ഐഹിക ജീവിതം പരീക്ഷണമുക്തമല്ല

പത്രാധിപർ

2024 ആഗസ്റ്റ് 10, 1446 സ്വഫർ 06

വയനാട് ജില്ലയിൽ നടന്ന ഉരുൾപൊട്ടൽ ദുരന്തശേഷം സാമൂഹ്യമാധ്യമങ്ങളിൽ ദൈവവും ദൈവകാരുണ്യവും മതങ്ങളുമൊക്കെ വലിയ ചർച്ചാവിഷയങ്ങളായി മാറിയിരിക്കുന്നു. ദൈവനിഷേ ധികൾ തങ്ങൾക്ക് ദൈവത്തെയും മതങ്ങളെയും അടിക്കാനുള്ള മുട്ടൻവടി കിട്ടിയ സന്തോഷത്തിലാണ്. മതവിശ്വാസികളാകട്ടെ ഇത് തങ്ങളുടെ വിശ്വാസത്തെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതാണ് എന്നും പ്രഖ്യാപിക്കുന്നു.

ദുരന്തത്തിൽ അകപ്പെട്ട് ജീവൻ പൊലിഞ്ഞവർക്കും പരിക്കു പറ്റിയവർക്കും ജീവിതത്തിലെ മുഴുവൻ സമ്പാദ്യങ്ങളും ഉറ്റവരും നഷ്ടപ്പെട്ടെങ്കിലും മരണത്തിൽനിന്ന് രക്ഷപ്പെട്ടവർക്കുമെല്ലാം പറ്റിയ നഷ്ടം നഷ്ടം തന്നെയാണ്. എന്നാൽ അതിലൂടെ ആത്യന്തികമായി അവർക്ക് ലഭിച്ചത് നഷ്ടമാണെന്ന് ഉറപ്പിച്ചു പറയാൻ ഒരു മുസ്‌ലിമിന് സാധ്യമല്ല. കാരണം അവൻ വിധിയിൽ വിശ്വസിക്കുന്നവനാണ്. അല്ലാഹു അതിലൂടെ അവർക്കു നൽകാൻ ഉദ്ദേശിച്ചതെന്തെന്ന് സൃഷ്ടികളിൽ ആർക്കും അറിയാൻ സാധ്യമല്ല. എന്നാൽ ഇതെല്ലാം ജീവിച്ചിരിക്കുന്നവർക്കുള്ള പരീക്ഷണമാണെന്നും മനുഷ്യൻ വളരെ ദുർബല നാണെന്നും യാതൊന്നിന്റെയും പേരിൽ അഹങ്കരിക്കുന്നതിൽ അർഥമില്ലെന്നും വിശ്വാസികൾ തിരിച്ചറിയുന്നു.

ഐഹിക ജീവിതം ശാശ്വതമല്ലെന്നും മരണം ഒരു നിഴൽപോലെ കൂടെയുണ്ടെന്നും അത് എപ്പോൾ, എവിടെവച്ച് ഏതുരൂപത്തിൽ പിടികൂടുമെന്ന് ആർക്കും അറിയില്ലെന്നും തിരിച്ചറിയുന്നവനാണ് മുസ്‌ലിം. അതുകൊണ്ടുതന്നെ ഏതു പ്രയാസഘട്ടത്തെയും വിശ്വാസത്തിന്റെ കരുത്തോടെ നേരിടാൻ അവനു കഴിയും.

സന്തോഷം മാത്രം നിറഞ്ഞ ഒരു ജീവിതം ഈ ഭൂമിയിൽ മനുഷ്യനായി ജനിച്ച ഒരാൾക്കും ലഭിക്കുവാനിടയില്ല. അങ്ങനെയൊരവസ്ഥയിലല്ല അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച് സംവിധാനിച്ചിരിക്കുന്നത്. ഇഹലോക ജീവിതത്തിൽ സുഖവും ദുഃഖവും മാറിമാറി വന്നേക്കാം. ഒരു വിപത്ത് ബാധിച്ചാൽ അത് അല്ലാഹുവിന്റെ വിധിയാണെന്ന് മനസ്സിലാക്കുകയും ക്ഷമിക്കുകയും അതിന് പരലോകത്ത് പ്രതിഫലമാഗ്രഹിക്കുകയും അല്ലാഹുവിന്റെ തീരുമാനത്തിന് കീഴൊതുങ്ങുകയും ചെയ്താൽ ആ വ്യക്തിയുടെ ഹൃദയത്തിന് അല്ലാഹു സ്വസ്ഥതയും ദൃഢതയും നൽകുന്നതാണ്.

ജീവിതയാത്രയിലെ വിവിധങ്ങളായ പ്രയാസഘട്ടങ്ങളിൽ ക്ഷമിക്കുന്നവനായിരിക്കണം ഒരു വിശ്വാസി. എല്ലാം അല്ലാഹുവിങ്കൽനിന്നാണെന്ന് മനസ്സിലാക്കുകയും അതിൽ തൃപ്തിയടയുകയും അതിന്ന് കീഴൊതുങ്ങുകയും ചെയ്യുക എന്നത് വിശ്വാസത്തിന്റെ തേട്ടമാണ്.

വിശ്വാസത്തിന്റെ അവിഭാജ്യഘടകമാണ് ക്ഷമ എന്നത്. ഈമാൻ കാര്യങ്ങളിൽ ഒന്നാണല്ലോ വിധിയിലുള്ള വിശ്വാസം. ആ വിശ്വാസത്തിന്റെ സദ്ഫലമാണ് പ്രയാസഘട്ടങ്ങളിൽ ക്ഷമിക്കാൻ കഴിയുക എന്നത്. ഒരു വ്യക്തി ഇത്തരം മേഖലകളിൽ ക്ഷമിക്കുന്നില്ല എങ്കിൽ വിധിയിലുള്ള വിശ്വാസമില്ലായ്മയോ അല്ലെങ്കിൽ വിശ്വാസ ദൗർബല്യമോ ആണ് അത് സൂചിപ്പിക്കുന്നത്.

ഉമർ(റ) പറയുന്നു: ‘ക്ഷമകൊണ്ടാണ് ഞങ്ങളുടെ ജീവിതത്തിന്റെ നന്മ ഞങ്ങൾ കണ്ടത്’ (ബുഖാരി).