ദൈവാസ്തിത്വവും ഭൗതിക സമവാക്യങ്ങളും

ശാഹുൽ പാലക്കാട്

2024 ഫെബ്രുവരി 03, 1445 റജബ് 22

ദൈവാസ്തിത്വവും ഭൗതിക സമവാക്യങ്ങളും പ്രകൃതിയുടെ ക്രമസ്വഭാവത്തെ ഗണിത ഭാഷയിലേക്ക് മാറ്റിയെഴുതുക എന്നതിലുപരി പ്രപഞ്ച സൃഷ്ടിപ്പിന്റെ മൂലകാരണമെന്തെന്ന് മനസ്സിലാക്കാനോ അതിന്ന് പിന്നിലെ നിയാമക ശക്തിയെന്തെന്ന് വിശദീകരിക്കാനോ ഭൗതികശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രപഞ്ച സ്രഷ്ടാവിന്റെ അധ്യാപനങ്ങളാണ് മതദർശനമെന്ന് അംഗീകരിക്കാത്തിടത്തോളം കാലം ശാസ്ത്ര വിഷയങ്ങളിൽ ഇക്കാര്യം ഇടംപിടിക്കാൻ സാധ്യതയില്ല താനും.

ആധുനിക ശാസ്ത്രത്തിന് സത്യത്തിൽ നാം ജീവിക്കുന്ന ലോകത്തെ സംബന്ധിച്ച് ഇപ്പോഴും വലിയ ധാരണയിലൊന്നും എത്താൻ കഴിഞ്ഞിട്ടില്ല. പ്രകൃതിയിൽ കാണുന്ന ക്രമസ്വഭാവത്തെ ഗണിതഭാഷയിലേക്ക് മാറ്റിയെഴുതുന്നു എന്നല്ലാതെ അടിസ്ഥാനപരമായി എന്തുകൊണ്ട് ഇങ്ങനെ ഒരു പ്രപഞ്ചവും അവയ്ക്ക് ഈ നിശ്ചിത സ്വഭാവവും എന്ന് മനസ്സിലാക്കാൻ കഴിഞ്ഞേക്കാം എന്ന ശുഭാപ്തിവിശ്വാസം പോലും പല ഭൗതികശാസ്ത്രജ്ഞർക്കുമില്ല.

ക്വാണ്ടം ലോകത്തിന്റെയും ആപേക്ഷികതാസിദ്ധാന്തത്തിന്റെയും നിയമങ്ങളെ ഒരുമിപ്പിക്കാനും ഒരു ഗ്രാൻഡ് യൂണിഫൈഡ് തിയറി കൊണ്ടുവരാനും കഴിയുമെന്ന വീക്ഷണത്തിലാണ് ചില ശാസ്ത്രജ്ഞരെങ്കിലും. അങ്ങനെ ഒരു തിയറിയാൽ മാത്രമാണ് സകല പ്രകൃതിയെയും വിശദീകരിക്കാനാവുക. അത് അറിയാത്തിടത്തോളം ഈ പ്രപഞ്ചവും പ്രകൃതിയും ശാസ്ത്രലോകത്തിന് നിഗൂഢതതന്നെയാണ്.

പ്രപഞ്ചത്തെ ചില അടിസ്ഥാന കാരണങ്ങളാൽ വിശദീകരിക്കാനുള്ള ശ്രമം പൗരാണിക ഗ്രീക്ക് ചിന്തകർ മുതലുള്ളവർ നടത്തിയതായി കാണാം. സകല ലോകത്തെയും നാല് അടിസ്ഥാന നിർമിതികളാൽ വിശദീകരിക്കാമെന്നായിരുന്നു അരിസ്റ്റോട്ടിലിന്റെ നിഗമനം. കാറ്റ്, തീ, മണ്ണ്, ജലം എന്നിവയിൽനിന്നാണ് സകലതും ആരംഭിച്ചിരിക്കുന്നത് എന്ന് അദ്ദേഹം വാദിച്ചു.

ഗ്രീക്ക് തത്ത്വചിന്തകനായിരുന്ന ഡെമോത്രിറ്റസിന്റെ അഭിപ്രായം സകലതും നിർമിച്ചിരിക്കുന്നത് വിഘടിപ്പിക്കാനാവാത്ത സൂക്ഷ്മവും അദൃശ്യവുമായ കണികകളാലാണ് എന്നാണ്. ഭ്രൂണോ, ന്യൂട്ടൻ, ഐൻസ്റ്റീൻ, സ്റ്റീഫൻ ഹോക്കിങ്, മിഷിയോ കാക്കു എന്നിങ്ങനെ നിരവധി ഭൗതികശാസ്ത്രജ്ഞർ പ്രപഞ്ചത്തെ വിശദീകരിക്കുന്ന ഏകീകൃത തത്ത്വത്തെ നിർമിക്കാൻ ശ്രമിച്ചിട്ടുണ്ട്.

കോസ്‌മോളജിസ്റ്റായ സീൻ കാരോള് എഴുതുന്നു: We are looking for a complete, coherent, and simple understanding of reality (ലോകത്തെ സമ്പൂർണമായും ലളിതമായും കൃത്യമായും വിശദീകരിക്കുന്ന തത്ത്വത്തിനായുള്ള തിരച്ചിലിലാണ് നാം).

പ്രപഞ്ചത്തെ വിശദീകരിക്കുന്ന ഒരു ഗ്രാൻഡ് യൂണിഫൈഡ് തിയറിയെ സംബന്ധിച്ച് മിശിയോ കാക്കു രചിച്ച കൃതിയാണ് ‘ദി ഗോഡ് ഇക്വേഷൻ.’ പ്രകൃതിയെ മുഴുവൻ വിശദീകരിക്കുന്ന അത്തരം ഒരു ഏകീകൃത സമവാക്യത്തിനായുള്ള ശാസ്ത്രരംഗത്തെ രസകരമായ ശ്രമങ്ങളുടെ ചരിത്രത്തെയും ആ രംഗത്തെ പുതിയ ഉൾക്കാഴ്ചകളെയും മിശിയോ കാക്കു ഈ രചനയിലൂടെ വിശദീകരിക്കുന്നുണ്ട്.

ദൈവാസ്തിത്വത്തെ തെളിയിക്കുന്ന തോമസ് അക്വീനസിന്റെ അഞ്ചു വാദങ്ങളിലെ പ്രധാനപ്പെട്ട’ആദികാരണ വാദ’ത്തെ ശക്തമായ ഒരു സാധ്യതയായിത്തന്നെ മിശിയോ കാക്കൂ കാണുന്നു എന്ന് ഇതിലൊരു ചാപ്റ്ററിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഏകീകൃതസമവാക്യത്തിനായുള്ള അന്വേഷണത്തിൽ ദൈവം പ്രസക്തമായ ഉത്തരമാണെന്ന് തന്റെ ‘ഗോഡ് ഇക്വേഷനി’ൽ proving god’s existence എന്ന ഭാഗത്ത് അദ്ദേഹം എഴുതുന്നു:

“ഒരു വീഡിയോ ടേപ്പ് പുറകിലോട്ട് പ്ലേ ചെയ്ത് ആരംഭത്തിൽ എത്തുന്നപോലെ പ്രപഞ്ചത്തിന്റെ ഇന്നലെകളിലേക്ക് പോയി അതിന്റെ ആരംഭം മഹാവിസ്‌ഫോടനത്തോടെ ആരംഭിക്കുന്നുവെന്ന് പറയാൻ ഇന്നത്തെ ഭൗതിക ശാസ്ത്രജ്ഞർക്ക് കഴിയും. അതിനുമുമ്പ് എന്ത് എന്ന ചോദ്യത്തിന് മറുപടി പറയാൻ ഒരുപക്ഷേ, ബഹുപ്രപഞ്ച സിദ്ധാന്തങ്ങളെയും (multi universe theories)ഉപയോഗിക്കാം. ബിഗ് ബാങിലൂടെയുള്ള പ്രപഞ്ചോല്പത്തിയെ വിശദീകരിക്കാൻ ബഹുപ്രപഞ്ച സിദ്ധാന്തങ്ങൾക്കാവും എന്ന് അനുമാനിച്ചാൽതന്നെയും ഈ ബഹുപ്രപഞ്ചങ്ങൾ എവിടെനിന്ന് വന്നു എന്ന് ഒരാൾക്ക് ചോദിക്കാനാവും.

ഒരു ഏകീകൃതസമവാക്യത്തിന്റെ (Theory of everything) ഭാഗമായി ഉണ്ടായതാണ് ബഹുപ്രപഞ്ചങ്ങൾ എന്ന് വാദിച്ചാലും പ്രശ്‌നം തീരുന്നില്ല. ആ ഏകീകൃതസമവാക്യം എങ്ങനെയുണ്ടായി എന്നതാകും പിന്നെ ചോദ്യം. ഈ ബിന്ദുവിൽ ഫിസിക്‌സിന്റെ മേഖല അവസാനിക്കുകയും മെറ്റാഫിസിക്‌സിന്റെ മേഖല തുടങ്ങുകയും ചെയ്യുന്നു. ഭൗതികശാസ്ത്രത്തിന്റെ നിയമങ്ങൾ എവിടെനിന്നു വന്നു എന്ന ചോദ്യത്തിനുതന്നെ ഫിസിക്‌സ് ഉത്തരം നൽകുന്നില്ല. അതിനാൽ പ്രപഞ്ചത്തിന്റെ ആദികാരണത്തെ സംബന്ധിച്ച സെന്റ് തോമസ് അക്വിനാസിന്റെ കോസ്‌മോളജിക്കൽ പ്രൂഫ് (ആദികാരണം ദൈവമാണെന്ന വാദം) നിത്യപ്രസക്തമായിത്തന്നെ നിലനിൽക്കുന്നു.

ഏതൊരു ഏകീകൃതസമവാക്യത്തിന്റെയും അടിസ്ഥാനസ്വഭാവം സന്തുലനാവസ്ഥയായിരിക്കും (symmetry). എന്നാൽ ഇത്തരമൊരു തുലനാവസ്ഥ എവിടെനിന്ന് വരുന്നു? ആഴത്തിലുള്ള ഗണിതസത്യങ്ങളുടെ അനന്തരഫലമായിരിക്കണം ഏകീകൃത സമവാക്യവും. എന്നാൽ ഗണിതം എവിടെനിന്ന് വന്നു? ഈ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാൻ ഒരു ഏകീകൃത ഭൗതികസമവാക്യത്തിന് കഴിയില്ല.

“ഈ പ്രപഞ്ചം മനോഹരവും ലളിതവും ക്രമമുള്ളതുമാണ്. ഈ വിശ്വപ്രപഞ്ചത്തിന്റെ ഭൗതിക നിയമങ്ങളെയെല്ലാം ഒരു ഷീറ്റ് പേപ്പറിലേക്ക് പകർത്തിയെഴുതുകയെന്ന ആശയംതന്നെ എന്നെ പരിഭ്രമിപ്പിക്കുന്നുണ്ട്. ഐൻസ്റ്റീന്റെ ആപേക്ഷികതാസിദ്ധാന്തത്തെയും സ്റ്റാൻഡേർഡ് മോഡലിനെയും പരിഗണിച്ചാൽ ഈ പ്രപഞ്ചത്തിനു പിന്നിൽ ഒരു ആസൂത്രണമുണ്ടെന്ന ധാരണയെ തള്ളാൻ വിഷമമാകും. അതൊരു കോസ്മിക് ഡിസൈനറുടെ കൈകളെ കാണിച്ചുതരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത് ദൈവത്തെ തെളിയിക്കുന്നതിൽ ശക്തമായ വാദമാണ്.’’

ദൈവത്തിൽ വിശ്വസിക്കുന്നതിനുള്ള എല്ലാ യുക്തിയും ശാസ്ത്രം നൽകുന്നുണ്ടെന്ന് സമ്മതിക്കുകയാണ് ജീവിച്ചിരിക്കുന്ന പ്രധാന ഭൗതികശാസ്ത്രജ്ഞരിൽ ഒരാളായ മിഷിയോ കാക്കു ഈ വരികളിലൂടെ.

ഐൻസ്റ്റീനും സ്റ്റീഫൻ ഹോക്കിങ്ങും മിഷിയോ കാക്കുവുമെല്ലാം കരുതിയപോലെ സകല ലോകങ്ങളുടെയും നിലനിൽപിനെ വിശദീകരിക്കാനുതകുന്ന ഒരു ഏകീകൃത സിദ്ധാന്തം ലഭിച്ചുവെന്നുതന്നെ കരുതുക. എങ്കിൽ അതിന്റെ സ്വഭാവം എന്തായിരിക്കും എന്നുകൂടെ പരിശോധിക്കാം. ആ ഏകീകൃതസിദ്ധാന്തത്തിന്റെ അസ്തിത്വം എന്താകും? പൊതുവായി അസ്തിത്വങ്ങളെ Concrete existence എന്നും Abstract existence എന്നും രണ്ടായി തിരിക്കാം.

Concrete ആയവയെന്നാൽ, കാര്യകാരണശക്തിയുള്ള (casual power) അസ്തിത്വങ്ങൾ എന്നർഥം. ആ നിലയ്ക്ക് കല്ലും മണ്ണും മനുഷ്യനുമെല്ലാം concrete ആയവയാണ്. മറ്റൊന്നിൽ കാര്യകാരണപരമായി മാറ്റം ചെലുത്താൻ ഇവയ്ക്ക് കഴിയും. രണ്ടാമത്തെ വിഭാഗം Abstract existenceകൾ ആണ്. അക്കങ്ങൾ, ഗണിത സമവാക്യങ്ങൾ, ആശയങ്ങൾ എന്നിവയെ Abstract objects എന്ന് വിളിക്കുന്നു. ഇവ കാരണമായിക്കൊണ്ട് ഒന്നും നിർമിക്കപ്പെടുകയോ പ്രകൃതിയിൽ എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുകയോ ചെയ്യുന്നുമില്ല. എന്നാൽ നിലനിൽക്കുന്നവയെ വിശദീകരിക്കുന്നതിനായാണ് ഇവയെ ഉപയോഗിക്കുന്നത്.

എങ്കിൽ ഏകീകൃതമായ ഒരു സമവാക്യത്തെ പ്രപഞ്ചത്തെ വിശദീകരിക്കാനായി കൊണ്ടുവന്നുവെന്നുതന്നെ കരുതുക. പ്രപഞ്ചത്തിന്റെ നിലനിൽപിന് കാരണമായതായ അതിനൊരിക്കലും Abstract ആകാൻ കഴിയില്ല. കാരണം അബ്‌സ്ട്രാക്ട് ആയവകൾക്ക് ഒന്നിന്റെയും ഹേതു (cause) ആകാൻ കഴിയില്ല എന്നതുതന്നെ. നാല് എന്ന അക്കത്തിന് ഒരു ഭൗതികവസ്തുവിനെ സൃഷ്ടിക്കാനാകില്ലല്ലോ. അപ്പോൾ യാഥാർഥ്യലോകത്ത് നിലനിൽപുള്ള കോൺക്രീറ്റ് ആയ ഒന്നിന്റെ അസ്തിത്വംകൊണ്ടു മാത്രമെ പ്രപഞ്ചത്തെ വിശദീകരിക്കാൻ കഴിയൂ എന്ന് വരുന്നു.

എങ്കിൽ ഏകീകൃത സമവാക്യം കേവലം ഗണിതമോ അക്കമോ അല്ല, മറിച്ച് യാഥാർഥ്യലോകത്ത് നിലനിന്ന കോൺക്രീറ്റ് ആയ എന്തോ ആയിരുന്നു എന്ന തീർപിൽ എത്തേണ്ടിവരും. സ്വയം നിലനിൽപുള്ള പ്രപഞ്ചത്തെ സൃഷ്ടിച്ച, അതിലെ ആസൂത്രണങ്ങൾക്കും സംവിധാനങ്ങൾക്കുമെല്ലാം കാരണമായ ഒരസ്തിത്വം നിലനിൽക്കുന്നുവെന്ന് സമ്മതിക്കുന്നതിലേക്കാണ് വാസ്തവത്തിൽ ഏകീകൃതസമവാക്യത്തെ സംബന്ധിച്ച അന്വേഷണങ്ങൾ ചെന്നെത്തുന്നത് എന്നു ചുരുക്കം.

പ്രപഞ്ചവും ദൈവവും

സർവാംഗീകൃതമായ ഒരു തത്ത്വത്തിൽനിന്നും തുടങ്ങാം: “Something exists.’ (എന്തൊക്കെയോ നിലനിൽക്കുന്നുണ്ട്).

നക്ഷത്രങ്ങൾ, ആറ്റങ്ങൾ, ഗാലക്‌സികൾ, മനുഷ്യർ... ഇവ നിലനിൽക്കുന്നുണ്ട് എന്ന കാര്യത്തിൽ ആർക്കും സംശയം തോന്നാൻ ഇടയില്ല. ഈ ലേഖനവും നിങ്ങളും നിലനിൽക്കുന്നതുകൊണ്ടാണ് നിങ്ങൾക്ക് ഇത് വായിക്കാൻ കഴിയുന്നത്. എന്തെങ്കിലുമൊക്കെ നിലനിൽക്കുന്നുണ്ട് എന്ന് സമ്മതിച്ചുകഴിഞ്ഞാൽ നിലനിൽക്കുന്നവയുടെ ഒരു കൂട്ടമുണ്ടെന്നും അംഗീകരിക്കാം. ഫിലോസഫറായ ജോഷുവ റാസ് മുസൻ ഇതിനെ ‘ദി ബ്ലോബ് ഓഫ് എവരിതിങ്’ (The blob of everything) എന്നാണ് വിളിക്കുന്നത്. പക്ഷികളുടെ ഒരു കൂട്ടത്തെ flock of birds എന്നു വിളിക്കുന്നപോലെ; നിലനിൽപുള്ള, ഭൗതികവും അഭൗതികവും കോൺക്രീറ്റും ആയതെല്ലാം ‘ബ്ലോബ് ഓഫ് എവരിതിംഗ്’ എന്ന ഈ സെറ്റിനകത്ത് വരുന്നു.

എന്തിനെങ്കിലും ഒറ്റയ്ക്ക് നിലനിൽക്കാമെങ്കിൽ നിലനിൽക്കുന്ന ഒറ്റകളെല്ലാം ചേർന്നാൽ ഒരു കൂട്ടം ആകണമല്ലോ. അതുപോലെ ജന്തുക്കൾ, അടിസ്ഥാനകണങ്ങൾ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, ഗാലക്‌സികൾ എന്നിങ്ങനെ എന്തൊക്കെ നിലനിൽക്കുന്നുവോ അവയെല്ലാം ഉൾപ്പെടുന്ന ഒരു കൂട്ടത്തെയും പരിഗണിക്കാം.

മറ്റൊരു രൂപത്തിൽ പറഞ്ഞാ ൽ, ബ്ലോബ് ഓഫ് എവെരിതിങ് (നിലനിൽക്കുന്നവകളുടെ കൂട്ടം) എന്നതിനു പുറത്ത് എന്തെങ്കിലും നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യംതന്നെ അബദ്ധമാവും. കാരണം, എന്തൊക്കെ നിലനിൽക്കുന്നുവോ അതെല്ലാം ഈ ബ്ലോബിനകത്ത് പരിഗണിക്കപ്പെട്ടുകഴിഞ്ഞു. എന്തെങ്കിലും ബ്ലോബിന് പുറത്താണ് എന്നു പറഞ്ഞാൽ അങ്ങനെയൊന്ന് നിലനിൽക്കുന്നില്ല എന്നാണ് അർഥം. ഇനിയുള്ള ചർച്ച ലളിതമാക്കുന്നതിനായി ‘ബ്ലോബ് ഓഫ് എവെരിതിംഗ്’ എന്നതിനെ ചുരുക്കി നാം ‘x’ എന്നു വിളിക്കുന്നു.

ഇനി നോക്കുക:

1) നിലനിൽക്കുന്നവകളെല്ലാം ‘x’ന് അകത്താണ്.

2) ആയതിനാൽ ‘x’പുറത്ത് യാതൊന്നുമില്ല.

3) അപ്പോൾ ‘x’നു പുറത്ത് ‘x’ ഉണ്ടായതിനുള്ള കാരണവുമില്ല.

4) എങ്കിൽ ‘x’ ഉണ്ടായതിനുള്ള ഒരു കാരണം ‘x’ ന് പുറത്തില്ല.

Deductive റീസണിങ്ങിന്റെ അടിസ്ഥാനത്തിൽ എത്തിയ തീർപ്പാണിത്. നിലനിൽക്കുന്നവകൾക്ക് പുറത്തുള്ള യാതൊന്നുമല്ല ‘x’നെ സൃഷ്ടിച്ചത്. അപ്പോൾ എന്നെന്നും നിലനിന്ന, എല്ലാത്തിനും കാരണമായ എന്തോ ഒന്ന് ‘x’ന് അകത്ത് നിലനിന്നിരിക്കണം. പുറത്ത് മറ്റൊന്നും കാരണമായി ഇല്ലാത്തതിനാൽ ഇത് സ്വയം ശക്തവും (self sufficient)അനാദിയും അനിവാര്യവും ആയിരിക്കണം. ‘x’ ന് അകത്ത് നിലനിൽക്കുന്ന സ്വയം ശക്തവും അനാദിയും അനിവാര്യവുമായ ഈ ആദികാരണത്തെ നമുക്ക് ‘z’ എന്നു വിളിക്കാം.

എന്തുകൊണ്ട് x നകത്ത് z ഉണ്ടാകണം എന്നതിനെ ഒന്നുകൂടി വിശദമാക്കാം:

1) ‘x’ നു പുറത്ത് യാതൊന്നുമില്ല എന്നു പറഞ്ഞാൽ ‘x’ പുറത്തുനിന്ന് ഒന്നിനെയും ആശ്രയിക്കുന്നില്ല എന്നാണ്.

2) ‘x’ ന് കാരണമായ ഒന്ന് പുറത്തില്ലായെങ്കിൽ അതിനകത്ത് ഉണ്ടാകണം.

3) അകത്ത് നിലനിൽക്കുന്ന ഈ ആദികാരണമായ ‘z’ മറ്റൊന്നു കാരണമായി ഉണ്ടായതല്ല.

4) മറ്റൊന്നും കാരണമായി ഉണ്ടായതല്ലാത്ത ഒന്ന് പരാശ്രയ മുക്തമാണ്, അനാദിയാണ്, അനിവാര്യമാണ്.

ഈ സ്വഭാവത്തിൽ നിലനിൽക്കുന്നവയുടെയെല്ലാം അടിത്തറയും കാരണവും ‘z’ ആണെന്നു പറയാം.

How reason leads to god? (യുക്തിചിന്ത എങ്ങനെ ദൈവത്തിലേക്ക് എത്തിക്കുന്നു?) എന്ന തന്റെ കൃതിയുടെ ആദ്യഭാഗത്ത് ഫിലോസഫറായ ജോഷുവ റാസ് മുസൻ ഉപയോഗിക്കുന്ന വാദത്തിന്റെ ചുരുക്കരൂപമാണിത്. ദൈവത്തെ സ്ഥാപിക്കുന്നതിന്റെ ഒന്നാമത്തെ പടിയാണ് കണ്ടിൻജൻസി ആർഗ്യുമെന്റനുസരിച്ച് അനിവാര്യമായ ഒരു അസ്തിത്വം നിലനിന്നിട്ടുണ്ടാകണം എന്ന തത്ത്വത്തെ സ്ഥാപിക്കൽ.

അനിവാര്യമായ ആ കാരണം ദൈവമായിരിക്കണം എന്ന് സ്ഥാപിക്കുന്നതാണ് കണ്ടിൻജൻസി ആർഗ്യുമെന്റിന്റെ രണ്ടാമത്തെ ഭാഗം. ഈ രണ്ട് യുക്തിപരമായ തീർപ്പുകളെ അംഗീകരിക്കുന്ന ഒരു മനുഷ്യന് ദൈവത്തെയും സ്വാഭാവികമായും അംഗീകരിക്കാതിരിക്കാനാവില്ല. ആധുനിക തത്ത്വചിന്തകർ ഒന്നിലധികം രൂപത്തിൽ കണ്ടിൻജൻസി ആർഗ്യുമെന്റ് വഴി ദൈവത്തെ തെളിയിക്കുന്നുണ്ട്.

ഒരു ആദിഹേതുവിലേക്ക് ഈ ചർച്ച എത്തുന്നത് എങ്ങനെയെന്ന് നോക്കാം:

അനിവാര്യ ഹേതുവിനായുള്ള വാദങ്ങൾ (Arguments for a necessary being): എന്തുകൊണ്ട് മനുഷ്യർ നിലനിൽക്കുന്നു, എങ്ങനെ സൗരയൂഥവും ഗാലക്‌സികളും ഭൗതിക കണങ്ങളും നിയമങ്ങളും രൂപപ്പെട്ടു തുടങ്ങിയ ചോദ്യങ്ങൾ യുക്തിപരമാണ് എന്ന് അംഗീകരിച്ചല്ലാതെ ശാസ്ത്രമില്ല. ഇവയെല്ലാം ഈ സ്വഭാവത്തിൽ നിലനിൽക്കുന്നതിന് എന്തോ കാരണമുണ്ടെന്ന ആദ്യ അറിവിൽനിന്നാണ് ഇത്തരം ചോദ്യങ്ങൾ ഉണ്ടാകുന്നതും. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളെയാണ് വിശദീകരണങ്ങൾ (explanations)എന്നു വിളിക്കുന്നത്.

Contingent existence: നിലനിൽപിന് ബാഹ്യവിശദീകരണങ്ങൾ വേണ്ടതായ കാര്യങ്ങളാണ് contingent existence. നിലനിൽക്കൽ സ്വയം അനിവാര്യമല്ലാത്ത, മറ്റൊരു രൂപത്തിൽ നിലനിൽക്കുകകൂടി സാധ്യമായ എന്തും ഈ ഗണത്തിൽ പെടുന്നു. (A contingent being (a being such that if it exists, it could have not-existed) exists. All contingent beings have a sufficient cause of or fully adequate explanation for their existence) മറ്റൊരു രൂപത്തിൽ നിലനിൽക്കൽ സാധ്യമായ ഒന്ന് ഒരു പ്രത്യേകരൂപത്തിൽ നിലനിൽക്കുന്നുവെങ്കിൽ അതിന് ഒരു പ്രത്യേക കാരണവും വേണമല്ലോ. ഉദാ: നിങ്ങളുടെ കൈയിലെ ഫോൺ കണ്ടിൻജന്റ് ആണെന്നു പറയാം. അതിനൊരു പ്രത്യേക നിറവും ഭാരവും രൂപവും സ്വഭാവവും ഘടനയും നിർമിക്കപ്പെട്ട ദിവസവുമെല്ലാം ഉണ്ടാകും. ഇതിൽ ഏതു സ്വഭാവവും അങ്ങനെയായത് ഒരു പ്രത്യേക കാരണത്താലാണ്.

മൊബൈലിന് ചുവന്ന നിറമോ മഞ്ഞ നിറമോ എല്ലാം സാധ്യമായിരുന്നിട്ടും കറുത്ത നിറത്തിൽതന്നെയായത് മറ്റൊരു ബാഹ്യകാരണം അതിനെ കറുത്തതായി തിരഞ്ഞെടുത്തതു കൊണ്ടാണ്. അതിന്റെ രൂപവും മറ്റു ഗുണങ്ങളുമെല്ലാം ആ രൂപത്തിൽ അതിന്റെ നിർമാണ കമ്പനി തെരഞ്ഞെടുത്തതുകൊണ്ട് സംഭവിച്ചതാണത്. ആ സ്വഭാവത്തിൽ ഇവയ്‌ക്കെല്ലാം വിശദീകരണങ്ങളുമുണ്ട്. ഇങ്ങനെ പരിമിതസ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നതെല്ലാം കണ്ടിൻജന്റ് ആണെന്നു പറയാം. ബാഹ്യ വിശദീകരണങ്ങൾ വേണ്ടതായ ചില പരിമിത സ്വഭാവങ്ങൾ നോക്കാം:

ഉൽപത്തി (beginning)

തുടക്കമുള്ള ഏതൊന്നും ഒരു പ്രത്യേക സമയത്തിനുശേഷം ആരംഭിച്ചവയാണ്. അതിനുമുമ്പ് അവ നിലനിന്നിരുന്നില്ല. നിലനിൽപ് ഉണ്ടായിരുന്നില്ലാത്ത ഒന്ന് നിലവിൽ വരാൻ ഒരു കാരണം ഉണ്ടായിരിക്കണം. (Whatever can fail to exist has been caused to exist). മാത്രമല്ല, ഒരു പ്രത്യേക സമയത്തുതന്നെ എന്തുകൊണ്ട് നിലവിൽവന്നു എന്നതിന് വിശദീകരണം വേണ്ടതായിവരും. നിങ്ങൾ ജനിച്ചത് 1990കളിലാണെങ്കിൽ എന്തുകൊണ്ട് നിങ്ങൾ ജനിച്ചു എന്ന് ചോദിക്കാം. അതിന് വിശദീകരണം നിങ്ങളുടെ മാതാപിതാക്കളാണ്. എന്തുകൊണ്ട് 1990കൾക്ക് പകരം 1950കളിൽ ജനിച്ചില്ല എന്നും ചോദിക്കാം. 1950കളിൽ നിങ്ങളുടെ മാതാപിതാക്കൾ തമ്മിൽ കണ്ടുമുട്ടാത്തതാണ് അങ്ങനെ സംഭവിക്കാത്തതിനുള്ള കാരണം.

പരിമിത ഗുണങ്ങൾ (Arbitrary limits)

ഒരു പ്രത്യേക നിറം, മണം, രൂപം, ആകൃതി, ഭാരം, ഘടന എന്നിങ്ങനെയുള്ള ഏതൊരു ഭൗതിക സ്വഭാവം പ്രകടിപ്പിക്കുന്ന വസ്തുവിലും ആ ഭൗതിക സ്വഭാവത്തിന് കാരണമുണ്ടാകണം.

ആശ്രിതത്വം (Dependance)

നിലനിൽപിന് മറ്റൊന്നിനെ ആശ്രയിക്കുന്ന എന്തും ആശ്രിതമായവയാണ്. ഒരു ചെടി അതിന്റെ മാതൃവൃക്ഷത്തെ ആശ്രയിച്ചാണ് ഉണ്ടായത്. ജന്തുക്കൾ ഓക്‌സിജനെ ശ്വസിക്കാൻ ഉപയോഗിക്കുന്നതും ആശ്രിതത്വമാണ്. ആശ്രയിക്കാൻ എടുക്കുന്നത് ഇല്ലാതെ ആശ്രയിക്കപ്പെടുന്നതുമില്ല.

ഭാഗങ്ങളാൽ നിർമിതമായവ (Made up of parts)

ഒന്നിൽനിന്ന് അടർത്തിയെടുക്കാൻ കഴിയുന്നതോ ചേർക്കാൻ കഴിയുന്നതോ ആയ എന്തും ഭാഗങ്ങളാണ്. അത്തരം ഭാഗങ്ങൾ ഉള്ളതെന്തും ആ ഭാഗങ്ങളെ ആശ്രയിച്ചുതന്നെയാണ് നിലനിൽക്കുന്നത്. ആ ഭാഗങ്ങളില്ലാതെ ഒരു വസ്തുവിന് നിലനിൽപില്ല. കൂടാതെ A,B,C,D എന്നീ നാല് ഭാഗങ്ങൾ കൂടിച്ചേർന്ന് ഉണ്ടായ ഒന്നിന്റെ ആ പ്രത്യേക ക്രമത്തിന് കാരണം ഉണ്ടാകണം എന്നപോലെ തന്നെ D,A,C,B എന്ന മറ്റൊരു ക്രമത്തിലുള്ള അതിന്റെ ക്രമീകരണത്തിനും ബാഹ്യകാരണം വേണം.

ചലനം (Motion)

SPACEലെ ഒരുബിന്ദുവിൽനിന്നും മറ്റൊരു ബിന്ദുവിലേക്കുള്ള സ്ഥാനമാറ്റമാണ് ചലനം. ഈ സ്വഭാവത്തിൽ ചലിക്കുന്ന ഒരു വസ്തു എന്തുകൊണ്ട് ഒരു പ്രത്യേക സ്ഥാനത്ത് കാണപ്പെടുന്നുവെന്ന് ചോദിക്കാം.

ഏതൊരു ഭൗതികവസ്തുവും പാർട്‌സുകളുടെ ഒരു പ്രത്യേകതരത്തിലുള്ള ക്രമീകരണമാണ്. മറ്റൊരു രൂപത്തിലും ആകാം എന്നിരിക്കെ ഒരു പ്രത്യേക സ്വഭാവത്തിൽതന്നെ അതിനെ നിർമിച്ചതെന്താണെന്നതിന് കാരണമുണ്ടായിരിക്കണം. മുകളിൽ വിശദീകരിച്ച ഈ മാനദണ്ഡങ്ങൾക്കകത്ത് വരാത്തതായ ഒരു ഭൗതിക ഉണ്മയും നിലനിൽക്കുന്നില്ല.

ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, ഗാലക്‌സികൾ, ആറ്റങ്ങൾ, സബ്അറ്റോമിക് കണികകൾ, ക്വാണ്ടം പാർട്ടിക്കിളുകൾ, ജന്തു-ജീവജാലങ്ങൾ, ഇതെല്ലാം ഉൾക്കൊള്ളുന്ന പ്രപഞ്ചം... ഇവയെല്ലാം ബാഹ്യ വിശദീകരണങ്ങൾ വേണ്ടവയാണ്. അതുകൊണ്ടുതന്നെ ഏതൊരു മനുഷ്യനും എന്തുകൊണ്ട് 13.8 ബില്യൺ വർഷങ്ങൾക്കു മുമ്പുതന്നെ പ്രപഞ്ചം ഉണ്ടായി എന്നു ചോദിക്കാം. പ്രപഞ്ചത്തിന് കാരണമായത് എന്തെന്നു ചോദിക്കാം. ഈ കാണുന്ന പരിമിതമായ ഡയമെൻഷനുകളും ഭൗതികനിയമങ്ങളും എന്തുകൊണ്ട് എന്നു ചോദിക്കാം. ഓരോ ഗ്രഹവും എന്തുകൊണ്ട് ഒരു പ്രത്യേക സ്ഥാനത്ത് എന്നു ചോദിക്കാം. എന്തുകൊണ്ട് ഗ്യാലക്‌സികളും ആറ്റങ്ങളും നിശ്ചിത എണ്ണത്തിലായി എന്നു ചോദിക്കാം. എന്തുകൊണ്ട് പ്രപഞ്ചത്തിന് ഒരു പ്രത്യേക ജ്യോമെട്രി എന്നു ചോദിക്കാം. പ്രപഞ്ചഘടനയെ ഇങ്ങനെയാക്കിയത് എന്താണെന്നു ചോദിക്കാം. നിങ്ങൾ ഉണ്ടാകാവുന്ന പ്രപഞ്ചവും നിങ്ങൾ ഇല്ലാതിരിക്കാവുന്ന പ്രപഞ്ചവും സാധ്യമായിട്ടും എന്തുകൊണ്ട് നിങ്ങൾ ഉള്ള പ്രപഞ്ചം ഉണ്ടായി എന്നു ചോദിക്കാം. എന്തുകൊണ്ട് പ്രപഞ്ചത്തിൽ സ്ഥിരസ്വഭാവങ്ങൾ കാണപ്പെടുന്നു എന്നു ചോദിക്കാം. ജീവൻ നിലനിൽക്കാനുതകുന്ന സ്വഭാവത്തിൽ ആസൂത്രണം ചെയ്യപ്പെട്ട പ്രപഞ്ചത്തിന് കാരണം എന്തെന്ന് ചോദിക്കാം. ഓരോ ആകാശഗോളത്തിന്റെ അണുവിനെയും അതിന്റെ നിശ്ചിത സ്വഭാവത്തെയും എണ്ണിപ്പറഞ്ഞ് എന്തുകൊണ്ട് എന്നു ചോദിക്കാം. നിലനിന്നിരിക്കേണ്ടതില്ലാത്ത ഇവയെല്ലാം നിലവിൽ വന്നത് ചില കാരണങ്ങളാലാണ്. ഈ സ്വഭാവത്തിൽ പ്രപഞ്ചത്തിന്റെ ഓരോ അണുവും കണ്ടിൻജന്റ് ആണ്. ആയതിനാൽ പ്രപഞ്ചം കണ്ടിൻജന്റ് ആണ്. പ്രപഞ്ചസൃഷ്ടിക്ക് ബാഹ്യകാരണം അനിവാര്യമാണ്.

അവശ്യ വിശദീകരണ തത്ത്വം

ഏതൊന്നിനും ഒരു വിശദീകരണം ആവശ്യമാണെന്ന തത്ത്വത്തെയാണ് ‘പ്രിൻസിപ്പിൾ ഓഫ് സഫിഷ്യന്റ് റീസൺ’ എന്നു വിളിക്കുന്നത്. ചുരുക്കി p.s.r എന്നും ഇത് പൊതുവിൽ വിളിക്കപ്പെടുന്നു. എന്തുകൊണ്ട് എന്ന ചോദ്യം ഏതൊരു വിഷയത്തിലും നമുക്ക് ചോദിക്കാൻ കഴിയുന്നത് p.s.r ഉപയോഗിക്കുന്നതുകൊണ്ടാണ്. ആപ്പിൾ എന്തുകൊണ്ട് എല്ലായ്‌പ്പോഴും താഴോട്ടുതന്നെ പതിക്കുന്നുവെന്ന് ന്യൂട്ടൻ ചിന്തിച്ചതായ കഥയുണ്ടല്ലോ. ശാസ്ത്രത്തിനും അത് ചോദിക്കാൻ കഴിയുന്നത് ആ പ്രതിഭാസത്തിന് വിശദീകരണം ഉണ്ടാവണമെന്ന യുക്തിപരമായ മുൻധാരണയിൽനിന്നാണ്.

ഫിലോസഫറായ അലക്‌സാണ്ടർ പ്രസിന്റെ നിരീക്ഷണത്തിൽ p.s.r നെ അംഗീകരിക്കുന്ന ഏതൊരു മനുഷ്യനും അനിവാര്യമായ ഒരു സ്രഷ്ടാവിനെയും സമ്മതിക്കേണ്ടിവരും എന്നാണ്. ചില കാര്യങ്ങൾക്കെങ്കിലും പിന്നിൽ വിശദീകരണം ഉണ്ടെന്ന് സമ്മതിച്ചാൽ p.s.r നെ ചില കാര്യങ്ങളിലെങ്കിലും സമ്മതിക്കേണ്ടി വരും എന്നുറപ്പാണ്. അങ്ങനെ p.s.r വേണ്ടതായ കാര്യങ്ങൾക്കെല്ലാം ആ നിലയ്ക്ക് അനിവാര്യമായ ഒരു കാരണം ഉണ്ടെന്ന യുക്തിയിലേക്കത് എത്തുന്നു. ആയതിനാൽ p.s.r നെ നിഷേധിച്ചാലല്ലാതെ അനിവാര്യമായ സൃഷ്ടികാരണത്തെയും നിഷേധിക്കാനാവില്ല. കണ്ടിൻജൻസി ആർഗ്യുമെന്റ് പ്രധാനമായും ആശ്രയിക്കുന്നത് p.s.rനെത്തന്നെയാണ്. അഥവാ p.s.rഅനുസരിച്ച് എല്ലാ കണ്ടിൻജന്റായവകൾക്കും ബാഹ്യകാരണം വേണ്ടതായിവരുന്നു. കണ്ടിൻജന്റായ പ്രപഞ്ചത്തിനും ബാഹ്യവിശദീകരണം വേണ്ടതുണ്ടെന്ന അനിവാര്യതയിലേക്ക് അത് ചെന്നുനിൽക്കുന്നു.

പ്രപഞ്ചത്തിന് കാരണമായ അനിവാര്യമായ ഒരു അസ്തിത്വം ദൈവമാണെന്ന് സ്ഥാപിക്കാൻ പിന്നെ എളുപ്പമാണ്. p.s.r എന്തുകൊണ്ട് നിഷേധിക്കാനാവാത്ത സത്യമാണെന്നതിന് ചില ന്യായങ്ങൾ തുടർന്നു വായിക്കാം.

(തുടരും)