സംഭാൽ മസ്ജിദ്: സർവേയും ആരാധനാലയ സംരക്ഷണ നിയമവും
മുജീബ് ഒട്ടുമ്മൽ
2024 ഡിസംബർ 07, 1446 ജു. ഉഖ്റാ 06

രാജ്യത്തെ കുറിച്ച് ആലോചിച്ച് എനിക്ക് ഉറക്കമില്ലാതായ രാത്രികളുണ്ടായിട്ടുണ്ട്. എന്തിനാണ് ഇതിലൊക്കെ ഇങ്ങനെ ആലോചിക്കാനിരിക്കുന്നതെന്ന് ഭാര്യ ദിവസവും ചോദിക്കാറുണ്ട്. ഞാൻ എന്റ രാജ്യത്തെ കുറിച്ച് ആശങ്കാകുലനായതുകൊണ്ടാണ് ഇതെല്ലാം ആലോചിക്കുന്നത്. ഇത് എന്നെ ഇത്രയും ബാധിക്കുന്നുവെങ്കിൽ ന്യൂനപക്ഷങ്ങളെ എത്രമാത്രം അലട്ടുന്നുണ്ടാകുമെന്ന് സങ്കൽപിച്ച് നോക്കൂ. രാജ്യത്ത് ഒരാളും ഇതിനെതിരെ എഴുന്നേറ്റ് നിന്ന് പോരാടാൻ ഒരുക്കമല്ല.”
രാജ്യത്ത് മുസ്‌ലിം പള്ളികൾക്ക് നേരെ ഉയർന്നുകൊണ്ടിരിക്കുന്ന അവകാശവാദങ്ങളിൽ ആശങ്ക രേഖപ്പെടുത്തി മുതിർന്ന അഭിഭാഷകനും സുപ്രീംകോടതി ബാർ അസോസിയേഷൻ മുൻ അധ്യക്ഷനുമായ ദുഷ്യന്ത് ദവേ ‘ദി വയറിൽ’ മുതിർന്ന മാധ്യമപ്രവർത്തകൻ കരൺ താപ്പർക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് നാം മുകളിൽ വായിച്ചത്.
ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ ഷാഹി ജമുഅ മസ്ജിദ് സർവേക്കിടയിൽ ഉണ്ടായ പോലീസ് നരനായാട്ടിൽ അഞ്ച് യുവാക്കൾ കൊല്ലപ്പെട്ടതിനെ തുടർന്നുള്ള വേദനയിലാണ് അദ്ദേഹം ഹൃദയമുള്ളവരോട് സംവദിച്ചത്. കോടതി ഉത്തരവിനെ തുടർന്ന് സർവേ നടത്താൻ എത്തിയ അഭിഭാഷക കമ്മീഷനെതിരെ മാന്യമായി പ്രതിഷേധിക്കുകയായിരുന്ന ആളുകൾക്ക് നേരെ യാതൊരു പ്രകോപനവും ഇല്ലാതെ വെടിയുതിർക്കുകയായിരുന്നു. നവമ്പർ 24ന് ഞായറാഴ്ച രാവിലെ ആറ് മണിക്ക് ഡി.എം രാജേന്ദ്ര പാൻസിയയുടെ മേൽനോട്ടത്തിലായിരുന്നു സർവേക്കായി പ്രത്യേക സംഘം എത്തിയത്. പൊലീസിന്റെയും റാപ്പിഡ് റെസ്‌പോൺസ് ഫോഴ്‌സിന്റെയും നിരവധി സംഘങ്ങളുമുണ്ടായിരുന്നു. സർവേ തുടങ്ങി രണ്ടു മണിക്കൂറിന് ശേഷമാണ് പ്രതിഷേധമുണ്ടായത്. സർവേ നടത്താനെത്തിയവർക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിയുകയായിരുന്നുവെന്നാണ് പൊലീസ് ആരോപണം.
എന്നാൽ, സർവേ സംഘത്തോടൊപ്പം ഹിന്ദുത്വ സംഘടനയിലെ അംഗങ്ങളും ഉണ്ടായിരുന്നുവെന്ന് പ്രതിഷേധക്കാർ പറയുന്നു. ഹിന്ദുത്വവാദികൾ സർവേ സംഘത്തെ അനുഗമിക്കുന്നതും ‘ജയ് ശ്രീറാം’ എന്ന് വിളിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
നവംബർ 19ന് അഭിഭാഷകനായ വിഷ്ണു ശങ്കർ ജയൻ നൽകിയ ഹരജിയെ തുടർന്നാണ് പള്ളിയുടെ സർവേക്ക് കളമൊരുങ്ങിയത്. ചാൻഡൗസിയിലെ സിവിൽ സീനിയർ ഡിവിഷൻ കോടതിയിലാണ് ഇവർ ഹരജി സമർപ്പിച്ചത്.
ഷാഹി ജുമുഅ മസ്ജിദ് മുമ്പ് ശ്രീ ഹരിഹർ ക്ഷേത്രമായിരുന്നുവെന്നാണ് ഹരജിക്കാർ ആരോപിക്കുന്നത്. ബാബറിന്റെ ഭരണകാലത്ത് 1529ലാണ് ഇത് പള്ളിയായി മാറ്റിയതെന്നും ഹരജിക്കാർ ആരോപിച്ചു. ഹരജി പരിഗണിച്ച കോടതി ജഡ്ജി ആദിത്യ സിങ് സർവേക്ക് ഉത്തരവിടുകയും ഇതിന്റെ ഫോട്ടോയും വീഡിയോയും എടുത്ത് സൂക്ഷിക്കാൻ നിർദേശിക്കുകയും ചെയ്തു. പ്രശ്‌നങ്ങളുണ്ടായിരുന്നിട്ടും അന്ന് വൈകുന്നേരം തന്നെ സർവേ നടത്തുകയും ചെയ്തു. ഈ നരനായാട്ടിനിടയിലും വിശദമായ സർവേ പൂർത്തിയാക്കിയതിൽ വർഗീയ ചേരിതിരിവിനും സംഘർഷഭരിതമായ സാഹചര്യങ്ങൾ നിലനിറുത്തുന്നതിനും പിന്നിൽ ആസൂത്രിതമായ ശ്രമമുണ്ടായിരുന്നു എന്നത് വളരെ വ്യക്തമാണ്. വാരണാസിയിലെ ഗ്യാൻ വ്യാപി മസ്ജിദ്-കാശി വിശ്വനാഥ ക്ഷേത്ര തർക്കം ഉൾപ്പെടെയുള്ള ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ കോടതിയെ സമീപിച്ചിരുന്ന വിഷ്ണു ശങ്കറും പിതാവ് ഹരി ശങ്കർ ജെയ്‌നുമാണ് ഈ ഹരജിക്ക് പിന്നിലുമെന്നത് സംഘ പരിവാരങ്ങളുടെ കുതന്ത്രങ്ങളെ തുറന്ന് കാണിക്കുന്നുണ്ട്.
2022 മെയ് മാസത്തിൽ ഗ്യാൻവാപി കേസിലൂടെ മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ് പുതിയ കേസുകൾക്ക് വഴി തെളിയിച്ചതെന്ന ദുഷ്യന്ത് ദവേയുടെ നിരീക്ഷണം സമകാലിക സാഹചര്യങ്ങൾ ശരിവെക്കുന്നുണ്ട്.
ഗണേശ ചതുർത്ഥിയിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കുകയും അയോധ്യ വിധിയിൽ സർവ ശക്തനിൽനിന്ന് ദിവ്യജ്ഞാനം ലഭിച്ചുവെന്ന് അവകാശപ്പെടുകയും ചെയ്തതിലൂടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനും ന്യൂനപക്ഷങ്ങളെ അടിച്ചമർത്താനും ആഗ്രഹിക്കുന്നവരുടെ കൈകളിലെ കളിപ്പാവയാണ് ജസ്റ്റിസ് ചന്ദ്രചൂഡ് എന്ന വിമർശനം ആരാധനാലയ കേസുമായി ബന്ധപ്പെട്ട് വളരെ കൃത്യമാണന്ന് മനസിലാകും.
ബാബരി മസ്ജിദ് വിഷയത്തിലുള്ള വിധിയെ പരിഹസിച്ചുകൊണ്ടാണ് ഗ്യാൻ വാപി മസ്ജിദ് സർവേക്ക് ഉത്തരവ് നൽകിയിരിക്കുന്നതെന്നത് സംഘപരിവാരങ്ങളുടെ അജണ്ടയെ വാരിപ്പുണരുകയാണെന്നും മനസ്സിലാക്കാനാകും. ബാബരി മസ്ജിദ്-അയോധ്യ വിഷയത്തിലെ നിയമവിധിയിൽ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഈ നിയമത്തിൽ അടിസ്ഥാനപരമായി രണ്ട് തത്ത്വങ്ങളുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. അതിലൊന്ന് 1947 ഓഗസ്റ്റ് 15ന് മുമ്പുള്ള എല്ലാ ആരാധനാലയങ്ങളും സംരക്ഷിക്കപ്പെടണം. ഈ നിയമത്തിൽനിന്ന് ഇളവ് ചെയ്യപ്പെട്ടവ ഒഴികെയുളള ഒരു ആരാധനാലയവും തൊടാൻ പാടില്ലെന്നും വ്യക്തമാക്കുന്നുണ്ട്. രണ്ടാമത്തെത്, ഈ നിയമത്തിലെ നാലാം വകുപ്പിലെ രണ്ടാം ഉപവകുപ്പിന് ബെഞ്ച് ഒരു വ്യാഖ്യാനവും നൽകുന്നുണ്ട്. പുതിയ കേസുകളോ ഹരജികളോ അപ്പീലോ വഴി 1947 ആഗസ്റ്റ് 15ന് മുമ്പുള്ള ഒരു ആരാധനാലയത്തിന്റെയും സ്വഭാവം മാറ്റാൻ പാടില്ലെന്നുമാണ് ബെഞ്ച് ആണയിട്ട് പറഞ്ഞിരിക്കുന്നത്. 1947ന് മുമ്പുതന്നെ നിയമ നടപടികൾ നിലനിന്നതുകൊണ്ടാണ് രാമജൻമഭൂമി-ബാബരി കേസിനെ ഈ വകുപ്പിൽനിന്നും ഒഴിവാക്കിയതെന്നും അഭിപ്രായപ്പെടുന്നുണ്ട്. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ സംരക്ഷിക്കുന്നതാണ് ഈ നിയമമെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. ഒരിക്കലും നിയമം ലംഘിക്കാതിരിക്കാൻ സർക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും കോടതി പ്രസ്താവിക്കുന്നുണ്ട്. ഭരണഘടനയുടെ മൗലിക തത്ത്വമായതുകൊണ്ട് തന്നെ എല്ലാ മത വിശ്വാസികൾക്കിടയിലും തുല്യത പുലർത്താനുള്ള സർക്കാറിന്റെ ഉത്തരവാദിത്തം ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്യുന്നുണ്ട് ആ വിധിയിൽ. ചരിത്രപരമായ പിഴവുകൾ ജനങ്ങൾ നിയമം കൈയിലെടുത്ത് തിരുത്താൻ നോക്കരുതെന്നും കോടതി വ്യക്തമാക്കുന്നുണ്ട്. അലഹബാദ് ഹൈകോടതിയിലെ ജസ്റ്റിസ് ധരം വീർ ശർമ ഇതിന് പ്രതികൂലമായി നിരീക്ഷണം നടത്തിയിരുന്നു. എന്നാൽ സുപ്രീം കോടതി ആ നിരീക്ഷണത്തെ തെറ്റാണെന്ന് പറഞ്ഞ് തള്ളുകയായിരുന്നു.
ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണം
മധുരയിലെ ഷാഹി ഈദ് ഗാഹ് നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയത് വലിയ പ്രതീക്ഷ നൽകുന്നതായിരുന്നു. എന്നാൽ സർവേ നടത്താൻ ആരാധനാലയ സംരക്ഷണ നിയമം തടസ്സമല്ലെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം ഷാഹി ഈദ് ഗാഹിനെയും ബാധിക്കുമെന്ന കാര്യത്തിൽ യാതൊരു സന്ദേഹവുമില്ല. ആരാധനാലയ സംരക്ഷണനിയമം കൊണ്ടുവരുന്ന സാഹചര്യത്തിൽ പാർലമെന്റിലെ ചർച്ചകൾ പരിശോധിക്കുന്നതിൽ വലിയ പ്രസക്തിയുണ്ട്. രാജ്യത്തെ ഭരണം നിലനിറുത്താൻ കൊളോണിയൽ ശക്തികൾ നടപ്പിലാക്കിയ ഭിന്നിപ്പിന്റെയും വിഭജനത്തിന്റെയും നിയമങ്ങളെ നിരാകരിച്ച് നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യൻ പൈതൃകത്തിന്റെ നിലനിൽപിന് പുതിയ നിയമനിർമാണം അനിവാര്യമാണെന്ന് ഇന്ത്യൻ ഭരണകൂടം മനസ്സിലാക്കി. എല്ലാ മതങ്ങളുടെയും സമത്വവും ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയായ മതേതരത്വവും ഉയർത്തിപ്പിടിക്കാൻ ഭരണകൂടം ബദ്ധശ്രദ്ധരാകേണ്ടിയിരിക്കുന്നു. അതിനാൽ ആരാധനാലയങ്ങൾക്കും അതിന് സുരക്ഷയൊരുക്കുന്നതിനും അനിവാര്യമായ നിയമനിർമാണം വേണ്ടിവന്നു. ആരാധനാലയങ്ങൾ അന്യാധീനപ്പെട്ട് പോകാതിരിക്കാനും സുരക്ഷ ഉറപ്പിക്കാനും പുനഃസ്ഥാപനത്തിനും വേണ്ടി 1947 ഓഗസ്റ്റ് 15 ഒരു കട്ട് ഓഫ് തീയതിയായി തീരുമാനമെടുക്കുകയായിരുന്നു.
ഈ തീയതി അംഗീകരിക്കാൻ സംഘപരിവാര രാഷ്ട്രീയം തയ്യാറായില്ല. പല ദുർന്യായങ്ങളും നിരത്തി അതിനെ പ്രതിരോധിക്കാനാണ് അവർ ശ്രമിച്ചത്. അന്നത്തെ ബിജെപി നേതാവായിരുന്ന അശ്വിനി ഉപാധ്യായ ഒരു ഹർജി കൊണ്ടുവന്നു. അതിലദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത് 1192 എന്ന വർഷം കട്ട് ഓഫ് ഇയർ ആക്കണമെന്നാണ്. ആര്യൻമാരുടെ ആവിർഭാവവും ഹാരപ്പൻ ആരാധനാലയങ്ങളുടെ തകർച്ചയും എല്ലാമാണ് അദ്ദേഹം മാനദണ്ഡമാക്കിയതെന്നതാണ് സത്യം. എൽകെ അദ്വാനിയുടെ രഥയാത്രയും ബാബരി മസ്ജിദിന് സമീപം കല്യാൺ സിംഗ് സ്ഥലം വാങ്ങി വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതും ആരാധനാലയങ്ങൾക്ക് നേരെ സംഘപരിവാരങ്ങൾ ഉയർത്തുന്ന അവകാശവാദങ്ങളുമെല്ലാമാണ് ആരാധനാലയ സംരക്ഷണ നിയമം കൊണ്ടുവരാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്. ഡൽഹിയിലെ കലാപത്തെ തുടർന്ന് 1924 ഒക്ടോബർ 2ന് യൂണിറ്റി സമ്മേളനത്തിൽ പാസാക്കിയ പ്രമേയത്തിൽ ആരാധനാലയ സംരക്ഷണം ഊന്നിപ്പറയുന്നുണ്ട് എന്നതും ഇന്ത്യയുടെ സഹിഷ്ണുതയുടെ മനസ്സിനെ ചൂണ്ടിക്കാണിക്കുന്നുണ്ട്: ‘ഏതൊരു വിശ്വാസത്തിലോ മതത്തിലോ ഉള്ള എല്ലാ ആരാധനാലയങ്ങളും പവിത്രവും അലംഘനീയവുമായി പരിഗണിക്കണം. പ്രകോപനത്തിന്റെയോ പ്രതികാരത്തിന്റെയോ ഫലമായി ഒരിക്കലും ആക്രമിക്കപ്പെടുകയോ അവഹേളിക്കപ്പെടുകയോ ചെയ്യരുത്. അത്തരം ആക്രമണങ്ങളെയും അവഹേളനങ്ങളെയും തടയുക എന്നത് ഓരോ പൗരന്റെയും കടമയാണ്.’
1949ൽ ബാബരി മസ്ജിദിനുള്ളിൽ നിയമവിരുദ്ധമായി രാംലല്ല വിഗ്രഹം സ്ഥാപിച്ചപ്പോൾ 1950ൽ പണ്ഡിറ്റ് സുന്ദർലാൽ ഏകതാ സമ്മേളനം വിളിച്ച് ചേർക്കുകയുണ്ടായി. അതിലും ആചാര്യ നരേന്ദ്രേ ദേവ് ആരാധനാലയങ്ങളുടെ തൽസ്ഥിതിയെ സംരക്ഷിക്കാൻ പ്രമേയം കൊണ്ടുവന്നു. 1991ലെ ആരാധനാലയ സംരക്ഷണ ബില്ല് പാർലമെന്റിൽ കൊണ്ടുവന്നപ്പോൾ അവിടെ നടന്ന ചർച്ചയും മനസ്സിലാക്കുന്നത് നല്ലതാണ്. അവിടെയും ഇന്ത്യൻ പൈതൃകത്തിന് താങ്ങും തണലായും നിലകൊണ്ടത് രാജ്യത്തെ ബഹുഭൂരിപക്ഷവും നെഞ്ചിലേറ്റിയ മതനിരപേക്ഷതയുടെ വക്താക്കളായിരുന്നു. വർഗരാഷ്ട്രീയം അവിടെയും വിഘടിച്ച് നിന്നു. ബില്ലിനെ അനുകൂലിച്ച് സംസാരിക്കുന്ന എംപിമാരുടെ സംസാരം തടസപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് സംഘ പരിവാരങ്ങൾ പ്രതിരോധിക്കാൻ ശ്രമിച്ചത്. തർക്കങ്ങൾ പരിഹരിക്കാൻ ഈ ബില്ല് പ്രാപ്തമല്ലെന്ന് വാദിക്കാനാണ് അവർ സമയം ചെലവഴിച്ചത്. അവിടെയും ബാബരി മസ്ജിദിനൊപ്പം മധുര ഈദ്ഗാഹും ഗ്യാൻവാപി മസ്ജിദും ഒഴിവാക്കാൻ അവർ ആവശ്യപ്പെട്ടു. ഒരു ക്ഷേത്രത്തിനടുത്ത് പള്ളി കണ്ടപ്പോൾ മനസ്സിന് മുറിവേറ്റുവെന്നും അപകർഷതകൊണ്ട് തല കുനിഞ്ഞുപോയെന്നും ബിജെപി നേതാവ് ഉമാഭാരതി അവകാശപ്പെട്ടതിൽ തന്നെ ഇവർ എത്രമാത്രം രാജ്യവിരുദ്ധരാണെന്ന് ബോധ്യപ്പെടും. ഈ വിഷയത്തിൽ ഇന്ത്യയുടെ പ്രതിഛായയെ കുറിച്ച് അഭിമാനിക്കുന്നുവെന്ന് കോൺഗ്രസ് നേതാവായ മണിശങ്കർ അയ്യർ മറുപടി പറഞ്ഞതും ശ്രദ്ധേയമാണ്.
രാജ്യത്തെ ആരാധനാലയങ്ങൾ 1947 ഓഗസ്റ്റ് 15ലെ സ്ഥിതി തുടരണമെന്നാണ് 1991ലെ ആരാധനാലയ സംരക്ഷണ നിയമം അനുശാസിക്കുന്നത്. സംരക്ഷണമൊരുക്കാൻ അതാത് കാലത്തെ ഭരണകൂടങ്ങളും പ്രതിജ്ഞാബദ്ധരാകണമെന്നും പ്രത്യേകം പരാമർശിക്കുന്നുണ്ട്.
ഇതിന് വിരുദ്ധമായി കീഴ്‌കോടതികൾ പുറപ്പെടുവിച്ച സമീപകാല സർവേ ഉത്തരവുകൾ സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും വർഗീയമായ പ്രക്ഷുബ്ധത ലക്ഷ്യമാക്കിയുമാണെതിൽ തർക്കമില്ല. അതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംരക്ഷണ നിയമപാലനത്തിനായി കർശനമായ നടപടികൾ സ്വീകരിക്കണമെന്നത് മതനിരപേക്ഷ ചേരിയുടെ ശക്തമമായ നിലപാടാണ്. യഥാർഥ ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത് വലിയ പ്രതീക്ഷയാണ്. രാജ്യത്തെ സമാധാനാന്തരീക്ഷം തകരാതിരിക്കാൻ ഇത്തരം കേസുകൾ ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ ആയിരിക്കണം എടുക്കേണ്ടത്. കീഴ്‌കോടതികൾ വൈകാരികതയ്ക്ക് അടിമപ്പെട്ടു പോകുന്ന സംഭവങ്ങൾ ധാരാളമായി നമ്മുടെ മുന്നിലുണ്ട്. അജ്മീർ ദർഗ, ഭോജ്ശാല, സംഭൽ ശാഹി ജുമാ മസ്ജിദ്, ഗ്യാൻവാപി മസ്ജിദ് എന്നിവിടങ്ങളിലെ സർവേ രാജ്യത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതിന്റെ നേർക്കാഴ്ചയാണ് സംഭാലിൽ നാം കണ്ടത്. ആരാധനാലയങ്ങളിൽ സർവേ നടത്തുന്നത് 1991ലെ നിയമം തടസ്സമെല്ലന്ന സുപ്രീം കോടതിയുടെ നിരീക്ഷണം നിരാശയജനകമാണ്.
ആരാധനാലയങ്ങളുടെ രാഷ്ട്രീയം
ആരാധനാലയങ്ങളുടെ പേരിൽ വിവാദമുണ്ടാക്കുകയും അത് വൈകാരികമാക്കി സമൂഹത്തിൽ അവതരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് സംഘപരിവാരങ്ങൾ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗപ്പെടുത്താറുള്ളത്. ബാബരി മസ്ജിദ് വിവാദങ്ങളും അതിെന്റ
ധ്വംസനവും രാഷ്ട്രീയ രംഗത്ത് വലിയ ലാഭങ്ങൾ കൊയ്‌തെടുക്കാൻ സാധിച്ചുവെന്ന് അവർ വിശ്വസിക്കുന്നു. സമകാലികരാഷ്ട്രീയത്തിൽ അത് യാഥാർഥ്യവുമാണ്. അങ്ങനെയൊരു തിരിച്ചറിവ് കൊണ്ടാണ് സുപ്രീം കോടതി വിധി വരുന്നതിന് മുമ്പുതന്നെ രാമക്ഷേത്രനിർമാണം അണിയറയിൽ നടത്തിയത്. വിധി എന്തുതന്നെയായാലും അവരുടെ അജണ്ട നടപ്പിലാക്കുമെന്ന ധാർഷ്ട്യത്തോടുകൂടിയാണ് അണിയറയിൽ അത്തരം പ്രവൃത്തികൾ നടത്തിയത്. പിന്നീട് വിധി തങ്ങൾക്കനുകൂലമായപ്പോൾ പെട്ടെന്ന് ക്ഷേത്രത്തിന്റ നിർമാണം പൂർത്തീകരിക്കുകയും ചെയ്തു. അങ്ങനെയൊരു ആത്മബലത്തിൽ അവരെ നിലയുറപ്പിച്ചത് ഇന്ത്യൻ ഭരണഘടനയെ അവർ വിശ്വസിക്കാത്തതുകൊണ്ടാണെന്ന് വ്യക്തമാണ്.
ഇന്ത്യയുടെ സംസ്‌കാരം വ്യത്യസ്ത മതങ്ങളെയും സംസ്‌കാരങ്ങളെയും ആദരിക്കലാണ്. അപരന്റെ അവകാശങ്ങളെ പരിഗണിക്കലാണ്. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കാര്യത്തിൽ സ്വാതന്ത്ര്യം പരികൽപിച്ച് നൽകലാണ്. മാനവ സാഹോദര്യം യാഥാർഥ്യമാക്കി പരസ്പരം ഉൾക്കൊള്ളലാണ്. ഈയൊരു പൈതൃകത്തോടുള്ള വെറുപ്പാണ് രാജ്യത്തെ സംഘപരിവാര ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. കേവല രാഷ്ട്രീയ ലാഭത്തിനുമപ്പുറം ഇതര ദർശനങ്ങളോടുള്ള അസഹിഷ്ണുതയാണ് മറ്റുള്ള ആരാധനാലയങ്ങളിലേക്ക് വിരൽചൂണ്ടാൻ അവർ പ്രേരിപ്പിക്കപ്പെടുന്നത്. അതിന് വേണ്ടി മുസ്‌ലിം സമുദായത്തിന്റെ പേരിൽ നടത്തപ്പെടുന്ന പല കേന്ദ്രങ്ങളും ക്ഷേത്രങ്ങളാക്കി മാറ്റി രൂപാന്തരപ്പെടുത്തുകയാണ്. ദർഗകളിൽ ഹിന്ദു ദൈവങ്ങളുടെ പ്രതിഷ്ഠകൾ സ്ഥാപിച്ച് ഉൽസവങ്ങൾ നടത്താൻ അവർ ശ്രമിക്കുന്നു. മുംബൈയിലെ കല്യാണിൽ ഹാജി മലാങ്ങ് ദർഗ മലാജ്ഗധ് ആക്കി മാറ്റാനും ദുർഗാദി കോട്ട ദുർഗാദി ക്ഷേത്രമാക്കി മാറ്റാനും ഹിന്ദുത്വശക്തികൾ ശ്രമിച്ച് കൊണ്ടിരിക്കുന്നുവെന്നത് ഒരു ഉദാഹരണമാണ്. താരതമ്യേന ശാന്തമായ ദക്ഷിണേന്ത്യയിലേക്കും വിഷ പ്രചാരണം വ്യാപിപ്പിക്കുന്നതിന് തങ്ങളുടെ പ്രവർത്തനങ്ങൾ സംഘപരിവാരങ്ങൾ ശക്തമാക്കിക്കൊണ്ടിരിക്കുന്നു.
ക്ഷേത്രധ്വംസനങ്ങൾ യാഥാർഥ്യമോ?
ഇന്ത്യയിലെ മുസ്‌ലിം പള്ളികൾക്ക് നേരെ അവകാശവാദമുന്നയിച്ച് വരുന്ന വെറുപ്പിന്റ രാഷ്ട്രീയം ചരിത്രത്തെ അപനിർമിച്ചുകൊണ്ടാണ് ലക്ഷ്യം നേടാൻ ശ്രമിക്കുന്നത്. മുഗൾ രാജാക്കൻമാർ പുരാതന ക്ഷേത്രങ്ങളെ തകർത്തുകൊണ്ടാണ് മസ്ജിദുകൾ നിർമിച്ചത് എന്ന് ആരോപിച്ചുകൊണ്ടാണ് ആരാധനാലയ സർവേയിലൂടെ അവകാശികളിൽനിന്ന് തട്ടിയെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അന്യമതങ്ങളുടെ ആരാധനാലയങ്ങളെ അവമതിക്കരുതെന്ന് പഠിപ്പിച്ച ഇസ്‌ലാമിക ആദർശത്തിന് വിരുദ്ധമായി ക്ഷേത്രങ്ങൾക്ക് നേരെ ധ്വംസന നയം കൈകൊള്ളുന്ന ഭരണാധികാരി ആരായിരുന്നാലും ന്യായീകരണമർഹിക്കുന്നില്ല. പക്ഷേ, അസത്യങ്ങളും അർധസത്യങ്ങളും മുസ്‌ലിം ഭരണാധികാരികളുടെ മേൽ ആരോപിച്ച് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നുണ്ട്.
ചരിത്ര വസ്തുതകൾ മുന്നിൽവച്ച് ആരോപണങ്ങളെ അപഗ്രഥനം നടത്തിയാൽ ചില യാഥാർഥ്യങ്ങൾ ബോധ്യപ്പെടാനാകും. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് കുതന്ത്രത്തിന്റ സൃഷ്ടിയാണ് ക്ഷേത്രധ്വംസന കഥകളിലേറെയും. ഇതിന്റ അവസാനത്തെ ഉദാഹരണമാണ് സംഭാലിലെ ഷാഹി ജുമാ മസ്ജിദ്. 1529ൽ മുഗൾ ചക്രവർത്തി ബാബർ ഹരിഹർ മന്ദിർ തകർത്താണ് മസ്ജിദ് നിർമിച്ചതെന്നാണ് ഇവർ വാദിക്കുന്നത്. എന്നാൽ ബാബറിനെ കുറിച്ച് നിഷ്പക്ഷ പഠനം നടത്തിയവരൊന്നും അദ്ദേഹം ഒരു അന്യമത വിരോധിയാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. മതപരമായ സങ്കുചിതത്വങ്ങൾക്കതീതനായിരുന്നു ബാബറെന്ന് ചരിത്രം സത്യസന്ധമായി രേഖപ്പെടുത്തിയിട്ടും ക്ഷേത്രധ്വംസനം അദ്ദേഹത്തിൽ ആരോപിക്കുന്നത് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കൽ കുതന്ത്രമല്ലാതെ മറ്റൊന്നുമല്ല. എന്നാൽ രാജ്യത്തെ ഫ്യൂഡൽ തമ്പുരാക്കൻമാരുടെ സമ്പത്തിന്റെ ശേഖരങ്ങളായിരുന്നു പുരാതന ദേവാലയങ്ങൾ. സാമ്പത്തിക ക്ഷാമം നേരിട്ടാൽ രാജാക്കൻമാർ ക്ഷേത്രങ്ങൾ കീഴടക്കാൻ ശ്രമിക്കാറുണ്ട്. അതിന് മതത്തിന്റ അതിർവരമ്പുകളുണ്ടായിരുന്നില്ല. സോമനാഥ ക്ഷേത്രം ആക്രമിച്ച് അന്നത്തെ രാജാക്കൻമാർ കവർന്നെടുത്ത സ്വർണനിധികളുടെ അളവ് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ഉണ്ടായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ഹൈന്ദവനായ ഹർഷവർദ്ധനും ഒരു ക്ഷേത്രധ്വംസകനായിരുന്നുവെന്ന് പറയുമ്പോൾ അത് കേവലം സാമ്പത്തിക രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണെന്ന് വ്യക്തമാണ്.
മുഗൾ ചക്രവർത്തിമാരിൽ ഏറ്റവുമധികം തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുള്ള ഭരണാധികാരിയാണ് ഔറംഗസീബ്. ഒരു മതഭ്രാന്തനും ക്ഷേത്രധ്വംസകനും മുഗൾ സാമ്രാജ്യത്തിന്റ അധഃപതനത്തിന് കാരണക്കാരനുമായിട്ടാണ് ഔറംഗസീബിനെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഇ. മൊയ്തു മൗലവി അദ്ദേഹത്തിന്റ ഔറംഗസീബ് എന്ന പുസ്തകത്തിൽ അല്ലാമാ ശിബ്‌ലിയുടെ പ്രസ്താവനയായി വിവരിക്കുന്നത് ഇങ്ങനെയാണ്: “25 വർഷത്തോളം ആലംഗീർ ചക്രവർത്തി ഡക്കാനിൽ താമസിക്കുകയുണ്ടായി. ഡക്കാൻ പ്രദേശമാകട്ടെ ആയിരക്കണക്കായ ഹൈന്ദവക്ഷേത്രങ്ങളും ദേവാലയങ്ങളുമുള്ള സ്ഥലമാണ്. എന്നാൽ ഒരൊറ്റ ഹൈന്ദവ ക്ഷേത്രത്തിന്റ നേരെയെങ്കിലും സുൽത്താൻ ആലംഗീർ ആക്രമണം നടത്തിയതായി ഒരു ചരിത്ര ഗ്രന്ഥത്തിലും ലേഖപ്പെടുത്തിയിട്ടില്ല. ആൽവാറിലെ പ്രസിദ്ധമായ ഹൈന്ദവ ക്ഷേത്രത്തിൽ നൂറു കണക്കായ പ്രതിമകളും വിഗ്രഹങ്ങളുമുണ്ടായിരുന്നു. ആലംഗീർ ആൽവാറിൽനിന്ന് ഒന്നുരണ്ട് മൈൽ അകലെയുള്ള ഒരു സ്ഥലത്താണ് ഖബറടക്കപ്പെട്ടിരിക്കുന്നത്. ആലംഗീറിന് മുമ്പ് തന്നെ അവിടെ വലിയ മതപണ്ഡിതൻമാരുടെ ഖബറുകളുണ്ട്. എന്നാൽ അവിടെ ഉണ്ടായിരുന്ന ബിംബങ്ങൾക്കും പ്രതിമകൾക്കും യാതൊരു കോട്ടവും തട്ടിയിട്ടുണ്ടായിരുന്നില്ല. അവ ഇപ്പോഴും ഉണ്ട്.’’
മുഗൾ സുൽത്താൻമാർ ഇന്ത്യയിൽ എല്ലായിടത്തുമുള്ള ഹൈന്ദവ ക്ഷേത്രങ്ങൾക്കും ഭൂസ്വത്തുക്കൾ നൽകിയിട്ടുണ്ട്. അവരിൽ ഏറ്റവുമധികം നൽകിയത് ഔറംഗസീബായിരുന്നുവത്രെ! ഒറീസാ ഗവർണറായിരുന്ന ബിഎൻ പാണ്ഡെ പറഞ്ഞത് ഇങ്ങനെയാണ്: “കൂടുതൽ ഗവേഷണവും അന്വേഷണവും നടത്തിയാൽ ഉജ്ജയിനിലെ മഹകുലേശ്വർ ക്ഷേത്രം, ചിത്രകൂടത്തിലെ ബാലാജി ക്ഷേത്രം, ഗോഹട്ടിയിലെ അംബരാന്ദന ക്ഷേത്രം, ഗത്രഞ്ചയിലെ ജൈന മതക്ഷേത്രം എന്നിവക്കും ഗുരുദ്വാരകൾക്കും മറ്റും ഔറംഗസീബ് സ്വത്ത് നൽകിയത് സമ്പന്ധിച്ച് രേഖ കണ്ടെത്താൻ കഴിഞ്ഞു. രാജകീയ രേഖകളിലധികവും 1656നും 1656നുമിടയിൽ പുറപ്പെടുവിച്ചതാണ്.’’
എന്നാൽ ഇത്തരം ആരാധനാലയങ്ങളും അപരന്റെ ആവാസ വ്യവസ്ഥകളും തകർത്തെറിഞ്ഞത് ഹിന്ദുത്വ പാരമ്പര്യത്തിലാണെന്ന് കാണാം. അതിന്റ കെടുതിയനുഭവിച്ചത് അധികവും ബുദ്ധമതവും ബുദ്ധഭിക്ഷുക്കളുമായിരുന്നു. ബ്രാഹ്‌മണ്യ അധികാരവ്യവസ്ഥ ബുദ്ധഭിക്ഷുക്കളെയും അവരുടെ ആവാസ വ്യവസ്ഥകളെയും തകർത്തത് പലപ്പോഴും മുഖ്യധാരയിൽ വിസ്മരിക്കപ്പെടുകയാണ്. മൗര്യ കാലത്തിന് ശേഷം ബ്രാഹ്‌മണ ഭരണാധികാരിയായിരുന്ന പുഷ്യമിത്ര ശുംഗന്റ നേതൃത്വത്തിൽ വലിയ പട്ടാളം ഇന്നത്തെ സിയാൽകോട്ടുവരെ പ്രകടനമായി ചെന്ന് ബുദ്ധ മൊണാസ്റ്ററികളും സ്തൂപങ്ങളും തല്ലിത്തകർത്തത് ദിവ്യവാദന എന്ന സംസ്‌കൃത കൃതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബുദ്ധഗയയിലെ ബോധിവൃക്ഷം പോലും തകർത്തുകൊണ്ടാണ് ബുദ്ധമതത്തിന്റെ അടയാളങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ആക്രമണങ്ങളെ കാണിക്കാനാകും എന്നിരിക്കെ ക്ഷേത്രധ്വംസനമെന്ന മിഥ്യയെ ഉയർത്തിക്കാട്ടി ആരാധനാലയങ്ങളെ തകർക്കാൻ ശ്രമിക്കുന്നത് എന്തായാലും നിയമ വിരുദ്ധമാണ്. ചരിത്ര അപനിർമിതിയാണ്. രാജ്യത്തോടുള്ള വഞ്ചനയാണ്.

