സ്ത്രീ വിദ്യാഭ്യാസം; സമസ്തയുടെ പഴയ പ്രമേയങ്ങളും പുതിയ അവകാശവാദങ്ങളും
മൂസ സ്വലാഹി കാര
2024 ജൂലായ് 30, 1446 മുഹർറം 14

മതപരമായി സമൂഹത്തെ ഉത്ബുദ്ധരാക്കാനും സാമൂഹിക ഉന്നമനത്തിനും വേണ്ടി കഠിന പരിശ്രമം നടത്തിയ മഹത്തുക്കളുടെ സേവനം വിസ്മരിക്കപ്പെടാവതല്ല. ആത്മീയ ചൂഷണവും നവോത്ഥാന പ്രവർത്തനങ്ങൾക്ക് തടയിടലും ലക്ഷ്യംവച്ചുള്ള പുരോഹിതന്മാരുടെ ഇടപെടലുകൾ കഴിഞ്ഞകാല നവോത്ഥാന നായകന്മാർക്ക് വലിയ ഭീഷണിയായിട്ടുണ്ട്. എതിർപ്പുകളെയെല്ലാം വകഞ്ഞുമാറ്റി അവർ നടത്തിയ മുന്നേറ്റങ്ങൾ മൂല്യമുള്ളതായിരുന്നു എന്ന് തെളിയിക്കുന്നതാണ് മത-സാമൂഹിക രംഗങ്ങളിൽ ഇന്ന് പ്രകടമാകുന്ന ഓരോ നേട്ടവും.
സമൂഹത്തിന്റെ ഉയർച്ചക്ക് വിഘാതം സൃഷ്ടിച്ചുകൊണ്ട് പണ്ടത്തെ മുസ്‌ലിയാക്കന്മാർ എഴുതി രേഖയാക്കിവച്ച പ്രമേയങ്ങളെല്ലാം വർത്തമാനകാല മുസ്‌ലിയാക്കന്മാർക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. അതിനെയൊന്നും തള്ളിപ്പറയാനും വയ്യ, തലയിലേറ്റാനും വയ്യ!
സ്ത്രീകൾ വിദ്യാഭ്യാസം നേടുന്നതിനെ തടയുവാനായി, അവർ എഴുത്ത് പഠിക്കുന്നത് ഹറാമും (നിഷിദ്ധം) കറാഹത്തും (ഒഴിവാക്കിയാൽ കൂലിയുള്ളത്) വലിയ ഫസാദും (കുഴപ്പം) ഒക്കെയാണെന്ന് പ്രത്യേക പ്രമേയങ്ങൾ പാസാക്കി പ്രചരിപ്പിച്ചിവരാണ് സമസ്തയുടെ മുൻഗാമികളായ പണ്ഡിതനേതാക്കൾ.സംഘടനാപരമായി സമസ്തയിലുണ്ടായ വലിയ പിളർപ്പിന്റെ മുമ്പ് ഔദ്യോഗിക സൗകര്യങ്ങൾ ഉപയോഗിച്ച് നടത്തിയ ആഹ്വാനങ്ങളോട് ഇവർക്കുതന്നെ ‘അറപ്പ്’ തോന്നുന്ന അവസ്ഥയാണിപ്പോൾ. അവരുടെ മാറ്റത്തെ ചെറുതായി കാണുന്നില്ല. മാറ്റം അഭിനന്ദനീയം തന്നെ.

മുജാഹിദ് പ്രസ്ഥാനത്തിന്റെ വൈജ്ഞാനിക രംഗത്തുള്ള കുതിപ്പും അതിനായി പണ്ഡിതന്മാർ സകലവിധ എതിർപ്പുകളെയും അവഗണിച്ചുകൊണ്ട് സമൂഹത്തിൽ നിരന്തരമായി നടത്തിയ ഉദ്‌ബോധനങ്ങളും മാറ്റത്തിന് സമസ്തയെ നിർബന്ധിപ്പിക്കുകയായിരുന്നു എന്നതാണ് വാസ്തവം. ഇത് നിഷേധിക്കുവാൻ കേരള മുസ്‌ലിംകളുടെ കഴിഞ്ഞകാല ചരിത്രമറിയുന്ന ഒരാൾക്കും സാധ്യമല്ല. ഈ ചരിത്ര വസ്തുതയെ തമസ്‌കരിക്കുവാനും എല്ലാ നേട്ടങ്ങളുടെയും പുരോഗതിയുടെയും കാരണക്കാർ തങ്ങളാണെന്നു വരുത്തിത്തീർക്കാനും ശ്രമിച്ചുകൊണ്ട് ‘എട്ടുകാലി മമ്മൂഞ്ഞ്’ ചമയുകയാണ് സമസ്തക്കാർ. ചരിത്രത്തിലേക്കൊന്ന് കണ്ണോടിക്കാം.
കാലങ്ങളായി സമസ്ത കൊണ്ടുനടന്നിരുന്ന അവരുടെ പ്രധാന പ്രസിദ്ധീകരണമായ ‘അൽബയാൻ’ മാസികയെ നമുക്കൊന്ന് പരിചയപ്പെടാം. അവർതന്നെ പരിചയപ്പെടുത്തട്ടെ:
“കേരളത്തിലെ സുന്നികളുടെ പ്രസിദ്ധീകരണ രംഗത്ത് വഴിത്തിരിവിട്ട മാസികയാണ് അൽബയാൻ. പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്‌ലിയാരുടെയും വാളക്കുളം അബ്ദുൽബാരി മുസ്‌ലിയാരുടെയും ശ്രമഫലമായി 1929 ഡിസംബറിൽ കോഴിക്കോട്ട് നിന്നാണ് അൽബയാൻ പ്രസിദ്ധീകരണം തുടങ്ങിയത്. 1929 ജനുവരി ഏഴിന് ചമ്മൻകുഴിയിൽ നടന്ന സമസ്തയുടെ മൂന്നാം സമ്മേളനത്തിലെ മാസിക ആരംഭിക്കാനുള്ള തീരുമാനപ്രകാരമായിരുന്നു അൽബയാൻ ആരംഭം. അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിന്റെ ആശയ പ്രചരണമായിരുന്നു മുഖ്യലക്ഷ്യം.1948-ൽ അൽബയാൻ സമസ്തയുടെ മുഖപത്രമായി’’ (എസ് വൈ എസ് അറുപതാം വാർഷികോപഹാരം, പേജ് 297).
അൽബയാനുമായി സമസ്തക്ക് ബന്ധമില്ല എന്നു പറയാൻ പറ്റില്ലെന്ന് വായനക്കാർക്ക് ബോധ്യമായല്ലോ.
സമസ്തയുടെ മുഖപത്രമായ അൽബയാനിലും മറ്റും സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ച് എഴുതിവിട്ട നയങ്ങളും നിലപാടുകളും തിരുത്തപ്പെടുകയോ പിൻവലിക്കപ്പെടുകയോ ചെയ്യാതെ നിലനിൽക്കുകയാണ്. ചില ഉദാഹരങ്ങൾ കാണുക:
“സ്ത്രീകൾക്ക് എഴുത്ത് പഠിപ്പിക്കുന്നതിലുള്ള അവസാന തീർപ്പ്; ഇതിനെ വിരോധിക്കുന്ന പല ഹദീസുകൾ വന്നിട്ടുണ്ടെങ്കിലും ആ വിരോധം തൻസീഹിന്റെ (ശുദ്ധിയാക്കുന്നതിന്റെ) വിരോധമാണ്. എന്നുവെച്ചാൽ കറാഹത്തിനെ അറിയിക്കുന്നതാണ്. കാരണം സ്ത്രീകൾ എഴുത്ത് പഠിക്കുന്നതിൽ പലേ ഫസാദുകൾ വന്ന് വശാവാൻ ഇടയുണ്ട്... ഇക്കാലത്തുള്ള സ്ത്രീ അക്ഷരവിദ്യ അധികവും ദീനിയായ വിഷയത്തിലോ ശറഅ് അനുസരിച്ച തോതിലോ കാര്യമായ ആവശ്യത്തിനോ അല്ലാത്തതോടുകൂടി അതിനാൽ കണക്കില്ലാത്ത പാപങ്ങൾ വന്ന് വശാകുന്നതും അത് പലേ പാപങ്ങൾക്കുള്ള ഉപകരണമാകുന്നതും ദൃഷ്ടിയാൽ അറിയപ്പെട്ടതായും അനുഭവപ്പെട്ടതായും വരുന്നത് കൊണ്ട് സ്ത്രീ അക്ഷരവിദ്യ ശറഅ് അനുസരിച്ച വിധത്തിലും ദീനീയായ വിഷയത്തിലും ആയാൽ അത് അസ്‌ലിൽ മക്‌റൂഹ് മാത്രമാണെങ്കിലും ഇക്കാലത്തുള്ള സ്ത്രീ അക്ഷരവിദ്യ തീർച്ചയായും ഹറാമാവാൻ മാത്രമേ വഴി കാണുന്നുള്ളൂ’’ (അൽബയാൻ, 1930 ഫെബ്രുവരി, പേജ് 17).

1930 മാർച്ച് 16ന് മണ്ണാർക്കാട്ട് ചേർന്ന സമസ്തയുടെ നാലാം സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിൽ നിന്ന്: “സ്ത്രീകൾക്ക് കയ്യെഴുത്ത് പഠിക്കൽ ശറഇൽ മക്‌റൂഹാണെന്നും മറ്റും പലേ മഹാന്മാരായ ഉലമാക്കൾ മുമ്പുതന്നെ തീരുമാനിച്ചിട്ടുള്ളതാകയാൽ അവർക്ക് കയ്യെഴുത്ത് പഠിക്കൽ പ്രത്യേകം പാടില്ലാത്തതാണെന്ന് ഈ യോഗം തീരുമാനിക്കുന്നു. സി.കെ മുഹമ്മദ് മൗലവി അവതരിപ്പിച്ചു. എ.പി അഹ്‌മദ് കുട്ടി മുസ്‌ലിയാർ അതിനെ പിന്താങ്ങി’’ (അൽബയാൻ, 1930 മാർച്ച്, പേജ് 27).
മേൽ പ്രമേയത്തെ വീണ്ടും സ്ഥിരപ്പെടുത്തുന്ന ചോദ്യവും മറുപടിയും കാണുക:
“ബഹുമാനപ്പെട്ട അൽബയാൻ പത്രാധിപരുടെ ഹള്‌റത്തിലേക്ക്, ബഹുമാന്യരേ, എന്നാൽ (1) പെൺകുട്ടികൾക്ക് കിതാബത്ത് പഠിപ്പിക്കുന്നതിൽ നമ്മുടെ ശറഇന്റെ വിധി എന്താണ്?...’’
“(1) പെൺകുട്ടികൾക്ക് കയ്യെഴുത്ത് പഠിപ്പിക്കുന്നതിൽ അങ്ങേയറ്റമുള്ള വിധി കറാഹത്താണെന്നത് ഫതാവൽ ഹദീസിയ്യയിൽ ഇബ്‌നു ഹജർ റഹിമഹുല്ലാഹ് പ്രസ്താവിച്ചിരിക്കുന്നു’’ (അൽബയാൻ, 1956 ജൂലൈ-ആഗസ്റ്റ്, പേജ് 6).
“ബോർഡ് വാർത്തകൾ...വരുന്ന ശഅ്ബാൻ ആദ്യത്തിൽ അംഗീകൃത മദ്‌റസകളിലെ അഞ്ചാം തരത്തിന് നടത്താൻ പോകുന്ന പൊതുപരീക്ഷ അതാത് മദ്‌റസകളിൽ വെച്ചുതന്നെ ആൺകുട്ടികൾക്ക് എഴുത്ത് മുഖേനയും പെൺകുട്ടികൾക്ക് വാക്ക് മൂലവും നടത്താൻ തീരുമാനിച്ചു’’ (അൽബയാൻ, 1958 ഡിസംബർ, പേജ് 2).
1985ൽ നടന്ന സമസ്തയുടെ 60ാം വാർഷിക സമ്മേളന സുവനീറിൽ ഉപായങ്ങൾ നിരത്തി ഈ വിധിയെ അരക്കിട്ടുറപ്പിക്കുന്നത് കാണുക:
“എല്ലാ വിഷയത്തിലും പുരുഷന്മാരോട് സ്വീകരിക്കുന്ന നിയമപരമായ നയമല്ല സ്ത്രീയോട് ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നത്. ഈ വ്യത്യസ്തത ഏത് വിഷയത്തിൽ നാം വിലയിരുത്തിയാലും അത് അന്തിമ വിശകലനത്തിൽ സ്ത്രീയുടെ മാനവും ആരോഗ്യവും സൗന്ദര്യവും നിലനിർത്താനുള്ളതായി നമുക്ക് കാണാവുന്നതാണ്. എഴുത്ത് പഠിപ്പിക്കുന്ന കാര്യവും ഇതിൽപെടുന്നു. ഈ വിഷയത്തിലും പുരുഷന്മാരോടു സ്വീകരിച്ച അതേനയം സ്ത്രീകളോട് സ്വീകരിച്ചിട്ടില്ല... എന്നാൽ സ്ത്രീ എഴുത്ത് പഠിക്കുന്നതിൽ ഭൗതികപരമായ വല്ല ഗുണവുമുണ്ടോ ഇല്ലേ എന്ന് ഇവിടെ പറയേണ്ടതില്ല. ഭൗതികപരമായ വല്ല ഗുണമുണ്ടായാലും അക്കാര്യം ശറഇന് വിരോധിക്കുന്നതിന് തടസ്സമില്ല. കള്ളിൽ ധാരാളം ഗുണങ്ങളുണ്ടെന്ന് പറഞ്ഞ് ഇസ്‌ലാം അടുത്ത നിമിഷത്തിൽ അത് ഹറാമാണെന്ന് പ്രഖ്യാപിച്ചല്ലൊ’’ (പേജ് 67).
“സ്ത്രീകൾക്ക് (കൂടുതൽ) എഴുത്ത് (വിദ്യാഭ്യാസം) പഠിപ്പിക്കരുതെന്നും നൂൽനൂൽപ്പും സൂറത്തുന്നൂറും പഠിപ്പിക്കേണമെന്നും ഹദീസിൽ വന്നിരിക്കുന്നു. അവർ വീടുവിട്ടു പുറത്തുപോകാതെ നൂൽനൂൽപ്പ് മുതലായ ജോലികളിൽ ഏർപ്പെടുകയും അയൽവാസികളോടുപോലും അമിതമായി സംസാരിക്കാതിരിക്കുകയും ഭർത്താവ് സ്ഥലത്തുള്ളപ്പോഴും അല്ലാത്തപ്പോഴും അവന്റെ കാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കുകയും അവന്ന് തൃപ്തിയുള്ള കാര്യങ്ങൾ മാത്രം പ്രവർത്തിക്കുകയും ചെയ്യേണ്ടതാണ്’’ (കർമ്മശാസ്ത്ര സരണി, അല്ലാമ: സയ്യിദ് ബുഖാറയിൽ കോയക്കുട്ടി തങ്ങൾ, പേജ് 67).
സമസ്ത ഒരുകാലത്ത് സ്ത്രീവിദ്യാഭ്യാസത്തോട് എന്തുമാത്രം വിമുഖത പുലർത്തിയിരുന്നു എന്നതിനുള്ള കൃത്യവും വ്യക്തവുമായ രേഖകളാണിതെല്ലാം. എന്നാൽ രേഖപ്പെട്ടു കിടക്കുന്ന ഈ ചരിത്ര വസ്തുതകളെ വെറും ആരോപണമാണെന്നു വരുത്തിത്തീർക്കാൻ മുസ്‌ലിയാക്കന്മാർ പാടുപെടുന്നതിന് ചില ഉദാഹരണങ്ങൾ കാണുക:
“ഭൗതിക വിദ്യാഭ്യാസത്തോടുള്ള വിമുഖത, സ്ത്രീവിദ്യാഭ്യാസത്തെ നിരുത്സാഹപ്പെടുത്തൽ, സാമ്രാജ്യത്വ വിധേയത്വം, നൂതന സംരംഭങ്ങളോടുള്ള നീരസം എന്നീ ആരോപണങ്ങളാണ് സമസ്തക്കെതിരെ ഇവിടെ പ്രധാനമായും ഉന്നയിക്കപ്പെടാറുള്ളത്’’ (സുന്നി അഫ്കാർ, 2022 മാർച്ച് 16, പേജ് 52).

“സ്ത്രീ വിദ്യാഭ്യാസത്തെ നിരുത്സാഹപ്പെടുത്തി എന്നതാണ് മറ്റൊരാരോപണം. സത്യത്തിൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തോടെന്നല്ല അവരുമായി ബന്ധപ്പെട്ട മറ്റെല്ലാ കാര്യങ്ങളിലും ഇസ്‌ലാമിന്റെ സമീപന രീതി എന്താണ്? ധാർമിക അപചയത്തിന്റെ ആകെത്തുകയായി കുത്തഴിഞ്ഞ പടിഞ്ഞാറൻ സംസ്കാരം ലോകത്ത് സ്വാധീനം നേടിയപ്പോഴല്ലേ ആഭാസകരമായി പുറംലോകത്തേക്ക് ആനയിക്കപ്പെട്ടത്? പാശ്ചാത്യൻ സംസ്‌കാരത്തെ മാറ്റിവെച്ചാൽ ലോകത്തെ വിവിധ മത-സംസാകാരങ്ങളിൽനിന്ന് ഏതാണ് സ്ത്രീയെ കയറൂരി വിടുന്നത്? നിന്ദ്യവും നികൃഷ്ടവും മൃഗീയവുമായ വിധത്തിൽ മങ്കമാരെ നിയന്ത്രിക്കുന്നതാണ് അവയുടെല്ലാം സമീപനരീതി’’ (പേജ് 54).
അൽബയാനിൽ വന്നത് ആരോപണമാണെങ്കിൽ ആരായിരുന്നു അതിന്റെ പ്രസാധകർ? ഇതെല്ലാം എഴുതി അവതരിപ്പിച്ച സമസ്തയുടെ മുൻകാല നേതാക്കൾക്ക് കാര്യമായ പണി ആരോപണം ഉന്നയിക്കലായിരുന്നു എന്നാണോ ഇവർ പറയുന്നത്?
അറിവ് നേടുക എന്നത് ഇസ്‌ലാം കൽപിച്ചിട്ടുള്ളതും ശക്തമായി പ്രോത്സാഹിപ്പിച്ചതുമായ കാര്യമാണ്. വഹ്‌യിന് ആരംഭം കുറിച്ചത് വിജ്ഞാന സമ്പാദനത്തിന് കൽപിച്ചുകൊണ്ടാണെന്നത് വ്യക്തമാണല്ലോ. അല്ലാഹു പറയുന്നു: “സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തിൽ വായിക്കുക. മനുഷ്യനെ അവൻ ഭ്രൂണത്തിൽനിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക. നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേനകൊണ്ട് പഠിപ്പിച്ചവൻ. മനുഷ്യന് അറിയാത്തത് അവൻ പഠിപ്പിച്ചിരിക്കുന്നു’’ (ക്വർആൻ 96:15).
മനുഷ്യസൃഷ്ടിപ്പിനെ സംബന്ധിച്ച് ഉണർത്തവെ അല്ലാഹു പറയുന്നു: “നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളിൽനിന്ന് നിങ്ങൾക്ക് യാതൊന്നും അറിഞ്ഞുകൂടാത്ത അവസ്ഥയിൽ അല്ലാഹു നിങ്ങളെ പുറത്ത് കൊണ്ടുവന്നു. നിങ്ങൾക്ക് അവൻ കേൾവിയും കാഴ്ചകളും ഹൃദയങ്ങളും നൽകുകയും ചെയ്തു. നിങ്ങൾ നന്ദിയുള്ളവരായിരിക്കാൻ വേണ്ടി’’(16:78).
ക്വുർആൻ പഠനത്തിൽനിന്ന് അണികളെ തടഞ്ഞവർക്ക് ഇതൊന്നും കണ്ണിൽ പിടിക്കില്ല. പഠിക്കുവാനും ചിന്തിക്കുവാനും മനസ്സിലാക്കുവാനുമുള്ള ക്വുർആനിന്റെ ആഹ്വാനം പുരുഷന്മാർക്കു മാത്രമാണ് ബാധകമെന്നാണോ ഇവർ വിചാരിക്കുന്നത്? സ്ത്രീസമൂഹത്തിന് കൂടി അവകാശപ്പെട്ടതിൽ നിന്ന് അവരെ തടഞ്ഞത് ഏതു പ്രമാണത്തിന്റെ പിൻബലത്തിലാണ്? അന്ന് പ്രശ്‌നങ്ങളായി സൂചിപ്പിക്കപ്പെട്ട കാരണങ്ങളിൽനിന്ന് ഇന്നത്തെ സമൂഹം മോചിതരായിട്ടുണ്ടോ? അന്നത്തെക്കാൾ ഫസാദ് വർധിച്ച ഇക്കാലത്ത് മലവെള്ളപ്പാച്ചിൽ കണക്കെ കുഴപ്പങ്ങൾ കുത്തിയൊലിക്കുമ്പോൾ ആ പ്രമേയങ്ങളെ പ്രയോഗവത്കരിച്ച് ശക്തിപ്പെടുത്തുകയല്ലേ സമസ്തക്കാർ ചെയ്യേണ്ടത്?
ലോകം കണ്ട ഏറ്റവും വലിയ പണ്ഡിത മഹതി ആഇശ(റ) ജ്ഞാനം നുകർന്നതിനും പകർന്നു നൽകിയതിനുമൊക്കെ ഹറാമിന്റെ വിധി ഇവർ നൽകുമോ? മതത്തിന് ധാരാളം സംഭാവനകൾ നൽകി ചരിത്രത്തിൽ ഇടം നേടിയ മഹിളകൾ കുഴപ്പക്കാരികളാണെന്ന വിധി പുരോഹിതന്മാർ പുറപ്പെടുവിക്കുമോ?
സ്ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യം ഇപ്പോൾ ചർച്ചയാക്കാൻ എന്താണ് സാഹചര്യമെന്ന് ചിന്തിക്കുന്നവരുണ്ടാകും. സമസ്തക്കേറ്റ മുറിവുകൾ എത്ര മരുന്ന് പുരട്ടിയാലും ഉണങ്ങുകയില്ലെന്ന് അവർക്ക് നന്നായി അറിയാം. ജിഫ്രി മുത്തുക്കോയ തങ്ങളും കാന്തപുരം അബൂബക്കർ മുസ്‌ലിയാരും പരിവാരങ്ങളും ഇക്കാര്യത്തിലെ ‘കെടുമ്പ്’ നീക്കാൻ ന്യായീകരണങ്ങളും പ്രസ്താവനകളുമായി പായുകയാണ്. അൽബയാനിൽ നിറഞ്ഞനിൽക്കുന്ന ഫത്‌വകൾ ഇവർ മറന്നതോ അതോ മനഃപൂർവം മറച്ചുവയ്ക്കുന്നതോ? പ്രതികരണങ്ങളിൽ ഏതായാലും അത് കാണുേന്നയില്ല.
സമൂഹത്തിൽ വ്യാപകമായ മാറ്റങ്ങൾ ഉണ്ടായതെങ്ങനെയാണ്? ഇസ്വ്‌ലാഹി നേതാക്കളുടെ പ്രവർത്തനങ്ങൾകൊണ്ടുതന്നെ! ‘ആ മാറ്റങ്ങളോട് പുറം തിരിഞ്ഞു നിൽക്കാൻ’ സമസ്ത തുനിയാതിരുന്നത് എന്തുകൊണ്ടാണ്? കാലിന്നടിയിലെ മണ്ണ് ഒലിച്ചുപോകുമെന്ന തിരിച്ചറിവുകൊണ്ടുതന്നെ!

ഇദ്ദേഹത്തിന്റെ ഏതാനും ദിവസങ്ങൾക്കു മുമ്പുള്ള മറ്റൊരു പ്രസ്താവന കാണുക: “ഏത് വിദ്യാഭ്യാസമാണെങ്കിലും ധാർമിക മൂല്യങ്ങളിൽ അധിഷ്ഠിതമാകണം എന്നതാണ് സമസ്തയുടെ നിലപാട്. സ്ത്രീ വിദ്യാഭ്യാസത്തിന് സമസ്ത എതിരല്ല’’ (സുപ്രഭാതം, 2024 ജൂൺ 27, വ്യാഴം, പേജ് 2).
കാന്തപുരം പറയുന്നത് കാണുക: “വൈജ്ഞാനിക നവോത്ഥാനത്തിന്റെ തുടർച്ച സാധ്യമാകാൻ വനിതകൾ തങ്ങളുടെ ദൗത്യം നിർവഹിക്കാൻ സജ്ജരാകണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മർകസ് നോളേജ് സിറ്റിയിലെ വിറാസ് ഗേൾസിലെ പുതിയ അധ്യയനവർഷത്തെ ശരീഅ ക്ലാസ്സുകൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം’’ (സിറാജ്, 2024 മെയ് 23, വ്യാഴം, പേജ് 8).
‘വൈജ്ഞാനിക നവോത്ഥാനത്തിന്റെ തുടർച്ച സാധ്യമാകാൻ’ ആഹ്വാനം ചെയ്യുന്നത് കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്. അങ്ങനെയൊരു നവോത്ഥാനം ഉണ്ടായതുകൊണ്ടാണല്ലോ അതിന് തുടർച്ചയുണ്ടാകണമെന്നു പറയേണ്ടിവന്നത്. ആരാണ് കേരള മണ്ണിൽ സ്ത്രീകളുടെ വൈജ്ഞാനിക നവോത്ഥാനത്തിനു തുടക്കം കുറിച്ചത്? സമസ്തയാണോ? സമസ്തയുടെ സ്ത്രീ വിദ്യാഭ്യാസ നിലപാട് നമ്മൾ മനസ്സിലാക്കി.
ഞങ്ങൾ സ്ത്രീ വിദ്യാഭ്യാസത്തെ മുമ്പ് നിഷേധിച്ചിട്ടില്ലെന്ന് വലിയ വായിൽ വിളിച്ചുകൂവുന്നതുകൊണ്ട് ചരിത്രസത്യം തേഞ്ഞുമാഞ്ഞ് പോകില്ല. പുതുതലമുറയെ തെറ്റുധരിപ്പിക്കാൻ കഴിയുമായിരിക്കും. അതുതന്നെയാകും ഇക്കൂട്ടരുടെ ലക്ഷ്യവും.
സമസ്ത സ്വീകരിക്കുന്ന നിലപാടുകൾ മാറ്റേണ്ടിവരില്ലെന്ന് പെരുമ പറയുന്നവർ സ്ത്രീ വിദ്യാഭ്യാസത്തിന്റെ വിഷയത്തിലുണ്ടായ നിലപാടുമാറ്റത്തെ എന്തു പേരിട്ടാണ് വിശേഷിപ്പിക്കുക? വിദ്യാഭ്യാസമേഖലയിൽ വിപ്ലവകരമായ മുന്നേറ്റം നടത്താൻ മുന്നിൽനിന്ന സലഫി പണ്ഡിതന്മാരെ സമസ്തക്കാർ വേട്ടയാടിയതിന് എന്തിനായിരുന്നു? വലിയരൂപത്തിൽ പെൺകുട്ടികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കുന്നു എന്ന് പരസ്യപ്പെടുത്തുമ്പോൾ അന്ന് മുജാഹിദ് പണ്ഡിതന്മാർ അതിനായി പ്രവർത്തിച്ചതും വിയർപ്പൊഴുക്കിയതും വളരെ ശരിയായിരുന്നെന്ന് മനസ്സുകൊണ്ട് അംഗീകരിക്കാനുള്ള മാന്യതയെങ്കിലും ഇവർ കാണിക്കേണ്ടിയിരുന്നു.
സ്ത്രീവിദ്യാഭ്യാസത്തെ എതിർത്തിരുന്നവർ ഇന്ന് തങ്ങൾക്ക് ആ രംഗത്തുള്ള പോരായ്മകളും നേട്ടങ്ങളും എടുത്തുപറയുന്നത് നോക്കൂ:
“മതരംഗത്ത് നൂറുകണക്കിനു ദർസുകളും അറബിക് കോളേജുകളും നിറഞ്ഞു നിൽക്കുമ്പോൾ പെൺകുട്ടികൾക്ക് ഉന്നത മതപഠനത്തിനുള്ള അവസരങ്ങൾ നന്നേ കുറവ്. ഉള്ളയിടങ്ങളിൽതന്നെ പലപ്പോഴും ഫീസ് കൊടുക്കേണ്ട അവസ്ഥയാണുള്ളത്. ഈ രീതിയിൽ മാറ്റം വന്നാൽ നമ്മുടെ പെൺമക്കൾ വിദ്യാഭ്യാസത്തിൽ കൂടുതൽ കരുത്തരാകും. വളാഞ്ചേരി മർകസ് കേന്ദ്രമായി അടുത്തകാലത്ത് നിലവിൽ വന്ന വാഫി വാഫിയ്യ സംവിധാനവും ചെമ്മാട് ദാറുൽ ഹുദാ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഫാത്വിമതു സഹ്‌റയും ഫാളില ഫളീലകളും സ്ത്രീകളുടെ മതവിദ്യാഭ്യാസരംഗത്ത് എടുത്തുപറയേണ്ടത് തന്നെയാണ്. ഇതിനു പുറമെ മുസ്‌ലിം പെൺകുട്ടികൾക്ക് മാത്രമുള്ള ക്യാമ്പസുകൾ ഇന്ന് ഉയർച്ചയുടെ ഗ്രാഫിലാണ്’’ (അൽമുനീർ നവോത്ഥാനപ്പതിപ്പ് 2022, പേജ് 247).
നേട്ടത്തിന്റെ പേരിൽ ഊറ്റം കൊണ്ടോളൂ. എന്നാൽ മുൻകാല പണ്ഡിതന്മാരുടെ ഫത്‌വകളെ മറന്നുകൊണ്ടാകരുത് അത്. അവ ഇന്നത്തെ മുസ്‌ലിയാക്കന്മാരുടെ ഉറക്കംകെടുത്തുന്നു എന്നത് വാസ്തവ മാണ്. അതുകൊണ്ടുതന്നെ സംഘടനയുടെ മുഖം രക്ഷിക്കാനായി ന്യായീകരണ വിദഗ്ധർ വിയർപ്പൊഴുക്കി പണിയെടുക്കുകയാണ്. ഒരു ഉദാഹരണം കാണുക:
“ഖുർആനും ഹദീസുകളും നോക്കിയായിരുന്നില്ല അവയുടെ നിഷ്പന്നങ്ങളായ ഫിഖ്ഹീ നിയമങ്ങളും നിദാനങ്ങളും നോക്കിയാണ് അഹ്‌ലുസ്സുന്നഃ ആചാരങ്ങളും അനുഷ്ഠാനങ്ങളും ചെയ്തിരുന്നത്. കർമശാസ്ത്രപരമായി ഇബ്‌നുഹജറുൽ ഹൈതമി(റ)യുടെ ഫത്‌വയാണ് സ്ത്രീകളെ കയ്യെഴുത്ത് പഠിപ്പിക്കാൻ പാടില്ല, നമ്മുടെ മുമ്പിലുള്ളത്. ഫത്‌വയുടെ നിയമം-ആരാണോ ഫത്‌വ തേടിയത് അയാളുടെ സാഹചര്യം, ഉദ്ദേശ്യം, വാദഗതി തുടങ്ങിയവയനുസരിച്ചാണ് മുഫ്തി ഫത്‌വ കൊടുക്കുക. അല്ലാതെ, മുത്തരിദായ ഒരു ഖാഇദയോ ഹുക്‌മോ-അതായത് ഒരു കോമൺ ലോ-ഒരിക്കലും തദ്വാരാ ഉണ്ടാവുകയില്ല എന്നതാണ് ഫത്‌വയുടെ കർമശാസ്ത്രം. അക്കാലഘട്ടത്തിന്റെ ആവശ്യവും നന്മയും നേട്ടവും പരിഗണിച്ചാവും സ്ത്രീ എഴുത്ത് പഠിക്കേണ്ടതില്ലെന്ന വീക്ഷണം വന്നിട്ടാണ്ടാവുക.1930-ൽ മണ്ണാർക്കാട് നടന്ന സമസ്തയുടെ നാലാം വാർഷിക സമ്മേളനത്തിലാണ് ഈ ആരോപണത്തിന് ഉപോൽബലമാകുന്ന പെണ്ണിനെ എഴുത്ത് പഠിപ്പിക്കുന്നത് അഭിലഷണീയമല്ല എന്ന് തോന്നിപ്പിക്കുന്ന രൂപത്തിൽ ഒരു പ്രമേയം ഉണ്ടാകുന്നത്’’ (സത്യധാര, 2024 ഫെബ്രുവരി 1-28, പേജ് 29).

ആചാരങ്ങളും അനുഷ്ഠാനങ്ങളും ചെയ്യുന്നതിൽ ക്വുർആനും പ്രവാചകചര്യയും(സുന്നത്ത്) പരിഗണിക്കാതിരിക്കുകയും കർമശാസ്ത്ര ഗ്രന്ഥങ്ങളെ മാത്രം പരിഗണിക്കുകയും ചെയ്യുന്നവരെ അഹ്‌ലുസ്സുന്നഃ എന്ന് എങ്ങനെയാണ് വിശേഷിപ്പിക്കുക? ‘അക്കാലഘട്ടത്തിന്റെ ആവശ്യവും നന്മയും നേട്ടവും പരിഗണിച്ചാവും സ്ത്രീ എഴുത്ത് പഠിക്കേണ്ടതില്ലെന്ന വീക്ഷണം വന്നിട്ടാണ്ടാവുക’ എന്നു നീട്ടിപ്പരത്തി പറയാതെ എന്തായിരുന്നു അതിലെ നന്മയും നേട്ടവും എന്നു വ്യക്തമാക്കിക്കൂടേ? കുഴപ്പം തടയാനായിരുന്നെങ്കിൽ ഇന്നും കുഴപ്പമില്ലേ?
2008 ഏപ്രിൽ 1-15 ലക്കം സുന്നിവോയ്‌സ് ദ്വൈവാരികയിൽ വന്നത് കാണുക: “സ്ത്രീവിദ്യാഭ്യാസത്തിന്റെ പേരിൽ സമസ്തയെയും സുന്നികളെയും ചിലർ ആക്ഷേപിക്കുന്നതു കാണാം. സമസ്ത സ്ത്രീ വിദ്യാഭ്യാസം ഹറാമാക്കി എന്നാണ് ഇത്തരക്കാരുടെ ആക്ഷേപം. ഇത് വെറും ഒരു ആരോപണം മാത്രമാണ്. സമസ്തയോ അതിന്റെ പണ്ഡിതരോ സ്ത്രീവിദ്യാഭ്യാസം ഹറാമാക്കിയിട്ടില്ല. പിന്നെ എന്താണ് പ്രശ്‌നം? ലോക പ്രശ്‌സ്ത പണ്ഡിതനായ ഇബ്‌നുഹജറുൽ ഹൈതമി തങ്ങൾ സ്ത്രീ എഴുത്ത് പഠിക്കൽ കറാഹത്താണെന്നു ഫത്‌വ നൽകിയിട്ടുണ്ട്. കറാഹത്തോടെ ജാഇസാകും (അനുവദനീയം) എന്നാണ് അദ്ദേഹത്തിന്റെ ഫത്‌വ’’ (പേജ് 30).
വളച്ചും തിരിച്ചും ന്യായീകരിച്ച് ഒപ്പിച്ചെടുക്കാനുള്ള ഈ വിശദീകരണങ്ങൾ ഇവർക്കുതന്നെ പാരയാവുകയാണ്! ഒരു വ്യക്തിക്ക് നൽകിയ ഫത്‌വയോ ഒരു നാട്ടിലേക്ക് ആ നാട്ടിനനുസരിച്ചും അക്കാലത്തിനനുസരിച്ചും നൽകിയ ഫത്‌വയോ ആണെങ്കിൽ അതിനെ പ്രമേയമാക്കിയതും മുഖപത്രത്തിൽ ആവർത്തിച്ച് ചർച്ച ചെയ്തതും എന്തിനാണ്? അഭിലഷണീയമല്ല എന്നല്ല ‘തീർച്ചയായും ഹറാം’ എന്നുതന്നെയാണ് സമസ്തയുടെ പഴയവാദം!
ഇത് ഇല്ലാത്തതാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അൽബയാൻ മാസികയുടെ പൊടിപിടിച്ച ഏടുകൾ തപ്പിയെടുത്ത് വായിക്കുന്നത് നന്നാകും. അന്നത്തെ ആവശ്യം പരിഗണിച്ച് പറഞ്ഞു എന്നാണെങ്കിൽ അതിനെക്കാൾ കുഴപ്പംപിടിച്ച ഈ കാലത്തല്ലേ ‘ഹറാം’ എന്ന വിധിയെ സമസ്ത മുശാവറ കൂടുതൽ കാര്യക്ഷമതയോടെ കാണേണ്ടത്? ഇബ്‌നു ഹജർ ഹൈതമി കറാഹത്തെന്ന് പറഞ്ഞതിനെ തെളിവാക്കി അതിനെ ഹറാമാക്കിയതും കള്ളിനോട് ഉപമിച്ചതുമെല്ലാം നിസ്സാരമായ കാര്യമാണോ?
ഇങ്ങനെയൊക്കെയുള്ള ചോദ്യങ്ങൾക്കു മുമ്പിൽ പതറിപ്പോകുമ്പാൾ മുസ്‌ലിയാക്കന്മാർ സാധാരണ പുറത്തെടുക്കുന്ന ഒരായുധമാണ് വായിൽ തോന്നിയത് വിളിച്ചുപറയൽ. ഒരു മുസ്‌ലിയാർ തന്റെ അരിശം തീർക്കുന്നത് കാണുക:
“മുസ്‌ലിം സ്ത്രീകളെ പള്ളിയിലേക്കും പള്ളിക്കൂടത്തിലേക്കും പഞ്ചായത്തിലേക്കും ഷോപ്പിംഗ് സെന്ററുകളിലേക്കും ഒരുപോലെ ആട്ടിത്തെളിക്കാൻ മുറവിളി കൂട്ടുന്ന കേരളത്തിലെ പരിഷ്‌കരണവാദികളുടെ സഹചാരികളായ ഗൾഫ് സലഫികൾക്ക് ഈ വിഷയത്തിലെല്ലാമുള്ള നിലപാടെന്താണെന്ന് സമസ്തയുടെ ഫത്‌വയുടെ ഫോട്ടോകോപ്പി ഹാജരാക്കുന്നവർ ശ്രദ്ധിച്ചിട്ടുണ്ടോ?’’ (സുന്നി അഫ്കാർ, 2022 മാർച്ച് 16, പേജ് 54).
പറയുന്നത് കേട്ടാൽ തോന്നും സമസ്തക്കാർ തങ്ങളുടെ സ്ത്രീകളെ ഇപ്പറഞ്ഞ ഒരു സ്ഥലത്തേക്കും പോകാൻ അനുവദിക്കാറില്ലെന്ന്. ജാറങ്ങളിലേക്കും ദർഗകളിലേക്കും സ്ത്രീകളെ അടുപ്പിക്കാറുമില്ല; ഫസാദ് ഭയന്ന്!
നബിﷺ സ്ത്രീകൾക്ക് അനുമതി നൽകിയ പള്ളി പ്രവേശനത്തെ നിഷിദ്ധമാക്കിയതും ഇവർതന്നെയല്ലേ? ഇമാം ശാഫിഈ(റഹി)യുടെ മദ്ഹബിലാണെന്ന് പറയുന്നവർ ഈ വിഷയത്തിൽ അദ്ദേഹം ഉദ്ധരിച്ചിട്ടുള്ള ഹദീസുകളെ പോലും ഗൗനിക്കുന്നില്ല എന്നതാണ് വസ്തുത. സമസ്തയുടെ ആദ്യകാല നേതാക്കൾ സ്ത്രീകൾ പള്ളിയിൽ പോയാൽ ഫസാദുണ്ടാകും എന്നു പറഞ്ഞ് അവർക്ക് പള്ളി വിലക്കി. ആ ഫസാദ് ഇപ്പോഴും നീങ്ങാത്തതിനാൽ അവർക്കു ഇപ്പോഴും പള്ളിയിൽ പോയിക്കൂടാ! അതേ പോലെ ഫസാദിന്റെ പേരിൽ സ്ത്രീകളുടെ വിദ്യാഭ്യാസം മുടക്കാൻ പണിയെടുത്തു. ഇപ്പോൾ ആ ഫസാദ് നീങ്ങി. സ്ത്രീ വിദ്യാഭ്യാസം അനുവദനീയമായി! ഇതല്ലേ ഇരട്ടത്താപ്പ്?
പാതിരാപ്രസംഗങ്ങൾക്ക് സദസ്സ് നിറക്കാനും ശിർക്കൻ കേന്ദ്രങ്ങൾ തേടി അലയാനും സ്ത്രീകൾക്ക് അനുമതി നൽകുന്നതിൽ യാതൊരു പ്രശ്‌നവും ഇവർ കാണുന്നുമില്ല!
“വിദ്യാഭ്യാസ രംഗത്തും സാംസ്‌കാരിക രംഗത്തും രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന നവോത്ഥാന സംരംഭങ്ങൾ തങ്ങളാൽ ഉണ്ടായതാണെന്ന അർത്ഥശൂന്യമായ അവകാശവാദവുമായി ബിദഈ ന്യൂനപക്ഷം രംഗത്തുള്ളതായി കണ്ടുവരുന്നു. ഇത്തരം നെറികെട്ട പ്രവണതകൾ സമൂഹത്തിൽ വളർന്നു വരുന്നത് നോക്കി നിൽക്കാൻ സമസ്തയുടെ കീഴിൽ പ്രവർത്തിക്കുന്ന സമൂഹത്തിന്റെ പിന്തുണയുള്ള യുവജന പ്രസ്ഥാനം നടത്തുന്ന ഈ കാമ്പയിനിലൂടെ സമൂഹത്തിന് ഒരു പാട് നല്ല സന്ദേശങ്ങൾ നൽകാൻ കഴിയും’’ (പേജ് 55).
‘വിദ്യാഭ്യാസ രംഗം,’ ‘സാംസ്‌കാരിക രംഗം,’ നവോത്ഥാന സംരംഭം’ എന്നൊക്കെയുള്ള ‘പച്ചമലയാള’ വാക്കുകൾ ഉച്ചരിക്കാൻ പോലും സമസ്തക്കാർക്ക് അനുമതിയുണ്ടായിരുന്നില്ലെന്നും അതിനുള്ള സ്വാതന്ത്ര്യം പോലും നേടിത്തന്നത് ഇവർ അപഹസിക്കുന്ന മുജാഹിദ് പണ്ഡിതന്മാരാണെന്നുമുള്ള വസ്തുത പുതുതലമുറ മനസ്സിലാക്കേണ്ടതുണ്ട്.
അർഥശൂന്യമായ അവകാശവാദം നടത്തുന്നത് യഥാർഥത്തിൽ സമസ്തക്കാരല്ലേ? എത്രയോ കാര്യങ്ങളുണ്ട് എണ്ണിപ്പറയാൻ. മുജാഹിദുകൾ തങ്ങളുടെ ശ്രമഫലമായി ഉണ്ടായ മാറ്റങ്ങൾ എടുത്തുപറയുന്നത് എങ്ങനെയാണ് അർഥശൂന്യമായ അവകാശവാദമാകുന്നത്? നവോത്ഥാന നായകരുടെ നിസ്വാർഥമായ പരിശ്രമത്താൽ സമൂഹം മാറിത്തുടങ്ങിയപ്പോൾ സമസ്തക്ക് നിലപാടുകൾ മാറ്റേണ്ടി വന്നു എന്നതാണ് വസ്തുത. അവരത് സമ്മതിച്ചാലും ഇല്ലെങ്കിലും.
ജിഫ്രി മുത്തുക്കോയ തങ്ങളോടുള്ള ചോദ്യവും മറുപടിയും
“കഴിഞ്ഞ കാലങ്ങളിൽ സമസ്ത സ്ത്രീവിദ്യാഭ്യാസത്തെ വേണ്ടവിധം ഗൗനിച്ചില്ലെന്ന വിമർശനം നിലനിൽക്കുന്നില്ലേ?’’
“സ്ത്രീകൾക്ക് അതതു കാലഘട്ടങ്ങളിൽ ആവശ്യമായ വിദ്യാഭ്യാസത്തിനു സമസ്ത ഒരു കാലത്തും എതിരു നിന്നിട്ടില്ല. മുമ്പുകാലത്ത് കേരളത്തിൽ എല്ലാ മതസമുദായങ്ങളിലും സ്ത്രീവിദ്യാഭ്യാസവും സ്ത്രീ പൊതുരംഗ പ്രവേശവും പരിമിതമായിരുന്നു. അന്നത്തെ സാമൂഹിക സാഹചര്യം അവ്വിധമായിരുന്നു. അതിനാൽതന്നെ സമുദായത്തിന്റെ ആത്മീയ കാര്യങ്ങൾക്കും ആദർശ പ്രതിരോധത്തിനും ഒന്നാം സ്ഥാനം നൽകുന്ന സമസ്തക്ക് സ്ത്രീകളുടെ വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ഇടപെടാൻ സാധിച്ചില്ല. എന്നാൽ അക്കാലത്തും സ്ത്രീകൾക്കാവശ്യമായ മതപരവും സാമൂഹികവും സംസ്‌കാരികുമായ വിദ്യാഭ്യാസം അവർക്ക് നൽകിയിട്ടുണ്ട്. പിന്നീട് സമൂഹത്തിൽ വ്യാപകമായ മാറ്റങ്ങൾ ഉണ്ടായപ്പോൾ ആ മാറ്റങ്ങളോട് പുറം തിരിഞ്ഞു നിൽക്കാൻ സമസ്ത തുനിഞ്ഞതുമില്ല. അതിന്റെ ഭാഗമാണ് പുതിയ സ്ത്രീവിദ്യാഭ്യാസ പദ്ധതികളെല്ലാം’’ (സത്യധാര, 2024 ഫെബ്രുവരി 1-28, പേജ് 8,9).

