ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

2024 മാർച്ച് 23, 1445 റമദാൻ 13

മതപണ്ഡിതന്‍, പ്രസംഗകന്‍, ഗ്രന്ഥകാരന്‍, പത്രപ്രവര്‍ത്തകന്‍, സംഘാടകന്‍, ബഹുഭാഷാ വിദഗ്ധന്‍, സാമുദായിക പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍... തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു ഇ.കെ. മൗലവി. മുസ്‌ലിം കൈരളിയുടെ സംഘടിത നവോത്ഥാന നായകരില്‍ ആദ്യ സ്ഥാനക്കാരിലൊരാളായ മൗലവിയുടെ സ്മരണകളിലൂടെ.

മുസ്‌ലിം കേരളത്തിന്റെ സംഘടിത നവോത്ഥാന ചരിത്രം ആഴത്തിൽ പരിശോധിക്കുന്ന ഏതൊരാളുടെയും മനോമുകുരത്തിൽ ആദ്യം തെളിഞ്ഞുവരുന്ന പേരുകളിലൊന്ന് ഇ.കെ.മൗലവി എന്ന, ഇല്ലത്തുകണ്ടിയിൽ കുഞ്ഞഹമ്മദ് കുട്ടിയുടെതായിരിക്കും. സംഘടന രൂപീകരിക്കാൻ തെളിവു ചോദിച്ച യാഥാസ്ഥിതിക പണ്ഡിതരുടെ മുമ്പിൽ ക്വുർആൻ ആയത്ത് തെളിവായുദ്ധരിച്ച് പ്രബോധനവീഥിയിലെ സംഘശക്തിയുടെ അസ്തിവാരമിട്ട സംഘാടകൻ എന്ന നിലയിൽ ഇ.കെ.മൗലവി എന്നെന്നും ഓർമിക്കപ്പെടും. ഇസ്വ‌്‌ലാഹി പ്രസ്ഥാനം എന്ന നവോത്ഥാനസംഘം രൂപപ്പെട്ട നാൾവഴികൾക്കു പിന്നിൽ ഇ.കെ.മൗലവിയെന്ന ധിഷണശാലിയുടെ ആസൂത്രണവും സംഘാടനവും നമുക്ക് തെളിഞ്ഞു കാണാൻ കഴിയും.

ആധുനിക കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന്റെ ശിൽപികളിൽ പ്രമുഖനാണ് പണ്ഡിതശ്രേഷ്ഠനും സാമൂഹ്യ പരിഷ്‌കർത്താവുമായ മർഹൂം ഇ.കെ. മൗലവി. കേരള മുസ്‌ലിംകളുടെ വ്യതിരിക്തമായ മത-രാഷ്ട്രീയ-വിദ്യാഭ്യാസ സാഹചര്യങ്ങൾക്ക് ഹേതുവായി മാറുകയും പരിവർത്തനത്തിന്റെ രാജപാതയൊരുക്കുകയും ചെയ്ത കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ രൂപീകരണത്തിലും അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിലും ഏറ്റവും വലിയ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് ഇ.കെ.മൗലവിയായിരുന്നു. മുസ്‌ലിം കേരളത്തിന്റെ നവോത്ഥാനചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ട ഐക്യസംഘത്തിന്റെ വാർഷിക മഹാസമ്മേളനങ്ങളോരോന്നിന്റെയും മുഖ്യ ആസൂത്രകൻ കൂടിയായിരുന്നു അദ്ദേഹം. സംഘടിത നവോത്ഥാനത്തിന് ധിഷണാപരമായ നേതൃത്വം നൽകി മുസ്‌ലിം കേരളത്തിന്റെ നവോത്ഥാനപ്രക്രിയക്ക് ഊടുംപാവും നൽകുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.

ആരെയും വിസ്മയിപ്പിക്കുന്ന അദ്ദേഹത്തിന്റെ സംഘാടനവൈഭവം പ്രബോധന പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവനകൾ കുറച്ചൊന്നുമായിരുന്നില്ല. കുറിക്ക് കൊള്ളുന്ന വാഗ്ശരങ്ങൾകൊണ്ട് എതിരാളികളെ ഇരുത്താൻ കഴിയുന്ന ഒരു വാഗ്മിയും രചനാവൈഭവംകൊണ്ട് അനുഗൃഹീതനായ തൂലികയുടെ ഉടമയുമായിരുന്നു അദ്ദേഹം. ഇസ്‌ലാമിനെതിരെ ഉന്നയിക്കപ്പെടുന്ന ഏതു വിമർശനങ്ങളെയും പ്രതിരോധിക്കുന്നതിൽ ഭാഷാപരമായ അദ്ദേഹത്തിന്റെ കഴിവുകളും അഗാധമായ പാണ്ഡിത്യവും ഏറെ സഹായകമായിരുന്നു. കേരള മുസ്‌ലിം നവോത്ഥാനരംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ ചെയ്ത മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രഗൽഭരായ ശിഷ്യഗണങ്ങളിൽ ഒരാളാണ് ഇ.കെ.മൗലവി സാഹിബ്.

മികച്ച സംഘാടകൻ, മതപണ്ഡിതൻ, പ്രസംഗകൻ, ഗ്രന്ഥകാരൻ, പത്രപ്രവർത്തകൻ, ബഹുഭാഷാ പണ്ഡിതൻ, സാമുദായിക പരിഷ്‌കർത്താവ്, വിദ്യാഭ്യാസ പ്രവർത്തകൻ... തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു ഇ.കെ. മൗലവി. പുതുതലമുറക്ക് പരിചയമില്ലാത്ത ആ മഹാമനീഷിയുടെ ജീവിത ചരിത്രമില്ലാത്ത കേരളത്തിന്റെ നവോത്ഥാന ചരിത്രം അപൂർണമായിരിക്കും എന്നതിൽ സംശയമില്ല. മതപരമായും സാമൂഹികമായും കേരളീയ മുസ്‌ലിം സമൂഹത്തെ ഉയർത്തിക്കൊണ്ടു വരാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെല്ലാം സമൂഹത്തിനകത്തുനിന്നുതന്നെയുള്ള കടുത്ത എതിർപ്പുകൾക്ക് വിധേയമായി. മതപൗരോഹിത്യം അദ്ദേഹത്തെ സത്യനിഷേധിയായും പുത്തൻവാദിയായും മുദ്രകുത്തി. പ്രതിബന്ധങ്ങളുടെയും പ്രയാസങ്ങളുടെയും നീറുന്ന പ്രതലത്തിൽ നിന്നുകൊണ്ടുതന്നെ എത്ര ദുഷ്‌കരമായ ലക്ഷ്യവും സാധിച്ചെടുക്കാൻ അചഞ്ചലമായ ദൈവികബോധവും ആത്മവിശ്വാസവും സഹായിക്കും എന്നതിന് ഒരു നല്ല ദൃഷ്ടാന്തമാണ് ഈ മഹാന്റെ ജീവിതം. പുതിയ തലമുറക്ക് പകർത്താൻ ഏറെ പാഠങ്ങളുണ്ട് എന്നതുകൊണ്ടു തന്നെ അദ്ദേഹത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് എന്നും പ്രസക്തിയുണ്ട്.

ജനനവും ബാല്യവും

1891ൽ കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പാനൂരിനടുത്തുള്ള കടവത്തൂർ എന്ന ഗ്രാമത്തിൽ ഇ.കെ മൗലവി ജനിച്ചു. കടവത്തൂരിലെ പുരാതനവും പ്രസിദ്ധവുമായ കരിപ്പാൽ തറവാട്ടിലെ ഇസ്‌ലാമിക പണ്ഡിതനായിരുന്ന കരിപ്പാൽ അബ്ദുല്ല സാഹിബിന്റെയും നാലുകണ്ടി തറവാട്ടിലെ ബിയ്യാത്തുമ്മയുടെയും മകനായാണ് ജനനം. കടവത്തൂരിലെ തലയെടുപ്പും സാമ്പത്തികശേഷിയുമുള്ള കുടുംബമായിരുന്നു കരിപ്പാൽ കുടുംബം. മലബാർ അധിനിവേശത്തിനിടെ തലശ്ശേരിയിൽ തമ്പടിച്ചിരുന്ന ടിപ്പു സുൽത്താന്റെ സൈനിക മേധാവികളുമായി ഈ കുടുംബം ബന്ധം പുലർത്തിയതായി സൂചിപ്പിക്കുന്ന പരാമർശങ്ങൾ ലഭ്യമാണ്. തലശ്ശേരിയിൽനിന്നും കടത്തനാട് (വടകര) ദേശത്തേക്കുള്ള ടിപ്പുവിന്റെ സൈനിക നീക്കത്തിന് ഭൗതികസൗകര്യം ഒരുക്കിക്കൊടുക്കുന്നതിൽ ഈ കുടുംബം പങ്കുവഹിച്ചിരുന്നു എന്നതാണ് ചരിത്രം. കരിപ്പാൽ തറവാട്ടു പറമ്പിലെ ‘പട്ടാണിഖണ്ഡം’ എന്ന പേരിലുള്ള ഭാഗം(1) ഈ വസ്തുതയെ അംഗീകരിക്കുന്നു. ഇ.കെ.മൗലവിയുടെ മാതാവാകട്ടെ, നിരവധി പണ്ഡിതന്മാർക്ക് ജന്മം നൽകിയ നാലുകണ്ടി കുടുംബാംഗമായിരുന്നു. അദ്ദേഹത്തിന്റെ അമ്മാവനും പ്രഥമ ഗുരുനാഥനുമായിരുന്ന നാലുകണ്ടിയിൽ മൊയ്തീൻകുട്ടി മുസ്‌ല്യാർ നാട്ടിലും സമീപ പ്രദേശങ്ങളിലുമെല്ലാം അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തിരുന്ന പണ്ഡിതനായിരുന്നു. പിൽക്കാലത്തും ഈ കുടുംബത്തിൽ ഒട്ടുവളരെ പണ്ഡിതന്മാർ ജന്മംകൊണ്ടിട്ടുണ്ട്.

കാൽ നൂറ്റാണ്ടുകാലം കേരള ജംഇയ്യത്തുൽ ഉലമയുടെ സെക്രട്ടറിയായിരുന്ന കെ.എൻ.ഇബ്‌റാഹീം മൗലവിയുടെ പിതാവ് പറമ്പത്ത് കുഞ്ഞഹമ്മദ് മുസ്‌ല്യാർ, നാമത്ത് മൂസ മുസ്‌ല്യാർ, പറമ്പത്ത് മൂസ മുസ്‌ല്യാർ, കടവത്തൂർ മസ്ജിദുൽ അൻസാർ ഖത്വീബായി ദീർഘകാലം സേവനമനുഷ്ഠിച്ച എടപ്പാറ കുഞ്ഞഹമ്മദ് മൗലവി, പീറ്റക്കണ്ടി അബ്ദുല്ല മൗലവി (ശാന്തപുരം) തുടങ്ങിയവരെല്ലാം നാലുകണ്ടി കുടുംബം സമ്മാനിച്ച പണ്ഡിത ശ്രേഷ്ഠരാണ്.(2) ബാല്യകാലത്ത് ഭൗതികവിദ്യാഭ്യാസം സമ്പാദിക്കുവാനുള്ള സൗഭാഗ്യം മൗലവിക്കു ലഭിച്ചിരുന്നില്ല. അന്നത്തെ നാട്ടുരീതിയനുസരിച്ച് മതവിദ്യാഭ്യാസത്തിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അപ്രകാരം മൗലവിയും നന്നെ ചെറുപ്പത്തിൽതന്നെ പള്ളിദർസിലേക്ക് നയിക്കപ്പെട്ടു. ജന്മനാടായ കടവത്തൂരിൽ അമ്മാവനായ നാലുകണ്ടിയിൽ മൊയ്തീൻകുട്ടി മുസ്‌ല്യാർ സ്വദേശത്ത് നടത്തിയിരുന്ന പള്ളിദർസിലായിരുന്നു പ്രാഥമിക മതപഠനം. അമ്മാവന്റെ പുത്രൻ പറമ്പത്ത് കുഞ്ഞമ്മദ് മൗലവിയായിരുന്നു(കെ.എൻ.ഇബ്‌റാഹീം മൗലവിയുടെ പിതാവ്) പഠനകാലത്തെ കൂട്ടുകാരൻ. ചെറുപ്പത്തിൽതന്നെ അതിരറ്റ വിജ്ഞാനദാഹികളും ബുദ്ധിമാൻമാരുമായിരുന്നു ഇരുവരും. ഗുരുനാഥനും അമ്മാവനുമായ മൊയ്തീൻകുട്ടി മുസ്‌ല്യാരുടെ കർക്കശമായ നിയന്ത്രണങ്ങൾ അസഹ്യമായി തോന്നിയ ഇരുവരും ആ പള്ളിദർസ് ഉപേക്ഷിച്ച് പുതിയ പഠനകേന്ദ്രങ്ങൾ തേടി പുറപ്പെട്ടു. കടവത്തൂരിലെ ദർസിൽനിന്ന് കൊളവല്ലൂരിലെ ദർസിലേക്കും അവിടെനിന്ന് പിന്നീട് പാനൂരിലെ ദർസിലേക്കും അവർ സ്ഥലം മാറുകയുണ്ടായി.(3) സമുദായ പരിഷ്‌കർത്താവായിരുന്ന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നിർദേശ പ്രകാരം നേരത്തെ പാനൂരിലെത്തിയിരുന്ന ശിഷ്യൻ ഖുത്വുബി മുഹമ്മദ് മുസ്‌ല്യാരായിരുന്നു അവിടുത്തെ ഒന്നാം മുദർരിസ്.

മൗലവിയുടെ പാനൂർ ദർസിലെ പഠനകാലം അതിരറ്റ വിജ്ഞാനതൃഷ്ണയുടെ കാലമായിരുന്നു. മൗലവി സാഹിബ് തന്റെ മരണംവരെ നിലനിർത്തിപ്പോന്ന പത്രപാരായണം എന്ന ശീലം ദിനചര്യയാക്കി മാറ്റിയത് ഇക്കാലത്താണ്. മലയാള ഭാഷാപഠനത്തെയും ഇംഗ്ലീഷ് പഠനത്തെയും പണ്ഡിതന്മാർ തന്നെ നിരുത്സാഹപ്പെടുത്തിയ കാലമായിരുന്നു അത്. ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നും മലയാളം (ആര്യനെഴുത്ത്) ഹിന്ദുവിന്റെ ഭാഷയാണെന്നും അതിനാൽ അവരണ്ടും പഠിക്കൽ നിഷിദ്ധമാണെന്നും അക്കാലത്തെ മതപൗരോഹിത്യം പ്രചരിപ്പിച്ചിരുന്നു. സമൂദായത്തെ ചൂഷണം ചെയ്ത് ജീവിച്ച പൗരോഹിത്യം സാധാരണക്കാർ വൈജ്ഞാനികമായി പുരോഗതി പ്രാപിക്കുന്നതിനെ ഭയപ്പെട്ടിരുന്നു എന്നതാണിതിനു കാരണം. സമുദായത്തെ അജ്ഞതയിലും അന്ധകാരത്തിലും തളച്ചിടാൻ പണ്ഡിതനേതൃത്വം ആവുന്നതും ശ്രമിച്ചു. എന്തിനധികം, ശുദ്ധമലയാളം സംസാരി ക്കുന്നതുപോലും വിലക്കപ്പെട്ട കാലമായിരുന്നു അത്. മലയാളഭാഷതന്നെ വികലമാക്കിയാണ് സംസാരിച്ചുവന്നിരുന്നത.്

പത്രപാരായണം മുസ്‌ലിംകൾക്ക് പൊതുവിലും ദർസ് വിദ്യാർഥികൾക്ക് പ്രത്യേകിച്ചും നിഷിദ്ധമായാണ് കണക്കാക്കിയിരുന്നത്. ‘ന്യൂസ്‌വായന’ എന്നാൽ ‘നൊസ്സ് വായന’ (ഭ്രാന്ത്) എന്ന് പരിഹസിച്ചാണ് പത്രപാരായണം നിഷിദ്ധമായി പ്രചരിപ്പിക്കപ്പെട്ടിരുന്നത്. പള്ളിയിൽവെച്ചുള്ള പത്രപാരായണം ഒട്ടും അനുവദിച്ചിരുന്നില്ല. ഈ നിയമം പാനൂരിലെ ദർസിൽ കർശനമായി പാലിക്കപ്പെടുകയും ചെയ്തിരുന്നു. അതുകാരണം വിജ്ഞാനദാഹിയായിരുന്ന ഇ.കെ.മൗലവി ഒളിച്ചും പാത്തുമാണ് പത്രങ്ങൾ വായിച്ചിരുന്നത്. ആരും കാണാതെ കുടയുടെ ഉള്ളിൽ വെച്ച്, പള്ളിക്കാട്ടിൽ പോയി ഒളിച്ചിരുന്നാണ് മാതൃഭൂമിയൊക്കെ വായിച്ചിരുന്നതെന്ന് മൗലവി അനുഭവക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. മരണംവരെ പത്രപാരായണശീലം നിലനിർത്താൻ ഈ അനുഭവങ്ങൾ ഇ.കെ.മൗലവിയെ സഹായിച്ചു. ഒരു പോലീസ് സബ്ഇൻസ്‌പെക്ടറുമായി സൗഹൃദം സ്ഥാപിക്കാനും പോലീസ് സ്റ്റേഷനിൽ എപ്പോഴും കയറിയിറങ്ങാനും നാട്ടുകാരുടെ പ്രശ്‌നങ്ങളിൽ ഇടപെടാനുള്ള സ്വാതന്ത്ര്യം കൈവരിക്കാനും മൗലവി സാഹിബിന്റെ പത്രപാരായണം കാരണമായതായതായി അദ്ദേഹത്തിന്റെ പൂത്രീഭർത്താവ് സി.എച്ച്. കുഞ്ഞിമൂസ മാസ്റ്റർ വിവരിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്: “...ഒരിക്കൽ പ്രസ്തുത സബ് ഇൻസ്‌പെക്ടർ വരുമ്പോൾ ഒരു പത്രവും കൈയിൽ പിടിച്ചുകൊണ്ട് മൗലവി സാഹിബ് എതിരെ വരുന്നത് കണ്ടു. ആരോടും മിണ്ടാത്ത ഭാവത്തിൽ നടക്കുന്ന സബ് ഇൻസ്‌പെക്ടർ മൗലവിയെ കണ്ടപ്പോൾ അവിടെ നിന്നു. മൗലവി സാഹിബിന്റെ കൈയിൽനിന്നു പത്രം വാങ്ങി നോക്കി. ഈ പത്രം ഞാൻ വായിച്ചു തിരിച്ചുതരാമെന്നു പറഞ്ഞു വാങ്ങി കൊണ്ടുപോയി. പിന്നീട് പതിവായി മൗലവിയുടെ അടുക്കൽ പോലീസുകാരെ അയച്ച്, പ്രസ്തുത ഉദ്യോഗസ്ഥൻ പത്രങ്ങൾ വാങ്ങി കൊണ്ടുപോയി വായിക്കാറുണ്ടായിരുന്നു. അതുവഴി ആ ഉദ്യാഗസ്ഥൻ മൗലവിയുടെ അടുത്ത സുഹൃത്തായി മാറി. അങ്ങനെ ആർക്കും അടുത്തുകൂടാൻ പറ്റാത്ത ആ പോലീസ് ഉദ്യാഗസ്ഥനെ സമീപിക്കാൻ പാനൂർക്കാർക്ക് മൗലവിയുടെ സഹായം ആവശ്യമായിവന്നു.’’(4)

വിജ്ഞാനസമ്പാദനത്തിൽനിന്നും മതമേലാളൻമാർ സമൂഹത്തെ വിലക്കിയ ആ കാലഘട്ടത്തിലാണ് ഇ.കെ.മൗലവി തന്റെ അക്ഷരവിപ്ലവം ആരംഭിക്കുന്നത്. മതരംഗത്തെ ജീർണതകൾ നീക്കി നവീകരണം നടത്താനുള്ള ചിന്തകൾ മൗലവി സാഹിബിൽ മൗലിക താൽപര്യമായി വളർന്നുവന്നത് പാനൂരിലെ പഠനകാലത്താണ്. അക്കാലത്തുതന്നെ സ്വപരിശ്രമത്താൽ മലയാളവും ഇംഗ്ലീഷും പഠിക്കാൻ മൗലവിക്ക് കഴിഞ്ഞിരുന്നു.

ഖുത്വുബി മുഹമ്മദ് മുസ്‌ല്യാരുടെ ശിഷ്യനായി മതവിദ്യാഭ്യാസം നേടാൻ അവസരം ലഭിച്ചതാണ് സലഫീ വീക്ഷണത്തിലേക്ക് കടന്നുചെല്ലാൻ ഇ.കെ.മൗലവിയെ സഹായിച്ചത്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയോടൊപ്പം പല പ്രദേശങ്ങളിലും സഹവസിക്കുകയും വിദ്യാഭ്യാസം നേടുകയും ചെയ്ത നല്ല ഒരു പണ്ഡിതനായിരുന്നു ഖുതുബി മുഹമ്മദ് മുസ്‌ല്യാർ. തിരൂരങ്ങാടി തറമ്മൽ പള്ളിദർസിൽ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യനായി പഠനം തുടങ്ങിയ ഖുതുബി മുഹമ്മദ് മുസ്‌ല്യാർ, പിന്നീട് കുഞ്ഞഹമ്മദ് ഹാജി പുളിക്കലേക്ക് മാറിയപ്പോൾ ഗുരുവിനെ പിന്തുടർന്നു. ക്വിബ്‌ല വിവാദത്തെത്തുടർന്ന് ചാലിലകത്ത് വാഴക്കാട്ടെത്തിയപ്പോൾ ഖുതുബി മുഹമ്മദ് മുസ്‌ല്യാരും ചാലിലകത്തിനൊപ്പം ശിഷ്യനായി കൂടെയുണ്ടായിരുന്നു. അവിടെ വിദ്യാർഥിയായി മൂന്നുകൊല്ലത്തോളം താമസിച്ചശേഷം ഉസ്താദിന്റെ ആവശ്യപ്രകാരം ഖുതുബി മുഹമ്മദ് മുസ്‌ല്യാർ പാനൂരിൽ ദർസ് ആരംഭിച്ചു. പാനൂർ ദർസിൽ ഖുതുബി മുഹമ്മദ് മുസ്‌ല്യാരുടെ ഏറ്റവും അടുത്ത ശിഷ്യനായിരുന്നു ഇ.കെ.മൗലവി. എവിടെ യാത്രചെയ്യുമ്പോഴും ഖുതുബി ശിഷ്യനെ കൂടെ കൂട്ടുമായിരുന്നു.

ഒരിക്കൽ കടവത്തൂർ ഭാഗത്തുനിന്നും പാലത്തായി വഴി ഗുരുവും ശിഷ്യനും പാനൂരിലേക്ക് പോകുകയായിരുന്നു. കാൽനടയായിട്ടായിരുന്നു യാത്ര. ഗുരു മുന്നിലും ശിഷ്യൻ പിന്നിലുമായി അവർ യാത്ര തുടർന്നു. യാത്രക്കിടയിൽ ശിഷ്യൻ ചില ദിക്‌റുകൾ ചൊല്ലിക്കൊണ്ടിരുന്നു. ഇത് ഗുരുവിന്റെ ശ്രദ്ധയിൽ പെട്ടു. ഉടനെ ഖുതുബി അൽപം ദേഷ്യത്തോടെ താൻ ഉരുവിട്ടുകൊണ്ടിരിക്കുന്ന ദിക്‌റുകൾ ഏതാണെന്ന് ശിഷ്യനോട് ചോദിച്ചു. ശിഷ്യൻ അത് പറഞ്ഞുകൊടുത്തപ്പോൾ എവിടെനിന്നാണ് നിനക്കിത് കിട്ടിയത് എന്നും ഏത് ഹദീസിന്റെ അടിസ്ഥാനത്തിലാണ് നീ ഇത് ചൊല്ലുന്നത് എന്നും ക്ഷോഭിച്ചുകൊണ്ട് ഖുതുബി ചോദിച്ചു. ഏതു പ്രവൃത്തി ചെയ്യുമ്പോഴും അതിന്റെ ആധികാരകതയെക്കുറിച്ച് മനസ്സിലാക്കണമെന്നും പ്രമാണങ്ങളുടെ അടിസ്ഥാനമുണ്ടാകണമെന്നും ഖുതുബി, ഇ.കെ.മൗലവിയായി പിന്നീട് അറിയപ്പെട്ട ആ ശിഷ്യനെ ബോധ്യപ്പെടുത്തി. ഖുതുബിയുടെ ആ ഉപദേശം ആ ശിഷ്യനിൽ മാറ്റങ്ങളുണ്ടാക്കി. നാട്ടിൽ നടക്കുന്ന ആചാരങ്ങളല്ല മതമെന്നും പ്രവാചകചര്യയുടെ അടിസ്ഥാനത്തിലേ ദീൻ തീരുമാനിക്കാവൂ എന്നും ഖുതുബിയിൽ നിന്നും ലഭിച്ച പാഠം ആ ശിഷ്യന് തെറ്റുകൾ തിരുത്താനും ഏതു പ്രവർത്തനത്തിന്റെയും അടിസ്ഥാനം പ്രവാചകചര്യയായിരിക്കണമെന്ന ആശയം സ്വായത്തമാക്കാനും സഹായിച്ചു. ആ പഠനവും ചിന്തയുമാണ് തന്റെ ഇസ്വ‌്‌ലാഹി പ്രവേശനത്തിന് കാരണമായതെന്ന് ഇ.കെ.മൗലവി പലരോടും പറയുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു.(5)

ഏതു പ്രദേശത്തു ചെന്നാലും ആ പ്രദേശത്തെ മുസ്‌ലിം കുടുംബങ്ങളെക്കുറിച്ച് പഠിക്കുക എന്നത് ഇ.കെ.മൗലവിയുടെ ഒരു സവിശേഷഗുണമാണ്. പാനൂർ ദർസിൽ പഠിച്ചുകൊണ്ടിരിക്കെ ആ മഹല്ലിലും പരിസര പ്രദേശങ്ങളിലുമുള്ള മുസ്‌ലിം കുടുംബങ്ങളുടെ ചരിത്രം മനസ്സിലാക്കാൻ ഇ.കെ.മൗലവി ശ്രമിച്ചിരുന്നു. റമദാനിലും അല്ലാത്ത കാലത്തും മതപ്രഭാഷണങ്ങൾക്ക് പോകുന്ന വേളകളാണ് അദ്ദേഹം ഇതിനായി ഉപയോഗപ്പെടുത്തിയിരുന്നത്. കുടുംബ ചരിത്രവും കുടുംബ പരമ്പരയുമൊക്കെ അറിയാനായി പാനൂരിലും ചുറ്റുപാടിലുമുള്ളവർ പലപ്പോഴും മൗലവിയെ വന്നു കാണാറുണ്ട്. പ്രമുഖ പണ്ഡിതനും കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക നേതാവുമായിരുന്ന പാനൂർ സ്വദേശി ടി.കെ.മൗലവി അദ്ദേഹത്തിന്റെ കുടുംബചരിത്രം മനസ്സിലാക്കിയത് ഇ.കെ.മൗലവിയിൽനിന്നാണന്ന് പറയാറുണ്ട്. അതുപോലെ ഒരു പ്രദേശത്തെത്തിയാൽ ആ പ്രദേശത്ത് ജീവിക്കുകയും മരണപ്പെട്ടുപോകുകയും ചെയ്ത പരിഷ്‌കരണ ചിന്തയുള്ളവരെക്കുറിച്ച് മനസ്സിലാക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ശിർക്ക്-ബിദ്അത്തുകൾക്കെതിരെ ശബ്ദിക്കുകയും ജനങ്ങളെ ശരിയായ മാർഗത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നവരെ പോയി സന്ദർശിക്കുന്നതും ഇ.കെ.മൗലവിയുടെ പതിവായിരുന്നു. ആദർശബോധമുള്ളവരെ അദ്ദേഹം അഗാധമായി സ്‌നേഹിക്കുകയും ആ ബന്ധം നിലനിർത്താൻ പരിശ്രമിക്കുകയും ചെയ്തിരുന്നു. തന്റെ പാനൂർ പഠന

കാലത്ത് സ്വദേശമായ കടവത്തൂർ ഉൾപ്പെടെയുള്ള പാനൂരിന്റെ പരിസരപ്രദേശങ്ങളിലുള്ള പുരോഗമന നിലപാടുള്ളവരെ സന്ദർശിക്കാനും അവരെയും പണ്ഡിതന്മാരെയും ഉൾപ്പെടുത്തി ചെറുസംഘങ്ങൾ രൂപീകരിക്കാനും അദ്ദേഹം നേതൃത്വം കൊടുത്തിരുന്നു. അനാചാരങ്ങൾക്കെതിരെ സന്ധിയില്ലാസമരം നടത്തിയ കരേക്കാട്ട് കുഞ്ഞിപ്പോക്കു മുസ്‌ല്യാരെ സന്ദർശിച്ച കാര്യം അദ്ദേഹം എഴുതിയിട്ടുണ്ട്. മഖ്ദി തങ്ങളെക്കുറിച്ചും കൊച്ചിയിൽ പ്രവർത്തിച്ചിരുന്ന അബ്ദുൽ കരീം സാഹിബിനെക്കുറിച്ചും വിശദീകരിച്ചതിനുശേഷം ഇ.കെ.മൗലവി കുഞ്ഞിപ്പോക്കു മുസ്‌ല്യാരെക്കുറിച്ച് എഴുതിയതിങ്ങനെയാണ്:

“ഏതാണ്ട് അക്കാലത്തുതന്നെ മലബാറിലും ബിദ്അത്തുകളെ എതിർക്കുന്ന പല മഹാന്മാരും ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിൽ കരേക്കാട്ട് കുഞ്ഞിപ്പോക്കു മുസ്‌ല്യാരുടെ പേര് പ്രത്യേകം പ്രസ്താവ്യമാണ്. കാരണം അദ്ദേഹം കാര്യം തുറന്നുപറയുന്ന ഒരു ധീരപുരുഷനായിരുന്നു. തന്മൂലം അദ്ദേഹത്തിനു വളരെയധികം മർദനങ്ങൾ സഹിക്കേണ്ടതായിവന്നിട്ടുണ്ട്. മലപ്പുറം നേർച്ചയെപ്പറ്റി ആരെങ്കിലും എതിരു പറഞ്ഞാൽ അവന്റെ തലയെടുക്കണമെന്നായിരുന്നു അന്നത്തെ നിശ്ചയം. കുഞ്ഞിപ്പോക്കു മുസ്‌ല്യാരാവട്ടെ മലപ്പുറം നേർച്ചയെ ശക്തമായി എതിർത്ത ആളാണ്. അതിനെപ്പറ്റി എനിക്കു കിട്ടിയ ഒരു റിപ്പോർ ട്ടിന്റെ ചുരുക്കം ഇവിടെ ഉദ്ധരിക്കാം: മലപ്പുറം നേർച്ചക്കു മുമ്പായി ‘തോലിടുക’ എന്നൊരു സമ്പ്രദായമുണ്ട്. അതായത് കൊട്ടു തുടങ്ങുക. ഖാദിയും കാരണവന്മാരും ഒത്തുചേർന്ന് ജുമുഅഃ നമസ്‌കാരത്തിനു ശേഷമാണ് ഈ ചടങ്ങ് ആരംഭിക്കുക പതിവ്. ജുമുഅഃ കഴിഞ്ഞയുടനെ കുഞ്ഞിപ്പോക്കു മുസ്‌ല്യാർ നേർച്ചയെ എതിർത്തുകൊണ്ട് സംസാരിക്കുകയുണ്ടായി. അതു കേട്ട് ക്ഷുഭിതരായ ജനങ്ങൾ അദ്ദേഹത്തെ പള്ളിയിൽനിന്നു പിടിച്ചു പുറത്താക്കി. മുസ്‌ല്യാർ അവർകൾ നേരെ ശുഹദാക്കളുടെ ജാറത്തിന്റെ അടുത്ത് വന്ന് ഏതാണ്ട് ഇങ്ങനെ പറഞ്ഞു: ‘ശുഹദാക്കളേ, നിങ്ങൾക്ക് കറാമത്തുണ്ടെങ്കിൽ ഇപ്പോഴല്ലേ കാണേണ്ടത്? ദീനുൽ ഇസ്‌ലാമിനു വിരുദ്ധമായ ഈ തോന്ന്യാസങ്ങൾ നിങ്ങളുടെ മുമ്പിൽ വെച്ച് നടക്കുന്ന ഈ അവസരത്തിലല്ലേ നിങ്ങൾ കറാമത്ത് ഉണ്ടെങ്കിൽ അത് കാണിക്കേണ്ടത്?’ ഇതു കേട്ട് കോപാന്ധരായ ജനങ്ങൾ അദ്ദേഹത്തെ കണക്കിനു പ്രഹരിച്ച് ഓടിച്ചുകളഞ്ഞു. ഇങ്ങനെ മർദനങ്ങൾ അനുഭവിച്ച പലരെയും കണ്ടേക്കാം. 1931ൽ കോടൂരിലുള്ള തന്റെ പള്ളിയിൽ വെച്ച് ഞാനും ചില സ്‌നേഹിതന്മാരും അദ്ദേഹത്തെ സന്ദർശിക്കുകയുണ്ടായി. അന്ന് അദ്ദേഹം ഞങ്ങളോട് ഇങ്ങനെ പറഞ്ഞു: ‘നിങ്ങളുടെ ആഗമനം എന്നെ ആവേശംകൊള്ളിക്കുന്നു. ഞാൻ ഒറ്റക്കു ചെയ്തുവരുന്ന ജോലി നിങ്ങളെപ്പോലുള്ളവർ സംഘടിച്ചു ചെയ്തുവരുന്നതായി കാണുന്നതിൽ എനിക്ക് അളവറ്റ സന്തോഷമുണ്ട്. എന്തു ദുരിതങ്ങൾ സഹിച്ചാലും നിങ്ങൾ മുമ്പോട്ടുവെച്ച കാൽ പിന്നോട്ട് വലിക്കരുത്.’’(6)

1920കളിൽ കുഞ്ഞിപ്പോക്കു മുസ്‌ല്യാർ മലപ്പുറം നേർച്ചയെ ശക്തമായി വിമർശിച്ചുവെങ്കിലും ആ നേർച്ച നിർത്തിവെക്കപ്പെട്ടത് പിന്നെയും അമ്പതോ അറുപതോ വർഷങ്ങൾ കഴിഞ്ഞാണ്. അതിനെതിരെയുള്ള സമരത്തിന്റെ തുടക്കക്കാരൻ എന്ന നിലയിൽ കുഞ്ഞിപ്പോക്കു മുസ്‌ല്യാരെയും ആ സമരത്തിന് പിന്തുണ നൽകിയ ഇ.കെ.മൗലവിയെയും നവോത്ഥാന കേരളത്തിന് വിസ്മരിക്കാനാവില്ല. ഇതു പോലെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്വ്‌ലാഹീ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും നേതൃത്വം നൽകുകയും ചെയ്ത ഒട്ടേറെയാളുകളുമായി ഇ.കെ.മൗലവി ആദർശബന്ധം പുലർത്തിയിരുന്നതായി കാണാം. 19ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 20ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും പരപ്പനങ്ങാടിയിൽ നവോത്ഥാന സംരംഭങ്ങൾക്ക് തുടക്കം കുറിക്കുകയും തന്റെ പുരയിടത്തിൽ പുരോഗമനാശയക്കാർക്കുവേണ്ടി ഒരു പള്ളി പണിയുകയും ചെയ്ത പുതിയ ഒറ്റയിൽ കോമുക്കുട്ടി സാഹിബുമായി ഇ.കെ.മൗലവി സാഹിബ് പുലർത്തിയ ശക്തമായ ആത്മബന്ധം മറ്റൊരുദാഹരണമാണ്. കോമുക്കുട്ടി സാഹിബിന്റെ ജീവചരിത്രം വിശദീകരിച്ചുകൊണ്ട് പരപ്പനങ്ങാടിയിൽ പ്രസിദ്ധീകരിക്കപ്പെട്ട കൊച്ചുകൃതിയിൽ ഇപ്രകാരം എഴുതിയത് കാണാം:

“സാമൂഹിക പരിഷ്‌കർത്താക്കളിൽ പ്രമുഖനായിരുന്ന ഇ.കെ.മൗലവി തന്റെ യാത്രാമധ്യേ പരപ്പനങ്ങാടിയിൽ എത്തുമ്പോഴെല്ലാം പീടികക്കലെ പുരയിൽ വന്ന് കോമുക്കുട്ടി സാഹിബിനെ കാണാതെയും അദ്ദേഹത്തിന്റെ ഊഷ്മളമായ സ്വീകരണം ഏറ്റുവാങ്ങാതെയും തിരിച്ചുപോകാറില്ല.’’

കോമുക്കുട്ടി സാഹിബിന്റെ പൗത്രനും ഇ.കെ.മൗലവിയുടെ ശിഷ്യനുമായ തിരൂരങ്ങാടിയിലെ പി.ഒ.ഹംസ അക്കാര്യം വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

“കേരള മുസ്‌ലിം നവോത്ഥാന നായകരിൽ ഒരാളായ ഇ.കെ മൗലവി സാഹിബ് കോമുക്കുട്ടി സാഹിബി ന്റെ പ്രവർത്തനങ്ങളിൽ അതീവതൽപരനായി അദ്ദേഹവുമായി ആത്മീയബന്ധം പുലർത്തിയിരുന്നു. തലശ്ശേരിയിൽനിന്നു കൊടുങ്ങല്ലൂരിലേക്കുള്ള തന്റെ യാത്രാമധ്യേ പലപ്പോഴും അദ്ദേഹം പരപ്പനങ്ങാടിയിലിറങ്ങി കോമുക്കുട്ടി സാഹിബിനെ സന്ദർശിക്കുകയും പ്രദേശവാസികളുമായി ബന്ധം പുലർത്തുകയും ചെയ്തിരുന്നു. ഈ അവസ്ഥയും പരപ്പനങ്ങാടി നിവാസികൾക്ക് ഇസ്‌ലാഹീ ആദർശങ്ങൾ നെഞ്ചേറ്റുന്ന തിനുള്ള ആവേശം നൽകി. കോമുക്കുട്ടി സാഹിബുമായുള്ള ഇ.കെ മൗലവിയുടെ ഈ ബന്ധം തന്നെയാണ് പിൽകാലത്ത് തന്റെ പൗത്രി ഇ.കെ ആയിശയെ കോമുക്കുട്ടി സാഹിബിന്റെ പൗത്രനായ ഈ ലേഖകന് വിവാഹം ചെയ്ത് കൊടുക്കുന്നതിന് നിമിത്തമായത്.’’

ഈ രൂപത്തിൽ, കേരളത്തിന്റെ ഏതെല്ലാം ഭാഗങ്ങളിൽ ഒറ്റയും തെറ്റയുമായി പുരോഗമനാശയക്കാർ പ്രവർത്തിക്കുന്നുണ്ടോ, അവരുമായെല്ലാം ആത്മബന്ധം സ്ഥാപിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ഇസ്വ്‌ലാഹീ പ്രസ്ഥാനം കേരളത്തിൽ പടർന്നുപന്തലിക്കുകയും അതിന്റെ ആദർശം നാടൊട്ടുക്കും വ്യാപിക്കുകയും ചെയ്തതിനു പിന്നിൽ ഇത്തരം സൗഹൃദങ്ങൾ അളവറ്റ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് കാണാൻ കഴിയും.

ഇ.കെ.മൗലവിയും ചാലിലകത്തും

വാഴക്കാട് ദാറുൽ ഉലൂമിലെ പ്രധാനാധ്യാപകനായിരുന്ന ചാലിലകത്തിന്റെ മതവിദ്യാഭ്യാസ നവീകരണ പ്രവർത്തനങ്ങളെക്കുറിച്ച് ഖുതുബി മുഹമ്മദ് മുസ്‌ല്യാരിൽനിന്നാണ് ഇ.കെ.മൗലവി കേട്ടറിയുന്നത്. അറിവിനോടുള്ള അദമ്യമായ താൽപര്യവും സാമൂഹ്യപരിഷ്‌കരണത്തെക്കുറിച്ച് ആഴത്തിലുള്ള ബോധവും ചെറുപ്പകാലത്തുതന്നെ മനസ്സിൽ കാത്തുസൂക്ഷിക്കുകയായിരുന്ന മൗലവി പിന്നെ ഒട്ടും കാത്തുനിന്നില്ല; കൂട്ടുകാരൻ കുഞ്ഞഹമ്മദ് മൗലവിയെയും കൂട്ടി പാനൂരിൽനിന്ന് വാഴക്കാട്ടേക്ക് തിരിച്ചു.1909ലായിരുന്നു ഈ സംഭവം. ചാലിലകത്തിന്റെ ശിഷ്യത്വം സ്വീകരിക്കാനായി ഇ.കെ.മൗലവി ദാറുൽ ഉലൂമിൽ എത്തിച്ചേർന്ന അതേദിവസം തന്നെ രാവിലെ മറ്റൊരു വിദ്യാർഥി കൂടി അവിടെയെത്തിയിരുന്നു. പിൽക്കാലത്ത് ഇ.കെ.മൗലവിയുടെ സന്തതസഹചാരിയായി മാറിയ കെ.എം.മൗലവിയായിരുന്നു അത്. ഇ.കെ.മൗലവിയെക്കുറിച്ച് പഠിക്കുമ്പോൾ അദ്ദേഹത്തിന്റെ ഗുരുവായ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെയും അദ്ദേഹത്തിന്റെ മതവിദ്യാഭ്യാസ പ്രവർത്തനങ്ങളെയും പരാമർശിക്കാതെ പോകുന്നത് അനുചിതമായിരിക്കും. അദ്ദേഹത്തെക്കുറിച്ച് ഇ.കെ.മൗലവി പറയുന്നത് ഇങ്ങനെയാണ്:

“കേരളത്തെ സംബന്ധിച്ചിടത്തോളം മതപരമായ വിദ്യാഭ്യാസ പദ്ധതിയിൽ വിപ്ലവകരമായ പരിവർത്തനത്തിന് ബീജാവാപം ചെയ്ത ഒരു പരിഷ്‌കർത്താവാണ് പരേതനായ മൗലാനാ കുഞ്ഞഹമ്മദ് ഹാജി. ഉദ്ദേശം അരനൂറ്റാണ്ട് മുമ്പുവരെ കേരളത്തിൽ ഖുർആൻ പഠനത്തിനോ മതപഠനത്തിനോ ശരിയായ പദ്ധതിയോ പാഠപുസ്തകങ്ങളോ ഉണ്ടായിരുന്നില്ല. ഖുർആൻ പഠിപ്പിക്കുന്നവർക്ക് മുല്ലമാരെന്നോ സീതിമാരെന്നോ പറഞ്ഞുവന്നിരുന്നു. ഇന്നും അങ്ങനെത്തന്നെയാണ് പറഞ്ഞുവരുന്നതും. ഓത്തുപള്ളിയെന്ന പേരിൽ ഒരു ഷെഡ്ഡ് കെട്ടിയുണ്ടാക്കി അതിൽവെച്ചാണ് മുല്ലമാർ പഠിപ്പിക്കാറ് പതിവ്. 16 ഇഞ്ച് നീളവും 12 ഇഞ്ച് വീതിയുമുള്ള പലകയിൽ എഴുതിക്കൊടുത്താണ് അക്ഷരങ്ങൾ പഠിപ്പിച്ചുവന്നിരുന്നത്. ഒരു കുട്ടി ഖുർആൻ പൂർണമായി വായിക്കാൻ ശീലിക്കുന്നതിന് നാലോ അഞ്ചോ കൊല്ലം വേണ്ടിവരും. പിന്നീട് മതപഠനത്തിനുള്ള കാലമായി. അതിനുള്ള സ്ഥാപനങ്ങൾ പള്ളി ദർസുകളാണ്. അതിന് സിലബസോ പാഠ്യപദ്ധതിയോ പഠനക്രമമോ ഒന്നുംതന്നെയില്ല. ഒരാൾ ‘അൽഫിയ’യും ‘ഫത്ഹുൽ മുഈനും’ ഓതിക്കഴിഞ്ഞാൽ ഒരു മുസ്‌ല്യാരായിക്കഴിഞ്ഞു. ഇതായിരുന്നു അരനൂറ്റാണ്ട് മുമ്പുണ്ടായിരുന്ന നില. മൗലാനാ മതപരമായ വിദ്യാഭ്യാസ പദ്ധതിയിൽ വരുത്തിയ പരിവർത്തനങ്ങളെപ്പറ്റി പറയുന്നതിനു മുമ്പായി അതിനു മുമ്പുണ്ടായിരുന്ന നില മൊത്തത്തിൽ ഗ്രഹിക്കുന്നത് നന്നായിരിക്കുമെന്നു കരുതി ഇത്രയും പറഞ്ഞുവെന്നേയുള്ളൂ. ഇനി നമുക്ക് വിഷയത്തിലേക്ക് പ്രവേശിക്കാം.’’(7)

“വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ ചേർന്നു പഠിച്ച അദ്ദേഹം അവിടെനിന്നും ബാംഗ്ലൂരിലേക്ക് പോകുകയും കുറേക്കാലം അവിടെ കഴിച്ചുകൂട്ടിയ ശേഷം വീണ്ടും വെല്ലൂരിലേക്ക് തിരിച്ചുപോകുകയും ലത്വീഫിയാ മദ്രസയിൽനിന്ന് ഉന്നതവിദ്യാഭ്യാസം നേടി നാട്ടിൽ തിരിച്ചുവരികയും ചെയ്തു. ഇതിനു മുമ്പ് മലബാറിൽനിന്നും ആരും വെല്ലൂരിൽ പോയി മതവിദ്യാഭ്യാസം ചെയ്തതായി അറിയില്ല. അവിടെ വെച്ച് മൗലാനാ മൻത്വിഖ് (തർക്കശാസ്ത്രം), ഫൽസഫ (തത്വശാസ്ത്രം) ഹൻദസ (ജ്യോമെട്രി), ഹൈഅ് (ഗോളശാസ്ത്രം) മുതലായ ശാസ്ത്രങ്ങളിലെല്ലാം പല പ്രധാന ഗ്രന്ഥങ്ങളും വായിച്ചുതീർത്തു. മൗലാനയുടെ കൂർമ്മബുദ്ധിയെപ്പറ്റി തന്റെ ഗുരുനാഥൻമാർ പോലും പുകഴ്ത്തി പറയുകയുണ്ടായിട്ടുണ്ട്.’’(8)

“തിരിച്ചുവന്നതിനു ശേഷം കുഞ്ഞഹമ്മദ് ഹാജിക്കുണ്ടായ വിഷമം താൻ സമ്പാദിച്ച അറിവ് തന്റെ നാട്ടുകാരിലേക്ക് പകർന്നുകൊടുക്കാൻ ഒരു കേന്ദ്രം ലഭിച്ചില്ലെന്നുള്ളതാണ്. അതിനു പുറമെ മറ്റു ചില വിഷമങ്ങൾകൂടി അദ്ദേഹത്തിനു നേരിടേണ്ടതായി വന്നു. ചാലിലകത്ത് കുഞ്ഞഹമ്മദ് വെല്ലൂർ പോയി കുറെ മൻത്വിഖും മറ്റും പഠിച്ചാണ് വന്നത്. അതുകൊണ്ട് അദ്ദേഹം അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിൽ നിന്ന് പുറത്തായിരിക്കുന്നു. തന്മൂലം അദ്ദേഹത്തെ ആരും സ്വീകരിക്കരുത് എന്നൊരു പ്രചാരവേല നാട്ടിലൊക്കെ പരന്നു. ഈ പ്രചാരവേല പേരെടുത്ത മുസ്‌ല്യാക്കന്മാരിൽനിന്നും ശൈഖന്മാരിൽനിന്നുമാണ് പുറത്തുവന്നതെന്ന വസ്തുത പ്രത്യേകം പ്രസ്താവ്യമാണ്. തിരിച്ചുവന്ന ശേഷം മൗലാന അധ്യാപനം നടത്തിയത് പുളിക്കലിൽവെച്ചായിരുന്നു. അനന്തരം നല്ലളത്തുവെച്ചും അദ്ദേഹം ദർസ് നടത്തുകയുണ്ടായി. ഇതിനുശേഷമാണ് അദ്ദേഹം മയ്യഴി പെരിങ്ങാടി ജുമുഅത്ത് പള്ളിയിൽവെച്ച് ദർസ് ആരംഭിച്ചത്. നല്ലളത്തുനിന്ന് വിട്ട് മയ്യഴിയിലേക്ക് പോകുന്നതിനു മുമ്പായി കുറച്ചുകാലം അദ്ദേഹം സ്വദേശമായ തിരൂരങ്ങാടിയിൽതന്നെ താമസമുറപ്പിച്ചിരുന്നു. അക്കാലത്താണ് അദ്ദേഹം തറമ്മൽ പള്ളി എന്ന പേരിൽ അറിയപ്പെടുന്ന പള്ളി പണിയിച്ചത്. കുറച്ചുകാലം അവിടെവെച്ചുതന്നെ ദർസ് നടത്തി. അതിനുശേഷമാണ് മയ്യഴിയിലേക്കു പോയത്. അന്ന് അവിടെ അദ്ദേഹത്തിന് യോഗ്യന്മാരായ ചില ശിഷ്യന്മാരെ ലഭിക്കുകയുണ്ടായി.’’(9)

ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിൽനിന്ന് പുറത്തുപോയിരിക്കുന്നു എന്ന യാഥാസ്ഥിതിക പണ്ഡിതൻമാരുടെ പ്രചാരണം ശക്തമായിരിക്കെത്തന്നെ വെല്ലൂരിൽവെച്ച് താൻ പഠിച്ച ഗോള-ഗണിത വിജ്ഞാനങ്ങൾ അദ്ദേഹം തന്റെ ശിഷ്യൻമാർക്ക് പകർന്നുനൽകി. ഈ പഠനത്തിന്റെ വെളിച്ചത്തിൽ ചാലിലകത്തും ശിഷ്യൻമാരും പ്രദേശത്തെ പല പള്ളികളുടെയും ക്വിബ്‌ല തെറ്റാണെന്ന് കണ്ടെത്തി. ക്വിബ്‌ല ശരിയല്ലാത്ത പള്ളികൾ ക്വിബ്‌ലക്ക് അഭിമുഖമായി പുനർനിർമിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇതിനെതിരായും യാഥാസ്ഥിതികർ രംഗത്തുവന്നു.

1905 ഡിസംബർ 20ന് പുളിക്കൽവെച്ച് ചാലിലകത്തും യാഥാസ്ഥിതിക പണ്ഡിതൻമാരും തമ്മിൽ ക്വിബ്‌ല വിഷയവുമായി ബന്ധപ്പെട്ട് ഒരു വമ്പിച്ച സംവാദം നടന്നു. പണ്ഡിതന്മാർ രണ്ടു പക്ഷത്തായി നിലകൊണ്ടുവെങ്കിലും ഏറെ പേരും ചാലിലകത്തിനെതിരെയാണ് നിലയുറപ്പിച്ചത്. ഈ പ്രശ്‌നത്തെ തുടർന്നു പുളിക്കലിൽനിന്നു മാറിത്താമസിക്കാൻ ചാലിലകത്ത് നിർബന്ധിതനായി.

അവലംബം:

  1. ഇ.കെ.മൗലവി-തെരഞ്ഞെടുത്ത കൃതികൾ, യുവത ബുക് ഹൗസ്, പേജ് 11.
  2. ഇ.കെ.മൗലവി-തെരഞ്ഞെടുത്ത കൃതികൾ, യുവത ബുക് ഹൗസ്, പേജ് 11.\
  3. ഇസ്ഹാഖ് അലി കല്ലിക്കണ്ടി- ഇസ്വ‌്‌ലാഹി ഭൂമികയിലൂടെ, ഭാഗം 1, ഇന്നലെകളിലെ നായകന്മാർ, കെ.എൻ.എം പബ്ലിഷിംഗ് വിംഗ്, പേജ് 71, 72.
  4. ഇ.കെ.മൗലവി-തെരഞ്ഞെടുത്ത കൃതികൾ, യുവത ബുക് ഹൗസ്, പേജ് 13. ഉദ്ധരണം: കുഞ്ഞിമൂസ സി.എച്ച്, ഇ.കെ.മൗലവി അനുസ്മരണം, അപ്രകാശിത കൈയെഴുത്ത് പ്രതി, കടവത്തൂർ 1980.
  5. ഇസ്ഹാഖ് അലി കല്ലിക്കണ്ടി-മുജാഹിദ് പ്രസ്ഥാനം കേരളത്തിൽ, കെ. എൻ.എം പബ്ലിഷിംഗ് വിംഗ്, പേജ് 269.
  6. കേരള മുസ്‌ലിം ഐക്യ സംഘം- ഇ.കെ മൗലവിയുടെ ലേഖനങ്ങളുടെ സമാഹാരം, സമാഹരണം അബ്ദുറഹ്‌മാൻ മങ്ങാട്, യുവത ബുക് ഹൗസ്, പേജ് 25,26.
  7. ചന്ദ്രിക ആഴ്ചപ്പതിപ്പ്, 1956 ഫെബ്രുവരി 4, ഉദ്ധരണം: അൽഇത്തിഹാദ് 1955 ഏപ്രിൽ 1.
  8. ചന്ദ്രിക ആഴ്ചപ്പതിപ്പ്, 1956 ഫെബ്രുവരി 4, ഉദ്ധരണം: അൽഇത്തിഹാദ് 1955 ഏപ്രിൽ 1.
  9. ചന്ദ്രിക ആഴ്ചപ്പതിപ്പ്, 1956 ഫെബ്രുവരി 4, ഉദ്ധരണം: അൽഇത്തിഹാദ് 1955 ഏപ്രിൽ 1.

(തുടരും)