‘നേർപഥം’ ഒമ്പതാം വർഷത്തിലേക്ക്

പത്രാധിപർ

2024 ഡിസംബർ 28, 1446 ജു. ഉഖ്റാ 27

‘നിന്നെ സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തിൽ നീ വായിക്കുക’ എന്ന ആഹ്വാനവുമായാണ് അന്തിമ വേദഗ്രന്ഥമായ ക്വുർആനിന്റെ അവതരണം ആരംഭിച്ചത്:

“സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തിൽ വായിക്കുക. മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക; നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവൻ. മനുഷ്യന് അറിയാത്തത് അവൻ പഠിപ്പിച്ചിരിക്കുന്നു’’ (ക്വുർആൻ 96:1-5).

ആദ്യം അവതീർണമായ ഈ അഞ്ചു വചനങ്ങളിൽ വായന, പേന, അറിവ് എന്നീ വാക്കുകൾ ഉൾക്കൊള്ളുന്നുവെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. എഴുതിയാലേ വായിക്കാനാവൂ. വായിച്ചാലേ അനുഭവത്തിനപ്പുറമുള്ള അറിവ് നേടാനാകൂ.

പ്രാമാണികമായി ഇസ്‌ലാമിനെ മനസ്സിലാക്കി ജീവിക്കുവാൻ മുസ്‌ലിം സമൂഹത്തിന് സാധിക്കണം. അതിന് മതത്തിൽ സാധ്യമാകുന്നത്ര അറിവ് നേടൽ അനിവാര്യമാണ്. അപ്പോഴേ ഇസ്‌ലാമികമായ രീതിയിൽ ജീവിക്കാനാകൂ. ജീവിതത്തിൽ ഇസ്‌ലാമുണ്ടെങ്കിൽ അതിനെക്കാൾ വലിയ സന്ദേശം വേറെയില്ല. അത് നല്ലൊരു ശതമാനത്തിനും ഇല്ലാതെപോയതാണ് സമുദായത്തിന്റെ പരാജയം.

അറിവില്ലായ്മയിൽനിന്നാണ് അവിവേകമുണ്ടാകുന്നത്. തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കുക എന്നാണ് ശത്രുക്കളെ മിത്രങ്ങളാക്കുവാനുള്ള മാർഗമായി വിശുദ്ധ ക്വുർആൻ പഠിപ്പിക്കുന്നത്. അല്ലാതെ അക്രമത്തെ അക്രമം കൊണ്ട് നേരിടുവാനല്ല. വിവേകമുള്ളവർക്കേ അതിന് സാധ്യമാകൂ.

ഇസ്‌ലാമിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പലരും ഇസ്‌ലാമിക നിയമങ്ങളെയും പ്രവാചകനെയും വിശുദ്ധ ക്വുർആനിനെയും തെറ്റുധരിക്കുവാനുള്ള കാരണം. സത്യസന്ധമായും പ്രാമാണികമായുംഇസ്‌ലാമിനെ മനസ്സിലാക്കുവാനുള്ള ശ്രമമാണ് വേണ്ടത്. ദൗർഭാഗ്യവശാൽ അനേകം മതസംഘടനകൾ ഉണ്ടായിട്ടും തനതായ രൂപത്തിൽ ഇസ്‌ലാമിനെ ജനങ്ങളിലേക്കെത്തിക്കുവാൻ പലർക്കും സാധിക്കുന്നില്ല; അഥവാ അതിന് ശ്രമിക്കുന്നില്ല. വാമൊഴിയിലൂടെയാണെങ്കിലും വരമൊഴിയിലൂടെയാണെങ്കിലും സംഘടനാ താൽപര്യങ്ങൾക്കപ്പുറം പ്രമാണങ്ങേളാട് പ്രതിബദ്ധത പുലർത്തി മതത്തെ ജനസമക്ഷം അവതരിപ്പിക്കുവാൻ പലർക്കും താൽപര്യമില്ല.

ഇവിടെയാണ് ‘നേർപഥം’ പ്രസക്തമാകുന്നത്. പ്രമാണങ്ങൾക്കൊപ്പം നിന്ന്, ഗുണകാംക്ഷയുടെ ശബ്ദത്തിൽ, ആർജവത്തോടെ മതത്തെ പരിചയപ്പെടുത്തുവാനും പഠിപ്പിക്കുവാനുമാണ് ‘നേർപഥം’ ശ്രമിക്കുന്നത്. ഒട്ടനവധി ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങൾക്കിടയിലേക്ക് എട്ടുവർഷം മുമ്പാണ് ‘നേർപഥം’ കടന്നുവന്നത്. അതിന്റെ വ്യതിരിക്തത ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു.

സമകാലിക സംഭവവികാസങ്ങളിലുള്ള ഇസ്‌ലാമിന്റെ നിലപാട് ഉടനടി ജനങ്ങളിലേക്കെത്തിക്കുന്നതിലും തീവ്രവാദ ചിന്താഗതികളെ നഖശിഖാന്തം എതിർക്കുന്നതിലും ‘നേർപഥം’ കാണിച്ച ജാഗ്രതയും ആർജവവും വായനക്കാരുടെ പ്രശംസയാർജിച്ചിട്ടുണ്ട്. പ്രശംസിക്കപ്പെടുവാൻ വേണ്ടി സത്യം മൂടിവെക്കലല്ല; എതിർപ്പുണ്ടെങ്കിലും പറയേണ്ട സത്യം പറയുക എന്നതാണ് നേർപഥത്തിന്റെ ശൈലി. ഇതിന് പ്രാപ്തി നൽകിയ പ്രപഞ്ച സ്രഷ്ടാവിനെ സ്തുതിക്കുകയാണ്.

‘നേർപഥ’ത്തെ നെഞ്ചേറ്റിയ വായനക്കാർക്കും ലേഖകർക്കും നന്ദി അറിയിക്കട്ടെ. തുടർന്നും ആത്മാർഥമായ സഹകരണം പ്രതീക്ഷിക്കുന്നു.