അബ്ദുറഹീം തിരിച്ചുവരുമ്പോൾ

സുഫ്‌യാൻ അബ്‌ദുസ്സലാം

2024 ഏപ്രിൽ 20, 1445 ശവ്വാൽ 11

ദി റിയൽ കേരള ‘ലവ് ജിഹാദ്’!

പ്രളയകാലത്തും കോവിഡ് മഹാമാരിയിലും ആൾക്കൂട്ട നന്മയിലൂടെ കേരളം കാണിച്ച മഹിത മാതൃക അബ്ദുറഹീമിലൂടെ വീണ്ടും ആവർത്തിക്കപ്പെട്ടിരിക്കുന്നു. ഒരു കേരള സ്റ്റോറിക്കും തകർക്കാൻ സാധിക്കാത്ത വിധം സ്നേഹസുന്ദരമാണ് മലയാളിയുടെ മനസ്സ്. വെറുപ്പിന്റെ ഉപാസകർക്ക് ഭേദിക്കാൻ കഴിയാത്ത അത്രയും ശക്തമാണ് കേരളത്തിന്റെ മതസൗഹാർദ ഭൂമിക. റഹീമിന്റെ തിരിച്ചുവരവ് അതാണ് ബോധ്യപ്പെടുത്തുന്നത്.

ലവ് ജിഹാദിന്റെയും ഇസ്‌ലാമോഫോബിയയുടെയും മറപിടിച്ചുകൊണ്ട് കേരളത്തെക്കുറിച്ച് ഭീകരമാം വിധം കുപ്രചാരണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കാലത്ത് ഒരു മുസ്‌ലിം യുവാവിനുവേണ്ടി കേരളം ജാതിമതകക്ഷി വ്യത്യാസങ്ങൾ മറന്നുകൊണ്ട് കൈകോർത്തു പിടിച്ചത് ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ വർഗീയത ആളിക്കത്തിക്കുന്നതിനുവേണ്ടി കേന്ദ്രസർക്കാറിന്റെ ഔദ്യോഗിക ചാനലായ ദൂരദർശനിൽ കുപ്രസിദ്ധ സിനിമയായ ‘ദി കേരള സ്റ്റോറി’ പ്രദർശനം തുടങ്ങിയത് വിവാദമായിരിക്കുന്ന സന്ദർഭത്തിൽ തന്നെയാണ് അത്തരം സിനിമകൾക്ക് കേരള സമൂഹത്തിൽ യാതൊരു സ്വാധീനവും ചെലുത്താൻ കഴിയില്ലെന്ന് തെളിയിക്കുന്ന നല്ല സംഭവങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. മുസൽമാനെ ഒറ്റപ്പെടുത്തി ഹിന്ദുവിനെ യും ക്രിസ്ത്യാനിയെയും ഒന്നിപ്പിക്കാൻ സാധിക്കുമെന്ന് ദിവാസ്വപ്നം കണ്ടവർ ഇപ്പോൾ നിരാശരായിരിക്കുകയാണ്. കേരളത്തിലെ പൂർവികർ പടുത്തുയർത്തിയ ഹൈന്ദവ-മുസ്‌ലിം-ക്രൈസ്തവ ജനതയുടെ ഐക്യത്തിന്റ സ്‌നേഹമതിലുകൾ തകർക്കാൻ സംഘ്പരിവാറിന്റെ പൈശാചിക ശക്തികൾ ശ്രമിക്കുമ്പോൾ അതിനെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്ന പ്രഖ്യാപനമാണ് അബ്ദുറഹീം മോചന യജ്ഞത്തിലൂടെ കേരളത്തിലെ മതനിരപേക്ഷ സമൂഹം നിർവഹിച്ചിരിക്കുന്നത്.

കേരളം ആസ്വദിച്ച ‘ലവ്ജിഹാദ്’

സ്‌നേഹത്തിന്റെ ജിഹാദിലായിരുന്നു കേരളജനത കഴിഞ്ഞ ദിവസങ്ങളിൽ ഏർപ്പെട്ടിരുന്നത്. 34 കോടി രൂപ എന്ന വലിയ സംഖ്യ മോചനദ്രവ്യമായി നൽകിയാൽ സൗദി അറേബ്യയിലെ ജയിലിൽ വധശിക്ഷയും പ്രതീക്ഷിച്ച് കഴിയുന്ന തങ്ങളുടെ ഒരു സഹോദരനെ രക്ഷപ്പെടുത്താൻ സാധിക്കുമെന്ന് മനസ്സിലാക്കിയപ്പോൾ അവർ അതിനായി അരയും തലയും മുറുക്കി രംഗത്തിറങ്ങിയത് അക്ഷരാർഥത്തിൽ ഒരു ‘ജിഹാദ്’ തന്നെയായിരുന്നു. ഏതൊരു പുണ്യകർമവും കഠിനാധ്വാനം ചെയ്തുകൊണ്ട് നിർവഹിക്കു ന്നതിനെയാണ് അറബിയിൽ സാങ്കേതികമായി ‘ജിഹാദ്’ എന്ന് വിളിക്കുന്നത്. ഇസ്‌ലാം വിരോധികളും ഇസ്‌ലാമിന്റെ പേരിലുള്ള തീവ്രവാദികളും ‘ജിഹാദ്’ എന്ന പദത്തെ ലോകത്തിനു മുമ്പിൽ വികലമാക്കിയിരിക്കുന്ന സാഹചര്യത്തിൽ ഇതുപോലുള്ള കഠിന പ്രയത്‌നങ്ങൾക്കുള്ള പേരാണ് ജിഹാദ് എന്ന് തിരിച്ചറിയാൻ നമ്മുടെ സമൂഹത്തിന് സാധിക്കേണ്ടതുണ്ട്. ഏതൊരു മനുഷ്യനെയും ജാതിമത പരിഗണനകൾക്കതീതമായി സ്‌നേഹിക്കാൻ സാധിക്കുകയും അതിനുവേണ്ടി കഠിന പ്രയത്‌നങ്ങൾ സമർപ്പിക്കുയുകയും ചെയ്യുമ്പോൾ അത് യഥാർഥ ‘ലവ് ജിഹാദ്’ ആയി മാറുന്നു.

തകർന്നടിഞ്ഞ ‘ക്രൂരദർശനം’

ഏറെ പ്രതിഷേധങ്ങൾ ക്ഷണിച്ചുവരുത്തിയ സിനിമയായിരുന്നു കഴിഞ്ഞ വർഷം മെയ് 5ന് സുദീപ്‌തോ സെൻ-വിപുൽ അമൃത്‌ലാൽ ഷാ ടീം ഒരുക്കിയ ‘ദി കേരള സ്റ്റോറി’ എന്ന ക്ഷുദ്ര സിനിമ. കപട സ്‌നേഹം നടിച്ച് അമുസ്‌ലിം പെൺകുട്ടികളെ വലവീശിപ്പിടിച്ച് കേരളത്തിൽനിന്ന് ഐ.എസ്സിലേക്കും മറ്റു ഭീകര സംഘങ്ങളിലേക്കും റിക്രൂട്ട്‌മെന്റ് നടത്തുന്നുവെന്ന് സ്ഥാപിക്കുന്നതിനു വേണ്ടിയാണ് സിനിമ നിർമിച്ചിട്ടുള്ളത്. 32000 പെൺകുട്ടികളെ ഐ.എസ്സിലേക്ക് റിക്രൂട്ട് ചെയ്തുവെന്ന് പെരുമ്പറ മുഴക്കിയവർക്ക് പിന്നീടത് മൂന്ന് പെൺകുട്ടികൾ എന്ന് ട്രെയിലറിൽ കുറിക്കേണ്ടി വന്നു. എന്നാൽ കേരളവും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങളിലെ ജനങ്ങൾ സിനിമയെ തള്ളിക്കളയുകയും ബഹിഷ്‌കരിക്കുകയും ചെയ്തത് ഈ ക്ഷുദ്രാവിഷ്‌കാരത്തിന് തിരിച്ചടിയായി. തമിഴ്നാട് സർക്കാറിനെതിരെ കോടതിയിൽ പോയ നിർമാതാക്കൾ കോടതിയുടെ പരാമർശം കേട്ട് തരിച്ചുപോയി. കോടികൾ മുടക്കിയാണ് തങ്ങൾ സിനിമ നിർമിച്ചിരിക്കുന്നതെന്ന് പറഞ്ഞ സിനിമാക്കാരോട് ഒരു സിനിമ കാണണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം പ്രേക്ഷകർക്കാണ് എന്നും അതിൽ കോടതിക്ക് ഇടപെടാൻ സാധിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞത് വലിയ തിരിച്ചടിയായി.

കേരളത്തിലെ ജനങ്ങൾ സിനിമ ബഹിഷ്‌കരിച്ചുവെന്ന് മനസ്സിലാക്കിയ സംഘ്പരിവാർ എങ്ങനെയെങ്കിലും മലയാളി വീടുകളിൽ സിനിമയെത്തിക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമാണ് തങ്ങളുടെ കൈയിലുള്ള ദൂരദർശനിലൂടെ ഈ ക്രൂരദർശനം വിളമ്പാൻ പദ്ധതികൾ തയ്യാറക്കിയത്. എന്നാൽ ഒരേസമയം 200 പോലും പ്രേക്ഷകരില്ലാത്ത ഈ ചാനലിന്റെ മലയാള വിഭാഗത്തിന് ഒരു സ്വാധീനവും ചെലുത്താൻ സാധിക്കില്ല എന്ന് കേരളീയസമൂഹം തെളിയിച്ചിരിക്കുകയാണ്. അത്തരം ക്രൂരവിനോദങ്ങളിൽ മുഴുകാതെ കേരളത്തിനും കേരള ജനതക്കും ആശ്വാസകരവും സഹായകവുമാവുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതരാവാനാണ് അവർ ശ്രമിച്ചുവരുന്നത്. വേനൽച്ചൂടിന്റെ കാഠിന്യത്താൽ വെന്തുരുകുന്ന കേരളത്തിൽ ഒരു കുളിനീർ മഴയായി പെയ്തിറങ്ങിയ ‘സേവ് അബ്ദുറഹീം സഹായ ഫണ്ട്’ അതാണ് തെളിയിക്കുന്നത്.

എന്താണ് അബ്ദുറഹീമിന് സംഭവിച്ചത്?

എല്ലാ പ്രവാസികളെയും പോലെ കുടുംബത്തിനുള്ള അന്നം തേടിയാണ് ഫറോക്കിനടുത്ത കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ പരേതനായ മുല്ല മുഹമ്മദ് കുട്ടിയുടെയും ഫാത്തിമയുടെയും മകൻ ഇരുപത്തിയാറുകാരൻ അബ്ദുറഹീം 2006 നവംബർ 28ന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ എത്തിയത്. ഹൗസ് ഡ്രൈവർ വിസയിൽ എത്തിയ റഹീമിന് സ്പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാൻ അൽശഹ്‌രിയുടെ മകൻ അനസ് അൽശഹ്‌രി എന്ന ബാലനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. തലയ്ക്കു താഴെ യാതൊരു ചലനശേഷിയുമില്ലാതിരുന്ന അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത് കഴുത്തിൽ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഭിന്നശേഷിക്കാരനായിരുന്നു എന്നതിനു പുറമെ ഇടയ്ക്ക് പ്രകോപിതനാകുന്ന സ്വഭാവം കൂടിയുണ്ടായിരുന്നു.

അബ്ദുറഹീം സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ്: 2006 ഡിസംബർ 24ന് റിയാദ് ശിഫയിലെ വീട്ടിൽനിന്ന് അസീസിയയിലെ പാണ്ട ഹൈപർ മാർക്കറ്റിലേക്ക് പോകവെ സുവൈദിയിലെ ട്രാഫിക് സിഗ്‌നൽ കട്ട് ചെയ്തു പോകാൻ അനസ് അബ്ദുറഹീമിനെ നിർബന്ധിച്ചതോടെയാണ് അനസിന്റെ മരണത്തിനും റഹീമിനെതിരെയുള്ള കേസിനും ആസ്പദമായ സംഭവം ഉണ്ടാകുന്നത്. ട്രാഫിക് കട്ട് ചെയ്തുകൊണ്ട് നിയമലംഘനം നടത്താൻ ആവില്ലെന്ന് ആവർത്തിച്ചു പറഞ്ഞ അബ്ദുറഹ്‌മീനെ പിൻസീറ്റിലായിരുന്ന അനസ് തുപ്പിയപ്പോൾ അത് തടയവെ അബ്ദുറഹീമിന്റെ കൈ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ തട്ടുകയും അത് പ്രവർത്തനരഹിതമാവുകയും ചെയ്തു. അതോടെ കുട്ടി ബോധരഹിതനായി. യാത്ര തുടർന്ന റഹീം അനസിന്റെ ബഹളമൊന്നും കേൾക്കാതായപ്പോൾ പന്തികേട് തോന്നി പരിശോധിച്ചപ്പോഴാണ് ചലനമറ്റ് കിടക്കുന്നതായി ബോധ്യപ്പെട്ടത്.

ചലനമറ്റു കിടക്കുന്ന അനസിനെ കണ്ട് പരിഭ്രാന്തനായ അബ്ദുറഹീം എന്തുചെയ്യണമെന്നറിയാതെ ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ചുവരുത്തി. രക്ഷപ്പെടാൻ മറ്റു മാർഗമൊന്നുമില്ലെന്ന് കണ്ട അവർ രണ്ടു പേരും ഒരു കഥയുണ്ടാക്കി. പണം തട്ടാൻ വന്ന കൊള്ളക്കാർ റഹീമിനെ ബന്ധിയാക്കി അനസിനെ ആക്രമിച്ചുവെന്നും അങ്ങനെ അനസ് കൊല്ലപ്പെട്ടു എന്നുമായിരുന്നു കഥ. ഈ കഥയാണ് കേസ് അവർക്ക് പ്രതികൂലമാകുവാനും സ്‌പോൺസറും കുടുംബവും പൂർണമായും അവർക്ക് എതിരാകുവാനുമുണ്ടായ കാരണം. പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയും നസീറിനെ കേസിൽ നേരിട്ട് പ്രതിയല്ലെന്നു കണ്ട് പത്തു വർഷത്തിനു ശേഷം വെറുതെ വിടുകയും ചെയ്തു. അനസിന്റെ മെഡിക്കൽ റിപ്പോർട്ടിൽ അബ്ദുറഹീമിനെതിരെ ഗുരുതരമായ ചില കണ്ടെത്തലുകൾ ഉണ്ടായതാണ് കൂടുതൽ വിനയായത്. അബദ്ധത്തിൽ സംഭവിച്ചു എന്ന അബ്ദുറഹീമിന്റെ വാദം പോലീസും കോടതിയും തള്ളാനിടയായത് അക്കാരണത്താലാണ്.

നിയമം നിയമത്തിന്റെ വഴിയേ...

അബദ്ധത്തിൽ സംഭവിച്ചുപോയ കാര്യത്തിൽ മാപ്പേകണം എന്നായിരുന്നു അബ്ദുറഹീമും അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകരും കോടതിയോട് അഭ്യർഥിച്ചിരുന്നത്. എന്നാൽ മെഡിക്കൽ റിപ്പോർട്ടും സാഹചര്യ തെളിവുകളും മുന്നിൽ വെച്ചുകൊണ്ട് കോടതി അക്കാര്യം തള്ളുകയും സംഭവിച്ചത് മനഃപൂർവമായ കൊലപാതകമാണെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. അതോടെ അബ്ദുറഹീമിന് വധശിക്ഷ ഉറപ്പായി. റിയാദ് കോടതിയിൽ ആദ്യഘട്ടത്തിൽ അബ്ദുറഹീമിനുവേണ്ടി പരിഭാഷകനായി ഹാജരായിരുന്നത് മലപ്പുറം കുന്നുംപുറം സ്വദേശിയും പണ്ഡിതനുമായ അരീക്കാടൻ അലവി മൗലവി ആയിരുന്നു. പിന്നീട് വിവിധ ഘട്ടങ്ങളിലായി വിവിധ ജാലിയാത്തുകളിലെ പ്രബോധകരും ഇസ്വ്‌ലാഹി സെന്റർ ഭാരവാഹികളുമായിരുന്ന അബ്ദുറഹ്‌മാൻ മദീനി, അബ്ദുറസാഖ് സ്വലാഹി, മുഹമ്മദ് കുട്ടി കടന്നമണ്ണ, മുഹമ്മദ് നജാത്തി തുടങ്ങിയവരെല്ലാം ഹാജരായിട്ടുണ്ട്. എംബസി ഉദ്യോഗസ്ഥനായ യൂസുഫ് കാക്കഞ്ചേരി, കെ.എം.സി.സി നേതാവ് അഷ്‌റഫ് വേങ്ങാട്ട് എന്നിവരുടെയും സേവനങ്ങൾ പ്രത്യേകം എടുത്തുപറയേണ്ടതാണ്.

കോടതിക്ക് മുമ്പിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ വധശിക്ഷ വിധിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അബ്ദുറഹീമിനു വേണ്ടി ഹാജരായ അഭിഭാഷകരും മേൽ പ്രസ്താവിക്കപ്പെട്ട പണ്ഡിതരുമെല്ലാം ഈ കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. എന്നാൽ കൊല്ലപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കൾ വിട്ടുവീഴ്ച ചെയ്യുകയാണെങ്കിൽ അവർ നിശ്ചയിക്കുന്ന നഷ്ടപരിഹാരത്തുക (Blood money) നൽകി വധശിക്ഷയിൽനിന്നും ഒഴിവാകാവുന്നതാണ് എന്നാണ് ഇസ്‌ലാമിക നിയമം. അപ്രകാരം അനസിന്റെ പിതാവ് ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാൻ അൽശഹ്‌രിയെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി പൊതുപ്രവർത്തകരിൽ ചിലർ സന്ദർശിക്കുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. വ്യക്തിപരമായി താൻ മാപ്പ് നൽകിയാലും തന്റെ കുടുംബം അതിന് തയ്യാറാവില്ല എന്നാണ് അദ്ദേഹം അവരെ അറിയിച്ചത്. മാത്രവുമല്ല, മുമ്പൊരിക്കൽ അനസ് കിടക്കുന്ന ബെഡിന് തീപിടിച്ച സംഭവം പ്രതിയെ സംശയിക്കാൻ തക്ക കാരണമായി ഉന്നയിക്കുകയും ചെയ്തു. കേസ് മൂടിവെക്കാൻ കള്ളക്കഥ മെനഞ്ഞതും അവർ കാരണമായി ചൂണ്ടിക്കാട്ടി. ഈ കേസുമായി ബന്ധപ്പെട്ടുകൊണ്ട് ഇനി മേലിൽ ഈ കുടുംബവുമായി ബന്ധപ്പെടരുതെന്ന താക്കീതും അവർ നൽകുകയുണ്ടായി.

ഇതെല്ലാമായിരുന്നെങ്കിലും അൽശഹ്‌രിയുടെ കുടുംബം വിട്ടുവീഴ്ച ചെയ്യുകയും ദിയാധനം സ്വീകരിച്ച് വധശിക്ഷയിൽ നിന്നും അബ്ദുറഹീമിനെ ഒഴിവാക്കിക്കൊടുക്കുമെന്ന് അഭിഭാഷകർക്കും കോടതിക്കും പ്രതീക്ഷയുണ്ടായിരുന്നു. സ്വന്തം മകൻ കൊല്ലപ്പെട്ട ദുഃഖവും പ്രതിഷേധവും ഏതൊരു മാതാപിതാക്കളെയും കടുത്ത തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുമെന്നത് സ്വാഭാവികമാണെന്നും മഞ്ഞുരുകുന്ന ഒരു കാലം വരുമെന്നും അവർ മാപ്പ് നൽകുമെന്നും അവർ പ്രതീക്ഷ വെച്ചു. കോടതി നടപടിക്രമങ്ങൾ പിന്നീട് സാവകാശത്തിലായതും അതുകൊണ്ടായിരുന്നു. അല്ലെങ്കിൽ ഇതിനകം മൂന്ന് തവണ വധശിക്ഷാ വിധി വന്ന ഈ കേസിലെ വിധി നടപ്പാക്കാൻ നേരത്തെ തന്നെ കോടതി ഉത്തരവിടുമായിരുന്നു. വിധി നടപ്പാക്കൽ വൈകിപ്പിച്ചത് തന്നെ മോചനത്തിനുള്ള സാധ്യതയും മാനുഷിക പരിഗണനയും പരിഗണിച്ചുകൊണ്ടായിരുന്നു എന്നത് വളരെ വ്യക്തമാണ്.

കുടുംബം വിട്ടുവീഴ്ചക്ക്

സംഭവം കഴിഞ്ഞ് 12 വർഷം കഴിഞ്ഞ് 2019 ജനുവരി 21ന് ദിയാധനം സ്വീകരിച്ച് അബ്ദുറഹീമിനെ ശിക്ഷയിൽനിന്ന് ഒഴിവാക്കാൻ കുടുംബം തയ്യാറായതായും പരമാവധി അഞ്ച് ലക്ഷം റിയാൽ ദിയാധനമായി നിശ്ചയിക്കാൻ സാധിക്കുമെന്നും അഭിഭാഷകനായിരുന്ന അലി അൽമിസ്‌ഫർ അൽഹാജ്‌രി അറിയിച്ചതോടെയാണ് ആശ്വാസ കിരണങ്ങൾ പ്രസരിച്ചു തുടങ്ങിയത്. എന്നാൽ ഇതുസംബന്ധമായി കുടുംബത്തിൽ നിന്നും പിന്നീട് യാതൊരു പ്രതികരണവുമുണ്ടായില്ല.

2022 ഒക്ടോബർ 5നാണ് കുടുംബം ദിയാധനത്തിന്റെ കാര്യത്തിൽ തീരുമാനത്തിലെത്തി കോടതിയെ അറിയിച്ചത്. 15 മില്യൺ റിയാലാണ് (33.35 കോടി രൂപ) അവർ ആവശ്യപ്പെട്ടത്. അപ്പീൽ കോടതിയിലുള്ള കേസിൽ അന്തിമവിധി വരുന്നതിന് മുമ്പ് പണം നൽകിയാൽ മാപ്പ് നൽകാമെന്നും അല്ലെങ്കിൽ കോടതി വിധി അനുസരിച്ച് വധശിക്ഷ സ്വീകരിക്കേണ്ടിവരുമെന്നുമാണ് കുടുംബം അറിയിച്ചത്.

എന്തുകൊണ്ട് 15 മില്യൺ റിയാൽ?

വധിക്കപ്പെട്ടയാളുടെ കുടുംബത്തിന് 15 മില്യൺ റിയാൽ നൽകണമെന്ന നിയമം ഇസ്‌ലാമിലോ സൗദിയിലോ ഇല്ല. പലരും നെറ്റി ചുളിച്ച് സൗദിയിലെ ഇത്തരം നിയമങ്ങൾക്കെതിരെ പ്രതികരിക്കുന്നത് സമൂഹ മാധ്യമങ്ങളിലും മറ്റും കാണാനിടയായിട്ടുണ്ട്. കൊലപാതകം അബദ്ധത്തിൽ സംഭവിച്ചതാണെങ്കിലും മനഃപൂർവം സംഭവിച്ചതാണെങ്കിലും സൗദി അറേബ്യയിലെ കോടതികൾ 100 ഒട്ടകങ്ങൾക്ക് സമാനമായ ദിയാധനമാണ് നിശ്ചയിച്ചിട്ടുള്ളത്. അതിനുള്ള പണമൂല്യം കണക്കാക്കിയിട്ടുള്ളത് 3 ലക്ഷം റിയാൽ മുതൽ 4 ലക്ഷം റിയാൽ വരെയാണ്. വിശുദ്ധ ക്വുർആൻ 4:79, 2:178 എന്നീ വചനങ്ങളും സുനനുന്നസാഈ 4857 അടക്കമുള്ള വിവിധ പ്രവാചകവചനങ്ങളും ഇതിന് തെളിവായി ഉദ്ധരിക്കപ്പെടുന്നു. ഇത് സംബന്ധമായി സൗദി നിയമജ്ഞർ തയ്യാറാക്കിയ ഒരു പട്ടിക തന്നെ നിലവിലുണ്ട്. ‘ജദ്‌വൽ ഫീ മഖാദീരിദ്ദിയാത്തി വ ശിജാജി’ എന്ന പ്രസ്തുത പട്ടികയിൽ ഇക്കാര്യങ്ങൾ വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. എന്നാൽ ഇത് ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ശരീഅത്ത് കോടതി നിശ്ചയിക്കുന്ന ദിയാധനം മാത്രമാണ്. ഇത് സ്വീകരിച്ചുകൊണ്ട് വിട്ടുവീഴ്ച നൽകണമെന്ന് ഇരയുടെ കുടുംബത്തിന് യാതൊരു നിർബന്ധമോ ബാധ്യതയോ ഇല്ല. അങ്ങനെ നിർബന്ധിക്കാൻ കോടതികൾക്ക് അവകാശവുമില്ല. ഇവിടെ ഇരയുടെ ബന്ധുക്കളുമായി കൊലയാളിയുടെ ബന്ധുക്കൾ നടത്തുന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ ഇരുവിഭാഗവും തൃപ്തിപ്പെടുന്ന വിധത്തിൽ ഒരു നഷ്ടപരിഹാരത്തുക (തഅ്‌വീദ്) നിശ്ചയിക്കുകയാണ് വേണ്ടത്. ഇങ്ങനെയുള്ള നഷ്ടപരിഹാരത്തുകയാണ് അബ്ദുറഹീമിന്റെ കേസിൽ 15 മില്യണായി ഇരു വിഭാഗവും അംഗീകരിച്ചത്.

നഷ്ടപരിഹാരം എത്രയുമാകാമെന്നോ?

നഷ്ടപരിഹാരത്തുക ക്രമാതീതമായും അന്യായയുമായും ചോദിക്കുന്നത് ഇസ്‌ലാമികദൃഷ്ട്യാ കുറ്റകരമാണ്. ക്വുർആൻ ഇക്കാര്യത്തിൽ പറയുന്നത് ഇങ്ങനെയാണ്: ‘കൊലയാളിക്ക് തന്റെ സഹോദരന്റെ പക്ഷത്തുനിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കിൽ അവൻ മര്യാദ പാലിക്കുകയും നല്ലനിലയിൽ നഷ്ടപരിഹാരം കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്. ഇനി അതിനുശേഷവും ആരെങ്കിലും അതിക്രമം പ്രവർത്തിക്കുകയാണെങ്കിൽ അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും’’ (2:178).

ഈ ക്വുർആൻ വചനത്തിൽ കൊലയാളിയെയും ഇരയേയും കുറിച്ച് ഉപയോഗിച്ചിട്ടുള്ള പ്രയോഗം ‘സഹോദരൻ’ എന്നാണ്. സാഹോദര്യ ബന്ധം തുടർന്നും ഉണ്ടാകുന്നതിന് വേണ്ടിയാണ് മാപ്പാക്കുന്നതും ആവശ്യമെങ്കിൽ നഷ്ടപരിഹാരത്തുക നൽകുന്നതും. അതുകൊണ്ടുതന്നെ നഷ്ടപരിഹാരത്തുക കൂടുതൽ ചോദിച്ച് ബുദ്ധിമുട്ടിക്കുന്നതും മോചനം നൽകുക എന്ന സത്കർമത്തിൽനിന്ന് സാധ്യമല്ലാത്തത് ആവശ്യപ്പെട്ട് ഓടിയൊളിക്കുന്നതും അതിക്രമമാണ് എന്ന കാര്യമാണ് ക്വുർആൻ സൂചിപ്പിക്കുന്നത്. വിശ്വാസികൾക്ക് ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രതയുണ്ടായിരിക്കണം. പ്രായച്ഛിത്തത്തിന്റെ സംഖ്യയിൽ ആചാര വഴക്കത്തിൽ കവിഞ്ഞ് ആവശ്യപ്പെടുക, പ്രായച്ഛിത്തം നൽകുവാൻ നിശ്ചയിച്ചിട്ട് അത് ശരിക്ക് കൊടുത്തുതീർക്കാതിരിക്കുക മുതലായ അനീതികളെക്കുറിച്ചുള്ള താക്കീതാണ് ‘അതിനു ശേഷം ആരെങ്കിലും അതിക്രമം പ്രവർത്തിച്ചാൽ അവന് വേദനയേറിയ ശിക്ഷയുണ്ട്’ എന്ന വാക്യത്തിന്റെ താൽപര്യമെന്ന് മുഹമ്മദ് അമാനി മൗലവി അടക്കമുള്ള ക്വുർആൻ വ്യാഖ്യാതാക്കൾ വ്യക്തമാക്കുന്നുണ്ട്.

കൊലപാതകം മഹാപാപമാണ്

സംഭവിച്ചുപോയ കുറ്റകൃത്യത്തിൽ കൊലയാളിക്ക് വ്യക്തമായ മാനസാന്തരം ഉണ്ടാവേണ്ടതുണ്ട്. കാരണം കൊലപാതകം വൻപാപങ്ങളിൽ പെട്ടതാണ്. മാത്രമല്ല ഒരാളുടെയും ജീവന്റെ യഥാർഥ മൂല്യം 34 കോടിയൊന്നുമല്ല; ഒരിക്കലും കണക്കാക്കപ്പെടാൻ സാധിക്കാത്ത തരത്തിലുള്ളതാണ് അത്. കൊലപാതകം അബദ്ധത്തിൽ സംഭവിച്ചതാണെങ്കിൽ പോലും വലിയ കുറ്റകൃത്യം തന്നെയാണ്. പരസ്പരം രണ്ടുപേർ ഏറ്റുമുട്ടുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്യുന്നതിന് ‘അബദ്ധം’ എന്ന് ഒരിക്കലും പറയില്ല. കൊന്നവനും കൊല്ലപ്പെട്ടവനും നരകത്തിലാണ് എന്ന നബിവചനം അനുസ്മരിക്കേണ്ടതുണ്ട്. മനുഷ്യവധം എന്നത് മഹാപാപമാണ് എന്ന തിരിച്ചറിവ് സമൂഹത്തിന് നഷ്ടമായിത്തുടങ്ങിയിട്ടുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. ഒരാളെ വധിക്കുന്നത് മനുഷ്യസമൂഹത്തെതന്നെ ഉന്മൂലനം ചെയ്യുന്നതിന് സമാനമായിട്ടാണ് ക്വുർആൻ വിവരിച്ചിട്ടുള്ളത്. കൊലയാളി അബദ്ധത്തിലാണെങ്കിലും അല്ലെങ്കിലും സ്വന്തം തെറ്റിൽനിന്നും അല്ലാഹുവിന്റെ മുമ്പിൽ പാപമുക്തനാവണമെങ്കിൽ രണ്ടു മാസം തുടർച്ചയായി നോമ്പ് അനുഷ്ഠിക്കേണ്ടതുണ്ട് എന്ന ക്വുർആന്റെ കൽപനയും കൊലപാതകമെന്ന കുറ്റകൃത്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നുണ്ട്.

നിയമം മുസ്‌ലിംകൾക്ക് മാത്രമല്ല

സൗദി അറേബ്യ അടക്കമുള്ള ഇസ്‌ലാമിക ശരീഅത്ത് പിന്തുടരുന്ന രാജ്യങ്ങളിൽ ബോധപൂർവം കൊലപാതകം ചെയ്തിട്ടുണ്ട് എന്ന് വ്യക്തമായ കേസുകളിൽ കൊലയാളിക്ക് വധശിക്ഷയിൽ കുറഞ്ഞ് യാതൊന്നുമില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ കൊല്ലപ്പെട്ടവന്റെ ബന്ധുക്കൾ കൊലയാളിക്ക് മാപ്പു നൽകിയാൽ പിന്നീട് കോടതിക്ക് വധശിക്ഷ നടപ്പാക്കാൻ സാധിക്കില്ല. ബന്ധുക്കൾക്ക് നഷ്ടപരിഹാരത്തുക നൽകിയോ അല്ലാതെയോ ബന്ധുക്കൾ മാപ്പു നൽകി കൊലയാളികൾക്ക് മോചനം സാധ്യമാകുന്നത് മുസ്‌ലിംകൾക്ക് മാത്രമല്ല. എല്ലാ മനുഷ്യരുടെ കാര്യത്തിലും ഇതേ നിയമമാണ് അവലംബിക്കുന്നത്.

ബൽവീന്ദർ സിംഗ് കേസിൽ ശരീഅത്തിന്റെ ആനുകൂല്യം

ഇക്കാര്യത്തിൽ ഈയടുത്തുണ്ടായ ബൽവീന്ദർ സിംഗ് കേസ് ഉദാഹരണമാണ്. 2013 മെയ് 25നു റിയാദിലെ അസീസിയയിൽ താമസസ്ഥലത്തുണ്ടായ അടിപിടിയിൽ ഇന്ത്യക്കാരനായ ബൽവീന്ദർ സിംഗ് ഈജിപ്ത് പൗരനായ ഈദ് ഇബ്‌റാഹീമിനെ ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ പത്തുവർഷം ജയിൽവാസം അനുഷ്ഠിച്ച് ബൽവീന്ദർ ജയിൽ മോചിതനായത് ഈദ് ഇബ്‌റാഹീമിന്റെ കുടുംബം നഷ്ടപരിഹാരത്തുക വാങ്ങി മാപ്പുനൽകിയതുകൊണ്ടായിരുന്നു. 25 ലക്ഷം റിയാലായിരുന്നു ഈദ് ഇബ്‌റാഹീമിന്റെ കുടുംബം ‘ദിയ’ ചോദിച്ചത്. എന്നാൽ മധ്യസ്ഥതയിലൂടെ സംഖ്യ 10 ലക്ഷമാക്കി കുറച്ചു. തത്തുല്യമായ 2.21 കോടി രൂപ സമാഹരിച്ച് നൽകിയാണ് പഞ്ചാബിലെ ശ്രീ മുഖ്തസർ സാഹിബ് ജില്ലയിലെ മല്ലാൻ സ്വദേശിയായ ബൽവീന്ദർ എന്ന സിഖ് മതക്കാരൻ വധശിക്ഷയിൽനിന്നും മോചിതനായത്. 2023 സെപ്റ്റംബർ 8നാണ് ബൽവീന്ദർ സന്തോഷാശ്രുക്കൾ പൊഴിച്ചുകൊണ്ട് പഞ്ചാബിൽ വറ്റാത്ത കണ്ണീരോടെ തന്നെ പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന കുടുംബത്തിലേക്ക് കാലെടുത്തുവെച്ചത്. യൂസുഫ് കാക്കഞ്ചേരിയും രാജസ്ഥാൻ സ്വദേശിയായ സാമൂഹിക പ്രവർത്തകൻ യാക്കൂബ് ഖാനുമാണ് മോചനത്തിനായി എല്ലാം ചെയ്തത് എന്ന് പിന്നീട് ബൽവീന്ദർ നന്ദിയോടെ അനുസ്മരിക്കുകയും ചെയ്തിരുന്നു. ഇസ്‌ലാമിക ശരീഅത്തിലെ ദിവ്യകാരുണ്യമാണ് ബൽവീന്ദറിന്റെ മോചനത്തിലേക്ക് നയിച്ചത് എന്ന കാര്യം വസ്തുതയറിയാതെ ശരീഅത്തിനെ വിമർശിക്കുന്നവർ മനസ്സിലാക്കേണ്ടതുണ്ട്.

നിമിഷപ്രിയക്കും പ്രതീക്ഷ ശരീഅത്ത് കാരുണ്യം

2017 മുതൽ കേൾക്കുന്നതാണ് പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയായ സഹോദരി നിമിഷപ്രിയയുടെ കദനകഥകൾ. യെമനിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന നിമിഷപ്രിയ യെമൻ പൗരനായ തലാൽ അബ്ദുൽ മഹ്ദിയുമായി ചേർന്ന് ക്ലിനിക് തുടങ്ങിയതോടെയാണ് ജീവിതം തകർന്നുപോയത്. കച്ചവടത്തിൽ പങ്കാളിയായ യെമനി പൗരൻ പിന്നീട് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും സ്വത്തുക്കൾ കൈവശപ്പെടുത്തുകയും വിവാഹം ചെയ്തതായി വ്യാജരേഖകൾ ചമക്കുകയും പാസ്‌പോർട്ട് പിടിച്ചുവെക്കുകയും ചെയ്തുവെന്നാണ് നിമിഷ പറയുന്നത്. അതേത്തുടർന്ന് അവിടെനിന്ന് രക്ഷപ്പെടാൻ വേണ്ടി യെമനി പൗരന് അമിത മരുന്ന് കുത്തിവെക്കുകയും പാസ്‌പോർട്ടുമായി നാട്ടിലേക്ക് പുറപ്പെടുകയും ചെയ്ത നിമിഷയെ അതിർത്തിയിൽ പോലീസ് പിടികൂടി. എന്നാൽ യെമനി പൗരനെ വെട്ടിനുറുക്കിയ നിലയിൽ വീടിനു മുകളിലെ ടാങ്കിൽനിന്നും കണ്ടെടുത്തതോടെ നിമിഷപ്രിയയുടെ പേരിലുള്ള കേസിന്റെ ഗൗരവം വർധിച്ചു.

ഈ കേസിൽ ഇപ്പോൾ നിമിഷപ്രിയയുടെ മാതാവ് പ്രേമകുമാരിക്ക് യെമനിലേക്ക് പോയി മകളെ കാണാനും യെമനി പൗരന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കാനുമുള്ള അവസരം കൈവന്നിരിക്കുകയാണ്. യെമൻ സുപ്രീംകോടതി വധശിക്ഷ ശരിവെച്ചിരിക്കുന്ന കേസിൽ ഇനി യെമനി പൗരന്റെ കുടുംബത്തിന്റെ മാപ്പും അവർക്ക് നൽകേണ്ട നഷ്ടപരിഹാരത്തുകയും മാത്രമാണ് പ്രതീക്ഷയുള്ളത്. അഞ്ചുകോടി യെമനി റിയാൽ (ഒന്നരക്കോടി രൂപ) ദിയാധനമായി യെമനി പൗരന്റെ കുടുംബം സ്വീകരിക്കാൻ സാധ്യതയുണ്ടെന്ന് ചില വാർത്താമാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. നിമിഷപ്രിയയുടെ മാതാവ് യെമനിലെത്തി ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്ന മുറക്കനുസരിച്ച് ദിയാധനം കണ്ടെത്താൻ കേരളം ഒരിക്കൽ കൂടി കൈകോർക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ബൽവീർ സിംഗിന്റെയും നിമിഷപ്രിയയുടേയുമെല്ലാം സംഭവങ്ങൾ വ്യക്തമാക്കുന്നത് കൊലക്കുറ്റങ്ങളിൽ ശരീഅത്ത് അനുസരിച്ചുള്ള നീതി എല്ലാ മതവിഭാഗത്തിൽ പെട്ടവർക്കും ഒരുപോലെ തുല്യമാണ് എന്ന യാഥാർഥ്യമാണ്.

ശരീഅത്ത് വിമർശകരും യാഥാർഥ്യങ്ങളും

അബ്ദുറഹീമിന് സംഭവിച്ച ഒരു കൈപ്പിഴക്ക് വധശിക്ഷ നൽകുന്നത് ക്രൂരതയല്ലേ, എന്തുകൊണ്ടാണ് ശരീഅത്ത് ഇത്രയും ക്രൂരമാകുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് ചില വിമർശകർ ഉയർത്തുന്നത്. അങ്ങനെ അബദ്ധത്തിൽ സംഭവിച്ച ഒരു കാര്യത്തിന് 34 കോടി രൂപ നൽകുന്നത് അന്യായമല്ലേ എന്നും അവർ ചോദിക്കുന്നു. അബ്ദുറഹീമിന്റെയോ മുകളിൽ സൂചിപ്പിച്ച ബൽവീന്ദറിന്റെയോ കാര്യത്തിൽ അവർ ഇരകളും സൗദി പൗരന്മാർ പ്രതികളുമായിരുന്നുവെങ്കിൽ പ്രതികൾക്കെതിരെ ശക്തമായ വികാരം ഉണ്ടാവുകയും അവർക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊണ്ടുക്കണം എന്ന അഭിപ്രായം ഉയരുകയും ചെയ്യുമായിരുന്നു. വധശിക്ഷയെ ന്യായീകരിക്കാനും ഈ വിമർശകരെല്ലാം മുമ്പോട്ട് വരികയും ചെയ്യും.

‘അബദ്ധത്തിൽ സംഭവിച്ചു’ എന്നത് അബ്ദുറഹീമിന്റെ വാദമാണ്. അത് ശരിയാണോ തെറ്റാണോ എന്ന് ഒരു കോടതിക്ക് ബോധ്യമാകുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. തെളിവുകൾ അദ്ദേഹത്തിന് പ്രതികൂലമായിരുന്നു. കോടതിക്ക് സൗദിയിലെ ശരീഅത്ത് നിയമമനുസരിച്ച് വധശിക്ഷ വിധിക്കേണ്ടിവന്നു. അതിൽ യാതൊരു അസ്വാഭാവികതയുമില്ല. തെളിവുകൾ നിരത്തി സംസാരിക്കുന്നവർക്ക് വിധികൾ അനുകൂലമാവുക സ്വാഭാവികമാണ്. ലോകത്തെ എല്ലാ ജുഡീഷ്യൽ സംവിധാനങ്ങളും പ്രവർത്തിക്കുന്നത് ഈ ഒരു തത്ത്വത്തെ അടിസ്ഥാനമാക്കിയാണ്. മുഹമ്മദ് നബി ﷺ പോലും പറഞ്ഞത് ഇപ്രകാരമാണ്: ‘നിങ്ങൾ നിങ്ങളുടെ കേസുകൾ എന്റെ മുമ്പിൽ അവതരിപ്പിക്കുന്നു. നിങ്ങളിൽ ചിലർ തങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കുന്നതിൽ കൂടുതൽ വാചാലരും ബോധ്യപ്പെടുത്താൻ പ്രാപ്തരുമായിരിക്കും. അതിനാൽ, ഞാൻ ഒരാളുടെ അവകാശം മറ്റൊരാൾക്ക് തെറ്റായി നൽകിയാൽ ഞാൻ അയാൾക്ക് ഒരു തീക്കഷ്ണമാണ് നൽകിയിരിക്കുന്നത് എന്ന് അവൻ മനസ്സിലാക്കട്ടെ. അനർഹമായി ലഭിച്ച വിധി അയാൾ എടുക്കാതിരിക്കട്ടെ’ (ബുഖാരി 2680).

വധശിക്ഷ ശരീഅത്തിന്റെ മാത്രം പ്രശ്‌നമോ?

ഇന്ത്യയിൽ ഇതുവരെയുള്ള പീനൽ കോഡുകൾ അനുസരിച്ച് വിവിധ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ ഉറപ്പാക്കിയിട്ടുണ്ട്. രാജ്യദ്രോഹം (121), കലാപത്തിനുള്ള പ്രേരണ (132), മറ്റൊരാൾക്ക് വധശിക്ഷ ലഭിക്കാൻ വ്യാജ തെളിവുകളുണ്ടാക്കുക (194,195), കൊലപാതകം (302), പ്രായപൂർത്തി ആവാത്തതോ ബുദ്ധിസ്ഥിരത ഇല്ലാത്തതോ ആയവരെ ആത്മഹത്യക്ക് പ്രേരിപ്പിക്കൽ (305), ജയിൽ മോചനത്തിനായി തട്ടിക്കൊണ്ടുപോകൽ (364), ഒരു സ്ത്രീയെ മരണത്തിന് കാരണമാകുന്ന വിധത്തിൽ ബലാൽസംഗം ചെയ്യൽ (376-എ), 12 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാൽസംഗം ചെയ്യൽ (376-ബി), കൂട്ടക്കവർച്ച കാരണമുള്ള മരണം (396) എന്നിവയെല്ലാം ഐ.പി.സി അനുസരിച്ച് വധശിക്ഷക്ക് കാരണമാവുന്ന കുറ്റകൃത്യങ്ങളാണ്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ സൗദിയിൽ ആയിരുന്നാലും ഇന്ത്യയിൽ ആയിരുന്നാലും വധശിക്ഷക്ക് തന്നെ വിധേയമാക്കേണ്ടവരാണ് എന്നാണ് പൊതുവിൽ എല്ലാവരുടെയും മനഃസാക്ഷി മൊഴിയുന്നത്. ഡൽഹിയിൽ പെൺകുട്ടി ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ട് കൊലചെയ്യപ്പെട്ടപ്പോഴും കത്വയിലെ പെൺകുട്ടിക്കുണ്ടായ ദുരന്തന്തിലും രാജ്യത്താകമാനം ഈ വികാരം അലയടിച്ചത് കണ്ടതാണ്.

ശരീഅത്ത് കാരുണ്യത്തിന്റെ ദിവ്യനിയമം

കൊലപാതകക്കുറ്റത്തിന് വധശിക്ഷ ഉറപ്പാക്കുന്നതിനു പകരം അവർക്ക് ജീവപര്യന്തം ജയിൽ ശിക്ഷ വിധിക്കുകയും പിന്നീട് അതുതന്നെ ഇളവ് ചെയ്തുകൊടുക്കുകയും ചെയ്യുന്നതിലൂടെ കൊലപാതകത്തെ ഒരു നിസ്സാര തെറ്റായി ഗണിക്കാനുള്ള സാഹചര്യം സമൂഹത്തിൽ ഉടലെടുക്കും. ഇന്ത്യയിൽ ഒരു വർഷം ശരാശരി 30000 പേർ കൊലചെയ്യപ്പെടുമ്പോൾ സൗദി അറേബ്യയിൽ അത് കേവലം മുന്നൂറിൽ താഴെയാണ്. ഇതിൽ വധശിക്ഷയുടെ എണ്ണം ശരാശരി 150 ആണ്. ഇത് വ്യക്തമാക്കുന്നത് കൊലയാളികൾക്ക് കൊലക്കയറാണ് ശിക്ഷ എന്നതുകൊണ്ട് തന്നെ കൊലപാതകങ്ങളുടെ എണ്ണം കുറയുന്നു എന്നതാണ്. ശിക്ഷയിൽ ഇളവുള്ളതുകൊണ്ട് ഇന്ത്യയിൽ കൊലപാതകങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ത്യയിൽ നിയമപ്രകാരമുള്ള വധശിക്ഷ നടപ്പാക്കുകയാണെങ്കിൽ അകാരണമായി ജീവിതം ഹോമിക്കപ്പെടുന്നവരുടെ എണ്ണം നന്നേ കുറക്കാൻ സാധിക്കും. മൂല്യം കണക്കാക്കാൻ സാധിക്കാത്ത മനുഷ്യ ജീവനെന്ന, സ്രഷ്ടാവ് പവിത്രമെന്ന് പ്രഖ്യാപിച്ച നിധിയെ സംരക്ഷിക്കാൻ നിയമങ്ങൾ ശക്തമാക്കുകയും വധശിക്ഷ അടക്കമുള്ള ശിക്ഷാവിധികൾ നടപ്പാക്കുകയുമാണ് വേണ്ടത്. ഇസ്‌ലാമിക ശരീഅത്ത് മനുഷ്യജീവന് എല്ലാറ്റിനേക്കാളും മൂല്യം നൽകുന്നതുകൊണ്ടാണ് കൊലയാളികൾക്ക് വധശിക്ഷ തന്നെ വിധിക്കണമെന്ന് പഠിപ്പിച്ചിട്ടുള്ളത്. കൊലയാളിക്ക് മാപ്പു നൽകാൻ കോടതിക്കോ സമൂഹത്തിനോ അധികാരമില്ല. അതിനുള്ള അധികാരം കൊല ചെയ്യപ്പെട്ടവന്റെ അടുത്ത ബന്ധുക്കൾക്ക് മാത്രമാണ്. ഇതിനെ കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും ഭാഗമായിട്ടാണ് ഇസ്‌ലാം കാണുന്നത്. ഇങ്ങനെ പ്രതിക്ക് മോചനം നൽകുന്ന കാരുണ്യം ഇസ്‌ലാമിക ശരീഅത്തിലല്ലാതെ വേറെ കാണാൻ കഴിയില്ല.

അവർ കുരക്കട്ടെ; സാർഥവാഹക സമൂഹം മുന്നോട്ട്

ഏതൊരു നന്മയിലും വർഗീയത കണ്ടെത്തി അതിനെതിരെ കുരക്കുക എന്നത് ചിലരുടെ സ്വഭാവമാണ്. അത് മാറ്റിയാൽ മാറുന്ന അസുഖമല്ല. അബ്ദുറഹീമിനെ കേരളജനത സഹായിച്ചതിൽ ശക്തമായ അസഹിഷ്ണുതയാണ് അവർ രേഖപ്പെടുത്തിയത്. എന്നാൽ താമരശ്ശേരി ബിഷപ്പും പാണക്കാട് തങ്ങന്മാരും ഹൈന്ദവ സമൂഹത്തിലെ നല്ലവരായ സ്വാമിമാരും ബോബി ചെമ്മണ്ണൂർ അടക്കമുള്ള സാമൂഹ്യപ്രവർത്തകരും അബ്ദുറഹീമിന് വേണ്ടിയുള്ള ഫണ്ട് സജീവമാക്കാൻ ആഹ്വാനം ചെയ്തത് ഇരുട്ടിന്റെ ശക്തികൾക്കുമേൽ പ്രകാശത്തിന്റെ പൊൻകിരണങ്ങൾക്കുള്ള മേധാവിത്വം പ്രകടമാക്കുന്നതായിരുന്നു. കഷ്ടപ്പെടുന്നവർക്കു വേണ്ടി പരസ്പരം കൈകോർത്തുപിടിച്ച്, മത, ജാതി, വർഗ, വർണ വ്യത്യാസങ്ങൾക്ക് അതീതമായി സ്‌നേഹത്തിന്റെ ജിഹാദുകൾ നടത്താൻ കേരളം ഇനിയും ഒരുക്കമാണെന്ന പ്രഖ്യാപനങ്ങൾ ഇനിയും ഉറക്കെ മുഴങ്ങട്ടെ.