സമസ്തയുടെ നൂറാം ആണ്ടും തീരാത്ത പാരമ്പര്യാവകാശ തർക്കങ്ങളും
മൂസ സ്വലാഹി കാര
2024 ഫെബ്രുവരി 17, 1445 ശഅ്ബാൻ 07

സമൂഹത്തിന്റെ മതപരമായ സംശുദ്ധിക്കും സാമൂഹിക ഉന്നമനത്തിനും വേണ്ടി അഹോരാത്രം പരിശ്രമിച്ച നിസ്വാർഥരായ പണ്ഡിതന്മാർ ഒരുമിച്ച് 1924ൽ രൂപീകരിച്ച കേരളത്തിലെ ആദ്യത്തെ പണ്ഡിതസഭയാണ് ‘കേരള ജംഇയ്യത്തുൽ ഉലമാഅ് അഹ്‌ലുസ്സുന്നത്തി വൽജമാഅ’ എന്നത്. മക്തി തങ്ങൾ, വക്കം മൗലവി, മാഹിൻ ഹമദാനി തങ്ങൾ എന്നിവരുടെ ശ്ലാഘനീയ പ്രവർത്തനങ്ങൾക്ക് 1922ൽ ഉണ്ടാക്കപ്പെട്ട ഐക്യസംഘത്തിലൂടെ പിന്തുടർച്ചയുണ്ടായതിന്റെ ഫലമായിട്ടാണ് ഈ പണ്ഡിതസഭ രൂപീകരിക്കപ്പെട്ടത്. പ്രശ്‌നകലുഷിതമായ ജീവിതാന്തരീക്ഷം അനുഭവിക്കുന്നവരും അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെട്ടവരുമായിരുന്നു 1920കളിലെ മുസ്‌ലിംകൾ. ശിയാ, സൂഫി, ബറേൽവി വ്യതിയാനകക്ഷികളുടെ ഏകരൂപമായ പൗരോഹിത്യം നേർമാർഗത്തിനു പകരം നിർമിത ത്വരീക്വത്തുകളിലും പ്രമാണങ്ങൾക്ക് വിലങ്ങുതീർത്ത് മാലമൗലീദുകളിലും അല്ലാഹുവിൽനിന്നകറ്റി ജാറങ്ങളിലും ജനങ്ങളെ തളച്ചിട്ടതിനാൽ ഇസ്‌ലാമിന്റെ സൗന്ദര്യം ആസ്വദിക്കാനോ മതനിയമങ്ങളെ അടുത്തറിയാനോ അക്കാലത്തുള്ളവർക്ക് വേണ്ടവിധം സാധിച്ചിരുന്നില്ല.
വക്കം മൗലവിയുടെയും ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ശിഷ്യത്വം സ്വീകരിച്ച് കെ.എം മൗലവി നടപ്പിലാക്കിയ മത-ഭൗതിക രംഗങ്ങളിലെ പരിഷ്‌കരണ പ്രവർത്തനങ്ങൾ തെല്ലും അണയാതെ ഇന്നും ജ്വലിച്ചുനിൽക്കുകയാണ്. കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ പിതാവെന്ന് ചരിത്രം വിശേഷിപ്പിച്ച, പഴയകാല മുസ്‌ലിയാക്കന്മാർ കണ്ടറിഞ്ഞ മൗലവിയെ ചരിത്രത്തിൽനിന്നും പിഴുതെറിഞ്ഞ് ‘വ്യാജചരിത്രം’ നിർമിക്കുകയും അത് വിളിച്ചുകൂവുകയും ചെയ്യുന്ന തിരക്കിലാണ് വർത്തമാനകാലത്ത് സമസ്തക്കാർ!
ഇസ്‌ലാമിന്റെ ശരിയായ ആദർശവും പ്രമാണനിലപാടുകളും ആദ്യത്തെ പണ്ഡിതസഭ സമുദായത്തെ പഠിപ്പിക്കാനാരംഭിച്ചപ്പോൾ അതിനോട് പൊരുത്തപ്പെടാൻ കഴിയാതെ ആ പണ്ഡിതസഭയിൽനിന്ന് പുരോഹിതന്മാർ വ്യതിചലിച്ചു എന്നത് അവർതന്നെ അംഗീകരിച്ച വസ്തുതയാണ്: “...മാത്രവുമല്ല പുത്തനാശയക്കാരുമായി തർക്കുൽ മുവാലാത്ത് (സഹകരണ ത്യാഗം) സമസ്ത തീരുമാനിച്ചില്ലെന്ന് പോലും പറയാൻ കെ.വി മടി കാണിച്ചില്ല. സഹകരണ ത്യാഗം സമസ്ത തീരുമാനിച്ചില്ലെങ്കിൽ പിന്നെ എന്തിനാ സമസ്ത ഉണ്ടായത്? കേരള ജംഇയ്യത്തുൽ ഉലമായെന്ന വഹാബി സംഘടനയുമായി സഹകരിച്ച് നീങ്ങിയാൽ പോരായിരുന്നോ?’’(സിറാജ്/1989).

അല്ലാഹുവിന്റെ കാരുണ്യത്തിലും അനുഗ്രഹത്തിലും പ്രവേശിപ്പിക്കപ്പെടണമെങ്കിൽ വിശ്വാസവും കർമവും നന്നായിരിക്കണം. സമുദായത്തിനകത്ത് ഛിദ്രതയും അനൈക്യവും ഉണ്ടാക്കുവാൻ ശ്രമിക്കുന്നവർക്ക് എങ്ങനെയാണതിന് കഴിയുക? അല്ലാഹു പറയുന്നു: “മനുഷ്യരേ, നിങ്ങൾക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങൾക്ക് ഇറക്കിത്തന്നിരിക്കുന്നു. അതുകൊണ്ട് ആർ അല്ലാഹുവിൽ വിശ്വസിക്കുകയും അവനെ മുറുകെപിടിക്കുകയും ചെയ്തുവോ, അവരെ തന്റെ കാരുണ്യത്തിലും അനുഗ്രഹത്തിലും അവൻ പ്രവേശിപ്പിക്കുന്നതാണ്. അവങ്കലേക്ക് അവരെ നേർവഴിയിലൂടെ അവൻ നയിക്കുന്നതുമാണ്’’ (4:174,175).
ഇബ്‌നു കസീർ(റഹി) പറയുന്നു: “വക്രതയോ വ്യതിയാനമോ ഇല്ലാത്ത, വ്യക്തവും നേരായതുമായ പാത. ഇതാണ് ഇഹത്തിലും പരത്തിലും വിശ്വാസികളുടെ വിശേഷണം. ഇഹലോകത്ത് എല്ലാ വിശ്വാസങ്ങളിലും കർമങ്ങളിലും അവർ ചൊവ്വായ പാതയിലും സുരക്ഷിതത്വത്തിന്റെ വഴിയിലുമാണ്. പരലോകത്ത് സ്വർഗീയാരാമങ്ങളിലേക്ക് നയിക്കുന്ന നേർവഴിയിലുമാണ്.’’
ആത്മസംസ്‌കരണവും ആ ത്മീയചൂഷണവും, ആചാരങ്ങളും അനാചാരങ്ങളും സമരസപ്പെട്ടു മുന്നോട്ടു പോവുകയില്ലെന്ന് തിരിച്ചറിഞ്ഞ പുരോഹിതന്മാർ അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിന്റെ മുന്നോട്ടുള്ള ഗമനത്തിന് വിലങ്ങായി ഉടലുനിവർത്തിയതിന്റെ അനന്തരഫലമായി 1926ൽ ‘സമസ്ത കേരള ജംഇയ്യത്തുൽ ഉലമാഅ്’ ജന്മംകൊണ്ടു. വസ്തുതാപരമായ ഈ കാര്യം ഇരു സമസ്തകളും അംഗീകരിക്കുന്നത് കാണുക: “1926 ജൂൺ 26ന് കോഴിക്കോട് ചരിത്ര സംഗമത്തിന് വേദിയുണർന്നു. വിദൂര ദിക്കുകളിൽനിന്ന് പോലും ഉലമാക്കളും സാദാത്തുക്കളും കോഴിക്കോട് ടൗൺഹാളിലെത്തി. കോഴിക്കോട് ഖാസി സയ്യിദ് ഹാശിം ചെറുകുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയിൽ സമ്മേളനത്തിൽ വെച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പിറവിയെടുത്തു. കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ ബിദഇകൾ സംഘടന രജിസ്റ്റർ ചെയ്തതിനാൽ സമസ്ത എന്ന് ചേർത്താണ് പണ്ഡിതസഭ രൂപീകരിച്ചത്. സയ്യിദ് വരക്കൽ മുല്ലക്കോയ തങ്ങൾ പ്രസിഡന്റും പാങ്ങിൽ എ.പി അഹമ്മദ് കുട്ടി മുസ്‌ലിയാർ, വാളക്കുളം അബ്ദുൽ ബാരി മുസ്‌ലിയാർ, കെ.പി മുഹമ്മദ് മീറാൻ മുസ്‌ലിയാർ തിരുവാലി എന്നിവർ വൈസ് പ്രസിഡന്റുമാരും പള്ളി വീട്ടിൽ മുഹമ്മദ് മുസ്‌ലിയാർ കോഴിക്കോട് ജനറൽ സെക്രട്ടറിയും വി.കെ മുഹമ്മദ് മൗലവി, ജർമ്മൻ അഹമ്മദ് മുസ്‌ലിയാർ എന്നിവർ ജോയിന്റ് സെക്രട്ടറിമാരുമായുള്ള കമ്മിറ്റി നിലവിൽവന്നു. കൊടുങ്കാറ്റു പോലെ അലയടിച്ചുവന്ന ഐക്യസംഘത്തിന്റെ പാരമ്പര്യവിരുദ്ധ നവീന-തീവ്ര ആശയങ്ങൾ സമ്മേളനങ്ങൾ, സംവാദങ്ങൾ, എഴുത്തുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതലായവയിലൂടെ നിരന്തരമായ പോരാട്ടങ്ങൾ നടത്തി സമസ്ത പ്രതിരോധിച്ചു’’ (സുന്നിവോയ്‌സ്/2024 ജനുവരി 16-31/പേജ് 21, 22).
“1926 ജൂൺ 26ന് കോഴിക്കോട് ഖാളിയായിരുന്ന സയ്യിദ് ഹാശിം ചെറുകുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന ചരിത്ര സംഗമത്തിലാണ് സമസ്ത പിറവികൊള്ളുന്നത്. സാദാത്തുക്കളുടെയും ഉലമാക്കളുടെയും സൂഫി തേജസ്സുകളുടെയും മഹനീയ സാന്നിധ്യം കൊണ്ട് പ്രൗഢമായിരുന്നു ആ വേദി. സുപ്രധാനമായ ആ സദസ്സിൽവെച്ച് ബിദ്അത്തിന്റെ വിഷലിപ്തമായ ആശയങ്ങളെ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പണ്ഡിതസഭ കാലം തേടുന്ന അനിവാര്യതയുടെ സൃഷ്ടിയായി പിറവിയെടുത്തത്’’ (സുന്നി അഫ്കാർ/2024 ജനുവരി 1/ പേജ് 39).

സമസ്ത രജിസ്‌ട്രേഡ് ആകുന്നതിന്റെ പത്ത് വർഷങ്ങൾക്കു മുമ്പ് ജംഇയ്യത്തുൽ ഉലമ നിയമാംഗീകൃതമായി ഇവിടെയുണ്ടെന്ന് ഇവർതന്നെ സമ്മതിക്കുന്നു. തങ്ങൾ തുടർന്നുപോരുന്ന അത്യാചാരങ്ങളെ നിലനിർത്തുക, ശിയാഇസത്തെ പരിപോഷിപ്പിക്കുക തുടങ്ങിയ താൽപര്യങ്ങളോടെ ഈ സംഘത്തിൽനിന്നും ഇവർ പുറത്തുചാടിയത് പ്രമാണവിരുദ്ധതയുടെ പ്രകടനം കൂടിയായിരുന്നു. ഇക്കൂട്ടരെ പിൻപറ്റുന്നവരെ ഓർമിപ്പിക്കാനുള്ളത് അല്ലാഹുവിന്റെ ഈ വചനങ്ങളാണ്: “അതിക്രമകാരികളുടെ കൽപന നിങ്ങൾ അനുസരിച്ചുപോകരുത്. ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും നന്മ വരുത്താതിരിക്കുകയും ചെയ്യുന്നവരുടെ (കൽപന)’’ (26:151,152).
ഇബ്‌നു കസീർ(റഹി) പറയുന്നു: “അവരെ ശിർക്കിലേക്കും അവിശ്വാസത്തിലേക്കും വിളിക്കുന്ന, സത്യത്തിനെതിരായി നടക്കുന്ന അവരുടെ നേതാക്കളും തലവന്മാരുമാണ് ഇതിന്റെ വിവക്ഷ.’’
ഇവരുടെ മുന്നോട്ടുള്ള യാത്രയിൽ നിരവധി പിളർപ്പുകൾ സംഭവിച്ചു. 1955ൽ തബ്‌ലീഗ് ജമാഅത്തിനോട് ഒത്തുപോകുന്ന ‘ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ’യും 1967ൽ ‘കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ’യും സമസ്തയിൽനിന്ന് പൊട്ടിമുളച്ചു. ജാമിഅ നൂരിയ്യ സ്ഥാപകനും സമസ്തയുടെ ഒട്ടേറെ സമ്മേളനങ്ങിലെ നിറസാന്നിധ്യവുമായിരുന്ന അഹ്‌മദ് നൂരിശാഹ് തങ്ങളെ അകറ്റിയതിനാൽ അദ്ദേഹത്തിന്റെ പേരിൽ ഒരു വിഭാഗവും സമസ്തയുടെ ആവേശമായ ശൈഖ് ജീലാനിയുടെ അനുയായികളായി ഒരു കൂട്ടരും മറ്റു വ്യക്തികേന്ദ്രീകൃത ത്വരീക്വത്ത് കൂട്ടങ്ങളും കറങ്ങിത്തിരിയുന്ന അവസ്ഥ സംജാതമായി.
സമസ്തയുടെ നേതാക്കളെയും അനുയായികളെയും ഒന്നടങ്കം അമ്പരപ്പിച്ചതായിരുന്നു 1989ലെ പിളർപ്പ്. അഹ്‌ലുസ്സുന്ന വൽജമാഅയുടെ വക്താക്കളെ വഹാബികളെന്നു മുദ്രകുത്തിക്കൊണ്ട് വേരോടെ പിഴുതെറിയാൻ ആവുന്ന കുതന്ത്രങ്ങളെല്ലാം നടത്തിയ, അറബിക്കടലിൽ കെട്ടിത്താഴ്ത്തുമെന്ന് വീരവാദം മുഴക്കിയ സമയത്താണിത് സംഭവിച്ചത്. ഇതോടെ സമസ്ത എന്നത് പൊതുവായി ഉപയോഗിക്കപ്പെട്ട് ഇ.കെ വിഭാഗം, എ.പി വിഭാഗം എന്നിങ്ങനെ രണ്ട് ചേരികളാവുകയും കേരളമണ്ണ് അതിന്റെ പോരാട്ട വേദിയാവുകയും ചെയ്തു. 1922 മുതൽ എ.പിക്കാർ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ എന്ന പേര് സ്വീകരിച്ച് ദേശീയമുഖം സ്വീകരിക്കാൻ ശ്രമിച്ചു.
അനേകം വാഗ്വാദങ്ങളും ഐക്യചർച്ചകളുമൊക്കെ നടത്തി ഫലവത്താകാതെ ഇരു സമസ്ത മുശാവറകളും അവരുടെ അനുബന്ധ ഘടകങ്ങളും നൂറാം ആണ്ട് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ. ആദർശത്തിൽ ഇണക്കിളികളായ ഇരുവിഭാഗവും സംഘടനാപാരമ്പര്യത്തിന്റെ അവകാശം ആർക്കാണെന്ന തർക്കത്തിൽ പരസ്പരം ഉരസുന്ന കാഴ്ചയാണിപ്പോൾ. പൗരോഹിത്യത്തിന്റെ നട്ടെല്ലിനേറ്റ ഈ ക്ഷതത്തെ സംബന്ധിച്ച് ഇരു വിഭാഗവും എഴുതിവിട്ടത് വായിക്കാം:
“വരക്കൽ തങ്ങൾ മുതൽ ജിഫ്‌രി തങ്ങൾവരെ എത്തിനിൽക്കുന്ന സമസ്തക്കു മാത്രം അവകാശപ്പെട്ടതാണ് നൂറാം വാർഷികമെന്ന് കുഞ്ഞിളം ബാല്യങ്ങൾക്ക് പോലും നിഷ്പ്രയാസം മനസ്സിലാക്കാനാവും. എന്നാൽ, തങ്ങളാണ് യഥാർത്ഥ സമസ്തയുടെ വക്താക്കളെന്ന കല്ലുവെച്ച നുണ പടച്ചുവിട്ട് നൂറാം വാർഷികം ആഘോഷിക്കാനുള്ള തത്രപ്പാടിലാണ് കാന്തപുരം വിഭാഗം. 1989ലാണ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അടക്കമുള്ള ആറു പേരെ സമസ്ത മാറ്റി നിർത്തിയത്’’ (സുന്നിഅഫ്കാർ/2024 ജനുവരി1, പേജ് 40).

“സമസ്തയെ നെഞ്ചേറ്റിയത് അതതുകാലത്തെ മഹാജ്ഞാനികളായിരുന്നു. വരക്കൽ മുല്ലക്കോയ തങ്ങൾ മുതൽ സയ്യിദ് താജുൽ ഉലമ ഉള്ളാൾ തങ്ങൾ വഴി ആ ശൃംഖല ഇന്ന് റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാരിലെത്തിയിരിക്കുന്നു. പാങ്ങിൽ എ.പി അഹ്‌മദ് മുസ്‌ലിയാരിലാരംഭിച്ച് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ വഴി ആ വെളിച്ചം പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നു’’ (സുന്നിവോയ്‌സ്/2023 ഡിസംബർ 16-31/ പേജ് 5).
പിളർപ്പിന്റെ രണ്ടറ്റവും അലങ്കരിച്ച ഇരുവിഭാഗവും അതിന്റെ കാരണങ്ങൾ പറഞ്ഞ് ഉരുണ്ടുകളിക്കുന്നത് കൂടി കാണാം:
“നിരന്തരമായി സംഘടനാമര്യാദകൾ ലംഘിച്ചും മറ്റും ഉലമാഇന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ വീഴ്ചവരുത്തി, ഗുരുജനങ്ങളെ അപമാനിച്ചു, കേരളത്തിലെ മുസ്‌ലിം സംഘടിതശക്തിയെ തകർക്കാൻ ശ്രമിച്ചു തുടങ്ങി സാമ്പത്തികവും അല്ലാത്തതുമായ നിരവധി ആരോപണങ്ങൾക്ക് ഇവർ വിധേയരായി. ഇതൊക്കെയാണ് ഇവരെ മാറ്റിനിർത്താൻ കാരണമായത്. 1989ൽ ഓൾ ഇന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ കോഴിക്കോട് രജിസ്റ്റർ ചെയ്ത് ഇവർ ഇപ്പോഴും പ്രവർത്തിച്ച് വരുന്നു. ജന്മ വൈകല്യം വേട്ടയാടുന്ന ഈ വിഭാഗം സമസ്ത എന്ന നാമം ചേർത്തു പ്രവർത്തിക്കാൻ നടത്തുന്ന ഗൂഢനീക്കങ്ങൾ ഇപ്പോഴും തുടരുകയാണ്. സംഘടനാമര്യാദയുടെ ലംഘനമാണിത്. സമസ്തയുടെ രജിസ്‌ട്രേഷൻ സ്ഥിരീകരിച്ചതിനെതിരെ ഇവർ നൽകിയ വ്യവഹാരം ബഹു. സുപ്രീം കോടതി 2008 ഓഗസ്റ്റ് 28നു തള്ളുകയായിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന ആദർശപ്രസ്ഥാനത്തിന്റെ ജനസമ്മതി ഉപയോഗപ്പെടുത്താനാണ് ഇവർ വളഞ്ഞ മാർഗത്തിൽ ശ്രമം നടത്തുന്നതെന്ന് വ്യക്തം. അവരുടെ സംഘടന രജിസ്റ്റർ പേരുപയോഗിക്കാതെ സമസ്തയുടെ പേരിൽ സമ്മേളനങ്ങളും പിരിവുകളും നടത്താനാണ് അവരുടെ ഭാവം. സമസ്തക്ക് സമൂഹത്തിലുള്ള സ്വാധീനം ദുരുപയോഗം ചെയ്യാനാണിത്. ആത്മീയത വിപണനമാക്കുകയും സമൂഹത്തിൽ ശിഥിലീകരണമുണ്ടാക്കുകയും മതത്തിന്റെ അച്ചടക്കവും വിശുദ്ധിയും തകർക്കുകയും ചെയ്യുന്ന ഈ വിഭാഗത്തിനു പറയത്തക്ക ജനസ്വാധീനം നേടാനായിട്ടില്ലെന്നതാണ് കറപുളരാത്ത നേര്’’ (സുന്നിഅഫ്കാർ/2024 ജനുവരി 1/പേജ് 40).
“1979 നവംബർ 29ന് താജുൽ ഉലമ സയ്യിദ് അബ്ദുർറഹ്‌മാൻ അൽബുഖാരി ഉള്ളാൾ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന മുശാവറ യോഗം ഇങ്ങനെ പ്രഖ്യാപിച്ചു: ചില സ്ഥലങ്ങളിൽ സമസ്തയെ പറ്റി രാഷ്ട്രീയമായി ചില തെറ്റിദ്ധാരണകൾ ഉണ്ടെന്ന് അറിവ് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ താഴെ കാണുന്ന പ്രസ്താവന പുറപ്പെടുവിക്കാൻ തീരുമാനിച്ചു; സമസ്തക്ക് യാതൊരു പ്രത്യേക രാഷ്ട്രീയവുമില്ല. ഈ സംഗതി സമസ്ത പലവുരു പ്രഖ്യാപിച്ചിട്ടുണ്ട്. വല്ലവരും സമസ്തയെ വല്ല രാഷ്ട്രീയ പാർട്ടിയോടും ബന്ധപ്പെടുത്തുന്നുവെങ്കിൽ പൊതുജനങ്ങൾ അതിൽ വഞ്ചിതരാവരുത്. 1989 കാലത്ത് സമുദായ രാഷ്ട്രീയ പാർട്ടിയുടെ ഇംഗിതങ്ങൾക്ക് വഴങ്ങി ബിദഈ കക്ഷികളുമായി കൂട്ടുകൂടാനും സമസ്തയെ വഴിതെറ്റിക്കാനും ഉറക്കിക്കിടത്താനും ശക്തമായ ശ്രമമുണ്ടായപ്പോൾ വ്യവസ്ഥാപിതമായ മാർഗത്തിൽ സമസ്ത പുനഃസംഘടിപ്പിക്കുകയും സ്ഥാപിതകാല താൽപര്യമനുസരിച്ച് അജയ്യമായി മുന്നോട്ടുപോവുകയും ചെയ്തു’’ (സുന്നിവോയ്‌സ്/2024 ജനുവരി 16-31/ പേജ് 24).
സംഘടനാസങ്കുചിതത്ത്വവും രാഷ്ട്രീയ പുകിലുകളുമാണ് ഈ കോലത്തിലുള്ള അധഃപതനത്തിലേക്ക് ഇവരെ എത്തിച്ചത്. ഞങ്ങളാണ് യഥാർഥ സമസ്തയെന്നും പിളർപ്പിലെ ‘മുഖ്യ വില്ലൻ’ കാന്തപുരമാണെന്നും സുപ്രധാന രേഖകൾ എടുത്തുകാട്ടി ഇ.കെ വിഭാഗം സമർഥിക്കുന്നതും അതേനാണയത്തിൽ കാന്തപുരം വിഭാഗം തിരിച്ചടിക്കുന്നതും ഈ സംഘട്ടനത്തിലെ കാഴ്ചയാണ്. ഇരുകൂട്ടരും നടത്തിയ ആരോപണ-പ്രത്യാരോപണങ്ങളിൽ ചിലത് കാണുക:
“സമസ്തയുടെ നേതൃനിരയിലെ പണ്ഡിതന്മാരെല്ലാം പരസ്പര ബഹുമാനത്തോടെയും സ്‌നേഹത്തോടെയുമായിരുന്നു സംഘടനയെ നയിച്ചത്. അവർക്കിടയിൽ മൗലികമായ അഭിപ്രായാന്തരങ്ങൾ ഉണ്ടായിരുന്നില്ല. പിൽകാലത്ത് കാന്തപുരത്തിന്റെ വരവോടെയാണ് സമസ്തയുടെ ഉലമാക്കൾക്കിടയിൽ ഭിന്നതകൾ ഉടലെടുത്ത്. തന്റെ ഗുരുനാഥന്മാരെപോലും അനാദരിക്കുകയും അധികാരത്തിന് വേണ്ടി സർവ കുറുക്കുവഴികളും അയാൾ തേടി. ഉസ്താദുമാരുടെ നൃശംസതക്കും ഗുരുത്വക്കേടിനും ഇരയായ കാന്തപുരം സമസ്തയിൽ നിന്ന് പുറംതള്ളപ്പെടുന്ന കാഴ്ചയാണ് സുന്നി കേരളം കണ്ടത്’’ (കണ്ണിയത്തിന്റെ പ്രാർഥന/മൊയ്തീൻ കുട്ടി ഫൈസി വാക്കോട്/പേജ് 8).

“ഔലിയാക്കളാൽ കെട്ടിപ്പടുക്കപ്പെട്ട സമസ്തയുടെ 60-ാം വാർഷികം നടക്കുമ്പോൾ സമസ്തയിൽ ഭിന്നിപ്പ് ഉണ്ടായിട്ടില്ല. ശംസുൽ ഉലമ എല്ലാം മുന്നിൽ കണ്ടാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. സമസ്തയുടെ ഉള്ളിൽനിന്നും ഈ മഹനീയ പ്രസ്ഥാനത്തെ നശിപ്പിക്കാൻ ശ്രമിച്ചാൽ ഔലിയാക്കൾ തന്നെ അവരെ പുറത്തെറിയും. ഈ വാക്ക് അന്നു സ്റ്റേജിൽ പങ്കെടുത്ത ചിലരെ സംബന്ധിച്ചാണെന്നു ആരും ഊഹിച്ചില്ല’’ (ശംസുൽ ഉലമയും 60-ാം വാർഷിക പ്രഭാഷണവും/അബ്ദുൽ കരീം കൊളത്തറ/പേജ് 15).
“സമൂഹത്തിന്റെ അംഗീകാരം ലഭിക്കാത്തതിൽ ഈർഷ്യതയുള്ള ഇവർ ഏറ്റവും ഒടുവിൽ ശംസുൽ ഉലമാ(ന.മ)യെക്കുറിച്ച് അരുതാത്തത് പറഞ്ഞിരിക്കുകയാണ്. ഉള്ളാൾ ഉറൂസിൽ വെച്ചായിരുന്നു സംഭവം. വിമത അദ്ധ്യക്ഷനും ഉള്ളാൾ സയ്യിദ് മദനി കോളേജ് പ്രിൻസിപ്പാളുമായ കുഞ്ഞിക്കോയ തങ്ങൾ തന്റെ ഗുരുനാഥൻ കൂടിയായ ശംസുൽ ഉലമായെക്കുറിച്ച് പറഞ്ഞു: അവൻ പിഴച്ചുപോയി, വഖദ് കഫറ. ഒരു സാധാരണ മുസ്‌ലിമിനെക്കുറിച്ച് കുഫ്‌റ് ആരോപിച്ചാൽ ആരോപിച്ചയാളിൽ കുഫ്‌റ് തിരിച്ചുവരുമെന്നത് സർവ്വാംഗീകൃതമായ തത്ത്വമാണ്’’ (നാട്ടിക മൂസ മൗലവി/കേരളനാട് കൂട്ടായ്മ മാസിക/2000 മെയ് 20-ജൂൺ 20/പേജ് 8).
“കണ്ണിയത്തിനു വയസ്സായതുകൊണ്ടു വേണ്ടത്ര ബുദ്ധിയില്ല. അത്തും പിത്തുമാണ,് ആരോ ചൊല്ലിക്കൊടുത്തത് ഏറ്റുചൊല്ലുകയാണ്’’ (കണ്ണിയത്തിന്റെ പ്രാർത്ഥന/പേജ് 11).
“എപി.അബൂബക്കർ മുസ്‌ലിയാരുടെ കൂടെ നിങ്ങൾ കൂടരുത്. അയാളെ സമസ്ത പുറത്താക്കിയിട്ടുണ്ട്. എസ്.കെ.എസ്.എസ്.എഫ് സ്ഥാപകകാല നേതാക്കളോട് കണ്ണിയത്ത് ഉസ്താദ് നൽകിയ വസ്വിയ്യത്താണിത്. എ.പിയുടെ കൂടെ ഒരു കാലത്തും കൂടരുത്. ആ വസ്വിയ്യത്ത് കഴിഞ്ഞ 23 വർഷമായി സംഘടന അതീവ ശ്രദ്ധയോടെ പാലിച്ചുവരുന്നു. അതിന്റെ ബറകത്ത് സംഘടനാരംഗത്ത് കാണുന്നുമുണ്ട്’’ (കണ്ണിയത്ത് ഉസ്താദ് സ്മരണിക/പേജ് 61).
“സമസ്തക്കെതിരെ കേസ് കൊടുത്തവർക്ക് ആരും ഒത്താശ ചെയ്തു കൊടുക്കരുത്. അവരുടെ യോഗത്തിൽ പങ്കെടുക്കരുത്. സമസ്തക്കെതിരെ കേസു കൊടുത്തവരെ അല്ലാഹു മുഖം കെടുത്തട്ടെ. അവരെയും അവരുടെ അഹ്‌ലുകാരെയും അല്ലാഹു ഖൈറിലാക്കാതിരിക്കട്ടെ’’ (കണ്ണിയത്തിന്റെ പ്രാർത്ഥന/പേജ് 10).
“സമസ്തക്ക് സമാന്തരം സൃഷ്ടിച്ച് കാര്യലാഭം നേടുന്ന ഇക്കൂട്ടർ പിറന്നത് 1989 ലാണ്. രജിസ്‌ട്രേഷനും ഇതര രചനകളും വ്യക്തമാക്കുന്നത് അപ്രകാരമാണ്. അവരുടെതന്നെ പത്രമായ സിറാജിൽ കാണാം, 1989ൽ സമസ്തയിൽ നിന്നും വിട്ടുപോയ ശേഷമുള്ള ഇരുപത്തിനാല് വർഷത്തെ സംഭവബഹുലമായ പ്രവർത്തനങ്ങളിലൂടെ ഒരു മുസ്‌ലിം മത പണ്ഡിത സഭക്കുണ്ടാകേണ്ട എല്ലാവിധ സ്വഭാവവിശേഷങ്ങളും പക്വതയും തങ്ങൾക്കുണ്ടെന്ന് ബോധ്യപ്പെടുത്തിയ സ്ഥിതിക്ക് ഈ പണ്ഡിതസഭ...ഇങ്ങനെ തുടങ്ങുന്ന വരികൾ. നാടുനീളെ മൈക്ക് കെട്ടി ഇന്നുവരെ ഇവർ പെരുമ്പറ പറഞ്ഞതും 1989ൽ സമസ്ത പുറത്താക്കിയ കാന്തപുരവും അനുയായികളും പടച്ചെടുത്ത സമാന്തര സമസ്തയെ കുറിച്ചായിരുന്നു. വിഘടിത ശക്തിയുടെ പ്രഥമ പ്രസിഡന്റായിരുന്ന ഉള്ളാൾ തങ്ങളുടെതന്നെ വിഖ്യാതമായ ഒരു പ്രഭാഷണത്തിൽ കേൾക്കാം പുറത്താക്കിയതാണെന്ന് ആരാണ്ടാ പറഞ്ഞത്, ഞങ്ങൾ ഇറങ്ങിപോന്നാണ്ടാ. അവരുടെ ഭാഷയിൽ ഇറങ്ങിപ്പോന്നെന്ന് പറയുമ്പോഴും യഥാർത്ഥ സമസ്തയുടെ അവകാശികളല്ലെന്നു വ്യക്തം. ഇത്തരം വീരവാദം പറഞ്ഞ് തുള്ളിച്ചാടുന്ന ഇക്കൂട്ടർ പിന്നെയും നൂറാം വാർഷികത്തിന്റെ കുപ്പായമണിയുന്നതിൽ എന്തു ധാർമികതയാണുള്ളത്?’’ (സുന്നിഅഫ്കാർ/ 2024 ജനുവരി 1/പേജ് 41).
പുറത്താക്കിയതാണോ ഇറങ്ങിപ്പോയതാണോ എന്നതിൽ വ്യക്തത കിട്ടാത്തവിധം ‘യഥാർഥ വാദികൾ’ പുതുതായി എഴുതിയത് കാണുക: “സമസ്തയുടെ അനുവാദത്തോടെ രാഷ്ട്രീയത്തിലിറങ്ങാൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞവർ സമസ്തയുടെ സാത്വിക നേതൃത്വത്തെ അവമതിക്കാൻ രാഷ്ട്രീയ പ്രസംഗങ്ങളും പ്രസ്താവനകളുമായി രംഗത്തുവന്നതോടെ അതിനു നേതൃത്വം നൽകിയ ആറു പേരെ 1989 ഫെബ്രുവരി 18നു ചേർന്ന സമസ്ത മുശാവറ യോഗം സമസ്തയിൽനിന്നു പുറത്താക്കുകയായിരുന്നു’’ (ചന്ദ്രിക സമസ്ത സമ്മേളന പതിപ്പ്/ 2024 ജനുവരി 28 ഞായർ/പേജ് 1).
“1988ന്നപ്പുറം സമ്പൂർണ ശൂന്യമായ ഇവർ ക്കെങ്ങനെയാണാവോ ഈ പാരമ്പര്യം ലഭിക്കുക? അങ്ങേ കൊമ്പിലിരിക്കുന്ന സകലരുടെയും ഗുരുനാഥന്മാർ ഇക്കൂട്ടർക്ക് ഗുരുത്തക്കേടല്ലെ കൈമാറിയത്? കണ്ണിയത്ത് ഉസ്താദ്, ശംസുൽ ഉലമാ, കോട്ടുമല ഉസ്താദ്, കെ.കെ ഹസ്രത്ത്, അണ്ടോണ അബ്ദുല്ല ഉസ്താദ് തുടങ്ങിയ മഹാപണ്ഡിതരുടെ ശിഷ്യന്മാരായ നിങ്ങൾ ഗുരുനാഥന്മാരെ തള്ളി സ്വന്തം അരിക്കിന് നേടാൻ റസീറ്റ് ബുക്കുമായി പുറത്തുപോയവർക്കെങ്ങനെ പാരമ്പര്യമവകാശപ്പെടാൻ പറ്റും?...നിങ്ങളുടെ പാരമ്പര്യം ചെന്നെത്തുന്നത് ഇ.എം.എസ്, ദേവഗൗഡ, സി.എം ഇബ്രാഹിം, എസ്.ബി ചവാൻ, ഒ. രാജഗോപാൽ തുടങ്ങിയ ഭൗതികരിലല്ലേ?’’ (സുന്നിഅഫ്കാർ/ 2002 ജൂലൈ 3/ പേജ് 34).
പൊതുസമൂഹത്തിൽ പാട്ടായ ഇത്തരം വാർത്തകളെ ചെറുക്കാൻ കാന്തപുരം നടത്തിയ ചെറിയ ശ്രമങ്ങൾ കൂടി വായിക്കാം. സുന്നി സമ്മേളനമെന്ന പേരിൽ എണാകുളത്ത് നടത്താനിരുന്ന സമസ്തയുടെ വിവാദ വാർഷിക സമ്മേളനം പിളർപ്പിന് ആക്കം കൂട്ടിയതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് എഴുതിയത് കാണുക:
“എന്നാൽ സമസ്തക്കെതിരായ ഗൂഢാലോചനകൾ തിരിച്ചറിഞ്ഞ പണ്ഡിതനേതൃത്വം എറണാകുളം സമ്മേളനവുമായി മുമ്പോട്ടു പോയി. സമസ്തയുടെ പ്രവർത്തനങ്ങളിൽ ബാഹ്യശക്തിയുടെ ഇടപെടൽ ആവശ്യമില്ലെന്നും സുന്നീ പണ്ഡിതസഭ ആരുടെയും ചട്ടുകമല്ലെന്നും പണ്ഡിതനേതൃത്വം പ്രഖ്യാപിച്ചു. ഭിന്നത രൂക്ഷമായി. സമ്മേളനത്തിനെതിരെ സമുദായ പാർട്ടി അതിന്റെ സർവശക്തിയും സംഭരിച്ച് രംഗത്തു വന്നു. അധികാരവും മറ്റു പ്രലോഭനങ്ങളും നിരത്തി നാമമാത്രമായ ഒരു വിഭാഗം പണ്ഡിതരെ പാർട്ടി ചൊൽപ്പടിയിൽ നിർത്തി. ഭൂരിഭാഗം വരുന്ന പണ്ഡിതസമൂഹവും സാദാത്തുക്കളും ഉമറാക്കളും സുന്നീ പ്രവർത്തകരും വിഘടിതരുടെ തിട്ടൂരം അർഹിക്കുന്ന അവജ്ഞതയോടെ തള്ളികളഞ്ഞു. 1989 ലെ ഒരു ദിനം. ഐതിഹാസികമായൊരു വഴിത്തിരിവിലേക്കായിരുന്നു ആ പ്രഭാതം. എറണാകുളം നഗരം മഹാസംഭവത്തിന് സാഷ്യം വഹിച്ചു’’ (സമസ്ത മുശാവറയിലെ 40 ഗുരുമുഖങ്ങൾ/പേജ് 29).
“എംഎ ഉസ്താദിന്റെ ജീവിതത്തിൽ ഏറ്റവും വേദനിച്ച നാളുകളായിരുന്നു 1989ൽ സമസ്തയിലുണ്ടായ വഴിത്തിരിവ്. രാഷ്ട്രീയാതിപ്രസരത്തിനു വഴങ്ങി സമസ്തയുടെ ആദർശം ഉയർത്തിപ്പിടിച്ച നേതാക്കളെ പുറത്താക്കാനും എസ്‌വൈഎസിനെ നശിപ്പിക്കാനും ചില ഔദ്യോഗിക ഭാരവാഹികൾ ഭൂരിപക്ഷത്തിന്റെ ഹുങ്കിൽ ശ്രമിച്ചപ്പോഴാണ് സത്യം ഉയർത്തിപ്പിടിക്കാൻ വഴിപിരിയുകയല്ലാതെ മാർഗമില്ലെന്ന് വന്നത്. അങ്ങനെയാണ് ഉള്ളാൾ തങ്ങൾക്കൊപ്പം എംഎ ഉസ്താദ്, എപി ഉസ്താദ് പോലുള്ള പണ്ഡിത നേതാക്കൾ പുറത്ത് പോന്നതും 89ൽ സമസ്ത പുനഃസംഘടിപ്പിച്ചതും’’ (സുന്നിവോയ്‌സ് /2015 മാർച്ച് 1-15/പേജ് 15).
കാന്തപുരം കണ്ണിയത്തിൽ നിന്ന് കേട്ടത് പറയുന്നു: “കണ്ണിയത്തുസ്താദ് ഞങ്ങളെ കണ്ടപ്പോൾ കഴിഞ്ഞ ദിവസം ഒരു സമ്മേളനത്തിൽ പ്രസംഗിച്ചതിനെ കുറിച്ച് പറഞ്ഞു തുടങ്ങി. എന്നെ ഇവർ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് എക്‌സറെ എടുക്കാനാണെന്നു പറഞ്ഞുകൊണ്ട് പോയത് ഒരു യോഗത്തിൽ പ്രസംഗിക്കാനാണ്. ഇത് പറയലോടെ അന്നു മറുചേരിയിലായിരുന്ന മകൻ പറഞ്ഞു: ‘സമസ്തയുടെ യോഗത്തിനല്ലേ പോയത്? ഉള്ളാൾ തങ്ങളെയും ഹംസ മുസ്‌ലിയാരെയും സമസ്തയിൽ നിന്ന് പുറത്താക്കിയതല്ലേ?’ പൊടുന്നനെ ഉസ്താദ് പ്രതികരിച്ചു: ‘തങ്ങളേയും ഹംസയേയും പുറത്താക്കിയെങ്കിൽ പുറത്താക്കപ്പെട്ട അവരുടെ കൂടെയാണ് ഞാൻ.’ അല്ലാഹുവാണ് സത്യം, ഞാൻ എന്റെ ചെവിടുകൊണ്ട് കേട്ടതാണ് ഈ വാക്കുകൾ’’ (സുന്നിവോയ്‌സ്/2014 ഫെബ്രുവരി 16-28/ പേജ് 20, 21).
ഉള്ളാൾ തങ്ങളോട് കണ്ണിയത്ത് പറഞ്ഞത് കാണുക: “നിങ്ങളെന്നെ സമസ്തയിൽനിന്നു പുറത്താക്കിയതല്ലേ, അതുകൊണ്ട് വരാതിരുന്നതാണ്. ശിഷ്യവത്സലനായ ആ മഹാഗുരു കിടന്നിടത്തുനിന്ന് എഴുന്നേറ്റ് സഗൗരവം ചോദിച്ചതിങ്ങനെ: ‘തങ്ങളെ ഞാൻ പുറത്താക്കുകയോ? ഞാൻ പുറത്താക്കിയിട്ടില്ല. തങ്ങളെവിടെയാണുള്ളതെങ്കിൽ അവിടെ ഞാനും ഉണ്ട്’’ (സുന്നിവോയ്‌സ്/2014 ഫെബ്രുവരി 16-28/ പേജ് 11).
ചിത്താരി ഹംസ മുസ്‌ലിയാരും കണ്ണിയത്തും: “സമസ്തയുടെ അനിവാര്യമായ പിളർച്ച കാലത്ത് താജുൽ ഉലമക്കും എപി ഉസ്താദിനുമൊപ്പം സത്യത്തിന്റെ പാതയിൽ ഉറച്ചുനിന്നവരിൽ ചിത്താരി ഹംസ മുസ്‌ലിയാർ മുമ്പിലുണ്ടായിരുന്നു. അതുപോലും തന്റെ മാർഗദർശിയായ കണ്ണിയത്തോറുടെ
സമ്മതവും പൂർണ പൊരുത്തവും വാങ്ങിയിട്ടായിരുന്നുവെന്നതാണ് നാം തിരിച്ചറിയേണ്ടത്’’ (സുന്നിവോയ്‌സ് /2018 നവംബർ 16-30/പേജ് 5). (തുടരും)

