പ്രവാചക സ്‌നേഹമെന്നാൽ മീലാദ് ആഘോഷമോ?
മൂസ സ്വലാഹി കാര
2024 സെപ്തംബർ 07, 1446 റ. അവ്വൽ 04

അടിയുറച്ച ഏകദൈവ വിശ്വാസമാണ് ഇസ്‌ലാമിന്റെ മുഖമുദ്ര. ഇസ്‌ലാമിക സരണിയിലേക്ക് കടന്നുവരുന്ന ഏതൊരാളും ആദ്യമായി പ്രഖ്യാപിക്കുന്നത് അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു എന്നുമാണ്. ഇതാണ് ‘സാക്ഷ്യവാക്യം’ അഥവാ ‘ശഹാദത്ത് കലിമ.’ അല്ലാഹുവിന്റെ കൽപനകളും സമ്പൂർണമായ മാതൃകാജീവിതം നയിച്ച നബിﷺയുടെ അധ്യാപനങ്ങളും അനുധാവനം ചെയ്യുക വഴി മാത്രമെ സാക്ഷ്യവാക്യത്തിന്റെ പൊരുളറിഞ്ഞ യഥാർഥ വിശ്വാസിയാകാൻ സാധിക്കൂ. അല്ലാഹു പറയുന്നു:
“അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്തു കഴിഞ്ഞാൽ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നപക്ഷം അവൻ വ്യക്തമായ നിലയിൽ വഴിപിഴച്ചു പോയിരിക്കുന്നു’’ (ക്വുർആൻ 33:36).
അല്ലാഹുവിനോടും നബിﷺയോടുമുള്ള സ്‌നേഹത്തെ വിസ്മരിച്ചുകൊണ്ടുള്ള ജീവിതം വലിയ അപകടത്തിലേക്ക് നയിക്കും. ‘എന്നാൽ സത്യവിശ്വാസികൾ അല്ലാഹുവോട് അതിശക്തമായ സ്‌നേഹമുള്ളവരത്രെ’(2:165), ‘പ്രവാചകൻ സത്യവിശ്വാസികൾക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു’(33:6) എന്നിവ ആ സ്‌നേഹത്തിന്റെ മഹത്ത്വം വിളിച്ചോതുന്ന വചനങ്ങളാണ്. അല്ലാഹുവിനോടുള്ള സ്‌നേഹം ആരാധനയിലൂടെയും നബിﷺയോടുള്ള സ്‌നേഹം അനുസരണത്തിലൂടെയും അന്വർഥമാക്കാൻ നമുക്ക് കഴിയണം.
ആരാധനയാകുന്ന സ്‌നേഹത്തെ അല്ലാഹുവല്ലാത്തവർക്ക് നൽകിയും നബിചര്യയെ അവഗണിച്ച് അനാചാരങ്ങളിൽ അഭിരമിച്ചുമാണ് ജീവിക്കുന്നതെങ്കിൽ പരലോകരക്ഷ സ്വപ്നം മാത്രമായിരിക്കും. ഖേദകരമെന്നു പറയട്ടെ, സമുദായത്തിലെ ഭൂരിപക്ഷവും നയിക്കപ്പെടുന്നത് ഈ നാശത്തിന്റെ പാതയിലൂടെയാണ്.
അനുധാവനമാണ് സ്‌നേഹം
വിശുദ്ധ ക്വുർആനിൽ നാൽപതോളം സ്ഥലങ്ങളിൽ അല്ലാഹുവിനെയും നബിﷺയെയും അനുസരിക്കണമെന്ന കൽപന കാണാം. ക്വുർആനും സുന്നത്തും മുറുകെ പിടുക്കുക എന്നതും നേർമാർഗം പ്രാപിക്കാൻ ഇത് കൂടാതെ കഴിയില്ലെന്നതുമാണ് അതിന്റെ താൽപര്യം. ഇതില്ലെങ്കിൽ മരിക്കുന്നത് മനസ്സും നഷ്ടമാകുന്നത് പരലോക രക്ഷയുമാണ്.
പ്രവാചകൻﷺ അല്ലാഹുവിൽനിന്നുള്ള നിർദേശ പ്രകാരം പഠിപ്പിച്ചതും പകർന്നതുമായ കാര്യങ്ങൾ പിൻപറ്റിയാണ് നാം അല്ലാഹുവിലേക്ക് അടുക്കേണ്ടതും അവന്റെ ഇഷ്ടം കരഗതമാക്കേണ്ടതും.
അല്ലാഹു പറയുന്നു: “(നബി യേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കിൽ എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ’’ (3:31).
ഇബ്‌നു കസീർ(റഹി)പറയുന്നു: “ഈ വാക്യം അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെന്ന് അവകാശപ്പെടുന്ന എല്ലാവർക്കുമുള്ള വിധിയാണ്. അത് പ്രവാചകന്റെ വഴിയനുസരിച്ചല്ലെങ്കിൽ, മുഴുവൻ വാക്കുകളിലും സന്ദർഭങ്ങളിലും അദ്ദേഹം നിയമമായും ദീനായും തന്നത് പിൻപറ്റുന്നതുവരെ അവന്റെ വാദത്തിൽ അവൻ നുണയനാകും.’’
ജാബിർ ഇബ്‌നു അബ്ദില്ല(റ)യിൽനിന്നുള്ള ഒരു ഹദീസിൽ ഇപ്രകാരം കാണാം: “ആര് മുഹമ്മദിനെ അനുസരിച്ചുവോ അവൻ അല്ലാഹുവിനെ അനുസരിച്ചു. ആര് മുഹമ്മദിനെ ധിക്കരിച്ചുവോ അവൻ അല്ലാഹുവിനെ ധിക്കരിച്ചു. ജനങ്ങൾക്കിടയിൽ സത്യവും അസത്യവും മുഹമ്മദ് വേർതിരിച്ചു’’ (ബുഖാരി).

സ്വർഗപ്രവേശനത്തിനും നരകമോചനത്തിനും ആവശ്യമായതെല്ലാം തരംതിരിച്ച് കാണിച്ചുതന്ന നബിﷺയുടെ ജീവിതം പഠിച്ചറിഞ്ഞ് അത് പിൻപറ്റി ജീവിക്കുക എന്നത് പരമപ്രധാനമാണ്.
അല്ലാഹു പറയുന്നു: “എന്തൊന്നിൽനിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതിൽനിന്ന് നിങ്ങൾ ഒഴിഞ്ഞ് നിൽക്കുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്’’(59:7).
“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെയും അവന്റെ റസൂലിനെയും അനുസരിക്കുക. (സത്യസന്ദേശം) കേട്ടുകൊണ്ടിരിക്കെ നിങ്ങൾ അദ്ദേഹത്തെ വിട്ട് തിരിഞ്ഞുകളയരുത്’’(8:20).
ലോകർക്കാകമാനമായി അല്ലാഹു മുഹമ്മദ് നബിﷺയെ തെരഞ്ഞെടുത്തയച്ചതും അദ്ദേഹം സൃഷ്ടികളിൽ ശ്രേഷ്ഠരാണെന്നതും മതം എത്തിച്ചുതരുന്നതിൽ നിരവധി പരീക്ഷണങ്ങൾ നേരിട്ടതും എന്തിലുമേതിലും മാതൃകയായി അനുചരന്മാർ അദ്ദേഹത്തെ സ്വീകരിച്ചതും ജീവിതത്തിലുടനീളം നാം മാർഗമാക്കേണ്ടത് അദ്ദേഹത്തിന്റെ സുന്നത്തിനെയാണെന്ന തിരിച്ചറിവും പ്രവാചക സ്‌നേഹം വർധിപ്പിക്കാനുള്ള പ്രേരകങ്ങളാണ്.
അല്ലാഹു പറയുന്നു: “സന്മാർഗവും സത്യമതവുമായി തന്റെ റസൂലിനെ നിയോഗിച്ചത് അവനാകുന്നു. അതിനെ എല്ലാ മതത്തിനും മീതെ തെളിയിച്ചുകാണിക്കാൻ വേണ്ടി. സാക്ഷിയായിട്ട് അല്ലാഹു തന്നെ മതി’’(48:28).
ആഘോഷത്തിന്റെ പിറവി
നബിﷺ ജനിച്ച മാസമെന്ന പേരിൽ റബീഉൽ അവ്വൽ മാസത്തിൽ മുസ്‌ലിയാക്കന്മാർ നടത്തുന്ന മീലാദ് ആഘോഷങ്ങളെ ആചാരമാക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. പ്രമാണങ്ങുടെ ഒരു തരിമ്പ് പിൻബലം പോലുമില്ലാത്ത ഈ ആർഭാഢാഘോഷത്തിന് ‘ഇഷ്ഖ്,’ ‘മഹബ്ബത്ത്,’ ‘റഹ്‌മത്ത്,’ ‘നിഅ്മത്ത്,’ ‘ഫള്ൽ,’ ‘ബറകത്ത്’ പോലുള്ള പേരുകൾ നൽകിയാൽ അത് അനുവദനീയമാകുമോ? ഉത്തമ തലമുറകൾക്കോ അഹ്‌ലുസ്സുന്ന വൽജമാഅയുടെ ഇമാമുമാർക്കോ പരിചയമില്ലാത്ത ഈ ‘താത്ക്കാലിക സ്‌നേഹ’ത്തിന്റെ മറവിൽ നടക്കുന്നത് ആത്മീയ-സാമ്പത്തിക ചൂഷണങ്ങളാണ്.
ഹിജ്‌റ 360ൽ ശിയാക്കളിലെ ഫാത്വിമിയാക്കൾ എന്ന് വിളിക്കപ്പെടുന്ന ഉബൈദിയാക്കളാണ് ഇത് തുടങ്ങിയതെന്ന് ഇമാം മഖ്‌രീസി(റഹി) തന്റെ ‘അൽഖുത്വത്ത്’ എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അക്കാലത്ത് അലി(റ), ഹസൻ(റ), ഹുസൈൻ(റ), ഫാത്വിമ(റ), ഖലീഫതുൽ ഹാളിർ എന്നിവരുടെ മൗലിദും അവർ ഉണ്ടാക്കിയിരുന്നു. ശിയാക്കൾ ഉണ്ടാക്കിയ ഒരു ആഘോഷമായതിനാൽ പണ്ഡിതന്മാർ അത് ശ്രദ്ധിക്കാതാവുകയും ജനങ്ങൾ മറക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമായി.
സ്വലാഹുദ്ദീൻ അയ്യൂബിയുടെ കാലഘട്ടത്തിൽ ഇറാഖിലെ ഇർബൽ പട്ടണം ഭരിച്ചിരുന്ന സമ്പന്നനും സൂഫിസത്തിൽ ആകൃഷ്ടനുമായ മുളഫ്ഫറുദ്ദീൻ അബൂസഈദ് കൂക്ബൂരി എന്ന രാജാവ് ഹിജ്‌റ 630 ലാണ് ഈ ആഘോഷത്തെ പിന്നീട് വിപുലവും ജനകീയവുമാക്കി മാറ്റിയത്. ഇമാമുരായ സുയൂത്വി(റഹി), ശൗക്കാനി(റഹി) എന്നിവരെല്ലാം ഇത് പറഞ്ഞിട്ടുണ്ട്.
മീലാദ് കെങ്കേമമായി ആഘോഷിക്കുന്നവർ തന്നെ തുറന്നു പറഞ്ഞത് കാണുക: “ആധുനിക രീതിയിൽ ഇന്ന് നടത്തപ്പെടുന്ന ആഘോഷ പരിപാടികളുടെ സ്ഥാപകൻ ആരായിരുന്നു? നമ്മുടെ കഥാപുരുഷനായ മുളഫർ രാജാവ്’’ (രിസാല മാസിക/1988 നവംബർ/പേജ് 11).
അറിയപ്പെട്ട നാല് മദ്ഹബുകളുടെ ഇമാമുമാർ ഇങ്ങനെയൊരാഘോഷത്തെക്കുറിച്ച് അറിഞ്ഞവരല്ല. കാരണം ഇമാം അഹ്‌മദ് ഇബ്‌നു ഹമ്പൽ(റഹി) വഫാത്താകുന്നത് ഹിജ്‌റ 241 ലാണ്. പ്രസിദ്ധ ഹദീസ് പണ്ഡിതന്മാരായ; ഹിജ്‌റ 256ൽ മരണപ്പെട്ട ഇമാം ബുഖാരി(റ)ക്കും 261ൽ മരണപ്പെട്ട ഇമാം മുസ്‌ലിമി(റഹി)നും ഇതുമായി ബന്ധമില്ലെന്നും ഇതോടെ ഉറപ്പായി.
മീലാദാഘോഷം പുതുനിർമിതിയാണെന്നതിൽ അഹ്‌ലുസ്സുന്നയുടെ ഇമാമുമാർ ഒറ്റക്കെട്ടാണ്. പണ്ഡിതന്മാരായ ഫാകിഹാനി(റഹി), ഇബ്‌നുൽ ഹാജ്(റഹി), ഇബ്‌നു ഹജർ അൽഅസ്ഖലാനി(റഹി), സുയൂത്വി(റഹി), ഇറാക്വി(റഹി), സഖാവി(റഹി), ഇബ്‌നു തൈമിയ്യ(റഹി), മുല്ലാ അലിയ്യുൽ ക്വാരി(റഹി), എന്നിവരുടെ ഗ്രന്ഥങ്ങളിലെല്ലാം ഇതിൽ ഊന്നിയുള്ള ചർച്ചകൾ ധാരാളമുണ്ട്.
ഫാകിഹാനി(റഹി) പറഞ്ഞതിൽ എല്ലാം ഉണ്ട്: “പരിശുദ്ധ ക്വുർആനിലോ നബിﷺയുടെ സുന്നത്തിലോ ഈ മൗലിദാഘോഷത്തിന് ഒരടിസ്ഥാനവും ഞാൻ കാണുന്നില്ല. പൂർവികരുടെ ചര്യ സ്വീകരിച്ചുകൊണ്ട് നിലനിന്നിരുന്ന മാതൃകായോഗ്യരായ (നബി(സ)യുടെ ഉമ്മത്തിൽ പെട്ട) ഒരു പണ്ഡിതനിൽനിന്നും അത് പ്രവർത്തിച്ചതായി ഉദ്ധരിക്കപ്പെടുന്നില്ല. മാത്രമല്ല അത് ബിദ്അത്താകുന്നു. ദേഹേഛക്കാരും ബാത്വിലിന്റെ ആളുകളുമാണ് അത് പുതുതായി ഉണ്ടാക്കിയത്. തീറ്റക്കൊതിയന്മാർ അത് കാര്യമായി ഏറ്റെടുത്തു’’ (അൽമൗരിദ് ഫീ അമലിൽമൗലിദ്).
ഇബ്‌നു ഹജർ അസ്ഖലാനി(റഹി) ചോദിക്കപ്പെട്ടതിന് മറുപടിയായി പറഞ്ഞത് ഇമാം സുയൂത്വി(റഹി) തന്റെ ‘അൽഹാവി ലിൽഫതാവ’യിൽ എടുത്തുകൊടുത്തത് കാണുക:
“മൗലിദ് പ്രവൃത്തിയുടെ അടിസ്ഥാനം ബിദ്അത്താണ്. ഉത്തമ തലമുറയിലെ ഒരാളിൽനിന്നും അത് ഉദ്ധരിക്കപ്പെട്ടിട്ടില്ല.’’

ഈ അനാചാരത്തിന് ഈ വർഷവും ഒരുങ്ങിയിരിക്കുന്നവർ എഴുതിവിട്ടത് കാണുക: “പുണ്യ നബിയുടെ ജന്മമാസത്തെ ആഘോഷത്തോടെയാണ് വിശ്വാസികൾ വരവേൽക്കുന്നത്. നായകരെ കുറിച്ച് പഠിച്ചും പഠിപ്പിച്ചും പ്രകീർത്തിച്ചും അവർ സന്ദർഭം ഉപയോഗപ്പെടുത്തുന്നു. നബി(സ)യെ പൂർണമായി ഉൾക്കൊള്ളാത്ത ചിലർ അപശബ്ദങ്ങളുയർത്തിയാലും നബിദിനാഘോഷവും മൗലിദും മദ്ഹ് പാരായണവും ലോകത്ത് സർവകാലങ്ങളിലും വ്യാപകമാണ്. അത് വിശ്വാസികളുടെ ആത്മാവുള്ള കാലം തുടരുകയും ചെയ്യും’’ (സുന്നിവോയ്‌സ് /2024 സെപ്തംബർ 1-15/പേജ് 5).
വാസ്തവത്തിൽ ആരാണ് നബിﷺയെ ‘പൂർണമായി ഉൾക്കൊള്ളാത്ത’വർ? നബിചര്യയെ പിൻപറ്റുന്നവരോ അവഗണിക്കുന്നവരോ? അനാചാരത്തെ എതിർക്കുന്നതിനെ ‘അപശബ്ദം’ എന്ന് ആക്ഷപിക്കുന്നത് വാസ്തവത്തിൽ പ്രമാണങ്ങളെ പരിഹസിക്കലും അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരെ അടച്ചാക്ഷേപിക്കലുമാണ്.
ഇതൊന്നും പ്രവാചക സ്‌നേഹമായി കാണിച്ചുതന്നിട്ടില്ലാത്ത സ്വഹാബിമാർ ‘സുന്നിവോയ്‌സു’കാരുടെ കണ്ണിൽ നബിﷺയെ പൂർണമായി ഉൾക്കൊള്ളാത്തവരായിരിക്കാം. സകല പുത്തനാചാരങ്ങളുടെയും ജീവാത്മാവായി വർത്തിക്കുന്നവർ അല്ലാഹുവിന്റെ താക്കീതിനെ ഭയക്കട്ടെ: “അവിശ്വസിക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് (ജനങ്ങളെ) തടയുകയും തങ്ങൾക്ക് സന്മാർഗം വ്യക്തമായിക്കഴിഞ്ഞതിനുശേഷം റസൂലുമായി മാത്സര്യത്തിൽ ഏർപെടുകയും ചെയ്തവരാരോ തീർച്ചയായും അവർ അല്ലാഹുവിന് യാതൊരു ഉപദ്രവവും വരുത്തുകയില്ല. വഴിയെ അവൻ അവരുടെ കർമങ്ങൾ നിഷ്ഫലമാക്കിക്കളയുകയും ചെയ്യും’’(47:32).
യഥാർഥ വിശ്വാസികൾ ശിർക്കിലും ബിദ്അത്തിലും മുങ്ങി ജീവിച്ച്, ചെയ്ത നന്മകളെ നശിപ്പിക്കുകയില്ല. അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. റസൂലിനെയും നിങ്ങൾ അനുസരിക്കുക. നിങ്ങളുടെ കർമങ്ങളെ നിങ്ങൾ നിഷ്ഫലമാക്കിക്കളയാതിരി ക്കുകയും ചെയ്യുക’’(47:33).
ദുർവ്യാഖ്യാനങ്ങളല്ലാതെ മറ്റൊരു തെളിവും ഈ പുത്തനാചാരത്തിന് ഇവരുടെ പക്കലില്ല. ക്വുർആനിലെ 114 സൂറത്തുകളിൽനിന്ന് ഒരു തെളിവുപോലും ഇവർക്ക് കിട്ടാതെ വന്നപ്പോൾ ക്വുർആനിന് മേൽ കടുത്ത കൃത്രിമം കാണിക്കാൻ ഇവർ മടിച്ചില്ല. സൂറത്തു ആലുഇംറാനിലെ 164, യൂനുസിലെ 58, അൽഅമ്പിയാഇലെ 107, ദുഹായിലെ 11 എന്നീ ആയത്തുകൾ ഇക്കൂട്ടരുടെ അന്യായത്തിന് ഇരയാക്കപ്പെട്ടവയാണ്. ഈ ആയത്തുകളെ നബിദിനാഘോഷത്തിന് തെളിവായി എടുത്തുകാട്ടിയ പ്രാമാണികരായ ഒരാളെയും ഇവർക്ക് ചൂണ്ടിക്കാണിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല!
ഹദീസ് പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ ചേർത്ത പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട ഹദീസുകൾക്ക് മേലും ഇവർ കൈവച്ചു. ഗ്രന്ഥകർത്താക്കളെയും വിശദീകരണം നൽകിയവരെയും അമ്പരപ്പിക്കുന്ന വക്രീകരണമാണിവർ നടത്തിയത്. തിങ്കളാഴ്ച നോമ്പ്, ഖദീജ ബീവിയോടുള്ള ഇഷ്ടത്തിന് നബിﷺ ആടിനെ അറുത്തത്, സുവൈബ എന്ന അടിമ മോചിപ്പിക്കപ്പെട്ടത്, നബിﷺ തനിക്കുവേണ്ടി അക്വീക്വ അറുത്തു എന്ന ദുർബല റിപ്പോർട്ട്... ഇതെല്ലാമാണ് ഇവർക്ക് നബിദിനമാഘോഷിക്കാനുള്ള പ്രധാന തെളിവുകൾ! ഇതിലെവിടെയാണ് ജന്മദിനം ആഘോഷിക്കണമെന്നുള്ളത് എന്നൊന്നും ഇവരോടു ചോദിക്കരുത്. അവരുടെ ആവശ്യം തങ്ങൾ ഭയങ്കരമായ തെളിവു നൽകി മുജാഹിദുകളെ തോൽപിച്ചുകളഞ്ഞു എന്ന് സ്വന്തം അണികളെ ബോധ്യപ്പെടുത്തലാണ്. എല്ലാ പൊള്ളത്തരങ്ങളും വെളിച്ചത്താകുന്ന ദിവസം അകലെയല്ല എന്നേ പറയാനുള്ളൂ.
അല്ലാഹു പറയുന്നു: “ഓരോ സമുദായത്തിൽനിന്നും ഓരോ സാക്ഷിയെ(അന്ന്) നാം പുറത്ത് കൊണ്ടുവരുന്നതാണ്. എന്നിട്ട് (ആ സമുദായങ്ങളോട്) നിങ്ങളുടെ തെളിവ് നിങ്ങൾ കൊണ്ടുവരൂ എന്ന് നാം പറയും. ന്യായം അല്ലാഹുവിനാണുള്ളതെന്ന് അപ്പോൾ അവർ മനസ്സിലാക്കും. അവർ കെട്ടിച്ചമച്ചു കൊണ്ടിരുന്നതെല്ലാം അവരെ വിട്ടുമാറിപ്പോകുകയും ചെയ്യും’’(28:75).
മങ്കൂസ് മൗലിദ് അടക്കമുള്ള ശിർക്കൻ വരികളുള്ള മൗലിദ് കിതാബുകൾ ചൊല്ലിയും ജനങ്ങളെ കൊണ്ട് ചൊല്ലിപ്പിച്ചുമാണ് ഇവർ മൗലിദാഘോഷിക്കുന്നത്. ഇവ പാരായണം ചെയ്താൽ ഒരുപാട് ആഗ്രഹങ്ങൾ സഫലമാകുമത്രെ! ഒരു മുസ്‌ലിയാർ എഴുതിവിട്ടത് കാണുക: “മൗലിദ് പാരായണം ചെയ്യുന്നതിലൂടെ ലഭിക്കുന്ന അത്ഭുതകരമായ അനുഭവങ്ങളാണ് പല സ്‌നേഹികൾക്കും പങ്കുവെക്കാനുള്ളത്. മുത്ത് ഹബീബ്(സ) തങ്ങളെ ദർശിച്ചു, മദീന സിയാറത്തും ഉംറയും ചെയ്യാൻ ഭാഗ്യം ലഭിച്ചു, ജീവിതത്തിൽ നീറുന്ന പല പ്രശ്‌നങ്ങൾക്കും പരിഹാരം ലഭിച്ചു, സന്താന ലബ്ധി, ബിസിനസ്സിൽ പുരോഗതി തുടങ്ങി ഒട്ടനവധി ഫലങ്ങൾ ലഭിച്ചു എന്നിങ്ങനെയുള്ള അനുഭവങ്ങളാണ് മൗലിദുൽ ഹുസ്‌നൈനി പാരായണം ചെയ്യുന്ന ഓരോരുത്തർക്കും പങ്കുവെക്കാനുള്ളത്’’(മൗലിദുൽ ഹുസ്‌നൈൻ/ അബ്ദുൽ ബസ്വീർ സഖാഫി / പേജ് 9).
എന്നോ ആരോ കെട്ടിയുണ്ടാക്കിയ വരികൾ പാരായണം ചെയ്യുകവഴി സന്താനലബ്ധിയടക്കം ഭൗതികമായ ഒട്ടേറെ നേട്ടങ്ങൾ ലഭിക്കുമെന്നു പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയല്ലേ ഇവർ ചെയ്യുന്നത്? അല്ലാഹുവിൽ തവക്കുലാക്കുക എന്നതിൽനിന്ന് സമൂഹത്തെ അകറ്റുന്ന പണിയല്ലേ ഇത്?
അല്ലാഹു പറയുന്നു: “നന്മയായിട്ട് നിനക്ക് എന്തൊന്ന് വന്നുകിട്ടിയാലും അത് അല്ലാഹുവിങ്കൽ നിന്നുള്ളതാണ്. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്റെ പക്കൽ നിന്നുതന്നെ ഉണ്ടാകുന്നതാണ്.(നബിയേ,) നിന്നെ നാം മനുഷ്യരിലേക്കുള്ള ദൂതനായി നിയോഗിച്ചിരിക്കുന്നു. (അതിന്) സാക്ഷിയായി അല്ലാഹു മതി’’(4:79).
നല്ല ബിദ്അത്തോ?
പല ബിദ്അത്തുകളും ജനങ്ങളെക്കൊണ്ട് ചെയ്യിക്കാറുള്ളത് ‘നല്ല ബിദ്അത്ത്’ എന്ന ഓമനപ്പേരിട്ടാണ്. മതകാര്യങ്ങളിൽ നല്ല ബിദ്അത്ത്, ചീത്ത ബിദ്അത്ത് എന്ന വേർതിരിവില്ല. ബിദ്അത്തുകളെല്ലാം ബിദ്അത്തുകൾതന്നെയാണ്. അവയെല്ലാം വഴികേടുമാണ്.
ആഇശ(റ)യിൽനിന്ന് നിവേദനം, നബിﷺ പറഞ്ഞു: “നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) ആരെങ്കിലും പുതുതായി വല്ലതും ഉണ്ടാക്കിയാൽ അത് തള്ളിക്കളയണം’’(മുസ്‌ലിം).

ഉമർ(റ) തന്റെ കാലഘട്ടത്തിൽ തറാവീഹ് നമസ്‌കാരം ജമാഅത്തായി നടത്തപ്പെടുന്നത് കണ്ടപ്പോൾ ‘നിഅ്മത്തിൽ ബിദ്അത്തു ഹാദിഹി’ എന്നു പറഞ്ഞതിലാണ് ഇവർ തൂങ്ങിപ്പിടിക്കുന്നത്. പണ്ഡിതന്മാർ കൃത്യമായി ഇതിന്റെ അർഥം വിവരിച്ചിട്ടുണ്ടങ്കിലും അതെല്ലാം മനഃപൂർവം മൂടിവച്ചുകൊണ്ടാണിവർ ഇതിനെ ദുരുപയോഗം ചെയ്യുന്നത്.
ഇമാം ഇബ്‌നു റജബ്(റഹി) പറയുന്നു: “പൂർവികർ നല്ല ബിദ്അത്തുകൾ എന്നു ചില കാര്യങ്ങളിൽ പറഞ്ഞത് ഭാഷാപരമാണ്, അല്ലാതെ മതപരമല്ല. അതിൽ പെട്ടതാണ് റമദാനിലെ രാത്രി നമസ്‌കാരം ഒരു പള്ളിയിൽ ഇമാമിന് കീഴിൽ നടക്കുന്നത് കണ്ടപ്പോൾ ഉമർ(റ) പറഞ്ഞത്’’ (ജാമിഉൽ ഉലൂം വൽഹികം).
ഇബ്‌നു കസീർ(റഹി) പറയുന്നു: “ബിദ്അത്ത് മതപരം, ഭാഷാപരം എന്നിങ്ങനെ രണ്ടു രൂപത്തിലാണ്. ഉമർ(റ) തറാവീഹിനെപ്പറ്റി പറഞ്ഞത് ഭാഷാപരമാണ്.’’
ഇമാം ശാഫിഈതന്നെയും ഇതേ കാര്യം പറഞ്ഞത് ഇമാം ബൈഹക്വി(റഹി)യും അബൂശാമ(റഹി)യും ഉദ്ധരിച്ചിട്ടുണ്ട്.
ഇത്തരം ബിദ്അത്തുകളെയെല്ലാം മതത്തിൽപെട്ടതായി പരിഗണിച്ചാൽ മതത്തിന്റെ പൂർണതയിൽ സംശയം ജനിക്കുകയും നബിﷺയുടെ പരിപൂർണ മാതൃകാ ജീവിതത്തിൽ സംശയത്തിനിട വരികയും ‘നിങ്ങളുടെ മതത്തെപ്പറ്റി നിങ്ങൾ അല്ലാഹുവെ പഠിപ്പിക്കുകയാണോ?’(49:16) എന്ന ക്വുർആനിന്റെ ചോദ്യം അപ്രസക്തമാവുകയും ചെയ്യുന്ന അവസ്ഥയായിരിക്കും ഫലം.
പ്രവാചകന്മാരുടെ ജന്മദിനത്തെ ഉത്സവവേളയാക്കുക എന്നത് ജൂത-ക്രൈസ്തവ വിഭാഗങ്ങളുടെ പതിവാണ്. അതിനോട് സാദൃശ്യം പുലർത്തിയാണ് സമസ്തക്കാർ നബിദിനം ആഘോഷിക്കുന്നത്. അവർ തന്നെ എഴുതുന്നു:
“ചില മതങ്ങൾ മതസ്ഥാപകരുടെയും മറ്റും ജന്മദിനം ആഘോഷിച്ചു വരുന്നു. ബുദ്ധമത വിശ്വാസികൾ ബുദ്ധന്റെ ജന്മ ദിനം ഒരു പ്രധാന ആഘോഷമായി കാണുന്നു. ക്രിസ്തുവിന്റെ ജന്മദിനം ക്രിസ്തുമസ്സും ലോകം മുഴുവൻ കൊണ്ടാടപ്പെടുന്നു. ഗുരുനാനാക്ക് ജനിച്ച ദിവസം സിഖുക്കാരും ആഘോഷിക്കുന്നു. മുസ്‌ലിംകൾ പ്രവാചകൻ(സ)യുടെ ജന്മദിനം ലോകമെങ്ങും സമുചിതമായി ആഘോഷിക്കുന്നു’’ (സന്തുഷ്ട കുടുംബം മാസിക/2014 ജനുവരി/പേജ് 41).
ഏതൊരു കൂട്ടരിൽ പെടാതിരിക്കാൻ അല്ലാഹുവിൽ അഭയംതേടുന്നുവോ അവരെ ചാണിനു ചാണായി പിൻപറ്റുക എന്നതാണ് ഇവരുടെ ശൈലി. അല്ലാഹു പറയുന്നു: “അഥവാ നീ അനുഗ്രഹിച്ചവരുടെ മാർഗത്തിൽ. കോപത്തിന്ന് ഇരയായവരുടെ മാർഗത്തിലല്ല. പിഴച്ചുപോയവരുടെ മാർഗത്തിലുമല്ല’’(1:7).
ദിനേന പുഷ്ടിപ്പെടുന്ന ബിദ്അത്തുകളെ തടയാനും ചെറുത്ത് തോൽപിക്കാനും മതം വരച്ച വരയിൽ നിൽക്കലാണ് പരിഹാരം. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി) പറയുന്നു: “നിശ്ചയം, അല്ലാഹുവിന്റെ വിധികൾ സ്ഥിരപ്പെടുത്തുന്നതിൽ പിൻപറ്റപ്പെടേണ്ടത് അല്ലാഹുവിന്റെ ഗ്രന്ഥവും നബിﷺയുടെ ചര്യയും ആദ്യമായി മുൻകടന്നവരുടെ മാർഗവുമാണ്. മതവിധി ഉറപ്പിക്കാൻ ഈ മൂന്ന് അടിസ്ഥാനങ്ങളല്ലാത്ത രേഖയോ നിർധാരണമോ ഇല്ല’’ (ഇക്വ‌്തിളാഹുസ്സ്വിറാത്തുൽ മുസ്തക്വീം).

