പശ്ചാത്താപം രക്ഷാമാർഗം
പത്രാധിപർ
2024 മാർച്ച് 30, 1445 റമദാൻ 20

സംശുദ്ധരായി ജീവിക്കുവാൻ കൽപിക്കപ്പെട്ടവരാണ് സത്യവിശ്വാസികൾ. വൃത്തി ഈമാനിന്റെ ഭാഗമാണ് എന്ന പ്രവാചകമൊഴി അക്കാര്യമാണ് ബോധ്യപ്പെടുത്തുന്നതും. ഒരു മുസ്‌ലിം എങ്ങനെ ശുദ്ധിയുടെ ഉടമയല്ലാതിരിക്കും? ഇസ്‌ലാമിൽനിന്നും അവൻ ഉൾക്കൊണ്ട വിശ്വാസം, ആരാധനകൾ, സ്വഭാവങ്ങൾ, പെരുമാറ്റങ്ങൾ, നിലപാടുകൾ, സഹവർത്തിത്വ മര്യാദകൾ എല്ലാം പരിശുദ്ധമാണ്. ഇവയിലൊന്നും കറപുരണ്ടുകൂടാ എന്ന നിഷ്‌കർഷ ഉണ്ടാകുമ്പോഴാണ് വിശുദ്ധിയോടെ ജീവിക്കാൻ സത്യവിശ്വാസിക്ക് സാധ്യമാവുക.
ശരീരത്തെയും മനസ്സിനെയും മാലിന്യമുക്തമാക്കുവാൻ ഇസ്‌ലാം ആവശ്യപ്പെടുന്നു. ശരീരത്തിലെ മാലിന്യം കഴുകിക്കളയാം. അങ്ങനെ ശരീരം വൃത്തിയാക്കാം. മനസ്സിലെ മാലിന്യം വൃത്തിയാക്കേണ്ടത് തെറ്റുകുറ്റങ്ങൾ വർജിച്ചുകൊണ്ടും പശ്ചാത്താപിച്ചുകൊണ്ടുമാണ്. അല്ലാഹു പറയുന്നു: “തീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു’’ (2:222).
പാപം മനുഷ്യസഹജമാണ്. പശ്ചാത്താപമാണ് അതിന്ന് പരിഹാരം. നബിﷺ പറഞ്ഞു: “ആദമിന്റെ പുത്രന്മാർ എല്ലാവരും തെറ്റുചെയ്യുന്നവരാണ്. തെറ്റുചെയ്യുന്നവരിൽ ഉത്തമന്മാർ പശ്ചാത്തപിച്ചു മടങ്ങുന്നവരാണ്’’ (തിർമിദി, ഇബ്‌നുമാജ, അഹ്‌മദ്).
വിശുദ്ധ ക്വുർആൻ പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിങ്കലേക്ക് നിഷ്‌കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങൾ മായ്ച്ചുകളയുകയും താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം. അല്ലാഹു പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും അപമാനിക്കാത്ത ദിവസത്തിൽ...’’ (ക്വുർആൻ 66:8).
വിശ്വാസിയായ ദാസന്റെ പശ്ചാത്താപത്തിൽ അല്ലാഹു അത്യധികം സന്തോഷിക്കുന്നു എന്നറിയിക്കുന്ന നബിവചനം പ്രസിദ്ധമാണ്. വിജനമായ മരുഭൂമിയിൽ വെച്ച് കാണാതായ യാത്രാമൃഗത്തെ തിരിച്ചുകിട്ടുമ്പോൾ യാത്രക്കാരനുണ്ടാകുന്ന സന്തോഷത്തെക്കാൾ വലിയ സന്തോഷം! തെറ്റുകൾ ബോധ്യപ്പെട്ടും അവയിൽ ആത്മാർഥമായി ഖേദിച്ചും കണ്ണുനീർപൊഴിച്ചും പശ്ചാത്തപിച്ചു പ്രാർഥിക്കുമ്പോൾ സത്യവിശ്വാസിയിൽ നിറഞ്ഞുകവിയുന്നത് ഈമാനാണ്. അവന്ന് അല്ലാഹുവിനെ അറിയാം. അവന്റെ കാരുണ്യത്തെപ്പറ്റി അറിയാം. പശ്ചാത്താപത്തിന്റെ മഹിമയറിയാം. പശ്ചാത്തപിക്കുന്നവർക്ക് പരലോകത്ത് ലഭിക്കാനിരിക്കുന്ന പദവികളെപ്പറ്റിയുമറിയാം. പാപപങ്കിലമായ മനസ്സുമായി പടച്ചവനെ കണ്ടുമുട്ടേണ്ടിവന്നാലുണ്ടാകുന്ന ദുരന്തവും ദുരിതവും അവന്നറിയാം. ഇത്തരം സ്വഭാവമുള്ള സത്യവിശ്വാസികളെപ്പറ്റി അല്ലാഹു പറഞ്ഞു: “വല്ല നീചകൃത്യവും ചെയ്തുപോയാൽ, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാൽ അല്ലാഹുവെ ഓർക്കുകയും തങ്ങളുടെ പാപങ്ങൾക്ക് മാപ്പുതേടുകയും ചെയ്യുന്നവർ.-പാപങ്ങൾ പൊറുക്കുവാൻ അല്ലാഹുവല്ലാതെ ആരാണുള്ളത്?-ചെയ്തു പോയ (ദുഷ്)പ്രവൃത്തിയിൽ അറിഞ്ഞുകൊണ്ട് ഉറച്ചുനിൽക്കാത്തവരുമാകുന്നു അവർ’’ (ക്വുർആൻ 3:135).
റമദാനിന്റെ അവശേഷിക്കുന്ന ദിനരാത്രങ്ങളിൽ കണ്ണുനീരൊഴുക്കി ഖേദിച്ചുമടങ്ങുക. നിർബന്ധ കർമങ്ങൾ കൂടാതെ സാധിക്കുന്നത്ര ഐഛിക കർമങ്ങൾ ചെയ്യാൻ മനസ്സ് കാണിക്കുക. അങ്ങനെ കൂടുതൽ കൂടുതൽ സ്രഷ്ടാവിനോട് അടുക്കാനും അവന്റെ പ്രീതി കരസ്ഥമാക്കുവാനും ശ്രമിക്കുക. തെറ്റുകളിലേക്ക് മടങ്ങില്ലെന്ന് പ്രതിജ്ഞയെടുക്കുക.

