എൻ എസ് എസ് സഹവാസക്യാമ്പിലെ ‘സമദർശൻ’ ഒരു നവലിബറൽ ചതിക്കുഴി

മുജീബ് ഒട്ടുമ്മൽ

2024 ജനുവരി 13, 1445 റജബ് 01

സമൂഹത്തിന് ഉപകാരപ്പെടുന്ന ഭാവി വാഗ്ദാനങ്ങളെ സൃഷ്ടിക്കാനുദ്ദേശിച്ചുള്ള ക്യാമ്പുകൾ ലിംഗശങ്കയുള്ള കുട്ടികളെ പടച്ചുവിടുന്നത് ഗൗരവകരമാണ്. പതിറ്റാണ്ടുകൾക്ക് മുമ്പേ ശാസ്ത്രലോകം തള്ളിക്കളഞ്ഞ കാര്യങ്ങൾപോലും ഉൾപെടുത്തിയുള്ള മൊഡ്യൂളുകൾ യാഥാർഥ്യത്തോടും ശാസ്ത്രത്തോടുമുള്ള വെല്ലുവിളിയായേ മനസ്സിലാക്കാൻ പറ്റൂ.

സേവനത്തിലൂടെ വിദ്യാഭ്യാസം’ എന്ന, മഹാത്മാ ഗാന്ധിയുടെ ആശയത്തിൽനിന്ന് പ്രചോദനം ഉൾകൊണ്ടാണ് 1969ൽ ‘നാഷണൽ സർവീസ് സ്‌കീം’ ആരംഭിച്ചത്. സന്നദ്ധ സാമൂഹിക സേവനത്തിലൂടെ വിദ്യാർഥി യുവതയുടെ വ്യക്തിത്വവും സ്വഭാവവും വികസിപ്പിക്കുകയെന്നതാണ് ഇതിന്റ പ്രാഥമിക ലക്ഷ്യം. സമൂഹത്തിന്റ ആവശ്യങ്ങളും പ്രശ്‌നങ്ങളും തിരിച്ചറിഞ്ഞ് പരിഹാര പ്രവർത്തനങ്ങൾക്ക് പ്രാപ്തമാക്കുക, സാമൂഹികവും വ്യക്തിപരവുമായ ഉത്തരവാദിത്തബോധം വളർത്തിയെടുക്കുക, പ്രായോഗിക പരിഹാരങ്ങൾക്കായി അറിവ് ഉപയോഗപ്പെടുത്തുക, നേതൃത്വ ഗുണങ്ങളും ജനാധിപത്യ മൂല്യങ്ങളും നേടിയെടുക്കുക, അടിയന്തിര സാഹചര്യങ്ങളെയും പ്രകൃതി ദുരന്തങ്ങളെയും നേരിടാനുള്ള കഴിവ് പോഷിപ്പിക്കുക, ദേശീയോദ്ഗ്രഥനവും സാമൂഹിക സൗഹാർദവും വളർത്തിയെടുക്കുക എന്നതും എൻഎസ് എസിെന്റ ലക്ഷ്യങ്ങളാണ്.

Not me But you (ഞാനല്ല, നിങ്ങളാണ്) എന്നതാണ് അതിന്റ മുദ്രാവാക്യം. ഒരു എൻഎസ്എസ് വളണ്ടിയർ; പ്രഗത്ഭനായ ഒരു സാമൂഹിക നേതാവ്, കാര്യക്ഷമതയുള്ള ഒരു ഭരണാധികാരി, അപരനെ മനസ്സിലാക്കാൻ കഴിയുന്ന ഒരു വ്യക്തി എന്ന രീതിയിൽ ആയിത്തീരും എന്നാണ് ഇത് വിഭാവന ചെയ്തവർ പ്രതീക്ഷിക്കുന്നത്. എൻഎസ്എസിെന്റ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ് സപ്തദിന സഹവാസ ക്യാമ്പ്. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യം, സംസ്‌കാരത്തിന്റ ചരിത്രം, രാജ്യത്തെ കുറിച്ചുള്ള അറിവിലൂടെ ദേശീയബോധം, സാമൂഹിക സേവനവും രാഷ്ട്ര നിർമാണ പ്രവർത്തനങ്ങളും എന്നിവയാണ് ഈ ക്യാമ്പിൽ വ്യത്യസ്ത സെഷനുകളിലായി വിദ്യാർഥികൾക്ക് പകർന്നു നൽകുന്നത്. പാലിയേറ്റീവ് പരിചരണം, ജലക്ഷാമം നേരിടുന്ന ഇടങ്ങളിൽ കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കുക, തെരുവിൽ കഴിയുന്ന മനുഷ്യർക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുക, നശിച്ചുകൊണ്ടിരിക്കുന്ന ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കുക, പരിസര ശുചീകരണം, കൃഷി, റോഡ് നിയമ ബോധവൽകരണം, അപകട നിവാരണ പദ്ധതികൾ, ഉദ്യാന നിർമാണം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടങ്ങി ഒട്ടേറെ ഉപകാരപ്രദമായ പ്രവർത്തനങ്ങൾകൊണ്ട് എൻഎസ്എസ് വിദ്യാർഥികൾ അത്ഭുതപ്പെടുത്താറുണ്ട്. എൻഎസ്എസ് ഗീതത്തിലെ അർഥവത്തായ വരികൾ പ്രധാനമായും സത്യം, ധർമം, സൗഹൃദം, സാഹോദര്യം, സേവനം തുടങ്ങിയ സദ്ഗുണങ്ങളെയാണ് പ്രകാശിപ്പിക്കുന്നത്.

‘സമദർശൻ’ എന്ന ചതിക്കുഴി

എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിലെ ഒരു പ്രത്യേക സെഷനാണ് സമദർശൻ. മേൽ സൂചിപ്പിച്ച എല്ലാ ക്രിയാത്മകമായ ചിന്തകൾക്കും പ്രായോഗികമായ പ്രവർത്തനങ്ങക്കും ഭിന്നമായി വികലമായ ജെൻഡർ നിഷ്പക്ഷ ആശയമാണ് സമദർശൻ മുന്നോട്ടുവയ്ക്കുന്നത്. ലിംഗസമത്വമാണ് ഇതിന്റെ പൊരുളായി പരിചയപ്പെടുത്തുന്നത്. ലിംഗനീതിയാണ് വേണ്ടതെന്ന സാമാന്യബോധം നൽകാൻ ചില അധ്യാപകരെങ്കിലും ശ്രമിക്കാറുണ്ട്. എന്നാൽ അധികവും ലിംഗത്വപരമായ വിഷയങ്ങളെ യാതൊരു സാമൂഹികബോധമോ ധാർമിക, സദാചാര ചിന്തകളോ സ്വാധീനിക്കാത്തവിധം അബദ്ധജഡിലമായ ആശയങ്ങളാണ് വിദ്യാർഥികൾക്ക് കൈമാറാറുള്ളത്. നവ ലിബറൽ ആശയങ്ങളുടെ സ്വാധീനമുള്ള അധ്യാപകരാണെങ്കിൽ കൗമാര ചാപല്യങ്ങളെ ചൂഷണം ചെയ്ത് അത്തരം വികാരങ്ങളിൽ കുട്ടികളെ തളച്ചിടുകയാണ് പതിവ്. അത്തരം സമദർശൻ ക്ലാസ്സിനുശേഷം വിദ്യാർഥികളുടെ സമീപനങ്ങളിലും പെരുമാറ്റങ്ങളിലും ലജ്ജയെന്ന സദ്ഗുണത്തെ പറിച്ചെറിഞ്ഞതായി ബോധ്യപ്പെടും. ആൺ-പെൺ ദ്വന്ദം അംഗീകരിച്ചുകൊണ്ടുള്ള പരസ്പര ബഹുമാനവും എടുത്തെറിയപ്പെട്ടിരിക്കും. സ്ഥലകാലബോധം നഷ്ടപ്പെട്ടവരെപോലെ അധ്യാപകരുടെ പോലും സാന്നിധ്യത്തിലുള്ള ഇടപഴകലുകൾ നിയന്ത്രണഭേദ്യമായിരിക്കും. ഇരിപ്പിടങ്ങളിലും പ്രവർത്തനങ്ങളിലും ഇടകലർന്നിരിക്കും. പ്രോഗ്രാം ഓഫീസറുടെ താൽപര്യങ്ങൾക്കനുസരിച്ച് സമീപനങ്ങളിൽ വ്യത്യാസങ്ങളുണ്ടാകുമെന്ന് മാത്രം. അതിനുവേണ്ടി തയ്യാറാക്കിയ മൊഡ്യൂളുകൾ അത്തരം ആശയങ്ങൾ നിറഞ്ഞതായിരിക്കും.

വിദ്യാഭ്യാസം അതിന്റ ഉപകരണങ്ങളായ പാഠ്യപദ്ധതി, ബോധനരീതികൾ, പരീക്ഷാസമ്പ്രദായം എന്നിവയിലൂടെയും; അധ്യാപകർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങൾ, ചിട്ടകൾ, അനുഷ്ഠാനവത്കരിക്കപ്പെട്ട കീഴ്‌വഴക്കങ്ങൾ എന്നിവയിലൂടെ അധികാരം കൈയാളുന്ന വിഭാഗത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഉപകരണങ്ങളാകുന്നതുപോലെ സമദർശനും അതിനുവേണ്ടി ദുരുപയോഗപ്പെടുത്തുന്നുണ്ട്. സമദർശനിലെ പുതിയ മൊഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ജെൻഡർ ആക്ടിവിസമാണെന്ന് പറയാതിരിക്കാനാകില്ല. പുതിയ പഠനങ്ങളെയും ശാസ്ത്രീയ കണ്ടെത്തലുകളെയും ധാർമിക സദാചാരബോധത്തെയും സാമൂഹിക നൈതികതയെയും ചരിത്രത്തെയും പൈതൃകത്തെയും ചവിട്ടിമെതിച്ചുകൊണ്ടാണ് മൊഡ്യൂളിൽ ആശയങ്ങൾ തിരുകിക്കയറ്റിയിരിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ പുതിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ജെൻഡർ പൊളിറ്റിക്‌സ് ശക്തമായ പ്രതിഷേധത്തിനൊടുവിൽ ജനകീയ ചർച്ചക്ക് വിധേയമാക്കപ്പെടുകയുണ്ടായി. ലോകത്ത് നടന്ന വിവിധ പഠനങ്ങളുടെയും ശാസ്ത്രീയ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ ശക്തമായ വൈജ്ഞാനിക പ്രതിരോധം തീർത്തപ്പോൾ അതിനു മുന്നിൽ ന്യായീകരിക്കുന്നവർക്ക് പോംവഴികളുണ്ടായിരുന്നില്ല. പടിഞ്ഞാറൻ നാടുകളിലെ സാംസ്‌കാരികച്യുതിയും കുടുംബപരവും സാമൂഹികവുമായ ജീവിതത്തിൽ ജെൻഡർ രാഷ്ട്രീയം വരുത്തിവച്ച വിനയും തെളിവുസഹിതം സമർഥിക്കപ്പെട്ടപ്പോൾ വിവരക്കേടിന്റ വാചാടോപങ്ങളിൽ അത്തരം ആളുകൾ അഭയം പ്രാപിക്കുകയായിരുന്നു. പിന്നീട് അധികാരത്തിന്റെയും ശക്തിയുടെയും ഭാഷയിൽ ഭീഷണിയുടെ ശബ്ദമായി ചിലയിടങ്ങളിൽ അലയടിച്ചു. ചാനൽ ചർച്ചകളിൽ കൂടുതൽ സമയവും ജെൻഡർ ആക്ടിവിസ്റ്റുകൾ കവർന്നെടുത്തും അവതാരകർ നിരുപാധിക പക്ഷം ചേർന്നും സത്യത്തെ തകർത്തെറിയാനുള്ള ശ്രമങ്ങളാണ് നടന്നത്.

പാഠ്യപദ്ധതിലെ ജെൻഡർ ന്യൂട്രാലിറ്റി, ജെൻഡർ സ്‌പെക്ട്രം, ജെൻഡർ ഈക്വാലിറ്റി പോലെയുള്ള പദങ്ങൾ അർഥമാക്കുന്നത് ഉദാരലൈംഗികതയിലേക്ക് കുട്ടികളെ നയിക്കലാണെന്ന് ബോധ്യപ്പെടുത്തിയപ്പോൾ ആ പദങ്ങൾ മാത്രം എടുത്തുമാറ്റുകയും ആശയങ്ങളെ അതേപോലെ നിലനിർത്തുകയും ചെയ്താണ് പാഠ്യപദ്ധതി പരിഷ്‌ക്കരിച്ചിറക്കിയത്. ജെൻഡർ പൊളിറ്റിക്‌സിൽനിന്ന് ഒരിക്കലും പിൻമാറ്റമില്ലെന്ന് സർക്കാർ വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കാൻ സമദർശന്റെ പുതിയ മൊഡ്യൂൾ പരിശോധിച്ചാൽ ബോധ്യമാകും.

സമദർശനിലെ അപകടങ്ങൾ

ഈ വർഷം നടന്ന എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിലെ സമദർശൻ സെഷനിൽ അവതരിപ്പിക്കാൻ തയ്യാറാക്കിയ മൊഡ്യൂൾ വിദ്യാർഥികൾക്ക് പകർന്നുനൽകുമ്പോൾ രണ്ടു കാര്യങ്ങളാണ് ലക്ഷ്യമാക്കിയിട്ടുള്ളതെന്നത് ഉറപ്പാണ്. അതിൽ ഒന്ന് സ്വവർഗരതിയെ സ്വാഭാവികവത്ക്കരിക്കുക എന്നതാണ്. 2018വരെ ഇന്ത്യൻ ഭരണഘടനയിൽ സ്വവർഗരതി ക്രിമിനൽ കുറ്റമായിരുന്നു.

ആയിരത്തി അഞ്ഞൂറോളം മൃഗജാതികളിൽ സ്വവർഗാനുരാഗം നിലനിൽക്കുന്നുണ്ടെന്നും അതിനാൽ അത് പ്രകൃതിപരമാണെന്നും അനുവദിക്കേണ്ടതാണെന്നും വാദിച്ചുകൊണ്ടുള്ള ജെൻഡർ പൊളിറ്റിക്‌സിന് വഴങ്ങി 377ാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സുപ്രീംകോടതി സ്വവർഗാനുരാഗികൾക്ക് അനുകൂലമായി വിധിക്കുകയായിരുന്നു. എന്നാൽ പ്രസവിച്ചയുടനെ കുഞ്ഞുങ്ങളെ ഭക്ഷിക്കുന്ന ചിലതരം ജീവികളുടെ പ്രവർത്തനങ്ങൾ കണ്ട് നരഭോജനം പ്രകൃതിപരമെന്ന് വാദിച്ചാലുണ്ടാകുന്ന ഭവിഷത്തുകൾ നമുക്കറിയാവുന്നതാണ്. ഓരോ ജീവിക്കും അതിന്റെതായ രീതിയും പ്രകൃതിയും സ്വാഭാവികമാണ്. എന്നാൽ മറ്റു ജീവജാലങ്ങളിലെ പ്രവർത്തനങ്ങൾ മനുഷ്യർക്കും അനുകരിക്കാമെന്ന അസംബന്ധം പുരോഗമന ചിന്തകൾകൊണ്ട് മത്തുപിടിച്ചവർ അനുഭവിക്കുന്ന ഒരു വികാരമാണ്. എന്നാലും സ്വവർഗാനുരാഗികൾക്കു വേണ്ടിയും അവരുടെ അവകാശങ്ങൾക്കു വേണ്ടിയും സംസാരിച്ചിരുന്ന സിമോൺ ലിവായ് അതിനെ നിരാകരിക്കുന്നുമുണ്ട്. അദ്ദേഹം എഴുതുന്നത് ‘സ്വവർഗലൈംഗികാഭിനിവേശം മൃഗങ്ങളിൽ തീരെ കാണപ്പെടുന്നില്ലെന്നതാണ് വാസ്തവം’ എന്നാണ്. സ്വവർഗാനുരാഗവും രതിയും ലോകത്ത് ഉണ്ടാക്കിയ മഹാവിപത്തുകൾ ഭീകരമാണ്. സ്വവർഗാനുരാഗികൾ മാരകമായ രോഗങ്ങൾക്ക് വിധേയമാകുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. അമേരിക്കയിലെ സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോളിന്റെ 2015ലെ കണക്കുകളനുസരിച്ച് അമേരിക്കയിലുള്ള പന്ത്രണ്ട് ലക്ഷം എയ്ഡ്‌സ് രോഗികളിൽ അമ്പത്തിയഞ്ച് ശതമാനവും സ്വവർഗാനുരാഗികളാണ്. 63 ശതമാനം പുരുഷൻമാർക്കും എയ്ഡ്‌സ് രോഗമുണ്ടായിട്ടുള്ളത് സ്വവർഗരതിയിലൂടെയാണന്നാണ് കണക്ക്. 2014ലെ കണക്കുകൾ പ്രകാരം 83 ശതമാനം സിഫിലിസ് രോഗികളും സ്വവർഗരതിക്കാരാണ്. ഗൊണോറിയ, ക്‌ളമിഡിയ, ഹ്യൂമൺ പാപ്പിലോമോ വൈറസ് എന്നിവയും ഇത്തരം ആളുകളിലാണ് ധാരാളമായി കാണപ്പെടുന്നത്. സ്വവർഗാനുരാഗികൾക്ക് ഗുദത്തിലും വൻകുടലിലും ക്യാൻസർ പോലെയുള്ള മാരകമായ രോഗങ്ങൾ ഉണ്ടാവാനുള്ള കാരണം പ്രകൃതിവിരുദ്ധ ലൈംഗികാഭാസങ്ങളാണ്.

സ്വവർഗരതിയെ സ്വാഭാവിക രതിയായി സ്വീകരിച്ചിരുന്ന ഒരു ജനതയുടെ ചരിത്രം വിശുദ്ധ ക്വുർആൻ വിവരിച്ചുതരുന്നുണ്ട്. അങ്ങനെയുള്ള സമൂഹത്തെ ദൈവം ഭയാനകമായ ശിക്ഷയിറക്കി നശിപ്പിച്ചു കളഞ്ഞതായാണ് ചരിത്രം. ഭൂമിയെ കീഴ്‌മേൽ മറിച്ചും ഗന്ധകമഴ വർഷിച്ചും ആ നാടിനെത്തന്നെ അല്ലാഹു നശിപ്പിച്ചതായി ക്വുർആൻ പറയുന്നുണ്ട്. ഒരു ജീവിക്കും ജീവിക്കാനാകാത്ത, ജോർഡാനിലും ഫലസ്തീനിലുമായി പരന്നുകിടക്കുന്ന ചാവുകടൽ സ്വവർഗാനുരാഗികൾക്കുള്ള ഭയാനകമായ ശിക്ഷയിറങ്ങിയതിന്റ അവശേഷിപ്പാണ്. അല്ലാഹു പറയുന്നു: “നാം അവരുടെമേൽ ഒരുതരം മഴ വർഷിപ്പിക്കുകയും ചെയ്തു. അപ്പോൾ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക’’ (ക്വുർആൻ 7:84).

ഇത്രയും വലിയ വിപത്തുകളിലേക്ക് മാനവരാശിയെ നയിക്കുന്ന വലിയ തിന്മയെ സ്വാഭാവികവൽകരിക്കുകയും അത് വിദ്യാർഥികളിൽ അടിച്ചേൽപിക്കുകയും ചെയ്യുന്ന അധികാരി ദാർഷ്ട്യത്തെ ചെറുക്കാൻ മനുഷ്യത്വത്തെ പരിഗണിക്കുന്ന ഓരോ വ്യക്തിയും തയ്യാറാകണം. ധൈഷണികവും വൈജ്ഞാനികവുമായി ചെറുക്കുന്നതോടൊപ്പം ജെൻഡർ രാഷ്ട്രീയത്തിന്റെ ബ്ലാക് മെയിലിന് വിധേയമായി അവർക്ക് ഓശാനപാടുന്ന രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും അധികാരി വർഗത്തെയും തിരിച്ചറിയാനും അവരെ തിരുത്താനും പ്രതിരോധിക്കാനും മനുഷ്യരെന്ന നിലയിൽ ചേർന്നുനിൽക്കണം’

സമദർശൻ മൊഡ്യൂളിലെ പാഠങ്ങളിൽ ദർശിക്കാവുന്ന രണ്ടാമത്തെ ലക്ഷ്യം ആൺ-പെൺ ദ്വന്ദത്തെ നിരാകരിക്കുന്ന, ലിംഗസ്വത്വത്തിൽ ആശയക്കുഴപ്പമുണ്ടാകുന്ന ഒരു സമൂഹത്തെ വാർത്തെടുക്കലാണ്. ലൈംഗിക ആകർഷണമെങ്ങനെയെന്ന് വിവരിക്കുന്ന ഭാഗങ്ങളിൽ ജെൻഡർ തിയറിയാണ് കുട്ടികളെ പഠിപ്പിക്കുന്നത്. പുരുഷൻ-സ്ത്രീ എന്നീ സ്വത്വങ്ങൾ കേവലം ലൈംഗികാവയവങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ തീരുമാനിക്കപ്പെടേണ്ടതല്ലെന്നും ഓരോർത്തർക്കും തങ്ങൾ എന്തായാണോ തോന്നുന്നത് അതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഓരോ രംഗത്തുമുള്ള അവരുടെ സ്വത്വം നിർണയിക്കേണ്ടത് എന്നുമാണ് ഇതിന്റെ പ്രധാന ആശയം. ഒരാളുടെ ലിംഗം, ലിംഗത്വം, ലൈംഗികാവിഷ്‌കാരം, ലൈംഗികാഭിമുഖ്യം എന്നിവയൊന്നുംതന്നെ ഏതെങ്കിലും ഒരു അറക്കുള്ളിലാണെന്ന് കൃത്യമായി നിശ്ചയിക്കാൻ കഴിയില്ലെന്നും അവയിലെല്ലാമുള്ള വർണരാജികളെ അംഗീകരിച്ചാൽ മാത്രമെ ലൈംഗികാവകാശങ്ങൾ സംരക്ഷിക്കാൻ കഴിയൂവെന്നുമാണ് ഇവർ അവകാശപ്പെടുന്നത്. അതനുസരിച്ച് വ്യത്യസ്ത തരം ലൈംഗികാഭിമുഖ്യമുണ്ടാവുമെന്നും അവർ അവകാശപ്പെടുന്നു. ഇത്തരം നിരർഥകമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെ വലിയ അപകടമാണ് സമൂഹത്തെ ബാധിക്കുക.

തങ്ങൾ ആണാണോ പെണ്ണാണോ എന്ന് സംശയിക്കുന്ന ഒരു തലമുറ വളർന്നുവരും. ഓരോർത്തർക്കും തോന്നുന്ന വിധം രതിയിലേർപ്പെടാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ശബ്ദമുയരും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ക്രൂരവും നിരന്തരവുമായ ലൈംഗിക ആക്രമണങ്ങൾ വർധിക്കും. കാരണം, ശിശുരതി ജെൻഡർ സ്‌പെക്ട്രത്തിലെ ഒരിനമാണ്. നോർത്ത് അമേരിക്കയിൽ ബാലൻമാരുമായുള്ള ലൈംഗിക ബന്ധത്തിനുവേണ്ടി പരസ്യമായി വാദിക്കുന്നവരുണ്ടത്രെ! ‘നോർത്ത് അമേരിക്കൻ മാൻ-ബോയ് ലവ് അസോസിയേഷൻ’ എന്നാണത്രെ അവരുടെ കൂട്ടായ്മയുടെ പേര്. വ്യത്യസ്തങ്ങളായ ലൈംഗിക പ്രശ്‌നങ്ങളാൽ ജീവിതം മടുത്ത് ആത്മഹത്യയിൽ അഭയം തേടുന്ന കൗമാരക്കാർ മുതൽ വൃദ്ധർവരെയുള്ളവരുടെ എണ്ണം വർധിക്കും. പ്രശ്‌ന കാലുഷ്യങ്ങളിൽനിന്നുള്ള മോചനം തേടി മയക്കുമരുന്നുകളിൽ അഭയം തേടുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകും. മനഃസംഘർഷം ഒരു സാംക്രമിക രോഗം പോലെ പടർന്നുപിടിക്കുന്ന സാമൂഹികാന്തരീക്ഷം രൂപപ്പെടും. ലിംഗമാറ്റത്തിനായി ക്യൂ നിൽക്കുന്ന കൗമാരക്കാർ സമൂഹത്തിന്റ വേദനയാകും. ജനിച്ച ലിംഗത്തിലേക്കുതന്നെ തിരിച്ചുപോകാനായി ലിംഗമാറ്റം നടത്തിയ യുവാക്കളെക്കൊണ്ട് ആശുപത്രികൾ പൊറുതിമുട്ടും, ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ വേദനകൾ കടിച്ചമർത്തി ജീവിതം നയിക്കേണ്ട ഗതികേടിലേക്ക് യുവാക്കൾ എടുത്തെറിയപ്പെടും. ലൈംഗികാതിക്രമങ്ങളാൽ മൃഗങ്ങൾക്കുപോലും രക്ഷയില്ലാതെ ജീവിതം വീർപ്പുമുട്ടും. ഇങ്ങനെ വലിയ തോതിൽ സാമൂഹികവും കുടുംബപരവും വ്യക്തിപരവുമായി ജീവിതം അസഹനീയമാകുമെന്നതാണ് ഇതിന്റ ഫലം. എൻഎസ്എസ് സഹവാസ ക്യാമ്പിലെ മികവുറ്റ നമ്മുടെ വിദ്യാർഥികളുടെ മനസ്സുകളിലേക്ക് ഈ ജീർണതയെ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതിനെ നിസ്സംഗതയോടെ നോക്കിനിൽക്കണോ എന്ന് രക്ഷിതാക്കളും സമൂഹവും ആലോചിക്കേണ്ടിയിരിക്കുന്നു.

ശാസ്ത്രത്തെയും പരിഹസിക്കുന്നു!

സമദർശൻ മൊഡ്യൂളിലെ മാനവിക വിരുദ്ധമായ ജെൻഡർ പൊളിറ്റിക്‌സിനെ ന്യായീകരിക്കാൻ ശാസ്ത്ര സ്ഖലിതങ്ങളെയും കൂട്ടുപിടിക്കുന്നതായി കാണാം. വിദ്യാർഥികളിൽ ഗവേഷണപാടവം വളർത്താനും വൈജ്ഞാനിക മേഖല വിപുലപ്പെടുത്താനും സാധിക്കുന്ന പ്രായോഗിക പദ്ധതികൾ അവതരിപ്പിക്കുന്നതിനു പകരം അസംബന്ധങ്ങളെ ന്യായീകരിക്കാനുള്ള ശ്രമമാണ് കാണുന്നത്. 1993ൽ സ്വവർഗാനുരാഗിയായ ഡോ. ഡീൻ എച്ച് ഹാമറും നാല് സഹപ്രവർത്തകരും ചേർന്ന് തയ്യാറാക്കി സയൻസ് മാഗസിനിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ ഇറ്റലിയിലെ 114 സ്വവർഗ പ്രണയികളുടെ കുടുംബങ്ങളെ പഠനവിധേയമാക്കി സ്വവർഗലൈംഗികതയ്ക്ക് ജനിതകാടിത്തറയുണ്ടെന്ന് വാദിക്കുന്നുണ്ട്. സമദർശൻ മൊഡ്യൂളിൽ ശാസ്ത്ര പിൻബലമെന്ന നിലയിൽ കാര്യമായി എടുത്തുകൊടുത്ത ഒരു നിഗമനമാണ് ഇത്. ഇതോടെ ‘ഗേ ജീനി’നെ കണ്ടെത്തിയെന്ന പ്രചാരണം വ്യാപകമായി. ഇത് വസ്തുതാപരമല്ലെന്ന് സ്ഥാപിച്ചുകൊണ്ട് ഇതേ സയൻസ് മാഗസിനിൽ തന്നെ ആറു വർഷങ്ങൾക്കുശേഷം മറ്റൊരു പ്രബന്ധവും പ്രസിദ്ധീകരിച്ചിരിന്നു. വെസ്റ്റേൺ ഒന്റാറിയോ സർവകലാശാലയിലെ ജോർജ് റൈസും മൂന്ന് സഹപ്രവർത്തകരും കൂടി തയ്യാറാക്കിയ പ്രസ്തുത പഠന റിപ്പോർട്ട് മേൽ വാദത്തെ ശക്തമായി നിരാകരിക്കുന്നതാണ്. ശാസ്ത്രീയമായ അബദ്ധമാണ് ഗേ ജീൻ പരാമർശമെന്നത് ബോധ്യമായിട്ടും ഈ വാദം എടുത്തുയർത്തി എൽജിബിടി ആക്ടിവിസ്റ്റുകൾ നിലനിൽപ് തേടുകയാണ്. ഇത്തരം ഭീമാബദ്ധങ്ങളെ വളർന്നുവരുന്ന വിദ്യാർഥികളുടെ ഗവേഷണബുദ്ധിയിൽ വളർത്തിയെടുക്കാൻ ശ്രമിക്കുന്ന വിദ്യാഭ്യാസ ബോർഡ് വലിയ അപരാധമാണ് ചെയ്യുന്നതെന്നത് പറയാതിരിക്കാനാവില്ല.

അമേരിക്കൻ സൈക്യാട്രിസ്റ്റ്‌സ് അസോസ്സിയേഷൻ മാനസിക വ്യതിയാനങ്ങളെയും മനോരോഗങ്ങളെയും കുറിച്ച് അപഗ്രഥിക്കുന്ന ഡിഎസ്എം രേഖയിലെ മനോവൈകല്യങ്ങളുടെ പട്ടികയിൽനിന്ന് സ്വവർഗാനുരാഗം നീക്കം ചെയ്തത് മനോരോഗമല്ലാത്തതുകൊണ്ടാണ് എന്നാണ് മറ്റൊരു വാദമായി പറയുന്നത്. എന്നാൽ 1952ൽ പുറത്തിറങ്ങിയ ഡിഎസ്എം ഒന്നാം പതിപ്പിലും 1968ലെ രണ്ടാം പതിപ്പിലും പ്രസിദ്ധീകരിച്ച 182 മനോവൈകല്യങ്ങളിൽ ഒന്നായിരുന്നു സ്വവർഗലൈംഗികത. 1970 മുതൽ ഡിഎസ് എം പട്ടികയിൽനിന്ന് അത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് സ്വവർഗാനുരാഗികൾ പ്രക്ഷോഭം തുടങ്ങി.

ശക്തമായ പ്രക്ഷോഭങ്ങൾക്കും പ്രലോഭനങ്ങൾക്കും ശേഷം പ്രഗത്ഭരായ മനഃശാസ്ത്രജ്ഞരുടെയും മാനസികാപഗ്രഥന വിദഗ്ധരുടെയും എതിർപ്പുകളെ അവഗണിച്ചുകൊണ്ട് അമേരിക്കൻ സൈക്യാട്രിസ്റ്റ്‌സ് അസോസിയേഷൻ സ്വവർഗാനുരാഗം മനോവൈകല്യമല്ലെന്ന തീരുമാനത്തിലെത്തുകയാണ് ചെയ്തത്. പതിനായിരം അംഗങ്ങളുള്ള ബോർഡ് ഓഫ് ട്രസ്റ്റിലെ അംഗങ്ങൾക്കിടയിൽ ഇതേ കുറിച്ചുള്ള അഭിപ്രായമാരാഞ്ഞുകൊണ്ടുള്ള വോട്ടെടുപ്പിലൂടെയാണ് ഇത് തീരുമാനിച്ചത് എന്നത് എത്ര അപഹാസ്യമാണ്! ഇതിലെ 58 ശതമാനം അംഗങ്ങളും സ്വവർഗാനുരാഗത്തോട് അനുകൂലപ്പെടുന്നവരായിരുന്നുവത്രെ! ശാസ്ത്രജ്ഞർ പോലുമല്ലാത്ത ഇവർക്കിടയിലെ അഭിപ്രായമനുസരിച്ചാണ് ശാസ്ത്രീയ സത്യങ്ങളെ നിഷേധിച്ച് ഇങ്ങനെയൊരു തീരുമാനമെടുത്തതെങ്കിൽ എത്രമാത്രം അപഹാസ്യമാണിതെന്ന് മനസ്സിലാകും. ഇതാണ് നമ്മുടെ കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചുകൊണ്ട് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്.

ലിംഗത്തിന്റ അഗ്രചർമം പിന്നോട്ട് വലിയാത്തതിനാൽ ചികിൽസ തേടിയ ഡേവിഡ് റീമർ എന്ന കുട്ടിയുടെ ലിംഗത്തിന്റ സിംഹഭാഗവും മുറിഞ്ഞുപോയപ്പോൾ ഡോ. ജോൺ മണിയെ സന്ദർശിക്കുകയുണ്ടായി. കുട്ടിയെ പെണ്ണായി വളർത്താൻ അയാൾ നിർദേശിക്കുകയായിരുന്നു. എന്നാൽ കുട്ടി യുവാവായപ്പോൾ തന്റ അവസ്ഥ മനസ്സിലാക്കി പുരുഷനാകാൻ ശ്രമിച്ചു. അതിനു സാധിക്കാതെ വന്നപ്പോൾ പിന്നീട് അയാൾ ആത്മത്യയിൽ അഭയം തേടി. ഡേവിഡ് റീമറിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ജോൺമണിയുടെ അഭിപ്രായങ്ങളും ശാസ്ത്രവാക്യമായി ജെൻഡർ ആക്ടിവിസ്റ്റുകൾ കൊണ്ടുനടക്കുന്നുണ്ട്. എൻ എസ്എസ് വിദ്യാർഥികൾക്ക് നൽകുന്ന സമദർശൻ ക്ലാസ്സിലെ ശാസ്ത്രനിഷേധമാണിതെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നത്.

സാംസ്‌കാരികാധിനിവേശത്തിന്റ ചുവപ്പൻ ഇര

ഇടതുപക്ഷ സൈദ്ധാന്തികരുടെ ലേഖനങ്ങളും പ്രബന്ധങ്ങളും പ്രഭാഷണങ്ങളും എന്നും സാമ്രാജ്യത്വത്തോടുള്ള യുദ്ധപ്രഖ്യാപനമായിരുന്നു. സാമ്രാജ്യത്വം ഏതൊരു ശത്രുവിനെയും പ്രതിരോധിക്കുവാൻ പല തന്ത്രങ്ങളും പ്രയോഗിച്ചുവരുന്നുണ്ട്. ഭീകരവാദികളും തീവ്രവാദികളുമായി ചിത്രീകരിച്ച് ആയുധമായി അവരെ നേരിടുകയെന്നതാണ് ഒരു ശൈലി. ആശയപരമായി നേരിടാനും അവർ ശ്രമിക്കും, വ്യത്യസ്ത ഉൽപന്നങ്ങൾ കയറ്റുമതി ചെയ്തും അതിന് പ്രചാരണം നൽകിയും സാംസ്‌കാരികാധിനിവേശം നടത്തുകയെന്നത് അവരുടെ മറ്റൊരു ശൈലിയാണ്. യൂറോപ്പിലെ ക്രൈസ്തവ വിശ്വാസികളെ പോലും അതിന് ഇരകളാക്കിയിട്ടുണ്ട്. സ്വവർഗാനുരാഗികളെ ആശീർവദിക്കാൻ കത്തോലിക്കാ വൈദികർക്ക് മാർപാപ്പ അനുവാദം നൽകിയത് അതിന്റ ഒരു ഭാഗമാണ്. ഇത്തരം സാമ്രാജ്യത്വ സാംസ്‌കാരികാധിനിവേശത്തെ ശക്തമായി പ്രതിരോധിച്ചിരുന്നത് കമ്യൂണിസവും മാർക്‌സിസവുമായിരുന്നു. നവലിബറൽ സാമ്പത്തിക നയത്തിൽ അഗാധശയനത്തിന് വിധേയമായ മാർക്‌സിസം സാമ്രാജ്യത്വത്തിന് കീഴൊതുങ്ങിയതായാണ് കാണാനാകുന്നത്. കേരളത്തിലെ കമ്യൂണിസവും സർക്കാറും സാമ്രാജ്യത്വ സാംസ്‌കാരിക ഉച്ചിഷ്ടങ്ങൾ വാരിപ്പുണരാൻ വല്ലാതെ വെമ്പൽ കാണിക്കുന്നുവെന്നതിന് പുതിയ ഉദാഹരണമാണ് ഈ ജെൻഡർ രാഷ്ട്രീയവും. വിദ്യാഭ്യാസത്തിലൂടെ, വളർന്നുവരുന്ന തലമുറയെ അത്തരം മനോവൈകല്യത്തിലേക്കും ഉദാരലൈംഗികതയിലേക്കും സ്വവർഗാനുരാഗത്തിലേക്കും ജെൻഡർ രാഷ്ട്രീയത്തിലേക്കും തള്ളിയിടുന്നത് ഇങ്ങനെയൊരു സാംസ്‌കാരിക ഭ്രംശം സംഭവിച്ചതിന്റ ഭാഗമാണ്.

അമേരിക്കയുടെ സിങ്കർ തയ്യൽ മെഷീനും ടെലിവിഷനും ഇറക്കുമതി ചെയ്തതിലൂടെ സാംസ്‌കാരിക ലോകം മലിനമാകുമെന്ന് മറ്റാരെക്കാളും ഭയപ്പെട്ടവരായിരുന്നു ഇടതുപക്ഷം. കമ്പ്യൂട്ടറിനെതിരെ വിപ്ലവീര്യം പ്രകടിച്ചിപ്പോഴും തൊഴിലാളിവർഗത്തിന്റ സംരക്ഷണമാണ് ലക്ഷ്യമായി പറഞ്ഞിരുന്നതെങ്കിലും സാംസ്‌കാരികാധിനിവേശത്തെയും അവർ ഭയപ്പെട്ടിരുന്നുവെന്ന് മനസ്സിലാക്കാനാകും. പടിഞ്ഞാറൻ രാജ്യങ്ങൾ പുറംതള്ളിക്കൊണ്ടിരിക്കുന്ന ജെൻഡർ ആക്ടിവിസം പോലെയുള്ള സംസ്‌കാരമാലിന്യങ്ങളെ ചുവപ്പൻ രാഷ്ട്രീയം വാരിപ്പുണരാനുളള കാരണം ആഗോളവൽക്കരണത്തിന്റ പിടിമുറുക്കത്തിൽ അവർ പിടയുന്നുവെന്ന് തന്നെയാണ്. അല്ലെങ്കിലും 18ാം നൂറ്റാണ്ടിലെ പഴഞ്ചൻ തൊഴിലാളിവർഗ ശബ്ദം ഈ ആധുനിക കാലത്തും വിലപോകില്ല എന്ന തിരിച്ചറിവായിരിക്കാം സാംസ്‌കാരിക മാലിന്യങ്ങളിൽ മുങ്ങിത്താഴാനുള്ള കാരണം.

അമേരിക്കൻ ഇക്കണോമിസ്റ്റായ ഫ്രാൻസിസ് ഫുക്കുയാമ ത‌െന്റ പുസ്തകത്തിലൂടെ അവകാശപ്പെടുന്നത് പാശ്ചാത്യൻ ലിബറൽ ജനാധിപത്യം പ്രാപഞ്ചികമായിത്തീർന്നിരിക്കുന്നുവെന്നും മാനവരാശിയുടെ ദാർശനിക പരിണാമങ്ങളുടെ അവസാനമായിരിക്കുന്നുവെന്നുമാണ്. സോവിയറ്റ് യൂണിയൻ കഥാവശേഷമായതോടുകൂടി എതിർപ്പി‌െന്റ അവസാന സ്വരവും നിശ്ചലമായിരിക്കുന്നുവെന്നും സാമ്രാജ്യത്വത്തിന്റെ സ്വപ്നം പൂവണിഞ്ഞുവെന്നും പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം ആവേശഭരിതമാകുന്നുണ്ട്. കേരളത്തിലെ ഇടതുരാഷ്ട്രീയവും സാമ്രാജ്യത്വത്തിന്റെ ലിബറൽ ജനാധിപത്യത്തിൽ അലിഞ്ഞുചേർന്ന് ഇല്ലാതാ യിരിക്കുന്നുവെന്ന് ജെൻഡർ രാഷ്ട്രീയം തെളിയിച്ചുകൊണ്ടിരിക്കുന്നു.