മുനമ്പം വക്വ‌്‌ഫ് ഭൂമിയും ധ്രുവീകരണ രാഷ്ട്രീയവും

മുജീബ് ഒട്ടുമ്മൽ

2024 നവംബർ 23, 1446 ജു. ഊലാ 21

മുനമ്പം വക്വ‌്‌ഫ് ഭൂമിയുമായി ബന്ധപ്പെട്ട വിവാദം പല തലങ്ങളിലേക്കും വ്യാപിക്കുകയാണ്. സർക്കാരിന്റെ ദുരൂഹമായ മൗനത്തിൽ പോലും മുതലെടുപ്പിന്റെ രാഷ്ട്രീയം ദർശിക്കാൻ കഴിയും. ദരിദ്രരുടെ അവകാശങ്ങൾ സംരക്ഷിച്ച് കൊണ്ട് മുതലെടുപ്പുകാരെ കയ്യൊഴിയാൻ ഭരണകൂടവും നിയമസംവിധാനവും ആർജവം കാണിക്കണം.

'നിങ്ങൾക്ക് മാതാപിതാക്കളുണ്ടോ?’

‘തീർച്ചയായും!’

‘നിങ്ങൾ രക്ഷപ്പെടാൻ ശ്രമിച്ചാൽ, മുൻവശത്തെ വാതിൽ കടന്നുപോയി പതിനഞ്ച് മിനുട്ടിനകം അവർ നിങ്ങളുടെ മാതാപിതാക്കളെ കണ്ടെത്തി തൂക്കിലേറ്റും.’

‘ബുഷെൻവാൾഡ്’ നാസീ തടങ്കൽ പാളയത്തിൽവച്ച് ക്രൂരമായി മർദിക്കപ്പെട്ട് അവശനായി ജർമൻ നഴ്‌സുമാരുടെ മുന്നിൽ ചികിത്സാ പരിചരണത്തിനു വേണ്ടി എത്തിയ ‘എഡ്ഡി ജാക്കു’ എന്ന ജൂതനെ സ്വതന്ത്രനാക്കി വിട്ടപ്പോൾ രക്ഷപ്പെടാനുള്ള പഴുതന്വേഷിച്ചതിന്റെ സംഭാഷണശകലമാണ് നാം വായിച്ചത്.

കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ അവസ്ഥ ഇന്ന് ഇതുപോലെയാണ്. ഏതൊരു പ്രശ്‌നവും സമുദായത്തെ കൂടുതൽ സങ്കീർണതയിലേക്കും അപരവൽകരണങ്ങളിലേക്കും എത്തിക്കുമെന്ന് എറണാകുളം ജില്ലയിലെ ചെറായിക്കടുത്ത മുനമ്പം വക്വ‌്‌ഫ് സ്വത്തുമായി ബന്ധപ്പെട്ട ചർച്ച നമ്മെ ബോധ്യപ്പെടുത്തുന്നു.

2007ലെ ഇടതുപക്ഷ മുഖ്യമന്ത്രിയായ വിഎസ് അച്യുതാനന്ദന്റെ ഭരണകാലത്ത് പാലോളി മുഹമ്മദ് കുട്ടി വക്വ‌്‌ഫ് മന്ത്രിയായിരിക്കെ ജസ്റ്റിസ് നിസാർ കമ്മീഷനെ നിയമിച്ചു. വക്വ‌്‌ഫ് സ്വത്തിനെ കുറിച്ച് അന്വേഷിക്കാനായിരുന്നു കമ്മീഷൻ നിയോഗിക്കപ്പെട്ടത്. അന്യാധീനപ്പെട്ടുപോയ 23 കേസുകളെ കുറിച്ചുള്ള റിപ്പോർട്ടാണ് കമ്മീഷൻ സർക്കാറിന് മുന്നിൽ സമർപ്പിച്ചത്. ഏകദേശം രണ്ടുലക്ഷം കോടി വിലമതിക്കുന്ന സ്വത്തുവകകൾ അന്യാധീനപ്പെട്ടുപോയി എന്നാണ് കമ്മീഷൻ കണ്ടെത്തിയത്. 600 ഏക്കറോളം സ്ഥലവും അതിൽപെടുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. അതിൽ പ്രധാനം എറണാകുളത്തെ ചെറായിക്കടുത്തുള്ള മുനമ്പത്തെ 404.76 ഏക്കർ സ്ഥലമാണെന്ന് പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്. കോഴിക്കോടുള്ള ഫറൂഖ് കോളേജിന് വേണ്ടി സിദ്ദീഖ് സേട്ട് എന്ന അതിസമ്പന്നൻ വക്വ‌്‌ഫ് ചെയ്തതാണീ സ്ഥലം.

1950 നവംബർ ഒന്നിനാണ് ഇതിന്റെ രജിസ്‌ട്രേഷൻ നടന്നത്. ആധാരത്തിന്റെ ആദ്യ ഖണ്ഡിക ഇങ്ങനെയാണ്:

“ആയിരത്തിത്തൊള്ളായിരത്തി അമ്പതാം ആണ്ട് നവംബർ മാസം ഒന്നിന് ഇന്ത്യാഗവൺമെന്റ് സൊസൈറ്റി രജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്തു മദ്രാസ് സ്റ്റേഷനിൽ മലബാർ ജില്ല ഏറനാട് താലൂക്കിൽ ഫറോക്ക് അംശം നല്ലൂർ ദേശത്ത് ആഫീസ് സ്ഥാപിച്ച് പ്രവർത്തനം നടത്തിവരുന്ന ഫാറൂഖ് കോളജ് മാനേജ്‌മെന്റ് കമ്മിറ്റിക്കു വേണ്ടി ടി. കമ്മിറ്റിയുടെ ഇന്നത്തെ പ്രസിഡന്റ് പാലക്കാട് ഒലവക്കോട് അംശം ദേശത്ത് കല്ലടിയിൽ മുസൽമാൻ മൊയ്തു സാഹിബ് മകൻ തടിക്കച്ചവടം 66 വയസ്സ് ഖാൻ ബഹദൂർ പി.കെ ഉണ്ണിക്കമ്മു സാഹിബ് അവർകളുടെ പേർക്ക് കൊച്ചി കണയത്തൂർ താലൂക്ക് മട്ടാഞ്ചേരി വില്ലേജ് ബംബ്ലാശ്ശേരി ബംഗ്ലാവ് ഇരിക്കും കച്ചിമേമൻ മുസൽമാൻ ഹാജി ഹാഷിം സേട്ട് മകൻ മുഹമ്മദ് സിദ്ദീഖ് സേട്ട് എഴുതിക്കൊടുത്ത വഖ്ഫ് ആധാരം....’

അതായത്, വക്വ‌്‌ഫ് ചെയ്തു എന്ന് വാക്കാൽ പറഞ്ഞതല്ല. തന്റെ ഉടമസ്ഥത തെളിയിക്കുന്ന രേഖകളുമായി രജിസ്ട്രാർ ഓഫീസിൽ പോയി ഫറൂഖ് കോളേജ് കമ്മിറ്റിയുടെ പേരിൽ രജിസ്ട്രർ ചെയ്തു കൊടുത്തിട്ടുണ്ട്. അതാണ് വക്വ‌്‌ഫ് നിയമം. അതിൽ 188 ഏക്കർ സ്ഥലം വിൽപന നടത്തിയതായും 22 ഏക്കർ സ്ഥലം കടലെടുത്തതായും ബാക്കി 196 ഏക്കർ സ്ഥലം വേറെയായും കിടക്കുന്ന സമ്പത്തായാണ് കമ്മീഷൻ രേഖപ്പെടുത്തിയത്. കയ്യേറ്റം ചെയ്ത വക്വ‌്‌ഫ് ഭൂമിയെ കുറിച്ചുള്ള റിപ്പോർട്ട് മന്ത്രിസഭ അംഗീകരിക്കുകയുണ്ടായി.

എന്നാൽ 1950ന് മുമ്പുതന്നെ മുനമ്പത്ത് കൈവശരേഖകളോടുകൂടി മത്സ്യത്തൊഴിലാളികൾ താമസിച്ചിരുന്നതായി അവകാശപ്പെടുന്നുണ്ട്. 1950 നവമ്പർ 1നാണ് സിദ്ദീഖ് സേട്ട് 404.76 ഏക്കർ സ്ഥലം ഫാറൂഖ് കോളേജിന് നൽകി ആധാരം രജിസ്റ്റർ ചെയ്തിരുന്നത്. വക്വ‌്‌ഫ് ആധാരമാണെന്നാണ് അതിന് പേരു നൽകിയിരുന്നത്. എന്നാൽ അതിൽ രണ്ട് നിബന്ധനകൾ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. അതിലൊന്ന് വിദ്യാഭ്യാസ കാര്യങ്ങൾക്ക് വേണ്ടിയാണിത് ഉപയോഗിക്കേണ്ടത്, എന്നാൽ വിദ്യാഭ്യാസ വികസനത്തിനുവേണ്ടി ക്രയവിക്രയം ചെയ്യാൻ അനുവാദമുണ്ടായിരിക്കും. ബാക്കിവരുന്ന സ്ഥലം ഫാറൂഖ് കോളേജിന്റെ പ്രവർത്തനങ്ങൾ നിശ്ചലമായാൽ വാക്വിഫിനോ അദ്ദേഹത്തിന്റെ അനന്തരാവകാശികൾക്കോ തിരിച്ചെടുക്കാം എന്നതാണ് രണ്ടാമത്തെത്.

ഈ രണ്ട് നിബന്ധനകളും വക്വ‌്‌ഫിന്റെ സ്വഭാവത്തെ ബാധിക്കുന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരിച്ചെടുക്കാൻ പാടില്ലാത്തവിധം മറ്റു നിബന്ധനകളൊന്നുമില്ലാതെ ഒരു ലക്ഷ്യം മുൻനിറുത്തി അല്ലാഹുവിന് നൽകുന്ന ദാനമാണ് യഥാർഥത്തിൽ വക്വ‌്‌ഫുകൊണ്ട് അർഥമാക്കുന്നത്. അതുകൊണ്ട് ഇത് ദാനമായി നൽകിയതിനുമപ്പുറം സ്ഥിരമായി നിലനിൽക്കുന്നതെല്ലന്ന വാദവും ഉണ്ട്. അതിനാൽ മുനമ്പത്തെ പ്രശ്‌നം നിലനിൽക്കുന്ന പ്രദേശം വക്വ‌്‌ഫ് ഭൂമിയല്ലെന്ന അനുമാനവുമുണ്ട്.

1967ലും 75ലും ഭൂമിതർക്കമുണ്ടായപ്പോഴുള്ള ഹൈക്കോടതിയുടെ വിധിയിലും ഇത് കേവലം ദാനാധാരമാണെന്നാണ് വ്യവഹരിച്ചിട്ടുള്ളത്. ഫറൂഖ് കോളേജിന്റെ അഭിഭാഷകരായിരുന്ന അഡ്വ. എം.വി പോളും അഡ്വ. മൈക്കിളും ആയിരുന്നു ഭൂമി നോക്കിനടത്തിയിരുന്നത്. അവർക്ക് ഫറൂഖ് കോളേജ് പവർ ഓഫ് അറ്റോണി നൽകിയെന്നും അതുവെച്ച് മത്സ്യത്തൊഴിലാളികൾക്ക് ഭൂമി കൈമാറ്റം ചെയ്തുവെന്നും പറയപ്പെടുന്നു. 1989ൽ ജനങ്ങൾക്ക് താമസത്തിനായി മാർക്കറ്റ് നിലവാരത്തിലുള്ള വിൽപനയും നടന്നിട്ടുണ്ട്. കരം അടക്കാനുള്ള റവന്യൂ അധികാരവും അവിടുത്തെ താമസക്കാർക്ക് ലഭിച്ചിട്ടുണ്ടായിരുന്നു. കേവലം 300 മീറ്റർ അകലത്തിൽ കായലിനും കടലിനുമിടയിൽ 609 കുടുംബങ്ങളാണ് ഇപ്പോൾ അവിടെ താമസിക്കുന്നത്. കരം അടക്കാനുള്ള അവകാശം എടുത്ത് മാറ്റിയതോടുകൂടി മൽസ്യത്തൊഴിലാളികളായ ഈ കുടുംബങ്ങൾ പുതിയ ഭൂമി തർക്കത്തിൽ ആശങ്കയിലായിരിക്കുകയാണ്.

ഭരണ സംവിധാനത്തിന്റെ പ്രവർത്തനവും ഘടനയും അവലോകനം ചെയ്ത് പ്രതികരണശേഷിയും കാര്യക്ഷമതയും വർധിപ്പിക്കാനാവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്ന സർക്കാറിന്റെ ടേംസ് ഓഫ് റഫറൻസിൽ മറ്റു വിഷയങ്ങളോടൊപ്പം ഈ വിഷയവും കയറിവരികയായിരുന്നു. 2008ൽ നിസാർ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടാണ് അതേവർഷം നവംബർ ആറിന് സർക്കാർ പരിഗണിച്ചിരുന്നത്.

എന്നാൽ ഈ വസ്തു കമ്മീഷൻ റിപ്പോർട്ടനുസരിച്ച് തിരിച്ചുപിടിക്കാൻ അധികാരമില്ലെന്നായിരുന്നു ഫറൂഖ് കോളേജ് അധികൃതരുടെ സമീപനം. എങ്കിലും അത് വകവെക്കാതെ 2010ൽ കാബിനെറ്റിൽ വയ്ക്കുകയും അംഗീകരിക്കുകയുമായിരുന്നു. പ്രശ്‌നങ്ങളെയും തർക്കങ്ങളെയും വസ്തുവിന്റെ ഘടനയെയും കൂടുതൽ പഠിക്കാതെയും അന്വേഷിക്കാതെയുമുള്ള നിഗമനങ്ങളായിരുന്നു നിസാർ കമ്മീഷൻ മുന്നോട്ടുവച്ചത് എന്ന വിമർശനവും ചർച്ചയ്ക്ക് വിധേയമായിട്ടുണ്ട്. 1954ൽ വക്വ‌്‌ഫ് ആക്റ്റ് പ്രാബല്യത്തിൽ വരുന്നതിന് മുമ്പായിരുന്നു ഭൂമി വക്വ‌്‌ഫായി റജിസ്റ്റർ ചെയ്തതെന്നതും അതിനാൽ നിയമ സാധുതയില്ലെന്നും വിലയിരുത്തുന്നുമുണ്ട്. 2019 മുതൽ പ്രദേശവാസികൾക്ക് അവരുടെ ഭൂമിയുടെ കരം അടക്കാനാകാത്തതാണ് ഇപ്പോൾ അത് പ്രശ്‌നമായി വരാൻ കാരണമായിട്ടുള്ളത്.

എങ്കിലും അവിടെ ഉടമസ്ഥത അവകാശപ്പെടുന്നവരെ കുറിച്ചും പഠന വിധേയമാക്കേണ്ടതുണ്ട്. അവർ മൂന്നു വിഭാഗക്കാരാണ്. അതിലൊന്ന് കുടിലുകൾ കെട്ടി താമസിക്കുന്ന പാവങ്ങളായ മത്സ്യത്തൊഴിലാളികളാണ്. രണ്ടാമത്തെ വിഭാഗം അന്യരുടെതാണ് എന്നറിഞ്ഞുകൊണ്ട് തന്നെ ഭൂമി കയ്യേറി താമസമാക്കിയവർ. മൂന്നാമത്തേതാകട്ടെ റിസോർട്ട് മാഫിയകളുമാണ്. അതുകൊണ്ട് രണ്ടു കാര്യങ്ങൾ ഇവിടെ നടക്കുമെന്ന കാര്യം നിഷ്തർക്കമാണ്. റിസോർട്ട് മാഫിയകളും കയ്യേറിയവരും പാവങ്ങളായ മത്സ്യത്തൊഴി ലാളികളെ മുന്നിൽ നിറുത്തി വൈകാരികത ഇളക്കിവിട്ട് മുതലെടുപ്പിനുള്ള ശ്രമങ്ങളുണ്ടാകും. മറ്റൊന്ന് ഭൂമാഫിയകളുടെ തന്ത്രങ്ങൾ മനസ്സിലാക്കിയുള്ള അധികാരികളുടെ ഇടപെടലുകളിൽ പാവങ്ങളുടെ അവകാശങ്ങൾ നിരാകരിക്കാനുള്ള സാധ്യതയുമുണ്ട്. അതിനാൽ സമൂഹം നിലകൊള്ളേണ്ടത് പാവപ്പെട്ടവരുടെ അവകാശങ്ങളെ നേടിയെടുക്കാനും സ്വസ്ഥവും ഭയരഹിതവുമായ ജീവിതം നയിക്കാനുള്ള സാഹചര്യമൊരുക്കാനുമാണ്. അതിന് സർക്കാർ പരിഹാരമുണ്ടാക്കുകയാണ് വേണ്ടത്.

വക്വ‌്‌ഫ് : മുതലെടുപ്പിന്റെ രാഷ്ട്രീയം

നൂറ്റാണ്ടുകളായി രാജ്യത്ത് നിലനിന്നിരുന്ന വക്വ‌്‌ഫ് സംവിധാനം സമൂഹത്തിന് ഏറെ ഗുണകരമായാണ് ഉപയോഗപ്പെടുത്തിയിരുന്നത്. വക്വ‌്‌ഫ് എന്നതുതന്നെ ധാർമികവും ആത്മീയവുമായ നൻമയോടൊപ്പം വിദ്യാഭ്യാസപരവും സാമൂഹികവുമായ മുന്നേറ്റത്തിന് സാധ്യമായ സംവാധാനവുമാണ്.

എന്നാൽ സമീപകാലത്ത് സംഘപരിവാരങ്ങൾ അവരുടെ ശത്രുപക്ഷത്ത് മുസ്‌ലിം സമുദായത്തെ പരികൽപിച്ച് നിരന്തരമായി ദ്രോ ഹിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ഇന്ത്യയുടെ ഭരണം കയ്യിലമർന്നതിന് ശേഷം ഏറ്റവും കൂടുതൽ പീഡനങ്ങൾക്ക് വിധേയമായത് മുസ്‌ലിം സമുദായമാണ്. ആൾക്കൂട്ട കൊലപാതകങ്ങൾ, പൗരത്വനിഷേധം, ആരാധനാലയങ്ങൾ തകർക്കൽ, ചരിത്രധ്വംസനം, അവകാശ നിഷേധങ്ങൾ തുടങ്ങി, അധികാരമുപയോഗിച്ച് സമുദായ ഉന്മൂലനത്തിനുവേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുകയാണ് അവർ.

അതിന്റെ വഴിയിൽ സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ വക്വ‌്‌ഫ് നിയമത്തെ ചോദ്യം ചെയ്തുകൊണ്ടാണ് വർഗീയതയ്ക്ക് ചൂടുപകരാൻ കാവിരാഷ്ട്രീയം ശ്രമിക്കുന്നത്. അതിനുവേണ്ടി കള്ളക്കഥകൾ മെനഞ്ഞുകൊണ്ടിരിക്കുകയാണ്. കർണാടകയിലെ ബിജെപി എംപി തേജസ്വി സൂര്യ വക്വ‌്‌ഫിനെതിരെ പ്രചരിപ്പിച്ചിരുന്ന നുണക്കഥ അതിനുദാഹരണമാണ്. സ്വന്തം ഭൂമി വക്വ‌്‌ഫ് ബോർഡ് ഏറ്റെടുത്തപ്പോൾ കർഷകൻ ആത്മഹത്യ ചെയ്തുവെന്നാണ് അയാൾ പ്രചരിപ്പിക്കാൻ തുടങ്ങിയത്. എന്നാൽ കർണാടക സർക്കാർ തേജസ്വി സൂര്യക്കും അത് പ്രസിദ്ധീകരിച്ച പോർട്ടലിന്റ എഡിറ്റർമാർക്കും എതിരെ കേസെടുക്കുകയുണ്ടായി. തെറ്റായ പ്രചാരണം വഴി രണ്ട് സമുദായങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കുന്നതിന് ഭാരതീയ ന്യായ് സംഹിത 353 (2) പ്രകാരമാണ് കേസെടുത്തത്. ഹാവേരി പോലീസിന്റ സാമൂഹിക മാധ്യമ ചുമതലയുള്ള പോലീസ് കോൺസ്റ്റബിൾ സുനിൽ ഹചാവനവറിന്റെ പരാതിയിലാണ് നടപടി. എന്നാൽ 2022ൽ കർഷകൻ ആത്മഹത്യ ചെയ്തത് കടക്കെണിയും വിളനാശവും മൂലമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.

മുനമ്പത്തെ വക്വ‌്‌ഫ് ഭൂമിയുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ ‘കാസ’ പോലുള്ള ക്രിസ്ത്യൻ തീവ്രവാദ സംഘങ്ങളും ആർഎസ്എസ് പോലുള്ള സംഘപരിവാരങ്ങളും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയടക്കമുള്ളവരും നടത്തിയ പ്രസ്താവനകൾ സാമുദായിക സ്പർധ ലക്ഷ്യമാക്കിത്തന്നെയാണ്. എന്നിട്ടും കേരള സർക്കാറും അവരുടെ നിയമ സംവിധാനങ്ങളും ഒരു നടപടിക്കും മുതിരാതിരിക്കുന്നതിൽ ദുരൂഹതയുടെ രാഷ്ട്രീയത്തെ നമുക്ക് കണ്ടെത്താനാകും. മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള സ്ഥലം മറ്റുള്ളവർ വാങ്ങാതിരിക്കുവാനുള്ള പ്രചാരണങ്ങളിൽ നുണകൾ പരന്നൊഴുകുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ വിഷം ചീറ്റിയാണ് ഈ പ്രചാരണങ്ങളൊക്കെയും നടക്കുന്നത്. എന്നിട്ടും നമ്മുടെ നിയമ സംവിധാനങ്ങൾ നിസ്സംഗരാകുന്നതിൽ ആശങ്കയേറെയുണ്ട്.

ഇന്ത്യൻ റജിസ്‌ട്രേഷൻ ആക്റ്റ് അനുസരിച്ച് രേഖാമൂലം വക്വ‌്‌ഫ് ചെയ്യപ്പെട്ടിട്ടുള്ള വസ്തുക്കളിൽ അല്ലാതെ ഒരിടത്തും വക്വ‌്‌ഫ് ബോർഡിന് അവകാശവാദം ഉന്നയിക്കാനാവില്ല എന്നിരിക്കെ വക്വ‌്‌ഫ് നിയമമനുസരിച്ച് ഏതു ഭൂമിയിലും ബോർഡിന് അവകാശമുന്നയിക്കാമെന്ന ഭീതി പരത്തുന്ന വിധമുള്ള കളവ് സമൂഹ മാധ്യങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. വക്വ‌്‌ഫിനെതിരെ പരാതിയുണ്ടായാൽ പരിഹരിക്കേണ്ടത് വക്വ‌്‌ഫ് ബോർഡിന്റെ കീഴിലുള്ള വക്വ‌്‌ഫ് ട്രൈബ്യൂണലാണ് എന്ന നുണപ്രചാരണമാണ് നടക്കുന്നത്. എന്നാൽ വക്വ‌്‌ഫ് ട്രൈബ്യൂണൽ വക്വ‌്‌ഫ് ബോർഡിന്റെ കീഴിലെ സ്ഥാപനമല്ല. അതൊരു കോടതിയാണ്. അവിടെ ജഡ്ജി മുസ്‌ലിം ആകണമെന്ന് പോലുമില്ല എന്ന സത്യം മൂടിവച്ചുകൊണ്ടാണ് ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.

ഇതര മതസ്ഥരെ ഇറക്കിവിടാൻ മുസ്‌ലിംകൾ വക്വ‌്‌ഫ് ബോർഡിനെ ഉപയോഗിച്ച് സർക്കാരിനെ പ്രേരിപ്പിക്കുന്നുവെന്ന പ്രചാരണവുമുണ്ട്. എന്നാൽ മുനമ്പം പ്രശ്‌നത്തിൽ പോലും മുസ്‌ലിം സംഘടനകൾ ഇടപെടുകയോ അവിടെയുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല എന്നതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. എന്നിട്ടും ആരോപണങ്ങളും നുണപ്രചാരണങ്ങളുമായി സാഹചര്യങ്ങളെ പ്രക്ഷുബ്ധമാക്കാനുള്ള ശ്രമങ്ങൾ എന്തായാലും സമാധാനമാഗ്രഹിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്നുറപ്പാണ്. സമൂഹത്തെ അജ്ഞതയിൽ തളച്ചിട്ട് വിദ്വേഷവും വർഗീയതയും വളർത്തി നിലനിൽപ് തേടുന്ന സംഘ് രാഷ്ട്രീയത്തിന്റെ കുതന്ത്രങ്ങളിൽനിന്നാണ് ഇത്തരം ആരോപണങ്ങളുയരുന്നത് എന്ന തിരിച്ചറിവ് മലയാളി പ്രബുദ്ധതയിലും ഇടം പിടിക്കണം.

ജാതിമതവർണങ്ങളിൽ ചേരിതിരിഞ്ഞ് സംഘർഷങ്ങളും കലാപങ്ങളും സൃഷ്ടിച്ച് ഉത്തരേന്ത്യയിൽ അധികാരമുറപ്പിച്ചവർ സൗഹൃദകേരളത്തിന്റെ ഹൃദയത്തെ തുണ്ടമാക്കാൻ ശ്രമങ്ങൾ ആരംഭിച്ചിട്ട് നാളേറെയായി. അതിനായി അവർ പയറ്റിയ തന്ത്രങ്ങൾക്ക് അതിരുണ്ടായിരുന്നില്ല. അവസാനം ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായി. മണിപ്പൂരിന്റെ തെരുവീഥികളിൽ ചീന്തിയെറിയപ്പെടുന്ന സഹോദരിമാരുടെ കണ്ണുനീരിന് വില കൽപിക്കാത്ത, തൃശൂലങ്ങളിൽ പിടഞ്ഞ് വീഴുന്ന ജീവനുകളെ പരിഗണിക്കാത്ത അന്ധത ബാധിച്ച ചില ‘ക്രിസംഘി’കളാണ് അത്തരം കെണിയിൽ തലവച്ച് കൊടുത്തത്. അവരെ ഉപയോഗപ്പെടുത്തി കാവിരാഷ്ട്രീയം മുനമ്പത്തും നിറഞ്ഞാടുകയാണ്.

വക്വ‌്‌ഫ് നൽകുന്ന തിരിച്ചറിവ്

വിശുദ്ധവും മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങൾക്കായി ഒരു വ്യക്തി അല്ലാഹുവിന്റെ പേരിൽ സമർപ്പിക്കുന്ന സ്വത്തിനെയാണ് ‘വക്വ‌്‌ഫ് ’ എന്ന് പറയുന്നത്. സമർപ്പിക്കുന്നയാൾക്ക് ‘വാക്വിഫ്’ എന്നും പറയുന്നു. മുറിഞ്ഞുപോകാതെ എന്നെന്നും നിലനിൽക്കുന്ന ദാനം എന്നതാണ് ഇതിന്റെ ആശയം. സാധാരണ ദാനങ്ങൾ അപ്പോഴുള്ള ആവശ്യങ്ങൾക്ക് ഉപകാരപ്പെടുകയും അതിന്റെ പ്രയോജനങ്ങൾ അതോടെ അവസാനിക്കുകയും ചെയ്യുമ്പോൾ വക്വ‌്‌ഫിന്റെ പ്രതിഫലം തുടർന്നുകൊണ്ടിരിക്കും. ഇസ്‌ലാം ഏറെ പ്രോൽസാഹിപ്പിച്ചതും നബിﷺ പഠിപ്പിച്ചതുമാണ് വക്വ‌്‌ഫ് രീതി.

നബിﷺ പറഞ്ഞു: “മനുഷ്യൻ മരണപ്പെട്ടാൽ മൂന്ന് കാര്യങ്ങളല്ലാത്ത അവന്റെ എല്ലാ പ്രവർത്തനങ്ങളും അറ്റുപോകും. ജാരിയായ സ്വദക്വ (തുടർന്ന് പ്രതിഫലം കിട്ടിക്കൊണ്ടിരിക്കുന്ന ദാനം), ഉപകാരപ്രദമായ അറിവ്, തനിക്കുവേണ്ടി പ്രാർഥിക്കുന്ന സന്താനം’’ (മുസ്‌ലിം).

ഭൂമി, തോട്ടം, കെട്ടിടം, ഫലവൃക്ഷങ്ങൾ, കുതിര, കിണർ, യുദ്ധോപകരണങ്ങൾ, തോട്, അഗതി മന്ദിരങ്ങൾ, ആരാധനാലയങ്ങൾ എന്നിവയെല്ലാം നബി

ﷺയുടെ കാലത്ത് വക്വ‌്‌ഫ് ചെയ്തിട്ടുണ്ട്. ഇവ നശിക്കുന്നതുവരെ ദാതാവിന് പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കും. പെട്ടെന്ന് തീർന്നുപോകുന്ന ഭക്ഷണം, പണം എന്നിവ വക്വ‌്‌ഫ് ചെയ്യാൻ കഴിയില്ല. തനിക്ക് ഏറ്റവും വിലപ്പെട്ട സ്വത്തായ ഖൈബറിലെ ഭൂമി ദാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉമറുബ്‌നുൽ ഖത്വാബ്(റ) പ്രവാചകﷺനെ സമീപിച്ചപ്പോൾ മൂല്യം നിലനിറുത്തിക്കൊണ്ട് ആദായം ദാനം ചെയ്യാൻ നിർദേശിക്കുകയുണ്ടായി. ശേഷം അദ്ദേഹം അത് വിൽക്കാനോ അനന്തരമെടുക്കാനോ ദാനമായി നൽകാനോ പാടില്ലെന്ന വ്യവസ്ഥയിൽ അതിന്റെ ലാഭം ബന്ധുക്കളും അല്ലാത്തവരുമായ ദരിദ്രർക്കും വഴിപോക്കർക്കും അടിമമോചനത്തിനും ദൈവമാർഗത്തിലും അതിഥികൾക്കുമായി വീതിക്കുകയും മകൾ ഹഫ്‌സ(റ)യെ അതിന്റെ മേൽനോട്ടക്കാരിയായി (മുതവല്ലി) നിശ്ചയിക്കുകയും ചെയ്തു. ഇതാണ് ഇസ്‌ലാമിലെ ആദ്യത്തെ വക്വ‌്‌ഫ് .

ഇസ്‌ലാം അനുവദിക്കുന്ന നൻമകൾക്കുവേണ്ടി മാത്രമെ വക്വ‌്‌ഫ് ചെയ്യാൻ പാടുള്ളൂ. ഇസ്‌ലാമിക സ്ഥാപനങ്ങൾ, അഗതികൾ, വിധവകൾ, അനാഥകൾ, കുടുംബത്തിൽ അവശതയനുഭവിക്കുന്നവർ തുടങ്ങിയതിനെല്ലാം വക്വ‌്‌ഫ് അനുവദനീയമാണ്. കുറ്റകരമായ കാര്യങ്ങൾക്കു വേണ്ടി സാധാരണ ദാനമോ വക്വ്‌ഫോ പാടില്ലാത്തതാണ്. ജനോപകാരപ്രദമായ രീതിയിൽ എല്ലാകാലത്തും അതിന്റെ ഉദ്ദേശ്യങ്ങൾക്കനുസരിച്ച് നിലനിൽക്കുകയാണ് വേണ്ടത്.

രാജ്യത്തിന്റെ നൻമയ്ക്കും സമൂഹത്തിന്റെ വളർച്ചക്കും നിദാനമാകുന്നതാണ് വക്വ‌്‌ഫ് . അതിന് ഇല്ലാത്ത അർഥങ്ങൾ നൽകി സമൂഹത്തിൽ ഛിദ്രത വളർത്താൻ ഒരിക്കലും അനുവദിക്കാൻ പാടില്ല. കേരളത്തിൽ പല സ്ഥലങ്ങളും വക്വ‌്‌ഫ് ചെയ്തതുപോലെ പല സ്ഥാപനങ്ങൾക്ക് വേണ്ടിയും ദാനമായി നൽകിയതിനും ചരിത്രത്തിൽ തെളിവുകളുണ്ട്. വൈക്കം താലൂക്കിലെ കല്ലറ പഞ്ചായത്തിലും ഏഴുമാൻ തുരുത്ത് പഞ്ചായത്തിലുമായി പടർന്ന് കിടന്നിരുന്ന 2327 ഏക്കർ 44 സെന്റ് സ്ഥലം മുണ്ടാർ എസ്റ്റേറ്റ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മുസ്‌ലിം നവോത്ഥാന പ്രസ്ഥാന നായകനായിരുന്ന മണപ്പാട്ട് കുഞ്ഞി മുഹമ്മദ് ഹാജിയായിരുന്നു അതിന്റെ ഉടമസ്ഥൻ. സേട്ട് രഞ്ചുർ ദാസിൽനിന്ന് വാങ്ങിയതായിരുന്നു അദ്ദേഹം. 1948ൽ കേരളത്തിലെ ആദ്യ മുസ്‌ലിം കോളേജ് എന്നറിയപ്പെടുന്ന ഫാറൂഖ് കോളേജിന്റെ പ്രാരംഭഘട്ടത്തിലെ പ്രതിസന്ധി തീർക്കാൻ അദ്ദേഹം 112 ഏക്കർ ദാനം ചെയ്തു. കൊല്ലം എസ്എൻ, ചങ്ങനാശ്ശേരി ഹിന്ദു എൻഎസ്എസ്, കാലടി ശ്രീ ശങ്കര എന്നീ കോളേജുകൾക്ക് 25 ഏക്കർ വീതവും ഫറൂഖ് റൗദത്തുൽ ഉലൂം, പുളിക്കൽ മദീനത്തുൽ ഉലൂം എന്നീ അറബിക്കോളേജുകൾക്ക് 30 ഏക്കർ വീതവും മലപ്പുറം ജില്ലയിലെ സുല്ലമുസ്സലാം അറബിക്കോളേജിന് 11 ഏക്കറും, വടുതല നദ്‌വത്തുൽ മുജാഹിദീൻ മദ്‌റസക്ക് 5 ഏക്കറും ഭൂമി അദ്ദേഹം ദാനമായി നൽകിയിട്ടുണ്ട്. നീണ്ടൂർ സെന്റ് തോമസ് അസൈലത്തിന്റെ 5 ഏക്കറും എറിയാട് ലത്തീൻ കത്തോലിക്കാ പള്ളിക്കുള്ള സ്ഥലവും മണപ്പാടന്റെ ദാനമാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ഗവൺമെന്റ് ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും മണപ്പാടൻ സ്ഥലം ഔദാര്യമായി നൽകിയിട്ടുണ്ട്. ഇങ്ങനെ ജാതിമതവർണവർഗ വ്യത്യാസങ്ങൾക്കതീതമായി ഭൂമി ധാരാളമായി ദാനം ചെയ്തവരുടെ ഉദാരതയെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം മനുഷ്യോപകാര സംവിധാനങ്ങൾക്ക് നേരെ തെറ്റിദ്ധാരണകൾ ഉയർത്തി തകർത്തെറിയാൻ ഇവർക്കെങ്ങനെയാണ് സാധിക്കുന്നത്!

വക്വ‌്‌ഫ് ആയി റജിസ്റ്റർ ചെയ്യപ്പെട്ട ഭൂമിയിൽ യാതൊരു അധാർമികവും ജനദ്രോഹപരവുമായ പ്രവർത്തനങ്ങളും പാടില്ലന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. എല്ലാ കാലത്തും വിശുദ്ധി കാത്തുസൂക്ഷിച്ചു കൊണ്ട് സംരക്ഷിപ്പെടേണ്ട വക്വ‌്‌ഫ് സ്വത്ത് അന്യാധീനപ്പെടുത്താനും ആരോപണങ്ങളിലൂടെ തകർക്കാനും ശ്രമിക്കുന്നതിനെതിരെ സമൂഹത്തിന്റെ പ്രതികരണമുണ്ടാകണം. അതിലുപരി സർക്കാറും നിയമ സംവിധാനങ്ങളും സംരക്ഷണമൊരുക്കുകയും വേണം.

അധികാര സമീപനങ്ങൾ, ആശങ്കകൾ

ഇസ്‌ലാമോഫോബിയ ബാധിച്ച മനസ്സുകളുടെയും സംഘങ്ങളുടെയും ലക്ഷ്യം അതിന്റെ ഉൻമൂലനാശമാണ്. അതിനായി എല്ലാ മാർഗങ്ങളും അവർ അവലംബിക്കുന്നു. വക്വ‌്‌ഫ് സ്വത്തുക്കൾ അവരുടെ കുതന്ത്രത്തിന്റെയും വിദ്വേഷത്തിന്റെയും ഇരയായിക്കൊണ്ടിരിക്കുന്നു. അധികാരികളിൽനിന്നും സാധാരണക്കാരിൽ നിന്നും അതിന്റെ കെടുതി അനുഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട്.

ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 14,15,25,26,30 അനുശാസിക്കും പ്രകാരമുള്ള മൗലികാവകാശങ്ങൾ മാനിച്ച് വക്വ‌്‌ഫ് എന്റോവ്‌മെന്റുകളെയും സ്ഥാപനങ്ങളെയും സംരക്ഷിക്കുന്ന രൂപത്തിൽ അതിന്റെ സ്വാതന്ത്ര്യം അതാത് മതവിഭാഗങ്ങൾക്ക് ഉറപ്പ് വരുത്തിക്കൊണ്ടാണ് സർക്കാർ വക്വ‌്‌ഫ് നിയമം രൂപീകരിക്കേണ്ടത്. നാളിതുവരെ ഉണ്ടായിട്ടുള്ള വക്വ‌്‌ഫ് നിയമങ്ങളെല്ലാം തന്നെ ഇത് പാലിച്ചുകൊണ്ടാണ് നിലവിൽ വന്നിട്ടുള്ളത്. എന്നാൽ ഇന്ത്യയിൽ ആദ്യമായി വക്വ‌്‌ഫ് നിയമത്തിന്റെ അടിസ്ഥാന തത്ത്വവും ലക്ഷ്യവും മാറ്റി നിറുത്തി കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ടുവന്ന് നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. മുതവല്ലി നിയമനത്തിൽ നിബന്ധനകൾ കൊണ്ടുവന്നും, വാക്വിഫിന്റെ ഇസ്‌ലാം ആശ്ലേഷണത്തിൽ കാലാവധി നിശ്ചയിച്ചും, വക്വ‌്‌ഫ് സ്വത്തിൽ കേന്ദ്രത്തിന് ഇടപെടാനുതകുംവിധം ഉപവകുപ്പ് കൂട്ടിച്ചേർത്തും, ഒരു വസ്തു ഉപയോഗം കൊണ്ട് വക്വ‌്‌ഫാകുമെന്ന് നിർദേശിക്കുന്ന വകുപ്പ് എടുത്തുകളഞ്ഞും, പിന്തുടർച്ചയില്ലെങ്കിൽ വാക്വിഫിന്റെ ഉദ്ദേശ്യങ്ങൾക്കുമപ്പുറം മറ്റു കാര്യങ്ങൾക്കും ഉപയോഗിക്കാമെന്നു കൂട്ടിച്ചേർത്തും ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അതിലൂടെ വക്വ‌്‌ഫ് സ്വത്തുക്കൾ അന്യാധീനപ്പെടണമെന്ന അധികാരികളുടെ നിർബന്ധബുദ്ധിയും വ്യക്തമാണ്.

വക്വ‌്‌ഫ് ചെയ്ത വസ്തുക്കൾ വാക്വിഫിന്റെ അനന്തരാവകാശികൾക്ക് തിരിച്ചെടുക്കാനുള്ള നിർദേശവും ഇതിൽ കൊണ്ടുവരുന്നുണ്ട്. 6 മാസത്തിനുള്ളിൽ വക്വ‌്‌ഫ് സ്വത്തുക്കൾ കേന്ദ്ര സർക്കാർ നിർദേശിക്കുന്ന ഡാറ്റാബേസിൽ ചേർക്കണമെന്ന ഒരു ഉപവകുപ്പുകൂടി ചേർത്തുവച്ചുകൊണ്ടാണ് ഭേദഗതി നിർദേശിച്ചിട്ടുള്ളത്. വക്വ‌്‌ഫിന്റെ നിയന്ത്രണം കേന്ദ്ര സർക്കാറിലേക്ക് കൊണ്ടുവരികയാണ് അതിന്റെ ലക്ഷ്യം. കേന്ദ്ര ഗവൺമെന്റെ് കൊണ്ടുവന്ന വക്വ‌്‌ഫ് നിയമ ഭേദഗതി ബില്ല് തികച്ചും ഏകപക്ഷീയവും സംസ്ഥാന വക്വ‌്‌ഫ് ബോർഡുകളുടെയും സംസ്ഥാന സർക്കാറിന്റെയും അധികാരങ്ങൾ കവർന്നെടുക്കുന്നതും വക്വ‌്‌ഫ് സ്വത്ത്, വരുമാനം തുടങ്ങിയ എല്ലാ വിവരങ്ങളും വക്വ‌്‌ഫ് മുതവല്ലിമാരുടെ നിയന്ത്രണവും കേന്ദ്ര ഗവൺമെന്റിന് ലഭിക്കുന്ന രീതിയിൽ തയ്യാറാക്കിയിട്ടുള്ളതുമാണ്. ഇങ്ങനെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ മതപരമായ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും നിരാകരിച്ച് പൂർണമായും അരികുവത്കരിക്കുകയെന്നതാണ് ഈ ഭേദഗതിയുടെ ലക്ഷ്യം. ഇനിയും ധാരാളം അപകടകരമായ നിർദേശങ്ങളടങ്ങിയ ഭേദഗതിയാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. ഇതിലെന്തെങ്കിലും ഗുണം രാജ്യത്തിനും സമൂഹത്തിനും ഉണ്ടായിരുന്നുവെങ്കിൽ ദേവസ്വം ബോർഡിനു കീഴിലുള്ള സ്വത്തുക്കളുടെയും മലങ്കര സഭയുടെ നിയമമനുസരിച്ച് പ്രവർത്തിക്കുന്ന സ്വത്തുക്കളുടെയും അധികാരങ്ങളിലും സ്വഭാവങ്ങളിലും ഭേദഗതി കൊണ്ടുവരേണ്ടതായിരുന്നു.

കേരളത്തിലെ സമീപകാല സർക്കാർ സമീപനങ്ങളും ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. മുനമ്പം പ്രശ്‌നത്തിൽ സർക്കാറിന്റെ മൗനം രണ്ട് സമുദായങ്ങൾക്കിടയിലെ സംഘർഷങ്ങളിലേക്കും വെറുപ്പിലേക്കും നയിച്ചുവെന്ന ആക്ഷേപമുണ്ട്. വിവിധ പ്രദേശങ്ങളിലേക്ക് നോട്ടീസയക്കുകയും കുടിയൊഴിപ്പിക്കാൻ സാധ്യതയുള്ളവരെ ഇടതുപക്ഷ നേതാക്കൾ സമാശ്വസിപ്പിക്കുകയും ചെയ്തുകൊണ്ടുള്ള സമീപനം തീർത്തും രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്ന വിമർശനമുണ്ട്. അതോടൊപ്പം ഇസ്‌ലാമും അതിലെ നിയമങ്ങളുമെല്ലാം പലർക്കും ഭീഷണിയാെണന്ന് വരുത്താനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നുണ്ട്. അവിടെ അധികാരികളും സമൂഹവും അവധാനതയോടെ കാര്യങ്ങളെ സമീപിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നതും നാം തിരിച്ചറിയാതെ പോകരുത്.