രാജ്യത്തിന്റെ പ്രാണനും രാമന്റെ പ്രതിഷ്ഠയും
സുഫ്‌യാൻ അബ്‌ദുസ്സലാം
2024 ജനുവരി 27, 1445 റജബ് 15

1992 ഡിസംബർ 6നു തകർക്കപ്പെട്ട ബാബരി മസ്ജിദ് നിലനിന്നിരുന്ന മണ്ണിൽ പുതിയ രാമക്ഷേത്രം ഉയരുമ്പോൾ രാജ്യത്തെ മതനിരപേക്ഷ മനസ്സുകളിൽ വീണ്ടും ആശങ്കകൾ നിറയുകയാണ്. മതേതരരാജ്യമായ ഇന്ത്യയിൽ എല്ലാ മതവിഭാഗങ്ങൾക്കും ആരാധനാലയങ്ങൾ നിർമിക്കാനുള്ള അവകാശമുണ്ട്. ശ്രീരാമന്റെ പേരിൽതന്നെ എത്രയോ ക്ഷേത്രങ്ങൾ രാജ്യത്ത് നിർമിക്കപ്പെട്ടിട്ടുണ്ട്. മതനിരപേക്ഷത നൽകുന്ന സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയും ഭാഗമായി ഉയരുന്ന രാമക്ഷേത്രങ്ങളടക്കമുള്ള ആരാധനാലയങ്ങളെ ആരും എതിർക്കുന്നില്ലെന്ന് മാത്രമല്ല, ഭരണഘടന ഉയർത്തിപ്പിടിക്കുന്ന അത്തരം അവകാശങ്ങളെ കക്ഷിത്വത്തിന്നതീതമായി എല്ലാവരും സർവാത്മനാ സ്വാഗതം ചെയ്യുന്ന കാര്യമാണ്.
ഇപ്പോൾ തന്നെ രാജ്യത്ത് ഏഴര ലക്ഷത്തിലധികം ഹൈന്ദവ ക്ഷേത്രങ്ങൾ നിലവിലുണ്ട്. മുസ്‌ലിം പള്ളികളും ക്രൈസ്തവ ചർച്ചുകളും സിഖ് ഗുരുദ്വാരകളും ബുദ്ധ-ജൈന മഠങ്ങളും ധാരാളം നിലവിലുണ്ട്. കുറിതൊട്ട് ക്ഷേത്രാരാധനയുടെ മുഴുവൻ വണക്കത്തോടെയും അമ്പലങ്ങളിലും ക്ഷേത്രങ്ങളിലും ദർശനം നടത്തുകയും അവിടങ്ങളിൽ ആരാധനകൾ നിർവഹിക്കുകയും ചെയ്യുന്ന ഹൈന്ദവ സഹോദരങ്ങളും അഞ്ചുനേരത്തെ നമസ്‌കാരങ്ങൾ നിർവഹിക്കുന്നതിനായി ഏകദൈവാരാധനയുടെ സമർപ്പിത ഭാവങ്ങളോടെ പള്ളികളിലേക്കൊഴുകുന്ന ഇസ്‌ലാംമത വിശ്വാസികളും പ്രാർഥനകൾക്കും കുർബാനകൾക്കും കുമ്പസാരങ്ങൾക്കുമായി യേശുക്രിസ്തുവിൽ വിശ്വാസമർപ്പിച്ചുകൊണ്ട് ചർച്ചുകളിലെത്തുന്ന ക്രൈസ്തവ സമൂഹവും ഇന്ത്യയിലെ വൈവിധ്യങ്ങൾ നിറഞ്ഞ ആരാധനാ രീതികളെയാണ് അനാവരണം ചെയ്യുന്നത്. ഓരോ വ്യക്തിയും സമൂഹവും അവരുടെതായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ആരാധനകൾ നിർവഹിക്കുന്നതും അതിനുവേണ്ടി ആരാധനാലയങ്ങൾ പണിയുന്നതും രാജ്യത്തിന്റെ ധാർമികതയെയും മതനിരപേക്ഷതയും സാമൂഹിക സഹവർത്തിത്വത്തെയും ഊട്ടിയുറപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മഹാത്മജി തൊട്ടിങ്ങോട്ട് രാജ്യത്തെ നയിച്ച മഹാരഥന്മാർ ഈ വൈവിധ്യത്തെയാണ് ഇന്ത്യയുടെ സൗന്ദര്യമായി ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചത്.
രാഷ്ട്രപിതാവിന്റെ രാമവീക്ഷണം
‘ഹേ റാം’ എന്ന മന്ത്രമുച്ചരിച്ചുകൊണ്ടാണ് മഹാത്മാഗാന്ധി ലോകത്തോട് വിടപറഞ്ഞത്. ശ്രീരാമഭക്തനായിരുന്ന അദ്ദേഹം വാല്മീകിയുടെ രാമായണത്തിൽ പറയപ്പെട്ട രാമനെക്കാളും തുളസീദാസിന്റെ രാമായണത്തിലെ രാമനെയായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. ശ്രീരാമന് ഗാന്ധിജി നൽകുന്ന നിർവചനം വർത്തമാനകാലത്ത് വളരെ പ്രസക്തമാണ്. അതിങ്ങനെ വായിക്കാം: ‘മുസ്‌ലിംകൾക്കും ഹിന്ദുക്കൾക്കും പാർസികൾക്കും ക്രിസ്ത്യാനികൾക്കും പ്രത്യേകം പ്രത്യേകം ദൈവങ്ങളില്ല. സർവശക്തനും സർവവ്യാപിയുമായ ഒരേയൊരു ദൈവം മാത്രമേയുള്ളൂ ലോകത്തിന്. അവൻ പലവിധത്തിൽ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നുമാത്രം. നമുക്കേറ്റവും പരിചിതമായ പേരിൽ അവനെ നാം ഓർക്കുന്നു. ഞാൻ വിശ്വസിക്കുന്ന രാമൻ പുരാണങ്ങളിൽ കേട്ട അയോധ്യയിലെ രാജാവായിരുന്ന ദശരഥന്റെ മകൻ രാമനല്ല. ശാശ്വതനും ഇതുവരെയും ജന്മംകൊണ്ടിട്ടില്ലാത്തവനുമായ അദ്വൈതമായ ദൈവം എന്ന അർഥത്തിലാണ് ഞാൻ രാമനെ കാണുന്നത്. അവനെ മാത്രമാണ് ഞാൻ ആരാധിക്കുന്നത്. അവന്റെ സഹായം മാത്രമാണ് ഞാൻ പ്രതീക്ഷിക്കുന്നത്. നിങ്ങളും അങ്ങനെയായിരിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പ്രസ്തുത രാമൻ എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ തുല്യനാണ്. അതുകൊണ്ട് ഒരു മുസൽമാനോ ഇതര മതവിശ്വാസിയോ ഞാൻ വിശ്വസിക്കുന്ന രാമനിൽ വിശ്വസിക്കുന്നതിൽ ഞാൻ തെറ്റൊന്നും കാണുന്നില്ല. അതേസമയം അയാൾ വിശ്വസിക്കുന്ന ദൈവത്തെ രാമനാമത്തിൽതന്നെ വിളിക്കാനോ തിരിച്ചറിയാനോ അയാൾ ബാധ്യസ്ഥനുമല്ല. അല്ലാഹു എന്നോ ഖുദാ എന്നോ വ്യത്യസ്ത ശബ്ദത്തിൽ അയാൾ വിളിക്കട്ടെ’’ (ഹരിജൻ, 28-4-1946, പേജ് 111).
സംഘപരിവാർ അവതരിപ്പിക്കുന്ന രാമസങ്കല്പം എല്ലാവരെയും വെറുക്കാനും അകറ്റിനിർത്താനുമാണ് പഠിപ്പിക്കുന്നത്. എന്നാൽ ഗാന്ധിയുടെ രാമസങ്കല്പം എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളാനും എല്ലാവരോടും സഹിഷ്ണുത പുലർത്താനും എല്ലാവരുടെയും വിശ്വാസങ്ങളെ ആദരിക്കാനുമാണ് ഉദ്‌ബോധിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ തികഞ്ഞ രാമഭക്തനായ രാഷ്ട്രപിതാവിന് ഹിന്ദുവിനെയും മുസ്‌ലിമിനെയും ക്രിസ്ത്യാനിയെയും ബുദ്ധനെയും ജൈനനെയും പാർസിയെയും ഒരുപോലെ നെഞ്ചോട് ചേർത്തുപിടിക്കാൻ സാധിച്ചു. അതാണ് ഇന്ത്യ. അതായിരുന്നു ഇന്ത്യ. അതാവണം ഇന്ത്യ എന്നാണ് ഇന്നും ഇന്ത്യയിലെ ജനമനസ്സുകൾ മന്ത്രിച്ചുകൊണ്ടിരിക്കുന്നത്.
മതവും രാഷ്ട്രീയവും

എല്ലാവരെയും ഉൾക്കൊള്ളാൻ സാധിക്കുന്ന തരത്തിലുള്ള ‘രാമവീക്ഷണം’ പുലർത്തിയിരുന്ന ഗാന്ധിയുടെ ഇന്ത്യയെ അതേ രാമന്റെ പേരിൽ ഭിന്നിപ്പിക്കാനും അശാന്തി പടർത്താനുമാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. മതത്തെയും മതവിശ്വാസത്തെയും വിശ്വാസികളെയും ആരാധനാലയങ്ങളെയും അവരുടെ വഴികളിൽ സ്വതന്ത്രമായി വിടുന്നതിനു പകരം രാഷ്ട്രീയവും രാഷ്ട്രീയപ്രവർത്തകരും ഭരണാധികാരികളും ആരാധനാലയങ്ങളിലേക്ക് വലിഞ്ഞുകയറി തങ്ങളുടെ രാഷ്ട്രീയത്തെ സാധിപ്പിച്ചെടുക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നത് ഇന്ത്യ പടുത്തുയർത്തിയ രാഷ്ട്രസങ്കല്പങ്ങൾക്ക് വിരുദ്ധമാണ്. മാത്രമല്ല, അത് ഭരണഘടനയോടുള്ള അവഹേളനവുമാണ്. മതത്തെയും രാഷ്ട്രീയത്തെയും എങ്ങനെയാണ് നിർവചിക്കേണ്ടത് എന്ന കാര്യത്തിലും ഇന്ത്യക്ക് കൃത്യമായ നിലപാടുണ്ടായിരുന്നു.
ഡസൻ കണക്കിന് മതങ്ങളുള്ള രാജ്യത്ത് എങ്ങനെയാണ് സമഗ്രമായ രാഷ്ട്രീയ നയതന്ത്രം രൂപീകരിക്കാൻ കഴിയുക എന്ന, ഒരു ബ്രിട്ടീഷ് പത്രപ്രവർത്തകന്റെ ചോദ്യത്തിന് ഗാന്ധിജി നൽകിയ മറുപടി അദ്ദേഹത്തിന്റെ ആത്മകഥയിൽ കാണാം. മതം ഒരു പ്രത്യേക ധാർമിക വ്യവസ്ഥയിലൂന്നിയ വിശ്വാസം മാത്രമാണെന്നും അതിന്റെ അകക്കാമ്പായ ധാർമികതയും സദാചാരചിന്തയുമെല്ലാം രാഷ്ട്രീയ-പൊതുപ്രവർത്തനങ്ങളിലെ നൈതികതക്ക് ഏറെ ഗുണകരമാകുന്നതുകൊണ്ട് മതത്തെയും രാഷ്ട്രീയത്തെയും ഇന്ത്യയുടെ സാമൂഹിക പരിസരത്തുനിന്നും ഒഴിവാക്കാൻ സാധിക്കില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വ്യത്യസ്ത മതങ്ങളിൽനിന്നുള്ള ധാർമികതയെ ഉപയോഗപ്പെടുത്തുകയും അതേസമയം മതം രാഷ്ട്രീയ പരിസരങ്ങളിലോ, രാഷ്ട്രീയം മതപരിസരങ്ങളിലോ കടന്നുവരാതെ സൂക്ഷിക്കുകയും ചെയ്യുകയെന്ന മധ്യമമാർഗമാണ് രാഷ്ട്രം ഇതുവരെ സ്വീകരിച്ചുവന്നിട്ടുള്ളത്.
പ്രാണപ്രതിഷ്ഠയും ഹൈന്ദവസമൂഹത്തിന്റെ എതിർപ്പും
രാമക്ഷേത്രം എന്ന ആശയം യഥാർഥ ശ്രീരാമഭക്തർക്ക് ഏറെ ആവേശവും പ്രതീക്ഷയും നൽകുന്ന കാര്യമാണ് എന്നതിൽ സംശയമില്ല. എന്നാൽ അയോധ്യയിൽ ഇപ്പോൾ ഉയർന്നുവരുന്ന രാമക്ഷേത്രത്തിന്റെ പശ്ചാത്തലവും ഇപ്പോൾ അതിന്റെ പ്രാണപ്രതിഷ്ഠയും മറ്റു ചടങ്ങുകളും എത്രമാത്രം ആത്മാർഥമാണെന്നും ഹൈന്ദവ മാർഗത്തോട് അത് നീതി പുലർത്തുന്നുണ്ടോ എന്നും രാമഭക്തരായ വിശ്വാസികൾ ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. ഇപ്പോൾതന്നെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈന്ദവസമൂഹത്തിൽ നിന്നുതന്നെ ശക്തമായ എതിർപ്പുകൾ വന്നുകൊണ്ടിരുന്നതിന് രാജ്യം സാക്ഷിയായി. അധികാരത്തിന്റെ മുഷ്‌ക്കുപയോഗിച്ചുകൊണ്ട് നരേന്ദ്രമോദിയും സംഘ്പരിവാറും രാജ്യത്തിന്റെ മതനിരപേക്ഷതയെ മാത്രമല്ല യഥാർഥ ഹൈന്ദവ ദർശനത്തെതന്നെ ഇല്ലാതാക്കുകയാണ് എന്നാണ് ഹൈന്ദവ നേതാക്കൾ ഉയർത്തിയ വിമർശനം.
മതാചാരങ്ങൾ അതിന്റെതായ നിയമശാസ്ത്രങ്ങളും ചിട്ടവട്ടങ്ങളുമനുസരിച്ച് നടത്തണമെന്ന പണ്ഡിതനിർദേശങ്ങളെ തിരസ്‌കരിച്ച് സംഘ്പരിവാറിന്റെ മാത്രം ഇഷ്ടം പരിഗണിച്ചാണ് നരേന്ദ്രമോദിയും യോഗി ആദിത്യനാഥുമെല്ലാം രാമക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളുമായി മുമ്പോട്ടുപോകുന്നത്. ഈ വിമർശനം പ്രതിപക്ഷത്തിന്റെതല്ല, മറിച്ച് ശങ്കരാചാര്യന്മാർ അടക്കമുള്ള ഹൈന്ദവ ആചാര്യന്മാരുടെയും പണ്ഡിതന്മാരുടെതുമാണ് എന്നത് വിമർശനത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

ജ്യോതിഷ് പീഠത്തിലെ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പ്രധാനമന്ത്രിയോട് ചോദിച്ചത് പണി പൂർത്തിയാവാത്ത ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുന്നത് ഏത് ഹൈന്ദവ മതതത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നാണ്. അദ്ദേഹം മാത്രമല്ല മറ്റു മൂന്ന് ശങ്കരാചാര്യന്മാരും എതിർപ്പ് പറഞ്ഞു. ചടങ്ങ് നടക്കുന്ന ജനുവരി 22, ഹൈന്ദവ ചാന്ദ്ര മാസങ്ങളിലെ പത്താം മാസമായ പൗഷിലാണ് എന്നും അത് അശുഭ മുഹൂർത്തമാണെന്നും താന്ത്രിക നിയമപ്രകാരം ആ ദിവസത്തിൽ പ്രതിഷ്ഠ പാടില്ലെന്നും അവർ വ്യക്തമാക്കി.
ഓരോ മതത്തിനും അതിന്റെതായ വിശ്വാസ-ആചാര ക്രമമുണ്ട്. അവയെല്ലാം പവിത്രമാണെന്ന് വിശ്വസിക്കാൻ അവർക്ക് അവകാശവുമുണ്ട്. അതിലേക്ക് ആക്രമിച്ചു കടന്നുചെല്ലുകയാണ് സംഘ്പരിവാർ ഇവിടെ ചെയ്യുന്നത്. ഈ പ്രാണപ്രതിഷ്ഠ ഹൈന്ദവ വിശ്വാസികൾക്ക് ഒട്ടും സന്തോഷം പകർന്നു നൽകുന്നില്ലെന്നും മറിച്ച് ഹൈന്ദവ വിശ്വാസികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നവർക്ക് മാത്രമാണ് അത് സന്തോഷം പകരുന്നതെന്നും അവർ കുറ്റപ്പെടുത്തി.
പുതിയ രാമക്ഷേത്രം ഹൈന്ദവസമൂഹത്തിൽ ഉണ്ടാക്കിയെടുത്തിട്ടുള്ള ആശങ്കകൾ എത്രത്തോളമാണെന്ന് ഇതെല്ലം വിളിച്ചോതുന്നു.
രാമക്ഷേത്രവും സംഘ് പരിവാർ ലക്ഷ്യങ്ങളും
മോദിയുടെയും കേന്ദ്രസർക്കാറിന്റെയും തിടുക്കം ഹൈന്ദവതയോടുള്ള സ്‌നേഹം കൊണ്ടുണ്ടായതല്ല. മറിച്ച് തങ്ങൾ വോട്ട് ബാങ്കായി കരുതുന്ന ഹൈന്ദവ ജനതയിൽ വൈകാരികത സൃഷ്ടിക്കുകയും ആസന്നമായ ലോകസഭാതിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്യുക എന്ന കുത്സിത ബുദ്ധിയാണ് തിടുക്കത്തിന് കാരണം.
‘മതം’ എന്ന അപ്പക്കഷ്ണം ഇട്ടുകൊടുത്താൽ അതിന്റെ പിറകെ ഇന്ത്യൻ ജനത ഓടിക്കൊണ്ടിരിക്കും എന്ന കാഴ്ചപ്പാടിൽനിന്നാണ് ഇതുണ്ടായിട്ടുള്ളത്. രാജ്യത്തെ സാധാരണക്കാർ അനുഭവിക്കുന്ന സങ്കീർണമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ കാണിക്കുന്ന നിരുത്തരവാദിത്തം, കഴിവുകേട്, അലംഭാവം എന്നിവയെ മറച്ചുപിടിക്കാൻ ‘മത’ത്തെ ഒരു പരിചയായി ഉപയോഗിക്കാൻ കഴിയുമെന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ അറിയുന്നത് നരേന്ദ്രമോദിക്കാണ്. ഈ കുതന്ത്രത്തിലൂടെയാണ് ഇതുവരെ അദ്ദേഹവും സംഘ്പരിവാറും അധികാരത്തിന്റെ കുഞ്ചികസ്ഥാനങ്ങളിൽ എത്തിയിട്ടുള്ളത്.
പ്രതിസന്ധികളിൽനിന്നുള്ള ഒളിച്ചോട്ടം
തൊഴിലില്ലായ്മ കാരണം രാജ്യത്തെ യുവാക്കൾ അനുഭവിക്കുന്ന പ്രശ്‌നം എത്രയാണ്! ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ പതിനൊന്ന് ശതമാനമായി ഉയർന്നു എന്നാണ് ‘ദ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി’(സി.എം.ഐ.ഇ)യുടെ കണക്ക് സൂചിപ്പിക്കുന്നത്. നഗരമേഖലയിൽ ബിരുദധാരികളുടെ മാത്രം തൊഴിലില്ലായ്മാ നിരക്ക് 42 ശതമാനമാണ് എന്ന് അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ പഠനറിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര തൊഴിലുറപ്പ് പദ്ധതിക്ക് നീക്കിവെച്ചിരുന്ന അറുപതിനായിരം കോടി രൂപ സർക്കാർ വെട്ടിക്കുറച്ചത് സാധാരണക്കാരുടെ തൊഴിൽ സ്വപ്‌നങ്ങളിൽ വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്.
നരേന്ദ്രമോദി അധികാരത്തിൽ വന്നുകഴിഞ്ഞ ഒമ്പത് വർഷക്കാലത്തിനിടക്ക് രാജ്യത്ത് ഒരു ലക്ഷത്തിലധികം കർഷക ആത്മഹത്യകളാണ് ഉണ്ടായിട്ടുള്ളത്. നാഷണൽ ക്രൈം റിക്കോർഡ്സ് ബ്യുറോയുടെ കണക്കാണിത്. രാജ്യത്തിന്റെ മൊത്തം കടം ഇപ്പോൾ 155 ലക്ഷം കോടി രൂപയാണ് എന്നത് ഞെട്ടിപ്പിക്കുന്നതാണ്. കേന്ദ്ര സർക്കാർതന്നെ നിയോഗിച്ച നീതി ആയോഗിന്റെ സി.ഇ.ഒ, ബി.വി.ആർ സുബ്രഹ്‌മണ്യന്റെ വെളിപ്പെടുത്തലാണിത്. രാജ്യത്തിനു പുറത്ത് ഏതെങ്കിലും ഒരു ഏജൻസി വന്നു അന്വേഷണം നടത്തിയാൽ മാത്രമെ ഇന്ത്യയുടെ യഥാർഥ സാമ്പത്തികസ്ഥിതി മനസ്സിലാവൂ എന്നും അദ്ദേഹം പറഞ്ഞത് വളരെ ഗുരുതരമായ കാര്യമാണ്. ഈ ദുരിതങ്ങളെല്ലാം അനുഭവിക്കുന്നവരിലും മഹാഭൂരിപക്ഷം ഹൈന്ദവജനതയാണ് എന്ന യാഥാർഥ്യത്തെ രാമക്ഷേത്ര ആഘോഷത്തിന്റെ പൊലിമയിൽ മറച്ചുപിടിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമാണ് മോദിക്കും സംഘ്പരിവാറിനും പ്രചോദനമാകുന്നത്.
രാമതന്ത്രത്തിലെ കപടദേശീയത
അതോടൊപ്പം നരേന്ദ്രമോദി അധികാരത്തിൽ വന്നശേഷം കുത്തകകളെ വഴിവിട്ട് പ്രോത്സാഹിപ്പിക്കുകയും രാഷ്ട്രത്തിന്റെ പണം കുത്തകകൾ പൂഴ്ത്തിവെക്കുകയും ചെയ്ത എത്രയെത്ര സംഭവങ്ങളാണ് മോദീകാലത്ത് ഉണ്ടായിട്ടുള്ളത്! വിജയ് മല്യ, ലളിത് മോദി, നീരവ് മോദി, ഗൗതം അദാനി തുടങ്ങിയ പേരുകൾ ആർക്കാണ് മറക്കാൻ സാധിക്കുക? ലോകത്തിനു മുമ്പിൽ വൻശക്തിയാണ് ‘മോദിയുടെ ഇന്ത്യ’ എന്ന് സ്ഥാപിക്കാൻവേണ്ടി പലതരത്തിലുള്ള അവാസ്തവ കണക്കുകൾ പ്രചരിപ്പിക്കുമ്പോഴും മൻമോഹൻസിംഗിന്റെ കാലത്തെ രാജ്യത്തിന്റെ ജി.ഡി.പിയെക്കാൾ കുറവാണ് ഇപ്പോഴത്തെ ജി.ഡി.പി എന്നത് ആശ്ചര്യകരമാണ്. ഇതെല്ലാം മറച്ചുപിടിക്കാൻ അന്ധത ബാധിച്ച മതവികാരങ്ങൾകൊണ്ടും കപട ദേശീയതകൊണ്ടും സാധിക്കുമെന്ന് നരേന്ദ്രമോദിക്ക് അറിയാം. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ഇതുപോലുള്ള വൈകാരികത ഇളക്കിവിടുക ബി.ജെ.പിക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. കാരണം ബി.ജെ.പിയെ നയിക്കുന്നത് മോദിയാണ്. 1992ൽ ബാബരി മസ്ജിദ് തകർത്ത് വർഗീയ ധ്രുവീകരണത്തിലൂടെ പടിപടിയായി അധികാരത്തിൽവന്ന ബി.ജെ.പി പിന്നീട് വന്ന ഓരോ തെരഞ്ഞെടുപ്പ് ഘട്ടത്തിലും ഇതുപോലുള്ള വൈകാരികതകൾ പടച്ചുവിട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പടുക്കുമ്പോൾ ഉയരുന്ന രാമഭക്തി
1999ൽ പ്രധാനമന്ത്രി വാജ്‌പേയിക്ക് ജയലളിത പിന്തുണ പിൻവലിച്ച് അദ്ദേഹം കെയർ ടേക്കർ ആയി ഇരിക്കുമ്പോഴാണ് കാർഗിൽ യുദ്ധമുണ്ടാകുന്നത്. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ ശീതീകരിച്ച ശവപ്പെട്ടികളിലാക്കി ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയുണ്ടായി. ഇതിനെത്തുടർന്നാണ് ജോർജ് ഫെർണാണ്ടസിന്റെ പേരിൽ ശവപ്പെട്ടി കുംഭകോണ ആരോപണമുണ്ടായത്. പക്ഷേ, ഈ കുംഭകോണത്തെക്കാൾ ചർച്ച ചെയ്യപ്പെട്ടത് സൈനികരുടെ മൃതദേഹങ്ങൾ എത്തിക്കാൻ ശീതീകരിച്ച ശവപ്പെട്ടികൾ വാങ്ങി എന്നതായിരുന്നു.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ മൂക്കുകുത്തി താഴെ വീണുപോകേണ്ടിയിരുന്ന ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ചത് ബാലക്കോട്ട് വ്യോമാക്രമണമായിരുന്നു. രാഷ്ട്രത്തിന്റെ സംരക്ഷകർ തങ്ങളാണ് എന്ന വികാരം അവർക്ക് ഉയർത്തിവിടാൻ സാധിച്ചു. വർഷങ്ങൾ കഴിഞ്ഞതിന് ശേഷമാണ് ബി.ജെ.പിയുടെ പങ്ക് വെളിപ്പെടുത്തിക്കൊണ്ടുള്ള സത്യപാൽ മാലികിന്റെ വെളിപ്പെടുത്തലുകൾ വന്നത്. അങ്ങനെ, ഓരോ സന്ദർഭത്തിലും വോട്ടുകൾ സമാഹരിക്കുന്നതിനുവേണ്ടി ജനങ്ങളെ മുൾമുനയിൽ നിർത്തുന്ന പ്രചാരണങ്ങൾ നടത്തി ഭയപ്പാടുകളെയും ധ്രുവീകരണങ്ങളെയും ആയുധമാക്കിയാണ് ബി.ജെ.പി പ്രവർത്തിച്ചുവന്നത്.
ഇപ്പോൾ വാരങ്ങൾക്കപ്പുറത്ത് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി അവർ ഇറക്കിയ തുറുപ്പുശീട്ട് രാമക്ഷേത്രമാണ്. ഹിന്ദുധർമങ്ങളെയും മതനിരപേക്ഷ തത്ത്വങ്ങളെയും പാലിക്കാതെ എന്തും ചെയ്യാമെന്ന ധാർഷ്ട്യത്തോടെയാണ് പുതിയ മന്ദിരത്തിന്റെ പ്രാണപ്രതിഷ്ഠയിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആർ.എസ്.എസ്. സർസംഘചാലകും പങ്കെടുക്കുന്നത്. ഒരു ക്ഷേത്രത്തിന്റെ ഇത്തരത്തിലുള്ള കർമങ്ങളിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കുന്നത് രാജ്യത്തിന്റെ സെക്കുലർ വീക്ഷണങ്ങൾക്ക് വിരുദ്ധമാണ്.
ആരാധനാലയങ്ങളും നെഹ്‌റുവിന്റെ വീക്ഷണവും

ഗുജറാത്തിലെ സോമനാഥക്ഷേത്രം 1951ൽ പുനർനിർമിക്കപ്പെട്ട സന്ദർഭത്തിൽ മതങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രധാനമന്ത്രിമാർക്കും ഭരണാധികാരികൾക്കുമുണ്ടാകേണ്ട നിലപാട് എങ്ങനെയായിരിക്കണമെന്ന് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പഠിപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനുള്ള ക്ഷണം സ്വീകരിച്ച രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദിനോട് നെഹ്‌റു പറഞ്ഞത് എക്കാലത്തേക്കുമുള്ള വെളിച്ചമാണ്. നമ്മുടെത് പോലെയുള്ള ഒരു സെക്കുലർ ഗവൺമെന്റിന് എങ്ങനെയാണ് ഇത്തരമൊരു ചടങ്ങുമായി സഹകരിക്കാൻ കഴിയുക എന്ന നെഹ്‌റുവിന്റെ ചോദ്യത്തിലൂടെ മതത്തെയും രാഷ്ട്രീയത്തെയും വിഭജിക്കുന്ന രേഖ എങ്ങനെയായിരിക്കണമെന്ന് വ്യക്തമാകുന്നു. നെഹ്‌റു രാജേന്ദ്രപ്രസാദിനയച്ച കത്തിൽ അദ്ദേഹം പ്രകടിപ്പിച്ച ആശങ്ക വ്യക്തമാക്കുന്നു: ‘സോമനാഥ ക്ഷേത്രത്തിന്റെ ഉദ്ഘാടന പരിപാടിയിൽ താങ്കൾ പങ്കെടുക്കുന്നത് എനിക്ക് ഇഷ്ടമല്ല. താങ്കളോ മറ്റാരെങ്കിലുമോ വ്യക്തിപരമായി ഒരു ക്ഷേത്രം സന്ദർശിക്കുന്നതുപോലെയല്ല ഇത്. ഇന്ത്യയുടെ സെക്കുലർ സ്വഭാവത്തിൽ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നടപടിയാണ് ക്ഷേത്രോദ്ഘാടനം പോലുള്ള സുപ്രധാന ചടങ്ങിൽ പങ്കെടുക്കുക എന്നത്.’
ഹൈന്ദവസമൂഹം; ഒരു നഖചിത്രം
വിവിധ ദൈവസങ്കൽപങ്ങൾ സ്വീകരിച്ചിട്ടുള്ള വിഭാഗമാണ് ഹൈന്ദവസമൂഹം. ശിവനെ ആരാധ്യമൂർത്തിയായി അംഗീകരിച്ചുവരുന്ന ശൈവമത (Saivism) സമൂഹം പണിത ആരാധനാലയങ്ങളാണ് ശിവക്ഷേത്രങ്ങൾ. അതുപോലെ ദേവിയെ ആരാധ്യമൂർത്തിയായി ഗണിക്കുന്ന ശാക്തേയ (Shaktism) വിഭാഗക്കാർ പണിത ക്ഷേത്രങ്ങളാണ് ഭഗവതി ക്ഷേത്രങ്ങൾ. മഹാകാളി, മഹാസരസ്വതി, മഹാലക്ഷ്മി തുടങ്ങിയ സാങ്കല്പിക ദേവതകളാണ് ഇവിടെ ആരാധിക്കപ്പെടുന്നത്. മഹാവിഷ്ണുവിനെ ആരാധ്യമൂർത്തിയായി സ്വീകരിച്ച വൈഷ്ണവ (Vaishnavism) വിഭാഗമാണ് മറ്റൊന്ന്. വിഷ്ണുവിന്റെ രണ്ട് അവതാരങ്ങളാണ് ശ്രീരാമനും ശ്രീകൃഷ്ണനും എന്നാണ് ഇവരുടെ വിശ്വാസം. മറ്റുള്ള വിഭാഗങ്ങളിൽനിന്നും കൂടുതൽ ഭക്തി പ്രകടിപ്പിക്കുന്ന ഈ വിഭാഗമാണ് ഇന്ത്യയിൽ ഏറെയുള്ളത്. 68 ശതമാനവും ഇവരാണ്. 27 ശതമാനമാണ് ശൈവസമൂഹം. ശാക്തേയ സമൂഹം വളരെ ന്യൂനപക്ഷമാണ്.
രാമക്ഷേത്രങ്ങൾ ഒരു ലഘുവിവരണം
മഹാഭൂരിപക്ഷം വൈഷ്ണവ സമൂഹമായതുകൊണ്ടുതന്നെ രാമക്ഷേത്രങ്ങൾ ഇന്ത്യയിൽ എമ്പാടുമാണ്. മൂന്ന് ലക്ഷത്തിലധികം വരുമെന്നാണ് അനൗദ്യോഗിക കണക്ക്. കേരളത്തിലെ തൃപ്രയാർ ക്ഷേത്രം, മഹാരാഷ്ട്രയിലെ നാഷികിലെ കലറാം ക്ഷേത്രം, തെലങ്കാനയിലെ സീത രാമചന്ദ്രസ്വാമി ക്ഷേത്രം, മധ്യപ്രദേശിലെ രാമരാജ ക്ഷേത്രം, അമൃതസറിലെ ശ്രീരാമതീർഥ് ക്ഷേത്രം, കർണാടകയിലെ ചിക്കമംഗലൂരിലെ രാമസ്വാമി ക്ഷേത്രം, ജമ്മുവിലെ രഘുനാഥ ക്ഷേത്രം,തമിഴ്‌നാട്ടിലെ രാമസ്വാമി ക്ഷേത്രം എന്നിവയാണ് പ്രസിദ്ധമായ രാമക്ഷേത്രങ്ങൾ. അയോധ്യയിൽ ഇപ്പോൾ നിർമാണത്തിലുള്ള രാമക്ഷേത്രത്തിന് പുറമെ അവിടെ 1891ൽ സ്ഥാപിതമായ ‘കനക് ഭവൻ’ എന്ന പേരിലറിയപ്പെടുന്ന പ്രസിദ്ധമായ രാമക്ഷേത്രമുണ്ട്. ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തുനിന്നും ഒരു കിലോമീറ്ററിന് താഴെ ദൂരം മാത്രമേയുള്ളൂ ഈ ക്ഷേത്രത്തിലേക്ക്. രാമജന്മഭൂമി പരിസരത്തുതന്നെ ഒരു രാമക്ഷേത്രമുണ്ട്. പിന്നെയെന്തിനാണ് ഒരു മസ്ജിദ് തകർത്ത് അതേ സ്ഥലത്തുതന്നെ ഒരു രാമക്ഷേത്രം പണിയുന്നത് എന്ന ചോദ്യം പ്രസക്തമാകുന്നത് അതുകൊണ്ടാണ്.
പ്രസക്തമാകുന്ന ചോദ്യങ്ങൾ
രാമക്ഷേത്ര നിർമാണത്തെയും പ്രാണപ്രതിഷ്ഠയെയുമെല്ലാം എന്തിനെതിർക്കണം എന്ന ചോദ്യം സ്വാഭാവികമാണ്. ബാബരി മസ്ജിദ് തകർത്ത കേസിൽ ‘തർക്കപ്രദേശം’ രാമക്ഷേത്രത്തിന് വിട്ടുകൊടുത്തുകൊണ്ട് സുപ്രീംകോടതി തീർപുകല്പിച്ച സാഹചര്യത്തിൽ അവിടെ ക്ഷേത്രം നിർമിക്കാൻ അവകാശമുണ്ടെന്നിരിക്കെ അതിനെ എതിർക്കേണ്ടതുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്. ബാബരി മസ്ജിദ് കമ്മിറ്റിയും രാമജന്മഭൂമി ട്രസ്റ്റും തമ്മിൽ പ്രാദേശികമായി നിലനിന്നിരുന്ന അവകാശത്തർക്കത്തിന്മേൽ കോടതി വിധി പറയുകയും വിധി രാമജന്മഭൂമിക്കാർക്ക് അനുകൂലമാവുകയും ചെയ്തതിന് ശേഷം സ്ഥലത്ത് ഒരു രാമക്ഷേത്രം നിർമിക്കുകയാണെങ്കിൽ അതിനെ ആ നിലയ്ക്ക് മാത്രം കാണാമായിരുന്നു. എന്നാൽ ശ്രീരാമൻ ജനിച്ചുവെന്ന് പറയപ്പെടുന്ന പ്രദേശത്ത് മറ്റു രാമക്ഷേത്രങ്ങൾ ഉണ്ടെന്നിരിക്കെ, കോടതികളെ കാത്തുനിൽക്കാതെ, ഒരു ആഗോള പ്രശ്‌നമായി അതിനെ അവതരിപ്പിച്ച്, ഒരു മസ്ജിദ് തകർത്ത്, രക്തച്ചാലുകൾ കീറി, രാജ്യത്താകമാനം വർഗീയ കലാപങ്ങൾ ആളിപ്പടർത്തി ഒരു ക്ഷേത്രം പണിയുന്നത് എന്തിനാണ് എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്. അതിനു പിന്നിൽ ഒരു പ്രത്യേക രാഷ്ട്രീയ ലക്ഷ്യമുണ്ട് എന്നതുതന്നെയാണ് അതിനുള്ള ഉത്തരം.
ഇതര മതങ്ങളെ പേടിപ്പെടുത്തി തങ്ങളുടെ ഇംഗിതമനുസരിച്ച് മാത്രം വേണമെങ്കിൽ ഇവിടെ ജീവിക്കാമെന്ന സന്ദേശം നൽകുകയും ഇന്ത്യ ഒരു മതരാഷ്ട്രമാണെന്ന് അനൗദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യുക എന്നതാണ് പ്രസ്തുത രാഷ്ട്രീയ ലക്ഷ്യം.
കാശി, മഥുര ബാക്കി ഹേ!
1992 ഡിസംബർ 6ന് ബാബരി മസ്ജിദ് കർസേവകർ തകർത്തപ്പോൾ ബി.ജെ.പിയുടെ തീപ്പൊരി നാവുകളായിരുന്ന ഉമാഭാരതിയും ഋതംബരയും വർധിതവീര്യത്തോടെ ഒരു മുദ്രാവാക്യം വിളിച്ചിരുന്നു. ‘അയോധ്യ ബാബരി സിർഫ് ജാൻകി ഹേ: കാശി മഥുര അബ് ബാക്കി ഹേ’ എന്നായിരുന്നു അത്. ‘അയോധ്യ ബാബരി ഒരു തുടക്കം മാത്രമാണ്; കാശിയും മഥുരയും ഇപ്പോഴും ബാക്കിയാണ്’ എന്നർഥം. എന്നാൽ കാശിയിലും മഥുരയിലും ഒതുങ്ങാതെ മുപ്പതിനായിരത്തോളം മുസ്‌ലിം പള്ളികൾ ഹിന്ദു ക്ഷേത്രങ്ങളാക്കി മാറ്റുമെന്നാണ് ആർ.എസ്.എസ് നേതാക്കൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. മുസ്‌ലിം അടയാളങ്ങളെ ഇല്ലാതാക്കിക്കഴിഞ്ഞാൽ പിന്നീട് ക്രൈസ്തവ അടയാളങ്ങളെ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം. അതായത് സമ്പൂർണമായ ഒരു ഹിന്ദുത്വ രാഷ്ട്രനിർമിതിക്കുവേണ്ടി ആർ.എസ്.എസ് നടത്തുന്ന വേലകളാണ് ഇവയെല്ലാമെന്ന് സാരം. ഇങ്ങനെയുള്ള പിന്നാമ്പുറങ്ങളിൽനിന്ന് പുതിയ രാമക്ഷേത്രത്തെ നോക്കിക്കാണുമ്പോഴാണ് രാജ്യത്തെ നല്ലവരായ ഹൈന്ദവരടക്കമുള്ള മതേതരസമൂഹം ആശങ്കപ്പെടുന്നതും നെടുവീർപ്പിടുന്നതും.
വേണം ഒരു പ്രാണപ്രതിഷ്ഠ!
മതേതരത്വവും ജനാധിപത്യവുമാണ് രാജ്യത്തിന്റെ പ്രാണൻ. അവ നഷപ്പെട്ടുകഴിഞ്ഞാൽ പിന്നെ ഇന്ത്യയുടെ പ്രാണൻ നശിച്ചുപോകുന്നു. കഴിഞ്ഞ പത്തുവർഷത്തോളമായി സംഘ്പരിവാർ ഇന്ത്യയുടെ പ്രാണനെ ഞെക്കിക്കൊന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ രാഷ്ട്രശില്പികൾ നൽകിയ ഊർജത്തിന്റെ ബലത്തിൽ നിന്നുകൊണ്ട് അത് സംഘ്പരിവാറിനോട് പോരാടിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തെയും മതേതരത്വത്തെയും വീണ്ടെടുക്കുന്നതിനായി രാജ്യത്തിന്റെ ഭരണസിരാകേന്ദ്രങ്ങളായ ജനാധിപത്യത്തിന്റെ ശ്രീകോവിലുകളിൽ അവയെ പ്രതിഷ്ഠിക്കുന്നതിനു വേണ്ടി രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധ ജനാധിപത്യ സമൂഹം നടത്തുന്ന പോരാട്ടമാണ് യഥാർഥ പ്രാണപ്രതിഷ്ഠ!

