മനുഷ്യനോട് മനുഷ്യത്വമുള്ളവനാകാൻ കൽപിക്കുന്ന മതം
പത്രാധിപർ
2024 ഏപ്രിൽ 06, 1445 റമദാൻ 27

മാനവസമൂഹം ശാസ്ത്ര- സാങ്കേതിക രംഗങ്ങളിൽ സ്വപ്‌നതുല്യമായ നേട്ടങ്ങൾ കൈവരിച്ച് മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുകയാണിന്ന്. എന്നാൽ അതോടൊപ്പം അശാന്തിയുടെയും അസമാധാനത്തിന്റെയും അക്രമങ്ങളുടെയും വിളനിലമായി ലോകം മാറിക്കൊണ്ടിരിക്കുകയാണോ എന്ന് ന്യായമായമായും സംശയിക്കേണ്ടിയിരിക്കുന്നു! ഇന്ന് മിക്ക രാജ്യങ്ങളും പ്രശ്‌നകലുഷിതമാണ്.
ഫലസ്തീൻ എന്ന കൊച്ചു രാജ്യത്തിലെ മുപ്പതിനായിരത്തിൽ പരം മനുഷ്യരെ കൊന്നൊടുക്കിയ സയണിസ്റ്റ് പട കൂട്ടക്കുരുതിയുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ടവരിൽ ഏതാണ്ട് പകുതിയും കുട്ടികളാണ് എന്ന കാര്യം അധിനിവേശക്കാരുടെ വംശഹത്യാ ശ്രമം വ്യക്തമാക്കുന്നതാണ്. റഷ്യ എന്ന വൻരാഷ്ട്രം ഉക്രൈൻ എന്ന ചെറുരാജ്യത്തെ തകർക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടു കഴിഞ്ഞു. ഇങ്ങനെ ഓരോ രാജ്യത്തും അസമാധാനം വിതയ്ക്കുന്ന പ്രശ്‌നങ്ങൾ പലതുമുണ്ട്.
ഇനി നമ്മുടെ നാട്ടിലേക്കു വരിക. അറിവിന്റെ കനികൾ പറിച്ചെടുക്കാനുള്ള കലാലയങ്ങൾ കലാപമുക്തമാണോ? ഒരു വിദ്യാർഥിയെ സഹപാഠികൾ അതിക്രൂരമായി പീഡിപ്പിച്ചതും അയാൾ മരണപ്പെട്ടതുമായ സംഭവം നടന്നത് ഈയിടെയാണ്. പ്രശ്‌നരഹിതമായ കുടുംബബന്ധങ്ങളും വ്യക്തിബന്ധങ്ങളും അപൂർവമായിക്കൊണ്ടിരിക്കുകയല്ലേ ഇന്ന്? അത്യന്തം ഹീനമായ കുറ്റകൃത്യങ്ങൾ പെരുകിക്കൊണ്ടിരിക്കുകയല്ലേ?
അറബ് രാഷ്ട്രങ്ങളിലും ചൈനയിലും മറ്റും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വധശിക്ഷയെ രൂക്ഷമായി വിമർശിച്ചിരുന്നവർ പോലും ചില ഘട്ടങ്ങളിൽ ഇന്ത്യയിൽ വധശിക്ഷ നടപ്പിലാക്കുവാൻ മുറവിളികൂട്ടുന്ന അവസ്ഥ സംജാതമായതിന്റെ രഹസ്യം അജ്ഞാതമല്ല! തിന്മയുടെ സുനാമിത്തിരകൾ ആർത്തലക്കുമ്പോൾ നന്മയെ സ്‌നേഹിക്കുന്നവർ വേദനിക്കുക സ്വാഭാവികം.
ഇസ്‌ലാം മനുഷ്യന്റെ ആത്യന്തിക ലക്ഷ്യമായി പഠിപ്പിക്കുന്നത് സ്വർഗ പ്രവേശമാണ്. സ്വർഗാവകാശിയായി മാറുവാനും ശാശ്വത നരകത്തിൽനിന്ന് രക്ഷ ലഭിക്കുവാനുമായി നന്മകൾ ചെയ്യുവാൻ ഇസ്‌ലാം അനുശാസിക്കുന്നതിനാൽ ഒരു മുസ്‌ലിം നന്മകൾ ചെയ്യുന്നവനും തിന്മകൾ െവടിയുന്നവനുമായിരിക്കും. അഥവാ അങ്ങനെയായിരിക്കണം. നന്മയെന്ത്, തിന്മയെന്ത് എന്ന് സ്വയം തീരുമാനിക്കുവാൻ മനുഷ്യർക്ക് സാധ്യമല്ല. ഒരുവന്റെ നന്മ മറ്റൊരാൾക്ക് തിന്മയും തിന്മ മറ്റൊരാൾക്ക് നന്മയുമായിരിക്കാൻ സാധ്യതയുണ്ടാകുമെന്നതിൽ തർക്കമില്ല. മനുഷ്യന്റെ സ്രഷ്ടാവിനേ അറിയൂ; മനുഷ്യന് ഗുണമുള്ളതും ദോഷമുള്ളതുമായ കാര്യങ്ങളെപ്പറ്റി. അതുകൊണ്ട് അന്തിമ പ്രവാചകനായ മുഹമ്മദ് നബിﷺയിലൂടെ, അദ്ദേഹത്തിന് അവതരിപ്പിച്ചുകൊടുത്ത അന്തിമവേദമായ ക്വുർആനിലൂടെ സകല നന്മകളെക്കുറിച്ചും തിന്മകളെക്കുറിച്ചും അറിയിച്ചുതന്നിട്ടുണ്ട്.
ഇസ്‌ലാം മനുഷ്യൻ മനുഷ്യനായിത്തീരുവാനുള്ള സകല കാര്യങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മുഹമ്മദ് നബിﷺ മുഖേന അല്ലാഹു മാനവരാശിയെ നന്മതിന്മകളെക്കുറിച്ച് പഠിപ്പിച്ചു. മനുഷ്യരെ ചൊവ്വായ പാതയിലേക്ക് നയിക്കുവാൻ അവസാനത്തെ വേദഗ്രന്ഥമായ ക്വുർആൻ അവൻ അവതരിപ്പിക്കുകയും ചെയ്തു.
“തീർച്ചയായും ഈ ക്വുർആൻ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുന്ന സത്യവിശ്വാസികൾക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു’’ (ക്വുർആൻ 17:9).

