യുവത്വം നിർവചിക്കപ്പെടണം
മുജീബ് ഒട്ടുമ്മൽ
2024 ഫെബ്രുവരി 10, 1445 റജബ് 29

ഇന്ത്യയിലെ യുവാക്കളിൽ ആത്മഹത്യാനിരക്ക് വർധിച്ചുകൊണ്ടിരിക്കുകയാണ്. നാഷണൽ ക്രൈം ബ്യൂറോയുടെ കണക്കനുസരിച്ച് ഓരോ 42 മിനുട്ടിലും ഒരു വിദ്യാർഥി ആത്മഹത്യചെയ്യുന്നുണ്ട്. പ്രതിദിനം 34ൽ അധികം വിദ്യാർഥികളാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 30 വയസ്സിന് താഴെയുള്ളവരാണ് ആത്മഹത്യ ചെയ്യുന്നവരിൽ ഏറെയും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കൗമാര-യുവ ആത്മഹത്യകളിൽ മുന്നിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
18നും 30നും ഇടയിൽ പ്രായമുള്ളവരിലെ ആത്മഹത്യാപ്രവണത ഏറിക്കൊണ്ടിരിക്കുകയാണ്. 2018-147, 2019-145, 2020-153, 2021-169, 2022 സെപ്റ്റംബർവരെ 119 എന്നിങ്ങനെയാണ് ജീവനൊടുക്കിയവരുടെ കണക്ക്. കുട്ടികളും മരണക്കണക്കിൽ മുന്നിലാണ്. 2018-28, 2019-35, 2020-29, 2021-37, 2022 സെപ്റ്റംബർവരെ 27, ഇങ്ങനെയാണ് കുട്ടിൾക്കിടയിലെ ആത്മഹത്യയുടെ കണക്ക്. 30-50 പ്രായപരിധിയിലുള്ള 1797 പേരാണ് അഞ്ചുവർഷത്തിനിടെ ആത്മഹത്യചെയ്തത്. 50നും 65നും ഇടയിൽ പ്രായമുള്ള 1270 പേർ ജീവനൊടുക്കി.
2022ലെ നാഷണൽ ക്രൈം ബ്യൂറോയുടെ കണക്കനുസരിച്ച് ആത്മഹത്യയിൽ കേരളം നാലാം സ്ഥാനത്ത് നിൽക്കുന്നു. ജീവിതാസ്വാദനത്തിന്റെ പുലരിയിൽതന്നെ നിരാശയോടെ ആത്മഹത്യയിൽ അഭയം തേടുന്ന യുവതയുടെ നിരാശയെ കുറിച്ച് ഗഹനമായ പഠനം നടത്തേണ്ടിയിരിക്കുന്നു. ശാരീരിക, മാനസിക ക്ഷമതയുടെ പാരമ്യതയിലെത്തിയ യുവതയുടെ കരുത്തിനെയും ചിന്താശേഷിയെയും ഉപയോഗപ്പെടുത്തുന്നതിൽ പരാജയപ്പെട്ട അധികാരികൾക്കും സമൂഹത്തിനും ഇതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ല.
കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് 25000 കോടി രൂപ വിലമതിക്കുന്ന ലഹരി പഥാർഥങ്ങളുമായി കേരള തീരത്തേക്കണഞ്ഞ ഒരു ബോട്ട് പിടിക്കപ്പെട്ടത്. അതിലേറെ മയക്കുമരുന്നുകൾ കടലിൽ ഒഴുക്കിയതായും റിപ്പോർട്ടുണ്ട്. അന്താരാഷ്ട്ര ലഹരിമാഫിയ നോട്ടമിടുന്ന ഉപഭോഗ സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുന്നുവെന്നതിന് തെളിവായി നമുക്കിതിനെ വായിക്കാം. ഭീകരമായ കൊലപാതകങ്ങളും പിഞ്ചുകുഞ്ഞുങ്ങളെ പോലും ക്രൂരമായി ബലാൽസംഘത്തിന് വിധേയമാക്കുന്ന മാനസിക രോഗവും ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ കേരളത്തിലെ യുവത ഞെരിഞ്ഞമർന്നുകൊണ്ടിരിക്കുന്നുവെന്നതിന് തെളിവാണ്. 2020ൽ കൊറോണയും ലോക്ഡൗണുമൊക്കെയായി നാടു നിശ്ചലമായിട്ടുപോലും നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം 4968 കേസുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്തു. ആത്മഹത്യയിലേക്കും ലഹരി ഉപയോഗങ്ങളിലേക്കും യുവത ആപതിക്കാനുള്ള കാരണങ്ങളും പരിശോധിക്കേണ്ടതാണ്. കുടുംബ പ്രശ്‌നങ്ങൾ, ലഹരിയുടെ അമിതമായ ഉപയോഗം, തൊഴിലില്ലായ്മ, കടം, പ്രണയ പരാജയം, സാമ്പത്തികത്തകർച്ച, രോഗം എന്നിവയാണ് ആത്മഹത്യയുടെ പ്രധാന കാരണങ്ങൾ എന്നാണ് നിഗമനം.

എൽജിബിടിക്യൂ ആക്റ്റിവിസം സമൂഹത്തിലുണ്ടാക്കുന്ന ലൈംഗിക അരാചകത്വത്തിന് ഇരയാകുന്നതും യുവാക്കളാണ്. വൃദ്ധരും സ്ത്രീകളും പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ പോലും ലൈംഗികാതിക്രമങ്ങൾക്കിരയാകുന്നതിന് ആശയപരമായ പിന്തുണ നൽകുന്ന ജെന്റർ പൊളിറ്റിക്‌സ് യുവാക്കളെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു വിപത്താണ്. പ്രകൃതിയിലെ ഇതര ജീവികളുടെ ജീവിത ശൈലിയെ മനുഷ്യരോടുപമിച്ച് അധാർമികതയ്ക്ക് ശാസ്ത്ര പിന്തുണയുണ്ടെന്ന് ദുർവ്യാഖ്യാനിച്ചുകൊണ്ട് അവകാശപ്പെടാൻ ഇവർ ശ്രമിക്കുന്നുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ആജീവനാന്തം വേദനകൾ പേറുന്ന കേവലം മനുഷ്യക്കോലങ്ങളാക്കുന്നതും ഇത്തരം ആശയധാരകളാണ്. യുവാക്കളെ രൂപമാറ്റത്തിനായി കൊതിക്കുന്ന മനോവൈകല്യങ്ങളുള്ള ജീവച്ഛവങ്ങളാക്കി മാറ്റാനുള്ള ശ്രമമാണ് ഇവരിലൂടെ നടക്കുന്നത്. നിയമഭേദഗതിയിലൂടെ സ്വവർഗരതിയെ സാമാന്യവൽകരിക്കുവാനും സിനിമകളെ പോലെയുള്ള മാധ്യമങ്ങളിലൂടെ അതിനുവേണ്ടി പ്രചാരണം നൽകുവാനും നിയമവിശാരദൻമാരുടെയും സിനിമാ പ്രവർത്തകരുടെയും പിന്തുണ നേടിക്കൊണ്ടാണ് കേരളത്തിലെ യുവാക്കളിൽ ഈ അരാചകത്വം സ്ഥിരപ്രതിഷ്ഠ നേടുന്നത്.
സ്ത്രീ ശാക്തീകരണത്തിെൻറ പേരുപറഞ്ഞ് ഫെമിനിസ്റ്റുകൾ യുവതികൾക്കിടയിൽ തീർക്കുന്ന കെണികളുമുണ്ട്. സുഭദ്രമായ കുടുംബാന്തരീക്ഷങ്ങളിൽനിന്ന് ‘സ്വാതന്ത്ര്യത്തിന്റെ’ വിഹായുസ്സിലേക്ക് പറക്കാനുള്ള ആഗ്രഹങ്ങൾ വിതച്ചുകൊണ്ടാണ് ഇവർ പ്രവർത്തനങ്ങൾ തുടങ്ങാറുള്ളത്. തങ്ങളുടെ മാനം പരപുരുഷൻമാർക്ക് അടിയറവ് വെക്കുന്നതിലേക്ക് കാര്യങ്ങളെത്തുമ്പോഴാണ് തങ്ങളകപ്പെട്ട ചതിക്കുഴിയെ കുറിച്ച് ഇവർക്ക് ബോധമുണ്ടാവുക. സമൂഹമാധ്യമങ്ങളും ‘ഒൺലി ഫാൻസ്’ പോലെയുള്ള ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളും ഇതിനായി വ്യാപകമായി ഉപയോഗപ്പെടുത്തപ്പെടുന്നുണ്ട്. പെണ്ണിന്റെ മാനം ഓൺലൈൻ മാർക്കറ്റുകളിൽ വിറ്റഴിച്ച് കോടികൾ സമ്പാദിക്കുന്ന മാഫിയകളെ കുറിച്ച് പലരും വാചാലമായ മൗനത്തിലാണ്. യുവതി-യുവാക്കളാണ് ഇത്തരം വിഷയങ്ങളിൽ കൂടുതലും ഇരയാക്കപ്പെടുന്നത്.
മാർക്‌സിസവും നവലിബറൽ ആശയങ്ങളും സ്ത്രീസ്വത്വം അപഹരിക്കുന്നതിന് ദാർശനിക പിന്തുണ നൽകുന്നുമുണ്ട്. സ്മാർട്ട്‌ഫോൺ സോമ്പികളായി സ്ഥലകാല ബോധമില്ലാതെ ശിരസ്സു കുനിച്ച് നടക്കുന്ന യുവത്വമാണ് മറ്റൊരു ദുരന്തം. മൊബൈൽ ഫോൺ ആസക്തിയിൽ ജീവനുള്ള ശവമായി ഗെയ്‌മുകളിലും സോഷ്യൽ മീഡിയകളിലുമായി അഭിരമിക്കുകയാണവർ. സാമൂഹികമോ കുടുംബപരമോ വ്യക്തിപരമോ ആയ ഉത്തരവാദിത്തങ്ങളെ തീർത്തും ഗൗനിക്കാതെ ഇന്റർനെറ്റിന്റെയും ഗെയ്‌മുകളുടെയും മായാവലയത്തിൽ സമയം തള്ളിനീക്കുന്നു. മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ അപരമത വിദ്വേഷം വളർത്തി വർഗീയ സംഘർഷങ്ങളിലും കലാപങ്ങളിലും തള്ളിയിടുന്ന വെറുപ്പിന്റെ രാഷ്ട്രീയവും യുവാക്കൾക്ക് അപഥസഞ്ചാരപാത ഒരുക്കിക്കൊണ്ടിരിക്കുന്നുണ്ട്. സ്വതന്ത്രവും അന്വേഷണാത്മകവുമായ വാതായനങ്ങൾ അവർക്ക് മുന്നിൽ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു.
അപഥസഞ്ചാരത്തിെൻറ ദാർശനികത
യുവാക്കളെ മോഹഭംഗത്തിെൻറ പടുകുഴിയിൽ തള്ളിയിടുകയാണ് പാശ്ചാത്യൻ ‘പുരോഗമനാശയങ്ങൾ’ ചെയ്തിരിക്കുന്നത്. പാശ്ചാത്യരിൽനിന്ന് കൊളുത്തിയ കലയും സാഹിത്യവും പാശ്ചാത്യർ എത്തിപ്പെട്ട ഭയാനകമായ ഇരുട്ടിലേക്ക് നമ്മുടെ യുവാക്കളെയും എത്തിച്ചിരിക്കുന്നു. അവർ ആത്മഹത്യയിലും മയക്കുമരുന്നിലും അഭയം തേടുന്നു. അവരെ നയിക്കുന്ന പാശ്ചാത്യൻ മൂല്യങ്ങൾ സാർത്രിെൻറ അസ്തിത്വവാദവും മറ്റുമാണ്. അസ്തിത്വ വാദത്തിെൻറ വിഭാവന ഇങ്ങനെയാണ്: “ദൈവം ഉണ്ടെന്ന് ഉറപ്പില്ല, ആ വിശ്വാസത്തിന് ആധാരമില്ല, വിശ്വസിക്കുകയെന്നത് ഒരെടുത്തുചാട്ടമല്ലേ? ദൈവമാണ് വിലക്കുകളുടെയെല്ലാം അധിപൻ. അദ്ദേഹമില്ല. അതിനാൽ എല്ലാം അനുവദനീയമായിരിക്കുന്നു.’’
അങ്ങനെ വിലക്കുകൾ പൊട്ടിച്ചെത്തിയ യുവാക്കൾ ചെന്നെത്തിയത് മയക്കുമരുന്നുകളുടെയും ആത്മഹത്യയുടെയും മരുഭൂമിയിലാണ്. നശീകരണത്തിന്റെയും അധാർമികതയുടെയും കൊടുംകാട്ടിലാണ്. ‘ജീവിതം ഒന്നേയുള്ളൂ, അത് അടിച്ചുപൊളിക്കാനുള്ളതാണ്’ എന്നു വാചാലമാകുന്ന നവലിബറൽ മാലിന്യങ്ങളുടെ സൈദ്ധാന്തിക പാരമ്പര്യത്തിെൻറ നേർചിത്രമാണിത്.
ശാസ്ത്രമാത്ര വാദവുമായി ധാർമിക-സദാചാര മൂല്യങ്ങളെ അതിജയിക്കാനാകുമെന്ന് ധരിപ്പിച്ചുകൊണ്ടാണ് നാസ്തികർ യുവാക്കളുടെ ചിന്താശേഷിയെ കൊള്ളയടിക്കാൻ ശ്രമിക്കുന്നത്. പരാജയത്തിെൻറ അഗാധ ഗർത്തങ്ങളിൽ അത്തരം വാദങ്ങൾക്കും സുഖശയനം അനിവാര്യമായിത്തീർന്നു. സർ ഫ്രാൻസിസ് ബേക്കൺ തന്റെ ന്യൂ അത്‌ലാന്റിക്‌സിൽ എഴുതിയതിങ്ങനെയാണ്: “ശാസ്ത്രം അനിവാര്യമായും മതത്തെ അതിജയിക്കും. ശാസ്ത്രീയജ്ഞാനം പ്രകൃതിയുടെമേൽ മനുഷ്യന് പൂർണനിയന്ത്രണം സാധ്യമാക്കും. അങ്ങനെ ക്ഷേമത്തിന്റെയും സുഖത്തിന്റെയും സന്തോഷത്തിന്റെയും പറുദീസയായി അതിവേഗം ഈ ഭൂമി പരിവർത്തിതമാകും. മരണം, വാർധക്യം, രോഗം, ദാരിദ്ര്യം, യുദ്ധം എന്നിവ പൂർണമായും അവൻ നിർമാർജനം ചെയ്യുന്ന കാലം അനതിവിദൂരമല്ല.’’
കൃത്രിമബുദ്ധിയുടെ ആധുനിക കാലഘട്ടത്തിലും മരണം, വാർധക്യം, രോഗം, ദാരിദ്ര്യം, യുദ്ധം എന്നിവയിൽ ഒന്നുപോലും നിർമാർജനം ചെയ്യാൻ ശാസ്ത്രത്തിനായിട്ടില്ല എന്നത് ഒരു പരമാർഥമാണ്. എന്നിട്ടും യുവാക്കളുടെ ചിന്താശേഷിയെ മോഹഭംഗങ്ങളിൽ തളച്ചിടുകയാണ് നാസ്തികത.
മനുഷ്യർക്കിടയിലുള്ള പ്രശ്‌നങ്ങളെ പൂർണമായി പരിഹരിച്ചുകൊണ്ട് ഭൂമിയിൽ ‘സ്വർഗലോകം’ പണിയുമെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ദാസ് ക്യാപിറ്റലുമായി മാർക്‌സ് യൂറോപ്പിൽ പ്രത്യക്ഷപ്പെട്ടത്. പക്ഷേ, കമ്യൂണിസം ലോക ചക്രവാളത്തിൽനിന്ന് പിൻവാങ്ങാൻ വിധിക്കപ്പെട്ട പ്രത്യയശാസ്ത്രമാണെന്ന് അതിെൻറ പ്രചാരകർതന്നെ തുറന്നെഴുതിയിട്ടുണ്ട്. ലോകത്തിന് കുറച്ചുകൂടി പ്രശ്‌നങ്ങൾ സൃഷ്ടിച്ചുകൊണ്ട് മാനവരാശിക്ക് നരകം പണിയുകയായിരുന്നുവെന്ന് അതിന്റെ ചരിത്രവും ബോധ്യപ്പെടുത്തുന്നുണ്ട്. അവസാനം വിപ്ലവത്തിന് തൊട്ടുടനെ സോവിയറ്റ് യൂണിയൻ അഭിമുഖീകരിച്ച കടുത്ത ക്ഷാമത്തെ നേരിടാൻ ന്യൂ എക്കണോമിക് പോളിസിയിലൂടെ കമ്യൂണിസത്തിൽ വെള്ളം ചേർക്കേണ്ടിവന്ന ഹതഭാഗ്യനായിരുന്നു ലെനിൻ.
ഇരുപതാം നൂറ്റാണ്ടിന്റെ വഴിത്തിരിവിൽ ലൈംഗിക മനഃശാസ്ത്രവുമായി ഫ്രോയിഡ് പ്രത്യക്ഷപ്പെട്ടു. എല്ലാ പ്രശ്‌നങ്ങളുടെയും അസന്തുഷ്ടിയുടെയും കാതലായ കാരണം ലൈംഗികമായ പിരിമുറുക്കങ്ങളും വിലക്കുകളുമാണെന്നും സ്വതന്ത്രമായ ലൈംഗിക വ്യാപാരത്തിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഫ്രോ യിഡിെൻറ ഉദാരലൈംഗികത എയിഡ്‌സ് രോഗം പോലെയുള്ള മഹാവിപത്തുകൾക്ക് വിത്തു പാകിയെന്നതിലപ്പുറം സമൂഹത്തിനും യുവാക്കൾക്കുമുണ്ടായ ലാഭമെന്തെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഫ്രോയിഡിെൻറ ഉദാരലൈംഗികതാസിദ്ധാന്തമാണ് ഇന്ന് കമ്യൂണിസ്റ്റ് വിപ്ലവ യുവത കാമ്പസുകളിൽ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്, ജെന്റർ പൊളിറ്റിക്‌സിന്റെ ലൈംഗികവർണരാജിയും സ്വയംഭോഗ കാമ്പയ്‌നും പ്രണയക്കത്തുകളുടെ ശിപായിയും സ്വവർഗരതിയുടെ അമ്പാസിഡറുമെല്ലാമായി കാമ്പസുകളെ മലീമസപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
യുവത്വം, നിർവചനം
‘നീ നിന്റെ വേരുകളെ ശ്രദ്ധിക്കുക
പൂവുകളെ ശ്രദ്ധിക്കേണ്ട.
വേരുകൾക്കാരോഗ്യമുണ്ടെങ്കിൽ
പൂക്കാതെയെങ്ങനെയിരിക്കും?
വേരുകൾ നശിച്ചാൽ
നീ ഇപ്പോൾ പൂക്കുന്നില്ലെങ്കിൽ കൂടി
എത്ര കാലം പൂക്കും?’
കെ. ജയശീലന്റെ ‘വേരുകൾ’ എന്ന കവിതയിലെ വരികളാണിത്.
മനുഷ്യജീവിതത്തിൽ നിലപാടുകളും സത്യാസത്യവിവേചനങ്ങളും മനോഭാവങ്ങളും രൂപപ്പെടുന്ന അടിവേരാകുന്ന കാലഘട്ടമാണ് യുവത്വം. വിനാശകരമായ ചിന്തകളും ചെയ്തികളുംകൊണ്ട് വേരുകൾ പിഴുതെറിയപ്പെടാതിരുന്നാൽ യുവത്വം ഫലസിദ്ധിയുള്ളതാകും. രാഷ്ട്രത്തിനും സമുഹത്തിനും കുടുംബത്തിനും വടവൃക്ഷമായി സദാസമയങ്ങളിലും തണലേകുന്നതും ഫലങ്ങൾ വിതറുന്നതും ഉയർച്ചയുടെ പടവുകൾ താണ്ടാൻ പ്രാപ്തമാകുന്നതുമാകണം യുവത്വം. കാരണം നാടിന്റെ ജീവനിണമാണ് യുവജനങ്ങൾ. അവരെ വളർത്തുക നാടിന്റെ കടമയാണ്.
യുവത്വം അവസരവും സ്വപ്‌നവുമാണ്, അതിനെ പ്രയോജനപ്പെടുത്തുകയും സാക്ഷാത്‌രിക്കുകയും വേണം.
യുവത്വം വെല്ലുവിളിയും കടമയുമാണ്, അത് ഏറ്റെടുക്കകയും പൂർത്തിയാക്കുകയും വേണം.
യുവത്വം മത്സരവും വാഗ്ദാനവുമാണ്, അത് വിജയിക്കുകയും പാലിക്കപ്പെടുകയും വേണം.
യുവത്വം കഷ്ടപ്പാടും അമൂല്യവുമാണ്, അത് അതിജീവിക്കുകയും നശിപ്പിക്കാതിരിക്കുകയും വേണം.
യുവാക്കളെ സക്രിയമാക്കാൻ വിശുദ്ധ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്ന് മാനവ വിമോചനത്തിന് സ്ഥായീഭാവം നൽകുന്ന വ്യക്തിയുടെ വിമലീകരണമാണ്. അല്ലാഹുവെ കുറിച്ചുള്ള സ്മരണകളും അവെൻറ പ്രീതി നേടിയെടുക്കണമെന്ന അഭിലാഷവുമാണ് വ്യക്തിയുടെ വിമലീകരണത്തിെൻറ അടിത്തറ. സ്വന്തം ഇഛകൾക്കും തൃഷ്ണകൾക്കുമെതിരെയുള്ള പോരാട്ടത്തിലൂടെയാണ് വിമലീകരണത്തിനുവേണ്ടി ശ്രമിക്കേണ്ടത്. ദുഃസ്വഭാവങ്ങളിൽനിന്നും ദുർവൃത്തികളിൽനിന്നും മുക്തമാകാൻ സമൂഹത്തെയും യുവതയെയും പ്രാപ്തമാക്കുകയെന്നതാണ് ഇസ്‌ലാം ചെയ്തുകൊണ്ടിരിക്കുന്നത്. വിശുദ്ധ ക്വുർആൻ പറയുന്നു: “തീർച്ചയായും അതിനെ (മനുഷ്യാസ്തിത്വത്തെ) പരിശുദ്ധമാക്കിയവൻ വിജയിച്ചു. അതിനെ കളങ്കപ്പെടുത്തിയവൻ തീർച്ചയായും നിർഭാഗ്യമടയുകയും ചെയ്തു’’ (91:9,10).
മനുഷ്യജീവിതത്തിെൻറ ലക്ഷ്യം തിരിച്ചറിയുകയെന്നതാണ് മറ്റൊരു കാര്യം. അനശ്വരമായ മരണാനന്തര ജീവിതത്തിലെ സുഖവും സംതൃപ്തിയുമുള്ള യഥാർഥ ജീവിതമായിരിക്കണം ജീവിതലക്ഷ്യം. ഇങ്ങനെയൊരു ജീവിതം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകാൻ സാധ്യതയില്ല. 1516ൽ പ്രസിദ്ധീകരിച്ച തോമസ് മൂറിന്റെ ‘ഉട്ടോപ്യ’ എന്ന നോവലിൽ സങ്കൽപിക്കപ്പെട്ടിരിക്കുന്നത് അത്തരമൊരു ലോകമാണ്. അക്രമവും അനീതിയുമില്ലാത്ത ഉട്ടോപ്പിയ ദ്വീപിൽ സൽസ്വഭാവിയും സത്യസന്ധനുമായ ഉട്ടോപ്പസ് രാജാവിെൻറ പ്രജകൾ സഹകരണത്തോടെയും സമാധാനത്തോടെയും ജീവിച്ചുകൊണ്ടിരിക്കുന്നു. ഇതാണ് ഈ നോവലിെൻറ ഇതിവൃത്തം. 1623ൽ പ്രസിദ്ധീകരിക്കപ്പെട്ട തോമസ് കാംപനെല്ലായുടെ ‘ദി സിറ്റി ഓഫ് ദി സൺ’ എന്ന രചനയും അങ്ങനെയൊരു തേട്ടത്തിന്റെ ആവിഷ്‌കാരമാണ്. എന്നാൽ അല്ലാഹു ക്വുർആനിൽ പറയുന്നു: “സൂക്ഷ്മത പാലിക്കുന്നവർക്ക് അകലെയല്ലാത്ത വിധത്തിൽ സ്വർഗം അടുത്തു കൊണ്ടുവരപ്പെടുന്നതാണ്. (അവരോട് പറയപ്പെടും:) അല്ലാഹുവിങ്കലേക്ക് ഏറ്റവുമധികം മടങ്ങുന്നവനും (ജീവിതം) കാത്തു സൂക്ഷിക്കുന്നവനുമായ ഏതൊരാൾക്കും നൽകാമെന്ന് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതാകുന്നു ഇത്. അതായത് അദൃശ്യമായ നിലയിൽ പരമകാരുണികനെ ഭയപ്പെടുകയും താഴ്മയുള്ള ഹൃദയത്തോടുകൂടി വരുകയും ചെയ്തവന്ന്. (അവരോട് പറയപ്പെടും:) സമാധാനപൂർവം നിങ്ങളതിൽ പ്രവേശിച്ചുകൊള്ളുക. ശാശ്വതവാസത്തിനുള്ള ദിവസമാകുന്നു അത്. അവർക്കവിടെ ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും. നമ്മുടെ പക്കലാകട്ടെ കൂടുതലായി പലതുമുണ്ട്’’ (50:31-35).
പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിെൻറ വചനങ്ങളിൽ വിശ്വസിക്കുകയും സുകൃതം ചെയ്യുകയും ചെയ്തവന് മരണാനന്തര ജീവിതത്തിൽ അതിെൻറ പ്രതിഫലം സുന്ദരമായ സമാധാനത്തിെൻറ സ്വർഗീയ ആരാമങ്ങളാണ് സംവിധാനിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.
സക്രിയമായ യുവത്വം

യുവത്വകാലത്തെ കരുത്തും ശേഷിയും ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയവരാണ് മാനവരാശിയെ വിമോചനത്തിെൻറ സന്ദേശം പകർന്നുനൽകി ശരിയായ പാതയിലേക്ക് നയിച്ച പ്രവാചകൻമാരും പരിഷ്‌കർത്താക്കളുമെല്ലാം. സമൂഹത്തെ വിശ്വാസ ജീർണതകളിൽനിന്നും സാംസ്‌കാരികാധഃപതനങ്ങളിൽ നിന്നും മോചി പ്പിച്ചെടുക്കാൻ അവർ ആർജവത്തോടെ രംഗത്തിറങ്ങുമ്പോൾ അവർ നന്നെ ചെറുപ്പമായിരുന്നു. മഹാനായ ഇബ്‌റാഹീം നബി(അ) നാട്ടിൽ വിഗ്രഹാരാധനയും അധാർമിക പ്രവണതകളും അരങ്ങുതകർത്തപ്പോൾ സമൂഹത്തെ ധിഷണാപരമായി ഉണർത്താനുള്ള ശ്രമങ്ങളുണ്ടായി. പരമ്പരാഗത ആചാരങ്ങളെ വിലക്കുന്നതിൽ കുപിതരായ സമൂഹം തീകുണ്ഡാരത്തിലേക്കെറിഞ്ഞപ്പോൾ ഇബ്‌റാഹീം നബി(അ)ക്ക് പ്രായം 16 ആയിരുന്നുവെന്ന് ഇബ്‌നു കസീർ(റഹി) വിശദീകരിക്കുന്നുണ്ട്.
നാട്ടിലെ ഉൽസവങ്ങളിൽ നടക്കുന്ന സാമൂഹ്യവിരുദ്ധമായ അനാചാരങ്ങളിലും ശിർക്കിലും വീർപ്പുമുട്ടിയപ്പോൾ ശക്തമായി പ്രതികരിച്ചവരായിരുന്നു ഗുഹാനിവാസികൾ. അവരും ഏഴ് യുവാക്കളായിരുന്നു. മാനവരാശിയിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകൻമാരഖിലവും ചെറുപ്രായക്കാരായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. മുഹമ്മദ് നബിﷺ നിയോഗിതനായിരുന്നപ്പോഴും ആദ്യം വിശ്വസിച്ചവരിലധികവും യുവാക്കളായിരുന്നു. സ്വർഗമുണ്ടെന്ന് സന്തോഷവാർത്ത അറിയിക്കപ്പെട്ട പത്ത് സ്വഹാബികളും വിശ്വാസത്തിന്റെ ശാദ്വലതീരം തേടിയത് യുവത്വത്തിെൻറ പ്രസരിപ്പിലായിരുന്നു. ഇസ്‌ലാമിക ചരിത്രത്തിൽ വീരേതിഹാസം രചിച്ച പലരെയും പരിശോധിച്ചാൽ അവരുടെ ചെറുപ്പം ബോധ്യപ്പെടും.
മദീനാ കാലഘട്ടത്തിന്റെ പത്തുവർഷം പിന്നിടുമ്പോഴേക്ക് ഇസ്‌ലാം അറേബ്യ ദ്വീപിന്റെ പുറത്ത് ഭൂഖണ്ഡങ്ങളും പൗരാണിക നാഗരികതകളും മറികടന്ന് മനുഷ്യമനസ്സുകളെ കീഴടക്കി മുന്നേറി.
നബിﷺയിൽനിന്ന് വിശുദ്ധ ക്വുർആനും അതിന്റെ നേർജീവിത പ്രയോഗങ്ങളും പഠിച്ച യുവസ്വഹാബികളാണ് ഈ പ്രബോധന പ്രചാരണത്തിന് നേരിട്ട് നേതൃത്വം നൽകിയത്. അവരുടെ അറിവും ഊർജവും അടുത്ത തലമുറക്ക് നൽകി യുവത്വത്തിെൻറ കരുത്ത് ഇസ്‌ലാമിക പ്രചാരണത്തിന് ശക്തി കൂട്ടി. ലോകഭരണകൂടങ്ങൾക്ക് പോലും നൈതികതയുടെ പാഠം പകർന്നുനൽകിയ പ്രവാചകാനുയായികളും അവരുടെ അടുത്ത തലമുറയുമെല്ലാം ലോകത്തെ അത്ഭുതപ്പെടുത്തി കടന്നുപോയവരാണ്. മഹാനായ ഉമർ ബിൻ അബ്ദുൽ അസീസ് (റഹി) രാജ്യം ഭരിച്ചത് കേവലം രണ്ടര വർഷമായിരുന്നു. അദ്ദേഹത്തിന് തന്റെ അധികാര പരിധിയിൽ വിശപ്പടക്കാനാകാത്ത ഒരു ദരിദ്രനും അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സാധിച്ചിരുന്നു. അദ്ദേഹം മരിക്കുമ്പോൾ വളരെ ചെറിയ പ്രായമായിരുന്നുവെന്ന് ചരിത്രം ഓർമിപ്പിക്കുന്നു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് ആണയിടുന്ന ഭൗതിക പ്രത്യയശാസ്ത്ര വക്താക്കൾക്ക് ഇങ്ങനെയൊരും രാജ്യം രൂപപ്പെടുത്താനാകുമോ? വൈജ്ഞാനിക രംഗത്തെ അഭൂത പൂർണമായ കുതിപ്പിന് നേതൃത്വം നൽകിയ പല മഹാന്മാരും ചെറുപ്പക്കാരായിരുന്നു. ശാസ്ത്രവും അതിന്റെ വ്യത്യസ്ത ശാഖകളും ചരിത്രവും ഭാഷയും വിജ്ഞാനത്തിന്റെ മറ്റു വകഭേദങ്ങളും വിശുദ്ധ ക്വുർആനിന്റെ ആശയതീരത്തുനിന്ന് മഹാവിപ്ലവം സൃഷ്ടിച്ചത്
യുവത്വം എങ്ങനെ സക്രിയമാക്കണമെന്ന പാഠം നമുക്ക് പകർന്നുനൽകുന്നുണ്ട്.
യുവതയുടെ ധീരമായ പാത
ആഇശ(റ)യിൽനിന്ന്: “എന്റെ മാതാപിതാക്കളെ ഞാനറിഞ്ഞതുമുതൽ അവരിരുവരും സത്യദീൻ കൈക്കൊണ്ടവരായിരുന്നു. പകലിൽ രാവിലെയും വൈകുന്നേരവുമായി രണ്ടുതവണ നബിﷺ ഞങ്ങളുടെ അടുക്കൽ വരാതെ ഒരു ദിവസവും ഞങ്ങൾക്ക് കടന്നുപോയിട്ടില്ല. മുസ്‌ലിംകൾ കടുത്ത പരീക്ഷണത്തിന് വിധേയരായപ്പോൾ അബൂബക്ർ(റ) അബ്‌സീനിയയുടെ ഭാഗത്തേക്ക് പലായനം ചെയ്യുവാനായി പുറപ്പെട്ടു. യാത്രാമധ്യെ ബർകുൽ ഗിമാദ് എന്ന സ്ഥലത്തെത്തിയപ്പോൾ ഖാറ ഗോത്രത്തലവനായ ഇബ്‌നുദുഗിന്ന അദ്ദേഹവുമായി കണ്ടുമുട്ടി. അദ്ദേഹം അബൂബക്‌റി(റ)നോട് ചോദിച്ചു: ‘എങ്ങോട്ടാണ് അബൂബക്ർ താങ്കൾ പോകുന്നത്?’ അബൂബക്ർ(റ) പറഞ്ഞു: ‘എെൻറ ജനത എന്നെ പുറത്താക്കി. അതിനാൽ ഭൂമിയിലൂടെ സഞ്ചരിച്ച് എെൻറ നാഥന് കീഴ്‌പ്പെട്ടു ജീവിക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നു.’ അപ്പോൾ ഇബ്‌നുദുഗിന്ന പ്രതികരിച്ചു: ‘അബൂബക്‌റേ, താങ്കളെ പോലുള്ളവർ പുറത്തുപോകരുത്. പുറത്താക്കപ്പെടുകയുമരുത്. താങ്കൾ നിരാലംബർക്ക് സഹായിയാണ്. കുടുംബ ബന്ധം ചേർക്കുന്നവനാണ്. അവരുടെ ഭാരങ്ങൾ ഏറ്റെടുക്കുന്നവനാണ്. അതിഥികളെ സൽകരിക്കുന്നവനാണ്. പ്രകൃതി വിപത്തുകളിൽ അകപ്പെടുന്നവരെ സഹായിക്കുന്നവനുമാണ്. ഞാൻ താങ്കൾക്ക് അഭയം നൽകാം. മടങ്ങിക്കൊള്ളൂ. താങ്കളുടെ നാട്ടിൽ വെച്ചുതന്നെ താങ്കളുടെ റബ്ബിനെ ആരാധിച്ച് ജീവിച്ചോളു.’ അങ്ങനെ അബൂബക്ർ(റ) മടങ്ങി.
ഇതാണ് ആധുനിക യുവതയെ സാമൂഹിക നവോത്ഥാനത്തിനും പരിഷ്‌കരണ പ്രവർത്തനങ്ങൾക്കും ഉപയോഗപ്പെടുത്താൻ സ്വീകരിക്കേണ്ട ഉദാത്തമായ മാതൃക. ബഹുദൈവാരാധനകളിൽനിന്ന് മുക്തമായി ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലൂടെ ആരുടെയും മുന്നിൽ നമ്രശിരസ്‌കരാകേണ്ട ഗതികേട് വരില്ലെന്നതാണ് ആദർശ യുവതയുടെ പ്രത്യേകത. അധാർമികതയുടെ അഗാധഗർത്തങ്ങളിൽ ആപതിച്ചുപോയ ജനപഥത്തെ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിച്ച് അവരെ മാനസിക വിമലീകരണത്തിന് വിധേയമാക്കി വ്യക്തമായ നിലപാടുള്ളവരാക്കാൻ സാധിക്കുമെന്നതാണ് ഇതിെൻറ പ്രത്യേകത. സാമൂഹിക പരിവർത്തനത്തിന് പ്രവാചകൻമാർ സ്വീകരിച്ച മുൻഗണനാക്രമം അതായിരുന്നു. ആൾദൈവസംസ്‌കാരവും സൃഷ്ടിപൂജയും ആത്മീയ ചൂഷണങ്ങളും അരങ്ങുവാഴുമ്പോൾ അവരെ സമുദ്ധരിക്കുന്ന ഉത്തരവാദിത്തമേറ്റെടുത്തവരാണ് മുജാഹിദ് യുവത. വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സമൂഹത്തിൽ നിറഞ്ഞുനിൽക്കുന്നത് കറകളഞ്ഞ ആദർശം നെഞ്ചേറ്റിക്കൊണ്ടാണ്.
മതനിരാസത്തിലേക്കും ദൈവനിഷേധത്തിലേക്കും നയിക്കുന്ന നാസ്തികതയെ വൈജ്ഞാനികമായി പ്രതിരോധിക്കുവാനുള്ള ‘ഡയലോഗു’കളും വിസ്ഡം യൂത്തിെൻറ സംവിധാനമാണ്. മത-ഭൗതിക രംഗത്തെ പ്രശ്‌നങ്ങളിൽ ശരിയായ ദിശ നൽകുന്ന ‘സ്‌പോട്ട് ലൈറ്റ്,’ ‘പ്രൂഫ് പോയിന്റ്’ പോലുള്ള ഓൺലൈൻ പരിപാടികൾ ഡയലോഗ് ടീവിയിൽ സത്യാന്വേഷികൾക്ക് എന്നും അവലംബമാണ്. ഇസ്‌ലാമിക വിജ്ഞാനങ്ങൾ കൊണ്ട് സമ്പന്നമായ പ്രഭാഷണങ്ങളും സംഭാഷണങ്ങളും ക്വുർആൻ പഠനങ്ങളും ഹദീസ് പാഠങ്ങളും കമശാസ്ത്രം, ചരിത്രം തുടങ്ങിയ വിജ്ഞാന ശാഖകൾ കൊണ്ട് നിറഞ്ഞുനിൽക്കുന്ന ‘പീസ് റേഡിയോ,’ ‘സമീൽ ആപ്’ പോലെയുള്ള സംരംഭങ്ങളും യുവതയുടെ കർമശേഷിയുടെ അടയാളങ്ങളാണ്.
ഇസ്‌ലാം വിമർശനങ്ങൾക്കായി ശത്രുക്കൾ പടച്ചുവിടുന്ന കാര്യങ്ങളെ ആഴത്തിലുള്ള പഠനങ്ങളിലൂടെ കണ്ടെത്താനും വിമർശനങ്ങളെ പ്രതിരോധിക്കാനും ഗവേഷകരും ഗവേഷക വിദ്യാർഥികളുമടങ്ങുന്ന എപിസ്റ്റിം എന്ന പാനലും വിസ്ഡം യൂത്തിെൻറ വിജ്ഞാന സ്രോതസ്സുകൾക്ക് ശക്തിപകരുന്നവയാണ്. രാഷ്ട്രീയാവബോധം നൽകുന്ന പഠനങ്ങൾക്കും ചരിത്രത്തിന്റെ നിഷ്പക്ഷമായ വായനക്കുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സാഹോദര്യവും സൗഹൃദവും മുഖമുദ്രയാക്കി സമാധാന സന്ദേശ പ്രചാരണത്തിന് സൗഹൃദ ഹസ്തവും ഗൃഹസന്ദർശനവുമെല്ലാം പ്രവർത്തനപഥങ്ങളിൽ ആവേശഭരിതമാക്കുന്നവയാണ്.
നിരാലംബർക്ക് സഹായം എത്തിച്ചുകൊടുക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളുണ്ട്. വിശപ്പുരഹിത ഭവനത്തിനായി ‘ട്രീറ്റ്’ പദ്ധതിയും ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. പ്രകൃതി ദുരന്തത്തിലകപ്പെട്ടവരെ സഹായിക്കാനുള്ള സംവിധാനങ്ങളും നിരാലംബരായ രോഗികളെ പരിചരിക്കാനുള്ള സൗകര്യങ്ങളുമെല്ലാം മുജാഹിദ് യുവതയുടെ സക്രിയമായ ഇടപെടലുകളാണ്. മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവർക്ക് സമാശ്വാസമായി ‘വിസ്ഡം അലൈവ്’ വിദഗ്ധരായ കൗൺസലർമാരാൽ സജീവമാണ്. തൊഴിൽ രംഗത്ത് മാർഗ നിർദേശങ്ങളുമായി ‘ഗൈഡൻസ് സെൽ’ പ്രവർത്തിക്കുന്നു. സംരംഭകർക്ക് ശരിയായ ദിശയിലൂടെ നീങ്ങാനും വിദഗ്ധ പാനലുപയോഗിച്ചുകൊണ്ടുള്ള മാർഗനിർദേശങ്ങൾക്കും അവസരമൊരുക്കിയിട്ടുണ്ട്.
സ്വയം തൊഴിൽ പദ്ധതികൾക്കുള്ള സഹായവും ആവശ്യക്കാരെ കണ്ടെത്തി നൽകുന്നുണ്ട്. വിശുദ്ധ ക്വുർആൻ പ്രവാചകാധ്യാപനങ്ങളിലൂടെ മനസ്സിലാക്കാനും പഠനം ജനകീയമാക്കാനും ഒരുക്കിയ ‘ക്വുർആൻ ഹദീസ് ലേണിംഗ് സ്‌കൂളുകൾ,’ ഹദീസ് സെമിനാറുകൾ, ക്വുർആൻ സമ്മേളനങ്ങൾ തുടങ്ങിയവ പ്രബോധന പദ്ധതികളിൽ ചിലതാണ്. വിവാഹിതരാകുന്ന യുവതിയുവാക്കൾക്കായി ‘പ്രീമാരിറ്റൽ കൗൺസെലിംഗ്,’ ജോലിയുള്ള ദമ്പതികൾക്ക് വേണ്ടിയുള്ള ‘മവദ്ദ,’ പുതിയ മിഥുനങ്ങൾക്കായി ‘മഹബ്ബ’ തുടങ്ങീ ജീവിതത്തിെൻറ വ്യത്യസ്ത രംഗങ്ങളിൽ കൃത്യമായ വെളിച്ചം വീശുന്ന പദ്ധതികളുമായി വിസ്ഡം യൂത്ത് സമുഹത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ഈ പ്രവർത്തന ശൃംഖലയിലെ ഒരു കണ്ണിയാകാനുള്ള അവസരം എല്ലാവർക്കുമുണ്ട്.

