വളരുന്ന ജാറവ്യവസായവും വാഴ്ത്തപ്പെടുന്നവരും വീഴ്ത്തപ്പെടുന്നവരും
മൂസ സ്വലാഹി കാര
2024 ആഗസ്റ്റ് 17, 1446 സ്വഫർ 13

വിഘടിത സമസ്തയുടെ പ്രസിഡന്റും അവർ താജുൽ ഉലമയായി കണക്കാക്കുകയും ചെയ്ത ഉള്ളാൾ അബ്ദുറഹ്‌മാൻ ബുഖാരി തങ്ങളുടെ മകനാണ് ഈയിടെ മരണപ്പെട്ട ഫള്ൽ കോയമ്മ തങ്ങൾ. കർണാടകയിലെ ‘കുറ’ ഗ്രാമത്തെ ചൂഷണ കേന്ദ്രമായി തെരഞ്ഞെടുത്ത അദേഹം ‘കുറ തങ്ങൾ’ എന്നാണ് അവർക്കിടയിൽ അറിയപ്പെടുന്നത്.
ഇദ്ദേഹത്തിന്റെ മരണം നടന്നത് മുതൽ ജാറനിർമാണമടക്കം വ്യത്യസ്തമായ അനാചാരങ്ങളുടെ കുത്തൊഴുക്കാണ് കാണാനിടയായത്. നബിചര്യയെ അനുധാവനം ചെയ്യലാണ് അഹ്‌ലുസ്സുന്നയുടെ അടയാളമെന്നും മുസ്‌ലിയാക്കന്മാരുടെ മേൽനോട്ടത്തിൽ നടക്കുന്നതെല്ലാം മതമാണെന്നു കരുതി സമൂഹം വഞ്ചനയിൽ അകപ്പെടരുതെന്നും വ്യക്തമാക്കാനായി ഇതു സംബന്ധിച്ച ഒരു വിശകലനം അനിവാര്യമാണ്.
മുസ്‌ലിയാർ ‘കുറ’യിലെത്താനുണ്ടായ കാരണം രിസാല വാരികയിൽ വിശദീകരിക്കുന്നത് കാണുക: “സയ്യിദ് ഫള്ൽ കോയമ്മ തങ്ങൾ കുറായിലെത്തുമ്പോൾ തങ്ങളെയോ ആ ദേശത്തെയോ അധികമാരും അറിയില്ല. പക്ഷേ, അന്നവിടെ ഒരു കാരണപ്രമുഖനുണ്ടായിരുന്നു; യൂസുഫ് ഹാജി. പണ്ഡിതരുമായും സൂഫികളുമായും വലിയ അടുപ്പം സൂക്ഷിച്ചിരുന്നൊരാൾ. തന്റെ പരിചയത്തിലെ വലിയ സാന്നിധ്യങ്ങളെയെല്ലാം അദ്ദേഹം കുറായിലെത്തിച്ചു. സി.എം മടവൂർ, കക്കിടിപ്പുറം ഇ.കെ അബൂബക്കർ മുസ്‌ലിയാർ, ജാവക്കൽ ശൈഖ് തുടങ്ങിയവർ അങ്ങനെ കുറായിലെത്തി. ഇവിടെമാകെ അറിവിന്റെ വെളിച്ചം പരക്കും, ഈ മണ്ണും വെള്ളവും ഔഷധമാകും എന്ന് സി.എം മടവൂർ അവിടെ എത്തിയ ഒരു സന്ദർഭത്തിൽ പറഞ്ഞുപോയത്രെ. പിന്നീടുള്ള കാലത്തെല്ലാം ആ കാത്തിരിപ്പിലായിരുന്നു കുറ. 1991, ഫള്ൽ കോയമ്മ തങ്ങൾ കുറായിലെത്തി. യൂസുഫ് ഹാജി തന്നെ തന്റെ സ്വന്തം സ്ഥലത്ത് നിർമിച്ച ഒരു ഫള്ൽ പള്ളിയിലാണ് കോയമ്മ തങ്ങൾ എത്തിയത്. സി.എം മടവൂരാണ് അന്നാ പള്ളിക്ക് കുറ്റിയടിച്ചത്. വരാനിരിക്കുന്ന വെളിച്ചത്തെ സി.എം സൂചിപ്പിച്ചതും അപ്പോഴാണ്’’ (രിസാല/ 2024 ജൂലൈ 17/പേജ് 23).
കുറ തങ്ങളെ ചുറ്റിപ്പറ്റിയുള്ള ആത്മീയ ചൂഷണങ്ങളുടെ ഉദ്ഘാടനമാണ് ഇതിലൂടെ നിർവഹിക്ക പ്പെട്ടത്. സമസ്തയിൽ ആശയസംഘട്ടനമുണ്ടാക്കി അതിന്മേൽ കെട്ടിമറിയേണ്ട അവസ്ഥയിലേക്ക് മുസ് ലിയാക്കന്മാരെ എത്തിച്ച വ്യാജ മുദബ്ബിർ സി.എം മടവൂരിന്റെ വാക്കും പൊക്കിപ്പിടിച്ചാണിവർ ഇയാളെ മഹത്ത്വവത്കരിക്കാൻ പുറപ്പെട്ടത്. മടവൂർ പോരിശ കാരണം ആദർശത്തിനേറ്റ ക്ഷതംതന്നെ ശുശ്രൂഷിച്ച് ഭേദമാക്കാൻ കഴിയാതെ അന്താളിച്ച് നിൽക്കുന്ന മുശാവറക്ക് മുമ്പിൽ മറ്റൊരു ‘കീറാമുട്ടി’യായി ഇത് മാറുമോ എന്ന പേടി ചില മുസ്‌ലിയാക്കന്മാർ പ്രകടിപ്പിച്ചിട്ടുമുണ്ട്. സിഎം മടവൂരിനെ മുദബ്ബിറുൽ ആലമായി വാഴ്ത്തിയവർ ഇപ്പോൾ വല്ലാത്ത മൗനത്തിലാണ്.
പിതാവ് കൊടുത്ത ‘ഇജാസത്ത്’ ‘കുറ’യുടെ കൈവശം ഉണ്ടായിരുന്നു പോലും! “ഉള്ളാൾ തങ്ങൾ നൽകിയ ചില പ്രത്യേക ഇജാസത്തുകൾ കൈവശമുണ്ടായിരുന്നതിനാൽ തന്നെ അദ്ദേഹത്തിന്റെ പ്രാർത്ഥനകൾക്കും ആത്മീയ നിർദ്ദേശങ്ങൾക്കും സവിശേഷ ഫലമുണ്ടായിരുന്നു’’ (രിസാല/2024 ജൂലൈ 17/ പേജ് 10).
പ്രാർഥന സ്വന്തമായി നിർവഹിക്കേണ്ട കാര്യമാണ്. അതിനായി ആർക്കെങ്കിലും ഇജാസത്തുണ്ടോ എന്ന് തേടി അലയേണ്ട ആവശ്യമൊന്നുമില്ല. അല്ലാഹു പറയുന്നു: “അവനാകുന്നു എന്നെന്നും ജീവിച്ചിരിക്കുന്നവൻ. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അതിനാൽ കീഴ്‌വണക്കം അവന് നിഷ്‌കളങ്കമാക്കിക്കൊണ്ട് നിങ്ങൾ അവനോട് പ്രാർഥിക്കുക. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്ന് സ്തുതി’’ (ക്വുർആൻ 40:65).
കുറാ തങ്ങളെ ഇവർ എങ്ങനെ പരിഗണിക്കുന്നു എന്നു മനസ്സിലാക്കുവാൻ ഇത് വായിക്കുക: “എല്ലാ ജാതി മനുഷ്യരും കുറാ തങ്ങളെ തേടിയെത്തി. ആരെയും കള്ളിതിരിച്ചു കണ്ടില്ല. പൊള്ളിയും നീറിയും കഴിയുന്ന മനുഷ്യരായിരുന്നു നിത്യ പ്രമേയം. കണക്കില്ലാത്തത്ര മനുഷ്യർ ഓരോ നാട്ടിൽനിന്നും തങ്ങളുടെ മുന്നിൽ വന്നു. ജനങ്ങൾക്ക് വേണ്ടി മണിക്കൂറുകളോളം ചെലവഴിച്ചു. ദിവസങ്ങൾ തിരിച്ചു കുറായിലും ജന്മദേശമായ എട്ടിക്കുളത്തും ദീർഘനേരമിരുന്നു. ഞങ്ങൾക്ക് ഒരഭയമുണ്ട് എന്ന പ്രതീക്ഷ വന്നവർക്കെല്ലാം കൊടുത്തു. ആ പ്രതീക്ഷ വലുതായിരുന്നു. രോഗശയ്യാവലംബികൾക്ക് ജീവന്റെ തുടിപ്പായിരുന്നു. കുറായിലെ ഒട്ടുമുക്കാൽ മനുഷ്യരും തങ്ങൾ ഓതിയും ഊതിയും കൊടുത്ത വെള്ളം വീട്ടിൽ കരുതിവച്ചു. പല നാടുകളിൽനിന്നും തങ്ങൾ മന്ത്രിച്ച വെള്ളത്തിനു വേണ്ടി വന്നു. അവരുടെ വേദനകൾക്ക് മരുന്നായും പൊടുന്നനെയുള്ള ശമനാവശ്യത്തിനും അവരത് ഉപയോഗിച്ചു. എല്ലാതരം വേദനകൾക്കും ഒറ്റമൂലിയായി അതു മാറി. പല വീട്ടുകാരും സമാന അനുഭവം പങ്കുവെക്കുന്നുണ്ട്’’ (രിസാല/2024 ജൂലൈ 17/ പേജ് 24).

തങ്ങൾ ഓതിയും ഊതിയും കൊടുത്ത വെള്ളം ‘വേദനകൾക്ക് മരുന്നായും പൊടുന്നനെയുള്ള ശമനാവശ്യത്തിനും’ ഉപയോഗിച്ചവരുടെ തങ്ങളെക്കുറിച്ചുള്ള വിശ്വാസമെന്തായിരിക്കും? അദ്ദേഹത്തിന്റെ മരണശേഷം ഇത് എഴുതിവിട്ടവരുടെ ലക്ഷ്യം പ്രത്യേകം പറയേണ്ടതില്ല; ജനങ്ങളെ വ്യക്തി പൂജയിലേക്ക് വലിച്ചടുപ്പിക്കുക, ഏത് പ്രതിസന്ധിഘട്ടത്തിലും അഭയം അല്ലാഹു മാത്രമാണെന്ന വിശ്വാസത്തിൽനിന്ന് അവരെ തെറ്റിക്കുക, അങ്ങനെ തങ്ങളുടെ സാമ്പത്തിക നില ഭദ്രമാക്കുക എന്നതുതന്നെ! എല്ലാവിധ പ്രയാസങ്ങൾക്കും പരിഹാരം കുറതങ്ങളുടെ സാന്നിധ്യത്തിലൂടെയും അദ്ദേഹം മന്ത്രിച്ചൂതിയ വെള്ളത്തിലൂടെയും കിട്ടുമെന്ന് അവകാശപ്പെടുന്നവരും അത് വിശ്വസിക്കുന്നവരും അല്ലാഹുവിന്റെ ഈ വചനങ്ങളൊന്ന് ശ്രദ്ധിക്കുക:
“പറയുക: അല്ലാഹു ഞങ്ങൾക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങൾക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനൻ. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികൾ ഭരമേൽപിക്കേണ്ടത്’’ (9:51).
“എനിക്ക് രോഗം ബാധിച്ചാൽ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്’’ (26:80).
“അഥവാ, കഷ്ടപ്പെട്ടവൻ വിളിച്ചു പ്രാർഥിച്ചാൽ അവന്നു ഉത്തരം നൽകുകയും വിഷമം നീക്കിക്കൊടുക്കുകയും നിങ്ങളെ ഭൂമിയിൽ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ച് മാത്രമെ നിങ്ങൾ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ’’ (27:62).
അതിരുകടന്നു പ്രശംസിച്ചും അസത്യം വിളമ്പിയും കുറാ തങ്ങളെ ഉയർത്തുന്നത് കാണുക: “മദീനാ സന്ദർശന വേളയിൽ തങ്ങൾ വിനയത്തിന്റെ പരകോടിയിലെത്തും. ഒരക്ഷരം ഉരിയിടാതെ കുറേ നേരമിരിക്കും. റസൂലിനോട്(സ) ഒന്നു സലാം പറയാൻ പോലും നാവു വഴങ്ങാത്തത്ര ചെറുതാകും. വിനയത്തിന്റെയും വിധേയത്വത്തിന്റെയും ഭാഷയാണത്. ആ ഭാഷ മുത്തു റസൂലിനറിയാം. ആ ഭാഷയിൽ തന്നെ അവർ ദീർഘനേരം സംവദിക്കും. കണ്ണുപൊടിഞ്ഞും കരൾ കീറിയും മൗനപ്രണയത്തിന്റെ അനന്തസരസിൽ നിന്തിത്തുടിച്ചവരുടെ ഭാഷയാണത്. ചരിത്രത്തിൽ അത്തരം കുറേ സിദ്ധാത്മാക്കളുണ്ട്. ഒരു മാത്രപോലും അവർക്ക് മുത്തുറസൂലിന്റെ അഭാവം തോന്നാറില്ല. സർവത്ര ഹുളൂരിയ്യത്’’ (പേജ് 25,26).
“ഈ പാതിരാത്രി അവർ തേങ്ങലോടെ പറയുന്നത് ഇങ്ങനെയാണ്: ഏറ്റവും മുത്തായ മുത്തിനെ, കരളിന്റെ കഷണത്തിനെ നമുക്ക് താജുൽ ഉലമ സമ്മാനമായി തന്ന തങ്ങളെ നമുക്ക് സുബ്ഹിവരെ ഖുർആൻ ഓതി യാത്രയാക്കാം’’ (പേജ് 29).
അതിരുവിട്ട പുകഴ്ത്തലുകളുടെ എല്ലാ വാതിലുകളും കൊട്ടിയടച്ച ഇസ്‌ലാം നബിﷺയെ നിന്ദിക്കുന്ന തരത്തിലുള്ള ഇത്തരം വാഴ്ത്തലുകളെ ഒരിക്കലും അംഗീകരിക്കുന്നില്ല. ജീവിതത്തിൽ സമ്പൂർണ മാതൃക കാണിച്ച നബിﷺയോട് ഇദ്ദേഹത്തെ സാദൃശ്യപ്പെടുത്തും വിധം ഇങ്ങനെ എഴുതി പ്രചരിപ്പിക്കുന്നതിന്റെ പിന്നിലെ താൽപര്യം കച്ചവടല്ലാതെ മറ്റെന്താണ്? ഉത്തമ തലമുറയിൽ ഇടം നേടിയ മഹാൻമാർ പോലും ഇങ്ങനെ പുകഴ്ത്തപ്പെട്ടിട്ടില്ല! ‘സർവത്ര ഹുളൂരിയ്യത്’ പോലും! എപ്പോഴും നബിﷺ ഇദ്ദേഹമടക്കമുള്ള ‘സിദ്ധാത്മാക്കളുടെ’ അടുക്കൽ ഹാജറുണ്ടാകുമെന്നർഥം! ആരാണിത് പഠിപ്പിച്ചത്? അല്ലാഹു നിയോഗിച്ച നബിﷺയെ ആദരിക്കുന്നില്ലെങ്കിൽ വേണ്ട; തരംതാഴ്ത്താതിരുന്നുകൂടേ?
അല്ലാഹു പറയുന്നു: “തീർച്ചയായും നിന്നെ നാം ഒരു സാക്ഷിയായും സന്തോഷവാർത്ത നൽകുന്നവനായും താക്കീതുകാരനായും അയച്ചിരിക്കുന്നു. അല്ലാഹുവിലും അവന്റെ റസൂലിലും നിങ്ങൾ വിശ്വസിക്കുവാനും അവനെ സഹായിക്കുവാനും ആദരിക്കുവാനും രാവിലെയും വൈകുന്നേരവും നിങ്ങൾ അവന്റെ മഹത്ത്വം പ്രകീർത്തിക്കുവാനും വേണ്ടി’’ (48:8,9).
ജീവിത കാലത്ത് ഇദ്ദേഹം തന്നെ ശിർക്കിലേക്കുള്ള അവസരം ഒരുക്കിക്കൊടുത്തത് നോക്കൂ:
“ബഗ്ദാദാണ് കുറായുടെ തലസ്ഥാനം. മുഹ്‌യിദ്ദീൻ ശൈഖിൽ അഭയമർപ്പിച്ച് പലതും തങ്ങൾ ഏറ്റെടുത്തു നിർവഹിച്ചു. തങ്ങളുടെ ബാഗ്ദാദ് യാത്ര അത്രമേൽ ആത്മീയ സാന്ദ്രമായിരുന്നു’’ (പേജ് 26).
“മകളുടെ കുട്ടിക്ക് ശ്വാസംമുട്ടോ മറ്റോ ഉണ്ടായിരുന്നു. മന്ത്രിച്ച് കൊടുക്കാൻ പറഞ്ഞപ്പോൾ തങ്ങൾ പറഞ്ഞത് ഇപ്പോൾ എനിക്ക് നിങ്ങളാണ് മന്ത്രിച്ച് തരേണ്ടത് എന്നായിരുന്നു. മകളോട് ബുർദ ചൊല്ലി മന്ത്രിച്ച് കൊടുക്കാൻ പറഞ്ഞു. മകൾ അത് ചെയ്തു കൊടുത്തു’’ (പേജ് 29).

“പ്രാർത്ഥനയായിരുന്നു മുഖ്യായുധം. തങ്ങൾ വഴി ആഗ്രഹം പൂർത്തിയായ വിശേഷങ്ങൾ പങ്കുവെ ക്കുമ്പോൾ വിനയം തുളുമ്പുന്ന വാക്കുകളിൽ ഖുർആന്റെയും ബദ്‌രീങ്ങളുടെയും ഫലമാണെന്ന് തങ്ങൾ തിരുത്തും’’ (പേജ് 25).
ബദ്ർ ശുഹദാക്കളും മുഹ്‌യിദ്ദീൻ ശൈഖും ഇവരുടെ വിശ്വാസത്തിന്റെ പ്രധാന സ്തംഭങ്ങളാണ്. ഇവരെക്കുറിച്ച് ഇല്ലാത്ത അപദാനങ്ങൾ പാടിനടക്കൽ മുസ്‌ലിയാക്കന്മാരുടെ സ്ഥിരം പണിയാണ്. അല്ലാഹുവിൽ ഭരമേൽപിച്ച സ്വഹാബികൾ ഫലം കാംക്ഷിച്ചത് അവനിൽനിന്ന് മാത്രം. അവർക്കുള്ള അഭയവും ആശ്രയവുമായി അവർ സ്വീകരിച്ചതും അവനെത്തന്നെ. അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെട്ടവർ വിജയം നൽകിയവനെ വിട്ട് വിജയികളിൽ ഭരമേൽപിക്കുന്നു എന്നത് വലിയ വിരോധാഭാസമാണ്. ശിർക്ക് നിറഞ്ഞ വരികൾ എമ്പാടും കാണാവുന്ന ബുർദ അവസാന സമയത്ത് ചൊല്ലാൻ കൽപിച്ചതും അത് കേട്ടതും അദ്ദേഹത്തിന് ശിർക്കിനോടുള്ള സ്‌നേഹം വിളിച്ചോതുന്നുണ്ട്.
തബൂക്ക് യുദ്ധവേളയിൽ കഅ്ബ് ഇബ്‌നു മാലികും കൂട്ടരും അനുഭവിച്ചതായി ക്വുർആൻ പറഞ്ഞ ‘അങ്ങനെ ഭൂമി വിശാലമായിട്ടുകൂടി അവർക്കത് ഇടുങ്ങിയതായിത്തീരുകയും തങ്ങളുടെ മനസ്സുകൾ തന്നെ അവർക്ക് ഞെരുങ്ങിപ്പോകുകയും അല്ലാഹുവിങ്കൽനിന്ന് രക്ഷതേടുവാൻ അവങ്കലല്ലാതെ അഭയസ്ഥാനമില്ലെന്ന് അവർ (ഉറപ്പിച്ച്) മനസ്സിലാക്കുകയും ചെയ്തപ്പോൾ...’(9:118) എന്ന വാക്യമാണ് ഇങ്ങനെയുള്ളവരെ ഓർമപ്പെടുത്താനുള്ളത്.
മറവുചെയ്ത് മണിക്കൂറുകൾക്കകം ഇയാളുടെ ക്വബ്ർ മുസ്‌ലിയാക്കന്മാർ കെട്ടിയുയർത്തിയത് എന്തിനാണ്? അവർതന്നെ പറയട്ടെ:
“ഈ കുഗ്രാമത്തിൽ എന്തിനായിരിക്കും തങ്ങൾ വന്ന് തമ്പടിച്ചു നിൽക്കുന്നതെന്ന് അന്ന് ഞാൻ കരുതിയിരുന്നു. അതേ ചിന്ത കഴിഞ്ഞ ദിവസവും എന്റെ മനസ്സിൽ ചുഴറ്റിയടിച്ചു. എട്ടിക്കുളത്തുനിന്ന് എന്തിനാണ് തങ്ങൾ കൂറത്തിലേക്ക് പോകുന്നത്? ഉപ്പ താജുൽ ഉലമക്കരികിൽ തന്നെ ഖബറൊരുക്കിയാൽ പോരേ? തങ്ങളെ യാത്രയാക്കാൻ അവസാനമായി കൂറത്തിലെത്തിയപ്പോഴാണ് അവരെ ഇവിടെത്തന്നെയാണ് ഖബറടക്കേണ്ടത് എന്ന് മനസ്സിലായത്. അത്ഭുതപ്പെട്ടുപോയി. വലിയ പള്ളിയും സ്ഥാപനവും പടുത്തുയർത്തിയിരിക്കുന്നു. വലിയൊരു സമുച്ചയം തന്നെ ആയി അത് മാറിയിട്ടിണ്ട്’’(പേജ് 28).
മുമ്പ് വേദം നൽകപ്പെട്ടവർ ശപിക്കപ്പെടാനുള്ള കാരണങ്ങളിൽ ഒന്ന് ജാറനിർമാണമാണ്. നേതാക്കന്മാരെ മറവുചെയ്തിടത്ത് ജാറം നിർമിക്കാൻ ഇവർ വല്ലാത്ത ഉൽസാഹമാണ് കാട്ടുന്നത്. ക്വബ്ർ കെട്ടിപ്പൊക്കി ആരാധനാകേന്ദ്രമാക്കാനല്ല; അങ്ങനെ ചെയ്യാതിരിക്കാനാണ് അല്ലാഹുവിന്റെ റസൂൽﷺ കൽപിച്ചിട്ടുള്ളത്. അല്ലെങ്കിലും സുന്നത്തിന് എതിരായി നിലകൊള്ളുക, എന്നിട്ട് ഞങ്ങൾ സുന്നത്തിന്റെ ആളുകളാണെന്ന് അവകാശപ്പെടുക എന്നതാണല്ലോ ഇവരുടെ ശൈലി.
മഹാന്മാരുടെ ക്വബ്ർ കെട്ടിപ്പൊക്കുവാനും അവിടം സിയാറത്ത് കേന്ദ്രമാക്കുവാനും ഇസ്‌ലാം അനുവദിക്കുന്നുവെങ്കിൽ നബിﷺയും സ്വഹാബത്തും ആ വിഷയത്തിൽ മുന്നിൽ നിൽക്കുമായിരുന്നില്ലേ?
ജാറമുണ്ടാക്കിയാൽ അവിടെ ആളുകൾ വരണം. അതിൽ ജാതി-മത വേർതിരിവൊന്നുമില്ല. കാശിനെന്ത് ജാതിയും മതവും! ആളുകൾ സന്ദർശകരായി എത്തണമെങ്കിൽ കറാമത്തിന്റെ കഥകൾ പരക്കണം. കുറാതങ്ങളുടെ കറാമത്ത് കഥകൾക്കും ആരംഭമായിട്ടുണ്ട്. ഉദാഹരണം കാണുക:
“പതിനാല് വർഷമായി നാട്ടിൽനിന്നു കാണാതായിപ്പോയ ഒരാളെ തിരഞ്ഞ് ഒരുമ്മ തങ്ങളുടെ അടുത്തെത്തി. ഇനി അവൻ വരില്ല. മരിച്ചു പോയിട്ടുണ്ട് എന്നു ഉമ്മയെ ധരിപ്പിച്ചുവച്ചതായിരുന്നു. പക്ഷേ കുറാ തങ്ങൾ ഉമ്മയോട് നാൽപത്തിയൊന്ന് ദിവസം ബദ്‌രീങ്ങൾക്ക് യാസീൻ ഓതാൻ നിർദേശിച്ചു. ഉമ്മ മകനെയും കാത്ത് അത്രയും ദിവസം യാസീൻ ഓതി അല്ലാഹുവിലേക്ക് കൈയുയർത്തി. പിറ്റേ ദിവസം മകൻ അടുത്തുള്ള വീട്ടിലേക്ക് ഫോൺ വിളിച്ച് ഉമ്മയെ കാണാൻ കലശലായ കൊതിയുണ്ടെന്ന് പറഞ്ഞു. അങ്ങനെ അയാൾ നാടണഞ്ഞു. ഇത് നാട്ടിൽ വലിയ വിശേഷമായി. കുറായുടെ പുറത്തുനിന്നും തങ്ങളെ തേടി പലരുമെത്തി. രോഗപീഡയിൽനിന്നുള്ള ശമനത്തിന്, സന്താന സൗഭാഗ്യത്തിന്, പള്ളിക്കും വീടിനും കുറ്റിയടിക്കാൻ, കട്ടിലവെക്കാൻ, സ്ഥാപന-സംരംഭങ്ങൾ തുടങ്ങാൻ, തുടരാൻ, മന്ത്രിക്കാൻ, അനുഗ്രഹംകിട്ടാൻ... എല്ലാവരെയും തങ്ങൾ ആശ്വസിപ്പിച്ചു. കേരളത്തിലെയും ദക്ഷിണ കർണാടകയിലെയും ജനങ്ങൾക്ക് വലിയ ആശാകേന്ദ്രമായിമാറി കുറാ’’ (പേജ് 24).
“എന്റെ മൂന്നാമത്തെ മകൻ മുഹമ്മദ് അബൂബക്കറാണ്. അവൻ ഗർഭത്തിൽ ഇരിക്കുമ്പോൾ സ്‌കാനിങ്ങ് ചെയ്ത ഡോക്ടർമാർ പറഞ്ഞു; കാലിനൊരു വളവുണ്ട്. അംഗവൈകല്യമായി മാറാനിടയുണ്ട്. ആകെ ബേജാറായിപ്പോയി. ഞാൻ നേരെ തങ്ങളെ കാണാൻ ചെന്നു. തങ്ങൾ പറഞ്ഞു: ആരു പറഞ്ഞു നിങ്ങളോടത് എത്തിനോക്കാൻ? ഇനിയൊരു സ്‌കാനിങ്ങിനും പോകണ്ട. അങ്ങനെയൊരു പ്രശ്‌നവുമില്ല. റബ്ബ് തരുന്നതിനെ തൃപ്തിയോടെ സ്വീകരിക്കുക. പ്രസവിച്ചപ്പോൾ സമാധാനം. അൽഹംദുലില്ലാഹ്! ഒരു കുഴപ്പവുമില്ല. ഇങ്ങനെ ഫലമുള്ള നാവിനാൽ മനുഷ്യരെ താങ്ങിനിർത്തുകയായിരുന്നു തങ്ങളുപ്പാപ്പ’’ (പേജ് 29).
സ്‌കാൻ ചെയ്തപ്പോൾ കാലിന് വളവുള്ളതായി ഡോക്ടർ കണ്ടെത്തുന്നു. കുറ തങ്ങൾ അങ്ങനെയൊന്നില്ല എന്നു പറയുന്നതോടെ ആ വളവ് നീരുന്നു. ഈ അത്ഭുത കറാമത്ത് കേട്ടാൽ പാമരജനങ്ങൾ തങ്ങളുടെ ആവശ്യപൂർത്തീകരണത്തിനായി അങ്ങോട്ട് ഓടിച്ചെല്ലുമല്ലോ! അങ്ങനെയാരു വളവ് കുഞ്ഞിന്റെ കാലിനുണ്ടെങ്കിൽ സർവശക്തനായ അല്ലാഹുവേ അത് നീ ശരിയാക്കിത്തരേണമേ എന്നു പ്രാർഥിക്കുകയാണ് വിശ്വാസികൾ ചെയ്യുക. എന്നാൽ, അങ്ങനെ ചെയ്താൽ ഫലം കിട്ടില്ല എന്നാണല്ലോ അവർ പഠിപ്പിക്കപ്പെടുന്നത്!
ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായവരുടെ പേരിൽ ഇങ്ങനെ ഓരോ ഇല്ലാകഥകൾ പ്രചരിപ്പിച്ച് ആത്മീയ വാണിഭം നടത്തുന്നവരാണിവർ. ഇനി നേർച്ചയും ഉറൂസും ആണ്ടും ദിക്ർ-ദുആ സദസ്സുകളും പൊടിപൊടിക്കും. ചിലരൊക്കെ പറഞ്ഞുപരത്തിയ അമ്പരപ്പിക്കുന്ന കറാമത്ത് കഥകളുടെ പേരിൽ നാവിറങ്ങിപ്പോയ അവസ്ഥയിലാണ് നേതാക്കൾ. ഈ സാഹചര്യത്തിൽ കുറാ കറാമത്തുകൾക്ക് പൂട്ടിടുമോ ആവോ!
ധാരാളം മുഅ്ജിസത്തുകൾ നൽകപ്പെട്ട നബിﷺയുടെ വിയോഗാനന്തരം അതിൽനിന്ന് ഏതെങ്കിലുമൊന്ന് എടുത്തുകാട്ടി സ്വഹാബികൾ ആരും ഈ പണി ചെയ്തിട്ടില്ല! അനേകം കറാമത്തുകൾ കൊണ്ട് അവരിൽ പലരും അനുഗ്രഹിക്കപ്പെട്ടിട്ടും അവരിൽനിന്ന് ഇങ്ങനെയൊന്ന് കാണുന്നുമില്ല. ഇസ്‌ലാമും പൗരോഹിത്യവും തമ്മിലുള്ള വേർതിരിവാണിവിടെ വ്യക്തമാകുന്നത്.
അഹ്‌ലുസ്സുന്നയുടെ ആശയപ്രചാരണത്തിന് വിലങ്ങുതടിയായി നിൽക്കുകയും വിശ്വാസികളെ ശിർക്ക്-ബിദ്അത്തുകളിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നവരോട് സത്യസന്ധയുള്ളവർക്ക് രാജിയാകാൻ കഴിയില്ല.
അല്ലാഹു പറയുന്നു: “പറയുക: തീർച്ചയായും എന്റെ രക്ഷിതാവ് എന്നെ നേരായ പാതയിലേക്ക് നയിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതത്തിലേക്ക്. നേർമാർഗത്തിൽ നിലകൊണ്ട ഇബ്‌റാഹീമിന്റെ ആദർശത്തിലേക്ക്. അദ്ദേഹം ബഹുദൈവവാദികളിൽ പെട്ടവനായിരുന്നില്ല’’(6:161).

