സന്താനങ്ങൾ; അനുഗ്രഹവും പരീക്ഷണവും

ഹാഷിം കാക്കയങ്ങാട്

2024 സെപ്തംബർ 28, 1446 റ. അവ്വൽ 25

ഇഹലോകത്തെ അലങ്കാരങ്ങളും പരലോകത്തെ പ്രതീക്ഷകളുമാണ് സന്താനങ്ങൾ. എന്നാൽ ഇരുലോക ജീവിതത്തിലും ലക്ഷ്യസാക്ഷാത്കാരത്തിലെ വൈതരണികളായി മാറാനും സന്താനങ്ങളുടെ പ്രവൃത്തികൾ കാരണമായേക്കാം. വ്യക്തമായ കാഴ്ചപ്പാടോടും കൃത്യമായ മാർഗനിർദേശങ്ങളോടും കൂടി മക്കളെ വളർത്തുന്നതിലൂടെ മാത്രമെ ഉത്തമ തലമുറയെ പരുവപ്പെടുത്തിയെടുക്കാനാവൂ.

മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തില്‍ പേടിപ്പെടുത്തുന്ന രീതിയിലുളള വിള്ളല്‍ വീണ് തുടങ്ങിയെന്ന വാര്‍ത്തകളാണ് ദിനംപ്രതി നാം കേട്ടുകൊണ്ടിരിക്കുന്നത്. തന്നെ താനാക്കി മാറ്റുന്നതിന് ജീവിതത്തിന്റെ സിംഹഭാഗവും ബലികഴിച്ച മാതാപിതാക്കളോട് യാതൊരു കടമയും കടപ്പാടുമില്ലാത്ത രീതിയിലാണ് പല മക്കളും മുന്നോട്ട് കുതിക്കുന്നത്.

ആറ്റുനോറ്റ് വളര്‍ത്തിയ മക്കള്‍ എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്തി, രക്ഷിതാക്കളുടെ ഇടനെഞ്ചില്‍ തീക്കനല്‍ കോരിയിട്ടുകൊണ്ട് ജീവിക്കുന്ന വേദനിപ്പിക്കുന്ന കാഴ്ചകള്‍ നാം നിത്യവും കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും നെഞ്ച് പൊട്ടിയുള്ള കരച്ചിലുകള്‍ക്ക് യാതാരു വിലയും കല്‍പിക്കാതെ, ഈയിടെ മാത്രം ബസ് സ്റ്റോപ്പില്‍ വച്ച് പരിചയപ്പെട്ട ചെറുപ്പക്കാരന്റെ കൂടെ ഇറങ്ങിപ്പോകാന്‍ സന്നദ്ധരാകുന്ന പെണ്‍കുട്ടികള്‍ നല്‍കുന്ന സന്ദേശം അത്യാപത്തിന്റെതാണ്. പെണ്‍കുട്ടികള്‍ കപടസ്‌നേഹത്തിന്റെയും പ്രേമത്തിന്റെയും വലക്കണ്ണികളില്‍ കുരുങ്ങി സര്‍വവും ഉപേക്ഷിച്ച് ഇറങ്ങിപ്പോകുന്നതാണ് പ്രശ്‌നമെങ്കില്‍ ആണ്‍മക്കളുടെ കാര്യം അതിലേറെ അലോസരപ്പെടുത്തുന്നതാണ്. കൗമാരത്തിന്റെ പടവുകള്‍ പിന്നിടുന്നതിന് മുമ്പുതന്നെ മയക്കുമരുന്നിനും ലൈംഗിക വൈകൃതങ്ങള്‍ക്കും അടിമപ്പെടുകയാണ് ആണ്‍കുട്ടികളില്‍ വലിയൊരു വിഭാഗം. നാടിനെയും സമൂഹത്തെയും ഭാവിയില്‍ നയിക്കേണ്ടവര്‍ ലഹരി നുണഞ്ഞ് കുഴഞ്ഞ് പോകുമ്പോള്‍ അതിന്റെ പാപഭാരം ആരിലെങ്കിലും ചാര്‍ത്തി രക്ഷപ്പെടാനാണ് പലരും ശ്രമിക്കുന്നത്.

ഈ വിഷയങ്ങളില്‍ ചില തിരിഞ്ഞ് നോട്ടങ്ങളും ആത്മവിമര്‍ശനങ്ങളും നാം നടത്തിയില്ലെങ്കില്‍ നമ്മുടെ വീടിന്റെ അകത്തളങ്ങളിലും അസ്വസ്ഥതകളുടെ കരിമ്പുക ഉയരുമെന്നുറപ്പാണ്.

മക്കള്‍ പരീക്ഷണവും അലങ്കാരവുമാണ്

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും ഒരു കുഞ്ഞിക്കാല്‍ കാണുകയെന്നത് വെറും സ്വപ്നം മാത്രമായി അവശേഷിക്കുന്ന ധാരാളം ദമ്പതിമാര്‍ നമുക്ക് ചുറ്റുമുണ്ട്. ഒട്ടേറെ ഡോക്ടര്‍മാരെ കാണിച്ചു. പലവിധ ചികിത്സകളും നടത്തി. ദമ്പതികള്‍ ഇരുവര്‍ക്കും യാതൊരു കുഴപ്പവും കാണുന്നുമില്ല. പക്ഷേ, കുട്ടികള്‍ ഉണ്ടാകുന്നില്ല. ചിലരില്‍ കുഴപ്പങ്ങളുണ്ട്. അല്ലാഹുവിന്റെ ചില വചനങ്ങള്‍ അത്തരമാളുകള്‍ക്ക് സമാധാനം നല്‍കുന്നു:

“അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വജ്ഞനും സര്‍വശക്തനുമാകുന്നു’’ (ക്വുര്‍ആന്‍ 42:49,50).

അല്ലാഹുവാണ് സന്തതികളെ നൽകുന്നതും നൽകാതിരിക്കുന്നതും. രണ്ടും പരീക്ഷണമാണ്. പലരുടെയും വിശ്വാസത്തില്‍ പുഴുക്കുത്ത് വീഴുന്ന മേഖലയാണ് മക്കളില്ലാതെ പരീക്ഷിക്കപ്പെടല്‍ എന്നതുകൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. സിദ്ധന്മാരും ഭാവി പ്രവചനക്കാരും പാമരജനങ്ങളെ ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കുന്നു. തങ്ങളുടെ ഇഹപര നഷ്ടങ്ങളെക്കുറിച്ച് ചൂഷണം ചെയ്യപ്പെടുന്നവര്‍ ഓര്‍ക്കുന്നുമില്ല.

മക്കളില്ലാതെ പരീക്ഷിക്കപ്പെട്ട ഇബ്‌റാഹീം(അ), സകരിയ്യാ(അ) എന്നിവരുടെ ചരിത്രം അല്ലാഹു നമ്മെ പഠിപ്പിക്കുന്നതില്‍ നമുക്ക് ഗുണപാഠമുണ്ടെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് അറിവുള്ളവരുടെ കടമയാണ്. ദൈവികസന്ദേശങ്ങളുടെ വാഹകരായിരുന്ന മാതൃകാപുരുഷന്മാരായ പ്രവാചകന്മാര്‍ പോലും സന്താനങ്ങള്‍ക്കായി കൊതിക്കുകയും ക്ഷമയോടെ പ്രാര്‍ഥിക്കുകയും ചെയ്തതായി വിശുദ്ധ ക്വുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്.

“അവിടെ വെച്ച് സകരിയ്യാ തന്റെ രക്ഷിതാവിനോട് പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, എനിക്കു നീ നിന്റെ പക്കല്‍നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കുന്നവനാ ണല്ലോ എന്ന് അദ്ദേഹം പറഞ്ഞു’’(3:38).

ഇബ്‌റാഹീം നബി(അ) പ്രാര്‍ഥിച്ചത് ഇങ്ങനെയാണ്: “എന്റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ’’(37:100).

മക്കളെ ലഭിച്ചവര്‍ അതിന് അല്ലാഹുവോട് അങ്ങേയറ്റം നന്ദി കാണിക്കേണ്ടതുണ്ട്. ഭൗതികതയുടെ അതിപ്രസരത്തില്‍ പലരും മറന്നുപോവുകയും അലസരാവുകയും ചെയ്യുന്ന കാര്യമാണിത്. മറ്റു പലര്‍ക്കും ലഭിക്കാത്ത സൗഭാഗ്യമാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് എന്ന ഓര്‍മ സന്താനങ്ങളുള്ളവര്‍ക്ക് എപ്പോഴുമുണ്ടാകണം. എന്തൊക്കെ പ്രയാസങ്ങളുമായിട്ടാണ് വീട്ടിലേക്ക് കയറിച്ചെല്ലുന്നതെങ്കിലും പൊന്നോമനകളുടെ മുഖം കാണുന്നതോടുകൂടി നാം അതെല്ലാം മറക്കുന്നു. അവരെ ഓമനിച്ച,് അവരോടൊപ്പം കളിച്ച് രസിക്കുമ്പോള്‍ നമുക്കുണ്ടാകേണ്ട ബോധം ബാല്യ-കൗമാരങ്ങള്‍ കഴിയുന്നതോടു കൂടി കെട്ടുപോകാന്‍ പാടില്ല ഈ സന്തോഷം എന്നതായിരിക്കണം.

മക്കള്‍ അല്ലാഹു നല്‍കുന്ന ദാനമാണെന്നു നാം തിരിച്ചറിയണം. അതുകൊണ്ട് നന്ദിയോടെ അതിനെ സ്വീകരിക്കാന്‍ കഴിയണം. ആണായാലും പെണ്ണായാലും അതില്‍ സംതൃപ്തിയും സന്തോഷവുമാണ് നന്ദിയുള്ള ദാസന്മാര്‍ക്ക് വേണ്ടത്. പിറക്കാനിരിക്കുന്നത് പെണ്ണാണെന്നറിഞ്ഞാല്‍ (ഗര്‍ഭാവസ്ഥയില്‍ തന്നെ ലിംഗനിര്‍ണയം നടത്തി) ജനിക്കാനുള്ള അവകാശം പോലും നിഷേധിച്ചുകൊണ്ടുള്ള ഭ്രൂണഹത്യകള്‍ ഇസ്‌ലാമികദൃഷ്ട്യാ കൊടും ക്രൂരതയും പാപവുമാണ്. പെണ്‍കുഞ്ഞ് പിറക്കുന്നത് അപമാനമായി കണ്ടിരുന്ന ഒരു കാലത്ത് നബിﷺ പറഞ്ഞത് ശ്രദ്ധിക്കുക: “ആരെങ്കിലും രണ്ട് പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയെത്തുന്നതുവരെ സംരക്ഷിച്ച് വളര്‍ത്തിയാല്‍ പരലോകത്ത് അയാള്‍ എന്നോടൊപ്പം സ്വര്‍ഗത്തിലായിരിക്കും’’ (മുസ്‌ലിം).

മനുഷ്യരുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി പെണ്ണും ആണും വിരൂപികളുമൊക്കെയായി സന്താനങ്ങള്‍ പിറക്കുമ്പോള്‍ ദൈവത്തിന്റെ നിശ്ചയവും തീരുമാനവുമാണവിടെ നടക്കുന്നതെന്നും മനുഷ്യന്റെ ദുര്‍ബലതയും നിസ്സഹായതയും തിരിച്ചറിയുകയും ചെയ്യേണ്ടതുണ്ട്.

സന്താനങ്ങളെക്കുറിച്ച് ക്വുര്‍ആനില്‍ അല്ലാഹു പറയുന്നു: “സമ്പത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരങ്ങളാകുന്നു...’’(18:46).

ഈ അലങ്കാരത്തിന്റെ ഭംഗിയും ശോഭയും നശിക്കാതെ സൂക്ഷിക്കേണ്ടത് നമ്മളോരോരുത്തരുടെയും ബാധ്യതയാണ്. അതല്ലെങ്കില്‍ നമുക്ക് പരീക്ഷണങ്ങളും വേദനകളും സമ്മാനിക്കുന്നവരായി അവര്‍ മാറും. മക്കളുമായി ബന്ധപ്പെട്ട വര്‍ത്തമാനകാല പ്രതിസന്ധികളുടെ മൂലകാരണം നമ്മുടെ ശ്രദ്ധയില്ലായ്മ യും സൂക്ഷ്മതക്കുറവും തന്നെയാണെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു.

മക്കള്‍ അമാനത്താണ്

പ്രവാചകന്‍ﷺ പറഞ്ഞു: “നിങ്ങളോരോരുത്തരും കൈകാര്യകര്‍ത്താക്കളാകുന്നു. നിങ്ങളുടെ കീഴില്‍ കൈകാര്യകര്‍തൃത്വം ഏല്‍പിക്കപ്പെട്ടവരെ കുറിച്ച് നിങ്ങള്‍ മുഴുവന്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. പുരുഷന്‍ തന്റെ വീട്ടിലെ കൈകാര്യകര്‍ത്താവാകുന്നു. അവന്ന് കീഴിലുള്ളവരെ കുറിച്ച് അവന്‍ ചോദ്യം ചെയ്യപ്പെടും. സ്ത്രീ അവളുടെ ഭര്‍ത്താവിന്റെ വീട്ടിലെ കൈകാര്യകര്‍ത്താവാകുന്നു. അവള്‍ക്ക് കീഴിലുള്ള വരെ കുറിച്ച് അവളും ചോദ്യം ചെയ്യപ്പെടും’’(ബുഖാരി, മുസ്‌ലിം).

ഓരോരുത്തരും നിര്‍വഹിക്കേണ്ട ഉത്തരവാദിത്തത്തെക്കുറിച്ച് ഒാര്‍മിപ്പിക്കാന്‍ ഇതിലും നല്ലൊരു വചനം ആവശ്യമില്ല.

മക്കളുടെ വിഷയത്തില്‍ നാം ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ നമ്മുടെ ജീവിതം താളം തെറ്റുമെന്നുറ പ്പാണ്. മക്കള്‍ അലങ്കാരവും സന്തോഷവുമാണെന്ന് പറയുമ്പോള്‍, അത് മനസ്സിലാക്കുന്നതില്‍ വന്ന പിഴവാണ് പല കുടുംബങ്ങളിലും തീരാദുഃഖത്തിന്റെ കരിനിഴല്‍ വീഴ്ത്തിയതെന്ന് അവരുടെ ചരിത്രം പഠിച്ചാല്‍ മനസ്സിലാകും

സ്‌നേഹിക്കണം, ലാളിച്ച് വഷളാക്കരുത്!

മക്കള്‍ ചോദിക്കുന്നതെല്ലാം വാങ്ങിക്കൊടുക്കുകയും നല്ല ഭക്ഷണവും വസ്ത്രവും നല്‍കുകയും ചെയ്യലില്‍ ഒതുങ്ങുന്നു അവരോടുള്ള സ്‌നേഹം എന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. അമിതലാളനയും അപകടമാണ്. ശാസനയും ഉപദേശവും വേണ്ടിടത്ത് അത് നല്‍കാനും നബിﷺ ശ്രദ്ധിച്ചിരുന്നു. സ്‌നേഹത്തോടും മാന്യമായ രീതിയിലുമാണ് നബിﷺ അത് നിര്‍വഹിച്ചത്. തങ്ങള്‍ ശ്രദ്ധിക്കേണ്ട ഇത്തരം കാര്യങ്ങളിലും മറ്റുള്ളവരോട് പരാതി പറയുന്നവരാണ് മിക്ക മാതാപിതാക്കളും. ചില തിരുത്തലുകളും കരുതലുകളും ഈ വിഷയത്തില്‍ നാം എടുത്തേ തീരൂ.

ധാര്‍മിക വിദ്യാഭ്യാസം നഷ്ടപ്പെട്ടത് പ്രധാന വിപത്ത്

ഭൗതിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നാം നല്‍കുന്ന ശ്രദ്ധയും അവരുടെ ഇഹപരജീവിതത്തിന്റെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന മദ്‌റസ-മതവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നമുക്കുള്ള ശ്രദ്ധയും ഈയവസരത്തില്‍ ഒന്ന് താരതമ്യം ചെയ്യുന്നത് നന്നാ യിരിക്കും. മൂന്ന് വയസ്സില്‍ പ്രീസ്‌കൂള്‍ മുതല്‍ ആരംഭിക്കുന്നു നമ്മുടെ ഇപ്പോഴത്തെ ഭൗതിക വിദ്യാഭ്യാസം. അതവസാനിക്കുന്നതാകട്ടെ മിക്കവാറും അവന്റെ/അവളുടെ 23ാമത്തെ വയസ്സിലാണ്. അതിനുശേഷവും പഠനം തുടരുന്നവരുണ്ട്. ഒരു വര്‍ഷത്തില്‍ ഏകദേശം 1200 മണിക്കൂര്‍വച്ച് ഈ കാലയളവില്‍ 20400 മണിക്കൂര്‍ അവര്‍ ഭൗതിക വിദ്യാഭ്യാസത്തി ന് വേണ്ടി ചെലവഴിക്കുന്നു. എന്നാല്‍ ജീവിതം മുഴുവന്‍ നേര്‍പഥത്തിലൂടെ സഞ്ചരിക്കാന്‍ അവനെ/അവളെ പ്രാപ്തമാക്കേണ്ട ധാര്‍മിക വിദ്യാഭ്യാസത്തിന് രക്ഷിതാക്കള്‍ നല്‍കുന്ന പ്രാധാന്യം എത്രമാത്രമുണ്ടെന്ന് പരിശോധിച്ചാല്‍ നമുക്ക് തന്നെ കുറച്ചിലനുഭവപ്പെടും. ആഴ്ചയില്‍ 8-9 മണിക്കൂര്‍ വച്ച് ഒരു വര്‍ഷം ഏതാണ്ട് 360 മണിക്കൂര്‍. കൃത്യമായി കുട്ടികളെ പറഞ്ഞയക്കുന്നവര്‍ക്കേ അത്രയും സമയം കിട്ടൂ. ഭൗതിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുന്നതിനെ എതിര്‍ക്കുകയല്ല; പലരും പല കാരണങ്ങള്‍ പറഞ്ഞ് ആ മേഖലയില്‍ പുറംതിരിഞ്ഞ് നിന്നപ്പോള്‍ രക്ഷിതാക്കളെയും കുട്ടികളെയും ബോധവല്‍കരിക്കാന്‍ മുന്നില്‍ നടന്ന നവോത്ഥാന നായകരുടെ പിന്‍തലമുറക്ക് അതിന് കഴിയുകയില്ല.

ധാര്‍മിക മര്യാദകള്‍ പകര്‍ന്നു നല്‍കിക്കൊണ്ട് നല്ല രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്നാല്‍ മക്കള്‍ ഇരുലോകത്തും അനുഗ്രഹവും അഭിമാനവുമായിരിക്കും. ചെറുപ്രായത്തില്‍ അവരുടെ ധാര്‍മിക ശിക്ഷണങ്ങളില്‍ ശ്രദ്ധിക്കാതെ വിട്ടാല്‍ വലുതായാല്‍ അപമാനകരമായ പലതും അവരില്‍ നിന്നുണ്ടായേക്കാം. അപ്പോള്‍ ഖേദിച്ചിട്ടോ, അവരെ മാത്രം കുറ്റം പറഞ്ഞിട്ടോ കാര്യമുണ്ടാകില്ല എന്നത് പ്രത്യേകം ഓര്‍ക്കുക. ഭാവിയില്‍ തങ്ങള്‍ക്കും നാടിനും നാട്ടാര്‍ക്കുമൊക്കെ ഉപകരിക്കുന്ന നല്ല മക്കളായിരിക്കണം നമ്മുടെ മക്കള്‍ എന്നാഗ്രഹിക്കുന്ന ഏതൊരു മാതാവും പിതാവും അവരുടെ ശാരീരിക വളര്‍ച്ചയിലെന്ന പോലെ ധാര്‍മിക-സാംസ്‌കാരിക വളര്‍ച്ചയിലും ശ്രദ്ധിക്കേണ്ടതുണ്ട്.

ഭൗതിക സാഹചര്യങ്ങളില്‍ വന്‍കുതിച്ചുചാട്ടം ഉണ്ടായതോടുകൂടി നമ്മുടെ മതവിദ്യാഭ്യാസത്തിന്റെ ഗ്രാഫ് കുത്തനെ താഴുന്നതാണ് നാം കണ്ടത്. ഒരുപാട് മദ്‌റസകള്‍ ഉണ്ടായെങ്കിലും പഠനനിലവാരവും സമയവും കുറഞ്ഞു. അഞ്ചാം ക്ലാസിനപ്പുറം പലര്‍ക്കും മദ്‌റസ ഒരു അജണ്ടയേ അല്ലാതായി മാറി. എന്നു മാത്രമല്ല അതൊരു കുറച്ചിലായി അനുഭവപ്പെടുന്നവര്‍ പോലും വളര്‍ന്നുവന്നു. കുട്ടിയുടെ വളര്‍ച്ചാ ഘട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 13 വയസ്സ് മുതല്‍ 20 വരെയുള്ള കാലയളവ്. അവരുടെ ഭാവി തീരുമാനിക്കുന്നതില്‍ ഈ ഏഴ് വര്‍ഷങ്ങള്‍ക്കുള്ള പങ്ക് അനിഷേധ്യമാണ്. വഴിതെറ്റാനും നന്നാവാനുമൊക്കെ സാധ്യതയുള്ള പ്രായം. ആ സമയത്താണ് അവര്‍ക്ക് ഏറ്റവും കൂടുതല്‍ ധാര്‍മികത പകര്‍ന്ന് നല്‍കേണ്ടത്. പക്ഷേ, ആറാം വയസ്സില്‍ ഒന്നാം ക്ലാസില്‍ ചേരുന്ന നമ്മുടെ മക്കള്‍ പതിനൊന്നോ പന്ത്രണ്ടോ വയസ്സാകുമ്പോഴേക്കും മദ്‌റസയോട് വിടപറഞ്ഞിട്ടുണ്ടാകും. പിന്നീടവര്‍ വിഹരിക്കുന്നത് തീര്‍ത്തും ഭൗതികാസ്വാദനങ്ങളുടെ മേഖലകളിലാണ്. കൂട്ടുകെട്ട് അല്‍പമൊന്ന് പിഴച്ചാല്‍ പിന്നീടൊരിക്കലും തിരിച്ചുകിട്ടാത്തവിധം അവരെ നമുക്ക് നഷ്ടപ്പെടും എന്നതിന് ഉദാഹരണങ്ങള്‍ അനവധിയാണ്.

ഹൈസ്‌കൂള്‍ പ്രായത്തിലുള്ള വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയകള്‍ വലവിരിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ നാം ഇടയ്ക്കിടെ കേള്‍ക്കാറുണ്ട്. പലപ്പോഴും വീട്ടുകാര്‍ അറിയുമ്പോഴേക്ക് തീര്‍ത്തും പിടിവിട്ട അവസ്ഥയിലായിരിക്കും കുട്ടി. ആശുപത്രികളും കൗണ്‍സലിംഗ് സെന്ററുകളും മാറി മാറി കയറിയിറങ്ങി സാധാരണ നിലയിലേക്കെത്തുമ്പോഴേക്കും കുട്ടിയുടെ ജീവിതത്തിലെ സുപ്രധാനമായ വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടിരിക്കുകയും ചെയ്യും.

ആണ്‍കുട്ടികളെ വൃത്തികെട്ട സ്വവര്‍ഗലൈംഗികതയ്ക്ക് ഉപയോഗിച്ച് അവരുടെ ജീവിതം താറുമാറാക്കുന്ന മറ്റൊരു ഭീഷണിയും ഈയടുത്ത കാലത്തായി ക്രമാതീതമായി വര്‍ധിച്ച് വന്നിട്ടുണ്ട്.

പെണ്‍കുട്ടികള്‍ എങ്ങോട്ട്?

ആണ്‍കുട്ടികളുടെ അവസ്ഥ ഇങ്ങനെയൊക്കെയാണെങ്കില്‍ നമ്മുടെ പെണ്‍മക്കള്‍ പോകുന്ന പോക്ക് അതിലേറെ അപകടംപിടിച്ച വഴിയിലൂടെയാണ്. അതില്‍ ഏറ്റവും ഭീഷണിയുയര്‍ത്തി നില്‍ക്കുന്നത് പ്രേമം തന്നെയാണ്. തങ്ങളാരാണെന്നും തങ്ങളൂടെ ജീവിതലക്ഷ്യമെന്താണെന്നും മാതാപിതാക്കളും സമൂഹവും തങ്ങളിലര്‍പ്പിച്ച പ്രതീക്ഷകള്‍ എത്രമാത്രമാണെന്നുമൊക്കെ അവര്‍ മറന്നുപോകുന്നു. സ്ഥിരമായി പോകുന്ന ബസ്സിലെ ജീവനക്കാരനെ മുതല്‍ ഒരേ ക്ലാസില്‍ പഠിക്കുന്ന സഹപാഠിയെവരെ അവര്‍ പ്രേമിക്കുന്നു. പ്രേമിക്കുന്നവരുടെ മതവും പ്രായവുമൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. കൊച്ചുകൊച്ച് വര്‍ത്തമാനങ്ങളില്‍ തുടങ്ങി അവസാനം വേര്‍പിരിയാനാവാത്തവിധം സകലതും കൈമാറിക്കഴിഞ്ഞ ശേഷമാണ് പലപ്പോഴും ഇതിന്റെ ഗൗരവം അവര്‍ക്ക് മനസ്സിലാവുക. വീട്ടുകാരാവട്ടെ പലപ്പോഴും പ്രായോഗികവഴികള്‍ സ്വീകരിക്കുന്നതിനുപകരം സംഭവം മൂടിവച്ച് നാണക്കേടില്‍നിന്നൊഴിവാകാന്‍ സ്വീകരിക്കുന്ന കുറുക്കുവഴികള്‍ കുട്ടിയെ എന്നെന്നേക്കുമായി നഷ്ടപ്പെടുന്നതിലേക്കെത്തിക്കുകയും ചെയ്യുന്നു. പിന്‍മാറിയാല്‍ സകലതും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന ഭീഷണി കാരണം കല്യാണത്തിന് നിര്‍ബന്ധിതരാകുന്ന കുട്ടികളുമുണ്ട്. അവസാനം കോടതിമുറികളിലെ പൊട്ടിക്കരച്ചലുകള്‍ക്കും മാതാപിതാക്കളുടെ നെഞ്ച് തകര്‍ന്നുള്ള നിലവിളികള്‍ക്കും യാതൊരു വിലയും കല്‍പിക്കാതെ ഇന്നലെ പരിചയപ്പെട്ടവന്റെ കൂടെ അവള്‍ ഇറങ്ങിപ്പോവുകയും ചെയ്യുന്നു.

ആരാണ് കുറ്റക്കാര്‍?

വിശുദ്ധ ക്വുര്‍ആനും പ്രവാചകവചനങ്ങളും കുടുംബത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ നമ്മെ നിരന്തരം ഉണര്‍ത്തുന്നുണ്ട്. കത്തിയാളുന്ന നരകശിക്ഷയില്‍നിന്ന് അവരെ രക്ഷപ്പെടുത്താന്‍ നാം പണിയെടുക്കേണ്ടത് ജീവിച്ചിരിക്കുമ്പോഴാണ്. അല്ലാഹു പറയുന്നു:

“സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക...’’ (ക്വുര്‍ആന്‍ 66:6).

സന്താനങ്ങളാകുന്ന ഭാവിതലമുറയെ സംബന്ധിച്ച് പരലോകത്ത് ചോദ്യം ചെയ്യപ്പെടുന്നവരാണ് മാതാപിതാക്കള്‍ എന്നു വ്യക്തം. നല്ലരൂപത്തില്‍ അവരെ പരിപാലിക്കുന്നവരാണെങ്കില്‍ അവര്‍ ഇരുലോകത്തും സൗഭാഗ്യവാന്‍മാരായിത്തീരാം. എന്നാല്‍ അതിനെ അവഗണിക്കുകയാണങ്കില്‍ ദൗര്‍ഭാഗ്യകരമായിരിക്കും ഫലം.

ഇവിടെ ചെയ്യേണ്ടത് ഇവിടെ വച്ചുതന്നെ ചെയ്യണം. പിന്നീടുള്ള വിലാപങ്ങള്‍ വ്യര്‍ഥമായിരിക്കും എന്ന് പ്രത്യേകം ഓര്‍മിക്കേണ്ടതുണ്ട്.

മക്കളുടെ അപഥസഞ്ചാരത്തില്‍ പലപ്പോഴും രക്ഷിതാക്കള്‍ തന്നെയാണ് ഒന്നാം പ്രതികള്‍ എന്ന് കാണാന്‍ കഴിയും. കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കൃത്യമായി ഇടപെടല്‍ നടത്തേണ്ടവരാണ് രക്ഷിതാക്കള്‍. 20 വയസ്സാകുമ്പോഴല്ല, ചെറുപ്പത്തില്‍തന്നെ തുടങ്ങണം ഈ ഇടപെടല്‍. അവന്റെയും അവളുടെയും ഹൃദയത്തില്‍ അല്ലാഹുവും റസൂലും കഴിഞ്ഞാല്‍ മാതാപിതാക്കളെക്കാള്‍ വലുതായി ഒരു സൃഷ്ടിയുമില്ല എന്ന ഉറപ്പ് നമുക്കുണ്ടാക്കാന്‍ സാധിക്കണം. അതിനു വേണ്ടത് കൃത്യമായ വഴി കാണിച്ച് കൊടുക്കലാണ്. ധര്‍മവും അധര്‍മവും നന്മയും തിന്മയുമൊക്കെ കുട്ടിക്ക് കൃത്യമായി പറഞ്ഞ് കൊടുക്കണം. മാതാപിതാക്കള്‍ കാണാമറയത്താണെങ്കിലും സദാ നമ്മെ നിരീക്ഷിക്കുന്ന സ്രഷ്ടാവുണ്ടെന്ന ബോധം ചെറുപ്പത്തിലേ അവരുടെ മനസ്സില്‍ വളര്‍ത്തിയെടുക്കണം. ഇഹലോക ജീവിതത്തിന്റെ സുഖാസ്വാദനങ്ങള്‍ക്കപ്പുറം ശാശ്വതമായ സ്വര്‍ഗീയ ഭവനമാണ് നമ്മുടെ മുഖ്യലക്ഷ്യമെന്ന് അവര്‍ക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം. നിഷിദ്ധമായ ഒരു നോട്ടമോ ചലനമോ സംസാരമോ പോലും ഏറ്റവും വലിയ പാപങ്ങളില്‍ പെട്ട വ്യഭിചാരത്തിന്റെ കൂട്ടത്തിലാണ് പ്രവാചകര്‍ﷺ എണ്ണിയിട്ടുള്ളതെന്ന് അവരെ പഠിപ്പിക്കണം. ലുക്വ്മാന്‍(അ) തന്റെ മകന് കൊടുത്ത ഉപദേശങ്ങളുടെ പ്രസക്തി അവരുടെ മനസ്സകങ്ങളില്‍ ഒരു ജ്വാലയായി കത്തിച്ചുവയ്ക്കണം. അതോടൊപ്പം തങ്ങളുടെ ഏതു കാര്യങ്ങളും തുറന്നു പറയാന്‍ കഴിയുന്ന രീതിയില്‍ ഒരാത്മബന്ധം മക്കളും മാതാപിതാക്കളും തമ്മിലുണ്ടായിരിക്കണം.

സന്താനങ്ങള്‍ക്കിടയില്‍ നീതി പാലിക്കുക

മക്കള്‍ക്ക് സമ്മാനം കൊടുക്കുമ്പോഴും സമ്പത്ത് നല്‍കുമ്പോഴും മറ്റെല്ലാ കാര്യങ്ങളിലും നീതി പാലിക്കുക എന്നത് നബിﷺ പഠിപ്പിച്ച മര്യാദയാണ്. അവരോട് മാതാപിതാക്കള്‍ കാണിക്കുന്ന ഏതൊരു വിവേചനവും അവരുടെ മനസ്സിനെ സ്വാധീനിക്കുകയും വെറുപ്പിന് കാരണമായിത്തീരുകയും ചെയ്യും.

നബിﷺ പറഞ്ഞു: “നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങള്‍ക്കിടയില്‍ നീതി പാലിക്കുക’’ (ബുഖാരി, മുസ്‌ലിം)

നുഅ്മാനുബ്‌നു ബശീര്‍(റ) നിവേദനം: “എന്റെ പിതാവ് അദ്ദേഹത്തിന്റെ ധനത്തില്‍ എനിക്ക് ചിലത് ദാനമായി തന്നു. അപ്പോള്‍ എന്റെ ഉമ്മ, അംറ ബിന്‍ത് റവാഹ പറഞ്ഞു: ‘നിങ്ങള്‍ നല്‍കിയ ധനത്തിന് പ്രവാചക തിരുമേനിﷺ സാക്ഷ്യം വഹിക്കാതെ ഞാനതിനെ തൃപ്തിപ്പെടുകയില്ല.’ അങ്ങനെ എന്റെ പിതാവ് എനിക്കു നല്‍കിയ ദാനത്തിന് സാക്ഷിനില്‍ക്കുവാനായി തിരുമേനിﷺയുടെ അടുക്കലേക്ക് പോയി. അപ്പോള്‍ റസൂല്‍ﷺ അദ്ദേഹത്തോട് ചോദിച്ചു: ‘നീ നിന്റെ എല്ലാ മക്കള്‍ക്കും ഇതുപോലെ നല്‍കിയിട്ടുണ്ടോ?’ അദ്ദേഹം പ്രതിവചിച്ചു: ‘ഇല്ല.’ അപ്പോള്‍ നബിﷺ പറയുകയുണ്ടായി: ‘നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങള്‍ സന്താനങ്ങള്‍ക്കിടയില്‍ നീതി പാലിക്കുക.’ അങ്ങനെ എന്റെ പിതാവ് മടങ്ങി. എനിക്ക് നല്‍കിയിരുന്ന സ്വത്ത് തിരിച്ചെടുക്കുകയും ചെയ്തു.’’ (മുസ്‌ലിം)

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെയുമുണ്ട്: ‘എങ്കില്‍ നീ അതിന് എന്നെ സാക്ഷി നിര്‍ത്തരുത്. കാരണം ഞാന്‍ അനീതിക്ക് സാക്ഷ്യം വഹിക്കുന്നവനല്ല’ (മുസ്‌ലിം)

നമ്മളില്‍ ചിലര്‍ ചെയ്യുന്നതോ?

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് എത്ര സമയവും പണവും ചെലവഴിക്കാന്‍ യാതൊരു മടിയുമില്ലാത്ത നമ്മള്‍ ആഴ്ചയിലൊരിക്കല്‍ ഒരു മണിക്കൂറെങ്കിലും അവരെ ധാര്‍മികവിദ്യ നുകരുന്നതിന് വിട്ടുതരണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ നൂറുകൂട്ടം ഒഴിവ് കഴിവുകള്‍ പറഞ്ഞ് അതിനെ മുടക്കും. സ്റ്റഡി ടൂറെന്ന പേരില്‍ പ്രായപൂര്‍ത്തിയായ ആണും പെണ്ണുമടങ്ങുന്ന ടീമില്‍ ഒന്നും രണ്ടും ദിവസം നീണ്ടു നില്‍ക്കുന്ന വിനോദയാത്രക്ക് മക്കളെ പറഞ്ഞയക്കുമ്പോഴും പലരും അതിന്റെ ഭവിഷ്യത്തുകളെ കുറിച്ച് ചിന്തിക്കുന്നേയില്ല.

കുട്ടികളുടെ കൂട്ടുകെട്ട് ആരുമായിട്ടാണെന്നോ കലാലയങ്ങളില്‍ അവരുടെ പെരുമാറ്റമെങ്ങനെയാണെന്നോ നാം അന്വേഷിക്കാറുണ്ടോ? സ്‌പെഷ്യല്‍ ക്ലാസുകളുടെ പേര് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുന്ന കുട്ടി ക്ലാസിന് തന്നെയാണോ പോയിട്ടുള്ളത് എന്ന് ഒരിക്കലെങ്കിലും വിളിച്ച് ചോദിച്ചിട്ടുണ്ടോ നമ്മള്‍?

വിലകൂടിയ മൊബൈല്‍ ഫോണും അതില്‍ നെറ്റ് കണക്ഷനും ഉപയോഗിക്കാന്‍ എല്ലാ സൗകര്യ ങ്ങളുമൊരുക്കിക്കൊടുത്ത് സകല വൃത്തികേടുകളുടെയും വാതില്‍ മക്കള്‍ക്ക് തുറന്നുകൊടുക്കുന്നവര്‍ പിന്നീട് വിലപിച്ചിട്ട് ഒരു കാര്യവുമുണ്ടാവുകയില്ല. പുതപ്പിനടിയില്‍ ചുരുണ്ടുകൂടി രാത്രി പുലരുവോളം തീര്‍ത്തും അന്യരും നിഷിദ്ധരുമായ ആള്‍ക്കാരുമായി നമ്മുടെ മക്കള്‍ ചാറ്റിംഗ് നടത്തുന്നത് നാമറിയു ന്നേയില്ല. അഥവാ അറിഞ്ഞാല്‍തന്നെ അതിന് കടിഞ്ഞാണിടാന്‍ പലപ്പോഴും നാം അശക്തരായിരിക്കും. അത്രത്തോളം ലാളിച്ച് വഷളാക്കിയിട്ടുണ്ടാകും നാമവരെ!

പെണ്‍മക്കളുടെ തെറ്റായ വസ്ത്രധാരണരീതിയും അവരുടെ അപചയത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഘടകമാണ്. ഇസ്‌ലാം കര്‍ശനമായി വിലക്കിയ രീതിയിലുള്ള ഇറുകിയതും ശരീരത്തിന്റെ നിമ്‌നോന്ന തികള്‍ എടുത്ത് കാണിക്കുന്നതുമായ വസ്ത്രം അവര്‍ക്ക് വാങ്ങിക്കൊടുക്കുന്ന രക്ഷിതാക്കള്‍ ശാശ്വത നരകത്തിലേക്കാണ് അവരെ തള്ളിയിടുന്നതെന്ന കാര്യം ഗൗരവമായ ചിന്തകള്‍ക്ക് വിധേയമാകേണ്ടതുണ്ട്. അത്തരക്കാര്‍ വസ്ത്രം ധരിച്ചിട്ടും നഗ്‌നകളാണെന്നും സ്വര്‍ഗത്തിന്റെ വാസനപോലും അവര്‍ക്ക് നിഷിദ്ധമാണെന്നും പ്രവാചകന്‍ﷺ മുന്നറിയിപ്പ് നല്‍കിയ വിഭാഗത്തില്‍ നമ്മുടെ മക്കളും പെട്ടുപോകുമോ എന്ന് നാം ഭയപ്പെടേണ്ടതുണ്ട്. ആരാധനകളുടെ കാര്യത്തില്‍ കണിശസ്വഭാവം പുലര്‍ത്തുന്ന പലരും ഈ മേഖലയില്‍ പരാജയപ്പെടുന്നു എന്നത് ഒരു വലിയ ദുരന്തംതന്നെയാണ്.

മക്കളുടെ പിടിവിട്ട പോക്ക് നിയന്ത്രിക്കുവാന്‍ ഒറ്റമൂലിയൊന്നുമില്ല എന്ന തിരിച്ചറിവ് നമുക്കുണ്ടായേ തീരൂ. ആണായാലും പെണ്ണായാലും അവരെ വളര്‍ത്തേണ്ട രീതിയില്‍ വളര്‍ത്തുകതന്നെയാണ് അവരെ നമ്മുടേതാക്കി മാറ്റുവാനുള്ള ഏക പോംവഴി. സ്ത്രീ-പുരുഷന്മാര്‍ തമ്മില്‍ പാലിക്കേണ്ട അകലം കൃത്യമായി പാലിക്കുവാന്‍ മക്കളെ പരിശീലിപ്പിക്കുക. സംസാരം, നോട്ടം, പെരുമാറ്റം തുടങ്ങിയവയിലൂടെയൊന്നും ഒരാള്‍ക്കും തന്റെ രഹസ്യജീവിതത്തിലേക്ക് കടന്നുവരാനുള്ള ഒരു പഴുതും കൊടുക്കാ തിരിക്കാന്‍ അവരെ പ്രാപ്തരാക്കുക. അതോടൊപ്പം മക്കളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുക. മറ്റുള്ളവരുടെ മക്കളുടെ നൂറുകൂട്ടം ന്യൂനതകള്‍ കണ്ടെത്തി അത് പരസ്യപ്പെടുത്തുന്നതില്‍ പ്രത്യേക ഹരം കണ്ടെത്തുന്നവര്‍ സ്വന്തം മക്കളെ കണ്ണുമടച്ച് വിശ്വസിക്കുന്നു. അവസാനം വേലി പൊളിച്ച് മക്കള്‍ പുറത്ത് ചാടുമ്പോഴായിരിക്കും അവര്‍ക്ക് ബോധം വരിക. ഈയൊരവസ്ഥയില്‍നിന്നും അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ.