വിശുദ്ധ റമദാൻ: ആത്മീയ നിർവൃതിയുടെ രാപകലുകൾ
മെഹബൂബ് മദനി, ഒറ്റപ്പാലം
2024 മാർച്ച് 16, 1445 റമദാൻ 06

പരിശുദ്ധ റമദാൻ എത്തിയതോടുകൂടി ആത്മീയ നിർവൃതിയുടെ രാപ്പകലുകളിലേക്ക് വിശ്വാസി സമൂഹം പ്രവേശിച്ചിരിക്കുകയാണ്. മാനവരാശിയുടെ മാർഗദർശക ഗ്രന്ഥമായ വിശുദ്ധ ക്വുർആനിന്റെ അവതരണ മാസത്തെ കാരുണ്യവാനായ അല്ലാഹു വ്രതാനുഷ്ഠാനത്തിനായി തെരഞ്ഞെടുത്തു എന്നത് ഏറെ പ്രസക്തമാണ്. സദാസമയവും തിന്മകളിലേക്ക് പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന മനസ്സിന്റെ പൈശാചികതയ്ക്ക് കടിഞ്ഞാണിടാനും തെളിമയാർന്ന വിശ്വാസ പാതയിലൂടെ വിശുദ്ധിയിലേക്ക് തിരിച്ചു നടക്കാനുള്ള അവസരവുമാണ് റമദാൻ സൃഷ്ടിക്കുന്നത്.
ഓരോ വിശ്വാസിയുടെയും നേരെ വരുന്ന തിന്മകളുടെ വേലിയേറ്റങ്ങളെ പ്രതിരോധിക്കാനുള്ള ശക്തമായ പരിചയാണ് വ്രതം. വ്രതമാസത്തെ ശരിയായവിധം ഉപയോഗപ്പെടുത്താനായാൽ എത്ര വലിയ തിന്മകളുടെ പ്രളയത്തിൽ അകപ്പെട്ടാലും അതിൽ സമരസപ്പെടാതെ വിശുദ്ധിയോടെ നന്മയുടെ പാതയിൽ ഉറച്ചുനിൽക്കാൻ അത് വിശ്വാസിയെ പ്രാപ്തനാക്കും. അതുതന്നെയാണ് വ്രതം ഒരു പരിചയയാണെന്ന പ്രവാചക വചനത്തിന്റെ പൊരുൾ.
മനുഷ്യരെ സംബന്ധിച്ചിടത്തോളം അന്നപാനീയങ്ങൾ ജീവൻ നിലനിർത്താനുള്ള ഒരുപാധി എന്നതുപോലെ തന്നെ ജീവിതാസ്വാദനത്തിന്റെ ഒരു മേഖല കൂടിയാണ്. വ്യത്യസ്തമായ രുചിയും നിറവും ഗന്ധവുമുള്ള ഭക്ഷണപദാർഥങ്ങളും പാനീയങ്ങളും കയ്യെത്തും ദൂരത്ത് അനുവദനീയമായ നിലയ്ക്കുതന്നെ ഉണ്ടെങ്കിലും റബ്ബിന്റെ പ്രീതി ലക്ഷ്യംവെച്ച് അതിൽനിന്ന് മാറി നിൽക്കുമ്പോൾ അതിലൂടെ ഭക്തിയുടെ നിറവിൽ എത്താൻ വിശ്വാസികൾക്ക് സാധിക്കുന്നു. ജീവൻ നിലനിർത്താൻ അത്യന്താപേക്ഷിതമായ ഭക്ഷണപാനീയങ്ങൾവരെ ദൈവപ്രീതിക്കായി മാറ്റിവെക്കാൻ തയ്യാറായവർക്ക് പകരം റയ്യാൻ എന്ന കവാടത്തിലൂടെ സ്വർഗപ്രവേശനത്തിന് അർഹത നൽകുമെന്നത് റബ്ബിന്റെ പ്രഖ്യാപനമാണ്.
ഭക്തിസാന്ദ്രമായ ജീവിതം തന്നെയാണ് വ്രതാനുഷ്ഠാനത്തിന്റെ അടിസ്ഥാന ലക്ഷ്യം. ഇസ്‌ലാമിലെ നിർബന്ധ അനുഷ്ഠാന കർമങ്ങളായ നമസ്‌കാരവും സകാത്തും ഹജ്ജും നിർവഹിക്കുമ്പോൾ അത് നമുക്ക് ചുറ്റും ജീവിക്കുന്നവരറിയുന്നുണ്ട്. എന്നാൽ റമദാനിലെ വ്രതാനുഷ്ഠാനമെന്ന നിർബന്ധ കർമത്തിന് അതിലപ്പുറമുള്ള ഒരു രഹസ്യ സ്വഭാവമുണ്ട്. ഒരാൾ യഥാർഥ നോമ്പുകാരനാണോ എന്നത് അയാൾക്കും സ്രഷ്ടാവിനും മാത്രമെ അറിയാനാകൂ. ‘നോമ്പ് എനിക്കാണ്, ഞാനാണ് അതിന് പ്രതിഫലം നൽകുക’ എന്ന് അല്ലാഹു പറഞ്ഞതായി നബിﷺ അറിയിച്ചതിന്റെ പൊരുളും നാം ഇതുമായി ചേർത്തു വായിക്കേണ്ടതാണ്.
വിശുദ്ധ മാസത്തിലെ വ്രതാനുഷ്ഠാനത്തിലൂടെ കാരുണ്യവാനായ റബ്ബ് നമ്മിൽനിന്നും ആവശ്യ പ്പെടുന്നത് നാം ഭക്തിയുടെ നിറവിലും ആത്മീയ നിർവൃതിയിലും എത്തുക എന്നതു തന്നെയാണ്.
അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കൽപിച്ചിരുന്നത് പോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടിയത്രെ അത്. എണ്ണപ്പെട്ട ഏതാനും ദിവസങ്ങളിൽ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താൽ മറ്റു ദിവസങ്ങളിൽനിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവർ (പകരം) ഒരു പാവപ്പെ ട്ടവന്നുള്ള ഭക്ഷണം പ്രായച്ഛിത്തമായി നൽകേണ്ടതാണ്. എന്നാൽ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതൽ നന്മ ചെയ്താൽ അതവന്ന് ഗുണകരമാകുന്നു. നിങ്ങൾ കാര്യം ഗ്രഹിക്കുന്നവരാണെങ്കിൽ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങൾക്ക് കൂടുതൽ ഉത്തമം’’ (2:183,184).
വ്രതാനുഷ്ഠാനത്തിലൂടെ തന്റെ അടിമകളെ പ്രയാസപ്പെടുത്താനല്ല അല്ലാഹു ഉദ്ദേശിക്കുന്നത്. മറിച്ച് ആത്യന്തികമായി വ്രതം മനുഷ്യർക്ക് നന്മയും എളുപ്പവും മാത്രമാണ് പ്രദാനം ചെയ്യുന്നത്. നോമ്പുകാർക്കുള്ള ഇളവുകളെ കുറിച്ച് പറയുന്ന ഉപരിസൂചിത വചനത്തിനു ശേഷം അല്ലാഹു ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്:
“ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ക്വുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ. അതുകൊണ്ട് നിങ്ങളിൽ ആർ ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). നിങ്ങൾക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ആ എണ്ണം പൂർത്തിയാക്കുവാനും നിങ്ങൾക്ക് നേർവഴി കാണിച്ചുതന്നതിന്റെ പേരിൽ അല്ലാഹുവിന്റെ മഹത്ത്വം നിങ്ങൾ പ്രകീർത്തിക്കുവാനും നിങ്ങൾ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കൽപിച്ചിട്ടുള്ളത്)’’ (2:185).

ഇസ്‌ലാമിലെ ഏതൊരു അനുഷ്ഠാനത്തിന്റെ പിന്നിലും അതിന്റെ നിയ്യത്ത് അതിപ്രധാനമാണല്ലോ. വ്രതത്തിന്റെ കാര്യത്തിലും ഇക്കാര്യം പ്രത്യേകം പഠിപ്പിക്കപ്പെട്ടിട്ടുള്ളതാണ്. ചൊല്ലിപ്പറയാനല്ല, മറിച്ച് മനസ്സിന്റെ അടിത്തട്ടിൽനിന്നുള്ള വിചാരവും പ്രതിഫലേച്ഛയുമായിരിക്കണം അതിന്റെ അടിസ്ഥാനം. വ്രതാനുഷ്ഠാനംകൊണ്ട് ഒരുപക്ഷേ ആരോഗ്യരംഗത്ത് ശാരീരികമായ പല നേട്ടങ്ങളും ഉണ്ടായി എന്നിരിക്കാം. പക്ഷേ, നോമ്പുകാരന്റെ നിയ്യത്ത് അതൊന്നുമായിരിക്കരുത്. അങ്ങനെയായാൽ അവന്റെ വ്രതം കേവലം പട്ടിണി മാത്രമായിട്ടേ പരിഗണിക്കപ്പെടുകയുള്ളൂ.
വ്രതാനുഷ്ഠാനത്തിന്റെ ആത്മാവായ ഭക്തി നിലനിർത്താൻ ചീത്തവാക്കുകളിൽനിന്നും പ്രവൃത്തികളിൽനിന്നും വിട്ടുനിൽക്കൽ നോമ്പുകാരന് അനിവാര്യമാണ്. വിശ്വാസികൾ തങ്ങളുടെ പഞ്ചേന്ദ്രിയങ്ങളെ സദാസമയവും തിന്മകളിലേക്ക് വഴുതിപ്പോകാതെ നിലനിർത്തേണ്ടതാണ്. എന്നാൽ റമദാനിൽ ഇക്കാര്യത്തിലുള്ള ജാഗ്രത ഏറ്റവും കൂടിയ രൂപത്തിൽതന്നെ വേണമെന്ന് നബിﷺ നമ്മോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്. ചീത്തവാക്കും പ്രവൃത്തിയും ഒഴിവാക്കാത്തവന്റെ പട്ടിണികൊണ്ട് റബ്ബിന് യാതൊരു ആവശ്യവുമില്ല എന്നാണ് നബിﷺയുടെ ഈ വിഷയത്തിലുള്ള അധ്യാപനം.
വിശുദ്ധ റമദാൻകൊണ്ട് ആത്മീയ നിർവൃതിയിലേക്ക് നമുക്കെത്തണമെങ്കിൽ കഴിഞ്ഞകാല ജീവിതത്തെ കുറിച്ചുള്ള ആത്മവിചാരണയും പരിഹാര പ്രവർത്തനങ്ങളും കൂടി അനിവാര്യമാണ്. കഴിഞ്ഞ റമദാനുശേഷം ഈ റമദാൻ വരെയുള്ള 11 മാസത്തെക്കുറിച്ചു പ്രത്യേകമായും, കഴിഞ്ഞകാല ജീവിതത്തെക്കുറിച്ചും കൃത്യമായ വിമർശനാത്മകമായുള്ള പരിശോധനക്കുള്ള അവസരമാണ് റമദാൻ ഒരുക്കിത്തരുന്നത്. അറിഞ്ഞോ അറിയാതെയോ എത്രയോ പാപങ്ങൾ പറ്റിപ്പോയിട്ടുണ്ടാകും. ജീവിതത്തിന്റെ നെട്ടോട്ടങ്ങൾക്കും തിരക്കുകൾക്കും ഇടയിൽ അതെല്ലാം കേവലം നിസ്സാരമായി പിശാച് ഒരുപക്ഷേ നമ്മിൽ തോന്നിപ്പിച്ചിട്ടുമുണ്ടാകും. 11 മാസം ഒരു ചെറുപാപം നമ്മോടൊപ്പം സഞ്ചരിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ അതിന്റെ ഗൗരവം എത്രമാത്രം വലുതായിരിക്കും! ആത്മാർഥമായ പുനരാലോചനയും പശ്ചാത്താപവും ഉണ്ടായിട്ടില്ലെങ്കിൽ അവ നമ്മെ നരകത്തിലേക്കാണ് കൊണ്ടുചെന്നെത്തിക്കുക. സംഭവിച്ച അപാകതകൾക്കെല്ലാമുള്ള പരിഹാരത്തിന്റെ കവാടങ്ങളാണ് റമദാനിലൂടെ തുറക്കപ്പെട്ടിട്ടുള്ളത്.
തന്നിലേക്ക് അടിമകൾ മടങ്ങിവരുന്നത് കരുണാനിധിയായ അല്ലാഹുവിന് ഏറെ ഇഷ്ടമുള്ള കാര്യമാണ്. അല്ലാഹു പറയുന്നു: “പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ചുപോയ എന്റെ ദാസൻമാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്. തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീർച്ചയായും അവൻതന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും’’ (39:53).
അവസരങ്ങളെ ഉപയോഗപ്പെടുത്താതെ തിരിഞ്ഞുനടക്കുന്നവർ ഭാവിയിൽ അനന്തമായി ദുഃഖിക്കേണ്ടി വരുമെന്നും അവസാനിക്കാത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്നുമുള്ള താക്കീത് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. തന്റെ ശിക്ഷ വന്നെത്തുന്നതിന്നു മുമ്പായി താഴ്മയോടെ തന്നിലേക്ക് മടങ്ങണമെന്ന ഗുണകാംക്ഷാനിർഭരമായ ഉപദേശമാണ് അല്ലാഹു നൽകുന്നത്.
“നിങ്ങൾക്ക് ശിക്ഷ വന്നെത്തുന്നതിനു മുമ്പായി നിങ്ങൾ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങുകയും അവന്നു കീഴ്‌പെടുകയും ചെയ്യുവിൻ. പിന്നെ (അത് വന്നതിനുശേഷം) നിങ്ങൾ സഹായിക്കപ്പെടുന്നതല്ല. നിങ്ങൾ ഓർക്കാതിരിക്കെ പെട്ടെന്ന് നിങ്ങൾക്ക് ശിക്ഷ വന്നെത്തുന്നതിന് മുമ്പായി നിങ്ങളുടെ രക്ഷിതാവിങ്കൽനിന്ന് നിങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടതിൽനിന്ന് ഏറ്റവും ഉത്തമമായത് നിങ്ങൾ പിൻപറ്റുകയും ചെയ്യുക. എന്റെ കഷ്ടമേ, അല്ലാഹുവിന്റെ ഭാഗത്തേക്ക് ഞാൻ ചെയ്യേണ്ടതിൽ ഞാൻ വീഴ്ച്ച വരുത്തിയല്ലോ. തീർച്ചയായും ഞാൻ കളിയാക്കുന്നവരുടെ കൂട്ടത്തിൽതന്നെ ആയിപ്പോയല്ലോ എന്ന് വല്ല വ്യക്തിയും പറഞ്ഞേക്കും എന്നതിനാലാണിത്. അല്ലെങ്കിൽ, അല്ലാഹു എന്നെ നേർവഴിയിലാക്കിയിരുന്നെ ങ്കിൽ ഞാൻ സൂക്ഷ്മത പാലിക്കുന്നവരുടെ കൂട്ടത്തിൽ ആകുമായിരുന്നു എന്ന് പറഞ്ഞേക്കുമെന്നതിനാൽ. അല്ലെങ്കിൽ ശിക്ഷ നേരിൽ കാണുന്ന സന്ദർഭത്തിൽ, എനിക്കൊന്ന് മടങ്ങിപ്പോകാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ സദ്‌വൃത്തരുടെ കൂട്ടത്തിൽ ആകുമായിരുന്നു എന്ന് പറഞ്ഞേക്കുമെന്നതിനാൽ. അതെ, തീർച്ചയായും എന്റെ ദൃഷ്ടാന്തങ്ങൾ നിനക്ക് വന്നെത്തുകയുണ്ടായി. അപ്പോൾ നീ അവയെ നിഷേധിച്ച് തള്ളുകയും അഹങ്കരിക്കുകയും സത്യനിഷേധികളുടെ കൂട്ടത്തിലാകുകയും ചെയ്തു’’ (39:54-59).

ഒരാൾ സത്യവിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും നോമ്പനുഷ്ഠിച്ചാൽ അവന്റെ കഴിഞ്ഞകാല പാപങ്ങൾ പൊറുക്കപ്പെടുമെന്ന സന്തോഷവാർത്ത വിശ്വാസികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ്. നോമ്പിനോടു കൂടെത്തന്നെ മറ്റു സൽകർമങ്ങളെക്കുറിച്ചും നബിﷺ ഇത്തരുണത്തിൽ പറഞ്ഞത് ഹദീസുകളിൽ കാണാനാകും.
ഹുദൈഫ(റ)യിൽനിന്നും ഉദ്ധരിക്കപ്പെട്ട ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്ത നബിവചനത്തിൽ ഒരു വ്യക്തിക്ക് തന്റെ കുടുംബത്തോടും സമ്പത്തിനോടും സന്താനങ്ങളോടും അയൽവാസിയോടും സംഭവിച്ചു പോകുന്ന വീഴ്ചകൾക്ക് നമസ്‌കാരം, നോമ്പ്, സകാത്ത്, നന്മ കൽപിക്കൽ, തിന്മ വിരോധിക്കൽ എന്നിവ പരിഹാരമാണെന്ന സന്തോഷവാർത്ത കാണാം.
സത്യവിശ്വാസികളിൽനിന്നും മാനുഷികമായി സംഭവിക്കുന്ന ചെറിയ വീഴ്ചകൾക്ക് ആരാധനാകർ മങ്ങളെ അല്ലാഹു പരിഹാരമാക്കിത്തന്നു എന്നത് അവന്റെ വലിയ കാരുണ്യമാണ്. എന്നാൽ മഹാപാപങ്ങൾക്ക് പ്രത്യേകം പശ്ചാത്താപം (തൗബ) തന്നെ വേണ്ടതുണ്ടെന്ന് ഇത്തരം ഹദീസുകളെ വിശദീകരിക്കുന്നിടത്ത് തെളിവുകൾ ഉദ്ധരിച്ചുകൊണ്ട് പണ്ഡിതന്മാർ നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്.
വിശുദ്ധ റമദാനിന്റെ ആത്മീയ നിർവൃതിയെ അനുഭവിച്ചറിയാൻ മാനസിക വിശുദ്ധിയും അതിപ്രധാനമാണ്. അസൂയ, പക, വിദ്വേഷം, വെറുപ്പ് തുടങ്ങിയ, മനുഷ്യാസ്തിത്വത്തെതന്നെ മലീമസമാക്കുന്ന ഒട്ടേറെ തിന്മകളുടെ ഉറവിടം മനസ്സാണ്. അവിടെ വിമലീകരണം നടക്കാതെയുള്ള ബാഹ്യ വിശുദ്ധി മനുഷ്യരെ വിജയത്തിലെത്തിക്കുകയില്ല. നിങ്ങളുടെ നെഞ്ചിനുള്ളിൽ ഒരു മാംസക്കഷ്ണം ഉണ്ടെന്നും അത് നന്നായാൽ ശരീരം മുഴുവൻ നന്നായി എന്നും അത് കേടുവന്നാൽ ശരീരം മുഴുവൻ കേടുവന്നു എന്നും അത് ഹൃദയമാണെന്നും നബിﷺ വ്യക്തമാക്കിയിട്ടുള്ളതാണ്.
മനുഷ്യർക്ക് നഗ്‌നനേത്രങ്ങൾകൊണ്ട് കാണാനും അനുഭവിക്കാനും കഴിയുന്ന ഒട്ടനവധി ദൃഷ്ടാന്തങ്ങളെ പിടിച്ച് സത്യം ചെയ്തുകൊണ്ട് അല്ലാഹു സൂറതുശ്ശംസിൽ മനുഷ്യാസ്തിത്വത്തെ പരിശുദ്ധപ്പെടുത്തു ന്നതിനെക്കുറിച്ച് സംസാരിച്ചത് ഇപ്രകാരമാണ്:
“സൂര്യനും അതിന്റെ പ്രഭയും തന്നെയാണെ സത്യം! ചന്ദ്രൻ തന്നെയാണെ സത്യം; അത് അതിനെ തുടർന്ന് വരുമ്പോൾ. പകലിനെ തന്നെയാണെ സത്യം; അത് അതിനെ (സൂര്യനെ) പ്രത്യക്ഷപ്പെ ടുത്തുമ്പേൾ. രാത്രിയെ തന്നെയാണെ സത്യം; അത് അതിനെ മൂടുമ്പോൾ. ആകാശത്തെയും അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണെ സത്യം. ഭൂമിയെയും അതിനെ വിസ്തൃതമാക്കിയ രീതിയെയും തന്നെയാണെ സത്യം. മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണെ സത്യം. എന്നിട്ട് അതിന്ന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബന്ധിച്ച് അവൻ ബോധം നൽകുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവൻ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവൻ തീർച്ചയായും നിർഭാഗ്യമടയുകയും ചെയ്തു’’ (91:1-10).
റബ്ബിന്റെ സ്ഥാനത്തെയും മഹത്ത്വത്തെയും അടുത്തറിഞ്ഞ്, ചീത്ത മാനസികാവസ്ഥകളിൽനിന്നും പ്രവർത്തനങ്ങളിൽനിന്നും മാറി നിൽക്കാനുള്ള മനക്കരുത്ത് കൂടിയാണ് റമദാൻ നമുക്ക് നേടിത്തരുന്നത്. റബ്ബിനെ ഭയപ്പെട്ട് തിന്മകളിൽനിന്നും മാറി നിൽക്കുന്നവർക്ക് സ്വർഗമാണ് റബ്ബ് വാഗ്ദാനം ചെയ്തിട്ടുള്ളത്. തന്നിഷ്ടങ്ങളെയും ദേഹേച്ഛകളെയും പിൻപറ്റിയവർക്കുള്ള സങ്കേതം നരകവുമായിരിക്കും.
“ആർ അതിരുകവിയുകയും ഇഹലോകജീവിതത്തിനു കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്തുവോ (അവന്ന്) കത്തിജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതം. അപ്പോൾ ഏതൊരാൾ തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തിൽനിന്ന് വിലക്കിനിർത്തുകയും ചെയ്തുവോ (അവന്ന്) സ്വർഗം തന്നെയാണ് സങ്കേതം’’ (79:37-41).
‘ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ, നീ എന്റെ ഹൃദയത്തെ ദീനിൽ ഉറപ്പിച്ചു നിർത്തണേ’ എന്ന പ്രാർഥന നബിﷺ അധികരിപ്പിച്ചതിന്റെ പൊരുൾ ഈ അവസരത്തിൽ നാം പ്രത്യേകം ഓർക്കേണ്ടതുണ്ട്.
അറിവിൽ അടിയുറച്ച വിശ്വാസികളുടെ ഉത്തമ ഗുണങ്ങളിൽ ഒന്നായി ഈ ആശയമുള്ള പ്രാർഥന ക്വുർആനിൽ പ്രത്യേകം എടുത്തുദ്ധരിക്കുന്നതും സ്മരണീയമാണ്. നിത്യജീവിതത്തിൽ ഇത്തരം പ്രാർഥനകൾ അധികരിപ്പിക്കാനുള്ള ശ്രദ്ധയും വിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടാവൽ അനിവാര്യമാണ്
“(അവർ പ്രാർഥിക്കും:) ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സൻമാർഗത്തിലാക്കിയതിനുശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കൽ നിന്നുള്ള കാരുണ്യം ഞങ്ങൾക്ക് നീ പ്രദാനം ചെയ്യേണമേ. തീർച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു’’ (3:8).
സ്വർഗത്തിലേക്കുള്ള പ്രയാണത്തെ എളുപ്പമാക്കിത്തരുന്ന ഒരു അമൂല്യനിധിയാണ് സഹനം എന്ന സൽസ്വഭാവം. സഹനത്തിലൂടെ സംയമനം പാലിച്ച് സ്വർഗം നേടിയെടുക്കാനുള്ള അവസരവും റമദാൻ നമുക്ക് പ്രദാനം ചെയ്യുന്നുണ്ട്. ഇഹലോക ജീവിതത്തിൽ നാം ഒരുപാട് പരീക്ഷണങ്ങൾക്ക് വിധേയരായേക്കാം. അതൊരു പക്ഷേ, ശാരീരികമോ മാനസികമോ ആയിരിക്കാം. അത്തരം സന്ദർഭങ്ങളിലെല്ലാം ക്ഷമയവലംബിച്ച് മുന്നേറാനാണ് അല്ലാഹു വിശ്വാസികളോട് ആവശ്യപ്പെടുന്നത്. ഇതിനുള്ള ആത്മീയമായ കരുത്ത് നേടിത്തരുന്നതിൽ റമദാനിനുള്ള സ്ഥാനം ചെറുതല്ല.
“അല്ലാഹു പറയുന്നു: തീർച്ചയായും നിങ്ങളുടെ സ്വത്തുകളിലും ശരീരങ്ങളിലും നിങ്ങൾ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങൾക്കു മുമ്പ് വേദം നൽകപ്പെട്ടവരിൽനിന്നും ബഹുദൈവാരാധകരിൽ നിന്നും നിങ്ങൾ ധാരാളം കുത്തുവാക്കുകൾ കേൾക്കേണ്ടിവരികയും ചെയ്യും. നിങ്ങൾ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കിൽ തീർച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളിൽ പെട്ടതാകുന്നു’’ (3:186).
സഹനത്തെക്കാൾ വലിയൊരു സമ്പത്ത് ആർക്കും ലഭിക്കാനില്ലെന്നാണ് നബിﷺ പഠിപ്പിച്ചത്. അബൂ സഈദി(റ)ൽ നിന്ന് നിവേദനം: “ചില അൻസ്വാരികൾ നബിﷺയോട് യാചിച്ചു. നബിﷺ അവർക്ക് കൊടുത്തു. പിന്നെയും യാചിച്ചു. കയ്യിലുള്ളത് കൊടുത്തുതീർന്നപ്പോൾ നബിﷺ പറഞ്ഞു: ‘നിങ്ങൾക്ക് തരാതെ ഞാനൊന്നും സംഭരിച്ചു വെക്കുന്നതല്ല. ആരെങ്കിലും യാചന ഉപേക്ഷിച്ചാൽ അല്ലാഹു അവനെ പരാശ്രയരഹിതനാക്കും. ഐശ്വര്യം പ്രകടിപ്പിച്ചാൽ അല്ലാഹു അവനെ ധന്യനാക്കും. ക്ഷമ കൈക്കൊണ്ടാ ൽ അല്ലാഹു അവനെ ക്ഷമാശീലനാക്കും. ആർക്കും സഹനത്തെക്കാൾ വലുതായി യാതൊന്നും ലഭിച്ചിട്ടില്ല’’ (ബുഖാരി, മുസ്‌ലിം).
പ്രായോഗിക ജീവിതത്തിൽ സഹനത്തെ സ്വീകരിക്കാൻ കഴിയുന്നവർക്ക് ശത്രുക്കളെപോലും മിത്രങ്ങളാക്കാൻ കഴിയുമെന്നാണ് ക്വുർആനിന്റെ അധ്യാപനം. വിശുദ്ധ റമദാനിന്റെ ദിനരാത്രങ്ങളിൽ, നാം ആരോടെങ്കിലും പിണങ്ങി നിൽക്കുന്നുവെങ്കിൽ അതെല്ലാം ക്ഷമിച്ചും സഹിച്ചും സ്‌നേഹത്തിൽ എത്താനുള്ള അവസരമായും നാം ഈ സന്ദർഭത്തെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
അല്ലാഹു പറയുന്നു:’’നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിൻമയെ) പ്രതിരോധിക്കുക. അപ്പോൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവർക്കല്ലാതെ അതിനുള്ള അനുഗ്രഹം നൽകപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നൽകപ്പെടുകയില്ല’’ (41:34,35).
മനസ്സും ശരീരവും വിശുദ്ധമാക്കുന്നതു പോലെത്തന്നെ സ്രഷ്ടാവ് അനുഗ്രഹമായിത്തന്ന സമ്പത്തിന്റെ കാര്യത്തിലും മനുഷ്യർ വിശുദ്ധി പാലിക്കണമെന്ന് ഇസ്‌ലാം നിർദേശിക്കുന്നു. ദാനധർമങ്ങളുടെ കാര്യത്തിൽ നബിﷺ റമദാനിൽ അടിച്ചുവീശുന്ന കാറ്റുപോലെയായിരുന്നു എന്നാണ് ഹദീസുകൾ നമ്മെ പഠിപ്പിക്കുന്നത്. നിർബന്ധമായ ബാധ്യതയായിട്ടുള്ള സകാത്ത് കൊടുക്കാൻ അർഹതപ്പെട്ടവരാണെങ്കിൽ അത് അതിന്റെ അവകാശികൾക്ക് കൊടുത്തുവീട്ടുമ്പോൾ മാത്രമാണ് സമ്പത്ത് വിശുദ്ധമാകുന്നത്. റമദാനിലെ ആത്മീയ നിർവൃതി നമുക്ക് പൂർണമായി അനുഭവിക്കാൻ കഴിയണമെങ്കിൽ സാമ്പത്തിക വിശുദ്ധി കാത്തുസൂക്ഷിക്കൽ നിർബന്ധമാണ്.
നല്ല കാര്യങ്ങൾക്കുവേണ്ടി ധനം ചെലവഴിക്കാതെ പിശുക്കി വെക്കുന്നവരെ റബ്ബ് താക്കീത് നൽകിയത് ഇപ്രകാരമാണ്:

“അല്ലാഹു അവന്റെ അനുഗ്രഹത്തിൽനിന്ന് തങ്ങൾക്കു തന്നിട്ടുള്ളതിൽ പിശുക്ക് കാണിക്കുന്നവർ അതവർക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അല്ല, അവർക്ക് ദോഷകരമാണത്. അവർ പിശുക്ക് കാണിച്ച ധനംകൊണ്ട് ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവരുടെ കഴുത്തിൽ മാല ചാർത്തപ്പെടുന്നതാണ്. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനത്രെ. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു’’ (3:180).
സൂറതുത്തൗബയിലെ 34,35 വചനങ്ങളിലൂടെ റബ്ബിന്റെ മാർഗത്തിൽ ധനം ചെലവഴിക്കാത്തവർക്ക് വരാനിരിക്കുന്ന ഭയാനകരമായ ശിക്ഷയെക്കുറിച്ച് താക്കീത് നൽകുന്നത് കാണുക:
“...സ്വർണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ അത് ചെലവഴി ക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവർക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാർത്ത അറിയി ക്കുക. നരകാഗ്‌നിയിൽവെച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയും എന്നിട്ട് അതുകൊണ്ട് അവരുടെ നെറ്റികളി ലും പാർശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം (അവരോട് പറയപ്പെടും:) നിങ്ങൾ നിങ്ങൾക്കുവേണ്ടിത്തന്നെ നിക്ഷേപിച്ചുവെച്ചതാണിത്. അതിനാൽ നിങ്ങൾ നിക്ഷേപിച്ചു വെച്ചിരുന്നത് നിങ്ങൾ ആസ്വദിച്ചുകൊള്ളുക.’’
സകാത്ത് എന്നത് ധനികൻ ദരിദ്രന് നൽകുന്ന ഔദാര്യമല്ല, മറിച്ച് അത് ദരിദ്രന്റെ അവകാശമാണ്. അന്യന്റെ അവകാശം പിടിച്ചുവെക്കുന്നത് അന്യായമാണല്ലോ. അതുകൊണ്ടുതന്നെ സകാത്തിന്റെ വിഹിതം അർഹരായവർക്ക് കൊടുക്കാതെ പിടിച്ചുവെക്കുന്നത് വലിയ ശിക്ഷക്ക് കാരണമാകുമെന്ന് റബ്ബ് താക്കീത് നൽകിയിട്ടുണ്ട്. അബൂബക്ർ(റ) ഖലീഫയായിരിക്കെ സകാത്ത് നൽകാൻ വിസമ്മതിച്ചവരോട് അദ്ദേഹം യുദ്ധത്തിനൊരുങ്ങിയ ചരിത്രം ഇതിന്റെ പ്രാധാന്യം എത്ര വലുതാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന താണ്.
റബ്ബിന്റെ മാർഗത്തിൽ ധനം ചെലവഴിക്കുന്നവർക്ക് അതിന്റെ പ്രതിഫലം ഇരട്ടിപ്പിച്ചു നൽകുമെന്ന സന്തോഷവാർത്ത അല്ലാഹു അറിയിക്കുന്നു:
“അല്ലാഹുവിന്റെ മാർഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകൾ ഉൽപാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് ഇരട്ടിയായി നൽകുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്’’ (2:261).
വിശുദ്ധ റമദാനിലെ പുണ്യദിനരാത്രങ്ങളിൽ നന്മയുടെ മാർഗത്തിൽ ധനം ചെലവഴിക്കാൻ ഈ വിശുദ്ധ വചനങ്ങളെല്ലാം നമുക്ക് പ്രേരണ നൽകുന്നതാണ്.
വിശുദ്ധ ക്വുർആൻ അവതരിച്ച ദിവസമായ ലൈലത്തുൽ ക്വദ്ർ റമദാനിലാണെന്നതും വിശ്വാസികളുടെ മനസ്സിന് ഏറെ ആനന്ദം പകരുന്നതാണ്.
“തീർച്ചയായും നാം ഇതിനെ (ക്വുർആനിനെ) നിർണയത്തിന്റെ രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. നിർണയത്തിന്റെ രാത്രി എന്നാൽ എന്താണെന്ന് നിനക്കറിയാമോ? നിർണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാൾ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയിൽ ഇറങ്ങിവരുന്നു. പ്രഭാതോദയംവരെ അത് സമാധാനമത്രെ’’ (97:1-5).
റമദാൻ മാസത്തിലെ അവസാനത്തെ പത്തിലുള്ള ഒരു അനുഗൃഹീത രാത്രിയാണ് ലൈലത്തുൽ ക്വദ്ർ. റമദാനിലെ അവസാനത്തെ പത്തു ദിവസങ്ങളിൽ അതിനെ പ്രതീക്ഷിക്കാൻ നബിﷺ പറഞ്ഞിട്ടുണ്ട്.
ആഇശ(റ)യിൽനിന്ന് നിവേദനം, അവർ പറയുന്നു: “നബിﷺ റമദാനിലെ അവസാന പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. എന്നിട്ട് ഇപ്രകാരം പറയും: ‘റമദാനിലെ അവസാനത്തെ പത്തിൽ നിങ്ങൾ ലൈലത്തുൽ ക്വദ്ർ പ്രതീക്ഷിക്കുക’’ (ബുഖാരി, മുസ്‌ലിം).
വ്യക്തിപരമായ ത്യാഗമനോഭാവവും സേവനസന്നദ്ധതയും അർപ്പണബോധവും നോമ്പുകാരനിൽ വളർന്നുവരുന്നു. അതോടൊപ്പം തന്നെ അവനിൽ സാമൂഹ്യബോധവും സമസൃഷ്ടിസ്‌നേഹവും വള ർത്താനും വ്രതാനുഷ്ഠാനത്തിന് സാധിക്കും. അതിലെല്ലാമുപരിയായി നോമ്പുകാരന് അവാച്യമായ ആത്മീയ നിർവൃതി നോമ്പിലൂടെ ലഭിക്കുന്നു. ആത്മാർഥതയോടെ, അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് പുണ്യമാസത്തെ സൽകർമങ്ങളാൽ ധന്യമാക്കുക, ക്വുർആനുമായി കൂടുതൽ അടുക്കാനുള്ള അവസരമാക്കുക.

