കർഷക സമരം: ഇനിയെങ്കിലും നിശ്ശബ്ദത വെടിയുക

മുജീബ് ഒട്ടുമ്മൽ

2024 മാർച്ച് 02, 1445 ശഅ്ബാൻ 21

ഒരിക്കൽ കൂടി സമരത്തിനിറങ്ങിയിരിക്കുകയാണ്‌ കർഷകർ. ‘രാജ്യത്തിന്റെ അന്നദാതാക്കൾ’ എന്ന് ആവർത്തിച്ചാണയിടുമ്പോഴും അന്നന്നത്തെ അരിക്ക് ആവശ്യമുന്നയിക്കുന്നവരെ തെരുവിൽ നേരിടാനുറച്ച് തന്നെയാണ്‌ ഭരണകൂടം മുന്നോട്ടുപോകുന്നത്. കോർപ്പറേറ്റുകളിൽ നിന്ന് പണം പറ്റുകയും അവർക്കനുകൂലമായി നിയമം നിർമിക്കുകയും ചെയ്തവർക്ക് മണ്ണിൽ പൊന്ന് വിളയിക്കുന്നവരുടെ വേദന മനസ്സിലാവുകയില്ല. ഭരണാധിപരും ഭരണീയരും ഒരേ മനസ്സോടെ ജീവിക്കുന്ന നാടുകളിൽ മാത്രമെ സമാധാനം നിലനിൽക്കൂ.

ശുഭ്കരൺ സിംഗ് എന്ന ഇരുപത്തിയൊന്നുകാരനായ യുവകർഷകൻ, പഞ്ചാബിലെ ബതിൻഡ ജില്ലയിലെ ബലോകെ ഗ്രാമത്തിൽനിന്നുള്ള ഒരു ദരിദ്രകുടുംബത്തിന്റ അത്താണി. രോഗിയായ പിതാവിന്റെയും രണ്ടു സഹോദരിമാരുടെയും ഏക ആശ്രയം. കർഷക പ്രക്ഷോഭത്തിെന്റ ഭാഗമായി സംഘടിപ്പിച്ച ‘ദില്ലി ചലോ’ മാർച്ച് ഹരിയാന - പഞ്ചാബ് അതിർത്തിയിലെ ഖനൗരിയിലെത്തിയപ്പോൾ സുരക്ഷാ സേന പ്രക്ഷോഭകരെ ക്രൂരമായി നേരിട്ടു. ഫെബ്രുവരി 21ന് പോലീസ് വെടിവെപ്പിൽ ശുഭ്കരൺ സിംഗ് കൊല്ലപ്പെട്ടു.

സഹോദരിയുടെ വിവാഹം കാരണമായി ഭീമമായ കടബാധ്യതയിലകപ്പെട്ട യുവാവ് പിതാവിെൻറ രോഗപരിചരണമടക്കമുള്ള ഉത്തരവാദിത്തമേറ്റടുത്തുകൊണ്ടാണ് മണ്ണിനോട് മല്ലിട്ടുകൊണ്ടിരുന്നത്. കർഷകരുടെ വിയർപ്പുകണങ്ങൾക്ക് വിലകൽപിക്കാത്ത ഭരണകൂടത്തെ ഉണർത്താനും അവകാശങ്ങൾക്കായി ശബ്ദിക്കാനുമായി ഇറങ്ങിയ അനേകായിരം കർഷകർക്കിടയിലെ ഒരാളായിരുന്നു അദ്ദേഹം. നിരാലംബതയുടെ കയ്പുനീർ കുടിച്ച് ശിഷ്ടകാലം കഴിച്ചുകുട്ടേണ്ടിവന്നതോർത്ത് തേങ്ങിക്കരയുകയാണ് അച്ഛൻ. സഹോദരിമാരുടെ ദീനരോദനങ്ങൾ ഈറനണിയിക്കാത്ത കണ്ണുകൾ വിരളമായിരിക്കും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ്സിങ് മാൻ ഒരു കോടി രൂപയും സഹോദരിക്ക് ജോലിയും പ്രഖ്യാപിച്ചിരിക്കുകയാണ്. കർഷക പ്രക്ഷോഭത്തിെൻറ സമര മുഖത്തുള്ള ആ ദരിദ്രകുടുംബം യാതൊരു സങ്കോചവുമില്ലാതെ നഷ്ടപരിഹാരം നിരസിച്ചുവെന്നത് സമര പോരാട്ടത്തിെൻറ വീര്യം ചരിത്രമായി ഉല്ലേഖനം ചെയ്യപ്പെടും, തീർച്ച! അവകാശ പോരാട്ടങ്ങളിൽ ലക്ഷ്യം സാക്ഷാത്കരിക്കാതെ പിന്നോട്ടില്ലെന്ന തീരുമാനം കർഷക പ്രക്ഷോഭത്തിെൻറ പ്രൗഢിയെ കുറിക്കുന്നു. കേവലമായ ആനുകൂല്യങ്ങൾക്കപ്പുറം രാജ്യത്തിെൻറ ജീവൽ തുടിപ്പായ കർഷകരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതുവരെ മറ്റൊന്നും തങ്ങൾ കാര്യമാക്കുന്നില്ലെന്ന ദൃഢനിശ്ചയവും ഇവിടെ വ്യക്തമാവുകയാണ്.

കോർപറേറ്റ് പ്രീണനം മുഖമുദ്രയാക്കിയ സർക്കാറിെൻറ വാഗ്ദാനങ്ങളെ കർഷകർ വിശ്വാസത്തിലെടു ക്കാൻ തയ്യാറില്ല. കർഷകർക്കെതിരായ നിയമങ്ങൾ പിൻവലിക്കുകയും താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ നൽകുകയും ചെയ്യണമെന്നതാണ് പ്രധാന ആവശ്യം. ഇന്ത്യൻ ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിലെ പതിനാലാം ഇനപ്രകാരം കൃഷി, കാർഷികവിപണി, കാർഷികമേളകൾ എന്നിവ സംസ്ഥാന വിഷയ മായിരിക്കെ കേന്ദ്രത്തിെൻറ നിയന്ത്രണങ്ങളിലേക്ക് കൊണ്ടുവരാനും കോർപറേറ്റുകൾക്ക് വഴങ്ങിക്കൊടുക്കാനുമുള്ള തന്ത്രങ്ങളാണ് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്. അതിനെതിരെ 2020 മുതൽ ഒരു വർഷക്കാലത്തെ കർഷകരുടെ ശക്തമായ സമര പോരാട്ടമാണ് ഒന്നാമത്തെ കർഷക സമരം. 700ൽ അധികം കർഷകർക്ക് ജീവൻ ബലിനൽകേണ്ടിവന്നെങ്കിലും ഐതിഹാസികമായ കർഷക സമരത്തെ തുടർന്ന സർക്കാർ അവരുടെ ആവശ്യങ്ങൾ പരിഗണിക്കാനും അവർക്കെതിരായ കരിനിയമങ്ങൾ പിൻവലിക്കാനും നിർബന്ധിതരാകുകയായിരുന്നു.

കർഷക വിരുദ്ധ കരിനിയമങ്ങൾ

2020ൽ കർഷക വിരുദ്ധമായ മൂന്ന് ബില്ലുകളാണ് അന്ന് ലോകസഭയും രാജ്യസഭയും അംഗീകരിച്ച് പാസ്സാക്കിയത്. കാർഷികവിള വിപണന-വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) നിയമം 2020, വില ഉറപ്പാക്കുന്നതിനും കാർഷിക സേവനങ്ങൾക്കുമുള്ള കാർഷിക (ശാക്തീകരണ, സംരക്ഷണ) കരാർ 2020, അവശ്യവസ്തു നിയമഭേദഗതി നിയമം 2020 എന്നിവയായിരുന്നു വിവാദമായ ആ മൂന്ന് നിയമങ്ങൾ.

പതിറ്റാണ്ടുകളായി നിലവിലുള്ള കാർഷിക ഉൽപന്നങ്ങളുടെ താങ്ങുവില, കാർഷിക സബ്‌സിഡി, ഭക്ഷ്യസബ്‌സിഡി പൊതുവിതരണസമ്പ്രദായം എന്നിവ എന്നെന്നേക്കുമായി ഈ നിയമങ്ങളിലൂടെ ഇല്ലാതാകും. വിളകളുടെ ഉൽപാദനം ആരംഭിക്കുന്നതിനു മുമ്പുതന്നെ വിളകൾ വാങ്ങുന്ന സ്വകാര്യ കമ്പനികളുമായി കരാറിൽ ഏർപ്പെടാനും വില നിശ്ചയിക്കാനും കർഷകർക്ക് ഈ നിയമങ്ങളിലൂടെ സ്വാതന്ത്ര്യം നൽകുന്നുണ്ട്. എന്നാൽ കർഷക‌െൻറ ഉൽപന്നങ്ങൾ ഇന്ത്യയിൽ എവിടെനിന്നും ഏത് ബഹുരാഷ്ട്ര കുത്തകകൾക്കും എത്ര വേണമെങ്കിലും വാങ്ങാം എന്നത് ഒരു വലിയ ചതിക്കുഴിയാണ്. ബഹുരാഷ്ട്രകുത്തകകളെ സഹായിക്കാനാണ് ഈ നിയമമെന്നതാണ് പൊതുവായി വിലയിരുത്തുന്നത്. വിവാദ നിയമങ്ങളിലൂടെ സർക്കാർ നിയന്ത്രിത മണ്ഡികൾ (ചന്തകൾ) അപ്രത്യക്ഷമാകും. മണ്ഡികൾ ഇല്ലാതാകുന്നതിലൂടെ സംസ്ഥാന സർക്കാരിന് കിട്ടിയിരുന്ന നികുതി വരുമാനം ഇല്ലാതെയാവുകയും കോർപ്പറേറ്റുകൾക്ക് മാർക്കറ്റുകൾ പിടിച്ചെടുക്കാൻ സഹായകമാവുകയും ചെയ്യും. തുടക്കത്തിൽ അൽപം നഷ്ടം സഹിച്ച് കർഷകരുടെ ഉൽപന്നങ്ങൾ വാങ്ങുന്ന കോർപ്പറേറ്റുകൾ പിന്നീട് അവരുടെ തനിസ്വരൂപം പുറത്തെടുക്കുന്നതോടുകൂടി പ്രാദേശികമായ എല്ലാ കച്ചവടക്കാരും കച്ചവടവും തകർന്നടിയും. കോർപ്പറേറ്റുകളുടെ വിലക്ക് ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിലൂടെ കർഷകർ നിസ്സഹായരായിതീരും.

രണ്ടാമത്തെ കർഷകനിയമ പ്രകാരം എത് കോർപ്പറേറ്റിനും ഇന്ത്യയിവിലെവിടേയും കർഷകന്റെ കൃഷി ഭൂമിയിൽ കരാർ പ്രകാരം കൃഷിയിൽ ഏർപ്പെടാൻ അവകാശം ലഭിക്കുന്നു എന്നുള്ളതാണ്. ഈ കരാറും കോർപറേറ്റുകളെ സഹായിക്കുന്നതാണ്. കരാർ പ്രകാരം കോർപറേറ്റുകൾക്ക് വേണ്ടി കൃഷി ചെയ്യുന്ന കർഷകൻ പിന്നീട് വിളവുമായെത്തുമ്പോൾ കരാർ പ്രകാരമുള്ള നിബന്ധനകൾ പാലിച്ചില്ലെന്ന് പറഞ്ഞു വിലപേശാനുള്ള ശക്തി കുറയുന്നു.

മൂന്നാമത്തെ കർഷക നിയമം 1955ലെ അവശ്യസാധന നിയമ ഭേദഗതിയാണ്. യുദ്ധം, ക്ഷാമം, മറ്റു പ്രകൃതിദുരന്തങ്ങൾ തുടങ്ങിയവ അസാധാരണമായ സാഹചര്യങ്ങളായി കണക്കാക്കി അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതും വിലനിലവാരം പിടിച്ചുനിർത്തുന്നതും ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ നിയമത്തിന്റെ പട്ടികയിൽനിന്നും കോർപറേറ്റുകൾക്ക് താൽപര്യമുള്ള കുറെ ഉൽപന്നങ്ങളേ ഒഴിവാക്കുവാനുള്ള ഗൂഢാലോചനയുടെ ഭാഗമാണീ ഭേദഗതി. കോർപറേറ്റുകൾക്ക് അവരുടെ താൽപര്യപ്രകാരം അവശ്യ ഉൽപന്നങ്ങൾ ശേഖരിക്കാനും കൃത്രിമ വിലക്കയറ്റം ഉണ്ടാക്കി ജനങ്ങളെ കൊള്ളയടിക്കാനും ഈ ഭേദഗതി കാരണമാകുമെന്ന് കർഷകർ ഭയപ്പെടുന്നു.

പുതിയ വിപണി വരുന്നതോടെ മത്സരക്ഷമത വർധിക്കുമെന്നും കർഷകർക്ക് ലാഭം കൂടുമെന്നും സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത്തരം നിയമങ്ങൾ നടപ്പിലാക്കിയ കെനിയ, അമേരിക്ക പോലുള്ള രാഷ്ട്രങ്ങളിലെ കർഷകരുടെ വരുമാനം കുറയുകയും അവർക്ക് ദുരിതങ്ങൾ സമ്മാനിക്കുകയും ചെയ്തതായി പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.

കർഷക‌െൻറ, കൃഷി ഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടാനിടയാകുന്ന പല വകുപ്പുകളും വിവാദമായ കരാർ കൃഷി നിയമത്തിലുണ്ട്. തർക്ക പരിഹാരത്തിന് കോടതികൾക്കധികാരമില്ലെന്നതും നിയമത്തിന്റെ അപകടത്തെ ബോധ്യപ്പെടുത്തുന്നു. സിവിൽ കോടതികളെ സമീപിക്കാനുള്ള കർഷകന്റെ അവകാശത്തെയും ഈ നിയമം ഹനിക്കുന്നുണ്ട്. എപിഎംസികളെ മറികടന്നുകൊണ്ടുള്ള കർഷക ഉൽപന്ന വ്യാപാര - വാണിജ്യ നിയമത്തിലും കരാർ കൃഷി നിയമത്തിലും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് എന്ന ഉദ്യോഗസ്ഥനാണ് തർക്കപരിഹാരത്തിന് അധികാരം നൽകിയിരിക്കുന്നത്. ഇവരെ സ്വാധീനിക്കാൻ ആഗോള പരിചയമുള്ള കോർപറേറ്റുകൾക്ക് നിഷ്പ്രയാസം സാധിക്കുമെന്നതും ആശങ്കപ്പെടുത്തുന്നുണ്ട്.

കരാർ കൃഷി നിയമപ്രകാരം പുതിയ സാങ്കേതികവിദ്യകൾ സർക്കാർ ഏജൻസികളുടെ പരിശോധനയില്ലാതെ കമ്പനികൾക്ക് നേരിട്ട് കൈമാറാമെന്നതാണ് മറ്റൊരു അപകടം. ഇവരുടെ സാങ്കേതിക വിദ്യയുടെ പ്രാദേശികമായ അനുയോജ്യതയോ ദീർഘകാല പാരിസ്ഥിതിക സുസ്ഥിരതയോ ഒന്നും സർക്കാർ പരിശോധനക്ക് വിധേയമാക്കുകയില്ല. ആന്ധ്രയിലെ കുപ്പം മേഖലയിൽ കയറ്റുമതിക്ക് വേണ്ടി സ്വകാര്യകമ്പനികൾ നടത്തിയ ഗെർക്കിൻസ് (അച്ചാർ വെള്ളരി) കൃഷി കുറഞ്ഞ കാലംകൊണ്ട് കർഷകരെ തകർത്തു കളഞ്ഞു. കീടനാശിനി, രാസവളം തുടങ്ങിയവയുടെ അമിത പ്രയോഗം കാരണം മണ്ണ് വിഷലിപ്തമാവുകയും ഫലപുഷ്ടി നഷ്ടപ്പെടുകയും ഭൂഗർഭ ജലനിരപ്പ് താഴുകയും ചെയ്തു. കർഷകരെ ദുരിതങ്ങളുടെ കയങ്ങളിലേക്ക് തള്ളിയിടുന്നതാണ് ഈ നിയമങ്ങളെന്നതിന് ഇത്തരം ധാരാളം പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കാനാകും.

കർഷകർ വീണ്ടും സമരമുഖത്തേക്ക്

2024 ഫെബ്രുവരി 13ന് ഇരുനൂറോളം കർഷക സംഘടനകൾ ഒരുമിച്ച് രണ്ടാമത്തെ കർഷക സമരം ആരംഭിച്ചു. ദില്ലി ചലോ മാർച്ചിൽ പതിനായിരക്കണക്കിന് കർഷകരാണ് പങ്കെടുത്തിരിക്കുന്നത്. ഹരിയാന പോലീസി‌െൻറ തോക്കിനിരയായ ശുഭ് കരൺ സിംഗ് അടക്കം ഇതിനകം ഈ പോരാട്ടത്തിലും 5 പേരുടെ ജീവൻ പൊലിഞ്ഞിരിക്കുന്നു. കിസാൻ മസ്ദൂർ മോർച്ചയും സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര സർക്കാറിന് മുന്നിൽ 10 ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കർഷക സമരത്തിന് മറ്റൊരു വാതായനം തുറന്നിരിക്കുന്നത്.

മിനിമം താങ്ങുവില നിയമപരമായ അവകാശമായി അംഗീകരിച്ച് നടപ്പിലാക്കുക, 2020 - 21 കാലയളവിൽ നടന്ന കർഷക പ്രക്ഷോഭത്തിനിടെ പ്രക്ഷോഭകർക്കെതിരായി രാജവ്യാപകമായി ചുമത്തിയ എല്ലാ കേസുകളും പിൻവലിക്കുക, ലഖിംപൂർഖേരി കൂട്ടക്കൊലയ്ക്ക് ഇരയായവർക്ക് നീതി ഉറപ്പാക്കുക, വൈദ്യുതി ഭേദഗതി നിയമം (2023 ) റദ്ദാക്കുക, C2+ 50 ശതമാനം ഫോർമുലയിൽ എം എസ് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് എം എസ് പി നടപ്പാക്കുക, രാജ്യവ്യാപകമായി മുഴുവൻ കർഷകരുടെയും തൊഴിലാളി സമൂഹത്തിന്റെയും വായ്പകൾ എഴുതിത്തള്ളുക, ഇന്ത്യ ലോകവ്യാപാര സംഘടനയിൽനിന്നും പുറത്ത് പോവുക, കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതും ഇന്ത്യൻ കർഷകരെ ദ്രോഹിക്കുന്നതും അവസാനിപ്പിക്കുക, ഇറക്കുമതി തീരുവ വർധിപ്പിച്ച് ഇന്ത്യൻ കർഷകർക്ക് പ്രയോജനം ചെയ്യുമെന്ന വാഗ്ദാനം പാലിക്കുക, 2013ന് മുമ്പുള്ള ഭൂമി ഏറ്റെടുക്കൽ നിയമം പുനരുജ്ജീവിപ്പിക്കുക എന്നിവയാണ് രണ്ടാം കർഷക സമരത്തി‌െൻറ പ്രധാന ലക്ഷ്യങ്ങൾ.

ഇന്ത്യൻ കാർഷിക മേഖലയെ പൂർണമായും പരാശ്രിതത്വത്തിലേക്ക് തള്ളിവിടുന്ന നിയമ നിർമാണങ്ങൾക്ക് താൽക്കാലികമായി തടയിടാൻ 2020-21 ലെ കർഷക പ്രക്ഷോഭത്തിന് സാധിച്ചുവെങ്കിലും കാർഷിക മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങൾ പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. കർഷകരുടെ വരുമാനം അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി സർക്കാർ കാർഷിക മേഖലയെ കുത്തകകൾക്ക് അടിയറവ് വെക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്. ഒരു വർഷത്തിൽ ശരാശരി ഇന്ത്യൻ കർഷകന്റെ വരുമാനം 77,124 രൂപ അല്ലെങ്കിൽ പ്രതിമാസം 6,427 രൂപയാണെന്ന് സർക്കാർ സർവേകൾ കാണിക്കുന്നു. അവരുടെ പ്രതിമാസ ചെലവ് 6,223.161 രൂപയും! ഇന്ത്യൻ ജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന കർഷകരുടെയും അവസ്ഥ എത്ര നിരാശാജനകമാണ് എന്നതിന്റെ സൂചനയാണ് ഈ കണക്കുകൾ നൽകുന്നത്. കാർഷിക മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് അടിയന്തിരമായി ചെയ്യേണ്ടത് നിലവിലുള്ള മിച്ചഭൂമിയും തരിശുഭൂമിയും ഭൂരഹിത കർഷകർക്കിടയിൽ വിതരണം ചെയ്യുക എന്നതാണ്. (50% ഗ്രാമീണ കുടുംബങ്ങളുടെ കൈവശം 3% ഭൂമി മാത്രമാണ് ഇപ്പോഴുള്ളത്).

വ്യാവസായിക വികസനത്തിന്റെ പേരിൽ കാർഷിക-വനഭൂമി കോർപ്പറേറ്റ് മേഖലയിലേക്ക് തിരിച്ചുവിടുന്നത് അവസാനിപ്പിക്കണം. ആദിവാസി ഗോത്ര വിഭാഗങ്ങൾക്കും പശുവളർത്തൽ ഉപജീവനമായി സ്വീകരിച്ചവർക്കും വനങ്ങളിലേക്കുള്ള മേച്ചിൽ അവകാശങ്ങളും പൊതുഭൂമിയിലേക്കുള്ള അവരുടെ പ്രവേശനവും ഉറപ്പു വരുത്തണം.

മേൽപ്പറഞ്ഞ അടിസ്ഥാന പ്രശ്‌നങ്ങളിൽ തീരുമാനങ്ങൾ കൈക്കൊള്ളുകയും 20 കോടിയിലധികം വരുന്ന കർഷകരെ ദുരിതക്കയങ്ങളിൽ നിന്ന് രക്ഷിക്കുകയും ചെയ്യുകയെന്നതിന് പകരം കർഷക പ്രക്ഷോഭത്തെ തകർക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.

സമരത്തോടുള്ള അധികാരികളുടെ സമീപനം

ദേശീയ പാതകളിൽ സിമന്റ് കോൺക്രീറ്റുകളും ഇരുമ്പാണികളും ഉപയോഗിച്ച് മാർഗതടസ്സങ്ങൾ സൃഷ്ടിച്ചും കർഷക നേതാക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അടച്ചുപൂട്ടിച്ചും സമരത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട വരെ തടഞ്ഞുവെച്ചും പ്രക്ഷോഭത്തെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. മൈക്രോ ബ്ലോഗിങ് സൈറ്റായ എക്‌സിലെ ചില അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്താൻ സർക്കാർ നിർദേശം നൽകിക്കഴിഞ്ഞു. പ്രസ്തുത നടപടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലെയുള്ള കടന്നു കയറ്റമാണെന്ന് ഇലോൺ മസ്‌കി‌െൻറ ഉടമസ്ഥതയിലുള്ള എക്‌സ് വ്യക്തമാക്കിയിട്ടുണ്ട്. 177 സമൂഹ മാധ്യമ അക്കൗണ്ടുകളും വെബ് ലിങ്കുകളും താൽക്കാലികമായി ബ്ലോക്ക് ചെയ്യണമെന്ന സർക്കാർ നിർദേശവും ഉണ്ട്. ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്‌നാപ്ചാറ്റ് ഉൾപ്പെടെ സമൂഹ മാധ്യമ അക്കൗണ്ടുകൾക്ക് നേരെ നടപടി സ്വീകരിക്കാനുള്ള നിർദേശങ്ങളുമുണ്ട്.

ഹരിയാനയിലെ ഏഴ് ജില്ലകളിൽ ഇന്റർനെറ്റ് വിഛേദവും നടന്നു. പഞ്ചാബ്-ഹരിയാന അതിർത്തികളിൽ സുരക്ഷാസേനയെ വിന്യസിച്ച് സമരക്കാരെ ഒതുക്കാനുള്ള ശ്രമങ്ങളുണ്ടായി.

ബാരിക്കേഡുകൾ സ്ഥാപിച്ചും കണ്ണീർവാതകം ഡ്രോണുകളിലൂടെ ഉപയോഗിച്ചും വെടിയുതിർത്തുമെല്ലാം സമരം അടിച്ചമർത്താനുള്ള ശ്രമങ്ങളുണ്ടായി. വ്യാജ പ്രചാരണങ്ങളും നുണയുമെല്ലാം ഉപയോഗിച്ചുനോക്കി. വഴിയോരങ്ങൾ അടച്ചിട്ടു. ഇങ്ങനെയെല്ലാം യുദ്ധസമാനമായ സാഹചര്യങ്ങൾ സൃഷ്ടിച്ച് കർഷകരെ വിരട്ടിയോടിക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടും വർധിച്ച വീര്യത്തോടെ സമരപോരാളികൾ മുന്നോട്ട് പോകുന്നത് കരുത്തുറ്റ തീരുമാനത്തോടെ അവർ ഇറങ്ങിപ്പുറപ്പെട്ടുവെന്നതിന് തെളിവാണ്. ഏതൊരു സമരവും മുന്നേറ്റവും തകർക്കാൻ അവയുടെ വിശ്വാസ്യത ഇല്ലാതാക്കിയാൽ മതിയെന്ന തന്ത്രവും ഇവിടെ പ്രയോഗിച്ചിട്ടുണ്ട്. കർഷ സമരത്തിന് പിന്നിൽ മാവോയിസ്റ്റുകളും ഖലിസ്ഥാനികളുമാണെന്ന് പ്രചരിപ്പിച്ച്

കൊണ്ടാണ് അതിന് തുടക്കമിട്ടത്. കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ മുതൽ ബിജെപി എംപിമാരും എം എൽഎമാരും താഴേക്കിടയിലെ പ്രവർത്തകരും വരെ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ഇത്തരം ആരോപണങ്ങളുന്നയിച്ച് നേരിടാൻ ശ്രമിച്ചിട്ടുണ്ട്. ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിച്ച് സമരത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമവും നടന്നു. കർഷക പ്രക്ഷോഭകർ അത്തരം ശ്രമങ്ങളെ നേരിടുന്നതിൽ വിജയിക്കുകയാണുണ്ടായത്. പ്രക്ഷോഭകരെയും പിന്തുണക്കുന്നവരെയും വേട്ടയാടി ഭീഷണിപ്പെടുത്തി പിൻമാറ്റാമെന്ന തന്ത്രവും സർക്കാർ മെനഞ്ഞു. രാഷ്ട്രീയ, സാമൂഹിക, മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകരെയടക്കം ബലിയാടാക്കാൻ അധികാരിവർഗം ശ്രമിച്ചുനോക്കി. എന്നാൽ രാജ്യാന്തരതലങ്ങളിൽവരെ കർഷക സമരത്തിന് പിന്തുണ ലഭിക്കുകയാണുണ്ടായത്. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റതൻബർഗും വിവിധ മുഖ്യധാരാ എൻജിഒകളും കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണുണ്ടായത്.

കർഷകരെ ചേർത്തുപിടിക്കണം

ഇന്ത്യയുടെ പൈതൃകം കർഷകരെ ചേർത്തുപിടിക്കുകയെന്നതാണ്. പതിനെട്ടാം നൂറ്റാണ്ടിൽതന്നെ കർഷക സമരങ്ങൾ ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്. ഭൂവുടമകളുടെ ക്രൂരമായ ചൂഷണത്തിനെതിരെ തങ്ങൾക്ക് അനുകൂലവും ആശ്വാസകരവുമായ കാർഷിക പരിഷ്‌കാരങ്ങൾക്ക് വേണ്ടി ഉത്തരേന്ത്യയിൽ സംഘടിതവും ഏറെക്കുറെ ശക്തവുമായ കർഷക സമരങ്ങൾ നടന്നു. സാമൂഹ്യജീവിതത്തിലെ ഉച്ചനീചത്വങ്ങൾ പരിഹരിച്ച് ബ്രിട്ടീഷുകാരന്റെ ഏകാധിപത്യത്തിൽനിന്ന് മോചനം നേടാനും കൂടുതൽ മെച്ചപ്പെട്ട ഒരു സാമൂഹ്യവ്യവസ്ഥിതി പ്രായോഗികമാക്കാനും ജനാധിപത്യ വ്യവസ്ഥിതിയിലേക്ക് മുന്നേറാനുമുള്ള പ്രസ്ഥാനങ്ങളുടെ പ്രാരംഭമായിരുന്നു ഇത്തരം സംഘടിത നീക്കങ്ങൾ. ഈ മുന്നേറ്റങ്ങളുടെ പരിണിതിയിലാണ് ആന്ധ്രയിലും കർണാടകയിലും കർഷകരുടെ സംഘടിത സമരങ്ങൾ ശക്തമായത്. 1921ലെ മലബാർ കലാപത്തി‌െൻറ വേരുകളും കർഷകന്റെ അസ്വസ്ഥതകളിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്.

ബ്രിട്ടീഷ് ഭരണത്തി‌െൻറ ഏറ്റവും ഭീകരമായ ദുരന്തം ഏറ്റുവാങ്ങിയത് കർഷകരും കർഷക തൊഴിലാളികളുമായിരുന്നു. ബ്രിട്ടീഷുകാർ നടപ്പിലാക്കിയ കാർഷിക പരിഷ്‌കാരങ്ങളും ഭൂനികുതി വ്യവസ്ഥകളും കാർഷിക മേഖലയിൽ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. ബ്രിട്ടീഷ് ഭരണത്തിനും ഭൂവുടമ വ്യവസ്ഥക്കുമെതിരെ നടന്ന ആദ്യകാല ചെറുത്തുനിൽപുകൾ ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെടുകയാണുണ്ടായത്. എന്നാൽ 1917ൽ ഗാന്ധിജി നേതൃത്വം നൽകിയ ചമ്പാരൻ സമരം ഇന്ത്യൻ കർഷകർക്ക് പുതുജീവൻ നൽകിയിരുന്നു. എല്ലാ രൂപത്തിലുമുള്ള ചൂഷണങ്ങളിൽനിന്നും മോചനം നേടാൻ കർഷകരെ സജ്ജരാക്കാൻ വേണ്ടിയാണ് 1936 ഏപ്രിൽ 13ന് ബീഹാറിലെ കർഷക നേതാവ് സഹജാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ കിസാൻ സഭ രൂപീകരിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും അതി‌െൻറ ഘടകങ്ങൾ രൂപപ്പെട്ടതോടെ സമരങ്ങളുടെ ശക്തമായ കൊടുങ്കാറ്റായിരുന്നു ഇന്ത്യയിലുണ്ടായിരുന്നത്.

പ്രത്യേകമായ പ്രവർത്തന പഥങ്ങളിലൂടെ അവകാശ സംരക്ഷണത്തിന് വേണ്ടിയുള്ള മുന്നേറ്റങ്ങ ളുണ്ടായി. കേരളത്തിലെ മുസ്‌ലിം നവോത്ഥാന പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന സംഘടിത മുന്നേറ്റങ്ങളിലും കർഷകരെ ചേർത്തുപിടിച്ചതും അവരുടെ അവകാശങ്ങൾക്കായി പോരാടിയതും കാണാനാകും. മുസ്‌ലിം ഐക്യസംഘത്തി‌െൻറ പ്രഥമ സെക്രട്ടറിയായിരുന്ന മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി വലിയ ഒരു ഭൂവുടമയായിരുന്നു. എന്നിട്ടും ഭൂവുടമകളും സമ്പന്ന മുതലാളിവർഗവും പാവപ്പെട്ട കർഷക‌െൻറ രക്തമൂറ്റിക്കുടിച്ച് അവന്റെ ജീവിതം ദുരിതപൂർണമാക്കിയപ്പോൾ പാവപ്പെട്ട കർഷകർക്കൊപ്പം നിൽക്കാനാണ് അദ്ദേഹം തയ്യാറായത്.

മലബാർ കലാപത്തിന് ശേഷം കൊടുങ്ങല്ലൂരിൽ അടിച്ചമർത്തപ്പെട്ട കർഷകരുടെ മുന്നേറ്റമുണ്ടായി. അവിടെയും മണപ്പാടൻ മുന്നണിപ്പോരാളിയായിരുന്നു. അലിഗർ യൂണിവേഴ്‌സിറ്റിയിൽനിന്ന് ആധുനിക വിദ്യാഭ്യാസം നേടിയ കെ.എം ഇബ്രാഹിം സാഹിബ് കൂടി കർഷകർക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ മണപ്പാടന്റെ സഹായിയായി മാറി. കർഷകർക്ക് വലിയ ആത്മവിശ്വാസം നൽകിയ സംഭവമായിരുന്നു അത്. മലബാർ കലാപവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂരിലെത്തിയ ഖിലാഫത്ത് നേതാക്കൾക്ക് അഭയവും ആതിഥ്യവും നൽകിയതും ഇവരായിരുന്നു. കർഷകരുടെ ആവശ്യങ്ങളെയും അവകാശങ്ങളെയും വകവെച്ച് കൊടുക്കാനും അതിനുവേണ്ടി പോരാടാനും അവരെ ചേർത്തുപിടിക്കാനും കൃഷിയുടെ സമൃദ്ധിക്ക് വേണ്ടി പ്രവർത്തിക്കാനും സജീവമായ ഒരു സമൂഹവും പൈതൃകവുമായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. അത് ഉയർത്തിപ്പിടിക്കേണ്ടത് ഈ സംഘപരിവാര അധികാരസമയത്ത് അത്യന്താപേക്ഷികമാണ്.

പ്രതികരിക്കേണ്ട മലയാളബോധം

പുന്ന-പ്രവയലാർ സരമത്തി‌െൻറ തീജ്വാല കെടാതെ സൂക്ഷിക്കേണ്ട കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റുകളുടെ കർഷക സമരത്തോടുള്ള സമീപനം അത്ഭുതകരമാണ്. സാമ്രാജ്യത്വ കോർപറേറ്റുകൾക്കെതിരെ എഴുതുകയും പ്രസംഗിക്കുകയും അധ്വാനിക്കുന്ന കൈത്തണ്ടയൂർത്തി ഈണത്തിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്ന വിപ്ലവ വീര്യത്തിന് എന്തുപറ്റിയെന്ന് അതിശയത്തോടെ ചോദിക്കേണ്ടിയിരിക്കുന്നു. മലയാളി പൊതുബോധവും കർഷകസമര പോരാട്ടം കണ്ടില്ലെന്ന് നടിക്കുന്നത് അതിശയിപ്പിക്കുന്നു. അവകാശ പോരാട്ടത്തിനായി ഉയരേണ്ട മനുഷ്യമതിലുകൾക്ക് ക്ഷയം സംഭവിച്ചിരിക്കുന്നുവോ? കയർ തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, എണ്ണയാട്ടുതൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ചെത്തുതൊഴിലാളികൾ, ബീഡിത്തൊഴിലാളികൾ തുടങ്ങിയവർ ചേർത്തലയിലെ മുതലാളിമാരുടെയും ജൻമിമാരുടെയും ചൂഷണങ്ങളിൽപെട്ട് കടുത്ത സാമ്പത്തിക ക്ലേശങ്ങളിൽപെട്ട് പ്രയാസപ്പെടുന്നവരായിരുന്നു.

പന്ത്രണ്ടോളം യൂണിയനുകളുണ്ടാക്കി ജൻമിമാർക്കെതിരെ പോരാടി അവകാശങ്ങൾ നേടിയെടുത്ത വിപ്ലവചരിത്രം പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടേയും അക്ഷരങ്ങൾക്കും ശബ്ദങ്ങൾക്കും കേവലം ഇമ്പം നൽകാൻ വേണ്ടി മാത്രമാണെന്ന് തോന്നിപ്പോകുന്നു. കോർപറേറ്റുകൾ പാവങ്ങളായ കർഷകരെ അധികാരികളുടെ സാമ്പത്തികമോഹം ചൂഷണം ചെയ്ത് പിഴിഞ്ഞെടുക്കുമ്പോഴും അതിനുവേണ്ടി പദ്ധതികളാസൂത്രണം ചെയ്യുമ്പോഴും ശബ്ദിക്കാനുള്ള ശക്തി ശോഷിച്ചുപോയതുകൊണ്ടോ അതോ അധികാരത്തിന്റെ മത്തുപിടിച്ച് തൊഴിലാളികളുടെ വിയർപ്പിന് വിലകാണാൻ തയ്യാറില്ലാത്തതുകൊണ്ടോ?

ഏതായാലും ഏതിനും സമരകോലാഹലം സൃഷ്ടിക്കുന്ന സോഷ്യലിസ്റ്റുകളുടെ അവസ്ഥ ഇതാണെങ്കിൽ മറ്റു മലയാളി പരിസരം എങ്ങനെ ഉണർന്നെഴുന്നേൽക്കാനാണ്! അതുകൊണ്ട് കർഷകർക്ക് വേണ്ടി ശക്തമായ പ്രതിഷേധങ്ങൾക്ക് എല്ലാവരും തയ്യാറാകണം.

ഇന്ത്യയിലെ മത, വർഗ, വർണ വിഭാഗങ്ങൾക്കതീതമായി എല്ലാവരെയും ബാധിക്കുന്ന കർഷകനിയമങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്ന ഭരണകൂടം അതിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ആസാമിലെ മുസ്‌ലിം വിവാഹ നിയമം റദ്ദാക്കിയും ഉത്തരാഖണ്ഡിൽ ഏകസിവിൽകോഡ് നടപ്പാക്കിയും അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം പണിതും ഗ്യാൻവ്യാപി പോലെയുള്ള ഇതര പള്ളികളെ ലക്ഷ്യമാക്കിയുമെല്ലാം അജണ്ടകൾ സെറ്റ് ചെയ്യുമ്പോൾ; മറക്കാതിരിക്കുക നാം, നമ്മുടെ കർഷകരെക്കുറിച്ച്, അവരുടെ അവകാശങ്ങളെക്കുറിച്ച്, അവരുടെ നിലപാടിനെക്കുറിച്ച്. കഴിയുമെങ്കിൽ ഉറക്കെ ശബ്ദിക്കുക, അവർക്കു വേണ്ടി; അല്ല രാഷ്ട്രത്തിനു വേണ്ടി-കാരണം കർഷകരാണ് രാജ്യത്തി‌െൻറ ജീവൻതുടിപ്പ്, അത് നിലനിറുത്താൻ ശബ്ദിച്ചുകൊണ്ടേയിരിക്കുക.

അരുൺ ദാസി‌െൻറ കവിതയിലെ ഈ വരികൾ ഓർമകളിൽ എന്നും നിറഞ്ഞ് നിൽക്കട്ടെ:

“ഇനിയും ഈ നിശ്ശബ്ദത
അപകടകരമാണ്.
ആത്മാവുള്ള ഒരു വാക്ക്,
സ്‌നേഹത്തിന്റ ഒരു വാക്ക്,
ക്രോധത്തിന്റ ഒരു വാക്ക്,
ഈ ലോകം നശിക്കുമെന്ന്
വിളംബരപ്പെടുത്തുന്ന
ഒരു കരച്ചിലെങ്കിലും മതി.’’