മോട്ടിവേഷൻ മന്ത്രങ്ങളിലെ വിശ്വാസ വിരുദ്ധതകൾ

സലീം പട്‌ല

2024 നവംബർ 09, 1446 ജു. ഊലാ 07

മോട്ടിവേഷൻ ഉപകാരപ്രദമായ ഒരു പ്രക്രിയയാണ്. എന്നാൽ മിക്ക മോട്ടിവേറ്റർമാരും പറഞ്ഞു പഠിപ്പിക്കുന്ന കാര്യങ്ങളിൽ ഒരു മുസ് ലിമിൻ്റെ വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്നവ കടന്നു വരാറുണ്ട്. “മറ്റുള്ളവർ എന്തു പറഞ്ഞാലും എന്തു വിചാരിച്ചാലും ശരി, എൻ്റെ കാര്യം ഞാൻ തന്നെ തീരുമാനിക്കും’ എന്ന് പ്രതിജ്ഞ ചെയ്യിക്കുമ്പോൾ മാതാപിതാക്കളെ ധിക്കരിച്ച് മുന്നേറാനുള്ള പ്രേരണയാണത് നൽകുന്നത്. പരലോക വിജയം ലക്ഷ്യമാക്കി ജീവിക്കുന്ന വിശ്വാസികൾ ഒരു ഘട്ടത്തിലും മതത്തിൻ്റെ ചട്ടക്കൂടുകൾ ലംഘിച്ചുകൂടാ.

പ്രചോദനവും പ്രേരണയും നൽകൽ, ആത്മവിശ്വാസം വളർത്തൽ, വ്യക്തിത്വവികസനം എന്നിവയൊക്കെയാണ് മോട്ടിവേഷൻകൊണ്ട് ലക്ഷ്യമാക്കുന്നത്. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ ചെറുതും വലുതുമായ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ പ്രയത്‌നിക്കുന്നവരാണ് മനുഷ്യർ. അവരിൽ പ്രവർത്തനക്ഷമതയുടെ കുറവും ലക്ഷ്യങ്ങൾ നേടുന്നതിൽ ഇടർച്ചയും ഉണ്ടാകുമ്പോൾ അനുഭവ വിവരണങ്ങളിലൂടെ, ഉപദേശങ്ങളിലൂടെ, കൗൺസലിങ്ങിലൂടെ ഊർജം പകരാനും ആത്മവിശ്വാസമുണ്ടാക്കാനും മോട്ടിവേഷറ്റർമാരുടെ ഇടപെടലുകൾ ഉപകാരപ്പെടും.

പഠനരംഗത്തും കരിയർ മേഖലയിലും പ്രചോദിപ്പിക്കാനും ഉത്സാഹമുണ്ടാക്കാനും മോട്ടിവേഷൻ ക്ലാസ്സുകൾ ചിലപ്പോഴൊക്കെ ആവശ്യംതന്നെയെങ്കിലും അതിന്റെ മറവിൽ പതിയിരിക്കുന്ന ചില അപകടങ്ങളെയും അത് മുസ്‌ലിംകളിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ചും ഇസ്‌ലാമിക പരിപ്രേഷ്യത്തിൽ ചെറിയ ഒരു വിശകലനം നടത്തുകയാണിവിടെ.

I can (എനിക്ക് കഴിയും), I can do (ഞാൻ ചെയ്യും); മോട്ടിവേഷൻ ക്ലാസ്സുകളിൽ കേട്ടുകൊണ്ടിരിക്കുന്നതും ട്രെയിനർമാർ മുന്നിലിരിക്കുന്നവരെക്കൊണ്ട് നിരന്തരം ചൊല്ലിക്കുന്നതുമായ മന്ത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് ഈ വാചകങ്ങൾ. നാളെയെക്കുറിച്ചുള്ള യാതൊരറിവും സൃഷ്ടികളായ മനുഷ്യർക്കില്ലെന്നും നാളെ എന്തൊക്കെ നടക്കണം/വേണ്ട എന്ന് തീരുമാനിക്കുന്നത് സ്രഷ്ടാവായ അല്ലാഹുവാണെന്നും നമുക്കറിയാം.

‘ഇൻശാ അല്ലാഹ്’ (അല്ലാഹു ഉദ്ദേശിച്ചാൽ) എന്നു ചേർത്തുപറഞ്ഞുകൊണ്ടല്ലാതെ ഞാൻ നാളെ/ഭാവിയിൽ എന്തെങ്കിലും ചെയ്യും/നടക്കും/ഉണ്ടാകും എന്ന് ഉറപ്പിച്ചു പറഞ്ഞുകൂടെന്ന് വിശുദ്ധ ക്വുർആൻ (18:23, 24) പറയുന്നുണ്ട്.

വിശ്വാസികൾ ധാരാളമായി ഉരുവിടുന്ന ദിക്‌റാണ് ‘ലാ ഹൗല വലാ കുവ്വത്ത ഇല്ലാബില്ലാഹ്’ (അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു കഴിവും ശക്തിയുമില്ല) എന്നത്. ഇത് സൃഷ്ടികളുടെ ദുർബലതയും നിസ്സാരതയും വ്യക്തമായി ബോധ്യപ്പെടുത്തുന്നതാണ്. ആഗ്രഹിക്കുന്ന കാര്യം നേടാനായി ശ്രമിക്കുന്നതോടൊപ്പം അത് സാധിപ്പിച്ച് തരാനുള്ള പ്രാർഥനയും ആവശ്യമാണെന്നുതന്നെയാണ് ഇതിൽനിന്നൊക്കെ വ്യക്തമാവുന്നത്.

‘എന്റെ രക്ഷിതാവായ അല്ലാഹുവേ, ഇക്കാര്യം നടക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. പക്ഷേ, എനിക്കതിന് കഴിവില്ല. നീ കനിഞ്ഞാലല്ലാതെ അത് നടക്കുകയുമില്ല. അതിനാൽ നീ സഹായിക്കേണമേ’ എന്ന നിസ്സഹായതയിൽനിന്നുള്ള മനസ്സിന്റെ തേട്ടമാണ് ഇതിലുള്ളത്.

‘ലോ ഓഫ് അട്രാക്ഷൻ’ എന്ന കാൽപനിക തത്ത്വം

നിഷിദ്ധം കൂടിക്കലരാത്തിടത്തോളം എത്ര ഉന്നതമായ ജോലി ചെയ്യുന്നതിനും പണം സമ്പാദിക്കുന്നതിനും പദവി വഹിക്കുന്നതിനും ഇസ്‌ലാമിൽ വിലക്കില്ല. അതുപോലെ അനുവദനീയമായ വലിയ നേട്ടം ആഗ്രഹിക്കുന്നതിനോ വലിയ ലക്ഷ്യം വച്ചുപുലർത്തുന്നതിനോ അതിന്റെ സാക്ഷാത്കാരത്തിന്നായി പ്രാർഥിക്കുന്നതിനോ ഇസ്‌ലാം ഒരിക്കലും എതിരല്ല. ഇങ്ങനെ ചെയ്തിട്ടും പരിശ്രമിച്ചിട്ടും പ്രാർഥിച്ചിട്ടും ഉദ്ദേശിച്ച ഫലം കണ്ടില്ലെങ്കിൽ അതിൽ നിരാശരാവുകയോ അസ്വസ്ഥരാവുകയോ ദുഃഖിക്കുകയോ ചെയ്യരുതെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

അത്തരം സന്ദർഭത്തിൽ ‘അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇങ്ങനെയാകുമായിരുന്നു’ എന്നൊന്നും പറയാതെ, ‘ക്വദ്ദറല്ലാഹു വമാ ശാഅ ഫഅല’ (അല്ലാഹു തീരുമാനിച്ചു; അവൻ ഉദ്ദേശിച്ചത് അവൻ പ്രവർത്തിച്ചു) എന്ന് മനസ്സറിഞ്ഞ് സംതൃപ്തിയോടെ പ്രഖ്യാപിക്കുകയാണ് മുസ്‌ലിം ചെയ്യേണ്ടത്. കാരണം നമ്മുടെ ഇഷ്ടങ്ങളല്ല; അല്ലാഹുവിന്റെ ഇച്ഛകളും തീരുമാനങ്ങളുമാണല്ലോ നടപ്പിൽ വരുന്നത്. നമ്മുടെത് പ്രവർത്തനങ്ങളും പ്രാർഥനകളും പ്രതീക്ഷകളുമാണ്. നടത്തിത്തരേണ്ടത് അല്ലാഹുവാണ്. അവനാണ് സർവജ്ഞനും സർവശക്തനും!

നബിﷺ പറഞ്ഞു: “സത്യവിശ്വാസിയുടെ കാര്യം അത്ഭുതകരം തന്നെ! അവന്റെ മുഴുവൻ കാര്യങ്ങളും അവന് നന്മയാണ്. ഇത് സത്യവിശ്വാസിക്കല്ലാതെ മറ്റാർക്കുമുണ്ടാവില്ല. അവന് സന്തോഷകരമായത് സംഭവിച്ചാൽ നന്ദി കാണിക്കും; അത് അവന് നന്മയായി ഭവിക്കും. ഇനി ഉപദ്രവകരമായത് ബാധിച്ചാലോ, അവനതിൽ ക്ഷമിക്കും. അപ്പോൾ അതും അവന് നന്മയായിത്തീരും’’ (സ്വഹീഹു മുസ്‌ലിം).

ഒരാൾ ആത്മാർഥമായി വിചാരിക്കുന്നതും ആഗ്രഹിക്കുന്നതുമൊക്കെയും തീർച്ചയായും അവരുടെ കൈകളിലെത്തിച്ചേരുക തന്നെ ചെയ്യുമെന്നും അയാൾ ചിന്തിക്കുന്നതോടുകൂടി അക്കാര്യം ‘പ്രകൃതിയുടെ’ സഹായത്തോടെ അയാളിലേക്ക് ആകർഷിക്കപ്പെടുമെന്നും പറയപ്പെടുന്ന ‘ലോ ഓഫ് അട്രാക്ഷൻ’ എന്ന ‘ആകർഷണ നിയമം’ ഇസ്‌ലാമിന്റെ വിശ്വാസകാര്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല.

അവരെന്തു കരുതും?

‘മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ, എന്തും വിചാരിച്ചോട്ടെ, എന്റെ കാര്യം ഞാൻ തീരുമാനിക്കും’ മോട്ടിവേഷൻ വിദഗ്ധർ തങ്ങളുടെ മുന്നിലിരിക്കുന്നവരെക്കൊണ്ട് ആവർത്തിച്ച് പറയിക്കുന്ന കാര്യങ്ങളിലൊന്നാണ് ഇത്. പറയുന്നതിൽ പ്രത്യക്ഷത്തിൽ കാര്യമുണ്ടെന്ന് തോന്നാമെങ്കിലും വലിയ അപകടം അതിനുള്ളിൽ പതിയിരിക്കുന്നുണ്ട്.

വിശ്വാസികളെ സംബന്ധിച്ചിടത്തോളം അല്ലാഹുവും റസൂലും പറഞ്ഞു, പഠിപ്പിച്ചു എന്ന ഉറപ്പുള്ള കാര്യങ്ങൾ നടപ്പിലാക്കാനോ ജീവിതത്തിൽ കൊണ്ടുനടക്കാനോ ഒരു സൃഷ്ടിയെയും ഭയക്കേണ്ടതില്ലെന്നത് തീർച്ചയാണ്. ആരെന്ത് പറഞ്ഞാലും എതിർത്താലും പരിഹസിച്ചാലും ആദർശത്തിൽനിന്ന് പിന്നോട്ട് പോകേണ്ടവരുമല്ല സത്യവിശ്വാസികൾ. സത്യവിശ്വാസികളുടെ സ്വഭാവസവിശേഷതകളിലൊന്നാണത്. അല്ലാഹുവിനെ ഇഷ്ടപ്പെടുന്ന, അല്ലാഹു ഇഷ്ടപ്പെടുന്ന, അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ച ഇഷ്ടദാസന്മാരുടെ ഉത്തമ ഗുണമായിട്ടാണ് വിശുദ്ധ ക്വുർആൻ അതിനെ പരിചയപ്പെടുത്തുന്നത്:

“സത്യവിശ്വാസികളേ, നിങ്ങളിൽ ആരെങ്കിലും തന്റെ മതത്തിൽനിന്ന് പിന്തിരിഞ്ഞുകളയുന്നപക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ടുവരുന്നതാണ്. അവർ വിശ്വാസികളോട് വിനയം കാണിക്കുന്നവരും സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവർ അല്ലാഹുവിന്റെ മാർഗത്തിൽ സമരത്തിൽ ഏർപ്പെടും. ഒരു ആക്ഷേപകന്റെ ആക്ഷേപവും അവർ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്റെ അനുഗ്രഹമത്രെ. അവൻ ഉദ്ദേശിക്കുന്നവർക്ക് അത് നൽകുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സർവജ്ഞനുമത്രെ’’ (5:54).

മതം കണിശമായി വിലക്കിയതും മതത്തിന്റെവൃത്തത്തിൽ നിന്നുതന്നെ പുറത്തു പോകാൻ സാധ്യതയുള്ളതുമായ കാര്യങ്ങൾ, മതവിലക്കുകൾ ലംഘിച്ചുകൊണ്ടും മാതാപിതാക്കളെ ധിക്കരിച്ചുകൊണ്ടും, ധാർഷ്ട്യത്തോടെ ചെയ്യാനാണ് പല മോട്ടിവേറ്റർമാരും ഓതിക്കൊടുക്കുന്നത്. ആരെതിർത്താലും എന്റെ ലൈഫ്, എന്റെ കരിയർ, എന്റെ പാഷൻ, എന്റെ ഡ്രീം, എന്റെ പാർട്ട്ണർ... ഒക്കെ ഞാൻ തീരുമാനിക്കുമെന്ന് പറഞ്ഞ് മുന്നോട്ട് പോകാനാണ് അവർ പുതുതലമുറയെ പ്രചോദിപ്പിക്കുന്നത്.

എന്നാൽ ഒരു സത്യവിശ്വാസി ഒന്നാമതായി അനുസരിക്കുന്നത് സ്രഷ്ടാവായ അല്ലാഹുവിന്റെ കൽപന യെയാണെന്നതിനാൽ തന്റെ ദേഹേച്ഛകൾ, തന്റെ കരിയർ സ്വപ്നങ്ങൾ, തന്റെ ഉപജീവനമാർഗം, കലാകാ യിക വാസനകൾ... ഇങ്ങനെ താനിഷ്ടപ്പെടുന്ന എന്താണെങ്കിലും സ്രഷ്ടാവിന്റെ കൽപനകൾക്ക് വിരുദ്ധമാ കുന്നുവെങ്കിൽ, നിഷിദ്ധങ്ങൾ കലരുകയും പരലോകജീവിതവിജയത്തിന് തടസ്സമാവുകയും ചെയ്യുന്നു വെങ്കിൽ അതിൽനിന്ന് നിർബന്ധപൂർവം വിട്ടുനിൽക്കുക തന്നെ ചെയ്യേണ്ടതുണ്ട്. അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചും ശിക്ഷയെ ഭയന്നും അത്തരം കാര്യങ്ങളിൽനിന്ന് മാറിനിൽക്കുന്നുവെങ്കിൽ അല്ലാഹുവിന്റെ സഹായം ലഭിക്കുമെന്നാണ് ഇസ്‌ലാമിക പ്രമാണങ്ങൾ മനസ്സിലാക്കിത്തരുന്നത്.

മാതാപിതാക്കളെ നന്മയിൽ അനുസരിക്കണമെന്നത് ഇസ്‌ലാമിലെ പരമപ്രധാനമായ കൽപനകളിലൊന്നായതിനാലും മാതാപിതാക്കളെ ധിക്കരിക്കൽ ഇഹലോകവും പരലോകവും നഷ്ടപ്പെടുത്തുന്ന ദുരന്തമാണെന്നതിനാലും ഇക്കാര്യം മക്കൾ വളരെ ഗൗരവപൂർവം കാണേണ്ടതുണ്ട്.

ഇസ്‌ലാമിലെ പരിധികൾ

ആരെതിർത്താലും എന്റെ പാഷൻ, എന്റെ സ്വപ്നം, എന്റെ കരിയർ... എന്നു പറഞ്ഞ് മുന്നോട്ട് പോകണം, നിയന്ത്രിക്കാനോ അതിർവരമ്പരുകൾ നിശ്ചയിക്കാനോ ആരെയും സമ്മതിക്കരുത്, അതിന് തടസ്സം നിൽക്കുന്നത് ബന്ധുക്കളാണെങ്കിൽ അവരോട് പോയി പണിനോക്കാൻ പറയണം, മതമാണെങ്കിൽ ആ മതത്തിന്റെ വേലിക്കെട്ട് തകർത്തെറിയണം... മോട്ടിവേഷൻ ക്ലാസ്സുകളിൽനിന്നു സ്ഥിരമായി കേൾക്കാറുള്ള വാക്കുകളാണിത്.

ദൈവിക മതമായതിനാൽ ഇസ്‌ലാമിൽ പരിധികളുണ്ട്, വിധികളും വിലക്കുകളുണ്ട്. എല്ലാ കാര്യങ്ങളിലും അതിരുകളും വേലിക്കെട്ടുകളുമുണ്ട്. സർവലോകരക്ഷിതാവായ അല്ലാഹു നിശ്ചയിച്ച അതിർവരമ്പുകളാണവ. കലകൾക്കും ആസ്വാദനങ്ങൾക്കും വിനോദങ്ങൾക്കും ഇസ്‌ലാമിൽ വ്യക്തമായ നിയന്ത്രണങ്ങളുണ്ട്. ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ പോലും ഇസ്‌ലാമിൽ നിയന്ത്രണങ്ങളുണ്ട്. എന്തൊക്കെ തിന്നാ നും കുടിക്കാനും പാടില്ല എന്ന കൽപനയുണ്ട്. ഹലാലായതും ഹലാലായ സമ്പാദ്യംകൊണ്ടു വാങ്ങിയതു മായിരിക്കണം. നല്ലതുമായിരിക്കണം. ധൂർത്തോ ദുർവ്യയമോ അമിത ഭോജനമോ പാടില്ല. സദ്യകളിൽ പാവങ്ങൾ ക്ഷണിക്കപ്പെടാതെ പോകരുത്.

അയൽവാസി പട്ടിണി കിടക്കുന്നുണ്ടെങ്കിൽ ഭക്ഷണം കൊടുക്കണം. ഇഷ്ടപ്പെട്ടില്ലെങ്കിലും ഭക്ഷണത്തെ കുറ്റം പറയരുത്. തിന്നലും കുടിക്കലുമൊക്കെ വലതുകൈകൊണ്ടായിരിക്കണം...അങ്ങനെ പോകുന്നു ഭക്ഷണ രംഗത്തുള്ള ഇസ്‌ലാമിന്റെ അതിർവരമ്പുകളും മര്യാദകളും.

ഇന്ന് പണിയൊന്നുമില്ലെന്ന് പറഞ്ഞ് ഒരു വിശ്വാസിക്ക് പകലന്തിയോളം മൂടിപ്പുതച്ച് ഉറങ്ങാൻ പാടില്ല. എത്ര വൈകിയുറങ്ങിയാലും സ്വുബ്ഹി നമസ്‌കാരത്തിനായി എഴുന്നേൽക്കണം. ഉച്ചക്കും വൈകുന്നേരവും സന്ധ്യാസമയത്തും രാത്രിയിലും നമസ്‌കാരമുണ്ട്. മതിമറന്നുകൊണ്ടും മതം മറന്നുകൊണ്ടുമുള്ള ഒന്നും വിശ്വാസിയുടെ ജീവിതത്തിലില്ല. ഇസ്‌ലാമിലെ ആഘോഷമായ പെരുന്നാൾ പോലും അത്യാഹ്ലാദങ്ങളില്ലാത്തതും ആരാധനാനിഷ്ഠവുമാണ്. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ശാരീരിക ബന്ധത്തിന്റെ കാര്യത്തിൽ പോലും വ്യക്തമായ നിർദേശങ്ങളുണ്ട്. ഇതൊന്നും മനുഷ്യനിർമിതങ്ങളല്ല; സർവലോകരക്ഷിതാവിന്റെ നിയമങ്ങളാണ്.

ബോൾഡാണ്, സ്മാർട്ടാണ്

തോന്നിയപോലെ വസ്ത്രം ധരിക്കുകയും അന്യരായ ആണും പെണ്ണും ഒന്നിച്ച് ആടുകയും പാടുകയും ചെയ്യലും സോഷ്യൽ മീഡിയകളിൽ ലൈക്കും ഷെയറും കിട്ടാൻ എന്ത് വഷളത്തവും കാട്ടലുമായി ഓവർ സ്മാർട്ട്‌നസ്സ് കാട്ടുന്നത് ആണായാലും പെണ്ണായാലും ഇസ്‌ലാം പഠിപ്പിച്ച ഹയാഇന്റെ (ലജ്ജ) നേർവിപരീതമാണ്. നല്ലത് പറയാനും ചോദിച്ചറിയാനും നന്മ പ്രവർത്തിക്കാനും നന്മയിൽ മത്സരിക്കാനും ലജ്ജിക്കരുതെന്നല്ലാതെ മറ്റു കാര്യങ്ങളിലൊക്കെ ലജ്ജാശീലം അലങ്കാരം തന്നെയാണ്. ‘ഇതര ജീവികളിൽനിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നതും തിന്മകളുടെ വാതിലടച്ചുകളയുന്നതുമായ നല്ലൊരു ഗുണമാണ് ലജ്ജ. ലജ്ജയും മാന്യതയും വിനയവും മിതസംസാരവും മനുഷ്യർക്ക് മാപ്പുനൽകലും വിട്ടുവീഴ്ച ചെയ്യലുമൊന്നും നെഗറ്റീവ് സ്വഭാവങ്ങളോ ഭീരുക്കളുടെ ഗുണങ്ങളോ അല്ല, മറിച്ച് ഉന്നതസ്വഭാവങ്ങളും ഉത്തമ വ്യക്തിത്വത്തി ന്റെ ഗുണങ്ങളുമാണ്.

‘നിന്റെ നടത്തത്തിൽ നീ മിതത്വം പാലിക്കുക, നിന്റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക’ എന്നത് (31:19) വിശുദ്ധ ക്വുർആനിലെ കൽപനയാണ്.

മുൻപ്രവാചകന്മാരെല്ലാം സമൂഹത്തോട് ‘നിങ്ങൾക്ക് ലജ്ജയില്ലെങ്കിൽ തോന്നിയപോലെ ചെയ്യുക’ എന്ന് പറഞ്ഞിരുന്നതായി മുഹമ്മദ് നബിﷺ പറഞ്ഞിട്ടുണ്ട്. ലജ്ജയുള്ളവർക്ക് തോന്നിയപോലെ ചെയ്യാൻ കഴിയില്ലെന്നും ലജ്ജാശീലം തെറ്റ് ചെയ്യുന്നതിൽനിന്ന് തടയുമെന്നുമാണ് പ്രവാചകന്മാർ പറഞ്ഞതിന്റെ ചുരുക്കം! തന്റെ സഹോദരനെ ലജ്ജയുടെ പേരിൽ ഉപദേശിക്കുകയായിരുന്ന സ്വഹാബിയെ നബിﷺ തിരുത്തുകയും ലജ്ജ സത്യവിശ്വാസത്തിൽപെട്ടതാണെന്ന് പറഞ്ഞുകൊടുക്കുകയും ചെയ്തിട്ടുണ്ട് (ബുഖാരി).

സത്യവിശ്വാസത്തിന്റെ അറുപതിൽപരം ശാഖകളിലെ ഒരു ശാഖയാണ് ലജ്ജയെന്നും (ബുഖാരി) ലജ്ജയും മിതഭാഷണവും സത്യവിശ്വാസത്തിന്റെ രണ്ട് ശാഖകളാണെന്നും (തിർമിദി, അഹ്‌മദ്) ലജ്ജാശീലം നൻമയല്ലാതെ കൊണ്ടുവരികയില്ലെന്നും (ബുഖാരി) ലജ്ജ മുഴുവനും നന്മ മാത്രമാണെന്നും (മുസ്‌ലിം) നബിﷺ അരുളിയതായി ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം.

അപരിചിതനായ ഒരു യുവാവിന്റെ അടുക്കൽ ഒരു വിശ്വാസിനിയായ യുവതിക്ക് ചെല്ലേണ്ടിവരുമ്പോൾ ഉണ്ടായിരിക്കേണ്ട ലജ്ജാശീലത്തെയും അച്ചടക്കത്തെയും ഒതുക്കത്തെയും കുറിച്ച് മൂസാ നബി(അ)യുടെ ചരിത്രം വിവരിക്കവെ വിശുദ്ധ ക്വുർആൻ (28:25) എടുത്തുപറയുന്നുണ്ട്.

ലജ്ജയും സത്യവിശ്വാസവും പരസ്പര ബന്ധിതമായതിനാലും, അതിന്റെ കുറവ് നമ്മുടെ പരലോക വിജയത്തെ സാരമായി ബാധിക്കുമെന്നതിനാലും; വീട്ടിൽ, തൊഴിലിടങ്ങളിൽ, സാമൂഹ്യമാധ്യമങ്ങളിൽ, വിദ്യാലയങ്ങളിൽ, കല്യാണസദസ്സുകളിൽ തുടങ്ങി ജീവിതത്തിൽ ഇടപെടുന്ന രംഗങ്ങളിലെല്ലാം ലജ്ജാ ശീലം കാത്തുസൂക്ഷിക്കാൻ വിശ്വാസികൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പരലോകവിജയമാണ് പ്രധാനം

ഇഹലോക ജീവിതവിജയമല്ല; ഇരുലോക ജീവിത വിജയമാണ് നാം ലക്ഷ്യമാക്കേണ്ടതെന്നാണ് ഇസ് ലാം ആവശ്യപ്പെടുന്നത്. പെട്ടെന്ന് തീർന്നുപോകുന്ന ഇഹലോകജീവിതത്തിനല്ല; ഒരിക്കലും അവസാ നിക്കാത്ത പരലോക ജീവിതത്തിനാണ് ഇസ്‌ലാം പ്രാധാന്യം നൽകുന്നത്. അവിടെ നരകശിക്ഷയിൽ നിന്ന് രക്ഷപ്പെടാനും സ്വർഗത്തിൽ പ്രവേശിക്കപ്പെടുവാനുമാണ് നമ്മൾ ഇവിടെ പണിയെടുക്കുകയും പ്രാർഥിക്കുകയും ചെയ്യേണ്ടത്. അതിനാൽ പരലോക ജിവിതവിജയത്തിന് തടസ്സമാകുന്നതും ഇവിടെ നമുക്ക് നല്ലതെന്ന് തോന്നുന്നതുമായ, ഇസ്‌ലാം വിലക്കിയ കാര്യങ്ങൾ വർജിക്കുകതന്നെ വേണം!

ഇതിന്നർഥം സർവ ആസ്വാദിങ്ങളും വെടിഞ്ഞ് സന്യസിക്കണമെന്നല്ല. മതം അനുവദിക്കുന്ന പരിധിയിൽ നിന്നുള്ള ആനന്ദവും ആഘോഷവും ആസ്വാദനവുമൊക്കെയാവാം. വിശ്വാസികളുടെ പ്രാർഥനയായി വിശുദ്ധ ക്വുർആൻ പഠിപ്പിച്ച പ്രാർഥന കാണുക:

“...ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയിൽനിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ’’ (2:201).

പ്രവാചകൻﷺ ഏറ്റവും കുടുതൽ പ്രാർഥിച്ചിരുന്നത് ഈ പ്രാഥനയായിരുന്നു എന്നത് ശ്രദ്ധയമാണ്.

നന്മയിൽ മുന്നേറുക

മടിപിടിച്ച് നിഷ്‌ക്രിയനായി കഴിയുന്ന പ്രവണതയെ ശക്തമായി നിരുത്സാഹപ്പെടുത്തുകയും എല്ലാ നന്മകളുടെയും മുന്നിൽ നടക്കാനും നന്മയിൽ മത്സരിക്കാനും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രവാചകന്മാരെല്ലാം നന്മയിൽ മത്സരിച്ചവരായിരുന്നു എന്നാണ് ക്വുർആൻ പഠിപ്പിക്കുന്നത്.

പാരത്രിക വിജയം നഷ്ടപ്പെടാൻ കാരണമാകുന്ന എല്ലാവിധ ദുഃസ്വഭാവങ്ങളിൽനിന്നും രക്ഷപ്പെടാൻ അല്ലാഹുവോട് പ്രാർഥിക്കണമെന്നും നബിﷺ പഠിപ്പിക്കുന്നുണ്ട്.

“അല്ലാഹുവേ, സകല ചീത്തസ്വഭാവങ്ങളിൽനിന്നും ചീത്തപ്രവൃത്തികളിൽനിന്നും ചീത്ത ആഗ്രഹങ്ങളിൽനിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു’’ (തുർമുദി).

“അല്ലാഹുവേ, ദുർബലത, അലസത, പിശുക്ക്, ഭീരുത്വം, വാർധക്യംബാധിച്ച് അവശനാകൽ എന്നി വയിൽനിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു’’ (ബുഖാരി, മുസ്‌ലിം).

ഇത് പരീക്ഷണത്തിന്റെ ലോകം

മരണത്തോടെ ജീവിതം അവസാനിക്കുന്നില്ലെന്നും നന്മ-തിന്മകൾക്ക് തുല്യമായ പ്രതിഫലം ലഭിക്കുക പരലോകത്താണെന്നതും ഇസ്‌ലാമിലെ വിശ്വാസകാര്യങ്ങളിലൊന്നാണ്.

സത്യവിശ്വാസികളായ പുണ്യവാൻമാർക്ക് അല്ലാഹു അവന്റെ കാരുണ്യം കൊണ്ട് കനിഞ്ഞു നൽകുന്ന സ്വർഗത്തെക്കുറിച്ച് അല്ലാഹു പറഞ്ഞുതരുന്ന കാര്യങ്ങൾ വിശ്വാസിക്ക് പ്രതീക്ഷ പ്രദാനം ചെയ്യുന്നു. നൈമിഷികമായ ഈ ലോക സുഖമാണോ ഉത്തമം, അതല്ല പരലോകത്തെ ശാശ്വതമായ സുഖങ്ങളാണോ എന്ന് ചിന്തിക്കാൻ അവനത് പ്രചോദകമാകുന്നു.

“അതെ, അവർ പ്രവേശിക്കുന്ന സ്ഥിരവാസത്തിനുള്ള സ്വർഗത്തോപ്പുകൾ. അവയുടെ താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കും. അവർക്ക് അവർ ഉദ്ദേശിക്കുന്നതെന്തും അതിൽ ഉണ്ടായിരിക്കും. അപ്രകാരമാണ് സൂക്ഷ്മത പാലിക്കുന്നവർക്ക് അല്ലാഹു പ്രതിഫലം നൽകുന്നത്’’ (16:31).

“അവിടെ അവർക്ക് അവരാഗ്രഹിക്കുന്നതൊക്കെ കിട്ടും. അവരവിടെ നിത്യവാസികളായിരിക്കും’’ (25:16).

“നിങ്ങൾക്കവിടെ (പരലോകത്ത്) നിങ്ങളുടെ മനസ്സുകൾ കൊതിക്കുന്നതെല്ലാമുണ്ടായിരിക്കും. നിങ്ങൾ ക്കവിടെ നിങ്ങൾ ആവശ്യപ്പെടുന്നതെല്ലാമുണ്ടായിരിക്കും’’ (41/31).

മനസ്സുകൾ കൊതിക്കുന്നതും കണ്ണുകൾക്ക് ആനന്ദകരവുമായ കാര്യങ്ങൾ അവിടെ ഉണ്ടായിരിക്കും (43/71), അവരതിൽ നിത്യവാസികളായിരിക്കും. അതിൽനിന്ന് വിട്ടുമാറാൻ അവർ ആഗ്രഹിക്കുകയില്ല (18:108), തങ്ങളുടെ മനസ്സുകൾക്ക് ഇഷ്ടപ്പെട്ട സുഖാനുഭവങ്ങളിൽ അവർ നിത്യവാസികളായിരിക്കും (21:102).

മുസ്‌ലിമായതിൽ അഭിമാനിക്കുക

ഈ ലോകത്ത് ഒരു മനുഷ്യന് കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് മുസ്‌ലിമാകാൻ അവസരം ലഭിക്കുക എന്നത്. പരമകാരുണികനും അളവറ്റ ദയാപരനും അലിവും കനിവും അനുകമ്പയും വാത്സല്യവും കൃപയും ഏറെയുള്ളവനും, എല്ലാവരെക്കാളുമേറെ നമ്മെ സ്‌നേഹിക്കുന്നവനുമായ നമ്മുടെ രക്ഷിതാവായ അല്ലാഹുവിനെ അറിയുകയും അവന്ന് സ്വന്തത്തെ സമർപ്പിക്കുകയും അവന്ന് കീഴ്‌പ്പെട്ടു ജീവിക്കാൻ അവസരം ലഭിക്കുകയും ചെയ്യുക എന്നത് മനുഷ്യന് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം തന്നെയാണ്.

പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു, അവന്റെ അറിവിലും കഴിവിലും കാഴ്ചയിലും കേൾവിയിലും തന്റെ കൂടെയുണ്ടന്ന ദൃഢവിശ്വാസം ഒരു സത്യവിശ്വാസിക്ക് നൽകുന്ന പ്രതീക്ഷയും പ്രത്യാശയും ആശ്വാസവും നിർഭയത്വവും അപാരമാണ്.

എന്ത് പ്രശ്‌നങ്ങളിലും തന്നെ സഹായിക്കുവാൻ എന്തിനും കഴിവുള്ള തന്റെ റബ്ബുണ്ടെന്ന ഉറച്ച ബോധവും അതുവഴി വിശ്വാസിക്ക് കിട്ടുന്ന ധൈര്യവും മനക്കരുത്തുമൊക്കെ പറഞ്ഞറിയിക്കാനാവാത്തതാണ്.

അല്ലാഹു അടിമക്ക് മതിയായവനാണെന്നും അവനിലാണ് ഭരമേൽപിക്കേണ്ടതെന്നും (39:36), (3:73); ദുഖിക്കേണ്ട, ഭയപ്പെടേണ്ട അല്ലാഹു കൂടെയുണ്ടെന്നുമുള്ള (9:40), (20:46) വിശുദ്ധ ക്വുർആനിന്റെ പാഠങ്ങൾ മുസ്‌ലിമിന് നൽകുന്ന നിർഭയത്വവും സമാധാനവും ശാന്തിയും സുരക്ഷിതത്വബോധവുമൊക്കെ എത്രയോ വലുതാണ്!

പ്രാർഥനയും സഹായതേട്ടവും സഹായാഭ്യർഥനയും അഭയതേട്ടവും രക്ഷാതേട്ടവും പാപമോചന പ്രാർഥനയുമൊക്കെ കേൾക്കാനും ഉത്തരം ചെയ്യാനും കഴിവുള്ള അല്ലാഹുവോട് മാത്രമെ ഞാൻ പ്രാർഥി ക്കുകയുള്ളൂ എന്നും അവന്റെ മുന്നിൽ മാത്രമെ തലകുനിക്കുകയും സുജൂദിൽ വീഴുകയുമുള്ളൂ എന്നും പ്രതിജ്ഞ ചെയ്യുക എന്നത് വിശ്വാസിക്ക് നൽകുന്ന ആത്മാഭിമാനം ചെറുതല്ല.

ലോകാവസാനംവരെയുള്ള മനുഷ്യർക്ക് നന്മ-തിന്മകൾ വേർതിരിച്ച് വ്യക്തമാക്കി കൊടുക്കുവാനും ദൈവിക കൽപനകളനുസരിച്ച് ജീവിച്ച് കാണിക്കുവാനും അല്ലാഹു അയച്ച അല്ലാഹുവിന്റെ നബിﷺയുടെ അനുയായിയായ മുസ്‌ലിമാണെന്ന് പ്രഖ്യാപിക്കുകയും ആ നബിയിലൂടെ അല്ലാഹു അവതരിപ്പിച്ച മാർഗദർശക ഗ്രന്ഥമായ വിശുദ്ധ ക്വുർആനിനെ നെഞ്ചോട് ചേർത്ത് വെക്കുകയും ചെയ്യുന്ന മുസ്‌ലിമിന് ലഭിക്കുന്ന മനഃസംതൃപ്തി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

“മനുഷ്യവംശത്തിനുവേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങൾ...’’(3:100), “അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സൽകർമം പ്രവർത്തിക്കുകയും തീർച്ചയായും ഞാൻ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാൾ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്’’ (4:33).

“നിങ്ങൾ ദൗർബല്യം കാണിക്കുകയോ ദുഃഖിക്കുകയോ ചെയ്യരുത്; നിങ്ങൾ വിശ്വാസികളാണെങ്കിൽ നിങ്ങൾ തന്നെയാണ് ഉന്നതൻമാർ’’ (3: 139).

“വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തിൽ അന്യായം (ശിർക്ക്) കൂട്ടിക്കലർത്താതിരിക്കുകയും ചെയ്തവരാരോ അവർക്കാണ് നിർഭയത്വമുള്ളത്. അവർ തന്നെയാണ് നേർമാർഗം പ്രാപിച്ചവർ’’ (6:82). അല്ലാഹുവിനും അവന്റെ ദൂതന്നും സത്യവിശ്വാസികൾക്കുമാകുന്നു പ്രതാപം’’(63:8). “തീർച്ചയായും വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർ തന്നെയാകുന്നു സൃഷ്ടികളിൽ ഉത്തമർ’’ (98:7).

“ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവർക്ക് യാതൊന്നും ഭയപ്പെടാനില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല’’ (46:13).

വിശുദ്ധ ക്വുർആനിലെ മേൽ വചനങ്ങൾ ഒരാവർത്തി ശ്രദ്ധിച്ച് വായിക്കുന്ന ഒരു മുസ്‌ലിമിന് തെല്ലും അപകർഷബോധമോ നിരാശയോ ഉണ്ടാകില്ലെന്ന് മാത്രമല്ല അഭിമാനബോധവും തനിക്ക് സന്മാർഗം നൽകി അനുഗ്രഹിച്ച അല്ലാഹുവിനോടുള്ള കൃതജ്ഞതയും മനസ്സിൽ നിറഞ്ഞു നിൽക്കുകയും ചെയ്യും.

മാത്രമല്ല, അത് നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത കൈക്കൊള്ളുന്നതോടൊപ്പം പ്രാർഥിച്ചും മാതൃകാ വിശ്വാസിയായി ജീവിച്ചും സ്രഷ്ടാവിന്റെ മുന്നിൽ അവൻ കൂടുതൽ വിനീതനാവും.

“ഞങ്ങളെ ഇതിലേക്ക് നയിച്ച അല്ലാഹുവിന് സ്തുതി. അല്ലാഹു ഞങ്ങളെ നേർവഴിയിലേക്ക് നയിച്ചി രുന്നില്ലെങ്കിൽ ഞങ്ങളൊരിക്കലും നേർവഴി പ്രാപിക്കുമായിരുന്നില്ല’’ (ക്വുർആൻ 7:43).