മദ്റസകളും ബാലാവകാശ കമ്മീഷനും സുപ്രീംകോടതി വിധിയും
സുഫ്‌യാൻ അബ്‌ദുസ്സലാം
2024 ഒക്ടോബർ 26, 1446 റ. ആഖിർ 23

ദേശീയ ബാലാവകാശ കമ്മീഷൻ മദ്‌റസബോർഡുകൾ അടച്ചുപൂട്ടണമെന്നും അവയ്ക്കുള്ള ധനസഹായം അവസാനിപ്പിക്കണമെന്നുമുള്ള നിർദേശം മുന്നോട്ടുവച്ചതോടെ രാജ്യത്തെ മദ്‌റസകൾ വീണ്ടും ശ്രദ്ധാകേന്ദ്രങ്ങളാവുകയാണ്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് ദേശീയ ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ പ്രിയങ്ക് കാനുംഗോ അയച്ച കത്തിലാണ് നിർദേശങ്ങൾ വന്നിട്ടുള്ളത്.
ഒന്നും രണ്ടും മോദി സർക്കാരുകൾ തുടങ്ങിവച്ച മുസ്‌ലിം വിരുദ്ധ നയങ്ങളുടെ ആവർത്തനമാണ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാവുന്ന തരത്തിലുള്ള നടപടികളാണ് കമ്മീഷന്റെതായി പുറത്തുവന്നിട്ടുള്ളത്. ഒന്നും രണ്ടും മോദി സർക്കാറുകൾക്ക് വ്യക്തമായ ഭൂരിപക്ഷവും ആധിപത്യവുമുണ്ടായിരുന്നെങ്കിൽ മൂന്നാം മോദി സർക്കാർ ഘടകകക്ഷികളുടെ കാരുണ്യത്തിൽ മാത്രമാണ് നിലകൊള്ളുന്നത്. എങ്കിലും അതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന വിധത്തിലുള്ള വിധ്വംസക നിലപാടിലൂടെയാണ് സർക്കാർ മുന്നോട്ടു പോകുന്നത് എന്ന് ഇത് വ്യക്തമാക്കുന്നു. മുസ്‌ലിം വക്വ‌്‌ഫ് സ്വത്തുക്കൾ പിടിച്ചെടുക്കാൻ ഉദ്ദേശ്യമിട്ടുകൊണ്ടുള്ള നിയമഭേദഗതികൾക്ക് തുടക്കം കുറിച്ചുകൊണ്ടാണ് മൂന്നാം മോദി സർക്കാർ അധികാരത്തിൽ വന്നത്. അതിനെക്കുറിച്ചുള്ള ചർച്ചകൾ എവിടെയും എത്താതെ നിൽക്കുമ്പോഴാണ് മദ്‌റസകളെ കുന്തമുനകളിൽ നിർത്തി പുതിയ പരീക്ഷണങ്ങൾക്ക് സർക്കാർ തയ്യാറാവുന്നത്.
എന്താണ് കമ്മീഷൻ റിപ്പോർട്ട്?
ദേശീയ ബാലാവകാശ കമ്മീഷൻ അഥവാ National Commission for Protection of Child Rights (NCPCR) ഒക്ടോബർ 11നു പുറപ്പെടുവിച്ച 69 പേജുള്ള റിപ്പോർട്ടിന് 11 അധ്യായങ്ങളാണുള്ളത്. റിപ്പോർട്ടിലൂടെ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ ചുരുക്കി അതിന്റെ കവറിംഗ് ലെറ്ററിൽ കുറിച്ചിട്ടുണ്ട്. ലെറ്ററിന്റെ സബ്ജക്റ്റായി നൽകിയതിൽനിന്നും റിപ്പോർട്ടിന്റെ ഉദ്ദേശ്യം വളരെ വ്യക്തമാണ്. തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് സബ്ജക്റ്റ് നൽകിയിട്ടുള്ളത്. ‘വിശ്വാസത്തിന്റെ സംരക്ഷകരോ അതോ അവകാശങ്ങളെ അടിച്ചമർത്തുന്നവരോ; കുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങളും മദ്‌റസകളും തമ്മിലുള്ള പോരാട്ടം’ (Guardians of Faith or Oppressors of Rights: Constitutional Rights of Children Vs Madrasas) എന്നിങ്ങനെയാണ് വിഷയമായി നൽകിയിട്ടുള്ളത്.
വിശ്വാസത്തിന്റെ സംരക്ഷകരോ?
മദ്‌റസകളെക്കുറിച്ച് സംഘ്പരിവാറിന്റെ ശൈലിയിൽ ആക്ഷേപരൂപത്തിലാണ് കമ്മീഷൻ സംസാരിച്ചു തുടങ്ങുന്നത്. ‘വിശ്വാസത്തിന്റെ സംരക്ഷകരോ’ എന്ന ചോദ്യത്തിൽനിന്നും അത് വ്യക്തമാണ്. മദ്‌റസകൾ വിശ്വാസത്തിന്റെ സംരക്ഷണത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളതും പ്രവർത്തിച്ചുവരുന്നതും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടതില്ല. വിശ്വാസ സംരക്ഷണം ഭരണഘടന നൽകുന്ന അവകാശമാണ്. അതിൽ ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ വ്യത്യാസമില്ല. ശബരിമലയിൽ നടന്നുവരുന്ന ആചാരങ്ങൾ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള സാമ്പ്രദായിക രീതികളിലാണ് നടന്നുവരുന്നതെന്നും അതിൽ ഭേദഗതി കൊണ്ടുവരാൻ സർക്കാറുകൾക്ക് അവകാശമില്ലെന്നും വിധി പറഞ്ഞത് രാജ്യത്തെ കോടതികൾതന്നെയാണ്. ഓരോ മതവിഭാഗത്തിനും അവരുടെ വിശ്വാസം അത്രമാത്രം പ്രധാനമാണ്.
ഭരണഘടനയുടെ 19, 25, 26, 28 എന്നീ അധ്യായങ്ങൾ വിശ്വാസങ്ങൾക്ക് സംരക്ഷണം നൽകുമ്പോൾ ആർട്ടിക്കിൾ 30 ന്യൂനപക്ഷ മതവിഭാഗങ്ങളുടെ വിശ്വാസപരമോ സാംസ്‌കാരികമോ ആയ കാര്യങ്ങളുടെ പഠനത്തിനും സംരക്ഷണത്തിനും വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനുള്ള അവകാശം കൂടി നൽകുന്നു. മാത്രവുമല്ല അത്തരം സ്ഥാപനങ്ങൾക്ക് സഹായം നൽകുന്ന കാര്യത്തിൽ ഭരണകൂടം വിവേചനം കാണിക്കാൻ പാടില്ലെന്നുകൂടി പ്രസ്തുത ആർട്ടിക്കിൾ വ്യക്തമാക്കുന്നുണ്ട്. ഈ വസ്തുതകളുടെ വെളിച്ചത്തിൽ വിശ്വാസ സംരക്ഷണത്തിനായി മദ്‌റസകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിന്റെ പേരിൽ കമ്മീഷൻ ഒരിക്കലും അസ്വസ്ഥമാകേണ്ട കാര്യമില്ല.
അവകാശങ്ങളെ അടിച്ചമർത്തുന്നവരോ?
കമ്മീഷന്റെ മദ്‌റസകളെക്കുറിച്ചുള്ള രണ്ടാമത്തെ പരിഹാസം ‘അവകാശങ്ങളെ അടിച്ചമർത്തുന്നവരോ’ എന്നാണ്. നമ്മുടെ രാജ്യത്തെ വിദ്യാർഥികൾക്ക് മതഭേദമന്യെ പൊതുവിദ്യാഭ്യാസം നൽകണമെന്നത് ഭരണഘടനാപരമായ ബാധ്യതയാണ്. വിദ്യാഭ്യാസം അവകാശമാണ്. ഇതിൽനിന്ന് ഒരാൾക്കും പിന്നോട്ടു പോകാൻ സാധിക്കില്ല. എന്നാൽ വിദ്യാഭ്യാസം അവകാശമായി നമ്മുടെ രാജ്യം പ്രഖ്യാപിച്ചത് 2002 ലെ 86ാം ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന്റെ ഉപവിഭാഗമായി 21-എ സ്ഥാനം പിടിച്ചത്. അതിൽ പറയുന്നത് ഇങ്ങനെയാണ്: ‘വിദ്യാഭ്യാസത്തിനുള്ള അവകാശം (Right to Education): ആറു മുതൽ പതിനാലു വരെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകൽ രാഷ്ട്രത്തിന്റെ ബാധ്യതയാണ്.’
വിദ്യാഭ്യാസ അവകാശനിയമവും മദ്‌റസകളും
2002 ഡിസംബറിൽ കൊണ്ടുവന്ന ഈ അനുച്ഛേദത്തിന്റെ അടിസ്ഥാനത്തിൽ നിയമങ്ങൾ ഉണ്ടാക്കുവാൻ ഏഴു വർഷമെടുത്തു. പഠനം നടത്തിയ സർക്കാർ സമിതികൾ സമർപ്പിച്ച റിപ്പോർട്ടുകൾ പലപ്പോഴും ധനകാര്യ മന്ത്രാലയം അമിത സാമ്പത്തിക ബാധ്യത പറഞ്ഞു തള്ളുകയാണുണ്ടായത്. 2009ൽ മാത്രമാണ് വിദ്യാഭ്യാസ അവകാശ നിയമം (Right to Education Act) നിലവിൽ വന്നത്. എന്നാൽ ഈ നിയമം നിലവിൽ വന്നതോടെ രാജ്യത്തെ നിരവധി മതങ്ങളുടെ കീഴിൽ നടക്കുന്ന മതാധ്യാപന സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ കാര്യം അങ്കലാപ്പിലായി. മതം പഠിക്കാൻ താൽപര്യപ്പെട്ടുകൊണ്ട് മുസ്‌ലിം മദ്‌റസകളിലും ഹിന്ദു വേദപാഠശാലകളിലും ഇതര മതങ്ങളുടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചേർന്ന് പഠനം നടത്തിക്കൊണ്ടിരിക്കുന്ന കുട്ടികളെ ഒരു സുപ്രഭാതത്തിൽ അവിടങ്ങളിൽനിന്നും പുറത്തുകൊണ്ടുവന്ന് പൊതുവിദ്യാലയങ്ങളിൽ ചേർക്കുക എന്നത് പ്രയോഗികമായിരുന്നില്ല.
മദ്‌റസകൾക്ക് വിടുതൽ
അത് ബോധ്യപ്പെട്ട സർക്കാർ 2012 ആഗസ്റ്റിൽ വിദ്യാഭ്യാസ അവകാശ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നു. നിയമത്തിന്റെ ഒന്നാം വകുപ്പിൽ അഞ്ചാമത്തെ ഇനമായി (1/5) ഇങ്ങനെ എഴുതിച്ചേർത്തു: “Nothing contained in this Act shall apply to madrasas, Vedic Pathshalas and Educational Institutions primarily imparting religious instruction” (ഈ നിയമത്തിൽ അടങ്ങിയിരിക്കുന്ന ഒന്നും മുസ്‌ലിം മദ്‌റസകൾക്കും ഹിന്ദു വേദപാഠശാലകൾക്കും പ്രാഥമിക മതപഠനം പകർന്നുനൽകുന്ന മറ്റു മതസ്ഥരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമല്ല).
വേദപാഠശാലകൾക്ക് ബാധകമല്ലേ?
ഇപ്പോൾ പുതിയ റിപ്പോർട്ടിലൂടെ ബാലാവകാശ കമ്മീഷൻ മദ്‌റസകളെക്കുറിച്ച് മാത്രം സംസാരിക്കുകയും വേദപാഠശാലകളെക്കുറിച്ചും മറ്റു മത വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും മൗനം പാലിക്കുകയും ചെയ്യുന്നതിൽനിന്നും ഉദ്ദേശ്യം വളരെ വ്യക്തമാണ്. മദ്‌റസകളിൽ പഠിക്കുന്ന കുട്ടികൾക്ക് മാത്രമാണോ ബാലാവകാശം, മറ്റുള്ളവർക്ക് അത് ആവശ്യമില്ലേ തുടങ്ങിയ ചോദ്യങ്ങൾക്ക് കൂടി ബാലാവകാശ കമ്മീഷൻ മറുപടി പറയേണ്ടതുണ്ട്. ഹിന്ദുമതം പഠിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ വേദപാഠശാലകളിൽ ചേർന്ന് പഠിക്കാനുള്ള അവകാശത്തെ ഹനിക്കുവാൻ പാടില്ലെന്നു തന്നെയാണ് മുസ്‌ലിം സമുദായത്തിന്റെയും അഭിപ്രായം.
സച്ചാർ കമ്മിറ്റിയും മദ്‌റസകളും
അതേസമയം ഈ നിയമം രൂപംകൊള്ളുകയും അതിന്മേലുള്ള സജീവമായ ചർച്ച നടന്നുകൊണ്ടിരിക്കുകയും ചെയ്തിരുന്ന 2006 കാലഘട്ടത്തിലാണ് സച്ചാർ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിച്ച സച്ചാർ കമ്മിറ്റി പറഞ്ഞത് മുസ്‌ലിം സമുദായത്തെ പുരോഗതിയിലേക്ക് കൊണ്ടുവരണമെങ്കിൽ പൊതുവിദ്യാഭ്യാസ മണ്ഡലങ്ങളിലേക്കും ഉദ്യോഗ മേഖലയിലേക്കും അവരെ ആകർഷിക്കത്തക്ക വിധത്തിലുള്ള പദ്ധതികൾ അനിവാര്യമാണ് എന്നാണ്. നിലവിലുള്ള മദ്‌റസ സംവിധാനങ്ങളെ ഇല്ലാതാക്കുന്നതിന് പകരം മദ്‌റസകളിൽ കൂടുതൽ ഭൗതിക പഠന സാഹചര്യം ഉണ്ടാവണമെന്നാണ് സച്ചാർ നിർദേശിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് മദ്‌റസകളെ ഹയർ സെക്കണ്ടറി ബോർഡുമായി ബന്ധപ്പെടുത്താനുള്ള തീരുമാനമുണ്ടായത്; ഡിഫൻസ്, സിവിൽ, ബാങ്കിംഗ് പരീക്ഷകൾക്ക് മദ്‌റസ സർട്ടിഫിക്കറ്റുകൾ അടിസ്ഥാന യോഗ്യതയാക്കാനും മദ്‌റസകൾക്ക് ഗ്രാൻഡ് ഏർപ്പെടുത്താനുമുള്ള തീരുമാനമുണ്ടായത്.
മദ്‌റസാ ശാക്തീകരണ നടപടികൾ
മദ്‌റസകളെ ഉപയോഗപ്പെടുത്തി മുസ്‌ലിം സമുദായത്തെ വിദ്യാഭ്യാസപരമായി കൈപിടിച്ചുയർത്താനായിരുന്നു മൻമോഹൻ സിംഗ് സർക്കാർ ശ്രമിച്ചിരുന്നത് എന്ന യാഥാർഥ്യമാണ് ഇത് വ്യക്തമാക്കുന്നത്. അങ്ങനെയാണ് മദ്‌റസകളിൽ ഏരിയ ഇന്റൻസീവ് ആൻഡ് മദ്‌റസ മോർഡനൈസേഷൻ സ്‌കീം നടപ്പാക്കി തുടങ്ങിയത്. മദ്‌റസയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, ആധുനിക ഭൗതിക വിദ്യാഭ്യാസം മദ്‌റസകളിലൂടെ നൽകുക തുടങ്ങിയ കാര്യങ്ങളാണ് പദ്ധതിയിലൂടെ നടന്നിരുന്നത്.
ന്യൂനപക്ഷ വിദ്യാഭ്യാസം ശാക്തീകരിക്കുന്നതിനായി 2004ൽ തന്നെ നാഷണൽ മോണിറ്ററിംഗ് കമ്മിറ്റി ഫോർ മൈനോറിറ്റീസ് എഡ്യൂക്കേഷൻ (NMCME) രൂപം കൊണ്ടിട്ടുണ്ടായിരുന്നു. മദ്‌റസകളിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിനായി “Scheme for Providing Quality Education in Madrasas’ (SPQEM) എന്ന പേരിൽ പദ്ധതി നടപ്പാക്കിയത് ഈ കമ്മിറ്റിയായിരുന്നു. മദ്‌റസകളെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തുകയും അധ്യാപക പരിശീലനങ്ങൾ ഏർപ്പെടുത്തുകയും സംസ്ഥാന മദ്‌റസ ബോർഡുകൾ ശക്തിപ്പെടുത്തുകയും ചെയ്യുക തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഈ കമ്മിറ്റിയുടെ ഭാഗമായാണ് നടപ്പായത്. മദ്‌റസകൾ അടക്കമുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് മൈനോറിറ്റി ഇൻസ്റ്റിറ്റിയൂഷൻസ്-IDMI എന്ന പേരിലുള്ള പദ്ധതി 2009 മുതൽ പ്രവർത്തിക്കുന്നുണ്ട്.
മദ്‌റസകൾക്കെതിരെ ഗൂഢതന്ത്രം
മദ്‌റസകൾ അടക്കമുള്ള ന്യൂനപക്ഷ സംവിധാനങ്ങളെ രാജ്യനിയമങ്ങളുടെ ഉള്ളിൽനിന്നുകൊണ്ട് നവീകരിക്കാനും അവയെ കാലോചിതമായി പുരോഗതിയിലേക്ക് കൊണ്ടുവരുവാനുമുള്ള നീക്കങ്ങളാണ് മുൻകാല സർക്കാറുകൾ ചെയ്തുവന്നിരുന്നത്. ഇത്തരം കാര്യം ചെയ്യുമ്പോൾ സമുദായത്തെ ബോധ്യപ്പെടുത്തുക കൂടി സർക്കാറുകൾ ചെയ്തിരുന്നു. എന്നാൽ 2014ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ ഇതുപോലുള്ള കമ്മീഷനുകളെയും ഉദ്യോഗസ്ഥ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തി മുസ്‌ലിം സ്ഥാപനങ്ങൾ പൂട്ടിക്കുന്നതിന് വേണ്ടിയുള്ള ഗൂഢതന്ത്രങ്ങളാണ് ആവിഷ്‌കരിച്ചുവന്നത്.
തെറ്റുധരിപ്പിക്കലുകൾ
മദ്‌റസകളെക്കുറിച്ച് വലിയ തെറ്റുധരിപ്പിക്കലുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. മദ്‌റസൾ ഭീകരത പ്രചരിപ്പിക്കുന്നുവെന്നും അവിടങ്ങളിൽ മതതത്ത്വങ്ങൾ മാത്രമാണ് പഠിപ്പിക്കുന്നതെന്നും ഭൗതിക വിദ്യാഭ്യാസവും ആധുനിക വിജ്ഞാനങ്ങളും അവിടെയുള്ള കുട്ടികൾക്ക് ലഭിക്കുന്നില്ലെന്നും തുടങ്ങിയ ഊതിവീർപ്പിക്കപ്പെട്ട ആരോപണങ്ങളാണ് മദ്‌റസകൾക്കെതിരെ ഉന്നയിക്കപ്പെടുന്നത്. രാവിലെയും വൈകുന്നേരവുമായി ഏതാനും മണിക്കൂറുകൾ നടന്നുവരുന്ന മദ്‌റസകൾ രാജ്യത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഒരു തടസ്സവും സൃഷ്ടിക്കുന്നില്ല. എന്നാൽ ഉത്തരേന്ത്യയിലടക്കമുള്ള ചില സംസ്ഥാനങ്ങളിൽ രാവിലെ മുതൽ വൈകുന്നേരം വരെ പ്രവർത്തിക്കുന്ന മദ്‌റസകളുണ്ട്. ഈ മദ്‌റസകളെക്കുറിച്ചാണ് കാര്യമായും ആക്ഷേപം ഉന്നയിക്കപ്പെടുനന്നത്. എന്നാൽ ഈ മദ്‌റസകളെക്കുറിച്ചുള്ള അജ്ഞതയും മുൻവിധിയുമാണ് ഇത്തരത്തിലുള്ള നിഗമനങ്ങളിലേക്ക് പലരെയും നയിക്കുന്നത്.
മദ്‌റസകളും ആധുനിക വിദ്യാഭ്യാസവും
ഉത്തരേന്ത്യയിൽ മദ്‌റസകൾ ഉടലെടുത്ത കാലം തൊട്ടുള്ള ചരിത്രം പരിശോധിച്ചാൽ കേവല മതപഠനമോ ക്വുർആൻ പാരായണമോ മനഃപാഠമാക്കലോ അല്ല അവിടങ്ങളിൽ നടന്നുവന്നിരുന്നത് എന്ന് മനസ്സിലാക്കാൻ കഴിയും. ഡൽഹി സുൽത്താന്മാരുടെയും മുഗളന്മാരുടെയും കാലങ്ങളിൽ ഏറെ വികസിച്ചുവന്ന മദ്‌റസ സംവിധാനങ്ങളിൽ ഭാഷ, വ്യാകരണം, സാഹിത്യം, ഇസ്‌ലാമിക നിയമങ്ങൾ, യുക്തിചിന്തകൾ, തത്ത്വശാസ്ത്രങ്ങൾ, ക്വുർആൻ വ്യാഖ്യാനം, ഹദീസ്, ഫിലോസഫി തുടങ്ങിയ വിഷയങ്ങളും പ്രകൃതി-ഭൗതിക ശാസ്ത്രങ്ങൾ, ഖഗോളശാസ്ത്രം, ഭൂമിശാസ്ത്രം, കണക്ക് തുടങ്ങിയ ശാസ്ത്രവിഷയങ്ങളും അവിടുത്തെ പ്രധാന പഠനങ്ങളായിരുന്നു.
ബ്രിട്ടീഷുകാരുടെ ഗൂഢതന്ത്രങ്ങൾ
ബ്രിട്ടീഷ് അധിനിവേശത്തിന് ശേഷം മദ്‌റസകൾക്കെതിരെ ഗൂഢാലോചനകൾ നടന്നു. ഇംഗ്ലീഷിന് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള സ്‌കൂളുകൾ ആരംഭിക്കുകയും അവിടെനിന്ന് പുറത്തിറങ്ങുന്ന വിദ്യാർഥികൾക്ക് മാത്രം ഉന്നതപഠനത്തിനും ഉദ്യോഗങ്ങൾക്കുമുള്ള അവസരം നൽകുകയും ചെയ്തപ്പോൾ മദ്‌റസകൾ പ്രതിസന്ധിയിലായി. ഇന്ത്യൻ സാഹചര്യത്തിൽ ഇംഗ്ലീഷിന്റെ ആവശ്യകത അനിവാര്യമായിരുന്നില്ല. വൈജ്ഞാനിക രംഗത്ത് ജ്വലിച്ചുനിന്നിരുന്ന മദ്‌റസയുടെ പ്രസക്തി ഇല്ലായ്മ ചെയ്യാൻ ബ്രിട്ടീഷുകാർ കണ്ടെത്തിയ തന്ത്രമായിരുന്നു ഇംഗ്ലീഷ് മീഡിയം സംവിധാനങ്ങൾ. എന്നാൽ ഈ ഗൂഢാലോചന മനസ്സിലാക്കിയ മുസ്‌ലിം പണ്ഡിതന്മാർ മദ്‌റസകളെ നവീകരിക്കാനുള്ള ശ്രമം തുടങ്ങുകയും അവിടങ്ങളിലും ഇംഗ്ലീഷ് പഠനം ആരംഭിക്കുകയും ചെയ്തു. അതേസമയം കുറെ മദ്‌റസകൾ യാഥാസ്ഥിതിക സമീപനം തുടരുകയും നവീകരിക്കപ്പെടാൻ വിസമ്മതിക്കുകയും ചെയ്തു. അവിടെ പഠിച്ചുവന്ന വിദ്യാർഥികൾക്ക് ഭൗതിക പഠനത്തിനുള്ള സാഹചര്യം ഇല്ലാതാവുകയും ചെയ്തു. അതേസമയം വേദപാഠശാലകളിൽ ഇത്രയൊന്നും ഭൗതിക പഠനമോ ആധുനിക വിദ്യാഭ്യാസമോ നൽകുന്നില്ല എന്ന യാഥാർഥ്യത്തിനു നേരെ നമ്മുടെ കമ്മീഷനുകൾ കണ്ണടക്കുകയാണ്.
കോടതികൾ മദ്റസകൾക്ക് അനുകൂലം
മതന്യൂനപക്ഷങ്ങൾക്ക് സ്വന്തം വിശ്വാസവും സംസ്‌കാരവും നിലനിർത്തുന്നതിന് വേണ്ടിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭരണഘടന നൽകുന്ന അവകാശമാണ്. അതിനെതിരെ ഏത് കമ്മീഷൻ നിലപാടെടുത്താലും അന്തിമമായി അത് നിലനിൽക്കില്ല. പലരും പരിശ്രമിച്ച് പരാജയപ്പെട്ട വിഷയമാണത്. യോഗി ഭരിക്കുന്ന ഉത്തർപ്രദേശിലാണ് ആദ്യമായി മദ്‌റസകൾക്കെതിരെയുള്ള പരീക്ഷണം ആരംഭിച്ചത്. ഇക്കഴിഞ്ഞ മാർച്ചിലാണ് സംഭവം. ഉത്തർപ്രദേശ് മദ്‌റസ ബോർഡിനെ നിർവീര്യമാക്കുകയും സംസ്ഥാനത്തെ 16000 മദ്‌റസകളിൽ പഠിക്കുന്ന 17 ലക്ഷം വിദ്യാർഥികളെ പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റണമെന്ന് നിർദേശിക്കുകയും ചെയ്തുകൊണ്ടുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനം അലഹബാദ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടുവെങ്കിലും സർക്കാർ നടപടി കോടതി അംഗീകരിച്ചിരുന്നു. 2004 ൽ രൂപംകൊണ്ട യുപി മദ്‌റസ ബോർഡ് ഭരണഘടനാവിരുദ്ധമാണെന്ന് ശരിവച്ച അലഹബാദ് ഹൈക്കോടതി അന്നു പറഞ്ഞത് മദ്‌റസകൾ മതേതരത്വത്തിന് കടകവിരുദ്ധമാണ് എന്ന വിചിത്ര ന്യായമായിരുന്നു.
സുപ്രീംകോടതിയുടെ നിരീക്ഷണം
ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ട് യുപി മദ്‌റസ ബോർഡ് സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി അലഹബാദ് ഹൈക്കോടതിയുടെ വിധി പ്രഥമദൃഷ്ട്യാതന്നെ അബദ്ധമാണെന്ന് വിധിപറഞ്ഞു. സുപ്രീംകോടതി അന്ന് ചൂണ്ടിക്കാണിച്ച പോയന്റുകൾ ഇങ്ങനെ സംഗ്രഹിക്കാം: ‘മദ്‌റസബോർഡുകൾ സ്വയം നിയന്ത്രിത സ്വഭാവത്തിലല്ല പ്രവർത്തിക്കുന്നത്. കൃത്യമായ നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മദ്‌റസ ബോർഡ് മതനിരപേക്ഷയെ ഒരിക്കലും ബാധിക്കുന്ന വിധത്തിലല്ല പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ അവിടെ പഠിക്കുന്ന 17 ലക്ഷം വിദ്യാർഥികളെ മറ്റു സ്‌കൂളുകളിലേക്ക് മാറ്റേണ്ട യാതൊരു ആവശ്യവുമില്ല; അത് പ്രയോഗികവുമല്ല. മദ്‌റസകൾ ഗണിതം, ശാസ്ത്രം, ചരിത്രം, ഭാഷകൾ തുടങ്ങിയ പ്രധാന വിഷയങ്ങളിൽ മതേതര വിദ്യാഭ്യാസം നൽകുന്നുവെന്ന് ഉറപ്പാക്കുകയാണ് പൊതുതാൽപര്യ ഹരജിയുടെ ഉദ്ദേശമെങ്കിൽ, 2004ലെ മദ്‌റസ നിയമത്തിലെ വ്യവസ്ഥകൾ റദ്ദാക്കലല്ല പരിഹാരം.’
കമ്മീഷനുകൾ കോടതിക്കും മുകളിലോ?
ഈ വിധി വന്ന് ആറു മാസം കഴിയുന്നതിന് മുമ്പാണ് ബാലാവകാശ കമ്മീഷന്റെ അനാവശ്യമായ ഇടപെടൽ ഉണ്ടാവുന്നത്. കോടതികളെപ്പോലും മറികടക്കുന്ന വിധത്തിലുള്ള തീരുമാനങ്ങൾ കമ്മീഷനുകൾ പുറപ്പെടുവിപ്പിക്കുന്നത് സംഘ്ഭരണ കാലത്തല്ലാതെ മറ്റൊരു കാലത്തും ഉണ്ടായിട്ടില്ല. സൂപ്രീംകോടതി വിധി വന്നതിന് ശേഷവും പിന്നെ എന്തിനാണ് കമ്മീഷനുകൾ അവയെ മറികടന്നു പ്രവർത്തിക്കാൻ ശ്രമിക്കുന്നത് എന്ന കാര്യം നിഗൂഢമാണ്. സംഘ്പരിവാറിന്റെ സമ്മർദങ്ങൾക്ക് വിധേയമായി പ്രവർത്തിക്കാൻ കമ്മീഷനുകൾ നിർബന്ധിതമാവുകയാണോ എന്ന കാര്യം അന്വേഷിക്കപ്പെടേണ്ടതാണ്. മദ്‌റസകൾക്കെതിരെയുള്ള ഉത്തരവുകൾ അധികകാലം നിലനിൽക്കുകയില്ല. സുപ്രീംകോടതി വീണ്ടും അത് തെളിയിച്ചിരിക്കുകയാണ്.
സൂപ്രീംകോടതിയുടെ പുതിയ സ്റ്റേ
ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ബാലാവകാശ കമ്മീഷന്റെ നിർദേശങ്ങൾ സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നിരിക്കുന്നത്. ജംഇയ്യത്തുൽ ഉലമ എ ഹിന്ദ് സമർപ്പിച്ച പെറ്റിഷനിലാണ് വിധി. അനുച്ഛേദം 30 പ്രകാരമുള്ള ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള ഭരണഘടനാപരമായ അവകാശങ്ങൾക്ക് നേരെയുള്ള ലംഘനമാണ് കമ്മീഷന്റെ നിർദേശങ്ങൾ എന്നായിരുന്നു ജംഇയ്യത്ത് വാദിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
ബാലാവകാശ കമ്മീഷന്റെ 07.06.2024, 25.06.2024 തീയതികളിലെ കത്തുകളുടെയും ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയുടെ 26.06.2024,10.07.2024 തീയതികളിലെ ആശയവിനിമയങ്ങളുടെയും ത്രിപുര സർക്കാർ പുറപ്പെടുവിച്ച 28.08.2024 തീയതിയിലെ കത്തുകളുടെയും അടിസ്ഥാനത്തിൽ യാതൊരു പുനർനടപടികളും ഉണ്ടാവാൻ പാടില്ലെന്നും കോടതി നിർദേശിച്ചു.
കമ്മീഷനെതിരെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും
ബാലാവകാശ കമ്മീഷന്റെ നിർദേശങ്ങൾക്കെതിരെ മുസ്‌ലിം സംഘടനകളും മദ്‌റസ പ്രസ്ഥാനങ്ങളും മാത്രമല്ല എതിർപ്പുമായി വന്നിട്ടുള്ളത്. പ്രതിപക്ഷ കക്ഷികൾക്ക് പുറമെ എൻഡിഎ മുന്നണിയിലെ ഘടകകക്ഷികളായ എൽജെപി അടക്കമുള്ള കക്ഷികളും രംഗത്ത് വന്നിട്ടുണ്ട്. ബാലാവകാശ കമ്മീഷന്റെ തീരുമാനം കോടതിയിൽ മാത്രമല്ല, രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥിതികളും ഒരിക്കലും അംഗീകരിക്കാൻപോകുന്നില്ല.

