മാസപ്പിറവി: നവോത്ഥാനത്തിൽനിന്ന് ഹദീസ് നിഷേധത്തിലേക്ക്
പി. ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
2024 മാർച്ച് 09, 1445 ശഅ്ബാൻ 28

മാസമുറപ്പിക്കാൻ കണക്കുകളെയോ കണക്കുകളുപയോഗിച്ച് തയ്യാറാക്കുന്ന കലണ്ടറുകളെയോ ഉപയോഗിക്കുക എന്നത് ഒരു കാലത്തും മുജാഹിദുകളുടെ നയമായിരുന്നില്ല. മുജാഹിദ് കലണ്ടറുകൾ തയ്യാറാക്കിയതാകട്ടെ ഇസ്‌ലാമിക മാസം മുൻകൂട്ടി നിശ്ചയിക്കാൻ വേണ്ടിയും ആയിരുന്നില്ല. ‘മാസപ്പിറവി കണ്ടാൽ നിങ്ങൾ നോമ്പാരംഭിക്കുക. അത് കണ്ടാൽ നോമ്പവസാനിപ്പിക്കുകയും ചെയ്യുക’ എന്ന പ്രവാചക കൽപന പൂർണമായും അനുധാവനം ചെയ്യുക എന്നതായിരുന്നു മുജാഹിദുകളുടെ രീതി. മാസം ഉറപ്പിക്കുന്നതിന് പിറവിയുടെ കാഴ്ചതന്നെ വേണം എന്നതായിരുന്നു മുജാഹിദുകളുടെ നിലപാട്. എങ്കിൽ, എന്തിനാണ് ഒരു കലണ്ടർ എന്ന സംശയം സ്വാഭാവികമാണ്. കലണ്ടറിന്റെ പ്രസക്തിയെന്ത് എന്ന് മനസ്സിലാക്കാൻ കേരള ഹിലാൽ കമ്മിറ്റിയുടെ രൂപീകരണത്തിന് മുമ്പുണ്ടായിരുന്ന മാസനിർണയ ചരിത്രം പരിശോധിച്ചാൽ മതി.
ഖാദിമാരുടെ മാസപ്പിറവി പ്രഖ്യാപനത്തിനനുസരിച്ചാണ് കേരളത്തിൽ മുജാഹിദുകൾ ഇസ്‌ലാമിക തീയതികൾ നിർണയിച്ചുവന്നിരുന്നത്. എന്നാൽ ഖാദിമാർ തമ്മിലുള്ള അനൈക്യംമൂലം നോമ്പ്-പെരുന്നാൾ ദിനങ്ങളിൽ പലപ്പോഴും ആശയക്കുഴപ്പങ്ങളും ഭിന്നിപ്പും സംജാതമായി. സമീപസ്ഥമായ മഹല്ലുകളിൽപോലും വ്യത്യസ്ത ദിനങ്ങളിൽ പെരുന്നാൾ ആചരിക്കുകയും നോമ്പ് ആരംഭിക്കുകയും ചെയ്യുന്ന സ്ഥിതി കേരളത്തിൽ പതിവായി മാറി. ഒരു ഖാദി ഒരു മഹല്ലിൽ പെരുന്നാൾ പ്രഖ്യാപിച്ചാൽ അടുത്ത മഹല്ലിലെ ഖാദി അത് അംഗീകരിക്കാതിരിക്കുക, ഒരു ഖാദി തന്റെ മഹല്ലിൽ പെരുന്നാൾ പ്രഖ്യാപിക്കുന്നതിനു മുമ്പേ തന്നെ അടുത്ത മഹല്ലിലെ ഖാദി പെരുന്നാൾ ഉറപ്പിക്കുക എന്നിങ്ങനെ ചെയ്യുന്ന ഖാദിമാർ തമ്മിലുള്ള അനൈക്യംമൂലം നോമ്പ്-പെരുന്നാൾ ദിനങ്ങൾ ഭിന്നിക്കുന്ന അവസ്ഥ സർവസാധാരണമായി.
ഖാദിമാർ തമ്മിലുള്ള കിടമത്സരംമൂലം റോഡിന് ഒരു വശത്ത് പെരുന്നാൾ മറുവശത്ത് നോമ്പ്, ഒരു വീട്ടിൽ നോമ്പ്, തൊട്ടടുത്തുള്ള ബന്ധുവീട്ടിൽ പെരുന്നാൾ ഇങ്ങനെ നോമ്പ് പെരുന്നാൾ ദിനങ്ങളിൽ നാട്ടിലുടനീളം ഭിന്നിപ്പ് വ്യാപകമായിത്തീർന്നു. ആദ്യം മാസമുറപ്പിക്കുന്നത് താനായിരിക്കണമെന്നും അടുത്തുള്ള ഖാദി ഉറപ്പിക്കുന്നത് താനംഗീകരിക്കില്ലെന്നുമുള്ള പല ഖാദിമാരുടെയും പിടിവാശി പ്രശ്‌നങ്ങളുണ്ടാക്കി; പിറവി കാണാൻ സാധ്യതയില്ലാത്ത ദിവസങ്ങളിൽ മാസപ്പിറവി കണ്ടുവെന്ന അവാസ്തവ പ്രഖ്യാപനങ്ങളുണ്ടായി. സൂര്യൻ അസ്തമിക്കുന്നതിനു മുമ്പേ അസ്തമിച്ചുപോയ ചന്ദ്രനെ കണ്ടു എന്ന കള്ളസാക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ നോമ്പും പെരുന്നാളും നിശ്ചയിക്കപ്പെട്ടു. എന്തിനേറെ, ന്യൂമൂൺ ഉണ്ടാകുന്നതിനു മുമ്പേ ഹിലാൽ കണ്ടതായുള്ള വാർത്തകൾ അംഗീകരിക്കപ്പെട്ടു.
ശോചനീയമായ ഈ സ്ഥിതിവിശേഷം ഒഴിവാക്കുന്നതിന് എന്തുണ്ട് വഴി എന്ന് മുജാഹിദ് നേതാക്കൾ ചിന്തിക്കുകയും അതിനു പരിഹാരമായി സൂര്യൻ അസ്തമിക്കുന്നതിനു മുമ്പേ ചന്ദ്രൻ അസ്തമിക്കുന്ന സന്ദർഭങ്ങൾ മുൻകൂട്ടി ജനങ്ങളെ അറിയിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. അത്തരം ദിവസങ്ങളിൽ മാസപ്പിറവി കണ്ടു എന്ന വാർത്ത അംഗീകരിക്കരുത് എന്നും മുജാഹിദുകൾ പ്രഖ്യാപിച്ചു. ചന്ദ്രമാസം 29ന് സൂര്യാസ്തമയ ശേഷം ചന്ദ്രൻ ചക്രവാളത്തിൽ ഇല്ല എങ്കിൽ 30 ദിവസം പൂർത്തിയാക്കി അടുത്ത മാസത്തിലേക്കു കടക്കുന്ന രൂപത്തിൽ മുജാഹിദുകൾ കലണ്ടർ തയ്യാറാക്കി. സൂര്യനസ്തമിച്ചതിനു ശേഷവും ചന്ദ്രൻ ചക്രവാളത്തിൽ ഉണ്ടാകുന്നതിനു ശേഷമുള്ള ആദ്യദിവസം മാസാരംഭത്തിന്റെ ആദ്യ സാധ്യതാദിനമായി കലണ്ടറിൽ രേഖപ്പെടുത്തി. പുതിയ മാസം പിറന്നതായി കലണ്ടറിൽ രേഖപ്പെടുത്തിയിരുന്നുവെങ്കിലും ചക്രവാളത്തിലുള്ള ആ ചന്ദ്രനെ നഗ്‌നനേത്രങ്ങൾകൊണ്ട് കാണാൻ കഴിഞ്ഞാൽ മാത്രമെ യഥാർഥത്തിൽ മാസാരംഭമായി മുജാഹിദുകൾ കണക്കാക്കിയിരുന്നുള്ളൂ.
മാസപ്പിറവി കാണാൻ സാധ്യതയില്ലാത്ത 29ാം തീയതി നിർണയിച്ചുകൊണ്ടുള്ള ശരിയായ മാസനിർണയത്തിന് കേരളത്തിലുള്ളവർക്കെല്ലാം സാധിക്കണമെന്ന ഉദ്ദേശ്യത്തോടെ ഒരു പൊതുവേദി രൂപീകരിക്കണമെന്ന് മുജാഹിദ് നേതൃത്വം തീരുമാനിച്ചു. അതിനായി ഖാദിമാരെയും സമസ്തയുടെ നേതാക്കളെയും ക്ഷണിച്ചുകൊണ്ട് 1975 ആഗസ്ത് 8ന് കോഴിക്കോട്ട് ഒരു യോഗം വിളിച്ചുചേർത്തു. എന്നാൽ ഖാദിമാരോ സമസ്തയുടെ നേതാക്കളോ യോഗത്തിൽ പങ്കെടുത്തില്ല. അവരുടെ അസാന്നിധ്യത്തിൽ കേരള ഹിലാൽ കമ്മിറ്റി എന്ന പേരിൽ ഒരു സമിതി രൂപീകരിക്കപ്പെട്ടു. ശരിയായ മാസനിർണയത്തിന് ഖാദിമാരെയും മഹല്ല് ഭാരവാഹികളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട കേരള ഹിലാൽ കമ്മിറ്റിയുമായി സഹകരിക്കാൻ യാഥാസ്ഥിതികർ തയ്യാറായില്ലെന്ന് മാത്രമല്ല, കമ്മിറ്റിയെ അവർ നഖശിഖാന്തം എതിർക്കുകയും ചെയ്തു.

പിറവി സാധ്യതയില്ലാത്ത 29ാം തീയതിയാണ് ഒരു മാസത്തിനുള്ളതെങ്കിൽ കൃത്യമായ മാസനിർണയത്തിന് ആ മാസം മുപ്പതായി കണക്കാക്കണമെന്ന നിർദേശം ഖാദിമാർ തള്ളി. മാസനിർണയത്തിന് കണക്കുപയോഗിക്കുന്നത് അനിസ്‌ലാമികമാണെന്നു പറഞ്ഞ് ഹിലാൽ കമ്മിറ്റിയുടെ നിലപാടുകളെ അവർ എതിർത്തു. ഏതു മാസവും നിർണയിക്കാൻ പിറവിയുടെ കാഴ്ചയാണ് പരിഗണിക്കേണ്ടതെന്നും പിറവി കണ്ടതായുള്ള സാക്ഷ്യങ്ങൾ ശരിയോ എന്ന് പരിശോധിക്കാൻ വേണ്ടി മാത്രമാണ് കണക്കുകൾ ഉപയോഗപ്പെടുത്തുന്നതെന്നും ഹിലാൽ കമ്മിറ്റി വിശദീകരണം നൽകി. ഹിലാൽ കണ്ടതായുള്ള വാർത്ത ശരിയോ എന്ന് പരിശോധിക്കാൻ ഇന്ന് നമുക്ക് ലഭ്യമായ എല്ലാ വിവരങ്ങളും ഉപയോഗപ്പെടുത്തണം എന്നതായിരുന്നു ഹിലാൽ കമ്മിറ്റിയുടെ നിലപാട്. അതിന് സഹായിക്കുന്ന വിധത്തിൽ അന്യൂനമായ ഗോളശാസ്ത്ര കണക്കുകൾ ഇന്നുണ്ട്. ഈ കണക്കുകൾ ഉപയോഗിച്ച് പിറവി വാർത്ത ശരിയോ എന്നു പരിശോധിക്കുമ്പോൾ മാസമാരംഭിക്കുന്നതിന് കാഴ്ചയെ അവലംബമാക്കണം എന്ന പ്രവാചകാധ്യാപനം ലംഘിക്കപ്പെടുന്നില്ല. എല്ലാ മാസവും ഹിലാൽ കാണാതെയോ കാണാത്തപക്ഷം മുപ്പതു തികയ്ക്കാതെയോ അടുത്ത മാസത്തിലേക്കു കടക്കുന്നത് പ്രവാചകാധ്യാപനങ്ങൾക്കു വിരുദ്ധമാണെന്ന് തന്നെയായിരുന്നു ഹിലാൽ കമ്മിറ്റിയുടെ നിലപാട്. ഇക്കാര്യം മുജാഹിദുകൾ സമൂഹത്തിനു മുമ്പിൽ തുറന്നു പറയുകയും ചെയ്തു. ഹിലാൽ കമ്മിറ്റിയുടെ ശാസ്ത്രീയവും മതാധ്യാപനങ്ങൾക്ക് വിരുദ്ധവുമല്ലാത്ത ഈ സമീപനത്തെ യാഥാസ്ഥിതികർ എതിർക്കുകയും അവർക്കു തോന്നിയരൂപത്തിൽ നോമ്പ്- പെരുന്നാളുകൾ നിശ്ചയിക്കുന്ന രീതി തുടരുകയും ചെയ്തു.
ഹിലാൽ കമ്മിറ്റി രൂപീകരിച്ച് ഒരു വർഷം കഴിഞ്ഞു. 1976ലെ റമദാൻ സമാഗതമായി. ആഗസ്ത് 24 നായിരുന്നു ശഅ്ബാൻ 29. അന്നു മാസപ്പിറവി കാണാൻ ഖാദിമാർ ആഹ്വാനം ചെയ്യുകയും പിറവി കണ്ടു എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ റമദാൻ ഉറപ്പിക്കുകയും ചെയ്തു. എന്നാൽ അന്ന് കേരളത്തിൽ മാസപ്പിറവി കാണുക അസംഭവ്യമായിരുന്നു. അന്ന് സൂര്യൻ അസ്തമിക്കുന്നതിന് ഏകദേശം ഒരു മണിക്കൂർ മുമ്പേ അസ്തമിച്ചുപോയ ചന്ദ്രനെ കണ്ടതായി തെറ്റായ സ്ഥിരീകരണം വന്നു. ആഗസ്റ്റ് 25നു റമദാൻ ഒന്നായി പ്രഖ്യാപിക്കപ്പെട്ടു. പിറവി കാണാൻ സാധ്യതയില്ലാത്ത ദിനത്തിൽ റമദാൻ ഒന്ന് ആയി പ്രഖ്യാപിച്ചതിനെ ഹിലാൽ കമ്മിറ്റി വിമർശിച്ചു. ഖാദിമാരുടെ തീരുമാനമനുസരിച്ച് മുജാഹിദുകൾ നോമ്പ് ആരംഭിച്ചുവെങ്കിലും ഇത്തരം പ്രഖ്യാപനങ്ങൾ മേലിൽ അംഗീകരിക്കേണ്ടതില്ലെന്ന് മുജാഹിദ് നേതാക്കൾ തീരുമാനിച്ചു.
1976 സെപ്റ്റംബർ 23നായിരുന്നു ആ വർഷത്തെ റമദാൻ 29. അന്നേദിവസം സൂര്യൻ അസ്തമിക്കുന്നതിന് 26 മിനിറ്റു മുമ്പ് ചന്ദ്രൻ അസ്തമിക്കുന്നുണ്ടായിരുന്നു. പിറവി കാണാൻ സാധ്യതയില്ലാത്ത ഈ ദിനത്തിൽ പിറവി കാണാനാവശ്യപ്പെടുന്നത് ശരിയല്ലെന്ന് ഹിലാൽ കമ്മിറ്റി നേതാക്കൾ സമസ്തയുടെ നേതാക്കൻമാരെയും ഖാദിമാരെയും അറിയിച്ചു. എന്നാൽ ഖാദിമാർ അത് ചെവിക്കൊണ്ടില്ല. അന്നു മാസപ്പിറവി കാണാൻ ജനങ്ങളെ ആഹ്വാനം ചെയ്തു. സപ്തംബർ 23ന് മാസപ്പിറവി കാണാൻ സാധ്യതയില്ലെന്നും അതിനാൽ റമദാൻ 30 പൂർത്തിയാക്കി സെപ്റ്റംബർ 25ന് ആയിരിക്കും ഈദുൽഫിത്വ‌്ർ എന്നും ഹിലാൽ കമ്മിറ്റിക്ക് മുൻകൂട്ടി പ്രഖ്യാപിക്കേണ്ടി വന്നു. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു ആ പ്രഖ്യാപനം.
എന്നാൽ ഹിലാൽ കമ്മിറ്റിയെ ഒരു ‘പാഠം’ പഠിപ്പിക്കണമെന്നും റമദാൻ 29നു തന്നെ ഞങ്ങൾ മാസം കാണുമെന്നും സെപ്തംബർ 24ന് പെരുന്നാൾ ആയിരിക്കുമെന്നും യാഥാസ്ഥിതികർ മുൻകൂട്ടി പ്രചാരണം നടത്തി. അങ്ങനെ മാസപ്പിറവി കാണാൻ സാധ്യതയില്ലാത്ത ആ ദിനത്തിൽ തിരൂരിനടുത്ത കൂട്ടായിയിൽ മാസപ്പിറവി കണ്ടതായി ഖാദിമാർ പ്രഖ്യാപിച്ചു. സെപ്തംബർ 24ന് എല്ലാ മഹല്ലുകളിലും യാഥാസ്ഥിതികർ ഒറ്റക്കെട്ടായി ‘വാശിപ്പെരുന്നാൾ’ കൊണ്ടാടി. ചരിത്രത്തിൽ ആദ്യമായി ഖാദിമാരെ ധിക്കരിച്ചുകൊണ്ട് മുജാഹിദുകൾ അതിനടുത്ത ദിവസം പെരുന്നാൾ ആചരിക്കുകയും ചെയ്തു.
മഹല്ലുതോറും വ്യത്യസ്ത ദിനങ്ങളിൽ പെരുന്നാളും നോമ്പും ആചരിക്കുന്ന സ്ഥിതിക്ക് ഇതോടെ കുറവ് വന്നു. മാസപ്പിറവിയുടെ അവാസ്തവ പ്രഖ്യാപനങ്ങളുടെ പേരിൽ ഉണ്ടാകാറുള്ള നോമ്പ്-പെരുന്നാളുകളുടെ ഭിന്നിപ്പിന് അറുതിവരുത്താൻ ഹിലാൽ കമ്മിറ്റിയുടെ ഈ നിലപാട് സഹായകമായി. മാസനിർണയത്തിന്റെ പിൽക്കാല ചരിത്രം പരിശോധിച്ചാൽ ഇത് ബോധ്യമാകും.
പിറവി കാണാൻ സാധ്യതയില്ലാത്ത 29-ാം തീയതികളിൽ മാത്രം പിന്നീടും കേരള ഹിലാൽ കമ്മിറ്റി ഇടപെട്ടു. ഈ ഇടപെടൽ കാരണം അത്തരം ദിനങ്ങളിൽ പിറവി കണ്ടതായുള്ള പ്രഖ്യാപനങ്ങൾ നടത്തുന്നതിൽനിന്നും ഏറെക്കാലം ഖാദിമാർ വിട്ടുനിന്നു. സമസ്തയിലെ ഇകെ, എപി വിഭാഗങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസംമൂലം 1997ൽ പെരുന്നാൾ ദിനത്തിൽ ഭിന്നിപ്പ് ഉണ്ടായതൊഴിച്ചാൽ പെരുന്നാളും നോമ്പുമെല്ലാം ഐക്യത്തോടുകൂടി ആചരിക്കാൻ കേരളീയ മുസ്‌ലിം സമൂഹത്തിന് പിന്നീട് സാധിച്ചിട്ടുണ്ട്. ഗോളശാസ്ത്ര യാഥാർഥ്യങ്ങളെ തിരസ്‌കരിക്കുന്ന നിലപാടിൽനിന്നും ഏറെക്കുറെ ഖാദിമാർ മാറിക്കഴിഞ്ഞു എന്നുതന്നെയാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. സുന്നത്തിനെ ധിക്കരിക്കാതെയും ശാസ്ത്ര യാഥാർഥ്യങ്ങളെ അവഗണിക്കാതെയും മാസപ്പിറവി വിഷയത്തിൽ മുജാഹിദുകൾ നടത്തിയ നവോത്ഥാനം സമൂഹം അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു എന്നതിൽ നമുക്ക് സന്തോഷിക്കാം.

എന്നാൽ ഖേദകരമെന്നു പറയട്ടെ, ഈ നവോത്ഥാന ശ്രമങ്ങൾ ഏറെക്കുറെ വിജയം കണ്ടുവെങ്കിലും മാസം തീരുമാനിക്കാൻ കാഴ്ചയെ ആശ്രയിക്കേണ്ടതില്ലെന്നും പൂർണമായും കണക്കുകൾ അടിസ്ഥാനമാക്കിയാൽ മതിയെന്നുമുള്ള ഒരു പുതിയവാദം 1990കളിൽ ചിലർ ഉയർത്തി. ഹിലാലിനു പകരം ന്യൂമൂണിനെ മാസാരംഭമായി നിശ്ചയിക്കാമെന്നാണ് ഇവർ വാദിച്ചത്. മാസപ്പിറവിക്ക് പ്രവാചക തിരുമേനിﷺ നിശ്ചയിച്ച ‘ഹിലാൽ കാണുക’ എന്നതിന് തെളിവായുള്ള നൂറുകണക്കിന് ഹദീസുകളെ നിഷേധിക്കുന്നതാണ് ഈ അഭിപ്രായമെന്നും ഹിലാൽ രൂപപ്പെടുന്നതെപ്പോൾ എന്നു കണ്ടെത്താൻ സഹായകമായ കണക്കുകൾ ശോളശാസ്ത്രത്തിലില്ലെന്നും ഇക്കാലയളവിൽ മുജാഹിദുകൾ സമർഥിച്ചു. അവർ ഉന്നയിച്ച വാദഗതികളെയെല്ലാം ശാസ്ത്രീയ വസ്തുതകളുടെയും മതപ്രമാണങ്ങളുടെയും വെളിച്ചത്തിൽ മുജാഹിദുകൾ ഖണ്ഡിച്ചു. ന്യൂമൂണിനെ അവലംബിക്കുന്നത് മാസപ്പിറവി സംബന്ധമായി വന്ന മുഴുവൻ ഹദീസുകളെയും നിഷേധിക്കുന്നതാണെന്നും പെരുന്നാൾ ഏകീകരണം എന്ന അവരുടെ ലക്ഷ്യം കൈവരിക്കാൻ ന്യൂമൂൺ മാനദണ്ഡം അപര്യാപ്തമാണെന്നും മുജാഹിദുകൾ വ്യക്തമാക്കി.
ഈ പോരായ്മ പരിഹരിക്കാൻ IDL അഥവാ അന്താരാഷ്ട്ര ദിനരേഖ(International Date Line)യിൽ മാസം ആരംഭിക്കുന്ന തരത്തിൽ അവർ കലണ്ടർ പിന്നീട് പരിഷ്‌കരിക്കുകയുണ്ടായി. ഇതിനായി അവർ മക്കയിൽ പുലർച്ചെ മൂന്നു മണിക്കാണ് ദിവസം ആരംഭിക്കുന്നത് എന്ന തെറ്റായ ഒരു നിഗമനം രൂപീകരിക്കുകയാണ് ചെയ്തത്. മക്കയിൽ 3 മണിക്ക് ആരംഭിക്കുന്ന ദിവസത്തിന് ‘ലോക ദിവസം’ എന്ന് അവർ പേരിടുകയും ചെയ്തു. ഇസ്‌ലാമിക പ്രമാണങ്ങളിലോ ഭൂമിശാസ്ത്ര ചരിത്രത്തിലോ ഗോളശാസ്ത്ര നിഗമനങ്ങളിലോ കാണാത്ത ‘ലോക ദിവസം’ എന്ന സംജ്ഞ അവതരിപ്പിക്കാൻ അവർ നിർബന്ധിതരാവുകയായിരുന്നു. അങ്ങനെ അവർ ന്യൂമൂൺ മാനദണ്ഡത്തിനു പകരം ന്യൂമൂൺ - IDL മാനദണ്ഡം ആവിഷ്‌കരിച്ചു. ഇവയെല്ലാം പൂർണമായും പ്രവാചക മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് രണ്ടായിരാമാണ്ടിന്റെ ആദ്യദശകത്തിൽതന്നെ മുജാഹിദുകൾ ജനങ്ങളെ പഠിപ്പിച്ചു.
2002ൽ മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ പിളർപ്പോടുകൂടി അസ്തിത്വ പ്രതിസന്ധി നേരിട്ടവർ മാസപ്പിറവി വിഷയത്തിൽ മുജാഹിദുകൾ അക്കാലംവരെ എതിർത്തുവന്നിരുന്ന വാദങ്ങൾ ഏറ്റെടുക്കുന്നതാണ് പിന്നീടു കണ്ടത്. ആദ്യത്തിൽ കാഴ്ചയെ നിഷേധിച്ചവർ ഹിലാലിനു പകരം ന്യൂമൂണിനെയും IDLനെയും അടിസ്ഥാനമാക്കിയെങ്കിൽ പിന്നീട് ഈ വാദം ഏറ്റെടുത്തവർ സൂര്യാസ്തമയശേഷം ചന്ദ്രൻ ചക്രവാളത്തിൽ (മൂൺസെറ്റ് ലാഗ്) ഉണ്ടെങ്കിൽ അടുത്ത ദിവസം ചന്ദ്രമാസം ഒന്നാം തീയതിയായി കണക്കാക്കുന്ന കലണ്ടറുകളെയാണ് അടിസ്ഥാനപ്പെടുത്തിയത്. ഈ കലണ്ടർ നാം നേരത്തെ ആവിഷ്‌കരിച്ചതും ഉപയോഗിച്ചതും പിറവി സാധ്യത ഇല്ലാത്ത 29ാം തീയതി ഏതെല്ലാം എന്ന് സമൂഹത്തിന് അറിവ് നൽകാനായിരുന്നു. ഈ കലണ്ടർ ഉപയോഗിച്ച് മാസമുറപ്പിക്കുന്നത് പ്രവാചകാധ്യാപനങ്ങൾക്ക് വിരുദ്ധമായതിനാൽ മാസമാരംഭിക്കാൻ ഹിലാൽ കാണണമെന്ന മുജാഹിദുകളുടെ മുൻകാല നിലപാടിൽ നിന്നും പുതിയ വിഭാഗക്കാർ വ്യതിചലിച്ചു. പ്രമാണങ്ങൾക്കെതിരാകാത്തവിധം മാസപ്പിറവി നിർണയത്തിലെ കൃത്യത ഉറപ്പുവരുത്തുക എന്ന, മുജാഹിദുകളുടെ നവോത്ഥാനത്തിൽനിന്നും ഹദീസ് നിഷേധത്തിലേക്കുള്ള ചുവടു മാറ്റമായിരുന്നു ഇത്.
കാലചക്രം പിന്നെയും കറങ്ങി. പ്രമാണങ്ങളിൽ അടിയുറച്ചു നിന്നിരുന്ന കേരള ഹിലാൽ കമ്മിറ്റിയും ഹദീസ് നിഷേധ പ്രവണതകളിലേക്ക് നീങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. എന്നാൽ ഇവരാകട്ടെ, റമദാൻ, ശവ്വാൽ, ദുൽഹിജ്ജ തുടങ്ങിയ നോമ്പ്, പെരുന്നാൾ മാസങ്ങൾ മാത്രം ഹിലാലിനെ അടിസ്ഥാനമാക്കി നിർണയിച്ചാൽ മതിയെന്നും മറ്റുള്ള മാസങ്ങൾ മൂൺസെറ്റ് ലാഗ് കലണ്ടറനുസരിച്ച് നിശ്ചയിക്കാമെന്നുമുള്ള വാദമാണ് മുന്നോട്ടു വെച്ചത്. എല്ലാ ഇസ്‌ലാമിക മാസങ്ങളും തീരുമാനിക്കപ്പെടേണ്ടത് പിറവിയുടെ കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കണം എന്ന നമ്മുടെ മുൻകാല നിലപാടുകളിൽ നിന്നുമുള്ള വ്യതിയാനമായിരുന്നു ഇത്. മതപരമായ നമ്മുടെ നിലപാട് മുൻകാലങ്ങളിൽ നാം രേഖപ്പെടുത്തിയത് കാണുക
“ചന്ദ്രക്കലകൾ മനുഷ്യരുടെ ആവശ്യങ്ങൾക്കും ഹജ്ജ് നിർവ്വഹണത്തിന്നും കാലനിർണയത്തിന്നുമുള്ള ഉപാധികളാണെന്ന് അല്ലാഹു (വി.ക്വു. 189) സൂചിപ്പിക്കുന്നു. മാസപ്പിറവി നിർണയം ഇസ്‌ലാമിൽ എപ്രകാരമായിരിക്കണമെന്ന് നബിﷺ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. മാസത്തിലെ ദിനങ്ങൾ 29ഉം 30ഉം ആണെന്നും 29ന് പശ്ചിമ ചക്രവാളത്തിൽ ബാലചന്ദ്രൻ (ഹിലാൽ) ദൃശ്യമായാൽ ആ മാസം മുതൽ അടുത്ത മാസം ആരംഭിക്കുന്നുവെന്നും കാർമേഘം കാരണത്താലോ മറ്റോ ദൃശ്യമായിട്ടില്ലെങ്കിൽ 30 ദിനങ്ങൾ പൂർത്തിയാക്കി അടുത്ത മാസം ആരംഭിക്കണമെന്നുമാണ് നബിﷺയുടെ അധ്യാപനം. ഇത് വളരെ ലളിതമാണ്. ഹിലാൽ ദൃശ്യമാകുമ്പോഴുള്ള പ്രാർഥനയും അവിടുന്ന് പഠിപ്പിച്ചുതന്നിട്ടുണ്ട്. കാഴ്ചക്ക് ഒരു മുസ്‌ലിമെങ്കിലും സാക്ഷ്യം വഹിക്കേണ്ടതുണ്ട്. ലോകാവസാനംവരെ നിലനിൽക്കേണ്ട നിയമമാണിത്. അതിൽ മാറ്റത്തിരുത്തലുകൾ വരുത്താൻ ആർക്കും അധികാരമില്ല. പ്രവാചകന്റെ കാലം മുതൽ ഇതുവരെയുള്ള മുസ്‌ലിം സമൂഹം നബിചര്യ പ്രകാരം ഹിലാൽ ദർശനത്തിന്റെ അടിസ്ഥാനത്തിൽ ഇസ്‌ലാമിക മാസപ്പിറവി കണക്കാക്കിവരുന്നു’’ (കെ. സൈതലവി, പുത്തൂർ പള്ളിക്കൽ, വിചിന്തനം, 2015 ജൂൺ 12).
2005 ൽ കെ.എൻ.എം. പ്രസിദ്ധീകരിക്കുകയും അന്നത്തെ കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുൽ ഖാദിർ മൗലവി പരിശോധിച്ച് അവതാരിക എഴുതുകയും ചെയ്ത, ഈ ലേഖകന്റെ ‘മാസപ്പിറവി നബിചര്യയിലും ശാസ്ത്രത്തിലും’ എന്ന പുസ്തകത്തിൽ എല്ലാ മാസവും പിറവി കാണണമെന്ന് നിർദേശിക്കുന്ന വരികൾ കാണാം:
“എല്ലാ ചാന്ദ്രമാസം മുപ്പതിനും ചന്ദ്രൻ വ്യക്തമായി ആകാശത്ത് പ്രത്യക്ഷപ്പെടുന്നു എന്ന വസ്തുത വ്യക്തമായിരിക്കെ 29ന് പിറവിചന്ദ്രനെ നോക്കാനും പിറവി ദർശനത്തിനനുസരിച്ച് ഒട്ടും തെറ്റുകൂടാതെ അടുത്ത മാസം ആരംഭിക്കാനും മുസ്‌ലിംകളെ ഉദ്‌ബോധിപ്പിക്കുകയാണ് പ്രവാചകൻﷺ ചെയ്തത്.’’
ഇസ്‌ലാമികമായ അനുഷ്ഠാനങ്ങൾക്ക് തീയതി നിശ്ചയിക്കാൻ എല്ലാ മാസങ്ങളും ആരംഭിക്കേണ്ടത് പിറവിയുടെ കാഴ്ചയുടെ അടിസ്ഥാനത്തിൽ തന്നെയാവണം എന്നതായിരുന്നു മുജാഹിദുകളുടെ പ്രമാണാധിഷ്ഠിതമായ നിലപാട് എന്ന് മുകളിൽ നൽകിയ ഉദ്ധരണികളിൽനിന്നും വ്യക്തമാണല്ലോ. എല്ലാ മാസങ്ങളും കാണാനും അവ പ്രഖ്യാപിക്കാനുമുള്ള സംവിധാനം ഒരുക്കാനാവാത്തതുമൂലം മുജാഹിദുകൾക്ക് മറ്റു സ്രോതസ്സുകളെ ആശ്രയിക്കേണ്ടതായിവന്നിട്ടുണ്ട്. എങ്കിലും പ്രമാണാധിഷ്ഠിതമായ ആ നിലപാടിൽനിന്നും നാം മാറിയിരുന്നില്ല.
മാസനിർണയത്തിൽ കണക്കുപയോഗിക്കുന്നതിനെ മുജാഹിദ് പ്രസ്ഥാനം എക്കാലത്തും എതിർത്തുപോന്നിട്ടുണ്ട്. റമദാനോ ശവ്വാലോ ദുൽഹിജ്ജയോ മാത്രം പിറവിയുടെ കാഴ്ചയുടെ അടിസ്ഥാനത്തിൽ മതി, മറ്റു മാസങ്ങൾ കണക്കുകളെ അടിസ്ഥാനപ്പെടുത്തിയുള്ള കലണ്ടർ അനുസരിച്ച് തീരുമാനിച്ചാൽ മതി എന്ന വാദം ഒരു കാലത്തും മുജാഹിദുകൾക്കുണ്ടായിരുന്നില്ല. സമീപകാലത്തുമാത്രം ഉരുത്തിരിഞ്ഞു വന്ന പുതിയ വാദമാണത്. നോമ്പ്, പെരുന്നാൾ മാസങ്ങൾക്കു പുറമെ മറ്റു മാസങ്ങൾക്കും നബിﷺ ഹിലാലിനെ ആസ്പദമാക്കിയതായി തെളിവ് നൽകുന്ന ഹദീസുകളുണ്ടെന്നിരിക്കെ, ഈ പുതിയ വാദം ഹദീഥ് നിഷേധമല്ലാതെ മറ്റൊന്നുമല്ല.
ഹിലാലിന്റെ കാഴ്ചക്കു പകരം കണക്കുപയോഗിക്കാമെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചു എന്ന് കരുതുക; കണക്ക് ഉപയോഗിക്കുന്നവർ ഇസ്‌ലാമിക മാസം നിർണയിക്കുന്നതിന് വ്യത്യസ്ത മാനദണ്ഡങ്ങളാണല്ലോ സ്വീകരിക്കുന്നത്. ചിലർ ന്യൂമൂൺ മാനദണ്ഡമാക്കുന്നു. മറ്റു ചിലർ ന്യൂമൂണും IDL ഉം മാനദണ്ഡമാക്കുന്നു. വേറെ ചിലർ മൂൺസെറ്റ് ലാഗിനെയാണ് അടിസ്ഥാനപ്പെടുത്തുന്നത്. കേരള ഹിലാൽ കമ്മിറ്റിയാകട്ടെ, മുഹർറം മുതൽ ശഅ്ബാൻ വരെ മാത്രം മൂൺസെറ്റ് ലാഗിനെ ഉപയോഗിക്കുന്നു. ഇങ്ങനെ ഓരോ മാനദണ്ഡം സ്വീകരിക്കുമ്പോഴും വ്യത്യസ്ത ദിനങ്ങളിലാണ് മാസാരംഭം നിശ്ചയിക്കപ്പെടുന്നത്. കണക്കിനെ അടിസ്ഥാനപ്പെടുത്തുന്നവർ തങ്ങളുടെ കലണ്ടറിൽ ശഅ്ബാൻ ആരംഭം നിശ്ചയിച്ചിരിക്കുന്നത് എങ്ങനെയെന്നു മനസ്സിലാക്കിയാൽ ഇത് ബോധ്യമാകും. വ്യത്യസ്ത രീതികൾ അടിസ്ഥാനപ്പെടുത്തുമ്പോൾ ഈ വർഷത്തെ ശഅ്ബാൻ ഒന്നാം തീയതിയും ശഅ്ബാൻ 29ാം തീയതിയും ഏതെല്ലാം ദിവസങ്ങളിലാണ് വരിക എന്ന് ചുവടെ കൊടുക്കുന്നു.

കണക്ക് ഉപയോഗിക്കുന്ന ഈ നാലു കലണ്ടറുകളിലും ശഅബാൻ 29 വ്യത്യസ്ത ദിനങ്ങളിലാണ്. മാസാരംഭത്തിന് കണക്കുപയോഗിക്കാമെന്ന് പറയുന്നവർ ഏത് കലണ്ടറിലേതാണ് ശരിയായ കണക്ക് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. തങ്ങളുടെ വാദത്തിന് ഉപോദ്ബലകമായ പ്രമാണങ്ങളും ശാസ്ത്രീയ അടിസ്ഥാനങ്ങളും വിശദമാക്കേണ്ടതുമുണ്ട്. കണക്ക് ഉപയോഗിക്കുന്നവർക്ക് തങ്ങളുടെ മാസാരംഭം നിശ്ചയിക്കുന്നതിൽ ഏകാഭിപ്രായത്തിലെത്താൻ സാധിക്കുന്നില്ല എന്നാണ് മേൽവസ്തുതകൾ തെളിയിക്കുന്നത്. മുകളിൽ സൂചിപ്പിച്ച നാല് വ്യത്യസ്ത കണക്കുകൾ മാനദണ്ഡമാക്കുമ്പോൾ ശഅ്ബാൻ 29 നാല് ദിവസങ്ങളിലായി വരുന്നു എന്നതുതന്നെ ഇസ്‌ലാമിക മാസനിർണയത്തിന് കണക്ക് ഉപയോഗിക്കുന്നതിന്റെ നിരർഥകതയെയാണ് ബോധ്യപ്പെടുത്തുന്നത്.
മാസാരഭത്തിന്റെ മാനദണ്ഡമായി ന്യൂമൂൺ, ന്യൂമൂൺ-IDL, മൂൺസെറ്റ് ലാഗ് എന്നിവ സ്വീകരിക്കുന്നവരുടെ നിലപാട് പ്രവാചക ചര്യക്ക് നൂറു ശതമാനവും വിരുദ്ധമാണെന്ന് ആർക്കും ബോധ്യമാകും. എന്നാൽ മുഹർറം മുതൽ ശഅ്ബാൻവരെ കണക്കിനെ അവലംബിക്കുകയും നോമ്പ്, പെരുന്നാൾ മാസങ്ങൾക്ക് ഹിലാലിനെ കാണണമെന്ന് നിഷ്‌കർശിക്കുകയും ചെയ്യുന്നവർ യഥാർഥത്തിൽ കണക്കിനെ തന്നെയാണ് അവലംബിക്കുന്നത് എന്ന കാര്യം പലരും അറിയാതെ പോകുന്നു. കണക്കുപയോഗിച്ച് ശഅ്ബാൻ തീരുമാനിക്കുകയും അതനുസരിച്ചുള്ള 30 പൂർത്തിയാക്കുകയും ചെയ്യുമ്പോൾ റമദാൻ മാസവും കണക്കിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കപ്പെടുന്നു എന്നതാണ് വസ്തുത. ചുരുക്കിപ്പറഞ്ഞാൽ മുകളിൽ പറഞ്ഞ നാലു വിഭാഗങ്ങളും നോമ്പ്, പെരുന്നാൾ മാസങ്ങൾ മാത്രമേ പിറവി കാണേണ്ടതുള്ളൂ എന്ന് വാദിക്കുന്നവരും മാസനിർണയത്തിന് കണക്കിനെത്തന്നെയാണ് അവലംബമാക്കുന്നത്. ഇങ്ങനെ കണക്കിനു വേണ്ടി വാദിക്കുന്നവർ മുകളിൽ പറഞ്ഞ ഏത് കണക്കാണ് ശരിയായത് എന്നും മറ്റു കണക്കുകൾ അസ്വീകാര്യമാകാൻ കാരണമെന്ത് എന്നും വ്യക്തമാക്കേണ്ടതുണ്ട്.
ഭാഗികമായി കണക്കുപയോഗിക്കുന്ന കേരള ഹിലാൽ കമ്മിറ്റി ശഅ്ബാൻ 29 നിർണയിക്കാൻ മൂൺസെറ്റ് ലാഗ് മാനദണ്ഡം സ്വീകരിക്കുന്നത് എന്തുകൊണ്ടെന്നും മറ്റു കണക്കുകൾ തള്ളിക്കളയുന്നത് എന്തുകൊെണ്ടന്നും വ്യക്തമാക്കണം. തങ്ങൾ ഉപയോഗിക്കുന്ന മൂൺസെറ്റ് ലാഗ് കലണ്ടറാണ് ശരി എങ്കിൽ അതിനുപോദ്ബലകമായ മതപരമായ പ്രമാണങ്ങളുദ്ധരിക്കണം. മൂൺസെറ്റ് ലാഗ് ഉപയോഗിച്ച് മാസം നിർണയിക്കുമ്പോൾ മറ്റു കലണ്ടറുകൾ തെറ്റാെണന്ന് സമർഥിക്കാൻ എന്തു പ്രമാണമാണ് കേരള ഹിലാൽ കമ്മിറ്റിയുടെ പക്കലുള്ളത് എന്നും വ്യക്തമാക്കണം. ശാസ്ത്രീയമായ എന്തു നിഗമനമാണ് ഹിലാൽ കമ്മിറ്റിയുടെ കലണ്ടറിനെ സാധൂകരിക്കാനുള്ളത് എന്ന് വിശദമാക്കുകയും വേണം. ഈ സംശയങ്ങൾക്കെല്ലാം മറുപടി പറയാൻ ഹിലാൽ കമ്മിറ്റിക്കു ബാധ്യതയുണ്ട്. ഇവയ്‌ക്കൊന്നും മറുപടി പറയാൻ കേരള ഹിലാൽ കമ്മിറ്റിക്കാവില്ല എന്നുറപ്പാണ്. മാസനിർണയത്തിന് കലണ്ടറുപയോഗിക്കുന്നതിന് ഇസ്‌ലാമിൽ മാതൃകയില്ല എന്നിരിക്കെ ഏതു കലണ്ടർ ഉപയോഗിക്കണം എന്ന ചർച്ചയ്ക്കുതന്നെ പ്രസക്തിയില്ലല്ലോ.
പ്രവാചക തിരുമേനിﷺയുടെ അധ്യാപനമനുസരിച്ച് എല്ലാ മാസങ്ങളും നിർണയിച്ചുവരുന്നവരുടെ ശഅ്ബാൻ 29 എന്നാണെന്നു കാണുക:
ജമാദുൽ ആഖിർ 29ന് (ജനുവരി 12ന് ) കാസർഗോഡ്, കാപ്പാട്, ബേപ്പൂർ, പൊന്നാനി, ചേർത്തല തുടങ്ങിയ പ്രദേശങ്ങളിൽ ചന്ദ്രപ്പിറവി ദർശിച്ചതായി വിശ്വാസ്യയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജനുവരി 13, ശനിയാഴ്ച റജബ് ഒന്നായി നിശ്ചയിച്ചു.
റജബ് 29ന് (ഫെബ്രുവരി 10) കേരളത്തിൽ പലയിടത്തും തെളിഞ്ഞ ആകാശമായിരുന്നിട്ടും ചന്ദ്രപ്പിറവി ദൃശ്യമായില്ല. അതിനാൽ റജബ് 30 പൂർത്തിയാക്കി ഫെബ്രവരി 12ന് ശഅ്ബാൻ ഒന്നായും നിശ്ചയിച്ചു.
ഈ അടിസ്ഥാനത്തിൽ ശഅബാൻ 29ന് അഥവാ മാർച്ച് 11നു മാസപ്പിറവി കാണാൻ ശ്രമിക്കണം. മാസപ്പിറവി കണ്ടാൽ മാർച്ച് 12നും, കാണാനായില്ല എങ്കിൽ മാർച്ച് 13നും ആയിരിക്കും റമദാൻ ഒന്ന്. ഇതല്ലേ പ്രവാചകൻﷺ പഠിപ്പിച്ച രീതി? ഈ രീതിക്കു പകരം ശഅ്ബാൻ തങ്ങൾക്കു തോന്നിയ കണക്കനുസരിച്ച് തീരുമാനിക്കുമ്പോൾ എല്ലാ വർഷവും ശഅ്ബാൻ 30 പൂർത്തിയാക്കി റമദാനിലേക്ക് കടക്കുന്ന സ്ഥിതിയാണ് ഹിലാൽ കമ്മിറ്റിക്കുണ്ടാവുക. മാത്രമല്ല പിറവിയുടെ കാഴ്ചയുടെ അടിസ്ഥാനത്തിൽ നിശ്ചയിക്കപ്പെട്ട ശഅ്ബാൻ 29നെ വ്യത്യസ്തമായ കണക്കുകളുപയോഗിക്കുന്നവർ എങ്ങനെയാണ് തള്ളിക്കളയുക?
നോമ്പിനും ആരാധനാപരമായ മറ്റെല്ലാ കാര്യങ്ങൾക്കും ഹിലാലിനെ മാനദണ്ഡമാക്കാൻ കൽപിച്ചിരിക്കെ, അതുപ്രകാരം ശഅ്ബാൻ നിശ്ചയിക്കുകയും ശഅ്ബാൻ 29ന് പിറവി കാണാതെ വന്നാൽ ശഅ്ബാൻ 30 തികച്ച് മാർച്ച് 13ന് റമദാൻ ആരംഭിക്കുകയും ചെയ്യുന്നവരെ എങ്ങനെയാണവർ കുറ്റപ്പെടുത്തുക? കലണ്ടർ നോക്കി ശഅ്ബാൻ 29 കണക്കാക്കുകയും അന്ന് സൂര്യാസ്തമയശേഷം 7 മിനുട്ട് മാത്രം ചക്രവാളത്തിലുള്ള ചന്ദ്രനെ കാണാത്തതിന്റെ അടിസ്ഥാനത്തിൽ മുപ്പത് പൂർത്തിയാക്കി റമദാനിലേക്ക് കടക്കുകയും ചെയ്യുമ്പോൾ കേരള ഹിലാൽ കമ്മിറ്റിക്ക് എല്ലാ വർഷവും ശഅ്ബാൻ മുപ്പത് ദിവസമാണ് വരിക എന്ന വൈചിത്ര്യത്തെ എങ്ങനെയാണവർ ന്യായീകരിക്കുക? പ്രവാചക കൽപനയെ ധിക്കരിക്കുമ്പോൾ ‘മാസം 29ഉം വരും 30ഉം വരും’ എന്ന പ്രവാചകാധ്യാപനത്തെയാണ് തങ്ങൾ അപഹസിക്കുന്നത് എന്നോർക്കുക.
മാസപ്പിറവി സംബന്ധമായി ഇസ്വ്‌ലാഹി പ്രസ്ഥാനം സമീപകാലംവരെ സ്വീകരിച്ച നിലപാട് എല്ലാ മതാധ്യാപനങ്ങളെയും ശരിവെക്കുന്നതും ശാസ്ത്രീയ യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടുന്നതുമാണ്. എന്നാൽ ഇപ്പോൾ ഹിലാൽ കമ്മിറ്റി ചെയ്യുന്നതുപോലെ കണക്കനുസരിച്ച് ശഅ്ബാൻ തീരുമാനിക്കുന്നതും ആ കണക്കിൻമേൽ ശഅ്ബാൻ മുപ്പതു പൂർത്തിയാക്കി റമദാനിലേക്കു കടക്കുന്നതും മാസപ്പിറവി സംബന്ധമായി വന്ന എല്ലാ ഹദീസുകളെയും നിഷേധിക്കുന്നതാണ്.

