സമസ്തയുടെ വഴിയിലെ ശജറകളും ഹജറുകളും; ഉത്തരവാദികൾ മുജാഹിദുകളോ?
മൂസ സ്വലാഹി കാര
2024 ജൂലായ് 06, 1445 ദുൽഹിജ്ജ 29

അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അനുവാചകരും പ്രചാരകരുമായി സമുഹത്തിലിടപഴകുന്ന മുസ്‌ലിയാക്കന്മാർ സമുദായത്തിന്റെ വിശ്വാസ-കർമ മേഖലകളിലുണ്ടാക്കിയ പരിക്ക് ചെറുതൊന്നുമല്ല. അഹ്‌ലുസ്സുന്ന വൽജമാഅയുടെ ആദർശം അവകാശപ്പെടുന്നുവെങ്കിലും അതിനു നേർവിപരീതമായ വിശ്വാസം വച്ചുപുലർത്തുന്നതിലും സുന്നത്തിനെതിരായ പുത്തനാചാരങ്ങൾ ജീവിതചര്യയാക്കുന്നതിലും ആത്മനിർവൃതിയടയുന്നവരാണ് ഇക്കൂട്ടർ.
അഹ്‌ലുസ്സുന്ന വൽജമാഅയുടെ പ്രചാരണത്തിനായി 1924ൽ രൂപീകരിക്കപ്പെട്ട ‘കേരള ജംഇയ്യത്തുൽ ഉലമാഅ് അഹ്‌ലുസ്സുന്നഃ വൽജമാഅഃ’ എന്ന പണ്ഡിതസഭയെ തകർക്കാനും അതിന്റെ ആശയ മുന്നേറ്റത്തെ തടയാനും വേണ്ടി ഉണ്ടാക്കപ്പെട്ട സംഘടനയാണ് സമസ്ത. അവർ എഴുതിയത് കാണുക:
“കേരളത്തിൽ തന്നെ പൊന്നാനി മഖ്ദൂമീങ്ങൾ സജീവമായിരുന്ന കാലത്ത് ഒരു പ്രസ്ഥാനത്തിനു സമാനമായി എല്ലാ വൈജ്ഞാനിക, സാമൂഹിക നേതൃത്വവും അവർ കൈകാര്യം ചെയ്തു. അവരുടെ പ്രതാപം 1920-കളോടെ ഏകദേശം അസ്തമിക്കുന്നു. ആ സന്ദർഭത്തിൽ തന്നെയാണ് മതനവീകരണ ചിന്തകൾ കടൽ കടന്ന് സംഘടിതമായി മലബാറിൽ എത്തുന്നത്. അതിൽ സാധാരണക്കാരായ ചിലർ വശംവദരായി മാറി. അത്തരമൊരു ഘട്ടത്തിലാണ് വരക്കൽ സയ്യിദ് അബ്ദുർറഹ്‌മാൻ ബാഅലവി മുല്ലക്കോയ തങ്ങളുടെയും പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്‌ലിയാരുടെയും നേതൃത്വത്തിൽ 1926 ജൂൺ 26-ാം തിയ്യതി കോഴിക്കോട് വെച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ രൂപീകരിക്കപ്പെടുന്നത്’’ (സത്യധാര, 2024 ഫെബ്രുവരി 1-28, പേജ് 6,7).
സമൂഹം സാക്ഷ്യംവഹിച്ച യഥാർഥ സംസ്‌കരണ പ്രവർത്തനങ്ങളെയാണ് ‘മതനവീകരണ ചിന്തകൾ’ എന്നു പറഞ്ഞ് വലിയ തെറ്റായി അവതരിപ്പിക്കുന്നത്. മുജാഹിദുകൾ ശ്രമിച്ചത് മതത്തെ നവീകരിക്കാനല്ല. മതത്തെ നവീകരിക്കാൻ മനുഷ്യർക്ക് അവകാശമില്ല. സമുദായത്തെ വൈജ്ഞാനികമായി സമുദ്ധരിക്കാനും മതവിരുദ്ധമായ അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും തിരുത്താനുമാണ് മുജാഹിദുകൾ പരിശ്രമിച്ചത്. ഇപ്പോഴും അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ സദ്ഫലം സമുദായം അനുഭവിക്കുന്നത് കാണുന്നതിനാൽ ആ മാറ്റമൊക്കെ ഞങ്ങളുടെ ശ്രമഫലമായി ഉണ്ടായതാണെന്നു വരുത്താനാണ് ഇക്കൂട്ടരുടെ ശ്രമം!
“വലിയ ദീർഘദൃഷ്ടിയും കാഴ്ചപ്പാടും ഉള്ളവരായിരുന്നു സമസ്തയുടെ രൂപീകരണത്തിനു നേതൃത്വം നൽകിയ മഹാജ്ഞാനികൾ. പാരമ്പര്യ ഇസ്‌ലാമിന്റെ വിശുദ്ധ മൂല്യങ്ങൾ തനിമ ചോരാതെ സംരക്ഷിക്കുന്നതോടൊപ്പം മതനവീകരണ ചിന്തയെ പ്രതിരോധിക്കാൻ അവർ പദ്ധതികൾ ആവിഷ്‌കരിച്ചു. അതിനു പുറമെ സമുദായത്തിന്റെ ആത്മീയവും വിദ്യാഭ്യാസവും സാമൂഹികവും സാംസ് കാരികവുമായ മുന്നേറ്റത്തിനുതകുന്ന വിവിധങ്ങളായ രൂപരേഖകൾ അവർ തയ്യാറാക്കി. അതിനനുസരിച്ചുള്ള സമഗ്രമായ ഒരു ഭരണഘടന തന്നെ അവർ തയ്യാറാക്കി. അതിൽ ആദർശ സംരക്ഷണത്തോടൊപ്പം സമുദായത്തിന്റെ നാനോന്മുഖമായ പുരോഗതിക്കുതകുന്ന എല്ലാവിധ പദ്ധതികളും നടപ്പിലാക്കാൻ വഴികളാവിഷ്‌കരിച്ചു’’ (പേജ് 7).
ഇത് വായിച്ചാൽ മുസ്‌ലിം സമുദായത്തിന്റെ ഉന്നമനത്തിനായുള്ള പ്രയത്‌നങ്ങൾക്ക് ചുക്കാൻ പിടിച്ചത് സമസ്തയാണെന്ന് തോന്നിപ്പോകും.
1933ലെ എട്ടാം പ്രമേയത്തിലൂടെ മതവിരുദ്ധ വിശ്വാസങ്ങൾ പ്രചരിപ്പിക്കുകയും തർക്കുൽ മുവാലാ ത്തിലൂടെ മുസ്‌ലിംകൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കുകയും ചെയ്തവർക്ക് ഇങ്ങനെ അവകാശപ്പെടാൻ അർഹതയുണ്ടോ?
മലയാള ഭാഷാപഠനം, എഴുത്ത്, ഇംഗ്ലീഷ് ഭാഷാപഠനം, സ്ത്രീ വിദ്യാഭ്യാസം, അനാഥ സംരക്ഷണം, മദ്‌റസാ വിദ്യാഭ്യാസം, സ്വാതന്ത്ര്യസമരം... ഇതിനെല്ലാമെതിരിൽ ഫത്‌വ പുറപ്പെടുവിച്ച പഴയകാല നേതാക്കളെ തള്ളിപ്പറയാനോ, ആ തീരുമാനങ്ങളൊക്കെ തെറ്റായിരുന്നു എന്ന് പ്രഖ്യാപിക്കുവാനോ ഇപ്പോഴത്തെ അവകാശവാദികൾക്ക് കഴിയുമോ?
അവിശ്വാസികളെ കുറിച്ച് ക്വുർആൻ പറഞ്ഞതാണ് ഇവിടെ സൂചിപ്പിക്കാനുള്ളത്. അല്ലാഹു പറയുന്നു: “അവർ അതിൽനിന്ന് മറ്റുള്ളവരെ തടയുകയും അതിൽനിന്ന് (സ്വയം) അകന്നുനിൽക്കുകയും ചെയ്യുന്നു. (വാസ്തവത്തിൽ) അവർ സ്വദേഹങ്ങൾക്കുതന്നെ നാശമുണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്. അവർ (അതിനെപ്പറ്റി) ബോധവാൻമാരാകുന്നില്ല’’ (6:26).

ഇബ്‌നു കസീർ(റഹ്) പറയുന്നു: “സത്യത്തെ പിന്തുടരുന്നതിൽനിന്നും റസൂലിൽ വിശ്വസിക്കുന്നതിൽ നിന്നും ക്വുർആനിന് കീഴ്‌പെടുന്നതിൽനിന്നും അവർ ആളുകളെ വിലക്കുകയും അവർ അതിൽനിന്ന് പിന്തിരിയുകയും ചെയ്യുന്നു.’’
ഒരു നൂറ്റാണ്ടിന്റെ നിറവ് അവകാശപ്പെടുന്ന ഇരുസമസ്തകൾക്കും അവരുടെ വിശ്വാസപ്രകാരം ഇത് ‘ദുശ്ശകുന’ കാലമാണ്. സംഘടനയെ താറുമാറാക്കുന്ന, ആദർശത്തെ പൊളിച്ചെഴുതുന്ന, അനുസരണക്കേടിൽ അഗ്രഗണ്യരായ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ചാരപ്പണി നടത്തുന്ന പലരും കാരണമാണത്. പകരാതെ ഒഴിഞ്ഞാൽ കോരാതെ ഒഴിയും എന്ന അവസ്ഥയിലാണ് ഇരു നേതൃത്വവും ഇപ്പോൾ ഉള്ളത്.
സമസ്തയിൽ 1989ൽ രാഷ്ട്രീയ പോരിനാലുണ്ടായ പിളർപ്പ് ഒരു കെടാക്കനലായി ഇന്നും അവശേഷിക്കുകയാണ്. സമുദായ പാർട്ടിയായ മുസ്‌ലിം ലീഗിന്റെ പോഷകവിഭാഗമായി സമസ്ത മാറിയെന്നും മുജാഹിദുകളുമായി വേദി പങ്കിടുന്ന അവസ്ഥവരെ എത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പുതിയ മുശാവറ തട്ടിക്കൂട്ടിയത്. ഇ.കെ അബൂബക്കർ മുസ്‌ലിയാരുടെ കീഴിൽ പഴയ മുശാവറ തുടരുകയും ചെയ്തു.
1952ലെ ‘അൽബയാനി’ൽ ‘കമ്മ്യൂണിസ്റ്റുകളുടെ തനിനിറം’ എന്ന തലക്കെട്ടിൽ എല്ലാ പള്ളികളിലും ഒട്ടിക്കാൻ വേണ്ടി പുറപ്പെടുവിച്ച ആഹ്വാനം ഇന്നും തുരുമ്പിച്ചിട്ടില്ല. കാന്തപുരം മുസ്‌ലിയാർ ആ കമ്യൂണിസത്തിന്റെ മടിയിലിരുന്ന് മുസ്‌ലിം സമുദായത്തിന്റെ ഒറ്റുകാരനായത് അത്ര പെട്ടെന്ന് ആരും മറക്കുകയുമില്ല!
‘ശജറകൾ’ അഥവാ ‘പ്രശ്‌നക്കാർ’ സമസ്തക്കിന്ന് വലിയ തലവേദനയായി മാറിയിട്ടുണ്ട്. മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയപ്രസ്ഥാനം രൂപീകരിച്ചതിൽ മുഖ്യ പങ്കുവഹിക്കുകയും അതിന്റെ നേതാക്കളെ തെരഞ്ഞെടുക്കുന്നതിൽ കാര്യക്ഷമമായ ഇടപെടൽ നടത്തുകയും ചെയ്തവരാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ അക്കാലഘട്ടത്തിലെ നേതാക്കൾ. ഈ ചരിത്രവസ്തുതയെ മണ്ണിട്ട് മൂടാനോ വെളളം കുടഞ്ഞ് മായ്ക്കാനോ പുരോഹിതന്മാർക്ക് സാധ്യമല്ല. ആയതിനാൽ രാഷ്ട്രീയ രംഗത്ത് മുജാഹിദുകളോട് അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന നേതാക്കളെ ചോദ്യം ചെയ്യാനും പാർട്ടിയെ അമ്പേ പരാജയപ്പെടുത്തുമെന്ന് ഭീഷണി മുഴക്കാനും ചിലർ രംഗത്തെത്തി. ഓൺലൈൻ സംവിധാനങ്ങളിലൂടെ സംഘടനയുടെ തലപ്പത്തുള്ള ചില മുസ്‌ലിയാക്കന്മാർതന്നെ സംഘടനക്ക് പാര പണിയാൻ തുടങ്ങി. ഇതെല്ലാം ഇ.കെ വിഭാഗത്തിന് വല്ലാതെ ക്ഷതമേൽപിച്ചിരിക്കുന്നു.
‘സത്യധാര’ക്കാരൻ അരിശം പ്രകടിപ്പിക്കുന്നത് കാണുക: “നിലവിൽ ചിലർ ഉന്നയിക്കുന്ന ഉമ്മത്തിന്റെ ഐക്യസ്‌നേഹം അത്ര നിഷ്‌കളങ്കമല്ലെന്നു വിശ്വസിക്കാൻ കാരണമുണ്ട്. ഉമ്മത്തിനകത്തെ എല്ലാവരും പരസ്പരം സഹകരിക്കുകയും മാനിക്കുകയും ചെയ്യണമെന്ന് ആഗ്രഹമാണ് എല്ലാവരും പുലർത്തി പോരുന്നത്. പക്ഷേ, അതിനിടക്ക് ഉമ്മത്തിൽ അനൈക്യവും ഛിദ്രതയും ഉണ്ടാകാൻ കാരണക്കാരായ പാരമ്പര്യവിരുദ്ധ പ്രസ്ഥാനക്കാരുടെ കഴിഞ്ഞകാല ചരിത്രത്തിലെ അസഹിഷ്ണുതാ സമീപനങ്ങളെ ബോധപൂർവം വിസ്മരിക്കുകയും എല്ലാ അനൈക്യത്തിന്റെ വിത്തുകളും വിതച്ചതിനെ കാണാതെ പോകുകയുമരുത്. മുസ്‌ലിം സമുദായത്തിന്റെ പൊതുനേതൃത്വം പാരമ്പര്യവിശ്വാസികളായതുകൊണ്ടും അവർതന്നെയാണ് മുഖ്യധാര എന്നതുകൊണ്ടും കാലങ്ങളായി കടുത്ത സഹിഷ്ണുതയും വെറുപ്പും നടത്തി കേരളത്തിന്റെ മുസ്‌ലിം സാമൂഹിക പരിസരത്തെ വെറുപ്പുൽപാദനഭൂമിയാക്കി മാറ്റിയതിലെ അവരുടെ പങ്കുകൾ അത്ര പെട്ടെന്ന് മറന്നു പോകാനാകില്ലല്ലോ. എല്ലാം കഴിഞ്ഞ് ഇപ്പോൾ നമ്മളെല്ലാവരും പരസ്പരം സഹകരിക്കണമെന്ന ചന്തമുള്ള ഐക്യവാക്കുകൾ പറയുന്നതിനെ അങ്ങനെ നിഷ്‌കളങ്കമായി കാണാനും കഴിയില്ലല്ലോ. പാരമ്പര്യ സമൂഹത്തിന്റെ മുഖ്യധാരാനേതൃത്വത്തെ ഏതുവിധേനയും ദുർബലപ്പെടുത്തുകയും പതുക്കെ പതുക്കെ അതിനകത്ത് കയറിപ്പറ്റി തങ്ങളുടെ ആശയങ്ങൾ നടപ്പിലാക്കുകയും ചെയ്യുക എന്ന തന്ത്രപരമായ സമീപനങ്ങൾ ഇവർ സ്വീകരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. യഥാർത്ഥത്തിൽ കേരളീയ മുസ്‌ലിം സമൂഹത്തിൽ ഇന്ന് നിലനിൽക്കുന്ന എല്ലാ അരക്ഷിതാവസ്ഥകളുടെയും പ്രധാന ഹേതു ഇവരുടെ ഇടപെടലുകളും അതിന്റെ പ്രതിഫലനങ്ങളുമാണ്’’ (സത്യധാര, 2024 ഫെബ്രുവരി 1-28, പേജ് 32).

കനത്ത ഈ പ്രഹരം ലീഗ് നേതൃത്വത്തിനു നേരെയാണെന്നത് വ്യക്തം. നിർബന്ധ ഘട്ടങ്ങളിൽ പൊതുനന്മയുടെ വീണ്ടെടുപ്പിനായി എല്ലാവരും ഐക്യപ്പെടുക, അതിന് വേദിയൊരുക്കുക എന്നത് അത്രവലിയ പാതകമാണോ? ജനങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കുക എന്ന സദ്ഗുണം നിലനിർത്താനാണ് പ്രമാണങ്ങൾ പഠിപ്പിക്കുന്നത്. ജിഫ്രി തങ്ങൾ, ഉമർ ഫൈസി മുക്കം, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിങ്ങനെയുള്ളവർ ഒരു ചേരിയും, ബഹാവുദ്ദീൻ നദ്‌വി കൂരിയാട്, നാസർ ഫൈസി കൂടത്തായി എന്നിവർ മറുചേരിയുമായി സംഘടനക്ക് അകത്തും പുറത്തുമായി കൊമ്പുകോർക്കൽ ഇപ്പോഴും തുടരുകയാണ്.
ഇവർക്കിടയിൽ വൻ പൊട്ടിത്തെറിക്കുള്ള എല്ലാ സാധ്യതകളും ഒത്തുകൂടിയിട്ടുണ്ടെന്ന് തെളിയിക്കുന്ന പ്രതികരണങ്ങൾ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിൽ രേഖയായി കിടക്കുമ്പോഴും വ്യതിയാന വിള്ളലുകൾ തേച്ചടക്കാൻ പ്രസിഡന്റ് മിടുക്കുകാണിക്കുന്നത് കാണുക: “സമസ്തയിൽ വിള്ളലുണ്ടാക്കാൻ ആരെങ്കിലും അധിക്ഷേപം നടത്തിയാൽ അനുയായികൾ അനുവദിക്കില്ല. സൗഹാർദമാണ് ആവശ്യം. കൂടിയാലോചനകളാണ് അനിവാര്യം’’ (മാധ്യമം ദിനപത്രം, 2024 ജൂൺ 27 വ്യാഴം, പേജ് 3).
പുറത്തുനിന്ന് കളിച്ച് ആരെങ്കിലും സമസ്തയിൽ കുഴപ്പമുണ്ടാക്കുകയാണോ അതല്ല അതിനകത്തു നിന്ന് തന്നെയാണോ കുഴപ്പം പൊട്ടിപ്പുറപ്പെടുന്നത്? നമുക്കൊന്ന് പരിശോധിക്കാം. സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാരോടുള്ള ചോദ്യവും മറുപടിയും കാണുക:
“സംഘടനക്കെതിരെ ഉയർന്നുവരുന്ന പുതിയ വെല്ലുവിളികൾ എങ്ങനെ നേരിടും?’’
“നയപരമായി സമസ്ത എടുത്ത പല തീരുമാനങ്ങൾക്കെതിരെയും സംഘടനക്കകത്തുനിന്നും പുറത്തുനിന്നും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. പക്ഷേ, എടുത്ത തീരുമാനങ്ങളിൽനിന്ന് പിന്നോട്ടു പോകേണ്ട സാഹചര്യം സമസ്തക്ക് ഇന്നേവരെ വന്നിട്ടില്ല. അതിന്റെ ആവശ്യവുമില്ല. കാരണം, സമസ്തയുടെ തീരുമാനങ്ങൾ ദീർഘസമയം ആലോചിച്ചും ചർച്ച ചെയ്തും കൈകൊള്ളുന്നതാണ്’’ (സത്യധാര, 2024 ഫെബ്രുവരി 1-28, പേജ് 19).
ആക്ഷേപങ്ങൾ ആർത്തിരമ്പുന്ന ഈ സാഹചര്യത്തിൽ വലിയ അന്ധാളിപ്പോടെയുള്ള പറയലാണിത്. മുശാവറ ഒരു കാര്യം നയമായി എടുത്താൽ അകത്തുനിന്ന് അതിനെതിരെ ശബ്ദമുയരാൻ തക്കതായ കാരണം കാണുമല്ലോ! അച്ചടക്കരഹിതമായ ഇടപെടലുകൾ അകത്തുണ്ടെന്നതിന്റെ സൂചനയല്ലേ ഇത്?
പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളോടുള്ള ചോദ്യവും പ്രതികരണവും കാണുക:
“സമസ്തയുടെ രാഷ്ട്രീയ സമീപനം എന്താണ്?’’
“സമസ്തക്ക് ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയോട് അടുപ്പമോ അകൽച്ചയോ ഇല്ല. വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടുന്ന, ഇസ്‌ലാമിക വിരുദ്ധമല്ലാത്ത ഏതു രാഷ്ട്രീയ പാർട്ടിയിലും ആർക്കും പ്രവർത്തിക്കാം’’ (പേജ് 10).
രാഷ്ട്രീയത്തിൽ ലീഗിനോടൊപ്പം നിൽക്കുക എന്നതാണ് ഇവരുടെ പൊതുരീതിയെന്നത് സാധാരണക്കാർക്കുവരെ ബോധ്യമുള്ളതാണ്. സംഘടനക്കകത്ത് കുത്തിത്തിരിപ്പുണ്ടാക്കാൻ മുമ്പ് കാന്തപുരം വിഭാഗം പയറ്റിയ കുതന്ത്രത്തെക്കുറിച്ച് ആലിക്കുട്ടി മുസ്‌ലിയാർ എഴുതുന്നു:
“സുന്നീവിശ്വാസികളെ കമ്യൂണിസ്റ്റ് പാളയത്തിലേക്ക് ക്ഷണിച്ച് പ്രസ്താവനകളിറക്കിയതും ലീഗുകാരായി എന്നത് കൊണ്ടുമാത്രം ഇലക്ഷനുകളിൽ പരാജയപ്പെടുത്താൻ മുതിർന്നതും മതവിരുദ്ധ ആശയത്തിന്റെ പ്രചാരകർക്ക് ശക്തിപകരുന്ന പ്രവൃത്തികൾ നടത്തിയതും ഇസ്‌ലാമികവിരുദ്ധ ചെയ്തികളുടെ വക്താക്കൾക്ക് കുഴലൂത്തുകാരായി പരിണമിച്ചതും എസ്‌വൈഎസിന്റെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി അവശേഷിക്കുന്നു. 1979 മുതൽ പ്രത്യക്ഷമായിത്തന്നെ സമസ്തയുടെ നേതാക്കൾക്കെതിരെ രംഗത്ത് വന്നവർ വ്യത്യസ്തങ്ങളായ കുതന്ത്രങ്ങൾ ആവിഷ്‌കരിച്ചതായാണ് ചരിത്രം. ഒരു സുപ്രഭാതത്തിൽ ഉരുത്തിരിഞ്ഞതല്ല സമസ്തയിലെ പ്രശ്‌നങ്ങൾ, ആസൂത്രിതമായി രൂപപ്പെടുത്തിയെടുത്തതാണ്’’ (എസ്‌വൈഎസ് പിന്നിട്ട ദശകങ്ങൾ, പേജ് 29).
രാഷ്ട്രീയ തർക്കത്തിന്റെ വല്ലാത്തൊരു ‘ദുർഗന്ധം’ ഇവരിൽനിന്ന് പുറത്ത് വരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഇപ്പോഴത്തെ പ്രശ്‌നത്തിലെ ‘വില്ലാളി’ എന്ന് വിശേഷിപ്പിക്കാവുന്ന അമ്പലക്കടവിന്റെ വാക്കുകൾ. ‘തിരശ്ശീലയ്ക്ക് പിന്നിലെ വില്ലൻ’ എന്ന പേരിൽ അദ്ദേഹം എഴുതിയത് നോക്കൂ:
“സമസ്തയേയും മുസ്‌ലിം ലീഗിനേയും തമ്മിലടിപ്പിച്ച് ചോരകുടിക്കാനുള്ള അടങ്ങാത്ത ദാഹം ജമാഅത്തെ ഇസ്‌ലാമിക്ക് തൽക്കാലം മാറ്റിവയ്ക്കാവുന്നതാണ്. സമസ്തയിൽ കമ്യൂണിസ്റ്റുകാർ എന്നത് ജമാഅത്തുകാർ ഉയർത്തിക്കൊണ്ടുവന്ന മുദ്രാവാക്യമാണ്. അതേറ്റു വിളിക്കാൻ ജമാഅത്തെ ഇസ്‌ലാമിയിൽ മാത്രമേ ആളെ കിട്ടുകയുള്ളൂ. സമസ്തയും മുസ്‌ലിം ലീഗും തമ്മിലുള്ള ബന്ധം കണ്ടും കേട്ടും അനുഭവിച്ചും ആസ്വദിച്ചും വളർന്നവരാണ് രണ്ടിന്റെയും അനുയായികൾ. അവർക്കിടയിൽ പൊരുത്തക്കേടുകൾ ഉണ്ടായാൽ പോലും അവർക്കിടയിൽ തന്നെ അത് തീർപ്പാക്കും. പതിറ്റാണ്ടുകളായി ആവർത്തിക്കപ്പെടുന്ന പാരമ്പര്യമാണിത്. അതിൽ കോലിട്ടിളക്കി രുചിനോക്കുന്നവരെ സമുദായത്തിന്റെ ഗുണകാംക്ഷികൾ തിരിച്ചറിയുന്നുണ്ട്, ഇപ്പോൾ’’ (സുപ്രഭാതം, 2024 ജൂൺ 7 വെള്ളി, പേജ് 6).

മുസ്‌ലിയാക്കന്മാർ പരസ്യമായി പറഞ്ഞ ലീഗ് വിരുദ്ധതയും കമ്യൂണിസ്റ്റ് ചായ്‌വുള്ള വാക്കുകളും സോഷ്യൽ മീഡിയ വഴി പുറത്തായപ്പോൾ ഗതികേടുകൊണ്ടുള്ള പുളച്ചിലാണിത്. ലീഗ് വിരുദ്ധതയ്ക്ക് ബീജാവാപം നൽകിയ ജിഫ്രിയുടെയും പിന്നീടുണ്ടായ ജാള്യം മറയ്ക്കാൻ ശ്രമിക്കുന്ന അമ്പലക്കടവിന്റെയും വാക്കുകളിലെ വ്യക്തമായ പൊരുത്തക്കേട് വായനക്കാർ ശ്രദ്ധിക്കാതെ പോകരുത്. മുജാഹിദ് പ്രസ്ഥാനത്തെ ആശയപരമായും രാഷ്ട്രീയമായും തലങ്ങും വിലങ്ങും തല്ലാനിറങ്ങിയവർക്ക് കണക്കിന് കിട്ടുന്ന കാഴ്ചയാണിപ്പോൾ!
‘ശൈഥില്യം അരാജകത്വമാണ്, അനുസരണയാണ് പരിഹാരം’ എന്ന തലക്കെട്ടിൽ സത്യധാരക്കാരൻ എഴുതുന്നു: “ഗുണകാംക്ഷാപൂർവമുള്ള ഇടപെടലുകളാണ് നടക്കേണ്ടത്. നിർഭാഗ്യവശാൽ അതു തന്നെയാണ് പലപ്പോഴും നടക്കാതെ പോകുന്നതും. ഓരോരുത്തരും ഓരോ പ്രസ്ഥാനങ്ങളായി മാറുന്നുവെന്നതാണ് പുതിയ കാലത്തിന്റെ പരിഹാസ്യമായ ദുരന്തം! സമുദായത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഉലമാക്കളെയും ഉമറാക്കളെയും സോഷ്യൽ മീഡിയയിലെ അവനവൻ തുരുത്തിലിരുന്ന് അപഹസിക്കുന്ന കാഴ്ച അപകടകരമായൊരു പരിണിതിയാണ്. വൈചാരികതയേക്കാൾ വൈകാരികത മുഴച്ചുനിൽക്കുന്ന ഇ-ഇടങ്ങളിൽ പ്രതികരിച്ച് ആത്മരതി അടയുന്നവർ ഏറ്റവും ചുരുങ്ങിയത് പൊതു നിലപാടുകളെ ചോദ്യം ചെയ്യാനുള്ള അവനവന്റെ യോഗ്യതയെങ്കിലും ഒരുവേള ആത്മവിചാരത്തിന് വിധേയമാക്കേണ്ടതുണ്ട്’’ (പേജ് 43).
മൂത്തേടം ഖാസിമിയുടെ വിഷലിപ്തമായ പ്രഭാഷണങ്ങളും സഭ്യമല്ലാത്ത സംസാരങ്ങളും നൂതന സൗകര്യങ്ങൾ വഴിയുള്ള പലരുടെയും പരിഹാസങ്ങളും വാഫി-വഫിയ്യ സംവിധാനങ്ങൾകൊണ്ട് നടന്നിരുന്ന ഹകീം ഫൈസി ആദൃശ്ശേരിയെ പുറത്താക്കിയതുമൊക്കെ നിരന്തരം ഇവരെ വേട്ടയാടുന്നുണ്ട്. പടച്ചവനു മുകളിൽ പടപ്പുകളെ സ്ഥാപിക്കാൻ ശ്രമിക്കുന്നവർ ഇതും ഇതിലപ്പുറവും അനുഭവിക്കേണ്ടി വരും.
അല്ലാഹു പറയുന്നു: “അല്ലാഹുവോടൊപ്പം മറ്റൊരു ആരാധ്യനെയും നീ സ്ഥാപിക്കരുത്; എങ്കിൽ അപമാനിതനും കയ്യൊഴിക്കപ്പെട്ടവനുമായി നീ ഇരിക്കേണ്ടിവരും’’ (17:22).
മുസ്‌ലിയാക്കന്മാർ പണ്ടുതൊട്ടേ സ്ഥാപിച്ച ആദർശത്തിന്റെ അടിത്തറ പൊളിക്കാൻ മുശാവറയിൽപ്പെട്ടവർ തന്നെ രംഗത്തെതിയതും ആത്മീയ ചൂഷണ മേഖലയിലുള്ളവർ സംഘടനയുടെ ചൊൽപ്പടിയിൽ നിൽക്കാത്തതും സമസ്തയുടെ മേൽവിലാസത്തിൽ മതവാണിഭം നടത്തുന്നവരുമാണ് കാന്തപുരം വിഭാഗത്തിലെ ‘കുഴപ്പക്കാർ.’ നേരിട്ടും സർക്കുലർ മുഖേനയും പൊതു അറിയിപ്പ് നൽകിയുമൊക്കെയുള്ള ശാസന നടപടികൾ തുടർന്നുകൊണ്ടിരിക്കുന്നു. പറഞ്ഞതും എഴുതിക്കൂട്ടിയതുമെല്ലാം തിരുത്തുകയും പിൻവലിക്കുകയും ചെയ്യുന്ന സാഹചര്യമാണ്. കാന്തപുരത്തിന്റെ പ്രാർഥനയും ആശീർവാദവുമുള്ള ‘അറിവിൻ നിലാവ്’ സംവിധാനത്തിൽനിന്ന് അണികൾക്ക് വിലക്കേർപ്പെടുത്തിയത് നോക്കൂ:
“പ്രിയരേ, നിലമ്പൂർ സോണിലെ എടവണ്ണ സർക്കിളിലെ പത്തപ്പിരിയം യൂണിറ്റിലെ സ്വഫ്‌വാൻ സഖാഫി എന്ന വ്യക്തിയെ കുറിച്ചും അറിവിൻ നിലാവ് എന്ന ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സോൺ കമ്മിറ്റിക്ക് ലഭിച്ച പരാതിയെ തുടർന്ന് സോൺ നേതൃത്വം നടത്തിയ അന്വേഷണത്തിൽ പ്രസ്തുത ആരോപണങ്ങൾ ശരിയാണെന്നും ദീനിനും സംഘടനയ്ക്കും നിരക്കാത്തതാണെന്നും ബോധ്യപ്പെട്ടതിനാൽ പ്രസ്തുത വ്യക്തിയുമായോ അദ്ദഹത്തിന്റെ പരിപാടികളുമായോ കേരള മുസ്‌ലിം ജമാഅത്ത് സോൺ കമ്മിറ്റിക്കും കീഴ്ഘടകങ്ങൾക്കും യാതൊരു ബന്ധവുമില്ലെന്നും പ്രവർത്തകർ അതുമായി വിട്ടുനിൽക്കണമെന്നും ഇതിനാൽ അറിയിക്കുന്നു. എന്ന്, സി.സുലൈമാൻ ദാരിമി വല്ലപ്പുഴ(പ്രസിഡന്റ് സോൺ), ഇ.ഒ ഹംസ സഖാഫി മാമ്പറ്റ(ജനറൽ സെക്രട്ടറി), ടി.കെ അബ്ദുല്ല കുണ്ടുതോട്(ഫിനാൻസ് സെക്രട്ടറി).’’
ഇത്രയും കാലം ദീനിനു നിരക്കാത്ത പരിപാടിയിൽ പങ്കെടുത്ത ലക്ഷക്കണക്കിനാളുകളുടെ പാപഭാരം ആരാണ് വഹിക്കുക?
ജനങ്ങളുടെ ആശ വിറ്റ് ആമാശയം വീർപ്പിക്കുന്ന ഒട്ടനവധി വ്യക്തികേന്ദ്രീകൃത ആത്മീയ ചൂഷണ സംഘങ്ങൾ ഇവരുടെ അറിവോടെതന്നെ മുന്നോട്ട് പോകുന്നുണ്ട്. അതിനൊക്കെയും ഇതുപോലെ ‘പൂട്ട്’ വീഴുമോ? ഇത്തരം വ്യവഹാരങ്ങളെ പ്രാമാണികമായി നേരിട്ട സലഫികളെ അനാവശ്യമായി വേട്ടയാടിയതിന് മാപ്പു പറയൽ പ്രതീക്ഷിക്കാമോ?
വയനാട് ജില്ലാ സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ പുറത്തുവിട്ടൊരു കത്ത് വായിക്കാം: “ പനമരം ഉപ്പാപ (അഹ്‌മദ് ഉപ്പാപ) എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തി വലിയ്യെന്നോ പ്രത്യേകം പരിഗണിക്കപ്പെടേണ്ടവരെന്നോ സ്ഥിരപ്പെടാത്തതിനാൽ അദ്ദേഹത്തിന്റെ ഖബർ കെട്ടിപ്പൊന്തിക്കുക, പ്രത്യേകം പരിഗണിക്കപ്പെടുന്ന രീതിയിൽ ഉറൂസ്, സിയാറത്ത് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെടരുതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ മുശാവറ അറിയിച്ചു. പി ഹസൻ മൗലവി ബാഖവി (പ്രസിഡന്റ്), കെ. കെ ഹുസൈൻ ബാഖവി (ജ. സെക്രട്ടറി).’’
ക്വബ്‌റുകൾ കെട്ടിയുയർത്തുക എന്നത് ഇസ്‌ലാമികമല്ല. ജാറപൂജയും ജാറവ്യവസായവും ശിയാക്കളുടെ സംഭാവനയാണ്. എല്ലാ ജാറങ്ങളോടും മുകളിൽ പറഞ്ഞ നിലപാടെടുക്കാൻ ഇവർക്ക് തന്റേടമുണ്ടോ? ഉറൂസിന്റെ ഉദ്ഘാടനം നിർവഹിച്ചത് നബിﷺയാണെന്ന കളവ് പിൻവലിക്കുമോ?
ഇ.കെ വിഭാഗവും ഈ വിഷയകമായി പറയുന്നത് കാണുക: “വേറൊരു ഭാഗത്ത് ആദ്ധ്യാത്മികതയുടെ പേരിൽ വ്യാജസിദ്ധന്മാരും കപടശൈഖന്മാരും വിലസിയിരുന്നു. അവർ പലപ്പോഴും മതത്തിന്റെ അതിരുകളും അതിർവരമ്പുകളും അതിലംഘിച്ചു മുന്നറി. വിശ്വാസികളെ പലവിധത്തിൽ ചുഷണം ചെയ്തു മുന്നേറി. ശരീഅത്തിന്റെ ചട്ടക്കൂടുകളെയെല്ലാം പരിഹസിക്കുന്നതായിരുന്നു അവരുടെ നിലപാട്. ഓരോ പ്രദേശത്തും ഇത്തരം ചെറുതും വലുതുമായ ചൂഷണകേന്ദ്രങ്ങളുണ്ടായിരുന്നു. ഇതിനെയെല്ലാം ചൂണ്ടിക്കാട്ടിയാണ് പലപ്പോഴും വഹാബിസം പോലുള്ള ബിദഈ സംഘങ്ങൾ വിശ്വാസികളെ മറ്റൊരു തെറ്റായ വഴിയിലേക്ക് തള്ളിവിടാൻ ശ്രമിച്ചത്’’ (സത്യധാര, 2024 ഫെബ്രുവരി 1-28, പേജ് 65).
സകല ആത്മീയവാണിഭ കേന്ദ്രങ്ങളും ജാറങ്ങളും അടച്ചുപൂട്ടി ഒരു ചൂഷണ നിർമാർജന യത്‌നമാണ് ഇതുകൊണ്ടെല്ലാം ലക്ഷ്യമാക്കുന്നതെങ്കിൽ നമുക്കിതിനെ പ്രശംസിക്കാമായിരുന്നു. എന്നാൽ വരുമാന വഴികൾ പലതായി പിരിഞ്ഞതിന്റെ പരിഭവമാണിതെല്ലാം! സമസ്ത ഇടപെട്ടതിനാൽ നിർജീവമായ ഒരു തട്ടിപ്പുകേന്ദ്രമുണ്ടോ? മുശാവറയുടെ തീരുമാനത്തെ അവഗണിക്കുന്നവർ വളരുന്നതായല്ലേ കാണുവാൻ സാധിക്കുന്നത്?
ആത്മീയതയുടെ യഥാർഥ വഴി തുറക്കപ്പെടുമ്പോൾ ജനങ്ങളിൽ ഉണ്ടാകുന്ന മാറ്റത്തെ ‘ബിദഈ’വൽകരിക്കുന്നതിനെ വിവരദോഷമെന്നേ വിശേഷിപ്പിക്കാനാവൂ! നിരർഥകമായ വാദങ്ങൾകൊണ്ടാണിവർ സത്യത്തെ ആക്രമിക്കുന്നത്. അതുകൊണ്ടുതന്നെ അതിന് നിലനിൽപുണ്ടാകില്ല.
“...കുഴപ്പമുണ്ടാക്കുന്നവരുടെ പ്രവർത്തനം അല്ലാഹു ഫലവത്താക്കിത്തീർക്കുകയില്ല; തീർച്ച. സത്യത്തെ അവന്റെ വചനങ്ങളിലൂടെ അവൻ യാഥാർഥ്യമാക്കിത്തീർക്കുന്നതാണ്; കുറ്റ വാളികൾക്ക് അത് അനിഷ്ടകരമായാലും ശരി’’ (ക്വുർആൻ 10:81,82).
സമസ്തയുടെ കാവലാളും ലോകം നിയന്ത്രിക്കുന്നവനുമായി വിശേഷിപ്പിക്കപ്പെട്ട സി.എം മടവൂരിനെ വാനോളം പുകഴ്ത്തിക്കൊണ്ട് രചിച്ച ഒരു പുസ്തകമുണ്ട്. മർക്കസിലെ അധ്യാപകനായ മഞ്ചേരി എം.എം അബ്ദുൽ മജീദ് ബാഖവി കാമിൽ സഖാഫി എഴുതിയ ‘ഖുതുഫുൽ ആലം ഫീ മനാഖിബി ഖുതുബുൽ ആലം.’ പുറത്തിറങ്ങിയ പുതുമയിൽതന്നെ അത് പൂഴ്ത്തിവെക്കേണ്ടിവന്നു. മർകസിലെ തന്നെ ഉസ്താദായിരുന്ന അബ്ദുൽ ബസ്വീർ സഖാഫി, കാന്തപുരത്തിന്റെ അവതാരികയോടെ എഴുതിക്കൂട്ടിയ ‘അൽമൗരിദുന്നൂരി ഫീ മൗലിദിൽ മദവൂരി’ എന്നതിനെതൊട്ടും ഇവർ കൈ കഴുകി. സമസ്തയുടെ സ്ഥാപക നേതാവ് പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കെട്ടിക്കൂട്ടിയ ‘ഖുതുബിയ്യത്തും ബൈത്തും’ തൊടാൻ ഇവർക്കിപ്പോൾ പേടിയാണ്.
മുജാഹിദുകൾ രാഷ്ട്രീയത്തിലെ നന്മകളോടൊപ്പം ചേർന്നുനിൽക്കുകയും അതിലെ തിന്മകളോട് മുഖം നോക്കാതെ നിലപാടെടുക്കുകയും ചെയ്യുന്നവരാണ്. ജനവിധിയുടെ വിജയം വരുമ്പോൾ തങ്ങളുടെ വോട്ടുകളുടെ എണ്ണം ഒരാളെയും ബോധിപ്പിക്കാൻ അവർ തുനിയാറില്ല. തങ്ങളുടെ ശ്രമഫലമായി അല്ലാഹുവിന്റെ സഹായത്താൽ സമൂഹത്തിലുണ്ടായ ഗുണപരമായ മാറ്റങ്ങളിൽ അഹങ്കരിക്കാറുമില്ല.
അല്ലാഹു പറയുന്നു: “നീ ഭൂമിയിൽ അഹന്തയോടെ നടക്കരുത്. തീർച്ചയായും നിനക്ക് ഭൂമിയെ പിളർക്കാനൊന്നുമാവില്ല. ഉയരത്തിൽ നിനക്ക് പർവതങ്ങൾക്കൊപ്പമെത്താനും ആവില്ല; തീർച്ച’’ (17:37).

