതിനോ വികൃതിയിൽനിന്ന് തടയുന്നതിനോ പോലും കളവ് അനുവദിക്കാത്ത മതമാണ് ഇസ്‌ലാം. അബ്ദുല്ലാഹിബ്‌നു ആമിറി(റ)ൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: “ഒരുദിവസം നബിﷺ ഞങ്ങളുടെ വീട്ടിലുള്ള സമയത്ത് എന്റെ മാതാവ് ഇങ്ങനെ പറഞ്ഞുകൊണ്ട് എന്നെ വിളിച്ചു: ‘മോനേ, ഇങ്ങോട്ട് വരൂ. ഞാൻ നിനക്ക് (എന്തെങ്കിലും) തരാം.’ അപ്പോൾ നബിﷺ പറഞ്ഞു: ‘നിങ്ങൾ എന്താണ് അവന് കൊടുക്കാൻ ഉദ്ദേശിച്ചത്?’ അവർ പറഞ്ഞു: ‘ഞാൻ അവന് ഈന്തപ്പഴമാണ് നൽകുന്നത്.’ അപ്പോൾ നബിﷺ അവരോടു പറഞ്ഞു: ‘ശരി, എന്നാൽ നിങ്ങളെങ്ങാനും അവന് ഒന്നും കൊടുക്കുമായിരുന്നില്ലെങ്കിൽ, നിങ്ങളുടെ മേൽ ഒരു കള്ളം രേഖപ്പെടുത്തപ്പെടുമായിരുന്നു’ (അബൂദാവൂദ്: 4991).
ജീവിതത്തിന്റെ സകലമാന മേഖലകളിലും കള്ളത്തരം ഒരംശം പോലും അനുവദിക്കാത്ത ഇസ്‌ലാം കള്ളക്കടത്തും അനുവദിച്ചിട്ടില്ല. അത് സ്വർണമാകട്ടെ മറ്റേത് വസ്തുവാകട്ടെ. ഒരു രാജ്യത്ത് നിയമം മൂലം നിരോധിക്കപ്പെട്ട ചെറിയ കാര്യമാണെങ്കിൽ പോലും വിശ്വാസികൾക്കത് പാടില്ലാത്ത കാര്യമാണ്. കള്ളക്കടത്ത് രാജ്യത്തെയും അവിടെയുള്ള ജനങ്ങനെയും വഞ്ചിക്കുന്ന പ്രവർത്തനമാണ്.
ഒരിക്കൽ പ്രവാചകൻﷺ കച്ചവടത്തിനുവച്ച ഭക്ഷണക്കൂമ്പാരത്തിന്റ അടുത്തുകൂടി നടക്കുകയായിരുന്നു. തന്റെ കൈ കൂമ്പാരത്തിന്റ ഉള്ളിലേക്ക് പ്രവേശിപ്പിച്ചപ്പോൾ നനവ് അനുഭവപ്പെട്ടു. കച്ചവടക്കാരനോട് ഇതെന്താണെന്ന് ചോദിച്ചു. മഴ പെയ്ത് നനഞ്ഞതാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു. നബിﷺ ചോദിച്ചു: ‘ജനങ്ങൾ കാണാവുന്ന രീതിയിൽ ആ ഭാഗം മുകളിലേക്കാക്കിക്കൂടെയോ? വഞ്ചന കാണിക്കുന്നവൻ എന്നിൽ പെട്ടവനല്ല’(മുസ്‌ലിം).
പൂഴ്ത്തിവയ്ക്കുന്നതിനെയും അപരാധമായാണ് ഇസ്‌ലാം കാണുന്നത്: “വല്ലവനും പൂഴ്ത്തിവച്ചാൽ അവൻ അപരാധിയാകുന്നു’’ (മുസ്‌ലിം).
നിഷിദ്ധമായ സമ്പാദ്യമുള്ളവരുടെ പ്രാർഥനക്ക് ഉത്തരം ലഭിക്കുകയില്ലെന്നതാണ് ഇസ്‌ലാമിക പാഠം. മദ്‌റസയിൽനിന്നുള്ള അധ്യാപനം മുതൽ വെള്ളിയാഴ്ചയിലെ ഖുതുബകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും നിരന്തരമായി ജനങ്ങളെ ഉൽബോധിപ്പിക്കുന്ന കാര്യങ്ങളാണിവ. എന്നിട്ടും മുസ്‌ലിം നാമധാരികളായ കുറ്റവാളികളുണ്ടാകാനും ചില കാരണങ്ങളുണ്ട്. ഉൽബോധനങ്ങളും പ്രചാരണങ്ങളും പ്രഭാഷണങ്ങളുമായി മതപരമായ വൈജ്ഞാനിക ചർച്ചകൾ സമൂഹത്തിൽ നടക്കുമ്പോൾ അസ്വസ്ഥരാകുന്ന ചിലരുണ്ട്. അത്തരം ആളുകൾ പരിഹാസ വാക്കുകളുമായി അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുകയാണ് പതിവ്. മാധ്യമങ്ങളും അധികാരങ്ങളും പരിഹസിക്കുന്നവർക്ക് കൂടുതൽ പ്രാധാന്യം നൽകുമ്പോൾ, അവരുടെ വാക്കുകൾക്ക് പ്രചാരണം നൽകുമ്പോൾ സ്വാഭാവികമായി അരികുവത്കരിക്കപ്പെടുന്നത് പണ്ഡിതൻമാരുടെ ശബ്ദങ്ങളാണ്. അല്ലെങ്കിലും നിയമങ്ങളും അധികാരവും കുറ്റവാളികൾക്കെതിരെ ശക്തമായി ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ഭരണാധികാരികൾതന്നെ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിൽ വിലപിക്കുന്നുവെങ്കിൽ അതിൽ സാധാരണക്കാർക്ക് എന്ത് ചെയ്യാൻ സാധിക്കും? രാഷ്ട്രീയ പ്രചാരണ പരിപാടികൾക്കില്ലാത്ത കടുത്ത നിയന്ത്രണങ്ങളിൽ വീർപ്പുമുട്ടുന്ന പ്രബോധകരെ പഴിക്കാൻ എന്താണവകാശം?
സമാധാന സന്ദേശ പ്രചാരണത്തിനായി ലഘുലേഖ വിതരണം ചെയ്തവർ കുറ്റവാളികളും അവരെ ഒരു പ്രകോപനവുമില്ലാതെ ക്രൂരമായി തല്ലിച്ചതച്ച ആക്രമികൾ വാദികളുമാകുന്ന നിയമപാലനം നിലനിൽക്കുന്ന സംസ്ഥാനത്തെ പ്രബോധകരെ എങ്ങനെ പഴിചാരാനാകും?
പ്രബോധകരുടെ വാചക സ്ഖലിതങ്ങളിൽ വലിയ കുറ്റം ചുമത്തുമ്പോൾ സംഘപരിവാരങ്ങൾക്കും നാസ്തികർക്കും കമ്യൂണിസ്റ്റ് ബുദ്ധിജീവികൾക്കും വർഗീയ അധിക്ഷേപം നടത്താനും ഒരു സമുദായത്തി നെതിരെ എന്തും ആരോപിക്കാനും സ്വാതന്ത്ര്യമുള്ള നമ്മുടെ സംസ്ഥാനത്ത് മതപണ്ഡിതൻമാരുടെ നിസ്സംഗതയെ എങ്ങനെ ചോദ്യം ചെയ്യാനാകും?
കുറ്റവാളികളുടെ മതം
സ്വർണ കള്ളക്കടത്ത് നടത്തുന്നത് ആരായിരുന്നാലും അവരുടെ മതം തെരയുന്നത് സമീപകാലത്തെ ഒരു പ്രതിഭാസമായിരിക്കുന്നു. മുസ്‌ലിം സമുദായത്തിലെ അംഗമായിരുന്നാൽ കുറ്റകൃത്യങ്ങൾക്ക് ഗൗരവം കൂടുന്നതും ഇതര വിഭാഗങ്ങളാണെങ്കിൽ മനോനില പരിശോധിക്കാൻ ഉത്തരവിടുന്നതും സ്ഥിരം പല്ലവിയായിരിക്കുന്നു. ഇങ്ങനെയുള്ള സാമൂഹിക മനഃശാസ്ത്ര പശ്ചാത്തലത്തിൽ ഭരണരംഗത്തുള്ളവരുടെ സമീപനങ്ങളിൽ സൂക്ഷ്മത കാണിക്കേണ്ടതായിരുന്നു. ഭരണപക്ഷത്തുള്ള ഒരു സാമാജികനെന്ന നിലയിൽ പ്രസ്താവനയെ ന്യായീകരിക്കുന്നതിലും വർഗീയതയിലേക്ക് വിരൽചൂണ്ടുന്ന ഗുരുതരമായ അപാക തകളെ ദർശിക്കാനാകും. സ്വർണ കളളക്കടത്തുമായി ഇപ്പോൾ നടക്കുന്ന ചർച്ചയിൽ മലപ്പുറവും സമുദായവും പ്രത്യേകം പ്രതിചേർക്കപ്പെടുന്നതിലും ദുരൂഹകളേറെയുണ്ട്.
പോലീസ് ഡിപാർട്ട്‌മെന്റിലെ ആർഎസ്എസ് മേധാവിത്വവും ഉന്നത ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ ചർച്ചകളുമെല്ലാം സംശയാസ്പദമാണ്. അന്താരാഷ്ട്ര കള്ളക്കടത്ത് കേസുകൾ കൈകാര്യം ചെയ്യുന്നത് സാങ്കേതികമായി കസ്റ്റംസ് വകുപ്പിന്റെ ജോലിയാണെങ്കിലും, സംസ്ഥാന പോലീസ് കള്ളക്കടത്ത് സ്വർണം പിടിച്ചെടുക്കുന്നതിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. 2022 മുതൽ 146 കിലോയോളം സ്വർണം പിടികൂടിയതായും 185 കള്ളക്കടത്ത് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനു മുമ്പ് രണ്ട് വർഷത്തിനിടെ മൂന്ന് കേസുകളിലായി ഒരു കിലോയോളം സ്വർണം മാത്രമാണ് പോലീസ് പിടിച്ചെടുത്തത്. ചില കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ചേർന്ന് എയർപോർട്ട് പരിശോധനകളിലൂടെ കള്ളക്കടത്ത് സ്വർണം കടത്തിവിടുകയും എന്നാൽ പോലീസിന് വിവരം നൽകുകയും ചെയ്യുന്ന ഒരു ക്രമീകരണം ഉണ്ടെന്നാണ് ആരോപണം. എയർപോർട്ടിൽനിന്ന് പുറത്തുകടന്ന ശേഷം പോലീസ് സംഘം പിടിച്ചെടുക്കുന്ന സ്വർണത്തിന്റെ ചെറിയൊരു ഭാഗം മാത്രമെ ഔദ്യോഗിക രേഖകളിൽ കാണിക്കുന്നുള്ളൂവെന്നും ആക്ഷേപമുണ്ട്. ഇതാണ് യഥാർഥത്തിൽ സംഭവിച്ചതെങ്കിൽ, റാക്കറ്റ് പോക്കറ്റിലാക്കിയ സ്വർണത്തിന്റെ അളവ് കുറച്ചൊന്നുമാകില്ല.
സ്വർണക്കടത്ത് നികുതിവെട്ടിപ്പ് മാത്രമല്ല-സമാന്തര സമ്പദ് വ്യവസ്ഥയെ പോഷിപ്പിക്കൽ കൂടിയാണ്. ഇത് ഹവാല, മറ്റ് രൂപത്തിലുള്ള കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ അനൗപചാരിക പണ കൈമാറ്റ സംവിധാനങ്ങളുമായി അടുത്ത ബന്ധമുള്ളതാണ്. ഇന്ത്യയിലെ സ്വർണത്തിന്റെ ആഭ്യന്തര ഉപഭോഗവും ഇറക്കുമതിയും തമ്മിൽ ഏകദേശം 300 ടണ്ണിന്റെ വ്യത്യാസമുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഈ വ്യത്യാസം കള്ളക്കടത്തിലൂടെ ഉണ്ടാക്കിയതാണ്. ഉദ്യോഗസ്ഥരുടെ അഭിപ്രായ ത്തിൽ, കേരളം വലിയൊരു പങ്ക് സംഭാവന ചെയ്യുന്നു.
കുറ്റം ഗൗരവമുള്ളതും കേന്ദ്ര ഏജൻസികളുടെ അടിയന്തര ഇടപെടലിന് യോഗ്യവുമാണ്. സത്യം പുറത്തുകൊണ്ടുവരാനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന പ്രവണത അവസാനിപ്പിക്കാനും സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാനും കഴിയണം. അതിനായി അധികാരവും സ്വാധീനവും വാചാലതയുമെല്ലാം ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യേണ്ടിയിരുന്നത്; അല്ലാതെ സമുദായത്തെയും പണ്ഡിതൻമാരെയും അനാവശ്യമായി അതിലേക്ക് വലിച്ചിഴക്കുകയല്ല.
ഹിന്ദുത്വ പ്രീണനത്തിന്റ കാണാപുറങ്ങൾ
മതനിരപേക്ഷ സമുഹത്തിന് നേതൃത്വം നൽകുന്നവർതന്നെ ന്യൂനപക്ഷ വേട്ടയുടെ കമാന്ററുകളാകുന്നതിന്റ നേർക്കാഴ്ചയാണ് ഒരു സമുദായത്തിനെതിരെ നിരന്തരമായി ആക്ഷേപങ്ങൾ ഉന്നയിക്കുന്നവരിലൂടെ കാണുന്നത്. ഭൂരിപക്ഷവർഗീയതയെ പ്രീണിപ്പിക്കുന്നതിൽ മൽസരിച്ച് പ്രസ്താവനകളിറക്കിക്കൊണ്ടിരിക്കുകയാണ്. മലയാളി പ്രബുദ്ധതയിലും കമ്യൂണിസ്റ്റ് നിഷ്പക്ഷതയിലും അനുഭാവങ്ങളിലും അത് വർധിച്ച് വരുന്നുവെന്നതാണ് അനുഭവം.
ഫ്രഞ്ച് വിപ്ലവത്തെ കുറിച്ചെഴുതിയ ചരിത്രകാരൻമാർ പച്ചയായ ന്യൂനപക്ഷ വേട്ടയെ വിവരിച്ചെഴുതിയത് ശ്രദ്ധേയമാണ്. ഗില്ലറ്റിൻ ചെയ്യാൻ കൊണ്ടുപോകുന്ന ഇരയെ വളർത്തുനായ കുരച്ചുകൊണ്ട് അനുഗമിക്കുന്നതും ഒടുവിൽ അയാളുടെ ശിരസ്സറ്റു വീഴുമ്പോൾ അതിൽനിന്ന് ഊറിവരുന്ന രക്തം നക്കിക്കുടിക്കാൻ ശ്രമിക്കുന്നതും ഇതിൽ ക്രുദ്ധരായ പടയാളികൾ അതിനെ കൊല്ലുമ്പോൾ ജനം മിണ്ടാ പ്രാണിയെ കൊന്നതിന് ഉറഞ്ഞ് തുള്ളുന്നതുമാണ് അതിൽ വരച്ചുകാണിച്ച ഒരു സംഭവം. ജനത്തിന് മനുഷ്യന്റെ പ്രാണനല്ല പ്രശ്‌നം; ശ്വാനന്റെ പ്രാണനാണ്.

ഇതുതന്നെയാണ് രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ സംഘപരിവാരങ്ങൾ അഴിച്ചുവിടുന്ന അക്രമങ്ങളിൽ കാണാനാകുന്നത്. ഇതുതന്നെയാണ് പശുവിന്റെ പേരിൽ മനുഷ്യനെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടത്തിന്റ മനഃശാസ്ത്രവും. ഭരണത്തിന്റ നിയന്ത്രണം സംഘപരിവാരങ്ങൾ ഏറ്റെടുത്തതോടെ സമൂഹത്തിന്റെ എല്ലാമേഖലകളിലും ഇതുതന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ആൾക്കൂട്ട ആക്രമണത്തിന്റെ ഇരകൾ പൊതുവെ ദളിത്, മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളാണെന്നത് സുവിദിതമാണ്. നാഷണൽ ക്രൈം റിക്കോർഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ദിനംപ്രതി ശരാശരി രണ്ട് ദളിതർ കൊല്ലപ്പെടുന്നു. മാനഭംഗത്തിന് ഇരയാകുന്ന ദളിത് സ്ത്രീകളുടെ എണ്ണം 2009ൽ 1346 ആയിരുന്നു. അത് 2016ൽ 2536 ആയി വർധിച്ചിരിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 88.4 ശതമാനമാണ് വർധനവ്. ഹരിയാനയിൽ 167 ശതമാനമായും ഉയർന്നിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ പ്രാർഥനാ യോഗങ്ങൾ അലങ്കോലപ്പെടുത്തുന്നു. ക്രിസ്ത്യൻ പള്ളികൾ തകർക്കപ്പെടുന്നു. കന്യാസ്ത്രീകൾ ആക്രമിക്കപ്പെടുന്നു.
ഹരിയാനയിലെ ഗുരു ഗ്രാമിലെ പാർക്കിൽ മുസ്‌ലിംകൾ നിസ്‌കരിക്കുന്നത് ആൾക്കൂട്ടം തടഞ്ഞതും വാർത്തയായതാണ്. ഇന്ത്യ സ്‌പെൻഡ് എന്ന വെബ്‌സൈറ്റിെന്റ കണക്കനുസരിച്ച് 2010-17 കാലയളവിൽ പശുവുമായി ബന്ധപ്പെട്ട് നടന്ന ആൾക്കൂട്ട ആക്രമണങ്ങളുടെ ഇരകളിൽ 51 ശതമാനവും മുസ്‌ലിംകളാണ്. ഇത്തരം ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 28 പേരിൽ 24 പേരും മുസ്‌ലിംകളായിരുന്നു എന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അഥവാ 86 ശതമാനം. കരിനിയമങ്ങളുപയോഗിച്ച് വേട്ടയാടപ്പെടുന്നവരിലും ഭൂരിപക്ഷവും ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ളവരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
മുൻ ഐപിഎസ് ഉദ്യോഗസ്ഥാനായ എൻസി അസ്താന പറഞ്ഞത് ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുന്നുവെന്ന പേരിൽ സ്വന്തം പൗരൻമാർക്കെതിരെ ഇത്രയധികം കേസെടുക്കുന്ന ഒരു രാജ്യവും ലോകത്ത് ഇന്നില്ല എന്നാണ്. രാജ്യസ്‌നേഹത്തിന്റെയും സാംസ്‌കാരിക ദേശീയതയുടെയും പേരിൽ പൗരാവകാശങ്ങൾ രാജ്യത്ത് ധ്വംസിക്കപ്പെടുന്നു. അഭിപ്രായസ്വാതന്ത്ര്യം ചവിട്ടിമെതിക്കപ്പെടുന്നു. ഇത്രയും ക്രൂരമായ പീഡനങ്ങൾ രാജ്യത്ത് നടക്കുമ്പോഴും അതിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ മതനിരപേക്ഷ ചേരിക്ക് ശക്തിപകരുന്നതിനു പകരം ബാലിശമായ ആരോപണങ്ങൾകൊണ്ട് ന്യൂനപക്ഷ ങ്ങളെ ആക്രമിക്കുന്ന ശൈലിയെ അംഗീകരിക്കാനാവില്ല.
ആൾക്കൂട്ട ആക്രമണങ്ങൾക്ക് ഇടമില്ലാത്ത കേരളത്തിൽ മുസ്‌ലിം സമുദായത്തിന്റെ സ്വത്വത്തെ ചോദ്യം ചെയ്യുന്ന പരാമർശങ്ങളാണ് നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇടതുപക്ഷത്തിരുന്ന് വർഗീയതയ്ക്ക് വഴിമരുന്നൊരുക്കിക്കൊണ്ടിരിക്കുന്ന ആരെയോ പ്രീതിപ്പെടുത്താൻ ജലീൽ സാഹിബ് തന്റെ വാചകങ്ങൾക്ക് വിദ്വേഷത്തിന്റ ചേരുവ നൽകുന്നുണ്ട്.
ഹജ്ജിന്റ സബ്‌സിഡി എടുത്തുകളയാനും തീർഥാടകരെ കൂടുതൽ ദുരിതത്തിലാക്കാനും നിയമനിർമാണം നടത്താൻ ശ്രമിക്കുന്നവർക്കുതന്നെ ഹാജിമാരെ ഒറ്റിക്കൊടുക്കാൻ എങ്ങനെയാണ് ആ മനസ്സ് പാകപ്പെട്ടുപോയത്? അധികാരത്തിന്റെ ദുര അഭിമാനത്തെക്കാൾ വിലപ്പെട്ടതായിരുന്നോ? മുഖ്യമന്ത്രിയടക്കമുള്ള അധികാരിവർഗങ്ങൾ മുസ്‌ലിം സമുദായത്തിനെതിരെ തൊടുത്തുവിടുന്ന വാചകശരങ്ങൾക്ക് മറുപടി പറയാനും അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കാനുമുള്ള ശേഷി സമുദായത്തിനില്ലാഞ്ഞിട്ടല്ല; സമാധാനപ്രിയരായ പ്രബുദ്ധ മലയാളികളുടെ മുഖ്യമന്ത്രിയും അവർ തെരഞ്ഞെടുത്ത മന്ത്രിസഭയും നേതാക്കളും അങ്ങനെയാണെന്ന് പറയാൻ അഭിമാനം സമ്മതിക്കാത്തതുകൊണ്ടാണ്. അല്ലെങ്കിൽ, സംഘപരിവാരങ്ങൾക്ക് മലയാളി മനസ്സുകളിൽ പഴുതുകൾ സൃഷ്ടിക്കരുതെന്ന നിർബന്ധബുദ്ധിയുള്ളതുകൊണ്ടാണ്.
ക്രിമിനൽ രാഷ്ട്രീയത്തെ കരുതിയിരിക്കണം
‘ഞാൻ ജീവിക്കുന്ന ചരിത്രമുഹൂർത്തം ഒരു വലിയ ആശയക്കുഴപ്പത്തിന്റെതാണ്. മനുഷ്യൻ ഒരേ സമയം രണ്ടു ദിക്കിലേക്ക് കണ്ണുനട്ട് നിൽക്കുന്നു; ഭാവിയിലേക്കും ചരിത്രത്തിലേക്കും. ഭൂതവും ഭാവിയും വർത്തമാനകാല ജീവിതത്തെ വിരുദ്ധ ദിശകളിലേക്ക് വലിച്ചടുപ്പിക്കാൻ ശ്രമിക്കുന്നു.’ 1959ലെ ആസാദ് സ്മാരക പ്രഭാഷണത്തിൽ ജവഹർലാൽ നെഹ്‌റു പറഞ്ഞ വാക്കുകളാണിത്. ഇരു ദിശകളെയും ബാധിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയെ നെഹ്‌റു തരണം ചെയ്തത് ഏതെങ്കിലും ഒന്നിനെ പരിത്യജിച്ച് കൊണ്ടല്ല. പരസ്പരം രണ്ടിനെയും കോർത്തിണക്കിക്കൊണ്ടായിരുന്നു. സമകാലികസംഭവങ്ങളെ മനസ്സിലാക്കാനും അവയ്ക്ക് പരിഹാരം കാണാനുമുള്ള ആർജവം അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. എന്നാൽ വർത്തമാന രാഷ്ട്രീയത്തിൽ വർധിച്ച് വരുന്ന ഒന്നാണ് രാഷ്ട്രീയക്രിമിനൽവത്കരണം. അരിസ്റ്റോട്ടിൽ മനുഷ്യനെ രാഷ്ട്രീയ മൃഗം എന്നു വിളിച്ചത് ഈ കാലത്തേക്ക് യോജിച്ച് വരുന്നുവെന്നതാണ് സമകാലിക രാഷ്ട്രീയം നമ്മോട് വിളിച്ചോതുന്നത്. കാരണം ഇന്ന് വ്യത്യസ്ത രീതിയിലുള്ള മൽസര ഗോദയായി രാഷ്ട്രീയരംഗം മാറിയിട്ടുണ്ട്.
വ്യക്തിയുടെ ആധിപത്യ മോഹവും സാമ്പത്തിക മോഹവും അധാർമികവും സദാചാര വിരുദ്ധവുമായ ജീവിതത്തിന് വേണ്ടിയുള്ള അത്യാഗ്രഹങ്ങളും സൃഷ്ടിക്കാനുള്ള മത്സരങ്ങളായി രാഷ്ട്രീയരംഗം അധഃപതിച്ചുകൊണ്ടിരിക്കുന്നു. കുറ്റകൃത്യ രാഷ്ട്രീയം ജനിക്കുന്നത് ഇത്തരം പ്രവണതകളിൽനിന്നാണ്. ദേശീയത, ജനാധിപത്യം, അവസര സമത്വം, പൗരൻമാരുടെ പങ്കാളിത്തത്തോടെയുള്ള നിയമനിർമാണം, നിയമവാഴ്ച, അവകാശങ്ങളെ കുറിച്ചുള്ള സമഗ്രമായ കാഴ്ചപാടുകൾ എന്നിവയിൽ കൂട്ടായ്മകളാണ് പ്രധാന പങ്ക് വഹിച്ചിരുന്നത്. അതിനെ മലീമസപ്പെടുത്തും വിധമുള്ള വ്യക്തിപരമായ ഇടപെടലുകളാണ് സാമൂഹികരംഗം വഷളാക്കുന്നത്. ആദർശവും ലക്ഷ്യവും മാർഗവും മുന്നോട്ടു വച്ചുകൊണ്ടുള്ള സംഘബലത്തോടെയുള്ള രാഷ്ട്രീയത്തിനാണ് രാജ്യത്തെ പുരോഗതിയിലേക്ക് ആനയിക്കാനാവുക. വിദ്വേഷവും അപരവത്കരണവും ലക്ഷ്യമാക്കിയ രാഷ്ട്രീയം രാജ്യത്തിന് വിനാശകരമായിരിക്കും.
തിന്മകൾക്കെതിരെ ജാഗ്രത പാലിക്കുകയും താൽക്കാലിക ലാഭത്തിനുവേണ്ടി അരുതായ്മകൾ പറയുന്നവരെയും ചെയ്യുന്നവരെയും തിരുത്തുകയും ചെയ്യുകയെന്നതാണ് പൗരധർമം. ആര് പറഞ്ഞാലും അത് ന്യായവും നീതിയുമാണെങ്കിൽ അംഗീകരിക്കലാണ് ശരിയായ നിലപാട്. അതിന് രാഷ്ട്രനായകർക്ക് കരുത്തുണ്ടാകുമെന്ന പ്രതീക്ഷയോടെ നമുക്ക്കാത്തിരിക്കാം.

