അമേരിക്ക; ഇസ്റായേൽ ഭീകരതയെ താലോലിക്കുന്ന ക്രിമിനൽ രാഷ്ട്രം
പത്രാധിപർ
2024 ആഗസ്റ്റ് 03, 1446 മുഹർറം 28

ഇന്ന് ലോകത്ത് നിലവിലുള്ള ഒന്നാം നമ്പർ ഭീകര രാഷ്ട്രമാണ് ഇസ്റായേൽ. ആ ഇസ്റായേലിന്റെ അതിനീചമായ വംശഹത്യക്ക് എല്ലാ അർഥത്തിലും സഹായം നൽകുന്ന ഏറ്റവും വലിയ ക്രിമിനൽ രാഷ്ട്രമാണ് അമേരിക്ക. ലോകപോലീസ് ചമഞ്ഞ് ലോകത്തെ സകല രാജ്യങ്ങളെയും തങ്ങളുടെ ചൊൽപടിയിലാക്കാൻ നിരന്തരം ശ്രമിക്കുന്ന, അതിന് കീഴൊതുങ്ങാൻ തയ്യാറില്ലാത്ത രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ തികച്ചും അന്യായമായും അതിക്രമമായും ഇടപെടാനും യുദ്ധമുഖം തുറക്കാനും യാതൊരു മടിയുമില്ലാത്ത രാഷ്ട്രമാണത്. ആ രാജ്യത്തിന്റെ ഇതപര്യന്തമുള്ള ചരിത്രം അതിന്റെ ഇരുണ്ടമുഖം വ്യക്തമാക്കുന്നതാണ്.
യൂറോപ്യന്മാർ കോളനികൾ വെട്ടിപ്പിടിക്കാനുള്ള യാത്ര ആരംഭിക്കുംമുമ്പ് ആയിരക്കണക്കിന് വർഷത്തിനപ്പുറം തദ്ദേശീയരായ ജനത താമസിച്ചുവന്നിരുന്ന ഒരു വൻകരയായിരുന്നു അമേരിക്ക. പതിനഞ്ചാം നൂറ്റാണ്ടിൽ സുഗന്ധദ്രവ്യങ്ങളുടെ നാടായ ഇന്ത്യ തേടിയിറങ്ങിയ ക്രിസ്റ്റഫർ കൊളംബസ് അമേരിക്ക എന്ന നവലോകം കണ്ടെത്തുകയായിരുന്നു. അവിടെനിന്നങ്ങോട്ട് അവിടെ കുടിയേറിപ്പാർപ്പു തുടങ്ങി. 1607ൽ ബ്രിട്ടീഷുകാർ അവിടെ ആധിപത്യമുറപ്പിച്ചു. ഈ വൻകര തങ്ങളുടെ അധികാര പരിധിയിൽപ്പെട്ടതാണ് എന്നായിരുന്നു ബ്രിട്ടീഷ് നിലപാട്. തുടർന്നിങ്ങോട്ട് തദ്ദേശീയരായ ഗോത്രവിഭാഗങ്ങളെ അതിക്രൂരമായി വംശനാശം വരുത്തി അവരുടെ മണ്ണ് കൈയടക്കുന്നതോടെ ആധുനിക അമേരിക്കയുടെ രക്തപങ്കിലമായ ചരിത്രം ആരംഭിക്കുന്നു. അതായത് ഇന്ന് ലോക പോലീസ് ചമയുന്ന ആധുനിക അമേരിക്കയുടെ പിറവി പോലും അപരിഹാര്യമായ ക്രൂരതയിൽ നിന്നായിരുന്നു. ആഫ്രിക്കയിൽനിന്ന് കറുത്ത വംശജരെ പിടികൂടി കപ്പലിൽ കുത്തിനിറച്ച് അമേരിക്കയിലെത്തിച്ച് സമാനതകളില്ലാതെ ക്രൂരപീഡനങ്ങൾക്ക് വിധേയമാക്കി ജോലി ചെയ്യിച്ചു. വസൂരി പടർന്നുപിടിച്ച് കൂട്ടത്തോടെ മരണപ്പെട്ടുപോയ ആഫ്രിക്കയിലെ കറുത്ത വംശജരുടെ കമ്പിളിപ്പുതപ്പുകൾ പ്രത്യേകമായി ശേഖരിച്ച് കപ്പലുകളിൽ അമേരിക്കയിലെത്തിച്ച് ഗോത്രജനതക്ക് സൗജന്യസഹായമായി നൽകി. ഇത് ഉപയോഗിച്ചതോടെ ഗോത്ര ഊരുകളിൽ വസൂരി പടർന്നുപിടിച്ചു. ആഫ്രിക്കയിലെപ്പോലെ തന്നെ അമേരിക്കയിലെയും ഗോത്രജനത മരിച്ചൊടുങ്ങി.
രണ്ടാം ലോക മഹായുദ്ധത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്വം അതിന്റെ പടിയിറക്കം തുടങ്ങി. അതോടെയാണ് ലോകമേധാവിത്വത്തിലേക്ക് അമേരിക്ക പടിപടിയായി ഉയർന്നുവന്നത്. രണ്ടാം ലോകമഹായുദ്ധം ഏതാണ്ട് അവസാനിച്ച ഘട്ടത്തിലാണ് ലോകത്തെ ഭയപ്പെടുത്താൻ അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് ഇട്ടത്. അമേരിക്കയുടെ ആധിപത്യം സ്ഥാപിച്ചെടുക്കാനായിരുന്നു തികച്ചും അനാവശ്യമായ ഈ കൂട്ടക്കുരുതി. വിയറ്റ്നാം ജനതയുടെ ഇച്ഛാശക്തിയെ ആയുധങ്ങൾ കൊണ്ട് ജയിക്കാൻ കഴിയാതായപ്പോൾ ആ മണ്ണിനെയാകെ നശിപ്പിക്കാൻ ഏജന്റ് ഓറഞ്ച് എന്ന രാസായുധം വിയറ്റ്നാമിലാകെ വിതറിയവരാണ് തിന്മയുടെ ഈ രാജാക്കൻമാർ. അവരാണ് രാസായുധം സൂക്ഷിക്കുന്നു എന്നാരോപിച്ച് ഇറാഖിന്റെ പ്രസിഡന്റായ സദ്ദാം ഹുസൈനെ പിടികൂടി കൊന്ന് കടലിൽ തള്ളിയത്. അവരാണ് സിറിയയിലെ രാസായുധത്തെക്കുറിച്ച് സംസാരിക്കുന്നത്. ലോകത്ത് എന്തൊക്കെ വസ്തുക്കൾ നല്ലതായുണ്ടോ അതൊക്കെ അമേരിക്കക്കാർക്ക് അവകാശപ്പെട്ടതാണ് എന്നാണവരുടെ ഭാവം. ഇത് ഒരു അലിഖിതനിയമമാണ്. ഇത് നടപ്പിലാക്കാൻ എന്ത് അതിക്രമവും അവർ നടത്തും. തങ്ങളുടെ സാമ്രാജ്യത്വാധിപത്യത്തെ വെല്ലുവിളിക്കുന്ന ഭരണസംവിധാനം ലോകത്തെവിടെയുണ്ടെങ്കിലും അവരതിനെ നേരിട്ടുള്ള സൈനിക നടപടികളിലൂടെയോ, കുതന്ത്രനയതന്ത്രങ്ങളിലൂടെയോ തകർക്കും. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ലിബിയയിലും ഫലസ്തീനിലുമൊക്കെ നാമിത് കണ്ടതാണ്.
