‘യുവത്വം’ ഒരു ഇസ്‌ലാമിക വായന

മെഹബൂബ് മദനി, ഒറ്റപ്പാലം

2024 ജനുവരി 20, 1445 റജബ് 8

മനുഷ്യായുസ്സിലെ ഏറ്റവും ഊർജസ്വലമായ കാലമാണ് യുവത്വം. ഇരു ദുർബലതകൾക്കിടയിലെ ശക്തമായ ഘട്ടമായാണ് യുവത്വത്തെ മതം പരിചയപ്പെടുത്തുന്നത്. സംഹാരശേഷിയുള്ള യുവത്വത്തെ എങ്ങനെ സമൂഹ നിർമിതിക്ക് വേണ്ടി ക്രിയാത്മകമായി ഉപയോഗപ്പെടുത്താമെന്ന ചിന്തയിലൂടെ മാത്രമെ ഭാസുരമായ ഭാവി കെട്ടിപ്പടുക്കാനാവൂ.

മനുഷ്യജീവിതത്തെ ഒരു പുഷ്പത്തോടുപമിച്ചാൽ അതിന്റെ വിടർന്നുനിൽക്കുന്ന ഏറ്റവും സൗന്ദര്യമുള്ള, പരിമളം പരത്തുന്ന സമയമാണ് യുവത്വം. ജീവിതയാത്രയിൽ താണ്ടിക്കടക്കുന്ന ശൈശവവും ബാല്യവും കൗമാരവുമെല്ലാം പലവിധ പരിമിതികളുമടങ്ങിയതാണ്.കരിഞ്ഞുണങ്ങി മറിഞ്ഞു വീഴാനൊരുങ്ങുന്ന വൃക്ഷത്തോടുപമിക്കാവുന്ന വാർധക്യത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. എന്നാൽ അതിന്നിടയിൽ കത്തിജ്വലിക്കുന്ന ഒരു വിളക്കിനെപ്പോലെ യുവത്വം ശാരീരികവും മാനസികവുമായ വളർച്ചയുടെയും പക്വതയുടെയും ഉത്തുംഗതയിലെത്തുന്നു.

ചടുലയൗവനത്തെ നന്മയിലൂന്നി നിർവചിക്കാൻ ഒരു കവിവചനം നമുക്കിപ്രകാരം വായിക്കാം:

“സിരകളിൽ നിറയും
രുധിരവർണം പോൽ
അത്രമേൽ ചടുല ചാരുതമാം
യൗവന നാളുകൾ.
ധീരരായ്, അജയ്യരായി
മുന്നേറുക ദീപനാളമായി.
നാടിൻ നന്മയ്ക്കായി
നിത്യവും നിലകൊള്ളുക.
സത്യത്തിൻ
സതീർഥ്യരായി,
ധർമത്തിൻ പോരാളിയായി
വിളങ്ങുകീയുലകിൽ.
യൗവന തീക്ഷ്ണത
മനസ്സിൽ സ്വരൂപിച്ചു
മാനവരാശിക്കായി
നിരന്തരം വർത്തിക്കുക.
ഊർജസ്സ്വലരാം
യുവാക്കൾതൻ
കരങ്ങളിൽ ഭദ്രമാകുമീ
നാടിന്റെ ഭാവി.
പ്രതീക്ഷതൻ പ്രതിരുപമായി,
പ്രത്യാശാകിരണമായി,
അനശ്വര സ്‌നേഹത്തിൻ
പ്രതിബിംബമായി
ലോകത്തിൻ മുകുര-
മാകുക യൗവനകാലമേ.
വികാരങ്ങളെ വിവേകമാക്കി
വിവേകരാവുക,
വഴികളിൽ വഴിവിളക്കാകുക
വീരയൗവന സൗഹൃദങ്ങളേ.’’

യുവത്വം ക്വുർആനിൽ

മനുഷ്യായുസ്സിലെ രണ്ടു ദുർബല കാലഘട്ടങ്ങൾക്കിടയിലെ കരുത്തിെൻറ കാലമായ യുവത്വത്തെ കാരുണ്യവാനായ പ്രപഞ്ചസ്രഷ്ടാവ് വിവരിക്കുന്നത് ഇപ്രകാരമാണ്: “നിങ്ങളെ ബലഹീനതയിൽനിന്ന് സൃഷ്ടിച്ചുണ്ടാക്കിയവനത്രെ അല്ലാഹു. പിന്നീട് ബലഹീനതക്കുശേഷം അവൻ നിങ്ങൾക്ക് ശക്തിയുണ്ടാക്കി. പിന്നെ ശക്തിക്ക് ശേഷം ബലഹീനതയും നരയും ഉണ്ടാക്കി. അവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു. സർവജ്ഞനും സർവശക്തനുമായുള്ളവൻ അവൻതന്നെ’’ (ക്വുർആൻ 30:54).

ഒന്നുമില്ലായ്മയിൽനിന്നും സൃഷ്ടിച്ചുണ്ടാക്കി മനുഷ്യരെ വ്യത്യസ്തത ജീവിതഘട്ടങ്ങളിലൂടെ നയിക്കുന്നത് അതിമഹത്തരമായ ദൈവിക ദൃഷ്ടാന്തമാണ്.

“നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗർഭാശയങ്ങളിൽ താമസിപ്പിക്കുന്നു. പിന്നെ നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടുവരുന്നു. അനന്തരം നിങ്ങൾ നിങ്ങളുടെ പൂർണ ശകതി പ്രാപിക്കുന്നതുവരെ (നാം നിങ്ങളെ വളർത്തുന്നു). (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിൽ ഉണ്ട്. അറിവുണ്ടായിരുന്നതിനുശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്’’ (22:5).

“വല്ലവന്നും നാം ദീർഘായുസ്സ് നൽകുന്നുവെങ്കിൽ അവന്റെ പ്രകൃതി നാം തലതിരിച്ചു കൊണ്ടുവരുന്നു എന്നിരിക്കെ അവർ ചിന്തിക്കുന്നില്ലേ?’’ (36:68).

ശരീരത്തെ സംവിധാനിച്ച രക്ഷിതാവ് പറഞ്ഞതുപോലെ യുവത്വം പിന്നിടുന്നതോടെ വലിയ രൂപത്തിലുള്ള മാറ്റങ്ങൾ മനുഷ്യശരീരത്തിൽ പ്രകടമാകാൻ തുടങ്ങുന്നു. ജരാനരകൾ ബാധിക്കുന്നതും പേശികൾക്ക് ബലക്കുറവ് അനുഭവപ്പെടുന്നതും പഞ്ചേന്ദ്രിയങ്ങളുടെ ശക്തിക്ക് കുറവ് സംഭവിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമായാണ്. സ്ത്രീകളിലെ ആർത്തവ പ്രക്രിയ നിലയ്ക്കുന്നതും പ്രായമാകലിന്റെ പ്രകടന ലക്ഷണമാണ്. ശരീരത്തിലുള്ള വളർച്ചാഹോർമോണുകളുടെ പ്രവർത്തനത്തിലെ വ്യതിയാനങ്ങളും ജനിതകഘടനയിൽ ഉണ്ടാകുന്ന വ്യത്യാസവും കോശങ്ങളിൽ ഉണ്ടാകുന്ന ഊർജോൽപാദനത്തിന്റെ കുറവുമെല്ലാം ഈ മാറ്റത്തിന് കാരണമാകുന്നു. അതുകൊണ്ട്തന്നെ പരിമിതികളുടെ ഈ കാലം വരുന്നതിനു മുമ്പുള്ള കരുത്താർന്ന യുവത്വത്തെ പരമാവധി ഉപയോഗപ്പെടുത്തണമെന്നാണ് ഇസ്‌ലാം മനുഷ്യരോട് ആവശ്യപ്പെടുന്നത്.

ഒരു മനുഷ്യായുസ്സ് നാൽപതിന്റെ നിറവിലെത്തുന്നതിനെ കാരുണ്യവാനായ അല്ലാഹു പ്രത്യേകം എടുത്ത് പരാമർശിക്കുന്നത് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. പൂർണശക്തിയുള്ള ഈ പ്രായത്തി ലാണ് കർമോൽസുകതക്ക് ഏറ്റവും ഉണർവുണ്ടാകുക. അല്ലാഹു പറയുന്നു: “തന്റെ മാതാപിതാക്കളോട് നല്ലനിലയിൽ വർത്തിക്കണമെന്ന് നാം മനുഷ്യരോട് അനുശാസിച്ചിരിക്കുന്നു. അവന്റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്റെ ഗർഭകാലവും മുലകുടി നിർത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു. അങ്ങനെ അവൻ തന്റെ പൂർണ ശക്തി പ്രാപിക്കുകയും നാൽപത് വയസ്സിലെത്തുകയും ചെയ്താൽ ഇപ്രകാരം പറയും: ‘എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപി താക്കൾക്കും നീ ചെയ്തുതന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ എനിക്ക് പ്രചോദനം നൽകേണമേ. എന്റെ സന്തതികളിൽ നീ എനിക്ക് നന്മയുണ്ടാക്കി തരികയും ചെയ്യേണമേ. തീർച്ചയായും ഞാൻ നിന്നിലേക്ക് ഖേദിച്ചു മടങ്ങിയിരിക്കുന്നു. തീർച്ചയായും ഞാൻ കീഴ്‌പ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു’’ (46:15).

വിശുദ്ധ ക്വുർആൻ 40:67ലും സൃഷ്ടിപ്പിന്റെ വിവിധ ഘട്ടങ്ങൾ പരാമർശിക്കുന്നിടത്ത് പൂർണ ശക്തിയുടെ കാലഘട്ടത്തെ പരാമർശിക്കുന്നുണ്ട്: “മണ്ണിൽനിന്നും പിന്നെ ബീജകണത്തിൽനിന്നും പിന്നെ ഭ്രൂണത്തിൽനിന്നും നിങ്ങളെ സ്ര്ഷ്ടിച്ചത് അവനാകുന്നു. പിന്നീട് ഒരു ശിശുവായി നിങ്ങളെ പുറത്തുകൊണ്ടുവരുന്നു. പിന്നീട് നിങ്ങൾ നിങ്ങളുടെ പൂർണശക്തി പ്രാപിക്കുവാനും പിന്നീട് നിങ്ങൾ വൃദ്ധരായിത്തീരുവാനും വേണ്ടി. നിങ്ങളിൽ ചിലർ മുമ്പേതന്നെ മരണമടയുന്നു. നിർണിതമായ ഒരു അവധിയിൽ നിങ്ങൾ എത്തിച്ചേരുവാനും നിങ്ങൾ ഒരുവേള ചിന്തിക്കുന്നതിനും വേണ്ടി.’’

നാൽപതു വയസ്സുവരെയുള്ള പ്രായം വകതിരിവിന്റെയും പക്വതയുടെയും പാരമ്യതയിൽ മനുഷ്യർക്കെത്തിച്ചേരാൻ കഴിയുന്ന ഘട്ടമാണ്. വെള്ളിയാഴ്ച പാരായണം ചെയ്യൽ പ്രത്യേകം പുണ്യമാക്കപ്പെട്ട സൂറത്തുൽ കഹ്ഫിൽ, തന്റെ ഭൃത്യന്റെ കൂടെയുള്ള മൂസാ നബി(അ)യുടെ യാത്ര പരാമർശിക്കുന്നിടത്ത് കൂടെയുണ്ടായിരുന്ന പണ്ഡിതൻ പൊളിഞ്ഞുവീഴാറായ മതിൽ ശരിയാക്കിയ കാര്യത്തിന് വിശദീകരണം നൽകുന്നിടത്ത് യുവത്വത്തെ കുറിച്ച് പരാമർശിക്കുന്നത് കാണാം:

“ആ മതിലാണെങ്കിലോ, അത് ആ പട്ടണത്തിലെ അനാഥരായ രണ്ട് ബാലന്മാരുടെതായിരുന്നു. അതിന്നു ചുവട്ടിൽ അവർക്കായുള്ള ഒരു നിധിയുണ്ടായിരുന്നു. അവരുടെ പിതാവ് ഒരു നല്ല മനുഷ്യനായിരുന്നു. അതിനാൽ അവർ ഇരുവരും യൗവനം പ്രാപിക്കുകയും എന്നിട്ടവരുടെ നിധി പുറത്തെടുക്കുകയും ചെയ്യണമെന്ന് താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചു. താങ്കളുടെ രക്ഷിതാവിന്റെ കാരുണ്യം എന്ന നിലയിലത്രെ അത്. അതൊന്നും എന്റെ അഭിപ്രായപ്രകാരമല്ല ഞാൻ ചെയ്തത്. താങ്കൾക്ക് ഏതു കാര്യത്തിൽ ക്ഷമിക്കാൻ കഴിയാതിരുന്നുവോ അതിന്റെ പൊരുളാകുന്നു അത്’’ (18:82).

ക്വുർആനിൽ പ്രവാചകന്മാരുടെ പ്രബോധന ചരിത്രം പറയുന്നിടത്തും യുവത്വത്തെ കുറിച്ചുള്ള ധാരാളം പ്രസ്താവനകൾ കാണാനാകും. ആദർശപിതാവ് ഇബ്‌റാഹീം നബി(അ)യെ അവിടുത്തെ പ്രബോധിത സമൂഹം ഒരു യുവാവെന്ന് പരാമർശിച്ച വചനം ക്വുർആനിലുണ്ട്: “അവർ പറഞ്ഞു: നമ്മുടെ ദൈവങ്ങളെ കൊണ്ട് ഇത് ചെയ്തവൻ ആരാണ്? തീർച്ചയായും അവൻ അക്രമികളിൽ പെട്ടവൻ തന്നെയാണ്. ചിലർ പറഞ്ഞു: ഇബ്‌റാഹീം എന്ന് വിളിക്കപ്പെടുന്ന ഒരു യുവാവ് ആ ദൈവങ്ങളെപ്പറ്റി പരാമർശിക്കുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട്’’ (21:59,60).

മനുഷ്യായുസ്സിലെ പൂർണവളർച്ചയെത്തിയ സന്ദർഭത്തിലാണ് യൂസുഫ് നബി(അ)ക്കും മൂസാ നബി(അ)ക്കുമെല്ലാം അല്ലാഹു പ്രത്യേകമായ അറിവും യുക്തിബോധവും നൽകിയതെന്നും ക്വുർആൻ പറയുന്നു: “ഈജിപ്തിൽനിന്ന് അവനെ(യൂസുഫ്) വിലക്കെടുത്ത ആൾ തന്റെ ഭാര്യയോടു പറഞ്ഞു: ‘ഇവന് മാന്യമായ താമസസൗകര്യം നൽകുക. അവൻ നമുക്ക് പ്രയോജനപ്പെട്ടെക്കാം. അല്ലെങ്കിൽ നമുക്കവനെ മകനായി സ്വീകരിക്കാം.’ അപ്രകാരം യൂസുഫിന് നാം ആ ഭൂപ്രദേശത്ത് സൗകര്യമുണ്ടാക്കിക്കൊടുത്തു. സ്വപ്നവാർത്തകളുടെ വ്യാഖ്യാനത്തിൽനിന്ന് അദേഹത്തിന് നാം അറിയിച്ചുകൊടുക്കാൻ വേണ്ടിയും കൂടിയാണത്. അല്ലാഹു തന്റെ കാര്യം ജയിച്ചടക്കുന്നവനത്രെ. പക്ഷേ, മനുഷ്യരിൽ അധികപേരും അത് മനസ്സിലാക്കുന്നില്ല. അങ്ങനെ അദ്ദേഹം പൂർണവളർച്ചയെത്തിയപ്പോൾ അദേഹത്തിന് നാം യുക്തിബോധവും അറിവും നൽകി. സുകൃതം ചെയ്യുന്നവർക്ക് അപ്രകാരം നാം പ്രതിഫലം നൽകുന്നു’’ (12:21,22).

മൂസാനബി(അ)യെക്കുറിച്ച് അല്ലാഹു പറയുന്നു: “അങ്ങനെ അദ്ദേഹം (മൂസാ) ശക്തി പ്രാപിക്കുകയും പക്വതയെത്തുകയും ചെയ്തപ്പോൾ അദേഹത്തിന് നാം വിവേകവും വിജ്ഞാനവും നൽകി. അപ്രകാരമാണ് സദ്‌വൃത്തർക്ക് നാം പ്രതിഫലം നൽകുന്നത്’’ (28:14).

ഗുഹാവാസികൾ

വിശുദ്ധ ക്വുർആനിലെ പതിനെട്ടാം അധ്യായത്തിന്റെ പേര് ‘അൽകഹ്ഫ്’ (ഗുഹ) എന്നാണ്. തൗഹീദിൽ അടിയുറച്ചു നിലകൊണ്ട ഏതാനും യുവാക്കളുടെ ചരിത്രം അല്ലാഹു ഈ അധ്യായത്തിലൂടെ വിവരിക്കുന്നു. ഏകദൈവാരാധനയിൽ ശക്തമായി ഉറച്ചുനിന്ന അവർക്ക് സ്വന്തം നാടും വീടും ത്യജിക്കേണ്ടി വന്നു. ശത്രുക്കളെ ഭയന്ന് അവർ ഒരു ഗുഹയിൽ അഭയം പ്രാപിച്ചു. സ്രഷ്ടാവ് അവരെ മൂന്ന് നൂറ്റാണ്ടു കാലം ഉറക്കിക്കിടത്തുകയും അനന്തരം അവരെ എഴുന്നേൽപിക്കുകയും ചെയ്തു. ആദർശധീരരായ ആ യുവാക്കളുടെ ചരിത്രം ക്വുർആനിൽ നമുക്ക് ഇപ്രകാരം വായിക്കാം:

“അതല്ല, ഗുഹയുടെയും റക്വീമിന്റെയും ആളുകൾ നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കൂട്ടത്തിൽ ഒരത്ഭുതമായിരുന്നുവെന്നു നീ വിചാരിക്കുകയാണോ? ആ യുവാക്കൾ ഗുഹയിൽ അഭയം പ്രാപിച്ച സന്ദർഭം; അവർ പറഞ്ഞു: ‘ഞങ്ങളുടെ രക്ഷിതാവേ, നിന്റെ പക്കൽനിന്നുള്ള കാരുണ്യം ഞങ്ങൾക്ക് നീ നൽകുകയും ഞങ്ങളുടെ കാര്യം നേരാംവണ്ണം നിർവഹിക്കുവാൻ നീ സൗകര്യം നൽകുകയും ചെയ്യേണമേ.’ അങ്ങനെ കുറെയേറെ വർഷങ്ങൾ ആ ഗുഹയിൽ വെച്ച് നാം അവരുടെ കാതുകൾ അടച്ചു (ഉറക്കിക്കളഞ്ഞു). പിന്നെ അവർ ഗുഹയിൽ താമസിച്ച കാലത്തെപ്പറ്റി കൃത്യമായി അറിയുന്നവർ ഇരു കക്ഷികളിൽ ആരാണെന്ന് അറിയാൻ തക്കവണ്ണം അവരെ നാം എഴുന്നേൽപിച്ചു.’’

“അവരുടെ വർത്തമാനം നാം നിനക്ക് യഥാർഥ രൂപത്തിൽ വിവരിച്ചുതരാം. തങ്ങളുടെ രാഷിതാവിൽ വിശ്വസിച്ച ഏതാനും യുവാക്കളായിരുന്നു അവർ. അവർക്ക് നാം സന്മാർഗബോധം വർധിപ്പിക്കുകയും ചെയ്തു. ‘ഞങ്ങളുടെ രക്ഷിതാവ് ആകാശഭൂമികളുടെ രക്ഷിതാവാകുന്നു. അവന്നുപുറമെ യാതൊരു ദൈവത്തോടും ഞങ്ങൾ പ്രാർഥിക്കുന്നതേയല്ല. എങ്കിൽ (അങ്ങനെ ഞങ്ങൾ ചെയ്യുന്ന പക്ഷം) തീർച്ചയായും ഞങ്ങൾ അന്യായമായ വാക്ക് പറഞ്ഞവരായിപ്പോകും’ എന്ന് അവർ എഴുന്നേറ്റുനിന്ന് പ്രഖ്യാപിച്ച സന്ദർഭത്തിൽ അവരുടെ ഹൃദയങ്ങൾക്ക് നാം കെട്ടുറപ്പ് നൽകുകയും ചെയ്തു. ‘ഞങ്ങളുടെ ഈ ജനത അവന്നു പുറമെ പല ദൈവങ്ങളെയും സ്വീകരിച്ചിരിക്കുന്നു. അവരെ (ദൈവങ്ങളെ) സംബന്ധിച്ച് വ്യക്തമായ യാതൊരു പ്രമാണവും ഇവർ കൊണ്ടുവരാത്തത് എന്താണ്?.’

അപ്പോൾ അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമച്ചവനെക്കാൾ അക്രമിയായി ആരുണ്ട്? (അവർ അന്യോന്യം പറഞ്ഞു:) ‘അവരെയും അല്ലാഹു ഒഴികെ അവർ ആരാധിച്ചുകൊണ്ടിരിക്കുന്നതി നെയും നിങ്ങൾ വിട്ടൊഴിഞ്ഞ സ്ഥിതിക്ക് നിങ്ങൾ ആ ഗുഹയിൽ അഭയം പ്രാപിച്ചുകൊള്ളുക. നിങ്ങളുടെ രക്ഷിതാവ് അവന്റെ കാരുണ്യത്തിൽനിന്ന് നിങ്ങൾക്ക് വിശാലമായി നൽകുകയും നിങ്ങളുടെ കാര്യത്തിൽ സൗകര്യമേർപ്പെടുത്തിത്തരികയും ചെയ്യുന്നതാണ്’’ (18:916).

ലോകാവസാനം വരെ നിലനിൽക്കുന്ന ദൈവിക ഗ്രന്ഥത്തിൽ അസ്ഹാബുൽ കഹ്ഫ് ഇടംപിടിച്ചത് അവരുടെ യൗവനത്തെ തൗഹീദിലൂന്നി ചെലവഴിച്ചതുകൊണ്ടാണെന്നതിൽ സംശയമില്ല. കരുത്തിന്റെ കാലഘട്ടത്തെ തൗഹീദിന്നായി ഉപയോഗപ്പെടുത്തുന്നത് കാരുണ്യവാന്റെ ഇഷ്ടം നേടിത്തരുമെന്നത് ഈ ചരിത്രങ്ങളെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

നിസ്വാർഥ സേവനം യുവത്വത്തെ നിസ്വാർഥമായ സേവനത്തിനുപയോഗിച്ചാൽ പലവഴിക്കും റബ്ബ് സഹായിക്കുമെന്ന യാഥാർഥ്യം മൂസാനബി(അ)യുടെ ചരിത്ര വിവരണത്തിലൂടെ നമുക്ക് നൽകുന്നുണ്ട്:

“മദ്‌യനിലെ ജലാശയത്തിങ്കൽ അദ്ദേഹം ചെന്നെത്തിയപ്പോൾ ആടുകൾക്ക് വെള്ളം കൊടുത്തുകൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ അതിന്നടുത്ത് അദ്ദേഹം കണ്ടെത്തി. അവരുടെ ഇപ്പുറത്തായി (തങ്ങളുടെ ആട്ടിൻപറ്റത്തെ) തടഞ്ഞുനിർത്തികൊണ്ടിരിക്കുന്ന രണ്ടു സ്ത്രീകളെയും അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു: ‘എന്താണ് നിങ്ങളുടെ പ്രശ്‌നം?’ അവർ പറഞ്ഞു: ‘ഇടയന്മാർ (ആടുകൾക്ക് വെള്ളം കൊടുത്ത്) തിരിച്ചു കൊണ്ടുപോകുന്നതുവരെ ഞങ്ങൾക്ക് വെള്ളം കൊടുക്കാനാവില്ല. ഞങ്ങളുടെ പിതാവാകട്ടെ വലിയൊരു വൃദ്ധനുമാണ്. അങ്ങനെ അവർക്കുവേണ്ടി അദ്ദേഹം (അവരുടെ കാലികൾക്ക്) വെള്ളം കൊടുത്തു. പിന്നീട് അദ്ദേഹം തണലിലേക്ക് മാറിയിരുന്നിട്ട് ഇപ്രകാരം പ്രാർഥിച്ചു: ‘എന്റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്മക്കും ഞാൻ ആവശ്യക്കാരനാകുന്നു. അപ്പോൾ ആ രണ്ടു സ്ത്രീകളിൽ ഒരാൾ നാണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അടുത്ത് നടന്നുചെന്നിട്ട് പറഞ്ഞു: ‘താങ്കൾ ഞങ്ങൾക്കുവേണ്ടി (ആടുകൾക്ക്) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കൾക്ക് നൽകാനായി എന്റെ പിതാവ് താങ്കളെ വിളിക്കുന്നു.’ അങ്ങനെ മൂസാ(അ) അദ്ദേഹത്തിന്റെ അടുത്ത് ചെന്നിട്ട് തന്റെ കഥ അദേഹത്തിന് വിവരിച്ചു കൊടുത്തപ്പോൾ അദ്ദേഹം പറഞ്ഞു: ‘ഭയപ്പെടേണ്ട, അക്രമികളായ ആ ജനതയിൽ നിന്ന് നീ രക്ഷപ്പെട്ടിരിക്കുന്നു’’ (28:23-25).

തനിക്ക് യാതൊരു മുൻപരിചയവും ഇല്ലാത്തവർക്കുപോലും സേവനം ചെയ്യാനുള്ള മൂസാ നബി (അ)യുടെ യുവമനസ്സ് വലിയ പാഠങ്ങളാണ് നമുക്ക് പകർന്ന് നൽകുന്നത്.

ഇടറാത്ത മനക്കരുത്ത്

ഇണകളായിക്കൊണ്ടാണല്ലോ അല്ലാഹു മനുഷ്യരടക്കം എല്ലാറ്റിനെയും സൃഷ്ടിച്ചിട്ടുള്ളത്. പ്രായപൂർത്തിയെത്തിയാൽ സ്ത്രീ-പുരുഷന്മാർക്കിടയിൽ പരസ്പരം ആകർഷണമുണ്ടാകൽ മനുഷ്യപ്രകൃതിയിൽ പെട്ടതാണ്. എന്നാൽ ഈ വികാരങ്ങളെ അനുവദനീയമായ വൈവാഹിക ബന്ധത്തിലൂടെ മാത്രം പൂർത്തീകരിക്കണമെന്നാണ് ഇസ്‌ലാം നിർദേശിച്ചിട്ടുള്ളത്. മനുഷ്യായുസ്സിൽ ഏറ്റവുമധികം ഇത്തരുണത്തിലുള്ള വികാരങ്ങൾക്ക് അടിമപ്പെട്ടേക്കാവുന്ന കാലഘട്ടമാണ് യുവത്വം. പക്ഷേ, സാഹചര്യങ്ങളുടെ എത്രവലിയ സമ്മർദമുണ്ടായാലും അവസരങ്ങളുടെ വാതിലുകൾ തുറക്കപ്പെട്ടാലും സ്രഷ്ടാവിൽ അടിയുറച്ചു വിശ്വസിക്കുകയും അവനെ ഭയപ്പടുകയും ചെയ്യുന്ന യുവത്വത്തിനു പിടിച്ചു നിൽക്കാനാവുമെന്നു യൂസുഫ് നബി(അ) എന്ന യുവാവിന്റെ ചരിത്രമുദ്ധരിച്ചു ക്വുർആൻ നമ്മെ പഠിപ്പിക്കുന്നുണ്ട്:

“അവൻ(യൂസുഫ്) എതൊരുവളുടെ വീട്ടിലാണോ അവൾ അവനെ വശീകരിക്കുവാൻ ശ്രമം നടത്തി. വാതിലുകൾ അടച്ചുപൂട്ടിയിട്ട് അവൾ പറഞ്ഞു: ‘ഇങ്ങോട്ടു വാ.’ അവൻ പറഞ്ഞു: ‘അല്ലാഹുവിൽ ശരണം, നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്. അവൻ എന്റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു. തീർച്ചയായും അക്രമം പ്രവർത്തിക്കുന്നവർ വിജയിക്കുകയില്ല.’’

“അവൾക്ക് അവനിൽ ആഗ്രഹം ജനിച്ചു. തന്റെ രക്ഷിതാവിന്റെ പ്രമാണം കണ്ടറിഞ്ഞില്ലായിരുന്നുവെങ്കിൽ അവന്ന് അവളിലും ആഗ്രഹം ജനിച്ചേനെ. അപ്രകാരം (സംഭവിച്ചത്) തിന്മയും നീചവൃത്തിയും അവനിൽനിന്ന് നാം തിരിച്ചുവിടുന്നതിനു വേണ്ടിയത്രെ. തീർച്ചയായും അവൻ നമ്മുടെ നിഷ്‌കളങ്കരായ ദാസന്മാരിൽ പെട്ടവനാകുന്നു.’’

“അവർ രണ്ടുപേരും വാതിൽക്കലേക്ക് മത്സരിച്ച് ഓടി. അവൾ പിന്നിൽനിന്ന് അവന്റെ കുപ്പായം (പിടിച്ചു, അത്) കീറി. അവരിരുവരും വാതിൽക്കൽ വെച്ച് അവളുടെ നാഥനെ (ഭർത്താവിനെ) കണ്ടുമുട്ടി. അവൾ പറഞ്ഞു: ‘താങ്കളുടെ ഭാര്യയുടെ കാര്യത്തിൽ ദുരുദ്ദേശ്യം പുലർത്തിയവനുള്ള പ്രതിഫലം തടവിലാക്കപ്പെടുക എന്നതോ വേദനയേറിയ മറ്റേതെങ്കിലും ശിക്ഷയോതന്നെ ആയിരിക്കണം.’ യൂസുഫ്പറഞ്ഞു: ‘അവളാണ് എന്നെ വശീകരിക്കുവാൻ ശ്രമം നടത്തിയത്.’ അവളുടെ കുടുംബത്തിൽ പെട്ട ഒരു സാക്ഷി ഇപ്രകാരം സാക്ഷ്യപ്പെടുത്തി: ‘അവന്റെ കുപ്പായം മുന്നിൽ നിന്നാണ് കീറിയിട്ടുള്ളതെങ്കിൽ അവൾ സത്യമാണ് പറയുന്നത്. അവനാകട്ടെ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണ്. എന്നാൽ അവന്റെ കുപ്പായം പിന്നിൽ നിന്നാണ് കീറിയിട്ടുള്ളതെങ്കിൽ അവൾ കളവാണ് പറഞ്ഞത്. അവനാകട്ടെ സത്യം പറഞ്ഞവരുടെ കൂട്ടത്തിലാണ്. അങ്ങനെ അവന്റെ (യൂസഫ്) കുപ്പായം പിന്നിൽനിന്നാണ് കീറിയിട്ടുള്ളത് എന്നു കണ്ടപ്പോൾ അയാൾ (ഗൃഹനാഥൻ തന്റെ ഭാര്യയോട്) പറഞ്ഞു: തീർച്ചയായും ഇത് നിങ്ങളുടെ (സ്ത്രീകളുടെ) തന്ത്രത്തിൽപെട്ടതാണ്. നിങ്ങളുടെ തന്ത്രം ഭയങ്കരം തന്നെ. യൂസുഫേ, നീ ഇത് അവ ഗണിച്ചേക്കുക. (പെണ്ണെ,) നീ നിന്റെ പാപത്തിന് മാപ്പ് തേടുക. തീർച്ചയായും നീ പിഴച്ചവരുടെ കൂട്ടത്തിലാകുന്നു’’ (12:23-29).

നൈമിഷികമായ വികാരങ്ങൾക്കടിമപ്പെട്ട് യുവത്വകാലഘട്ടത്തിൽ അപമാനത്തിന്റെ കറ പുരളുന്നതിൽ ഒരു മടിയും കാണാത്ത ആധുനിക തലമുറക്ക് തീർച്ചയായും യൂസുഫ് നബി(അ)യുടെ ചരിത്രത്തിൽ വലിയ ഗുണപാഠങ്ങളാണുള്ളത്.

യുവത്വം നബിവചനങ്ങളിൽ

യുവത്വ കാലഘട്ടത്തെ നന്മയിൽ നിലനിർത്താൻ പ്രേരിപ്പിക്കുന്ന ഒട്ടനവധി ഉപദേശങ്ങൾ നബിﷺ നൽകിയിട്ടുണ്ട്. മരണാന്തര ജീവിതത്തിലെ വിചാരണ സമയത്ത് മനുഷ്യായുസ്സിലെ പ്രധാനകാലഘട്ടമായ യുവത്വത്തെ കുറിച്ച് പ്രത്യേക ചോദ്യമുണ്ടാകുമെന്ന് നബിﷺ പഠിപ്പിച്ചിട്ടുണ്ട്: “അഞ്ചുകാര്യങ്ങളെ സംബന്ധിച്ച് ചോദിക്കപ്പെടാതെ അന്ത്യദിനത്തിൽ ആദമിന്റെ പുത്രന്റെ കാൽപാദങ്ങൾ മുന്നോട്ട് നീങ്ങുന്നതല്ല. തന്റെ ആയുസ്സ് എന്തിനു ചെലവഴിച്ചു, തന്റെ യുവത്വം എന്തിനു വിനിയോഗിച്ചു, തന്റെ ധനം എങ്ങനെ സമ്പാദിച്ചു, ഏതുവിധം ചെലവഴിച്ചു, തന്റെ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ പ്രവർത്തിച്ചു (എന്നിവയാണവ)’’ (തിർമിദി).

മഹ്ശറിൽ അർശിന്റെ തണൽ ലഭിക്കുന്ന ഏഴു വിഭാഗങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ഹദീസിലും യുവത്വത്തിന്റെ പ്രാധാന്യം പ്രത്യേകം നബിﷺ അറിയിച്ചത് നമുക്ക് ഇപ്രകാരം വായിക്കാം: “അബൂഹുറയ്‌റ(റ)യിൽ നിന്ന് നിവേദനം; നബിﷺ പറഞ്ഞു: “തന്റെ തണലല്ലാതെ മറ്റൊരു തണലും ലഭിക്കാത്ത ദിനത്തിൽ അല്ലാഹു ഏഴു വിഭാഗം ആളുകൾക്ക് തന്റെ തണൽ നൽകും. നീതിമാനായ ഭരണാധികാരി, അല്ലാഹുവിനുള്ള ഇബാദത്തിൽ (ആരാധനയിൽ) ജീവിതം ചെലവഴിച്ച് വളർന്ന യുവാവ്, തന്റെ ഹൃദയത്തെ പള്ളികളുമായി ബന്ധിപ്പിച്ചവൻ, രണ്ടുപേർ; അവർ അല്ലാഹുവിന്റെ പേരിൽ പരസ്പരം ഇഷ്ടപ്പെട്ടു, അല്ലാഹുവിന്റെ പേരിൽ ഒരുമിച്ചു, അല്ലാഹുവിന്റെ പേരിൽ തന്നെ പിരിയുകയും ചെയ്തു; സൗന്ദര്യവും സ്ഥാനവുമുള്ള ഒരു സ്ത്രീ ക്ഷണിച്ചപ്പോൾ ‘നിശ്ചയമായും ഞാൻ അല്ലാഹുവിനെ ഭയപ്പെടുന്നു’ എന്നു പറഞ്ഞ് ഒഴിഞ്ഞുനിന്നവൻ (തെറ്റു ചെയ്യാതെ മാറിനിന്നവൻ), വലതു കൈ കൊടുത്തത് ഇടതുകൈ അറിയാത്ത വിധം (രഹസ്യമായി) ദാനധർമം ചെയ്തവൻ, ഒഴിഞ്ഞിരുന്ന് അല്ലാഹുവിനെക്കുറിച്ച് ഓർത്ത് കരഞ്ഞവൻ (ഇവരാണ് ഏഴു വിഭാഗം)’’ (ബുഖാരി).

‘അല്ലാഹുവിന്റെ തണൽ’ എന്ന് ഈ ഹദീസിൽ പറഞ്ഞതിന്റെ ഉദ്ദേശ്യം ‘അർശിന്റെ തണലാ’ണെന്ന് മറ്റു ഹദീസുകൾകൊണ്ട് സ്ഥിരപ്പെട്ടിട്ടുള്ളതാണ്. ഇവിടെ തണലിനെ അല്ലാഹുവിലേക്ക് ചേർത്തിപ്പ റഞ്ഞത് അതിന്റെ മഹത്ത്വവും ശ്രേഷ്ഠതയും ബോധ്യപ്പെടുത്താനാനെന്ന് ഹദീസിനെ വിശദീകരിച്ച പണ്ഡിതർ രേഖപ്പെടുത്തിയതായി കാണാം.

യഥാർഥത്തിൽ യൗവനമെന്നത് മനുഷ്യായുസ്സിലെ കരുതിവയ്പിന്റെ കാലഘട്ടമാണ്. കരുത്തിന്റെ കാലത്ത് കാരുണ്യം കാണിച്ചാൽ അതിന്റെ പ്രതിഫലനങ്ങൾ ഇഹലോകത്തുതന്നെ ലഭിക്കുമെന്നുവരെ നബിﷺ അറിയിച്ചിട്ടുണ്ട്. അനസി(റ)ൽനിന്ന് നിവേദനം; നബിﷺ പറഞ്ഞു: “ഒരു യുവാവും ഒരു വൃദ്ധനെയും അയാളുടെ പ്രായത്തെ പരിഗണിച്ചു ബഹുമാനിക്കാറില്ല; അക്കാരണത്താൽ തന്റെ വാർധക്യത്തിൽ ബഹുമാനിക്കുന്നവരെ അല്ലാഹു നിർണയിച്ചിട്ടല്ലാതെ’’ (തിർമിദി). യൗവനത്തിലെ ആരോഗ്യം കൊണ്ട് അഹങ്കരിക്കുകയല്ല, വിനയപ്പെടുകയാണ് വേണ്ടതെന്ന പാഠവും ഈ നബിവചനം നൽകുന്നുണ്ട്.

സ്വാഭാവികമായ നിലയ്ക്ക് മനുഷ്യായുസ്സിലെ ഏറ്റവും ആരോഗ്യമുള്ള കാലം യുവത്വമായിരിക്കും. എന്നാൽ ഈ ആരോഗ്യത്തെ ഉപയോഗപ്പെടുത്തുന്നതിൽ അധികപേരും വഞ്ചിതരാനെന്ന നബിവചനവും നമ്മെ ഏറെ ചിന്തിപ്പിക്കേണ്ടതാണ്.

ഇബ്‌നു അബ്ബാസി(റ)ൽനിന്ന് നിവേദനം; നബിﷺ പറഞ്ഞു: “രണ്ട് അനുഗ്രഹങ്ങൾ, അതിൽ അധികമാളുകളും വഞ്ചിതരാണ്; ആരോഗ്യവും ഒഴിവുസമയവും’’ (ബുഖാരി).

അഞ്ചു കാര്യങ്ങൾ വന്നെത്തും മുമ്പ്‌ അഞ്ചു കാര്യങ്ങളെ ഉപയോഗപ്പെടുത്തണമെന്നുപദേശമുള്ള നബി വചനത്തിലും യുവത്വത്തെ കുറിച്ച് പരാമർശമുണ്ട്. “നബിﷺ ഒരു വ്യക്തിയെ ഉപദേശിച്ചുകൊണ്ട് പറഞ്ഞു: ‘അഞ്ചു കാര്യങ്ങൾക്ക് മുമ്പ് ഉള്ള അഞ്ചു കാര്യങ്ങൾ നീ ഉപയോഗപ്പെടുത്തുക. പ്രായമാകുന്ന തിനു മുമ്പുള്ള നിന്റെ യുവത്വം, രോഗത്തിന് മുമ്പുള്ള നിന്റെ ആരോഗ്യം, ദാരിദ്ര്യത്തിന്’ മുമ്പുള്ള നിന്റെ സമ്പന്നത, തിരക്കാവുന്നതിനു മുമ്പുള്ള നിന്റെ ഒഴിവുസമയം, മരണത്തിനു മുമ്പുള്ള നിന്റെ ജീവിതം. (ഹാകിം).

ധാർമിക ജീവിതത്തിന്റെ പാതിയെന്ന് വിശേഷിക്കപ്പെട്ട വൈവാഹിക ജീവിതത്തിലെർപ്പെടാൻ ഇസ്‌ലാം മനുഷ്യരോട് ആവശ്യപ്പെടുന്ന പ്രായവും യുവത്വമാണ്. നബിﷺ പറയുന്നു: “ഹേ യുവ സമൂഹമേ, നിങ്ങളിൽ വിവാഹത്തിന് സാധിക്കുന്നവർ വിവാഹം കഴിക്കട്ടെ. തീർച്ചയായും അത് കണ്ണുകളെ താഴ്ത്തുന്നതും ഗുഹ്യാവയവങ്ങളെ സൂക്ഷിക്കുന്നതുമാണ്. വിവാഹം സാധിക്കാത്തവരുണ്ടെങ്കിൽ അവർ നോമ്പ് എടുക്കട്ടെ. അത് അവന് ഒരു പരിചയാണ്’’ (ബുഖാരി).

ഏഴു കാര്യങ്ങൾ സംഭവിക്കാനിരിക്കുന്നു; അതിനു മുമ്പായി സൽകർമങ്ങളിൽ മുന്നേറണമെന്ന് ഉപദേശിക്കുന്ന ഹദീസിലും മനുഷ്യായുസ്സിന്റെ അവസാനത്തിൽ വരാനിരിക്കുന്ന ദുർബലതയുടെ കാലത്തിനു മുമ്പുള്ള യുവത്വത്തെ ഉപയോഗപ്പെടുത്തണമെന്നുള്ള കൃത്യമായ സൂചനയുണ്ട്. അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം; നബിﷺ പറഞ്ഞു: “വരാനിരിക്കുന്ന ഏഴു കാര്യങ്ങൾക്ക് മുമ്പായി നിങ്ങൾ സൽകർമങ്ങളിൽ മുന്നേറുക. വിസ്മൃതിയിലകപ്പെട്ട ദാരിദ്ര്യമോ അധർമത്തിലെക്ക് നയിക്കുന്ന സമ്പത്തോ ആപത്തിലാഴ്ത്തുന്ന രോഗമോ പിച്ചുംപേയും പറയുന്ന വാർധക്യമോ ആകസ്മികമായ മരണമോ, വരാനിരിക്കുന്നതിൽ വെച്ച് ഏറ്റവും ക്രൂരനായ ദജ്ജാലോ കയ്‌പ്പേറിയതും അപ്രധിരോധ്യവുമായ അന്ത്യദിനമോ അല്ലാത്ത വല്ലതും നിങ്ങൾക്ക് പ്രതീക്ഷിച്ചിരിക്കാനുണ്ടോ?’’ (തിർമിദി)

(അവസാനിച്ചില്ല)