ലോക്‌സഭാ തെരഞ്ഞെടുപ്പും സംഘ് കുതന്ത്രങ്ങളും
സുഫ്‌യാൻ അബ്‌ദുസ്സലാം
2024 മാർച്ച് 30, 1445 റമദാൻ 20

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും നെഞ്ചിടിപ്പ് വർധിച്ചുകൊണ്ടിരിക്കുകയാണ്. പത്തുവർഷത്തെ അധികാര ദുർവിനിയോഗത്തിലൂടെ സർവാധിപത്യത്തിന്റെ മത്തുപിടിച്ച മോദിയും സംഘവും മൂന്നാമതും അധികാരം പിടിച്ചടക്കാനുള്ള അവസാനക്കളികളിലാണ് ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. ജനാധിപത്യമൂല്യങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടുള്ള അവരുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ അകത്തുള്ളവർ മാത്രമല്ല, വിദേശരാജ്യങ്ങൾ പോലും ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പതിനെട്ടാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കളം ഒരുങ്ങിയിരിക്കുന്നത്. രാജ്യത്തിന്റെ മതനിരപേക്ഷ, സാമൂഹിക, സാമ്പത്തിക മേഖലകൾ മാത്രമല്ല, ഫെഡറൽ, ജുഡീഷ്യൽ, മീഡിയ മേഖലകളും മൗലികാവകാശങ്ങളും മനുഷ്യാവകാശങ്ങളും ചോദ്യചിഹ്നങ്ങളായിക്കൊണ്ടിരിക്കുകയാണ്. വെറുപ്പിന്റെ രാഷ്ട്രീയം ഇത്രയേറെ പ്രസരിച്ച ഒരു ‘കെട്ടകാലം’ ഇന്ത്യയിൽ ഇതിനു മുമ്പുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ജനങ്ങളാൽ ഏറെ വെറുക്കപ്പെട്ട ഒരു ഭരണകൂടം വീണ്ടും അധികാരത്തിനായി ശ്രമിക്കുമ്പോൾ അവരിൽ ഉൾഭയം ശക്തമാവുക സ്വാഭാവികമാണ്. ബി.ജെ.പിയും കേന്ദ്ര സർക്കാരും ഇപ്പോൾ കാണിച്ചുകൊണ്ടിരിക്കുന്ന പെടാപാടുകൾ അധികാരത്തിനായുള്ള കുതിപ്പല്ല, മറിച്ച് അധികാരം നഷ്ടപ്പെടുന്നവന്റെ കിതപ്പ് മാത്രമാണ്.
മൗലികാവകാശങ്ങൾ കുഴിച്ചുമൂടപ്പെടുന്നു
2014ൽ അധികാരത്തിലെത്തിയ നാളുതൊട്ട് ജനാധിപത്യ ഇന്ത്യയുടെ സൗന്ദര്യവും ജീവവായുവുമായ മൗലികാവകാശങ്ങളിൽ ബി.ജെ.പി നടത്തിയ ലംഘനങ്ങൾ വളരെയേറെയാണ്. ഇന്ത്യൻ ഭരണഘടനയിലെ 14 മുതൽ 18 വരെയുള്ള അനുച്ഛേദങ്ങൾ സമത്വം ഉൽഘോഷിക്കുന്നു. നിയമത്തിന് മുമ്പിലുള്ള സമത്വം (14), മതം, വർഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങൾക്കുള്ള നിരോധനം (15), അവസരസമത്വം (16), അയിത്തോച്ചാടനം (17), പ്രത്യേക സ്ഥാനപ്പേരുകളുടെ നിരോധനം (18) എന്നീ വകുപ്പുകൾ നമ്മുടെ ഭരണഘടനയുടെ പ്രത്യേക സവിശേഷതകളാണ്.
എന്നാൽ മോദി അധികാരത്തിൽ വന്നതിനുശേഷം മതത്തിന്റെ പേരിലുള്ള അസമത്വം അതിന്റെ എല്ലാ പരിധിയും ലംഘിച്ചുകൊണ്ട് മുന്നോട്ട് കുതിക്കുകയാണ്. ഹിന്ദുത്വത്തെ ഒരു മറയായി സ്വീകരിച്ചുകൊണ്ട് ഭൂരിപക്ഷ സമുദായത്തെ പ്രീതിപ്പെടുത്തി വോട്ടുകളിൽ ധ്രുവീകരണം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോളും ഹൈന്ദവ സഹോദരങ്ങളിലെ ഭൂരിപക്ഷവും ദാരിദ്ര്യരേഖക്ക് താഴെയാണ് സ്ഥിതിചെയ്യുന്നത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഏതൊരു സമുദായത്തെ പ്രീണിപ്പിക്കാനാണോ ശ്രമിക്കുന്നത് ആ സമുദായത്തിൽ പോലും വളരെ വലിയ സാമ്പത്തിക അസമത്വം സൃഷ്ടിച്ചുകൊണ്ട് വമ്പൻമാർക്കുവേണ്ടി രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയെ അവർ തീറെഴുതിക്കൊടുത്തിരിക്കുകയാണ്.
രാമക്ഷേത്ര രാഷ്ട്രീയവും ബാബരിയും
1992ൽ ഹിന്ദുത്വ തീവ്രവാദികളാൽ തകർക്കപ്പെട്ട ബാബരി മസ്ജിദിന് പകരം മറ്റൊരു മസ്ജിദും ഹിന്ദുത്വവാദികൾക്കുവേണ്ടി രാമക്ഷേത്രവും നിർമിച്ചുകൊടുക്കാൻ 2019ൽ സുപ്രീംകോടതി വിധിയുണ്ടായെങ്കിലും അവിടെയും വെറുപ്പിന്റെയും അസമത്വത്തിന്റെയും രാഷ്ട്രീയമാണ് ബി.ജെ.പി പയറ്റിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ധൃതിപ്പെട്ട് രാമക്ഷേത്രം നിർമിക്കുകയും അതിന്റെ ഉദ്ഘാടനം ഹൈന്ദവ ആചാരങ്ങളെപ്പോലും ലംഘിച്ച് പ്രധാനമന്ത്രിതന്നെ നിർവഹിക്കുകയും ചെയ്തു. ഹിന്ദുക്കൾക്ക് അനുകൂലമെന്ന് തോന്നിപ്പിക്കുന്ന ഈ ക്ഷേത്ര നിർമാണത്തിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെട്ട പരശ്ശതം ഹൈന്ദവ സാധുജനങ്ങളുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനാവട്ടെ അംബാനിയടക്കമുള്ള വമ്പന്മാർ മാത്രം ക്ഷണിക്കപ്പെടുകയും ചെയ്തു.

തകർക്കപ്പെട്ട ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് നിർമിക്കപ്പെട്ട രാമക്ഷേത്രം ഉദ്ഘാടനം ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും മസ്ജിദിന്റെ നിർമാണം തുടങ്ങാനുള്ള പ്രക്രിയകൾ പോലും ആരംഭിച്ചിട്ടില്ല. അത്തരമൊരു മസ്ജിദ് മുസ്‌ലിംകൾക്ക് ലഭ്യമാവേണ്ട നീതിയാകുന്നില്ലെങ്കിൽ പോലും സുപ്രീം കോടതിയുടെ വിധി നടപ്പാക്കുമ്പോൾ അത് ഇരു വിഭാഗത്തിനും ഒരേസമയം ലഭ്യമാക്കിക്കൊണ്ടുള്ള സമത്വം പാലിക്കാൻ സർക്കാരിന് ബാധ്യതയുണ്ടായിരുന്നു.
പൗരത്വ ഭേദഗതി നിയമം
മതം, ജാതി, വർഗം തുടങ്ങിയ എല്ലാ ഘടകങ്ങളിലും തുല്യനീതി ഉണ്ടായിരിക്കണമെന്നും സമത്വം പാലിക്കണമെന്നും ഭരണഘടന ഉദ്ഘോഷിക്കുമ്പോൾ അതിനെയും തട്ടിത്തെറിപ്പിക്കുകയാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ മോദി ചെയ്തിരിക്കുന്നത്. 2019ൽ ആവിഷ്‌കരിച്ച നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉണ്ടാവുകയും അത് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും ചെയ്തപ്പോൾ നിയമം തൽക്കാലം നടപ്പാക്കാതെ മരവിപ്പിച്ചു നിർത്തുകയായിരുന്നു. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നിയമം നടപ്പാക്കിയതായി ഉത്തരവിട്ടിരിക്കുകയാണ് സർക്കാർ. മതത്തിന്റെ പേരിൽ പീഡനങ്ങൾക്ക് വിധേയരായ അയൽരാജ്യങ്ങളിൽനിന്നും കടന്നുവരുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ ജനവിഭാഗങ്ങൾക്ക് പൗരത്വം നൽകാമെന്ന് പറയുന്ന നിയമം പ്രത്യക്ഷത്തിൽ തന്നെ ഭരണഘടനാവിരുദ്ധമാണ്. ഭരണഘടനയുടെ 5 മുതൽ 11 വരെയുള്ള പൗരത്വവുമായി ബന്ധപ്പെട്ട അനുച്ഛേദങ്ങളിൽ ഒരിടത്തും മതം പൗരത്വത്തിനുള്ള ഉപാധിയായി പറയുന്നില്ല. കൃത്യമായ സമത്വം ഉറപ്പാക്കുന്ന ഭരണഘടനക്ക് കടകവിരുദ്ധമാണ് അസമത്വം ഉറപ്പാക്കുന്ന പുതിയ പൗരത്വ നിയമം എന്ന കാര്യത്തിൽ നിയമവിശാരദന്മാർക്കിടയിൽ രണ്ടഭിപ്രായമില്ല.
മതസ്വാതന്ത്ര്യങ്ങളിലെ കൈകടത്തലുകൾ
ഭരണഘടനയുടെ 25 മുതൽ 30 വരെയുള്ള അനുച്ഛേദങ്ങൾ മതസ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശങ്ങളും ഉറപ്പുനൽകുന്നു. വിവിധ മതവിശ്വാസങ്ങളും സംസ്‌കാരങ്ങളും സജീവമായിട്ടുള്ള ഇന്ത്യയിലെ ജനങ്ങൾക്ക് അവരുടെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിശ്വാസം, ആരാധനകൾ, ആചാരങ്ങൾ, വേഷവിധാനങ്ങൾ, ഭക്ഷണരീതികൾ, വിദ്യാഭ്യാസം എന്നിവ സ്വീകരിക്കാനുള്ള അവകാശങ്ങളാണ് പ്രസ്തുത അനുച്ഛേദങ്ങൾ നൽകിയിട്ടുള്ളത്. എന്നാൽ മോദി അധികാരത്തിൽ വന്നശേഷം വിവിധ മതന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യത്തിനെതിരെ വർധിച്ചതോതിലുള്ള കടന്നാക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളത്.
മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങൾക്കു നേരെയാണ് പ്രധാനമായും മോദിയും സർക്കാരും ലക്ഷ്യമിട്ടത്. മുത്ത്വലാഖ് ക്രിമിനൽ കുറ്റമാക്കൽ, കർണാടക സർക്കാരിന്റെ ഹിജാബ് നിരോധനം, യു.പിയിലെ ബാങ്കുവിളി നിയന്ത്രണം, ഹലാൽ ഭക്ഷ്യവസ്തുക്കൾക്കുള്ള വില്പന നിയന്ത്രണം തുടങ്ങി നിരവധി നിയമങ്ങളാണ് കഴിഞ്ഞ പത്തുവർഷത്തിനിടയിൽ നടപ്പാക്കിയത്.
ഏക സിവിൽകോഡിലേക്ക്?
വിവിധ മതങ്ങൾ സജീവമായി നിലനിൽക്കുന്ന വൈവിധ്യത്തിന്റെ രാജ്യമാണ് ഇന്ത്യ. വിവിധ മതങ്ങളുടെ അടിസ്ഥാനത്തിലുള്ള വിശ്വാസങ്ങൾ, ആചാരങ്ങൾ, ആരാധനകൾ, വസ്ത്രരീതികൾ, ഭക്ഷണശീലങ്ങൾ എല്ലാമുള്ള രാജ്യത്ത് എല്ലാവർക്കും ഒരേ നിയമങ്ങൾ പ്രായോഗികമല്ല. ഹിന്ദു സമുദായത്തിലെ നിയമങ്ങൾ പോലും ക്രോഡീകരിക്കപ്പെടുകയോ ഏകീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല. വിവിധ ജാതികളിലും വിശ്വാസ ധാരകളിലും വ്യത്യസ്ത ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് നിലനിൽക്കുന്നത്. ഓരോ വിഭാഗത്തിനും അവരുടെ ആചാരങ്ങൾ നിലനിർത്താനുള്ള അവകാശം മുകളിൽ സൂചിപ്പിച്ച ഭരണഘടനാ വകുപ്പുകൾ നല്കിയിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഏക സിവിൽകോഡ് എന്ന ആശയം വൈവിധ്യത്തിനു പേരുകേട്ട ഇന്ത്യയിൽ ഒട്ടും പ്രായോഗികമല്ല. എന്നാൽ ബി.ജെ.പിക്കും മോദിക്കും ഇത് അറിയാഞ്ഞിട്ടല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ് പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഏക സിവിൽകോഡ് നടപ്പാക്കുമെന്നാണ് മോദി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ പ്രഖ്യാപനം പലവുരു ആവർത്തിച്ചിട്ടും അത് നടപ്പാക്കാൻ ഇതുവരെ സാധിക്കാതിരുന്നത് ഭരണഘടന ഉയർത്തിപ്പിടിച്ചിട്ടുള്ള മതനിരപേക്ഷ സമീപനം തന്നെയാണ്. ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ അത് നടപ്പാക്കിയതായി അവർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രായോഗിക കടമ്പകൾ ധാരാളമാണ് എന്ന് അവർ തിരിച്ചറിയാൻ പോകുന്നതേയുള്ളൂ.
പെരുകുന്ന വംശീയ ഹത്യകൾ
2014 മുതൽ രാജ്യത്ത് വംശീയ ഹത്യകൾ വർധിച്ചിരിക്കുകയാണ്. മുസ്‌ലിം സമുദായത്തിനു നേരെ നേരത്തെ ആസൂത്രിതമായി നടന്നുവന്ന കലാപങ്ങൾക്കു പിന്നിൽ ആർ.എസ്.എസിന്റെ ഗൂഢാലോചനായിരുന്നുവെങ്കിൽ മോദി അധികാരത്തിൽ വന്നതോടെ അതിന് ഭരണകൂട പിന്തുണകൂടി ലഭിച്ചിരിക്കുകയാണ്. മുഹമ്മദ് അഖ്‌ലാക്വ് സംഭവം മുതൽ എണ്ണിയാലൊടുങ്ങാത്ത മുസ്‌ലിം വംശീയ അതിക്രമങ്ങളാണ് രാജ്യത്ത് പലയിടങ്ങളിൽ സംഭവിച്ചത്. ആൾക്കൂട്ട അതിക്രമം (Mob lynching) എന്ന പേരിൽ അതിനെ ലഘൂകരിച്ച് കാണാനാണ് ശ്രമമുണ്ടായത്. അത് വംശീയ ഉന്മൂലനത്തിന്റെ (Ethnic cleansing) ഭാഗമാണെന്ന സത്യം രാജ്യത്തെ വിവിധ മീഡിയകൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.
മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളുടെ ആധിക്യം, കുറ്റകൃത്യങ്ങൾക്ക് ശിക്ഷ നല്കാതിരിക്കൽ, പോലീസിന്റെ നിഷ്‌ക്രിയത്വം, ഹിന്ദുത്വ രാഷ്ട്രമെന്ന സ്വപ്‌നം തുടങ്ങി നിരവധി ഘടകങ്ങളാണ് മുസ്‌ലിം വേട്ട പെരുകാനുള്ള കാരണങ്ങൾ. 1948ലെ വംശഹത്യാ കൺവെൻഷനിൽ പങ്കെടുത്ത രാഷ്ട്രമാണ് ഇന്ത്യ എങ്കിലും വംശഹത്യകളെ തടയാനുള്ള ശക്തമായ നിയമങ്ങൾ ഇതുവരെയും ആവിഷ്‌കരിച്ചിട്ടില്ല എന്നതും ഹിന്ദുത്വഭീകരരുടെ അഴിഞ്ഞാട്ടങ്ങൾക്ക് കാരണമായിട്ടുണ്ട്.
ക്രിസ്ത്യാനികൾക്കെതിരെ യുള്ള അതിക്രമങ്ങൾ
ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരെയും ഈ കാലയളവിൽ ശക്തമായ പീഡനങ്ങളാണ് ഉണ്ടായിട്ടുള്ളത്. ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിലും മധ്യപ്രദേശിലുമായിരുന്നു ഏറ്റവും കൂടുതൽ. 2023ന്റെ ആദ്യപകുതിയിൽ മാത്രം വിവിധ സംസ്ഥാനങ്ങളിലായി നാനൂറിലധികം ക്രിസ്ത്യൻവിരുദ്ധ അതിക്രമങ്ങൾ അരങ്ങേറിയതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം നൽകിയ പരാതിയിൽ എടുത്തുപറയുന്നുണ്ട്. അതിൽ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിൽ മാത്രം 155 കേസുകളാണുള്ളത്.

മണിപ്പൂർ കലാപത്തിൽ നാനൂറോളം ക്രിസ്ത്യൻ പള്ളികളാണ് തകർക്കപ്പെട്ടത്. ഇരുനൂറിലധികം പേർക്ക് ജീവഹാനി സംഭവിച്ച കലാപത്തിൽ അയ്യായിരത്തോളം വീടുകൾ നശിപ്പിക്കപ്പെട്ടു. കലാപബാധിത പ്രദേശങ്ങൾ പോയി സന്ദർശിക്കാൻ പോലും രാജ്യത്തിന്റെ പ്രധാനമന്ത്രി തയ്യാറായില്ല എന്നത് കലാപത്തിന് ഭരണകൂടവുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണ്.
ദളിത്-ആദിവാസികൾക്കു നേരെയും
മുസ്‌ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരെ മാത്രമല്ല, ഹൈന്ദവ ജനതയുടെതന്നെ ഭാഗമെന്ന് സംഘ്പരിവാർ ഉൽഘോഷിക്കുന്ന ദളിത്, ആദിവാസി സമൂഹങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളും വളരെ കൂടുതൽ വർധിച്ചിട്ടുള്ള കാലമാണ് മോദിയുടെ ഹിന്ദുത്വകാലം. മുൻ വർഷങ്ങളെക്കാൾ ശരാശരി 30 ശതമാനത്തോളം ദളിത്-ആദിവാസി അതിക്രമങ്ങൾ വർധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരുഭാഗത്ത് ദളിതുകളുടെ വോട്ടുകൾ ശേഖരിക്കാൻ ശ്രമിക്കുമ്പോൾ മറുഭാഗത്ത് അവർക്കെതിരെ ശക്തമായ ആക്രമണങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്നു. ഒരു ഹിന്ദുത്വരാഷ്ട്രത്തിൽ ദളിത്-ആദിവാസി സമൂഹങ്ങൾക്ക് യാതൊരു നീതിയും ലഭിക്കുകയില്ല എന്നതിന്റെ പ്രത്യക്ഷ ഉദാഹരണം കൂടിയാണിത്. ഡോ.ബി.ആർ.അംബേദ്കർ ഇക്കാര്യം നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഹിന്ദുത്വരാഷ്ട്രം ഒരു വസ്തുതയായി മാറുകയാണെങ്കിൽ രാജ്യത്തിന് അത് ഏറ്റവും വലിയ വിപത്തായിരിക്കുമെന്നാണ് അദ്ദേഹം എഴുതിയത്.
‘ഹിന്ദുത്വം സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും അപകടമാണെന്നതിൽ ഒരു സംശയവുമില്ല. അത് ജനാധിപത്യത്തിന്റെ ശത്രുവാണ്. ഹിന്ദുത്വരാഷ്ട്രം യാഥാർഥ്യമാകുന്നത് തടയാൻ നാം എല്ലാ ശ്രമങ്ങളും നടത്തണം’ (Dr. BR Ambedkar, Pakistan or The Partition of India, 1946, page 358).
എതിർക്കുന്നവർക്ക് വിധി മരണം!
രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം, ക്രിസ്ത്യൻ, ദളിത്, ആദിവാസി ആക്രമണങ്ങൾക്കെതിരെ ശബ്ദിച്ചവർ ഓരോരുത്തരും ഹിന്ദുത്വ ഭീകരരാൽ കൊല്ലപ്പെടുന്ന അവസ്ഥയാണ് പിന്നീടുണ്ടായത്. എം.എം.കുൽബുർഗി, ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ്, നരേന്ദ്ര ദാഭോൽക്കർ തുടങ്ങിയ പേരുകൾ രാജ്യത്തിന് വിസ്മരിക്കാൻ സാധിക്കില്ല. സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണവും സിദ്ദീഖ് കാപ്പന്റെ അറസ്റ്റും സംഘ്പരിവാറിന്റെ ഭീകരതയെ അനാവരണം ചെയ്യുന്ന സംഭവങ്ങളായിരുന്നു.
ആരാധനാലയങ്ങൾക്കെതിരെ
ബാബരി മസ്ജിദ് തകർത്തശേഷം മറ്റു നിരവധി ആരാധനാലയങ്ങൾക്കെതിരെയും രംഗത്തുവന്നിരിക്കുകയാണ് ഹിന്ദുത്വഭീകരർ. അവരുടെ അവകാശവാദങ്ങൾക്കും അതിന്റെ പേരിൽ അവർ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങൾക്കും കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ഒരു വർഷമായി കണ്ടുകൊണ്ടിരിക്കുന്നത്. ബാബരി കേസിന്റെ വിധിന്യായം നടക്കുന്ന വേളയിൽ ഇനി മറ്റൊരു ആരാധനാലയത്തിനു മേലും തങ്ങൾ അവകാശവാദം ഉന്നയിക്കില്ലെന്ന് പറഞ്ഞവർ വിധി വന്നു മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും കാശി, മഥുര എന്നിവിടങ്ങളിലെ മസ്ജിദുകൾക്കുമേൽ അവകാശം പറഞ്ഞുതുടങ്ങി. വിധി വരുന്നതിന് മുമ്പുതന്നെ പള്ളികളുടെ കോമ്പൗണ്ടുകളിൽ കയറി പൂജ നടത്തിയും മറ്റും പ്രകോപനങ്ങൾ ഉണ്ടാക്കാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതോടൊപ്പം മുപ്പതിനായിരത്തോളം പള്ളികൾ (ക്രിസ്ത്യൻ പള്ളികളടക്കം) തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നുള്ള വാദവും അവർ മുഴക്കിക്കഴിഞ്ഞു. 1991ലെ ആരാധനാലയ നിയമം മാത്രമാണ് ഇപ്പോൾ അവർക്ക് തടസ്സം. 1945 ആഗസ്ത് 15നു പള്ളി ആരുടെ കൈവശമാണോ അവർക്കാണ് അതിന്റെ ഉടമസ്ഥാവകാശമെന്നാണ് നിയമം പറയുന്നത്. ഈ നിയമം ഭേദഗതി ചെയ്യാനുള്ള തത്രപ്പാടിലാണ് ഇപ്പോൾ അവരുള്ളത്.
ചരിത്രത്തിന്റെ അപനിർമിതി

ഇന്ത്യാ മഹാരാജ്യത്തിന് ഒരു മഹത്തായ പാരമ്പര്യവും ചരിത്രവുമുണ്ട്. മുഗളന്മാർ അടക്കമുള്ള മുസ്‌ലിം ഭരണാധികാരികളും ഹിന്ദു രാജാക്കളും തുടങ്ങി വിവിധ ഭരണവാഴ്ചകൾ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. അതിൽ തങ്ങൾക്കിഷ്ടമില്ലാത്തതെല്ലാം എടുത്തുമാറ്റുക എന്ന തീവ്രയത്‌നമാണ് ഇപ്പോൾ സംഘ്പരിവാർ ചെയ്തുകൊണ്ടിരിക്കുന്നത്. എൻ.സി.ഇ.ആർ.ടിയുടെ പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കുക എന്ന പേരിൽ വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട പല ചരിത്രങ്ങളും വെട്ടിമാറ്റിയിരിക്കുകയാണ്. രാജ്യചരിത്രത്തിന്റെ ഭാഗമായ താജ്മഹലും കുത്തബ് മിനാറും ചെങ്കോട്ടയുമെല്ലാം ചരിത്രത്തിൽനിന്നും പിഴുതെറിയപ്പെടുന്ന അവസ്ഥ സംജാതമായിരിക്കുന്നു. ഹിന്ദുത്വമെന്ന ഏകശിലാത്മക സംസ്‌കാരത്തിലേക്ക് രാജ്യത്തെ പിടിച്ചുവലിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം വൃഥാവ്യായാമങ്ങൾ അവർ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ചരിത്രത്തെ എങ്ങനെ വികലമാക്കാൻ ശ്രമിച്ചാലും ചരിത്രം അതിന്റെ ചരിത്രം പറയുകതന്നെ ചെയ്യുമെന്ന് മോദിയും കൂട്ടരും അറിയുന്നില്ല.
ഫെഡറലിസത്തെ തകർക്കുക ലക്ഷ്യം
വിവിധ സംസ്ഥാനങ്ങളിൽ വിവിധ പാർട്ടികൾ ഭരിക്കുന്നതാണ് സംഘപരിവാറിന്റെ ഏറ്റവും വലിയ തലവേദന. ബി.ജെ.പിയിതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തങ്ങളുടെ അജണ്ടകൾ നടപ്പാക്കാൻ അവർക്ക് സാധിക്കാതെ വരുന്നതുകൊണ്ട് ഫെഡറൽ സംവിധാനങ്ങളെ തകർത്ത് രാജ്യത്തെ ഒരു ഏകഭരണ സംവിധാനത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ അവർ നടത്തിക്കൊണ്ടിരിക്കുന്നു. കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ ഗവർണർമാരും സർക്കാരുകളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ പതിവുകാഴ്ചയായി മാറിയിരിക്കുന്നു. ഭരണഘടനാപരമായ ബാധ്യതകൾ നിർവഹിക്കുന്നതിൽനിന്നും ഗവർണർമാർ മാറിനിൽക്കുന്നതിന്റെ പിന്നിൽ ആർ.എസ്.എസ് നയിക്കുന്ന ഗൂഢമായ അജണ്ടകളാണുള്ളത് എന്നത് വ്യക്തമാണ്.
ഭരണഘടനയുടെ 256 മുതലുള്ള അനുച്ഛേദങ്ങൾ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധങ്ങളെ കുറിച്ചാണ് വിവരിക്കുന്നത്. പ്രസ്തുത ബന്ധം ഉലയ്ക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന മന്ത്രിസഭ പാസാക്കിയ ബില്ലുകൾ ഒപ്പുവെക്കാതിരിക്കുക എന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ഇക്കാര്യമാണ് തമിഴ്നാട്ടിൽ മുഖ്യമന്ത്രി നിർദേശിച്ച ഒരു മന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാൻ ഗവർണർ വിസമ്മതം പ്രകടിപ്പിച്ചപ്പോൾ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. ഗവർണർക്ക് ശക്തമായ ശാസനയാണ് സുപ്രീം കോടതി നൽകിയത്.
കശ്മീരിന്റെ പ്രത്യക പദവി എടുത്തുകളഞ്ഞത് മറ്റൊരു ഉദാഹരണമാണ്. രാജ്യം സ്വാതന്ത്ര്യം നേടുമ്പോൾ ഓരോ ഭൂപ്രദേശത്തിനും ഓരോ സവിശേഷതകൾ ഉണ്ടായിരുന്നു. അതുമനസ്സിലാക്കി പ്രത്യേകമായ ചർച്ചകളിലൂടെയാണ് ഓരോ ഭൂപ്രദേശത്തിനും പ്രത്യേകം അവകാശങ്ങൾ നൽകിയത്. നാഗാലാൻഡ്, അസം, മണിപ്പൂർ, സിക്കിം, മിസോറാം, അരുണാചൽ പ്രദേശ്, ഗോവ, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കും വിവിധ ഘട്ടങ്ങളിലായി പ്രത്യേക പദവികൾ നൽകിയിട്ടുണ്ട്. എന്നാൽ ജമ്മു കശ്മീരിന്റെ പദവി മാത്രം എടുത്തുകളയുന്നതിലൂടെ മോദിയും അമിത്ഷായും ലക്ഷ്യമാക്കിയത് വർഗീയമായ വേർതിരിവ് മാത്രമാണ്.
പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കൽ
നമ്മുടെ രാജ്യം ഒരു പാർലമെന്ററി ജനാധിപത്യത്തിലൂടെയാണ് കടന്നുപോവുന്നത്. അവിടെ ഭരണപക്ഷവും പ്രതിപക്ഷവും ആവശ്യമാണ്. ആരോഗ്യകരമായ സംവാദങ്ങളും അഭിപ്രായ രൂപീകരണങ്ങളും അനിവാര്യമാണ്. ഒരു ഘട്ടത്തിൽ കോൺഗ്രസ് മഹാഭൂരിപക്ഷത്തിൽ ഭരിച്ചുകൊണ്ടിരുന്നപ്പോഴും ന്യൂനപക്ഷ ശബ്ദങ്ങളെ പരിഗണിച്ചുകൊണ്ടായിരുന്നു അന്തിമ തീരുമാനങ്ങൾ എടുത്തിരുന്നത് എന്നത് ചരിത്രമാണ്. എന്നാൽ മോദി അധികാരമേറ്റെടുത്തതോടെ പ്രതിപക്ഷത്തുള്ള അംഗങ്ങളുടെ ശബ്ദം ഉയരാതിരിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തിവന്നത്. പ്രതിപക്ഷത്തെ ഏറ്റവും വലിയ നേതാവായ രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കുന്ന നടപടികൾ പോലുമുണ്ടായി. പാർലമെന്റിൽ ശബ്ദിച്ചു എന്നതിന്റെ പേരിൽ മാത്രം നൂറ്റി അമ്പതോളം എം.പിമാരെയാണ് സസ്പെൻഡ് ചെയ്തത്. ഇന്ത്യയുടെ പാർലമെന്റ് ചരിത്രത്തിൽ ഇന്നോളം അരങ്ങേറിയിട്ടില്ലാത്ത സംഭവമായിരുന്നു അത്.
ഭരണസംവിധാനങ്ങളുടെ ദുരുപയോഗം
പ്രധാന പ്രതിപക്ഷ പാർട്ടികളുടെ ബേങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയോ ഏറ്റെടുക്കുകയോ ചെയ്തുകൊണ്ട് പ്രതിപക്ഷത്തെ പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുക എന്ന ആഭാസകരമായ നടപടികൾ പോലും മോദീ ഭരണകൂടം എടുത്തുകൊണ്ടിരിക്കുന്നു. അതേസമയം തങ്ങളുടെ അക്കൗണ്ടുകളുടെ സുതാര്യത വ്യക്തമാക്കാൻ ഇതുവരെ ബി.ജെ.പി തയ്യാറായിട്ടുമില്ല. ഇലക്ടറൽ ബോണ്ട് വഴി സമ്പാദിച്ചുകൂട്ടിയ കോടികളുടെ കണക്കുകൾ ബി.ജെ.പിയെ വേട്ടയാടുന്നുണ്ടെങ്കിലും അതേക്കുറിച്ച് അന്വേഷിക്കാൻ തങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഭരണസംവിധാനങ്ങൾക്ക് സ്വാതന്ത്ര്യം നൽകാത്തതുകൊണ്ട് അതെല്ലാം മൂടിവെക്കാൻ സാധിക്കുന്നു. എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റും സി.ബി.ഐയും കസ്റ്റംസുമെല്ലാം പ്രതിപക്ഷത്തെ നേതാക്കൾക്കും പാർട്ടികൾക്കും മാത്രം ബാധകമാവുകയും തങ്ങളുടെ നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതികൾക്കെതിരെ കണ്ണുതുറക്കാൻ അവരെ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ഒരുപോലെ അഴിമതിയിലും ഏകാധിപത്യത്തിലും മുങ്ങിക്കുളിച്ച ഒരു സർക്കാരാണ് ഇന്ന് ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്നത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ഞെട്ടിപ്പിക്കുന്നതാണ്. പ്രതിപക്ഷ ശബ്ദങ്ങളെയില്ലാതാക്കാൻ ഏതറ്റം വരെയും പോകും എന്ന പ്രഖ്യാപനമാണ് ഇതിലൂടെ ബി.ജെ.പി നിർവഹിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത നാളുകളിൽ ബി.ജെ.പി ചെയ്തുകൂട്ടിക്കൊണ്ടിരിക്കുന്ന കാര്യങ്ങൾ കണ്ടാൽ അവരുടെ നെഞ്ചിടിപ്പ് ബോധ്യമാകും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിൽ തങ്ങൾ പ്രതീക്ഷിക്കുന്ന ‘ഹിന്ദുത്വ രാഷ്ട്രം’ എന്ന സങ്കൽപസ്വർഗം യാഥാർഥ്യമാകില്ലെന്ന് അവർക്കറിയാം.
ഇൻഡ്യാ മുന്നണി എന്ന പ്രതീക്ഷ
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരു വിളിപ്പാടകലെ എത്തിനിൽക്കുകയാണ്. ‘ഇൻഡ്യാ’ മുന്നണി രാജ്യത്തെ മതേതര വിശ്വാസികൾക്കും ന്യൂനപക്ഷങ്ങൾക്കും ഒരുപോലെ പ്രതീക്ഷയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരസ്പരം കൊമ്പുകോർത്തു മത്സരിച്ച മതനിരപേക്ഷ കക്ഷികളിൽ മിക്കതും ഇന്ന് കൈകോർത്ത് പിടിച്ചിരിക്കുകയാണ്. മതേതര വോട്ടുകൾ വിവിധ പെട്ടികളിൽ വീഴാതെ സൂക്ഷിച്ചാൽ മതേതര കക്ഷികൾ അടങ്ങുന്ന ‘ഇൻഡ്യാ’ മുന്നണിക്ക് വിജയം സുനിശ്ചിതമാണ്.
വെള്ളിയാഴ്ചയിലെ തെരെഞ്ഞെടുപ്പ്
ചരിത്രത്തിലാദ്യമായി കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് വെള്ളിയാഴ്ചയാണ്. കേരളത്തിലെ 27 ശതമാനത്തോളം വരുന്ന മുസ്‌ലിം സമുദായത്തിന്റെ പ്രാർഥനാദിവസമാണ് വെള്ളി എന്ന കാര്യം ഇലക്ഷൻ കമ്മീഷനും കേന്ദ്ര സർക്കാരിനുമെല്ലാം അറിയുന്ന കാര്യമാണ്. വെള്ളിയാഴ്ച തന്നെ തെരഞ്ഞെടുപ്പ് വെച്ചതിന്റെ പിന്നിൽ പ്രത്യേകം അജണ്ടകളുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഈ വിഷയത്തിൽ മുസ്‌ലിംകളിൽനിന്നും ഒരു വൈകാരിക പ്രതികരണം ആരെങ്കിലും കാത്തിരിക്കുന്നുണ്ടെങ്കിൽ അവർക്കു തെറ്റി. അതിന്റെ പേരിൽ കേരളത്തിൽ ഒരു വർഗീയ ചേരിതിരിവ് ഉണ്ടാക്കി മുതലെടുപ്പ് നടത്താമെന്ന് ഏതെങ്കിലും പരിവാരങ്ങളും അവരുടെ കൂട്ടാളികളും കരുതുന്നുണ്ടെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. ഏത് പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്ത് മുന്നോട്ടുപോകാനുള്ള കരുത്തും ആത്മധൈര്യവും മുസ്‌ലിം സമുദായത്തിനുണ്ട്.
രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പിൽ പങ്കെടുക്കുക എന്നത് രാഷ്ട്ര പുനർനിർമാണ പ്രവർത്തനത്തിന്റെ ഭാഗമാണ്. അതിൽ മുസ്‌ലിം സമുദായം ഉപേക്ഷ വരുത്തുമെന്ന് ആരും കരുതേണ്ടതില്ല.

