ക്വുർആൻ വ്യാഖ്യാനിക്കാൻ ശാസ്ത്രത്തെ കൂട്ടുപിടിക്കുമ്പോൾ

ശമീർ മദീനി ശ്രീമൂലനഗരം

2024 ഫെബ്രുവരി 24, 1445 ശഅ്ബാൻ 14

വേഗത്തിൽ വളർന്നു വികസിക്കുന്ന വിജ്ഞാനശാഖയാണ് ശാസ്ത്രം. പുതിയ കണ്ടെത്തലുകൾ പഴയ അറിവിനെ നവീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നത് ശാസ്ത്രത്തിന്റെ ഗുണമായേ കാണാനാവൂ. അല്ലാഹുവിന്റെ അത്ഭുതകരമായ സൃഷ്ടിപ്പിനെ അനാവരണം ചെയ്യുക മാത്രമാണ് യഥാർഥത്തിൽ ശാസ്ത്രം ചെയ്യുന്നത്. അതുകൊണ്ട് തന്നെ നിയതമായ ഒരു ശാസ്ത്രസത്യത്തിനും ദൈവികവചനങ്ങൾ സമാഹരിച്ച ക്വുർആനിന് എതിരു നിൽക്കുക സാധ്യമല്ല. ഇതു മനസ്സിലാക്കാതെ ശാസ്ത്രത്തിന്റെ മൂശയിൽ ക്വുർആനിനെ വാർത്തെടുക്കാനുള്ള ശ്രമങ്ങൾ പരിഹാസ്യമാണ്.

ലോകരക്ഷിതാവായ അല്ലാഹു അവന്റെ സൃഷ്ടികൾക്ക് ഇഹപര വിജയത്തിനുള്ള മാർഗദർശനമായി അവതരിപ്പിച്ചിട്ടുള്ള വേദഗ്രന്ഥങ്ങളുടെ അവസാന പതിപ്പാണ് വിശുദ്ധ ക്വുർആൻ. അത് വ്യാഖ്യാനിക്കുമ്പോൾ അതിന്റെതായ പവിത്രതയും ഗൗരവവും കൈവിടാതെ സൂക്ഷിക്കേണ്ടതുണ്ട്. ദേഹേച്ഛകൾക്കനുസരിച്ചോ വ്യക്തിതാല്പര്യങ്ങൾക്കുവേണ്ടിയോ സ്വാർഥലാഭങ്ങൾ മുന്നിൽ കണ്ടോ മതത്തിന്റെ അധ്യാപനങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെ ഇസ്‌ലാം അതിശക്തമായി എതിർത്തിട്ടുണ്ട്.

അല്ലാഹു പറയുന്നു: “നിങ്ങളുടെ നാവുകൾ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഇത് അനുവദനീയമാണ്, ഇത് നിഷിദ്ധമാണ് എന്നിങ്ങനെ കള്ളം പറയരുത്. നിങ്ങൾ അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ (അതിന്റെ ഫലം). അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുന്നവർ വിജയിക്കുകയില്ല; തീർച്ച’’ (ക്വുർആൻ 16:116).

അല്ലാഹുവിന്റെ വചനങ്ങളുടെ ഉദ്ദേശ്യവും താൽപര്യവും ഇന്നതാണ് എന്ന് ഒരാൾ പറയുമ്പോൾ അത് കൃത്യവും വ്യക്തവുമായ രേഖയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം. അല്ലാത്തപക്ഷം അത് അല്ലാഹുവിന്റെ പേരിൽ കളവു കെട്ടിപ്പറയുന്നതിന് തുല്യമാണ്. നമ്മുടെയാരുടെയെങ്കിലും ഒരു വാചകത്തെ നമ്മളുദ്ദേശിക്കാത്ത അർഥതലങ്ങളിലേക്ക് ആരെങ്കിലും വ്യാഖ്യാനിച്ച് കൊണ്ടുപോയാൽ അതിനോട് നമ്മുടെ നിലപാട് എന്തായിരിക്കും? ആ ഒരു ഭയപ്പാടും ജാഗ്രതയും പടച്ചവന്റെ വാക്കുകളെ വിശദീകരിക്കു മ്പോൾ പലരും പാലിച്ചു കാണുന്നില്ല എന്നത് ഏറെ ഗൗരവമുള്ള സംഗതിയാണ്.

പിശാച് മനുഷ്യനെ വഴിതെറ്റിക്കാൻ ചെയ്യുന്ന കാര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് ഇത്തരം സംഗതികളാണെന്നു ക്വുർആൻ പലതവണ ഉണർത്തിയിട്ടുണ്ട്.

“മനുഷ്യരേ, ഭൂമിയിലുള്ളതിൽനിന്ന് അനുവദനീയവും വിശിഷ്ടവുമായത് നിങ്ങൾ ഭക്ഷിച്ചുകൊള്ളുക. പിശാചിന്റെ കാലടികളെ നിങ്ങൾ പിന്തുടരാതിരിക്കുകയും ചെയ്യുക. അവൻ നിങ്ങളുടെ പ്രത്യക്ഷശത്രു തന്നെയാകുന്നു. ദുഷ്‌കൃത്യങ്ങളിലും നീചവൃത്തികളിലും ഏർപ്പെടുവാനും അല്ലാഹുവിന്റെ പേരിൽ നിങ്ങൾക്കറിഞ്ഞുകൂടാത്തത് പറഞ്ഞുണ്ടാക്കുവാനുമാണ് അവൻ നിങ്ങളോട് കൽപിക്കുന്നത്’’ (2:168,169).

“പറയുക: എന്റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും അധർമവും ന്യായം കൂടാതെയുള്ള കയ്യേറ്റവും യാതൊരു പ്രമാണവും അല്ലാഹു ഇറക്കി ത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങൾ പങ്കുചേർക്കുന്നതും അല്ലാഹുവിന്റെ പേരിൽ നിങ്ങൾക്കു വിവരമില്ലാത്തത് നിങ്ങൾ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്. ഓരോ സമുദായത്തിനും ഓരോ അവധിയുണ്ട്. അങ്ങനെ അവരുടെ അവധി വന്നെത്തിയാൽ അവർ ഒരു നാഴികനേരം പോലും വൈകിക്കുകയോ നേരത്തെ ആക്കുകയോ ഇല്ല’’ (7:33,34).

മുൻ സമുദായങ്ങൾക്ക് പറ്റിയ അപചയങ്ങളുടെ പ്രധാന കാരണവും മറ്റൊന്നായിരുന്നില്ല. ഊഹങ്ങളും നിഗമനങ്ങളും വെച്ചുകൊണ്ട് സ്വന്തം അഭിപ്രായങ്ങളെ ക്വുർആനിന്റെ വിശദീകരണമായും അല്ലാഹുവിന്റെ സന്ദേശങ്ങളായും അവതരിപ്പിക്കുന്നത് വളരെയേറെ ഭയപ്പെടേണ്ട സംഗതിയാണെന്ന് സാരം.

മഹാനായ അബൂബക്ർ(റ) പറയുന്നു: “എനിക്ക് വ്യക്തമായ അറിവില്ലാത്ത ഒരു കാര്യം അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ കാര്യത്തിൽ ഞാൻ പറഞ്ഞാൽ ഏത് ഭൂമിയാണ് എന്നെ പേറുക? ഏത് ആകാശമാണ് എനിക്ക് തണൽ വിരിക്കുക?’’

ഈ വാക്കുകൾ പ്രസ്തുത ആശയമാണ് വ്യക്തമാക്കുന്നത്. അതിനാൽ അതീവലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട ഒന്നല്ല ക്വുർആൻ വചനങ്ങൾക്ക് അർഥവും വ്യാഖ്യാനവും നൽകുക എന്ന കാര്യം.

ക്വുർആനിന്റെ സത്യതയ്ക്കും ദൈവികതയ്ക്കും ഉതകുന്ന തെളിവുകൾ നിരത്തി മറ്റുള്ളവരെ അതിലേക്ക് ക്ഷണിക്കുന്നതും അവരുടെ ചിന്തയെ തട്ടിയുണർത്തുന്നതും മഹത്തായ കാര്യംതന്നെയാണെങ്കിലും മേൽസൂചിപ്പിച്ച അടിസ്ഥാനവിഷയം വിസ്മരിച്ചുകൊണ്ടായിക്കൂടാ അത് എന്നാണ് ഉണർ ത്തിയത്. ക്വുർആനിക വചനങ്ങളെയും പ്രവാചക വചനങ്ങളെയും ആധുനിക ശാസ്ത്രവുമായി ബന്ധപ്പെടുത്തിക്കൊണ്ട് പലരും പലതും പറയാറുണ്ട്. ക്വുർആൻ-ഹദീസ് വചനങ്ങൾക്ക് ശാസ്ത്രത്തെ കൂട്ടുപിടിച്ചുകൊണ്ട് വിശദീകരണം നൽകുന്ന വിഷയത്തിൽ രണ്ട് വിരുദ്ധ നിലപാടുകളാണ് പൊതുവിൽ കാണപ്പെടുന്നത്.

ഒന്ന്: ശാസ്ത്രീയമായ യാതൊ രു വിശദീകരണവും ക്വുർആനിന്റെയും ഹദീസിന്റെയും വിശദീക രണങ്ങളിൽ ഉൾപ്പെടുത്തരുതെന്ന തികച്ചും യാഥാസ്ഥിതികമായ ഒരു നിലപാട്. ക്വുർആനും ഹദീസും ശാസ്ത്രം പഠിപ്പിക്കാൻ വന്നതല്ലെന്നും ശാസ്ത്രത്തിനു സ്ഥിരതയില്ലെന്നുമൊക്കെയാണ് അത്തരക്കാർ നിരത്തുന്ന പ്രധാന ന്യായങ്ങൾ.

രണ്ട്: ക്വുർആനിന്റെ ദൈവികത ബോധ്യപ്പെടുത്താൻ പറ്റിയ പ്രധാനപ്പെട്ട കാര്യമാണ് ശാസ്ത്രീയ കണ്ടെത്തലുകളെന്നും അതിനാൽ അതിന്റെ അടിസ്ഥാനത്തിൽ ക്വുർആനും സുന്നത്തും വിശദീകരിക്കുക യാണ് വേണ്ടതെന്നുമുള്ള ഉദാരസമീപനം. അവർ എന്തിനെയും ഏതിനെയും പ്രധാനമായും ശാസ്ത്രത്തി ന്റെ മേമ്പൊടിയോടുകൂടിയായിരിക്കും അവതരിപ്പിക്കുക. അതിലൂടെയേ ക്വുർആനിന്റെ നിത്യനൂതനത്വം മറ്റുള്ളവർക്ക് ബോധ്യപ്പെടുകയുള്ളൂ എന്നും അത് സത്യദീനിനെ അറിയാനും ഉൾക്കൊള്ളാനും മറ്റുള്ളവർക്ക് വലിയ പ്രേരണയാകുമെന്നും അക്കൂട്ടർ വിശദീകരിക്കുകയും ചെയ്യുന്നു.

ഈ രണ്ട് വിരുദ്ധധ്രുവങ്ങളിലെ തീവ്ര നിലപാടുകളിൽനിന്ന് വ്യത്യസ്തമായി ഒരു മധ്യമ സമീപനമാണ് പ്രമാണങ്ങളോട് യോജിക്കുന്ന നീതിയുക്തമായ നിലപാട്. ക്വുർആൻ ശാസ്ത്ര തത്ത്വങ്ങൾ പഠിപ്പിക്കാൻ വന്ന ഗ്രന്ഥമല്ലെങ്കിലും ക്വുർആനിൽ നിരവധി ശാസ്ത്ര സൂചനകളുണ്ട് എന്നത് സത്യമാണ്. ആകാശം, ഭൂമി, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, രാവ്, പകൽ...മുതലായ പലതിനെക്കുറിച്ചും ക്വുർആൻ പ്രതിപാദിക്കു ന്നുണ്ട്, അവ ദൃഷ്ടാന്തങ്ങളാണെന്നു പറയുന്നുണ്ട്, അവയെക്കുറിച്ച് ചിന്തിക്കുവാൻ ആഹ്വാനം ചെയ്യുന്നു ണ്ട്.

“ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യർക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്തുനിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിർജീവാവസ്ഥയ്ക്കുശേഷം ഭൂമിക്ക് അതുമുഖേന ജീവൻ നൽകിയതിലും, ഭൂമിയിൽ എല്ലാതരം ജന്തുവർഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികൾക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങൾക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്; തീർച്ച’’(2:164).

“തീർച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും രാപകലുകൾ മാറിമാറി വരുന്നതിലും സൽബുദ്ധിയുള്ളവർക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്’’(3:190).

“രാവും പകലും മാറിമാറി വരുന്നതിലും, അല്ലാഹു ആകാശത്തുനിന്ന് ഉപജീവനം ഇറക്കി അതുമുഖേന ഭൂമിക്ക് അതിന്റെ നിർജീവാവസ്ഥയ്ക്ക് ശേഷം ജീവൻ നൽകിയതിലും, കാറ്റുകളുടെ ഗതി നിയന്ത്രണ ത്തിലും ചിന്തിച്ചു മനസ്സിലാക്കുന്ന ആളുകൾക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്’’(45:5).

ക്വുർആൻ വ്യക്തമായി പ്രസ്താവിച്ചതും പിന്നീട് ശാസ്ത്രീയ പഠന- ഗവേഷണങ്ങളിലൂടെ സ്ഥിരീകരിച്ച വസ്തുതയും തമ്മിൽ യോജിച്ചുവരുന്ന പല സംഗതികളും ക്വുർആൻ-ശാസ്ത്ര താരതമ്യ പഠനത്തി ലൂടെ കണ്ടെത്താൻ സാധിക്കുന്നതാണ്. ക്വുർആനിന്റെ അവതരണകാലത്തോ സ്വഹാബത്തിന്റെ ജീവിതകാലത്തോ കേട്ടുകേൾവി പോലുമില്ലാത്തതും പിന്നീട് നൂറ്റാണ്ടുകൾക്കുശേഷം മാത്രം ശാസ്ത്രലോകം സ്ഥിരീകരിച്ചതുമായ വസ്തുതകളോട് നൂറുശതമാനവും യോജിക്കുന്ന പല പ്രസ്താവനകളും പരാമർശങ്ങളും ക്വുർആനിലും ഹദീസിലുമുണ്ട് എന്നത് അവയുടെ അജയ്യതയും ദൈവികതയുമാണ് അറിയിക്കുന്നത്. ഈ വസ്തുത ബോധ്യപ്പെട്ട് ഇസ്‌ലാം സ്വീകരിച്ച ശാസ്ത്രജ്ഞൻമാർ പലരുമുണ്ട്.

അതിന് ഒരു ഉദാഹരണമാണ് മനുഷ്യക്കുഞ്ഞിന്റെ വളർച്ചയുടെ വിവിധഘട്ടങ്ങളെക്കുറിച്ചുള്ള ക്വുർആനിന്റെ പരാമർശങ്ങൾ. ഭ്രൂണശാസ്ത്രത്തിന്റെ ബാലപാഠം പോലും ലോകത്ത് ചർച്ചയാകുന്നതിനും എത്രയോ മുമ്പാണ് ക്വുർആൻ ഭ്രൂണത്തിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ കൃത്യമായി പ്രതിപാദിച്ചത്.

അല്ലാഹു പറയുന്നു: “തീർച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തിൽനിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടർന്ന് നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളർത്തിയെടുത്തു. അപ്പോൾ ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹു അനുഗ്രഹപൂർണനായിരിക്കുന്നു’’(23:12-14).

ശാസ്ത്രീയ തത്ത്വങ്ങളും കണ്ടെത്തലുകളും വിശദീകരിക്കുകയല്ല ക്വുർആൻ ഇവിടെ ചെയ്യുന്നതെങ്കിലും ഭ്രൂണശാസ്ത്രത്തിന്റെ പുതിയ പുതിയ അറിവുകളുമായി ബന്ധപ്പെടുന്ന ഏതൊരാൾക്കും ആയിരത്തി നാനൂറ് വർഷങ്ങൾക്കു മുമ്പ് ക്വുർആൻ പറഞ്ഞ ഈ കാര്യങ്ങൾ അത്യത്ഭുതകരമായി തോന്നുമെന്നതിൽ സംശയമില്ല. ശേഷം ക്വുർആൻ മരണത്തെയും മരണാനന്തര ജീവിതത്തെയുമാണ് പ്രസ്തുത അധ്യായത്തിൽ ഓർമിപ്പിക്കുന്നത്. വലിച്ചുനീട്ടി എന്തിനെയും ഏതിനെയും ശാസ്ത്രവുമായി ബന്ധിപ്പിച്ച് ക്വുർആനിനും സുന്നത്തിനും ആവശ്യമില്ലാത്ത ‘വ്യാജ ക്രെഡിറ്റുകൾ’ ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമം തീർത്തും അനഭിലഷണീയവും എതിർക്കപ്പെടേണ്ടതുമായ കാര്യമാണ്.

ഫിർഔനിന്റെ ജഡം: ക്വുർആൻ പറഞ്ഞതെന്ത്?

മൂസാ നബി(അ)യുടെ കാലത്തുണ്ടായിരുന്ന ധിക്കാരിയും അക്രമിയും സ്വേഛാധിപതിയുമായിരുന്ന ഫിർഔനിന്റെ മരണത്തെയും ജഡത്തെയും കുറിച്ച് ക്വുർആൻ പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെടുത്തി ചിലർ നടത്തുന്ന വ്യാഖ്യാനങ്ങൾ ഇത്തരം ഉദാര സമീപനക്കാരുടെ ഒരു വിശദീകരണമായിട്ട് തോന്നിയ കാര്യമാണ്.

അതായത് ഫിർഔനിന്റെ ജഡം കേടുപാടുകൾ കൂടാതെ ലോകാവസാനംവരെ സംരക്ഷിക്കുമെന്ന് ക്വുർആൻ പറഞ്ഞിട്ടുണ്ടെന്നും സഹസ്രാബ്ദങ്ങൾ കഴിഞ്ഞിട്ടും ആ ശരീരം ഇന്നും ഈജിപ്തിലെ മ്യൂസിയത്തിൽ കേടുപറ്റാതെ നിലനിൽക്കുന്നുണ്ടെന്നും ഇത് ക്വുർആനിന്റെ ദൈവികത വിളിച്ചോതുന്ന അനിഷേധ്യമായ തെളിവാണെന്നുമൊക്കെയാണ് അത്തരക്കാർ അവതരിപ്പിക്കുന്നത്. ശാസ്ത്രീയ പഠനങ്ങളിലൂടെ അത് ഫിർഔനിന്റെതുതന്നെ എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നു പറയുന്നതിനെ നാം പാടെ എതിർക്കുന്നില്ല. അത് ഫിർഔനിന്റെ ജഡമായിരിക്കാം, അല്ലായിരിക്കാം. സത്യത്തിൽ ഫിർഔനിന്റെ ജഡവുമായി ബന്ധപ്പെട്ട് ക്വുർആൻ എന്താണ് പറഞ്ഞിട്ടുള്ളത് എന്നാണ് ഇവിടെ പരിശോധനാ വിധേയമാക്കുന്നത്.

അല്ലാഹു പറയുന്നു: “എന്നാൽ നിന്റെ പുറകെ വരുന്നവർക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനു വേണ്ടി ഇന്നു നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തി എടുക്കുന്നതാണ്. തീർച്ചയായും മനുഷ്യരിൽ ധാരാളം പേർ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു’’(10:92).

ഇവിടെ ക്വുർആൻ പറയുന്നത് ‘ഇന്നേദിവസം നിന്റെ ശരീരത്തെ നാം സംരക്ഷിക്കും’ എന്നാണ്. കാലാകാലം സംരക്ഷിക്കുമെന്ന് പറഞ്ഞിട്ടില്ല. എന്തിന് എന്ന ചോദ്യത്തിന് ക്വുർആൻ നൽകുന്ന മറുപടി ‘നിന്റെ പുറകെ വരുന്നവർക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനു വേണ്ടി’ എന്നാണ്.

ഫിർഔനിന്റെത് എന്ന് പറയപ്പെടുന്ന ഭൗതികശരീരം കണ്ടുകിട്ടുന്നതിനും എത്രയോ നൂറ്റാണ്ടുകൾ ഇവിടെ കഴിഞ്ഞു പോയിട്ടുണ്ട്. അവർക്കൊന്നും ഈ പറയപ്പെട്ട ദൃഷ്ടാന്തം ഇല്ലാതെ പോയി എന്നാണോ? മൂസാ നബി(അ)യുടെ കാലക്കാർ മുതൽ ഇങ്ങോട്ട് ഈ വചനം ഓതിപ്പഠിച്ച നബിﷺയും സ്വഹാബത്തു മടക്കമുള്ള ആരുംതന്നെ ഈ ജഡം കണ്ടിട്ടുപോലുമില്ലല്ലോ. അപ്പോൾ പിന്നെ എന്താണ് ക്വുർആൻ പറഞ്ഞതിന്റെ വിവക്ഷ?

മുൻകാല തഫ്‌സീറുകൾ പരിശോധിച്ചാൽ അതിൽനിന്നൊക്കെ ഗ്രഹിക്കാൻ കഴിയുന്നത് ഇങ്ങനെ സംഗ്രഹിക്കാം: താൻ ദൈവമാണെന്ന് സ്വയം വാദിച്ച ഫിർഔൻ ചെങ്കടലിൽ മുങ്ങിനശിച്ചു. അവന്റെ മോശവും നിന്ദ്യവുമായ അന്ത്യം കണ്ടുമനസ്സിലാക്കുന്നതിനുവേണ്ടി ആ ജഡം കരക്കടിഞ്ഞു. അല്ലായിരു ന്നെങ്കിൽ ഫിർഔൻ ഏതോ അദൃശ്യലോകത്തേക്ക് പോയിമറഞ്ഞിരിക്കുകയാണെന്ന് ആ ജനത കരുതു മായിരുന്നു. ഇബ്‌നു അബ്ബാസ്(റ) അടക്കമുള്ള പൂർവസൂരികളായ മുഫസ്സിറുകൾ പറയുന്നു: “ബനൂ ഇസ്‌റാ ഈല്യരിൽപെട്ട ചില വിഭാഗങ്ങൾ ഫിർഔനിന്റെ മരണത്തിൽ സംശയിച്ചിരുന്നു. അതിനാൽ അയാളുടെ, ജീവൻ നഷ്ടപ്പെട്ട ഭൗതികശരീരം കരയിലേക്ക് എല്ലാവർക്കും കാണുവാൻതക്ക രൂപത്തിൽ ഇട്ടുകൊടുക്കാൻ അല്ലാഹു സമുദ്രത്തിനു നിർദേശം നൽകി’’ (ഇബ്‌നു കസീർ).

അതിലൂടെ ഫിർഔനിന്റെ കാലത്തുണ്ടായിരുന്ന ബനൂഇസ്‌റാഈല്യർക്കും പിന്നീട് വന്നവർക്കുമെല്ലാം അതൊരു ഗുണപാഠവും ദൃഷ്ടാന്തവുമായി. ലോകാവസാനം വരെ ഈ ചരിത്രം പഠിക്കുന്നവർക്കും അറിയുന്നവർക്കുമൊക്കെ അത് ഒരു വലിയ ദൃഷ്ടാന്തം തന്നെയാണെന്നതിൽ സംശയമില്ല.

ക്വുർആൻ പറയാത്തത് ക്വുർആനിന്റെ പേരിൽ നമ്മുടെ സ്വന്തം വകയായി അവതരിപ്പിക്കുമ്പോൾ അതിൽ വന്നേക്കാവുന്ന പല ഗുരുതര സംഗതികളുമുണ്ട്. ഇവിടെയും നാം അത് കാണാതെ പോകരുത്. ഫറോവയുടേത് എന്ന് പറയപ്പെടുന്ന ഈ ഭൗതികശരീരം ഏതെങ്കിലും നിലയ്ക്ക് വല്ല ദുരന്തത്താലോ മറ്റോ നശിച്ചുപോയി എന്നിരിക്കട്ടെ, അങ്ങനെ വന്നാൽ ക്വുർആനിന്റെ പ്രവചനത്തിനും അതുവഴി ക്വുർആനിന്റെ ദൈവികതക്കും ഒരു കോട്ടവും വരികയില്ല എന്ന വസ്തുത നാം ഗ്രഹിക്കേണ്ടതുണ്ട്. അങ്ങനെയൊന്നും സംഭവിക്കാതെ എല്ലാവിധ കയ്യേറ്റങ്ങളിൽനിന്നും പ്രകൃതിപ്രതിഭാസങ്ങളിൽനിന്നും ഈ ജഡത്തെ കാലാകാലം സംരക്ഷിച്ചു നിർത്തുമെന്ന് ക്വുർആൻ ഒരിടത്തും പറഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.

ശാസ്ത്രീയ വ്യാഖ്യാനങ്ങൾ നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത്

ക്വുർആനിനും സുന്നത്തിനും ശാസ്ത്രീയ വിശദീകരണങ്ങൾ നൽകുമ്പോൾ അതിന്റെ സ്വീകാര്യത ഉറപ്പുവരുത്താൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്:

1) ക്വുർആനും സുന്നത്തും ശരിയായ സ്രോതസ്സുകളിൽനിന്ന് ഗ്രഹിച്ചെടുക്കാനുള്ള കഴിവും പ്രാപ് തിയും ഉള്ളയാളായിരിക്കണം. പലപ്പോഴും അറബി ഭാഷപോലും വേണ്ടത്ര ഗ്രാഹ്യമല്ലാത്ത, കേവലം ഏതെങ്കിലും പരിഭാഷകളെയും പ്രഭാഷകരെയും അനുകരിച്ചായിരിക്കും ഇത്തരം ‘ശാസ്ത്രീയ’ വിശദീകരണങ്ങൾ പങ്കുവെക്കുന്നത്. അത് തീർത്തും അപകടകരമായ പ്രവണതയാണ്.

2) താൻ പറയുന്ന ശാസ്ത്രീയവിഷയങ്ങളിലും വ്യക്തമായ അറിവും കാഴ്ചപ്പാടുകളും ഉള്ള ആളായിരിക്കണം. ശാസ്ത്രമെന്ന പേരിൽ പറയപ്പെടുന്നതൊക്കെ ശാസ്ത്രീയ സത്യങ്ങളാണെന്ന അന്ധവിശ്വാസം പലരിലുമുണ്ട്. ശാസ്ത്രലോകത്തുതന്നെ ശക്തമായ എതിർവാദങ്ങളും വിയോജിപ്പുകളുമുള്ള സംഗതികളെയും കേവല നിഗമനങ്ങളെയും ശാസ്ത്രീയ സത്യമെന്നപോലെ കണ്ട് ക്വുർആനിന്റെയും സുന്ന ത്തിന്റെയും വിശദീകരണമായി നൽകുന്നതും ഗുരുതരമായ തെറ്റാണ്.

3) ക്വുർആനിന്റെ ഭാഷാനിയമങ്ങളും ക്വുർആൻ-സുന്നത്ത് നിദാനശാസ്ത്രവും (ഉസ്വൂലുത്തഫ്‌സീർ, ഉസ്വൂലുൽ ഹദീസ്) അറിയുന്നതോടൊപ്പം ദീനീ പരിജ്ഞാനമുള്ള പണ്ഡിതന്മാരുമായി ചർച്ച ചെയ്തും സംശയങ്ങൾ ദുരീകരിച്ചുമൊക്കെയായിരിക്കണം ഇത്തരം വിശദീകരനങ്ങളിലേക്ക് കടക്കൽ.

4) ക്വുർആനിക പദങ്ങൾക്ക് അർഥകൽപന നൽകുമ്പോൾ അറബി ഭാഷയിലെ ഏതെങ്കിലും ഒരു ഡിക്ഷ്ണറിയോ ആധുനിക പ്രയോഗങ്ങളോ മാത്രം അവലംബിക്കാതെ ക്വുർആനിന്റെ അവതരണ കാല ത്തെ ഭാഷാപ്രയോഗങ്ങൾക്കും അർഥങ്ങൾക്കും അർഹമായ പരിഗണന നൽകേണ്ടതുണ്ട്. ഭാഷാ നിയമ ങ്ങളും അറബിഭാഷാ സാഹിത്യശൈലികളും അറിഞ്ഞിരിക്കണം. ഒരു പദത്തിന്റെ ശരിയായ അർഥം മനസ്സിലാക്കാതെ അതിനെ ആലങ്കാരിക പ്രയോഗമെന്നു പറഞ്ഞു വ്യാഖ്യാനങ്ങളിലേക്ക് പോകുന്നതും വലിയ അബദ്ധമായിരിക്കും.

5) ക്വുർആനും സുന്നത്തും സ്ഥിരീകരിച്ചതും ക്വുർആനിന്റെയും സുന്നത്തിന്റെയും പ്രഥമ അഭിസംബോധിതരായ സ്വഹാബത്തടക്കമുള്ള സച്ചരിതരായ മുൻഗാമികൾ തർക്കമില്ലാതെ അംഗീകരിച്ച് പോന്ന തുമായ വസ്തുതകളെ സംശയത്തിന്റെ നിഴലിൽ നിർത്തി പുതിയ ഗവേഷണങ്ങളും ചിന്തകളും അവതരിപ്പിക്കുന്നതും അപകടകരമായിരിക്കും. മറിച്ച് അവയെ അടിസ്ഥാന യാഥാർഥ്യങ്ങളായി കണ്ടുകൊണ്ട് അവയോടു യോജിക്കുന്നവയെ സ്വീകരിക്കുകയും വിയോജിക്കുന്നവയെ തിരസ്‌കരിക്കുകയുമാണ് വേണ്ടത്.

6) ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ട വസ്തുതകളല്ലാതെ, ഇനിയും പഠന-ഗവേഷണങ്ങൾ ആവ ശ്യമുള്ള, ശാസ്ത്രലോകംതന്നെ പറയുന്ന കേവല അഭിപ്രായങ്ങളെയോ നിഗമനങ്ങളെയോ കൂട്ടുപിടിച്ചുകൊണ്ട് മതപ്രമാണങ്ങളെ വ്യാഖ്യാനിക്കാൻ മുതിരരുത്. ശാസ്ത്രത്തിന് അപ്രമാദിത്വം കൽപിച്ചുകൊണ്ട് ക്വുർആനിനെയും സുന്നത്തിനെയും അതിന്റെ പിന്നിൽ കൊണ്ടുപോയി കെട്ടുന്ന രീതി ഒരിക്കലും ഉണ്ടാകരുത്.

നല്ല സൂക്ഷ്മതയോടെയും ജാഗ്രതയോടെയും കൈകാര്യം ചെയ്യേണ്ട ഒരു മേഖലയാണിത്. ക്വുർ ആനിലെ ശാസ്ത്രസൂചനകൾക്ക് ശാസ്ത്രീയമായ വിശദീകരണം നൽകൽ നിഷിദ്ധവും പിഴവുമാണെന്ന് മൊത്തത്തിൽ കാടടച്ചു നിഷേധിക്കാവതല്ല എന്നപോലെത്തന്നെ, യാതൊരു നിയന്ത്രണവുമില്ലാതെ ആർക്കും എന്തും പറയുവാനുള്ള ഒരു തലമായി ഇതിനെ കാണാനുംപാടില്ല. പ്രത്യുത അതിന്റെതായ യോഗ്യതകളും കഴിവുകളുമുള്ള പണ്ഡിതന്മാരുടെ മേൽനോട്ടത്തിലാണ് അവ നടക്കേണ്ടത്.

ഹിജ്‌റ 1408 സ്വഫർ മാസത്തിൽ (ക്രിസ്താബ്ദം 1987 ഒക്‌റ്റോബറിൽ) മക്ക കേന്ദ്രീകരിച്ചുള്ള റാബിത്വ ത്തുൽ ആലമിൽ ഇസ്‌ലാമിയുടെ സഹകരണത്തോടെ പാകിസ്ഥാനിലെ ഇസ്‌ലാമാബാദിൽ ഒരു ലോകമഹാസമ്മേളനം ഈ വിഷയകമായി നടക്കുകയുണ്ടായി. 52 രാജ്യങ്ങളിൽ നിന്നായി 228 പണ്ഡിതന്മാർ പങ്കെടുത്ത സമ്മേളനം വൈജ്ഞാനിക സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും കഴിവുറ്റ പണ്ഡിതന്മാരും ഈ മേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തണമെന്ന ആഹ്വാനത്തോടെയാണ് സമാപിച്ചത്.

നിഷേധത്തിന്റെയും അതിവാദത്തിന്റെയും ധ്രുവങ്ങളിൽനിന്നകന്നു സത്യത്തിന്റെ മധ്യമനിലപാട് ഈ വിഷയത്തിലും പിന്തുടർന്നാണ് നാം മുന്നോട്ടു പോകേണ്ടത്.