കെ. എം മൗലവി; നവോത്ഥാന - സ്വാതന്ത്ര്യ സമര രംഗങ്ങളിലെ കെടാവിളക്ക്

മൂസ സ്വലാഹി കാര

2024 ഒക്ടോബർ 12, 1446 റ. ആഖിർ 09

സ്വാതന്ത്ര്യ സമര സേനാനി, സാമുദായിക രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരൻ, മുസ്‌ലിം ഐക്യസംഘം കാര്യദർശി, ഇസ്‌ലാഹീ പ്രസ്ഥാന സ്ഥാപക പ്രസിഡൻ്റ്, മാധ്യമ പ്രവർത്തകൻ, പുസ്തക രചയിതാവ്, ക്വുർആൻ വ്യാഖ്യാന ഗ്രന്ഥരചനയിലെ സഹായി, ആധുനിക മദ്‌റസാ സംവിധാനങ്ങളുടെ ശിൽപി, യത്തീംഖാന സ്ഥാപകൻ, അറബിക് കോളജുകളുടെ തുടക്കക്കാരൻ... ഇങ്ങനെ അനേകം വിശേഷണങ്ങളുടെ ഉടമയാണ് കെ.എം മൗലവി. സത്യത്തിൻ്റെ മാർഗത്തിൽ പടവെട്ടിയതിനാൽ അദ്ദേഹം ഇന്നും വിമർശിക്കപ്പെടുന്നു.

വിശ്വാസ ജീർണതയിലും അന്ധവിശ്വാസങ്ങളിലും കഴിഞ്ഞുകൂടിയിരുന്ന സമൂഹത്തിൽ നവോത്ഥാനത്തിന്റെ തിരി തെളിയിക്കുകയും അതിനെ ജ്വലിപ്പിക്കുകയും ചെയ്ത മഹാപണ്ഡിതനും പരിഷ്‌കർത്താവുമാണ് കെ.എം മൗലവി(റഹ്) എന്നത് ഒരു നൂറ്റാണ്ടിനിപ്പുറവും ലോകം വായിച്ചുകൊണ്ടിരിക്കുകയാണ്. വളരെ നിർണായകവും അനിവാര്യവുമായ ഘട്ടത്തിൽ മത-സാമൂഹിക രാഷ്ട്രീയ മേഖലകളിൽ മൗലവി ഇടപെട്ടതും അതിന്റെയെല്ലാം വെൺമയ്ക്കായി അദ്ദേഹം കഠിനമായി പ്രയത്‌നിച്ചതും ശ്ലാഘനീയമായ പ്രവർത്തനമായിരുന്നു എന്നത് ചരിത്രത്തെ സത്യസന്ധമായി വായിച്ചവരും പിന്തുടർന്നവരും സംശയിക്കാതെ ഉൾക്കൊണ്ട കാര്യമാണ്.

നവോത്ഥാനത്തിന്റെ നാമ്പൊടിക്കാൻ തുനിഞ്ഞവരെയും സത്യത്തിനെതിരെ സമരം പ്രഖ്യാപിച്ചവരെയും സമുദായ ഉന്നമനത്തിനുവേണ്ടി പരിശ്രമിച്ചവരുടെ കൂട്ടത്തിൽ പെടുത്താൻ പലരും മരണപ്പാച്ചിൽ നടത്തുകയാണിന്ന്. ഗതകാല സംഭവ ചരിത്രത്തിൽ കൃത്രിമം കാണിച്ച് ഇങ്ങനെ അവകാശപ്പെടുന്നത് എത്ര വലിയ അപരാധമാണ്! വിമർശനങ്ങളെ വിവേകത്തോടെ നേരിട്ടും ആക്ഷേപങ്ങൾക്ക് നേരെ ആക്രോശിക്കാതെയും വിശ്വാസ-ആചാര വിഷയങ്ങളിൽ പ്രാമാണിക നിലപാടെടുത്തുമാണ് മൗലവി തന്റെ മുന്നേറ്റങ്ങളെ വിജയത്തിലേക്കെത്തിച്ചത്.

ശിയാ-സൂഫിസങ്ങളുടെ കടന്നുവരവും ത്വരീക്വത്തുകൾക്ക് അടിമപ്പെടലും വിവിധ പേരുകളിലുള്ള മാലപ്പാട്ടുകൾ, പക്ഷിപ്പാട്ട്, കുറത്തിപ്പാട്ട് പോലുള്ള കള്ളക്കഥകളുടെ പാട്ടുരൂപങ്ങളുടെ വ്യാപനവും ശൈഖ്-മുരീദ് കളികളും കൊണ്ട് മതരംഗം ജീർണിച്ച കാലമാണത്. മത-ഭൗതിക വിദ്യാഭ്യാസം, സാമൂഹികം, രാഷ്ട്രീയം, കുടുംബം എന്നീ മേഖലകളിലും വേണ്ടവിധം വെളിച്ചം വീശാത്ത കാലം.

അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇരുൾ പരന്ന ആ അന്തരീക്ഷം നീങ്ങുകയും പ്രകാശം പരക്കുകയും ചെയ്ത കാഴ്ച കണ്ടുകൊണ്ടാണ് മൗലവി ഇഹലോക ജീവിതം വെടിഞ്ഞത്. അത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഒരു അഭിലാഷവുമായിരുന്നു.

അല്ലാഹു പറയുന്നു: “അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളിൽനിന്ന് അവൻ പ്രകാശത്തിലേക്ക് കൊണ്ടുവരികയും നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു’’ (ക്വുർആൻ 5:16).

മതവിദ്യാഭ്യാസ രംഗത്ത് പുത്തൻ ഉണർവിന് തുടക്കമിട്ട ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിക്ഷണത്തിൽ വളർന്ന മൗലവിയുടെ കുടുംബ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ മഹാനായ ഉമർ മൗലവി(റഹ്)യുടെ വാക്കുകളിൽനിന്ന് നമുക്ക് വായിക്കാം:

“മതവിദ്യാഭ്യാസ രംഗത്ത് ഒരു നവോത്ഥാന നായകനായി മൗലാനാ ചാലിലകത്ത് രംഗപ്രവേശം ചെയ്തതോടെയാണ് അദ്ദേഹം ചരിത്രത്തിന്റെ ഭാഗമാകുന്നത്. വാഴക്കാട് അദ്ദേഹത്തിന്റെ ദാറുൽ ഉലൂം മദ്‌റസ ഇസ്‌ലാഹീ പ്രസ്ഥാന പ്രവർത്തനങ്ങൾക്ക് വിത്തുപാകാൻ ഉഴുതുമറിച്ച ഒരു പാടശേഖരമായി ഭവിച്ചു. സലഫീ പ്രസ്ഥാനത്തിന്റെ പടനായകന്മാരുടെ നായകനായ കെ.എം മൗലവി ഈ മദ്‌റസയിൽനിന്നും പഠിച്ചു. പ്രിയ ശിഷ്യനായിരുന്നപ്പോൾ ഗുരുവിന്റെ എഴുത്തുകാരനായി ‘കാത്തിബ്’ എന്ന പേരിൽ അറിയപ്പെട്ടു. മൗലാനയുടെ മകളെ വിവാഹം ചെയ്തു.

ഇ.കെ. മൗലവി, ഇ. മൊയ്തു മൗലവി തുടങ്ങിയ പ്രഗത്ഭ നേതാക്കൾ വാഴക്കാട് മദ്‌റസയിലെ വിദ്യാർത്ഥികളും കെ.എം. മൗലവിയുടെ സതീർത്ഥ്യരുമായിരുന്നു. മൗലാനയുടെ പുത്രന്മാർ എം.സി.സി. അഹ്‌മദ് മൗലവി, എം.സി.സി. അബ്ദുറഹ്‌മാൻ മൗലവി, എം.സി.സി.ഹസൻ മൗലവി എന്നിവർ ഒന്നിനൊന്ന് മെച്ചപ്പെട്ട പണ്ഡിതന്മാരായി ശോഭിച്ചു. എം.സി.സി. അബ്ദുറഹ്‌മാൻ മൗലവി ഇസ്‌ലാഹീ പ്രവർത്തനങ്ങളിൽ അതീവ ബുദ്ധിശാലിയും ആസൂത്രകനും കെ.എം. മൗലവിയുടെ സന്തത സഹചാരിയുമായിരുന്നു. പുളിക്കൽ മദീനത്തുൽ ഉലൂം അറബിക്കോളേജിനെക്കുറിച്ച് ഓർക്കുന്നതുതന്നെ എം.സി.സി. മൗലവി എന്ന പേരിൽ നിന്നാണ്. ആദ്യഘട്ടത്തിൽ സുന്നി മുസ്‌ലിയാക്കളിൽ വൻതോക്കുകളായിരുന്ന പലരുമായി വാദപ്രതിവാദങ്ങൾക്ക് നിർബന്ധിതമായ ഘട്ടങ്ങളിലെല്ലാം അതിന്റെ ചുക്കാനായി എം.സി. സി.അബ്ദുറഹ്‌മാൻ മൗലവി തന്നെയാണ് രംഗത്തു വന്നത്. മൗലാനയുടെ ശിഷ്യന്മാരും പുത്രന്മാരും ചേർന്നപ്പോൾ കേരളത്തിൽ ഇസ്‌ലാഹീ പ്രസ്ഥാനം വിജയഗാഥയുമായി മുന്നോട്ടു ഗമിച്ചു’’ (ഓർമകളുടെ തീരത്ത്/പേജ് 93,94).

പിഴച്ച വിശ്വാസങ്ങളുടെ പ്രചാരണത്തിനും നവോത്ഥാന മുന്നേറ്റങ്ങൾക്ക് തടസ്സം തീർക്കാനും വരക്കൽ മുല്ലക്കോയ തങ്ങളും പാങ്ങിൽ മുസ്‌ലിയാരും ഒന്നിച്ചുണ്ടാക്കിയ സമസ്തയുടെ പാരമ്പര്യത്തിൽ ചാലിലകത്തിനെ കെട്ടിയിടാൻ പലരുമിന്ന് കിണഞ്ഞ് പരിശ്രമിച്ചുവരുന്നുണ്ട്.

പല പേരുകളിലും മൗലവിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും രചനകളും സമൂഹത്തിൽ നടന്നിട്ടുണ്ട്. ആരായിരുന്നു കെ.എം മൗലവി(റഹ്) എന്ന ചോദ്യത്തിനുള്ള തികഞ്ഞ ഉത്തരം ഇത്തരം വിശാല അന്വേഷണങ്ങളിളെല്ലാം നിറഞ്ഞ് നിൽക്കുന്നുണ്ട്. ഒട്ടേറെ സംഭവങ്ങൾ കോർത്തിണക്കി ‘കെ.എം മൗലവി ഒരു പാഠപുസ്തകം’ എന്ന പേരിൽ അഹമ്മദ് കുട്ടി ഉണ്ണികുളം എഴുതിയതും നിലവിൽ കേരള മുസ്‌ലിം ലീഗ് പ്രസിഡന്റായ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ ആമുഖത്തോടെ 2024 മെയ് മാസത്തിൽ പുറത്തിറക്കിയതുമായ ഗ്രന്ഥം അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. സാദിഖലി തങ്ങൾ ആമുഖത്തിൽ ഇതിനെ വിശേഷിപ്പിച്ചത് ‘ഇതൊരു പുസ്തകമല്ല, പാഠപുസ്തകമാണ്’ എന്നാണ്.

പ്രസ്തുത ഗ്രന്ഥത്തിൽ കെ.എം മൗലവിയെ അഹമ്മദ് കുട്ടി സാഹിബ് പരിചയപ്പെടുത്തുന്നത് കാണുക: “കെ.എം മൗലവി സാഹിബിന്റെ ചരിത്രം ജീവിതവിജയം ലക്ഷ്യമാക്കുന്ന എല്ലാ മനുഷ്യർക്കും ഒരു പാഠമാണ്. ഓരോരുത്തർക്കും മാതൃകയാക്കാവുന്ന പാഠപുസ്തകമാണത്. മന്ദമാരുതനായും കൊടുങ്കാറ്റായും ആ ജീവിതത്തെ കാണാം. ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിന്റെ കേരള ഉപാധ്യക്ഷൻ, പഴയകാല കോഴിക്കോട് ജില്ലാ ലീഗിന്റെ വൈസ് പ്രസിഡന്റ്, സ്വാതന്ത്ര്യസമര സേനാനി, ചന്ദ്രികയുടെ തുടക്കത്തിന്റെ ഫോർമുല അവതാരകൻ, മാതൃഭൂമി പത്രത്തിന് ഷെയർ ചേർക്കാൻ മുന്നിൽ നടന്നയാൾ, അൽമുർശിദ് മാസികയിലൂടെയും അൽമനാറിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും സമുദായത്തിനും സമൂഹത്തിനും വഴികാട്ടി. കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്, തിരൂരങ്ങാടി യത്തീംഖാന സ്ഥാപകൻ, കേരള നദ്‌വത്തുൽ മുജാഹിദീൻ പ്രഥമ പ്രസിഡന്റ്, മുസ്‌ലിം ഐക്യസംഘത്തിന്റെ ശിൽപി, റൗദതുൽ ഉലൂം അറബിക് കോളേജ്, സുല്ലമുസ്സലാം അറബിക് കോളേജ്, മദീനത്തുൽ ഉലൂം അറബിക് കോളേജ് എന്നിവയുടെ ചാലകശക്തി, മദ്‌റസ പ്രസ്ഥാനത്തിന് പുതിയ ദിശ നൽകിയ പരിഷ്‌കർത്താവ്, ഫാറൂഖ് കോളേജ് പോലെ അനേകം സ്ഥാപനങ്ങൾക്ക് പിന്നിലെ ശക്തിസ്രോതസ്സ്, അമാനി മൗലവിയുടെ ഖുർആൻ വ്യാഖ്യാനത്തിന് ഒപ്പം സഞ്ചരിച്ചയാൾ, സർവ്വോപരി നവോത്ഥാന നായകൻ. അങ്ങനെ 78 വർഷത്തെ ജീവിതം സാർത്ഥകമാക്കിയ മഹാമനീഷിയാണ് മൗലവി സാഹിബ്. ഇന്ത്യൻ സ്വതന്ത്ര്യസമര ചരിത്രത്തിലെ അത്യുജ്ജ്വലമായ അധ്യായമായി; മലബാർ സ്വാതന്ത്ര്യസമരത്തിലെ നടുറോഡിലെ പോരാളിയായി അദ്ദേഹം’’ (പേജ് 15).

വിമർശകരുടെ നാവിൽനിന്നോ തൂലികയിൽനിന്നോ മൗലവിയെ മനസ്സിലാക്കുക എന്നതിൽനിന്ന് മാറി അദ്ദേഹത്തിന്റെ സഹചാരികളുടെയും സഹയാത്രികരുടെയും അനുഭവങ്ങളിൽനിന്ന് അടുത്തറിയാൻ ശ്രമിക്കുക എന്നതാണ് കബളിപ്പിക്കലിൽ കുടുങ്ങാതിരിക്കാനും വഞ്ചിക്കപ്പെടാതിരിക്കാനും ആർക്കും നല്ലത്.

പി.കെ. മൂസ മൗലവി(റഹ്) 1983ൽ എഴുതിയത് കാണുക: “കൗമാരം മുതൽക്കെ സതീർത്ഥ്യരായിരുന്നു ഞാനും മർഹൂം കെ.എം മൗലവി സാഹിബും. അന്നുതൊട്ട് ഞങ്ങൾ ഒന്നിച്ചു പഠിച്ചുവളർന്നു; അൽ ഉസ്താദ് മൗലാനാ കുഞ്ഞഹമ്മദ് ഹാജി മർഹൂം അവർകളുടെ ശിക്ഷണത്തിൽ. അക്കാലംവരെ പഴയ മലബാറിന്നജ്ഞാതമായിരുന്ന ശാസ്ത്രീയമായൊരു സിലബസ് അടിസ്ഥാനമാക്കിക്കൊണ്ട് മദ്രസാ പ്രസ്ഥാനം ഉസ്താദ് ആരംഭിച്ചു. മുസ്‌ലിം കേരളത്തിന്റെ നവോത്ഥാനത്തിനുള്ള ആദ്യത്തെ കുതിച്ചുചാട്ടം അതായിരുന്നുവെന്നാണ് എന്റെ എളിയ വിശ്വാസം. ഉസ്താദിനു ശേഷം മദ്രസകളും ഇസ്വ്‌ലാഹി പ്രസ്ഥാനവുമായി ഞങ്ങൾ മുന്നേറി; വിജയിച്ചു. അൽഹംദുലില്ലാഹ്. ഈ അവസരത്തിൽ കേരള മുസ്‌ലിംകളുടെ ഐഹികവും പാരത്രികവുമായ വിജയം ലക്ഷ്യംവെച്ചുകൊണ്ട് ത്യാഗപൂർണ്ണമായ സേവനങ്ങളർപ്പിച്ച സഹപ്രവർത്തകരെ ഇവിടെ അനുസ്മരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.

കാത്തിബ് എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന കെ.എം.മൗലവി സാഹിബിനെ സമൂഹത്തിന് വിസ്മരിക്കാനെളുപ്പമല്ല. ഞാൻ ഇത് ഭംഗിവാക്കു പറയുകയല്ല. ഈ കൊച്ചുകേരളത്തിൽ പ്രതിഭാശാലിയായ മൗലവി സാഹിബ് ജീവിച്ചിരുന്നുവെന്ന് അദ്ദേഹം തന്നെ തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. പൊതുരംഗത്തിറങ്ങിയ ബാല്യകാലം മുതൽ വാർദ്ധക്യസഹജമായ രോഗംമൂലം മരിക്കുന്നതുവരേക്കും ജീവൽ പ്രധാനമായ എല്ലാരംഗങ്ങളിലും പ്രവർത്തിക്കുവാനും വ്യക്തിമുദ്ര പതിപ്പിക്കുവാനും സർവശക്തനായ അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിച്ചിട്ടുണ്ട്’’ (കെ.എം മൗലവി ജീവചരിത്രം/പേജ് 13,14).

ഇ.മൊയ്തു മൗലവി അദ്ദേഹത്തെപ്പറ്റി ഓർത്തെഴുതിയത് വായിക്കാം: “ജനാബ് കെ.എം മൗലവി സാഹിബ് എന്റെയൊരു സതീർഥ്യനും സഹപ്രവർത്തകനുമെന്നതിനെക്കാളുപരി ഞാൻ അദ്ദേഹത്തിന്റെ കൂടെ പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നു എന്നു പറയുന്നതായിരിക്കും കൂടുതൽ ശരി. കാരണം അദ്ദേഹം പ്രായത്തിലും പാണ്ഡിത്യത്തിലും എന്നെക്കാളും ഉന്നതശീർഷനായി വിരാജിച്ചിരുന്നു. ശൈഖുനാ മുഹമ്മദു മാഹിൻ ഹമദാനി തങ്ങൾ(മർഹൂം), റഈസുൽ മുസ്‌ലിഹീൻ വക്കം, എം. മുഹമ്മദ് അബ്ദുൽ ഖാദിർ മൗലവി(മർഹൂം) എന്നീ പണ്ഡിത നേതാക്കളുമായി കെ.എം. മൗലവി സാഹിബ് സമ്പർക്കം പുലർത്തിയത് കൊടുങ്ങല്ലൂർ നിവാസകാലത്തായിരുന്നു. അക്കാലം മുതൽക്കാണ് ഒരു പഴഞ്ചൻ മുദർരിസായിരുന്ന തയ്യിൽ മുഹമ്മദുകുട്ടി മുസ്‌ല്യാർ കെ.എം. മൗലവി എന്ന വിവാദപുരുഷനും വിപ്ലവകാരിയുമായി മാറിയത്’’(പേജ് 16).

എൻ.വി അബ്ദുസ്സലാം മൗലവി 1985ൽ വ്യക്തമാക്കിയത് കാണുക: “ജ:കെ.എം മൗലവി സാഹിബിനെ പോലെ അല്ലാഹുതആലാക്ക് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്ത മഹാൻ നമുക്കിടയിൽ വിലാപനീയമാം വിധം വിരളമാണ്. വിവിധ ആശയക്കാരും നാനാവിധ സ്വഭാവക്കാരും (വ്യക്തിപരമായി എത്രതന്നെ അഭിപ്രായ വ്യത്യാസമുള്ളവരായാലും) ജ: കെ.എം മൗലവി സാഹിബിനെ മനസ്സാ ആദരിച്ചിരുന്നു. സത്യം പറയുന്നതിൽ താല്പര്യമില്ലാത്തവരും സ്വാർത്ഥത്തിന്നു വേണ്ടി ജീവിക്കുകയും ചെയ്തിരുന്ന ചിലർ മൗലവി സാഹിബിനെ ഇടിച്ചുതാഴ്ത്താൻ ബോധപൂർവം ശ്രമിച്ചിരുന്നു; പക്ഷേ, പരാജയപ്പെട്ടുവെന്നതിന്നു കാലം സാക്ഷിയത്രെ’’ (പേജ് 21,22).

മത, സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളിൽ മൗലവി നടത്തിയ വിലമതിക്കാനാകാത്ത ഉത്കൃഷ്ട പ്രവർത്തനങ്ങൾക്ക് അല്ലാഹുവിന്റെ യഥാർഥ അടിമകളുടെ പ്രാർഥനയായ ‘ധർമനിഷ്ഠ പാലിക്കുന്നവർക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരുമാകുന്നു അവർ’ (25:74) എന്നതിന്റെ ഫലം കൂടി തെളിയിക്കുന്നതാണ് ഇത്തരം അംഗീകാരങ്ങൾ.

ആരോപണങ്ങളുടെ ആരംഭം

അന്ധവിശ്വാസങ്ങളുടെ അനുയായികളും നവോത്ഥാന മുന്നേറ്റങ്ങളുടെ മുടക്കികളുമായിട്ടുള്ള പുരോഹിതന്മാർ തന്നെയാണ് മൗലവിയുടെ എതിരാളികളായി എല്ലായ്‌പ്പോഴും ഉണ്ടായിട്ടുള്ളത്. സമസ്തയുടെ സ്ഥാപക നേതാവായിരുന്ന പാങ്ങിൽ അഹമ്മദ് കുട്ടി മുസ്‌ലിയാർ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പിന്നാലെ നടന്ന് ആരോപണങ്ങളുടെ ഉദ്ഘാടനം അക്കാലത്ത് തന്നെ നിർവഹിച്ചു. പാങ്ങിലിന്റെ പോരിശയായി മുസ്‌ലിയാക്കന്മാർ എഴുതിത് കാണുക: “1920 കൾക്കു ശേഷം കേരളത്തിൽ പ്രത്യക്ഷപ്പെട്ട ബിദ്അത്തിന്റെ വിഷബീജങ്ങൾക്കെതിരെ തന്റെ നാവും തൂലികയും ഉപയോഗിച്ച് ഉസ്താദ് പ്രതിരോധിച്ചു. പുത്തൻവാദികളായ മൗലവിമാർ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നിടത്ത് ക്യാമ്പ് ചെയ്ത് പ്രഭാഷണങ്ങൾ നടത്തി അഹ്‌ലുസ്സുന്നത്തിന്റെ ആശയങ്ങൾ ഊട്ടിയുറപ്പിക്കുന്ന ശൈലിയായിരുന്നു മഹാനവർകളുടേത്’’(പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്‌ലിയാർ/പേജ് 77).

“പുത്തൻ വാദികളുടെ പേടിസ്വപ്‌നമായിരുന്നു പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്‌ലിയാർ. ആ നാമം കേട്ടാൽ ഈ കക്ഷികൾ പേടിച്ച് വിറച്ചിരുന്നു. അവർ വിഷവിത്തുകൾ വിതച്ചിടത്തെല്ലാം ചെന്ന് പ്രഭാഷണം നടത്തിയ മഹാനാണ് അവരുടെ ശക്തി കുറച്ചത്. മൗലവിമാർ പ്രഭാഷണം നടത്തിയേടത്തെല്ലാം മഹാൻ ഓടിയെത്തി. അവർ എഴുതിയ ലഘുലേഖകൾക്കുടൻ മറുപടി നൽകി. അവർക്കെതിരെ പരസ്യമായി വാദപ്രതിവാദത്തിനിറങ്ങി’’ (അതേ പുസ്തകം, പേജ് 79).

മുസ്‌ലിയാരും പരിവാരങ്ങളും എടുത്തുചാടിയിരുന്നത് മൗലവിയുടെ പ്രവർത്തനങ്ങൾക്ക് നേരെയായിരുന്നെങ്കിലും യഥാർഥത്തിൽ മതനിയമങ്ങളെ വെട്ടിനിരത്താനും മതപ്രമാണങ്ങളെ ചോദ്യം ചെയ്യാനുമാണ് അതിലൂടെ അവർ മുതിർന്നത്. ആദർശമുഖം ആർക്ക് മുമ്പിലും തുറന്നുകാട്ടിയാണ് മൗലവി അന്ധവിശ്വാസങ്ങളെ ചെറുത്തതും സാമൂഹിക-രാഷ്ട്രീയ ഉന്നമനത്തിന് ചുക്കാൻ പിടിച്ചതും.

സമസ്ത പരമ്പരയിൽ അന്നുതന്നെ പ്രസിദ്ധരായിരുന്ന എത്രയോ മുസ്‌ലിയാക്കന്മാരും നേതാക്കന്മാരും മൗലവിയുടെ മുന്നേറ്റങ്ങളിൽ സന്തോഷിച്ചതും അതിനെ നന്നായി പ്രശംസിച്ചതും അത്ഭുതാവഹമായ കാര്യമല്ലേ! ഓർത്തിരിക്കേണ്ട ആ ചരിത്ര ഭാഗം കൂടി വായിക്കാം:

“അതുകൊണ്ടാവാം അക്കാലത്തെ സുന്നി പണ്ഡിത പ്രമുഖരിൽ പലരും അല്ലാത്ത ആശയക്കാരും മൗലവി സാഹിബിന്റെ ഉറ്റമിത്രങ്ങളായത്. സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങളും പാണക്കാട് പൂക്കോയ തങ്ങളും തുടങ്ങി ധാരാളം സഹയാത്രികർ. ഖുത്വുബി, പറവണ്ണ, കാടേരി മുഹമ്മദ് മൗലവി, വൈത്തല അഹമ്മദ് കുട്ടി മുസ്‌ല്യാർ, ഇസ്സുദ്ദീൻ മൗലവി, വി.പി മുഹമ്മദലി ഹാജി തുടങ്ങിയവരെല്ലാം ഉറ്റ സുഹൃത്തുക്കൾ. വാതരോഗം ബാധിച്ച് കിടപ്പിലാകുന്നതിനു തൊട്ടുമുമ്പ് വൈത്തലയോടൊപ്പമാണ് തിരൂരങ്ങാടിയിൽ അവസാനമായി ചുറ്റി നടന്നത്. കെ.എം മൗലവിയുടെ പ്രതിപക്ഷ ചേരിയിൽ നിന്നു കൊണ്ട് അടരാടിയ ആളായിരുന്നു വൈത്തല. ചരിത്രപുരുഷൻ വിടപറഞ്ഞപ്പോൾ വിലാപകാവ്യം എഴുതിയതും വൈത്തല തന്നെ.

സുന്നി വിഭാഗങ്ങളിലെ പ്രസിദ്ധ പണ്ഡിതരായിരുന്ന കെ.മൂസാൻകുട്ടി മൗലവി, കെ.കോയക്കുട്ടി മൗലവി തുടങ്ങിയവരും ഉറ്റചങ്ങാതിമാരായിരുന്നു. ഒരു ദേശീയ മുസ്‌ലിം സഹോദരൻ തിരൂരങ്ങാടിയിലെ നടുവിലെ പള്ളിയിൽ വെച്ച് മൗലവി സാഹിബിനെ പരിഹസിക്കുന്നതും അതു കേട്ട് പുഞ്ചിരിച്ചു നിൽക്കുന്ന മൗലവിയെയും മൂസാൻകുട്ടി മൗലവി കാണാനിടയായി. അതിശക്തമായ ഭാഷയിൽ ദേശീയ നേതാവിനെ മൂസാൻകുട്ടി മൗലവി ശകാരിച്ചു. മേലിൽ ആവർത്തിച്ചുപോകരുതെന്നു താക്കീതും നൽകി. കെ.എം മൗലവി വിടപറഞ്ഞപ്പോൾ കേരള മുസ്‌ലിം നേതാവായിരുന്ന സയ്യിദ് അബ്ദുർറഹ്‌മാൻ ബാഫഖി തങ്ങൾ പത്രപ്രസ്താവന മുഖേന മയ്യിത്ത് നമസ്‌കരിക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ചിരുന്നു’’ (കെ.എം മൗലവി ഒരു പാഠപുസ്തകം/പേജ് 18).

ചാലിലകത്തിന് തന്റെ മകളെ മൗലവിക്ക് വിവാഹം ചെയ്തുകൊടുക്കാൻ താൽപര്യമുണ്ടെന്നത് അദ്ദേഹത്തേട് ആദ്യം പറഞ്ഞത് ഖുത്ബി മുസ്‌ലിയാരാണ് എന്നതും മൗലവിയുടെ ശിഷ്യനായ പറവണ്ണ കെ.പി മൊയ്തീൻ കുട്ടി മുസ്‌ലിയാർ പള്ളിയിലേക്ക് കയറിവന്ന ഉസ്താദിനെ കണ്ട് ചാടി എഴുന്നേറ്റ് അത്യധികം ബഹുമാനം പ്രകടിപ്പിച്ചതും വസ്തുതയാണ്. പുരോഹിതന്മാരാൽ മൗലവിക്ക് ‘ലഅ്‌നതുല്ലാഹി’ (അല്ലാഹുവിന്റെ ശാപം) കൽപിക്കപ്പെട്ട കാലമായിരുന്നു അത് എന്ന കാര്യം ഓർക്കുക.

കെ.എം മൗലവിയെ അരിശം തീരാതെ ശകാരിക്കുന്ന പുതിയകാല മുസ്‌ലിയാക്കന്മാർ പറയുക; അദ്ദേഹത്തിന് അന്ന് ആശീർവാദമോതിയവരും അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖിച്ചവരുമായ അന്നത്തെ സുന്നി പണ്ഡിതന്മാരെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? അവർ പുത്തൻവാദിക്ക് പട്ടുവിരിച്ച് കൊടുത്തവരായിരുന്നുവെന്ന് നിങ്ങൾ പറയുമോ? ആ മുസ്‌ലിയാക്കന്മാർക്കും നിങ്ങൾ മതഭ്രഷ്ട് കൽപിക്കുമോ?

ആക്ഷേപങ്ങളുടെ അങ്ങേയറ്റം

സമസ്തക്കാർ പാങ്ങിലിന്റെ പാതയിലൂടെ പായുന്നവരായതിനാൽ സത്യത്തിനു നേരെ വെറുപ്പിന്റെ കൂരമ്പുകൾ എയ്ത് വിടുക എന്നത് അവർക്ക് പകർന്നുകിട്ടിയ ദുശ്ശീലമാണ്. അത് അവസാനിപ്പിച്ചാൽ പിന്നെ അവർ സമസ്തക്കാരാകില്ലല്ലോ. പണ്ടുതൊട്ടേ തുടങ്ങിയ എതിർപ്പുകളുടെ കാരണവും ലക്ഷ്യവും എന്തായിരുന്നെന്ന് വ്യക്തമാക്കുന്ന, പി.കെ മൂസ മൗലവിയുടെ വാക്കുകൾ കൂടി വായിക്കാം:

“പരമ്പരാഗതമായി ആചരിച്ചു ശീലിച്ചു പോന്ന പ്രവൃത്തികൾ മതദൃഷ്ട്യാ നിലനിൽപ്പുള്ളതല്ലെന്നു വ്യക്തമായപ്പോൾ മർക്കടമുഷ്ടിയില്ലാത്തവർ അവയെ പരിത്യജിക്കുകയും മതപരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വീകാര്യമായത് മുറുകെ പിടിക്കുകയും ചെയ്തു. അനാചാരപാലകരായ മറ്റൊരു വിഭാഗം തങ്ങളുടെ സ്വാർഥ താൽപര്യങ്ങൾ പരിരക്ഷിക്കുവാനായി ഈ പരിഷ്‌കർത്താക്കളെ ജനങ്ങൾക്കിടയിൽ വിലയിടിച്ചുകാണിക്കാനായി, നീചാൽ നീചമായ എല്ലാ പ്രചരണ മാർഗങ്ങളും സ്വീകരിച്ചു. ശുദ്ധഗതിക്കാരായ സാധാരണക്കാരെ ഇളക്കിവിടാനുതകുന്ന കള്ളക്കഥകളും മതഭ്രഷ്ടും അക്കൂട്ടത്തിൽ പെട്ടവയാണ്’’ (കെ.എം മൗലവി ഒരു പാഠപുസ്തകം/പേജ് 13).

മൗലവിയുടെ പ്രയോഗങ്ങളിലെ ദീർഘവീക്ഷണം നാം കാണാതെ പോകരുത്. ‘നീചാൽ നീചമായ’ എന്ന വിശേഷണം അക്ഷരാർഥത്തിൽ പുലർന്നിരിക്കുകയാണിപ്പോൾ. വിദ്വേഷത്തിന്റെ ആൾരൂപങ്ങളായി മാറിയ ചില മുസ്‌ലിയാക്കന്മാർ എഴുതിവിടുന്നതും പ്രസംഗിക്കുന്നതുമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കെ.എം മൗലവി എന്തൊെക്കയോ വലിയ കുഴപ്പങ്ങളാണിവിടെ ഉണ്ടാക്കിയിട്ടുള്ളത് എന്നാണ് തോന്നുക. പഴകിത്തേഞ്ഞ നുണകളെ പൊടിതട്ടിയെടുത്തെഴുതി സംതൃപ്തിയടയാൻ ശ്രമിക്കുകയാണ് അത്തരക്കാർ:

“അദ്ദേഹം സമൂഹത്തിൽ പ്രസരിപ്പിച്ച ആശയദുഷിപ്പുകളും അവാന്തര ചിന്തയും സമുദായത്തെ മാത്രമല്ല സ്വന്തം പിന്മുറക്കാരെയും ശ്ലഥവും ശിഥിലവുമാക്കിയ പശ്ചാത്തലത്തിൽ വിശേഷിച്ചും മൗലവിയെക്കുറിച്ചുള്ള സാമ്പ്രദായിക ആഖ്യാനങ്ങൾക്ക് ഇപ്പോൾ അത്ര ഡിമാന്റില്ലല്ലോ’’ (സിറാജ്/2024 ജൂൺ 1, ശനി).

“പാരമ്പര്യ ഇസ്‌ലാമിന്റെ പ്രമാണങ്ങൾക്കകത്ത് നിരന്തരം കലാപം സൃഷ്ടിക്കുന്നു. അക്ഷരവായനയുടെ വരണ്ട ഐഡിയോളജി ഇറക്കുമതി ചെയ്യുന്നു. നവോത്ഥാനത്തിന്റെ ചായം പൂശി ഇപ്പോൾ വെളുപ്പിക്കപ്പെടുന്ന വഹാബി ആചാര്യന്റെ തനിനിറം ഇങ്ങനെയൊക്കെയാണ്’’ (സുപ്രഭാതം/2024 സെപ്തംബർ 2, തിങ്കൾ).

പണ്ട് പാങ്ങിൽ മുസ്‌ലിയാർ ചെയ്ത പണി എന്താണോ അത് ഇന്നുള്ളവരും തിരിച്ചും മറിച്ചും ചെയ്യുകയാണ്. പാങ്ങിൽ ഏത് ആശയത്തെ വളർത്താനാണോ മൗലവിയെ എതിർത്തത് ആ ആദർശത്തിന്റെ കോലം ഇന്നെന്താണ്? രാഷ്ട്രീയ പ്രശ്‌നം ഉന്നയിച്ചും ആശയം തുറന്ന് പറയാൻ പറ്റാത്ത വിധം ഉൾവലിഞ്ഞും ചിന്നിച്ചിതറിക്കഴിയുന്ന, നിലയില്ലാകയത്തിൽ അകപ്പെട്ട അവസ്ഥ!

മൗലവി തന്റെ ഗുരുവര്യന്മാരും സതീർഥ്യരുമായവരെയെല്ലാം കാഫിറാക്കിയെന്നാണിവർ ഇപ്പോഴും എഴുതിവിടുന്നത്: “1935 മെയ് മാസത്തിൽ തന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ അൽമുർശിദ് മാസികയിൽ കെ.എം മൗലവി നൽകിയ ഫത്‌വയിൽ രിഫാഈ ശൈഖേ സഹായിക്കണേ എന്നു പറയുന്നവർ ഇസ്‌ലാം മതത്തിൽ നിന്ന് ഭ്രഷ്ട് സംഭവിച്ച ബഹുദൈവ വിശ്വാസികളായി പോകുമെന്നതിൽ യാതൊരു സംശയവുമില്ലെന്ന് ഉറപ്പിച്ചു പറയുന്നതു കാണാം. തന്റെ ഗുരുവര്യന്മാരും സതീർഥരും സഹപാഠികളും ഉൾക്കൊള്ളുന്ന മഹാഭൂരിപക്ഷത്തെയാണ് ഇവിടെ മൗലവി മതഭ്രഷ്ട് കൽപിച്ചു മാറ്റി നിർത്തുന്നത്’’(സുപ്രഭാതം).

ശിർകും കുഫ്‌റും വേർതിരിച്ച് പഠിപ്പിക്കുക എന്നത് എക്കാലത്തും പണ്ഡിതന്മാർ നിർഹിച്ച കാര്യമാ ണ്. അതാണ് കെ.എം മൗലവിയും നിർവഹിച്ചത്. ഏതെങ്കിലും വ്യക്തികളെ അദ്ദേഹം പ്രത്യേകം നിർണ യിച്ച് പറഞ്ഞിട്ടില്ല. മൗലവിയുടെ ശിഷ്യത്വം സ്വീകരിച്ചവരും അദ്ദേഹത്തിന്റെ കഴിവുകളെ തിരിച്ചറിഞ്ഞ് സൗഹൃദത്തിൽ പെരുമാറിയ മുസ്‌ലിയാക്കന്മാരാരും അൽമുർശിദ് കാണാത്തവരല്ല എന്ന വസ്തുത വിമർശകർ തിരിച്ചറിയണം. ക്വുർആൻ പരിഭാഷപ്പെടുത്തിയതിന്റെ പേരിലും സിഎം മടവൂരിനെ പടച്ചോനാക്കി അവതരിപ്പിച്ചതിലും പരസ്പരം കാഫിറാക്കലിലും സംഘടന നീറിപ്പുകയുമ്പോൾ ഈ കുറ്റപ്പെടുത്തൽ സമസ്തക്കുതന്നെ തിരിച്ചടിയായിരിക്കുകയാണ്.

ഒട്ടും ‘കലർപ്പില്ലാത്ത കളവ്’ എന്ന് വിശേഷിപ്പിക്കാവുന്ന ഇവരുടെ ആരോപണം കാണുക: “1921ലെ മലബാർ കലാപത്തിലേക്ക് മാപ്പിളമാരെ ഇളക്കിവിടാൻ അദ്ദേഹം മുന്നിലുണ്ട്. പക്ഷേ, കലാപം ആളിക്ക ത്തിയപ്പോൾ അണികളെ ബ്രിട്ടിഷുകാരുടെ തോക്കിൻ തുമ്പിലേക്ക് വലിച്ചെറിഞ്ഞ് അതിൽനിന്ന് ഒളിച്ചോടുകയായിരുന്നു. പിന്നെ പൊങ്ങിയത് ബ്രിട്ടനു നേരിട്ട് ഇടപെടാൻ പരിമിതിയുള്ള നാട്ടുരാജ്യമായ കൊച്ചിയിലേക്ക്’’(സുപ്രഭാതം).

ചരിത്ര വസ്തുതയെ മറച്ചുവച്ചുകൊണ്ടാണ് ഈ ദുരാരോപണം. കുറെ വൈകിയാണെങ്കിലും സമസ്ത ക്ക് വേണ്ടപ്പെട്ട സ്വാദിഖലി തങ്ങൾ തന്നെ അതിനുള്ള മറുപടി നൽകിയിട്ടുണ്ട്: “മലബാർ സ്വാതന്ത്ര്യ സമരത്തിൽ കെ.പി.കേശവ മേനോൻ, കെ.മാധവൻ നായർ, ഇ.മൊയ്തു മൗലവി എന്നിവരോടൊപ്പം മുൻനിര നേതാവായിരുന്നു. പക്വതയോടെയും സമാധാനചിത്തതയോടെയും സമരം നയിച്ച അദ്ദേഹത്തി നെതിരെ ബ്രിട്ടീഷ് ഭരണകൂടം കള്ളക്കേസുണ്ടാക്കി കുറ്റപത്രം സമർപ്പിച്ചു. തൂക്കിക്കൊല്ലേണ്ട സ്വാതന്ത്ര്യ സമര സേനാനികളുടെ ലിസ്റ്റിൽ വന്ന അദ്ദേഹം കൊടുങ്ങല്ലൂരിൽ അഭയം തേടുകയായിരുന്നു. കെ.എം സീതി സാഹിബിന്റെ കുടുംബമാണ് മുഖ്യമായും അഭയം നൽകിയത്’’ (കെ.എം മൗലവി ഒരു പാഠപു സ്തകം/പേജ് 3,4).

മൗലവിയോടൊപ്പം കഴിഞ്ഞ ഉമർ മൗലവി(റഹ്) ആ സംഭവത്തെ കുറിച്ച് പറഞ്ഞത് കാണുക: “എന്റെ ബഹുമാന്യ ഗുരുനാഥൻ കെ.എം മൗലവി അറിയപ്പെട്ട ജനപ്രിയ നായകനായിരുന്നു. കലാപം ഒതുക്കാൻ അദ്ദേഹം കഴിവത് പ്രയത്‌നിച്ചു. പക്ഷേ, വിപരീത ഫലമാണുണ്ടായത്. കലാപത്തിന് നേതൃത്വം നൽകിയവനായി മുദ്രയടിക്കപ്പെട്ടു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. അറസ്റ്റ് വാറണ്ട് അദ്ദേഹത്തിനെതിരിൽ വന്നു. മലബാർ പോലിസിന് പിടികൊടുക്കാതെ രക്ഷപ്പെടണമെന്ന് വേണ്ടപ്പെട്ടവരെല്ലാം നിർബന്ധിച്ചതനുസരിച്ച് ബ്രിട്ടീഷ് പട്ടാളവും പോലീസും കടന്നുചെല്ലാൻ ഇടയില്ലാത്ത കൊച്ചി രാജ്യത്തെ കൊടുങ്ങല്ലൂരിനടുത്തുള്ള അഴീക്കോട്ടേക്ക് നാടുകടന്നു. മലബാറും കൊച്ചിയും അന്ന് വ്യത്യസ്ത നാട്ടുരാജ്യങ്ങളായിരുന്നു. 1922 ജനുവരി 14നായിരുന്നു ചരിത്രപ്രധാനമായ ഈ പലായനം’’ (ഓർമകളുടെ തീരത്ത്/പേജ് 102).

പ്രമാണങ്ങൾ നിർദേശിച്ചതും പ്രവാചകരും അനുചരന്മാരും അത്യാവശ്യഘട്ടങ്ങളിൽ നടത്തിയതുമായ പലായനത്തെയും ഇതേ കണ്ണോടെയാണോ ആരോപകർ കാണുന്നത്?

സമൂഹം ഒന്നടങ്കം ആദരിക്കുന്ന ആ മഹാന്റെ ജീവിതത്തിൽ ചെളി വാരിത്തേക്കാൻ ഇവർ ഉന്നയിക്കാത്ത ആരോപണങ്ങളില്ല. മറ്റൊരു വ്യാജ ആരോപണം കാണുക: “സഊദിയിലെ പെട്രോളിയം കമ്പനികളിൽ ഇന്ത്യയിൽനിന്നുള്ള സലഫികളെ മാത്രം നിയമിക്കണമെന്ന് സഊദി രാജാവിനോട് ആവശ്യപ്പെടുന്ന കെ.എം മൗലവിയുടെ നിലപാട് എത്ര സങ്കുചിതത്വം നിറഞ്ഞതായിരുന്നുവെന്ന് വ്യക്തമാണ്. ചരിത്രകാരനും വഹാബി ആശയക്കാരനുമായ കെ.കെ മുഹമ്മദ് അബ്ദുൽ കരീം എഴുതിയ മുജാഹിദ് ഔദ്യോഗിക പ്രസാധകരായ യുവത പുറത്തിറക്കിയ കെ.എം മൗലവിയുടെ ജീവചരിത്രത്തിൽ ഇത് കാണാം’’ (സുപ്രഭാതം).

1959ൽ ഹജ്ജ് കർമം നിർവഹിച്ചു മടങ്ങവെ മലിക് സുഊദുബ്‌നു അബ്ദുൽ അസീസി(റഹ്)ന് എഴുതി സമർപ്പിച്ച മെമ്മോറാണ്ടത്തിലെ പതിമൂന്ന് വിഷയങ്ങളിൽ പന്ത്രാണ്ടമത്തെതാണ് പരാമർശിതകാര്യം. അതിലെ പ്രസക്ത ഭാഗം ഇങ്ങനെയാണ്: “കമ്പനിയിലെ ജോലിയാഗ്രഹിക്കുന്നവരും യോഗ്യരുമായ ധാരാളം സലഫി മുസ്‌ലിംകൾ ഞങ്ങളുടെ നാട്ടിലുണ്ട്. അവരെ പ്രസ്തുത കമ്പനിയിലും മറ്റും തൊഴിലാളികളായി സ്വീകരിക്കുന്നത് ഭരണകൂടത്തിന്നു ശക്തിയും ഇസ്‌ലാമിന്റെയും സദാചാരത്തിന്റെയും പ്രചാരണത്തിനും സഹായകവുമായിരിക്കും’’ (പേജ് 134).

സുഊദി പോലുള്ള സലഫി ധാരയിലുള്ള ഒരു രാജ്യത്തോട് തികച്ചും സദുദ്ദേശ്യപരമായി മൗലവി ഇങ്ങനെ ആവശ്യപ്പെട്ടതിൽ എന്ത് സങ്കുചിതത്വമാണുള്ളത്? മറ്റുള്ളവർക്ക് ജോലി കൊടുക്കരുതെന്നോ മറ്റോ പറഞ്ഞുവെങ്കിൽ അങ്ങനെ ആരോപിക്കാമായിരുന്നു. ഈച്ചയാകാതിരിക്കുക എന്നേ പറയാനുള്ളൂ.

സമൂഹത്തിന്റെ നാനാതുറകളിലും വെളിച്ചമെത്തിക്കണമെന്ന കൊതിയിൽ പ്രാർഥനയും തവക്കുലും അറിവും വിവേകവും ആയുധമാക്കിയാണ് മൗലവി മുന്നോട്ടു ഗമിച്ചത്. അന്ധവിശ്വാസങ്ങളെ തുടച്ചുനീക്കാനായി രചിച്ച ‘പ്രാർഥനയും ആരാധനയും,’ ‘അൽവിലായാത്തു വൽ കറാമാത്ത്’ എന്നീ പുസ്തകങ്ങളും മറുപടികളും പുരോഹിതന്മാർക്കുണ്ടാക്കിയ അസ്വാരസ്യം തെല്ലൊന്നുമല്ല. 2024 സെപ്തംബർ 10ന് ‘ചന്ദ്രിക’യിൽ കെ.പി.എ മജീദ് സാഹിബ് എഴുതിയ ലേഖനത്തിലെ ഏതാനും വരികൾകൂടി വായിക്കാം:

“സലഫി പക്ഷത്തെ അനിഷേധ്യനോതാവാകുമ്പോൾ തന്നെ സമുദായത്തിലെ എല്ലാവരുമായും നല്ല ബന്ധം കാത്തുസൂക്ഷിച്ചു. സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങൾക്കൊപ്പം മുസ്‌ലിം ലീഗിനെ കെട്ടിപ്പടുക്കാൻ ഓടിനടന്ന അദ്ദേഹം പരസ്പരം ആദരവും സ്‌നേഹവുംകൊണ്ടാണ് ബന്ധം സുദൃഢ മാക്കിയത്. കേരളീയ നവോത്ഥാന ചരിത്രത്തിൽ അയ്യങ്കാളി, ശ്രീനാരായണ ഗുരു, ഡോ പൽപു, കുമാര നാശാൻ, സഹോദരൻ അയ്യപ്പൻ തുടങ്ങിയവരുടെ ശ്രേണിയിൽ മുസ്‌ലിം സമുദായത്തിൽനിന്ന് ചേർത്തു പറയേണ്ട പേരുകളിലൊന്ന് തീർച്ചയായും കെ.എം മൗലവിയുടെതാണ്’’(പേജ് 4).

വരക്കൽ തങ്ങൾ മുതലുള്ള സമസ്തയുടെ നേതാക്കളെ അണികൾ ആണ്ടിനും ഉറൂസിനും ആത്മീയ ചൂഷണത്തിനും വേണ്ടി മാത്രം ഓർക്കുമ്പോൾ നവോത്ഥാനത്തിന്റെ മായാത്ത ജീവിതമായി കെ.എം മൗലവി ജനമനസ്സുകളിൽജീവിക്കുന്നു.